നിയമ വ്യവസ്ഥയില്‍ വലിയ മാറ്റം അനിവാര്യം
ലോകമൊട്ടാകെ ,ജനാധിപത്യ രാജ്യങ്ങളില്‍ അനുവര്‍ത്തിച്ചു വരുന്ന നിയമ സംവിധാനം പറയുന്നതും പ്രവര്‍ത്തിക്കുന്നതും കൂടുതലും കുറ്റവാളികള്‍ക്കുവേണ്ടിയാണ്. ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത് എന്നതിന്റെ ലോജിക് എനിക്കിതുവരെയും മനസിലായിട്ടില്ല. റഷ്യയും ചൈനയുമൊക്കെ ഭരണാധികാരിക്കെതിരെ ശബ്ദിക്കുന്നവനെ നിശബ്ദനാക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നതുള്‍പ്പെടെ കടുത്ത അനീതികള്‍ ചെയ്യുമ്പോള്‍ അവിടെ നിയമവ്യവസ്ഥ അതിനൊപ്പം നില്‍ക്കുന്നു. ഏകാധിപതികളുടെ മുസ്ലിം രാഷ്ട്രങ്ങളില്‍ വലിയ തെറ്റുകള്‍ക്ക് വലിയ ശിക്ഷ നല്‍കുന്നു, അതും ഉടനുടന്‍. അമേരിക്കയിലും ജഡ്ജിമാര്‍ യുക്തിപൂര്‍വ്വകമായ ശിക്ഷകള്‍ നടപ്പിലാക്കുന്നതായാണ് മനസിലാകുന്നത്. ഇംഗ്ലണ്ടിലൊക്കെ ഇന്ത്യയില്‍ നിന്നുള്ള കാട്ടുകള്ളന്മാര്‍ പോയി നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് വര്‍ഷങ്ങളോളം സുഖമായി ജീവിക്കുന്നു. ബ്രിട്ടീഷുകാരന്റെ ആ നിയമവ്യവസ്ഥയുടെ ചുവട് പിടിച്ച് ഇന്ത്യ തയ്യാറാക്കിയ നിയമ വ്യവസ്ഥയില്‍, ഇന്ത്യയില്‍ രാജാക്കന്മാര്‍ നടപ്പിലാക്കിയിരുന്ന, ഇന്ന് പ്രാകൃതമെന്നു വിശേഷിപ്പിക്കുന്ന നിയമ സംവിധാനത്തിലെ ചില നല്ല കാര്യങ്ങള്‍ കൂടി ചേര്‍ക്കാമായിരുന്നു. എന്തായാലും നമ്മുടെ നിയമ സംവിധാനം പണവും സ്വാധീനവുമുള്ളവര്‍ക്ക് സംശയത്തിന്റെ ആനുകൂല്യത്തില്‍ രക്ഷപെടാന്‍ അവസരമൊരുക്കുന്നു എന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ , ക്രൈം ചെയ്യുന്നവര്‍ അതില്‍ വലിയ ഗൗരവം കാണാത്തതും.
ഒറ്റയ്ക്ക താമസിക്കുന്ന ഒരമ്മയില്‍ നിന്നും വെള്ളവും ഭക്ഷണവും വാങ്ങിക്കഴിച്ചവന്‍ രാത്രിയില്‍ അവരെ അടിച്ചുകൊന്ന് ശവഭോഗവും നടത്തി,അല്‍പ്പമാത്രമായ സ്വര്‍ണ്ണവും മോഷ്ടിച്ചു പോകുന്നു. ട്രെയിനില്‍ യാത്ര ചെയ്യുന്ന സ്ത്രീയുടെ ആഭരണങ്ങള്‍ ആയുധം കാട്ടി വാങ്ങിയശേഷം ബലാല്‍ക്കാരം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ തീവണ്ടിയില്‍ നിന്നും ചാടിയ യുവതി ഗുരുതരമായ പരുക്കോടെ ആശുപത്രിയിലാവുന്നു. ഇതൊക്കെ കേരളത്തില്‍ നടക്കുമ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതി ഇതിലും ദയനീയമാണ്. പക്ഷെ, കോടതിയില്‍ കേസ് വരുമ്പോള്‍ വക്കീല്‍ സമര്‍ത്ഥനാണെങ്കില്‍, നിമയങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് ക്രിമിനലുകളെ രക്ഷപെടുത്തുന്നു. സംശയത്തിന്റെ ആനുകൂല്യം എപ്പോഴും