Saturday, 31 August 2019

A trip to Palakkad - Published in May 2016 Malayalam Today

പ്രകൃതിയെ തൊട്ടറിഞ്ഞ് ഒരു പാലക്കാട് യാത്ര

 യാത്രകളെ പലപ്പോഴും ആസ്വാദ്യകരമാക്കുന്നത് യാദൃശ്ചികതകളാണ് .അത്തരം യാദൃശ്ചികതകള്‍ കൊണ്ട് സമൃദ്ധമായിരുന്നു പാലക്കാടന്‍ യാത്രയും. തീവണ്ടിയില്‍ പാലക്കാട് വഴി കടന്നുപോയിട്ടുണ്ട് എന്നല്ലാതെ പാലക്കാട് കാണാനായി പോകുന്ന ആദ്യയാത്രകൂടിയായിരുന്നു ഇത്. 11.25നുള്ള കേരള എക്‌സ്പ്രസിലാണ് ടിക്കറ്റ് എടുത്തിരുന്നത്. ഞങ്ങള്‍( ഞാനും ജയശ്രീയും ശ്രീക്കുട്ടനും) തിരുവനന്തപുരത്തു നിന്നു കയറാനും സജീവ്,വിജയശ്രീ,ഉണ്ണിക്കുട്ടന്‍, ഉണ്ണിക്കണ്ണന്‍ എന്നിവര്‍ വര്‍ക്കലയില്‍ നിന്നും കയറാനുമാണ് തീരുമാനിച്ചിരുന്നത്. തലേദിവസത്തെ സംസാരത്തിനിടെ സെലിന്‍ പറഞ്ഞു,ഞങ്ങളുമുണ്ട് കോട്ടയം വരെ. രാവിലെ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ അവരുടെ വിളിവന്നു.ടിക്കറ്റ് എടുത്തു വയ്ക്കണെ, വരാന്‍ വൈകും. ടിക്കറ്റ് എടുത്തുവച്ചു. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നും യാത്ര പുറപ്പെട്ടു.


സെലിന്‍ പാടിയ പാട്ടുകള്‍ ആസ്വദിച്ചും തമാശകള്‍ പങ്കിട്ടും കോട്ടയമെത്തിയത് അറിഞ്ഞില്ല. അവര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് യാത്രയാക്കി, ഞങ്ങളുടെ യാത്ര തുടര്‍ന്നു.വൈകിട്ട് ഏഴുമണിക്ക് പാലക്കാട് ജംഗ്ഷനിലെത്തി. പഴയ ഒലവക്കോട് ജംഗ്ഷന്‍. സ്‌റ്റേഷന്‍ പുതുക്കി പണിത് മനോഹരമാക്കിയിരിക്കുന്നു.ലിഫ്റ്റ് സൗകര്യവും വേണ്ടവര്‍ക്ക് ലഭ്യമാണ്. സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി പ്രീപെയ്ഡ് ഓട്ടോ ബുക്ക് ചെയ്തു. പതിനഞ്ചു മിനിട്ടോളം കാത്തു. തിരുവനന്തപുരത്തേത് പോലെയല്ല, പോലീസ് ