തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ദുരിതം ,തെരഞ്ഞെടുപ്പ് കമ്മീഷന് വരുംകാലം തമിഴ്‌നാട് മാതൃക സ്വീകരിക്കാം
എന്റെ ബന്ധുക്കള്‍ നാല് പേര്‍ ഇത്തവണ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്നു. 48 മണിക്കൂര്‍ നീണ്ട ദുരന്ത കഥയാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. അഞ്ചാം തീയതി വെളുപ്പിനെ വീട്ടില്‍ നിന്നും പുറപ്പെട്ടു. എട്ടുമണി മുതല്‍ പോളിംഗ് സാമഗ്രികള്‍ നല്‍കിത്തുടങ്ങും എന്നായിരുന്നു അറിയിപ്പ്. കളക്ഷന്‍ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ ഉത്സവപ്പറമ്പിലെ പോലെ തിരക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് പുല്ലുവിലയായിരുന്നു അവിടെ. മെഷീന്‍ നല്‍കുന്നിടത്ത് അഭയാര്‍ത്ഥികേന്ദ്രത്തിലെ പോലെ തിക്കും തിരക്കും ഉന്തും തള്ളുമായിരുന്നു. അവിടെ നിന്നും എല്ലാം കളക്ട് ചെയ്ത് വൈകിട്ടോടെ ബൂത്തുകളില്‍ എത്തി. ബൂത്തുകളുടെ എണ്ണം കൂട്ടിയതിനാല്‍ ഉദ്യോഗസ്ഥരുടെ എണ്ണവും ക്രമാതീതമായിരുന്നു.ഉച്ചഭക്ഷണം കഴിച്ചെന്നു വരുത്തിയുളള യാത്ര.പോളിംഗ് ബൂത്തിലെ ഒരുക്കങ്ങളും കവറുകള്‍ സജ്ജീകരിക്കലുമൊക്കെ കഴിഞ്ഞ് രാത്രിയില്‍ തളര്‍ന്നു കിടന്നുറങ്ങി. ഇതില്‍ ഒരാള്‍ക്ക് കിട്ടിയ പോളിംഗ് സെന്ററര്‍ ചെറിയൊരു സ്‌കൂളായിരുന്നു. ്അവിടെ 5 ബൂത്തുകളും.ആകെ ഒരു ടോയ്‌ലറ്റാണുള്ളത്. അതുകൊണ്ടുതന്നെ രാവിലെ മൂന്ന് മണിക്ക് എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടി വന്നു. രാവിലെ അഞ്ച് മണിക്ക് മോക്ക് പോളിംഗ് തുടങ്ങി. ഏഴിന് പോളിംഗും ആരംഭിച്ചു. രാത്രി ഏഴിനാണ് പോളിംഗ് അവസാനിച്ചത്. ഏതാണ്ട് പട്ടിണിയായിരുന്നു അന്നത്തെ അവസ്ഥ. പിന്നീട് വാഹനം കാത്തിരിപ്പ്. കളക്ഷന്‍ കേന്ദ്രത്തിലെത്തുന്നത് രാത്രി പത്തുമണിക്ക്.വീണ്ടും അഭയാര്‍ത്ഥി കേന്ദ്രത്തില്‍ .വീട്ടിലേക്ക് മടങ്ങാനുള്ള ധൃതിയില്‍ എല്ലാവരും ഞാന്‍ മുന്നെ, ഞാന്‍ മുന്നെ എന്ന നിലയില്‍ മറ്റീരിയല്‍ തിരികെ കൊടുക്കാനുളള തിക്കും തിരക്കും. എല്ലാം കഴിഞ്ഞ് രാത്രി പന്ത്രണ്ടു മണിക്കൊക്കെയായിരുന്നു മടക്കം. വീട്ടിലെത്തിയത് വെളുപ്പിനെ. അടുത്ത ദിവസം തളര്‍ന്നുറങ്ങി ക്ഷീണം മാറ്റി. പോളിംഗ് ഡ്യൂട്ടിയിലായിരുന്ന മിക്കവര്‍ക്കും ഇതൊക്കെത്തന്നെയായിരുന്നു അനുഭവം.
തമിഴ്‌നാട് മാതൃക ഇങ്ങിനെ. പോളിംഗ് ഉദ്യോഗസ്ഥര്‍ അഞ്ചാം തീയതി ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് പോളിംഗ് നടക്കുന്ന സ്‌കൂളില്‍ എത്തി. ഒരു ഡപ്യൂട്ടി തഹസീല്‍ദാരുടെ നേതൃത്വത്തിലുളള സ്വാഡ് മെഷീനുകളും അനുബന്ധ ഉപകരണങ്ങളും പേപ്പറുകളും അവിടെ എത്തിച്ചുകൊടുത്തു. പോളിംഗ് ഉദ്യോഗസ്ഥര്‍ അവ ഒത്തുനോക്കി വാങ്ങി ബോധ്യപ്പെട്ടു. കേന്ദ്രത്തില്‍ വളരെ റിലാക്‌സ് ചെയ്ത് സജ്ജീകരണങ്ങള്‍ ഒരുക്കി അവര്‍ ഭക്ഷണം കഴിച്ച് സ്വസ്ഥമായി ഉറങ്ങി. അടുത്ത ദിവസം രാവിലെ അഞ്ചുമണിക്ക് മോക്ക് പോളിംഗ്. രാവിലെ ഏഴിന് വളരെ ഫ്രഷ് ആയി പോളിംഗ് ആരംഭിച്ചു. വൈകിട്ട് ഏഴുമണിക്ക് പോളിംഗ് അവസാനിച്ച ശേഷം പേപ്പറെല്ലാം തയ്യാറാക്കി അവിടെത്തന്നെ ഇരുന്നു. പോളിംഗ് സാമഗ്രികള്‍ തലേദിവസം കൊണ്ടുനല്‍കിയ അതേ സ്വാഡ് തന്നെ സ്‌കൂളിലെത്തി ഏറ്റുവാങ്ങി.. ചിലയിടത്ത് സ്വാഡ് എത്തിയപ്പോള്‍ പത്തുമണിയൊക്കെ ആയെന്നു മാത്രം. അവരെ ഉപകരണങ്ങള്‍ ഏല്‍പ്പിച്ച് ബോധ്യപ്പെടുത്തി പോളിംഗ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നു തന്നെ അവരവരുടെ വീടുകളിലേക്ക് മടങ്ങി.
ഇതുവഴി നേട്ടങ്ങള്‍ ഇങ്ങിനെ. വലിയ ഉത്തരവാദിത്തമുള്ള ജോലി തീരെ ടെന്‍ഷനില്ലാതെയും അലച്ചിലില്ലാതെയും നിര്‍വ്വഹിക്കാം. കളക്ഷന്‍ കേന്ദ്രത്തില്‍ അനാവശ്യമായ തിക്കും തിരക്കും ഒഴിവാക്കാം. കൃത്യമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും ഇതുവഴി കഴിയുന്നു.സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും മറ്റ് ഉത്തരവാദപ്പെട്ടവരും ഇത് ശ്രദ്ധിക്കുമെന്നും ഈ മാതൃക പിന്‍തുടരുമെന്നും പ്രതീക്ഷിക്കുന്നു.
No comments:
Post a Comment