Monday, 26 April 2021

Women and sexual freedom- article published in 2004 Sep

 

സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യം ഉണ്ടാകണം

( ഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന നാരായം സാഹിത്യ മാസികയില്‍ 2004 സെപ്തംബറില്‍ എഴുതിയത്)

 പുരുഷമേധാവിത്വം നിലനില്‍ക്കുന്ന ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ ഒരു മേഖലയിലും സ്ത്രീയ്ക്ക് വേണ്ടത്ര സ്വാതന്ത്ര്യമില്ല എന്നതൊരു സത്യമാണ്. അപ്പോള്‍ പിന്നെ ലൈംഗിക സ്വാതന്ത്ര്യത്തെകുറിച്ച് പ്രത്യേകം പറയേണ്ടതുമില്ല. സ്ത്രീയെ വളരെ ബലമായിത്തന്നെ അടുക്കളയില്‍ തളച്ചിട്ട് പുരുഷന്‍ നാടുവാണ കാലം കടന്നുപോയെങ്കിലും നിയന്ത്രണത്തിന്റെ അനേകം ചങ്ങലകള്‍ വിവിധ ഇടങ്ങളില്‍ നിന്നും സ്ത്രീയ്ക്കു നേരെ ഉയരുന്നത് കാണാം. സ്ത്രീ-പുരുഷ സൗഹൃദങ്ങളെ അതിന്റെ വിശാലമായ അര്‍ത്ഥത്തില്‍ കാണാന്‍ ഇന്നും സമൂഹം പ്രാപ്തമായിട്ടില്ല എന്നു കാണാന്‍ കഴിയും.

 ലൈംഗിക സുഖത്തിനുള്ള ഉപകരണം എന്ന നിലയിലേക്ക് സ്ത്രീ താഴ്ത്തപ്പെടുന്നതിന്റെ അപകടവും അവിടെയാണ്.തനിക്കിഷ്ടമില്ലാത്ത ഒരാള്‍ തന്റെ സ്വകാര്യതകളിലേക്ക് ഇറങ്ങിവരുകയും ഇഷ്ടപ്പെട്ട ആളിനോട് അതു പറയാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന ആപത്ക്കരമായ അവസ്ഥ. വീട്ടിനുള്ളില്‍ സ്വാതന്ത്ര്യമുള്ള വ്യക്തി അവളെ പീഡിപ്പിക്കുമ്പോള്‍ സമൂഹത്തിനോടുളള ഭയം കാരണം, സമൂഹത്തിന്റെ പ്രതികരണത്തിന്റെ രീതിബോദ്ധ്യം കാരണം, അവള്‍ മൗനമായി തന്റെ വിധിയെ പഴിക്കുകയോ കരയുകയോ ചെയ്യുന്ന അവസ്ഥ;ഇത് പുരുഷ ലൈംഗിക മേല്‍ക്കോയ്മ നിലനില്‍ക്കുന്ന സമൂഹത്തിന്റെ ഒരവസ്ഥയാണ്. പീഡനത്തിന് ഇരയാകുന്ന സ്ത്രീയെ പഴിപറയാനുള്ള പ്രവണതയാണ് സമൂഹത്തില്‍ മുന്തി നില്‍ക്കുന്നത്. വര്‍ഷങ്ങളായി സമൂഹത്തില്‍ രൂഢമൂലമായിരിക്കുന്ന ഒരു ചിന്താഗതിയുടെ പരിണതിയാണിത്. ഉയര്‍ന്ന ജാതിയില്‍പെട്ടവര്‍ പിന്നോക്കക്കാരോട് കാട്ടിവന്ന അതേ അധമസ്വഭാവമാണ് സ്ത്രീയോടുള്ള ഈ സമീപനത്തില്‍ കാണുന്നത്. ഇതിനോട് പ്രതികരിക്കണമെങ്കില്‍ സ്ത്രീയ്ക്ക് ലൈംഗികസ്വാതന്ത്ര്യമുണ്ടാകണം.

