Sunday, 4 April 2021

Kattu yathra


 കാട്ടുയാത്ര

ഉണ്ണിക്കുട്ടന് യാത്രകള്‍ ഏറെ ഇഷ്ടമാണ്. പ്രത്യേകിച്ചും കാട്ടിലൂടെയുള്ള യാത്ര. രസകരമായ ഒരുപാടനുഭവങ്ങള്‍ക്ക് അത് അവസരമൊരുക്കും. അച്ഛന്റെ സ്‌കോര്‍പിയോ കാറിലാണ് അവന്‍ യാത്ര പോവുക. പോകുംവഴി ചിലപ്പോള്‍ മൃഗങ്ങളെ കാണും. അതല്ലെങ്കില്‍ താമസിക്കുന്നിടത്തെങ്കിലും മൃഗങ്ങള്‍ വരും. ഒരിക്കല്‍ മൂന്നാറില്‍ നിന്നും മറയൂരെത്തി ചിന്നക്കനാലിലേക്ക് ഒരു യാത്ര പോയി. അവിടെ നിന്നും കാട്ടിലൂടെ തായണ്ണന്‍ കുടിയിലും ചുള്ളിപ്പെട്ടിയിലുമെത്തി. കാടിന്റെ നടുക്ക് ഒരു ജനസമൂഹം താമസിക്കുന്നു. ആദിവാസിക്കുടിയാണ് ചുള്ളിപ്പെട്ടി. മൂപ്പനാണ് അവിടെ എല്ലാം നിശ്ചയിക്കുന്നയാള്‍. അദ്ദേഹത്തെ കണ്ട് പരിചയപ്പെട്ടു. അവിടെ ആദിവാസികള്‍ കവുങ്ങും തെങ്ങും നെല്ലും കൃഷി ചെയ്തിരിക്കുന്നത് കണ്ടു. പശുക്കളും ആടുകളുമുണ്ട് കുടിയില്‍. മൂപ്പന് കൂട്ടായി പതിനഞ്ച് പട്ടികളും. അവിടെ നല്ല മിനുസമുളള പ്രതലത്തോടുകൂടിയ ഒരു പാറയും അവന്‍ കണ്ടു. ആന സ്വന്തം ശരീരം ഉരസി രസിക്കുന്ന സ്ഥലമാണവിടം. അടുത്ത ദിവസം രാവിലെ ആന ശരീരം ഉരസുന്ന ആ കാഴ്ച കാണാനും ഉണ്ണിക്കുട്ടന് കഴിഞ്ഞു.

 ആ പ്രദേശത്ത് താമസിക്കുന്നവര്‍ അവര്‍ക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങിക്കുന്നത് മുപ്പത് കിലോമീറ്റര്‍ നടന്ന് ചിന്നക്കനാല്‍ വന്നാണ് എന്നത് ഉണ്ണിക്കുട്ടനെ അത്ഭുതപ്പെടുത്തി. ഉണ്ണിക്കുട്ടന്‍  ഒരു ദിവസം ചുള്ളിപ്പെട്ടിയിലെ  ട്രീഹട്ടില്‍ താമസിച്ചു. രാത്രിയില്‍ ആ മരത്തിന് കീഴെ ഒരുപാട് മൃഗങ്ങള്‍ വന്നു. കുറേ സമയം ബഹളം വച്ചു കളിച്ച ശേഷം അവ മടങ്ങിപ്പോയി. ആ കൂട്ടത്തില്‍ ഒരു കരടിയും ഉണ്ടായിരുന്നു. അത് ഈയിടെ ഒരാളെ ആക്രമിച്ച കഥ ചുള്ളിപ്പെട്ടിക്കാരനായ ദാസന്‍ ഉണ്ണിക്കുട്ടനോട് പറഞ്ഞു', മനുഷ്യരുടെ ചില സ്വഭാവങ്ങള്‍ കരടിക്കുമുണ്ട്. അത് പിറകിലൂടെ വന്ന് തോളില്‍ തട്ടി വിളിക്കുകയായിരുന്നു. ആരോ വിളിച്ചതാണെന്നു കരുതി അയാള്‍ മുഖം തിരിച്ചു. കരടിയാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയും മുന്നെ മുഖമടച്ച് അടികിട്ടി. കണ്ണുകള്‍ ഉള്‍പ്പെടെ മുഖത്തിന്റെ വലതുവശം ഇളകി പറിഞ്ഞുപോയി. കൂടെയുണ്ടായിരുന്നയാള്‍ സിഗററ്റ് ലൈറ്റര്‍ കത്തിച്ചു. അപ്പോള്‍തന്നെ കരടി ഓടിപ്പോയി. തീപ്പെട്ടി കത്തിച്ചാലും കരടി ഓടും. രോമങ്ങള്‍ നിറഞ്ഞ ശരീരമുള്ള കരടിക്ക് തീയെ വലിയ ഭയമാണ്', ദാസന്‍ പറഞ്ഞു.