പ്രതിക്കാണ് ലഭിക്കുന്നത്. സാക്ഷികള്‍ പ്രലോഭനങ്ങള്‍ക്ക് വശംവദരായി മൊഴിമാറ്റുന്നതും പോലീസിന്റെ നേര്‍ത്ത പാളിച്ചകളുമൊക്കെ പ്രതിക്ക് അനുകൂല വിധിക്ക് ജഡ്ജിയെ സഹായിക്കുന്നു. ഇനി ശിക്ഷ വാങ്ങി ജയിലില്‍ എത്തിയാലോ? മൂന്ന് നേരം സുഭിക്ഷ ഭക്ഷണവും ഇടയ്ക്ക് പരോളും ആഘോഷങ്ങളും എന്നുവേണ്ട, ഇവിടം വിട്ടുപോകണ്ട എന്നു തോന്നുംവിധം അവനെ സന്തോഷിപ്പിക്കുന്നതാണ് നമ്മുടെ സംവിധാനം.കടുത്ത കുറ്റങ്ങള്‍ ചെയ്യുന്നവനെ ഒരു നേരം മാത്രം ഭക്ഷണം നല്‍കി ജീവിതാന്ത്യം വരെ ഏകാന്തത്തടവ് നല്‍കാനെങ്കിലും നിയമത്തിന് കഴിയണം. പലപ്പോഴും പത്രവാര്‍ത്തകളില്‍ നിറയുന്ന കേസുകളിലെ പ്രതിയെക്കുറിച്ച് കാണുന്ന ഒരു വിശേഷണമുണ്ട്. ഇയാള്‍ മുപ്പതോളം കേസുകളിലെ പ്രതിയാണ്. മുപ്പതോളം കേസുകളിലെ പ്രതി സ്വതന്ത്രമായി വിഹരിക്കുന്ന ഒരിടം ഇന്ത്യ മാത്രമാകുമെന്നു തോന്നുന്നു.
ലെജിസ്ലേറ്ററും സാമൂഹിക-നീതി വ്യവസ്ഥയിലെ പ്രമുഖരും ഒന്നിച്ചിരുന്ന് ഇതിനൊരു മാറ്റമുണ്ടാക്കാന്‍ ശ്രമിക്കണ്ടെ? ഈ രീതിയില്‍ കാര്യങ്ങള്‍ പോയാല്‍ മതിയോ. വക്കീലന്മാര്‍ യോജിക്കില്ലായിരിക്കാം. പക്ഷെ ,മറ്റുള്ളവര്‍ യോജിച്ചേ കഴിയൂ. സാമാന്യബുദ്ധിക്ക് നിരക്കാത്ത നിലയില്‍ കാര്യങ്ങള്‍ പോകുന്നത് നല്ലതല്ല. നിയമങ്ങള്‍ കര്‍ശനമാകണം. ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. മനുഷ്യനെ മാത്രം ആശ്രയിക്കാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ ഇതിനായി ഉപയോഗിക്കാന്‍ കഴിയണം. കഴിയുമെങ്കില്‍ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും നിയമ സംവിധാനത്തെ പുതുക്കണം. നിയമജ്ഞരെ അത്തരത്തില്‍ ശാക്തീകരിക്കണം.ഒരു തവണ കോടതിയില്‍ വരുന്നതിന് കോടികള്‍ വരെ വങ്ങുന്ന വക്കീലന്മാരുണ്ട്. ഇവര്‍ നിയമത്തെ വ്യാഖ്യാനിച്ച് കുറ്റക്കാരെ രക്ഷപെടുത്തുകയാണ്. അവരെ കൗണ്ടര്‍ ചെയ്യാന്‍ കഴിയുന്ന വക്കീല്‍ എതിര്‍ഭാഗത്തുണ്ടാവില്ല. അവിടെയാണ് ജഡ്ജിക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപകാരപ്പെടുക.
നീതിമാന്മാരും കറപ്റ്റായാല്‍ നമുക്കൊന്നും ചെയ്യാന്‍ കഴിയില്ല. ചങ്ങലയ്ക്കു ഭാന്തുപിടിച്ചാല്‍ ചികിത്സയില്ല എന്നാണല്ലൊ. ബാംഗ്ലൂരിലെ ഒരു റിട്ടയേര്‍ഡ് ജഡ്ജ് ഗവര്‍ണ്ണര്‍ പദവി നേടിത്തരാം എന്നു പറഞ്ഞ ഒരിടനിലക്കാരന് കോടിക്കണക്കിന് രൂപ നല്‍കി. അയാള്‍ കാര്യം സാധിച്ചു നല്‍കാത്തതിനാല്‍ അവര്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നു. ഈ കോടികള്‍ അവര്‍ എങ്ങിനെയാവും സമ്പാദിച്ചത്???
No comments:
Post a Comment