Monday, 12 April 2021

A trip to Athirappilli forest

 

ആതിരപ്പിള്ളി കാടുകയറിയ ഓര്‍മ്മ

(ഫോട്ടോസ് - ഹരി & സതീഷ്)

ഏകദേശം പത്തു വര്‍ഷം മുന്നെയുള്ള ഈ കാട്ടുയാത്രയെ ഇങ്ങിനെ കുറിക്കാം. ചാലക്കുടിയില്‍ നിന്നും ആതിരപ്പിള്ളിയിലക്ക് . അന്നവിടെ ഒരു തെലുങ്കു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. വെങ്കിടേഷും തമന്നയും അഭിനയിക്കുന്ന നൃത്തരംഗം. ജലപാതത്തിന്റെ അടിയില്‍ പ്രത്യേകം ഒരുക്കിയ സെറ്റിലാണ് ഷൂട്ടിംഗ് . വനം വകുപ്പിന്റെ വാഴച്ചാല്‍ ഡിവിഷനില്‍ ഉള്‍പ്പെട്ടതാണ് ആതിരപ്പിള്ളി റേഞ്ച്. ഉയര്‍ന്ന പാറയുടെ മുകളില്‍ നിന്നും മൂന്നിടത്തായി ജലം നിപതിക്കുന്നു. പതയുന്ന ജലസമൃദ്ധിയുടെ ധവളിമ. അതിരപ്പിള്ളി കാടിന്റെ അധികാരി  ഡപ്യൂട്ടി റേഞ്ചര്‍ സതീഷാണ്. പബ്‌ളിക് റിലേഷന്‍സിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ഹരിയുടെ സുഹൃത്താണ് സതീഷ്. കേരളത്തിലെ കാടായ കാടുകളൊക്കെ അരിച്ചു പെറുക്കി കണ്ട് ചിത്രങ്ങളെടുത്തിട്ടുള്ള ഹരി ഓരോ കാട്ടുയാത്രകളുടെ കഥകള്‍ പറഞ്ഞു മോഹിപ്പിച്ചാണ് ഈ യാത്രയിലേക്ക് മനസും ശരീരവും എത്തിച്ചേര്‍ന്നത്. സുമുഖനായ ചെറുപ്പക്കാരന്‍ ഒരു നിറപുഞ്ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു. അനേകകാലത്തെ സൗഹൃദം പങ്കിട്ടപോലെ ഒരു തോന്നലുണ്ടാക്കാന്‍ ആദ്യ കാഴ്ചയിലെ ചിലര്‍ക്കു കഴിയും. സതീഷ് അത്തരമൊരാളാണ്. സതീഷിനൊപ്പം ഞങ്ങള്‍ നദിക്കരയിലേക്ക് നടന്നു.സുനീഷും സലീമും ഏലിയാസും ലാലുവുമാണ് സതീഷിന്റെ അസിസ്റ്റന്റുമാര്‍.