 ജനാധിപത്യക്രമത്തില്‍ ഏതൊരു പൗരനും അഭിപ്രായം പറയാനും സ്വത്ത് കൈവശം വയ്ക്കാനും ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുമതിയുള്ളപോലെ ,സ്ത്രീക്ക് അവളുടെ ഇണയെ കണ്ടെത്താനും തന്റെ സ്വത്തായ സൗന്ദര്യത്തെ എങ്ങിനെ വിനിയോഗിക്കണം എന്നു തീരുമാനിക്കാനുമുള്ള അവകാശവും ഉണ്ടായിരിക്കേണ്ടതുണ്ട്. സ്ത്രീയുടെ ഇഷ്ടത്തിനല്ലാതെയുള്ള ഏതുതര ലൈംഗികക്രിയകളും കനത്ത ശിക്ഷയ്ക്ക് കാരണമാക്കേണ്ടതുണ്ട്. ഒരു പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പുതന്നെ തന്റെ ലൈംഗികഅവകാശങ്ങള്‍ സംബ്ബന്ധിച്ച് ബോധവത്ക്കരണം അനിവാര്യമാണ്. അങ്ങിനെ ബോധവത്ക്കരിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തന്റെ ഇംഗിതത്തിന് അടിപ്പെടുത്താനോ ലൈംഗികതൊഴിലിലേക്ക് നയിക്കാനോ കഴിയുമെന്നു തോന്നുന്നില്ല. വികലമായ ലൈംഗിക സങ്കല്‍പ്പങ്ങളാണ് പലപ്പോഴും അത്തരം അപഥവീഥികളിലേക്ക് അവര്‍ നയിക്കപ്പെടാന്‍ കാരണമാകുന്നത്.

 ഒരുതരം കപട സദാചാരമാണ് ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ കൂടിയ അളവിലും കാണപ്പെടുന്നത്. നേരിട്ടു കാണുമ്പോള്‍ കപടമായ വിനയപ്രകടനവും സദാചാരവര്‍ത്തമാനവും നടത്തുകയും മാറിനിന്ന് ദുഷ്പ്രചരണം നടത്തുകയും ചെയ്യുന്ന വിരൂപമനസിനുടമകളാണ് ഭൂരിപക്ഷവും. സമൂഹത്തിന്റെ ചങ്ങലകള്‍ക്ക് പുറത്തേക്ക് ഒരു സ്ത്രീ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ അവളെ മോശക്കാരിയാക്കി ചിത്രീകരിച്ച് നശിപ്പിച്ചേ അടങ്ങൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഇതിന് മാറ്റം വരാന്‍ സ്ത്രീകള്‍ വന്‍തോതില്‍ സ്വതന്ത്ര്യം പ്രഖ്യാപിക്കേണ്ടി വരും. അത് നിലവിലുള്ള സാമൂഹിക ബന്ധങ്ങളെ ബാധിക്കും എന്ന ഭയം അസ്ഥാനത്താണ്. അങ്ങിനെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച സമൂഹമൊന്നും കടലില്‍ താണുപോയിട്ടില്ല എന്നും അഭിവൃദ്ധി പ്രാപിച്ചിട്ടേയുള്ളു എന്നും കാണാന്‍ കഴിയും.