 ഉണ്ണിക്കുട്ടന്റെ അച്ഛന്‍ അപ്പോള്‍ മറ്റൊരു കഥ പറഞ്ഞു. ' ഒരിക്കല്‍ ഞാന്‍ കാട്ടുപോത്തിന്റെ ചിത്രം എടുത്തുകൊണ്ടു നില്‍ക്കുകയായിരുന്നു. ധാരാളം ചിത്രങ്ങള്‍ കിട്ടി. ഇടയിക്കിടെ അവന്‍ എന്നെ നോക്കുന്നുണ്ടായിരുന്നു. അധികം കഴിയുംമുന്നെ തല കുനിച്ചുപിടിച്ച് കൈകാലുകള്‍ ഇളക്കി അവന്‍ എന്റെ നേരെ പാഞ്ഞുവന്നു. ആ വരവില്‍ അവിടെ നിന്നു കൊടുത്താല്‍ ഫുട്ബാള്‍ ചാമ്പ്യന്‍ ബാള്‍ തട്ടിയപോലെ ഞാന്‍ തെറിച്ചുപോയി ചിതറിയേനെ. പെട്ടെന്ന് അടുത്തുകണ്ട മരത്തിന്റെ മറവിലേക്ക് മാറി. കാട്ടുപോത്ത് വന്ന വേഗത്തില്‍ മുന്നോട്ടുതന്നെ പോയി. അതിന്റെ സ്വഭാവം അങ്ങിനെയാണ്. പിന്‍തിരിഞ്ഞുള്ള വരവൊന്നും ഉണ്ടാകില്ല', അച്ഛന്‍ പറഞ്ഞു നിര്‍ത്തി. ആ നിമിഷങ്ങള്‍ മനസില്‍ സങ്കല്‍പ്പിച്ച് അവന്‍ അത്ഭുതത്തോടെ അച്ഛനെ നോക്കി. അപ്പോള്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാരനായ ഗോപി മാമന്‍ മറ്റൊരു കഥ പറഞ്ഞു. ' ഒരിക്കല്‍ ഞാനും കൂട്ടുകാരും കൂടി ജീപ്പില്‍ കാട്ടിലൂടെ യാത്ര പോവുകയായിരുന്നു. പെട്ടെന്ന് ഒരു പുലി ജീപ്പിന് മുകളിലൂടെ ചാടി. കുറച്ചു മുന്നോട്ടു നീക്കി വണ്ടി നിര്‍ത്തിയശേഷം ഡ്രൈവര്‍ പുലിയുടെ പിന്നാലെ ഓടി. ഞങ്ങളും ഒപ്പം കൂടി. പുലി താഴെ വയിലിലേക്കാണ് ഓടിയത്. അത് കുറച്ചു ദൂരം പോയശേഷം തിരിഞ്ഞുനില്‍ക്കുകയാണ്. ഒരു മോഴയെ അവിടെ കൊന്നിട്ടിട്ടുണ്ട്. അതിന്റെ ഹൃദയവും കരളും ആദ്യം തന്നെ പുലി തിന്നു കഴിഞ്ഞിരുന്നു. ആ മോഴയെ എടുക്കാന്‍ വരുന്ന ഉദ്യോഗസ്ഥരാണ് ഞങ്ങള്‍ എന്നാണ് പുലി കരുതിയത്. അത് ശവത്തിന് കാവലിരിക്കുമ്പോഴാണ് ജീപ്പ് വന്നത്. ഹൃദയവും കരളും തിന്ന ശേഷം ബാക്കിയായ ശരീരം രണ്ടു ദിവസം കിടന്ന് മയപ്പെട്ടശേഷമെ പുലി തുടയും മറ്റും കഴിക്കുകയുള്ളു. ഇതിനിടെ കുറുക്കനോ ചെന്നായോ വന്നാല്‍ അവരെ ഓടിക്കാനാണ് കാവലിരിപ്പ്', മാമന്‍ പറഞ്ഞുനിര്‍ത്തി. ഉണ്ണിക്കുട്ടന് കാട്ടില്‍ വച്ച് പുലിയെ കാണാന്‍ മോഹം തോന്നി. വളരുമ്പോള്‍ വനം വകുപ്പില്‍ ജോലി കിട്ടിയിരുന്നെങ്കില്‍ എന്നവന്‍ ആഗ്രഹിച്ചു.

