കേരളത്തിന് വേണം സാമൂഹിക സുരക്ഷ സേന
*മുറിവേല്‍പ്പിച്ചും മര്‍ദ്ദിച്ചും രണ്ടാനച്ഛന്‍ അഞ്ചുവയസുകാരിയെ കൊന്നു,കൊലപ്പെടുത്തും മുന്‍പ് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു
*പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
*മാനസിക പ്രശ്‌നങ്ങളുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു
*പതിനേഴുകാരനെ മര്‍ദ്ദിച്ച് വീഡിയോ സാമൂഹിക മാധ്യമത്തിലിട്ടു
*പരീക്ഷ എഴുതാന്‍ പോയ യുവതി വഴിയില്‍ വെട്ടേറ്റ നിലയില്‍
*പരീക്ഷപ്പേടിയില്‍ അത്മഹത്യ
* കടബാധ്യത മൂലം കുടുംബം ആത്മഹത്യ ചെയ്തു
*മയക്കുമരുന്ന് ഉപയോഗം യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നു
*മദ്യഉപയോഗത്തില്‍ കേരളം മുന്നില്‍
ഇതെല്ലാം കേരളത്തിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തലക്കെട്ടുകളാണ് .വിദ്യാഭ്യാസപരമായും സാമൂഹികമായും സാമ്പത്തികമായും മറ്റ് സംസ്ഥനങ്ങളേക്കാള്‍ മുന്നില്‍ നില്‍ക്കുകന്ന കേരളം സാമൂഹിക സുരക്ഷയ്ക്ക് അങ്ങേയറ്റം പ്രാധാന്യം നല്‍കിയിട്ടും നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും സാമൂഹിക സുരക്ഷ ഇനിയും ഏറെ മുന്നോട്ടുപോകേണ്ടതുണ്ട്. സാമൂഹിക സുരക്ഷ മിഷനൊക്കെ ബോധവത്ക്കരണത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതൊക്കെ എത്രമാത്രം ഫലപ്രദമാണ് എന്നു നമ്മള്‍ വിലയിരുത്തേണ്ടതുണ്ട്. സമൂഹത്തിലെ ഓരോ വീടുകളിലെയും ഓരോ വ്യക്തിയുടെയും സുരക്ഷ സംബ്ബന്ധിച്ച് ശ്രദ്ധിക്കാന്‍ നിലവിലുളള പോലീസ് ഫോഴ്‌സിന് കഴിയില്ല. അതുകൊണ്ടു തന്നെ നിയമപരമായ അധികാരങ്ങളോടെ ഒരു സാമൂഹിക സുരക്ഷ സേന ഉണ്ടാകേണ്ടതുണ്ട്.
സേനയുടെ ചുമതലകള്‍
1.ഭവന സന്ദര്‍ശനം, വീടുകളില്‍ കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍,വിവിധങ്ങളായ പ്രശ്‌നങ്ങളെ അതിജീവിക്കുന്നവര്‍ എന്നിവര്‍ക്ക് ലഭിക്കുന്ന പരിഗണന, സര്‍ക്കാര്‍ നല്‍കേണ്ട സഹായങ്ങള്‍ എന്നിവ മനസിലാക്കുക, നടപടി സ്വീകരിക്കുക
2.മാനസിക പ്രശ്‌നങ്ങളുള്ളവര്‍ക്ക് കൗണ്‍സിലിംഗ് ഒരുക്കുക, ആരോഗ്യപ്രശ്‌നങ്ങളുള്ളവരെ ആസ്പത്രിയില്‍ എത്തിക്കാന്‍ സഹായിക്കുക, സാമ്പത്തിക പ്രശ്‌നമുള്ളവര്‍ക്ക് വിവിധ ഏജന്‍സികളുടെ സഹായത്തോടെ സാമ്പത്തികം ലഭ്യമാക്കുക
3. മദ്യവര്‍ജ്ജന ബോധവത്ക്കരണം എന്ന പേരില്‍ കോടിക്കണക്കിന് രൂപ ഓരോ വര്‍ഷവും സര്‍ക്കാര്‍ ചിലവഴിക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തില്‍ ഒരു ചലനവും അത് സൃഷ്ടിക്കുന്നില്ല. മദ്യവര്‍ജ്ജനം കേള്‍ക്കാന്‍ സുഖമുള്ള ഒരു ലോഗോ മാത്രമാണ്,നടപ്പിലാക്കേണ്ടത് അമിതമദ്യാപാനത്തിനെതിരായ ബോധവത്ക്കരണവും നടപടികളുമാണ്. കേരളം ഇന്നാവശ്യപ്പെടുന്നതും അതാണ്. അമിത മദ്യാപാനികള്‍ വീടിനും സമൂഹത്തിനും വിപത്താണ്. കുട്ടികളെയും ഭാര്യയേയും മാതാപിതാക്കളെപോലും ഉപദ്രവിക്കുന്ന ഇത്തരം മദ്യപാനികളെ ഐഡന്റിഫൈ ചെയ്യുകയും മദ്യോപയോഗത്തില്‍ പാലിക്കേണ്ട ആരോഗ്യപരമായ സമീപനം പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ചികിത്സ വേണ്ടവര്‍ക്ക് അത് നല്‍കാനും പ്രശ്‌നകാരികള്‍ക്ക് ശിക്ഷ എന്ന നിലയില്‍ മദ്യം നല്‍കാതെ നിശ്ചിത ദിവസങ്ങളിലേക്ക് തടവ് നിശ്ചയിക്കാനുമൊക്കെ നിയമപരമായ അധികാരം സേനയ്ക്കുണ്ടാവണം.
4. മയക്കുമരുന്ന് കേരളത്തിലെ ചെറുപ്പക്കാരെ വലിയ ദുരന്തത്തിലേക്ക് നയിക്കുന്ന സാഹചര്യത്തില്‍ ,മയക്കുമരുന്ന് വ്യാപനം തടയാനും സേനയ്ക്കുകഴിയണം. ബോധവത്ക്കരണം മാത്രമല്ല, കടുത്ത നടപടികളും ഇതിനാവശ്യമാണ്. മൈക്രോലെവലില്‍ മയക്കുമരുന്ന് വ്യാപനം തടയാന്‍ സുരക്ഷസേനയ്ക്ക് കഴിയും.
5. പോലീസിന് നല്‍കുന്നവിധമുള്ള പരിശീലനവും ഒപ്പം സാമൂഹിക സുരക്ഷ ലക്ഷ്യമിടുന്ന ആറുമാസം നീളുന്ന പരിശീലനവും ഇവര്‍ക്ക് നല്‍കാവുന്നതാണ്
കേരളസമൂഹത്തില്‍ വലിയ മാറ്റത്തിന് ഇത് ഉപകരിക്കുമെന്നു കരുതുന്നു. ഒരു നിയമനിര്‍മ്മാണത്തിന് പുതിയ നിയമസഭയില്‍ ശ്രമമുണ്ടാകും എന്നു കരുതുന്നു
No comments:
Post a Comment