 ലൈംഗിക സ്വാതന്ത്ര്യം നേടിയ ഒരു സ്ത്രീയ്ക്ക് മാത്രമെ താനൊരു ഉപഭോഗവസ്തുവല്ലെന്നും അനുവാദമില്ലാതെ തന്നെ കണ്ടും തൊട്ടും നോക്കിയും ആസ്വദിക്കാന്‍ പുരുഷന് അവകാശമില്ലെന്നും തന്റേടത്തോടെ പ്രതികരിക്കാന്‍ കഴിയൂ. അല്ലാത്തവര്‍ ബസിലും വഴികളിലും ജോലിസ്ഥലത്തും വീട്ടിലുമൊക്കെത്തന്നെ പീഡനത്തിന് വിധേയരാകും. ഭാര്യാഭര്‍തൃ ബന്ധത്തില്‍പോലും പുരുഷന്റെ ലൈംഗികമേല്‍ക്കോയ്മ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. അനേകം ശാരീരിക പരിമിതികളുള്ള ഒരു സൃഷ്ടിയാണ് സ്ത്രീ. അതുകൊണ്ടുതന്നെ ലൈംഗികതയില്‍ സ്ത്രീയുടെ ഇഷ്ടങ്ങള്‍ക്കാണ് മുന്‍തൂക്കം കിട്ടേണ്ടതും. എന്നാല്‍ പൊതുവെ പുരുഷന്മാര്‍ ഭാര്യയെ, തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളപ്പോഴെല്ലാം രതിക്രിയയ്ക്ക് വഴങ്ങേണ്ട ഉപകരണമാണ് എന്നും താന്‍ നിശ്ചയിക്കും പ്രകാരമുള്ള ബന്ധങ്ങള്‍ക്ക് കീഴ്‌പ്പെടേണ്ടവളാണ് എന്നും കരുതുന്നു. ഈ കരുതലിന്റെ മേല്‍ക്കൈ ഒരു തരം അടിമസമ്പ്രദായത്തിന്റെ പിന്‍തുടര്‍ച്ചയാണ് . ലൈംഗിക സ്വാതന്ത്ര്യം നേടിയ സ്ത്രീക്കേ ആ പ്രവണതയെ പ്രതിരോധിക്കാന്‍ കഴിയൂ.

സിനിമയിലും പരസ്യചിത്രത്തിലുമൊക്കെ സൗന്ദര്യത്തിന്റെ മികച്ച രീതിയിലുളള കച്ചവടമാണ് നടക്കുന്നത്. സൗന്ദര്യ മത്സരങ്ങളും ഫാഷന്‍ ഷോകളും ഇത്തരം വിപണിയുടെ വൈപുല്യമായെ കാണാന്‍ കഴിയൂ. പുരുഷന്‍ പണത്തിനും പ്രശസ്തിക്കുമായി ബുദ്ധിക്കു പുറമെ കായിക ശക്തിയും വിനിയോഗിക്കുമ്പോള്‍ സ്ത്രീക്ക് ബുദ്ധിക്കു പുറമെ ലഭ്യമായിട്ടുളള സൗന്ദര്യത്തെ പണവും പ്രശസ്തിയും അധികാരവും നേടാനായി പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനെ എതിര്‍ക്കാന്‍ സമൂഹത്തിന് അവകാശമുണ്ടെന്നു തോന്നുന്നില്ല.

 ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ അറസ്റ്റുചെയ്യുന്നതും അവരുടെ ചിത്രങ്ങല്‍ പത്രമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. അത് അവളുടെ ലൈംഗികസ്വാതന്ത്ര്യത്തിനുമേലുളള കടന്നുകയറ്റവുമാണ്. നിയമം മൂലം ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണവും സുരക്ഷയും നല്‍കുക എന്നതാണ് ലൈംഗിക ജനാധിപത്യബോധമുള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന് കരണീയം.

ഇന്നത്തെ ഭാരത സ്ത്രീ, ലോകത്തെ മൊത്തം സ്ത്രീകളുടെ ഭാഗമാണ്. അവര്‍ സ്വതന്ത്ര്യത്തിന്റെ അനന്തവിഹായസിലേക്ക് പറന്നുയരാന്‍ ശ്രമിക്കുന്നവരാണ്. അവിവാഹിതരായി ജീവിതം ആസ്വദിക്കുന്നവരും സ്വവര്‍ഗ്ഗസ്‌നേഹികളും വിവാഹബന്ധം ഒരു സ്ഥിരമായ ചങ്ങലയല്ലെന്നുകണ്ട് സഹനത്തിന്റെ വഴിവിട്ട് വേര്‍പരിയുന്നവരുമൊക്കെ ധാരളമുണ്ടാവുകയാണ്. ഇതുകണ്ട് പാശ്ചാത്യ സംസ്‌ക്കാരത്തിന്റെ അഴുക്കുകള്‍ ഭാരത സമൂഹത്തെ മലിനപ്പെടുത്തുകയാണ് എന്ന വിധം മുറവിളികൂട്ടുന്നതില്‍ അര്‍ത്ഥമില്ല. ലോകം ഒരു ചെറുസമൂഹമായി ചുരുങ്ങുമ്പോള്‍ ഇഷ്ടമായതെന്തും സ്വീകരിക്കാനുളള സ്വാതന്ത്ര്യമാണ് കൈവരുന്നത്. അപ്പോള്‍ പുരുഷന് ഒരു നീതി, സ്ത്രീയ്ക്ക് മറ്റൊരു നീതി എന്ന നില ശരിയല്ല.