 താഴെ ചാലക്കുടിപ്പുഴയാണ്. പുഴയോരത്തുനിന്ന് ലാലു നീട്ടിവിളിച്ചു. മറുവിളി വന്നു. ഒപ്പം ഒരു ചങ്ങാടവും. നദിക്ക് കുറുകെ കെട്ടിയ വടത്തില്‍ പിടിച്ചാണ് യാത്ര. പത്തുമുളകള്‍ വീതം രണ്ടടുക്കാക്കി മൂന്നിടത്ത് പലകകള്‍ കെട്ടിയുറപ്പിച്ചാണ് ചങ്ങാടം തയ്യാറാക്കിയിരിക്കുന്നത്. ആതിരപ്പിള്ളിയിലെ ആദിവാസികള്‍ കാടരാണ്. ആ കൂട്ടത്തിലുള്ള ഒരാളാണ് ചങ്ങാടവുമായി വന്ന രാജന്‍. കാടര്‍ ആനകളെ ചേച്ചിമാര്‍ എന്നാണ് വിളിക്കുക എന്ന് രാജന്റെ സംഭാഷണത്തില്‍ നിന്നും മനസിലാക്കി. ഞങ്ങള്‍ ആദ്യം ക്യാമ്പിലേക്കാണ് പോയത്. സാധാരണ തൊഴിലാളികളാണ് ക്യാമ്പിലുള്ളത്. കിടന്നുറങ്ങാന്‍ ഒരു ചായ്പ്പാണുള്ളത്. ഭക്ഷണമുണ്ടാക്കാന്‍ ഒരു മുറിയും. രാജനാണ് പാചകക്കാരന്‍. ചിക്കന്‍ കറിയും കൂട്ടി ഗംഭീര ഊണായിരുന്നു.അത് കഴിച്ച് ജീപ്പില്‍ കയറി ആതിരപ്പിള്ളി ജലപാതത്തിന്റെ അതിര്‍ത്തിയിലെത്തി. അവിടെ ഒരു വലിയ കിണറിലേക്കാണ് ജലം വന്നുവീഴുന്നത്. അത് താഴേക്ക് വിള്ളലുള്ള കിണറാണ്. അതിലൂടെയാണ് ജലം പുറത്തേക്ക് പതിക്കുന്നത്. അതിനടുത്തായി കാടര്‍ ശിവനെ ആരാധിക്കുന്ന ഇടമാണ്. അവിടെ അല്‍പ്പസമയം ചിലവഴിച്ച ശേഷം ഞങ്ങള്‍ കാടിന്റെ ഉള്ളറകളിലേക്ക് ഇറങ്ങി. ജീപ്പ് പോയി തെളിഞ്ഞ ഇടങ്ങളിലൂടെ ,തടസ്സങ്ങള്‍ നീക്കിയുളള യാത്രയില്‍ സലീമായിരുന്നു സാരഥി. വീണുകിടക്കുന്ന മരക്കമ്പുകളൊക്കെ നീക്കം ചെയ്തിരുന്നത് ഗംഗാധരനും. അരുവികളും ഈറ്റക്കാടുകളും ആനച്ചൂരുമുള്ള കാട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒരു ജീവിയും കണ്ണില്‍പെട്ടില്ല. ഒടുവില്‍ മൊബൈല്‍ ടവറുകളുടെ വിന്യാസപരിധിക്കപ്പുറം വേട്ടക്കാരെ നിരീക്ഷിക്കാന്‍ കെട്ടിയ ഒറ്റ മുറി കെട്ടിടത്തില്‍ എത്തി. ചുറ്റിനും കിടങ്ങുള്ള കെട്ടിടം. നാല് തൂണിലാണ് കെട്ടിടം നില്‍ക്കുന്നത്. മുറിയില്‍ കയറി അല്‍പ്പസമയം വിശ്രമിച്ച ശേഷം അരുവിയിലെ തണുത്ത ജലത്തില്‍ മുങ്ങിക്കുളിച്ചു. പിന്നെ രാത്രി ഭക്ഷണത്തിന് തീകൂട്ടി. കപ്പയും ആ പരിസരത്ത് നട്ടുവളര്‍ത്തിയിരുന്ന ചേമ്പും പുഴുങ്ങി. കഞ്ഞിയും കോഴിക്കറിയും കാന്താരി മുളകിന്റെ ചമ്മന്തിയും തയ്യാറായി. പാനീയങ്ങളും ചേര്‍ന്നപ്പോള്‍ രാത്രി വിരുന്ന് ഗംഭീരമായി, സംഗീതമയവും. പിന്നെ കടുത്ത നിശബ്ദത.തറയില്‍ പായവിരിച്ച് സുഖമായുറങ്ങി.

 രാവിലെ ഉണര്‍ന്നപ്പോള്‍ അപൂര്‍വ്വങ്ങളായ കിളികളെ പ്രതീക്ഷിച്ചു. എന്നാല്‍ സാധാരണ നാട്ടില്‍ കാണുന്ന കിളികള്‍ മാത്രമെ അവിടെ ഉണ്ടായിരുന്നുള്ളു. കുളിയും കഴിഞ്ഞുള്ള മടക്കയാത്രയിലാണ് ആനയെ കണ്ടത്. മൂന്ന് പിടിയാനകളും ഒരു കുട്ടിക്കൊമ്പനും മേഞ്ഞുനില്‍ക്കുകയായിരുന്നു. ഹരിക്ക് ഫോട്ടോ എടുക്കാന്‍ സൗകര്യപ്രദമായ നിലയില്‍ ജീപ്പ് നിര്‍ത്തി. അത് ആനകള്‍ക്ക് ഇഷ്ടമായില്ല. ഹരി പരമാവധി വേഗത്തില്‍ ക്ലിക്ക് ചെയ്ത് നില്‍ക്കെ ആന വാല്‍ചുരുട്ടുന്നതു കണ്ട് വണ്ടി എടുക്കാന്‍ സതീഷ് നിര്‍ദ്ദേശിച്ചു. ഹരിയും ചാടിക്കയറി. വെപ്രാളപ്പെട്ട് വണ്ടി എടുത്തപ്പോള്‍ അത് സ്റ്റാര്‍ട്ടായില്ല. അധികം നിന്നാല്‍ പ്രശ്‌നമാണ്. നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ വേഗതയിലാവും ആന ഓട്ടം തുടങ്ങുക. പിന്നെ എല്ലാം നിമിഷങ്ങള്‍ക്കകം കഴിയും. ആനകള്‍ക്ക് പേടിപ്പിക്കുക എന്ന ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു എന്നു തോന്നുന്നു. അലറിവിളിച്ചെങ്കിലും അവര്‍ അവിടെത്തന്നെ നിന്നു. ഇതിനകം വണ്ടി സ്റ്റാര്‍ട്ടാക്കി ഞങ്ങള്‍ നീങ്ങി. ജീപ്പ് ഓടിച്ചിരുന്ന ലാലു ആനയെ കണ്ട പേടിയില്‍ നിന്നും മോചിതനാകാന്‍ സമയമെടുത്തു. അവന്റെ അച്ഛന്‍ സുപ്രമണി ആനയുടെ ഉപദ്രവമേറ്റ് മരിച്ചതിനാല്‍ ആനയെ അവന് വലിയ പേടിയാണ്. വനം വകുപ്പില്‍ ഇരുപത് വര്‍ഷമായി ദിവസവേതന ജീവനക്കാരനായിരുന്ന സുപ്രമണിക്ക് എല്ലാ കാട്ടാനകളും സുഹൃത്തുക്കളായിരുന്നു. അവരോട് സംസാരിച്ചും നടന്നും കാടിനെ വീടാക്കിയ സുപ്രമണി കാടുകയറിയാല്‍ തിരിച്ചിറങ്ങുക പല ദിവസങ്ങള്‍ കഴിഞ്ഞാകും. അത്തരമൊരു യാത്രയിലാണ് ,ഒരു മഴക്കാലത്ത്, സുപ്രമണിയെ ആന കാലുകൊണ്ട് തട്ടുകയോ തുമ്പിക്കൈയ്യില്‍ തൂക്കി എറിയുകയോ ചെയ്തത്. രണ്ട് ദിവസം ജീപ്പ് ഡ്രൈവര്‍ അവധിയിലായിരുന്നതിനാലും കനത്ത മഴ കാരണവും  അന്വേഷിച്ചു പോകാന്‍ കഴിഞ്ഞില്ല. വാരിയെല്ലും കാലും ഒടിഞ്ഞ സുപ്രമണി നടക്കാന്‍ കഴിയാതെ കാട്ടില്‍ കിടന്നുമരിക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് വനം വകുപ്പില്‍ ജോലി കിട്ടിയ മകനാണ് ലാലു. അവന് അച്ഛനെ ഓര്‍മ്മവരുക സ്വാഭാവികം.

 കുറച്ചുകൂടി മുന്നോട്ടു പോകുമ്പോള്‍ ഈറ്റവെട്ടുകാരുടെ ജീവിതം കണ്ടു. ഈറ്റ വെട്ടുന്ന രണ്ട് മനുഷ്യര്‍. അവര്‍ രാത്രിയില്‍ താമസിക്കുന്നത് കലുങ്കിന് താഴെയാണ്. അവിടെ തീകൂട്ടി ജീവികളെ അകറ്റിനിര്‍ത്തും.കാട്ടില്‍ വീണുകിടക്കുന്ന തേക്കും മറ്റുമാണ് വിറകിനായി ഉപയോഗിക്കുന്നത്. തുടര്‍യാത്രയില്‍ അനേകം കാട്ടുനായ്ക്കളെ കാണാന്‍ കഴിഞ്ഞു. ഒരു മാനിനെ വേട്ടയാടാനുള്ള ശ്രമത്തിലായിരുന്നു അവര്‍. ജീപ്പ് കണ്ടതോടെ നായ്ക്കള്‍ ചിതറിയോടി. പൂവനും പിടയുമായ കാട്ടുകോഴികളെയും യാത്രയില്‍ കാണുകയുണ്ടായി.

 കാടിറങ്ങി ആതിരപ്പിള്ളിയിലെത്തി 175 പടികള്‍ ഇറങ്ങി ജലപാതത്തിന് മുന്നില്‍ നിന്ന് ചിത്രമെടുത്ത്, അവിടെ പാറയില്‍ വിശ്രമിച്ച് രണ്ടുദിവസത്തെ കാനന യാത്ര അവസാനിപ്പിച്ചു. ഓര്‍മ്മയില്‍ കുറേ സ്‌നേഹം സമ്മാനിച്ച സതീഷിനും സുഹൃത്തുക്കള്‍ക്കും വിടചൊല്ലി മടങ്ങി, നഗരത്തിന്റെ തിരക്കിലേക്ക്.  






















No comments:

Post a Comment