ജീവത്യാഗത്തിന്റെ സ്മാരക ശിലകള്‍
(1996 സെപ്തംബര്‍ 15 സണ്‍ഡേ മംഗളത്തില്‍ പ്രസിദ്ധീകരിച്ചത് )
ന്യൂഡല്‍ഹിയിലെ സേനാ ഓഫീസുകളും മറ്റും സ്ഥിതി ചെയ്യുന്ന നാരായണ്‍ എന്ന സ്ഥലത്തുള്ള യുദ്ധശ്മശാനത്തിലെത്തുമ്പോള്‍ ഏതൊരാളും നിശബ്ദനാകുന്നു. അന്തരീക്ഷത്തിലെ മൂകതയെ സ്വാംശീകരിച്ച്, ഒരു നിമിഷം തലകുനിച്ച്, വീരമൃത്യു വരിച്ചവരെ ആദരിക്കുന്നു. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് , അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തായാണ് യുദ്ധശ്മശാനം.
രണ്ട് ലോകമഹായുദ്ധങ്ങളുടെ ഭീതി നിറഞ്ഞ ഓര്‍മ്മകളും ഇനിയൊരു യുദ്ധമുണ്ടാകല്ലെ എന്ന പ്രാര്‍ത്ഥനയുമായി ശ്മശാനം ചുറ്റിനടന്നു കാണുമ്പോള്‍ നാം അറിയാത്ത പലരും നമ്മുടെ ബന്ധുക്കളായി മാറുന്നു.
മഹായുദ്ധങ്ങളെക്കുറിച്ച് തലമുറകളെ ബോധവാന്മാരാക്കാന്‍ മിക്ക രാജ്യങ്ങളിലും യുദ്ധശ്മശാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.
ഡല്‍ഹിയിലെ ശ്മശാനത്തിന്റെ പ്രധാന കവാടം രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള കല്ലുകള്‍കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. വലതുവശത്തുള്ള തുറന്ന മുറിയില്‍ കണ്ണാടിപ്പെട്ടിക്കുള്ളിലായി മരണമടഞ്ഞ ജവാന്മാരുടെ പേരെഴുതിയ പുസ്തകം സൂക്ഷിച്ചിരിക്കുന്നു. നെടുകെ തുറന്നു വച്ചിട്ടുളള പുസ്തകത്തില്‍ ഹിന്ദിയിലാണ് പേരും വിലാസവും അച്ചടിച്ചിട്ടുള്ളത്. മരണമടഞ്ഞ 25,000 ജവാന്മാരുടെ പേരുകള്‍ ഇതിലുണ്ട്.
1914-18 കാലത്ത് മരണമടഞ്ഞവരുടെ പേരുകള്‍ ഇടതുവശത്തായി കൊത്തിവച്ചിട്ടുണ്ട്. ഇവരെ മീററ്റിലാണ് അടക്കിയിട്ടുള്ളത്. നേരെ മുന്നിലുള്ള ശിലാഫലകത്തില്‍ ' ഇവരുടെ നാമം എന്നെന്നും ഓര്‍ക്കപ്പെടും' എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
മരണമടഞ്ഞ പ്രധാനികളുടെ പേരുകളാണ് വെളുത്ത ഫലകങ്ങളില്‍. അവര്‍ ജോലിചെയ്ത വിഭാഗത്തിന്റെ ചിഹ്നവും ജനനത്തീയിതിയും മരണമടഞ്ഞ തീയതിയും അതിലുണ്ട്. വരിവരിയായി സ്ഥാപിച്ചിട്ടുള്ള ഫലകങ്ങള്‍ക്ക് ചുറ്റും നിറയെ പൂച്ചെടികള്‍.
റോയല്‍ കോര്‍പ്‌സ് ഓഫ് സിഗ്നല്‍സ്, ഇന്റലിജന്‍സ് കോര്‍പ്‌സ്, ഈജിപ്ത് ലിങ്കണ്‍ ഷെയര്‍, റോയല്‍ ഇന്ത്യന്‍ ആര്‍മി സര്‍വ്വീസ് കോര്‍പ്‌സ്, റോയല്‍ എന്‍ജിനിയേഴ്‌സ്, ദ സഫോള്‍ക്ക് റജിമെന്റ്, ഇന്ത്യന്‍ അര്‍മി ഓര്‍ഡിനന്‍സ് കോര്‍പ്സ്, രാജ്പുത്ത് റജിമെന്റ്, ബര്‍മ്മ റൈഫിള്‍സ്, റോയല്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍പെട്ടവരുടെയെല്ലാം സ്മരകശിലകള്‍ ഇവിടെയുണ്ട്. ബൊഗെയിന്‍വില്ല പടര്‍ന്നു കിടക്കുന്ന നടപ്പാതയിലൂടെ പോകുന്ന ഏതൊരാള്‍ക്കും തന്നെ എതിരേല്‍ക്കുന്ന ആയിരക്കണക്കിന് ആത്മാക്കളുടെ സ്പന്ദനം ഒരു കാറ്റിന്റെ ഞരക്കം പോലെ കേള്‍ക്കാന്‍ കഴിയും. ഇംഗ്ലണ്ടിലെ മെയ്ഡന്‍ ഹെഡിലുള്ള കോമണ്‍വെല്‍ത്ത് വാര്‍ഗ്രേവ്‌സ് കമ്മീഷനാണ് ഈ ശ്മശാനത്തിന്റെ സൂക്ഷിപ്പുകാര്‍. യുദ്ധശ്മശാനകത്തിന് പിന്നിലുളള പള്ളി ശ്മശാനവും അതിനോട് ചേര്‍ന്നുള്ള മുനിസിപ്പല്‍ ശ്മശാനവും ആ യുദ്ധസെമിത്തേരിയുടെ അന്തരീക്ഷം കൂടുതല്‍ ശോകാര്‍ദ്രമാക്കുന്നു
No comments:
Post a Comment