 അഞ്ചു പുരുഷന്മാരെ ആസ്വദിച്ച പാഞ്ചാലിയേയും ഭര്‍ത്താക്കന്മാരെ കൈവിട്ട് ശ്രീകൃഷ്ണന്റെ പിന്നാലെ കൂടിയ ഗോപികമാരേയും പല പുരുഷന്മാരില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച കുന്തിയേയും പുണ്യവതികളായി സ്വീകരിച്ച ഇന്ത്യന്‍ സമൂഹം എന്തുകൊണ്ടാണ് സ്ത്രീ ലൈംഗിക സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയത് എന്നു മനസിലാകുന്നില്ല. നിയമങ്ങള്‍ എഴുതിയുണ്ടാക്കിയ നിയമജ്ഞരും മതസ്ഥാപകരും ഭൂരിപക്ഷം ഭരണകര്‍ത്താക്കളും പുരുഷന്മാരായതിനാലാവാം, സ്ത്രീയ്ക്ക് നീതിനിഷേധം ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ ലിഖിതമായും അലിഖിതമായും സമൂഹത്തില്‍ സൃഷ്ടിച്ചത്.

 സ്ത്രീയുടെ ലോകം ഇന്നു വളരുകയാണ്. മുന്‍കാലങ്ങളില്‍ പുരുഷാധിപത്യത്തിലായിരുന്ന പലമേഖലകളിലേക്കും അവര്‍ കടന്നുകയറുകയാണ്. അതോടൊപ്പം ഇഷ്ടമുള്ള ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അവര്‍ നേടുകയാണ്. അവരെ ഉപഭോഗവസ്തുവായോ ചൂഷണം ചെയ്യാന്‍ എളുപ്പമുള്ള ദുര്‍ബ്ബല വിഭാഗമായോ കാണാന്‍ ശ്രമിക്കുന്നവര്‍ക്ക് തെറ്റുപറ്റുകയാണ്. ആരോട് സൗഹൃദം കൂടണമെന്നും ആ സൗഹൃദം ഏതളവുവരെ പോകാമെന്നും വിവേചിച്ചറിയാനുള്ള സ്വാതന്ത്ര്യം ആധുനിക സ്ത്രീ നേടുകയാണ്. അതിനുള്ള പ്രത്യേക തന്റേടം അവള്‍ ആര്‍ജ്ജിക്കുകയാണ്. ഇതിനെ അപകടകരമായ സാമൂഹിക ചുറ്റുപാട് എന്ന നിലയില്‍ കാണുന്നവര്‍ക്ക് ഹ്രസ്വദൃഷ്ടി ബാധിച്ചിരിക്കയാണ് എന്നുവേണം പറയാന്‍. അവര്‍ തന്റേതായ സ്വാര്‍ത്ഥതയ്ക്കായി സ്ത്രീയെ തളച്ചിടാന്‍ ആഗ്രഹിക്കുന്നു. ഈ പ്രതിരോധത്തെ തട്ടിമാറ്റി മുന്നോട്ടു പോകുമ്പോഴാണ് സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യം ലഭിക്കുക. ഒരു ജനാധിപത്യ ക്രമത്തില്‍ ഇതിനെ നമുക്ക് ലൈംഗിക ജനാധിപത്യം എന്നു വിളിക്കാം   



No comments:

Post a Comment