 കാട്ടില്‍ മനുഷ്യര്‍ക്ക് ഏറ്റവും അപകടം ചെയ്യുന്നത്. ആനകളാണെന്ന് അച്ഛന്‍ അവനോട് പറഞ്ഞു. ഒരിക്കല്‍ അവര്‍ വയനാട്ടിലെ മുത്തങ്ങയിലൂടെ യാത്ര ചെയ്യുകയായിരുന്നു. ഡ്രൈവര്‍ അപ്പുക്കുട്ടന് കാട്ടാനയുടെ ഗന്ധം കിട്ടി. തൊട്ടടുത്ത മരമനങ്ങുന്നതും അപ്പുക്കുട്ടന്‍ കണ്ടു. വണ്ടി മുന്നോട്ടോടിച്ച് കുറച്ചകലെ കൊണ്ടുനിര്‍ത്തിയ ശേഷം അവര്‍ മടങ്ങിവന്നു. അപ്പോള്‍ കുട്ടിയാനകള്‍ ഉള്‍പ്പെട്ട വലിയ ഒരാനക്കൂട്ടം റോഡ് കടന്നുപോകുന്നത് അവര്‍ കണ്ടു. ആനക്കുട്ടികള്‍ മനുഷ്യരെ കണ്ടാല്‍ അടുത്തുവരും. ഇത് കാണുമ്പോള്‍ കുട്ടികളെ പിടിക്കാന്‍ വന്ന മനുഷ്യരാണെന്നു കരുതി അമ്മയാന ഉപദ്രവിക്കാന്‍ വരും. അതല്ലെങ്കില്‍ സാധാരണ കൂട്ടമായി പോകുന്ന ആനകള്‍ മനുഷ്യരെ ഉപദ്രവിക്കാറില്ലെന്നും അച്ഛന്‍ അവന് പറഞ്ഞുകൊടുത്തു. ആനഗന്ധം അന്തരീക്ഷത്തിലുണ്ടെങ്കില്‍ വണ്ടിയുടെ മുന്നില്‍ കൈലേസ് കെട്ടി കാറ്റിന്റെ ഗതി നോക്കണം. കാറ്റ് വരുന്നിടത്താവും ആനയുണ്ടാവുക. മുത്തങ്ങയിലേക്ക് യാത്ര പോകണം എന്ന് ഉണ്ണിക്കുട്ടന്‍ വാശിപിടിച്ചപ്പോള്‍ അടുത്ത യാത്ര മുത്തങ്ങയിലേക്കാകാം എന്ന് അച്ഛന്‍ സമ്മതിച്ചു. അതോടെ കമ്പിളിപ്പുതപ്പ്  മൂടി അവന്‍ ഉറങ്ങാന്‍ കിടന്നു.

No comments:

Post a Comment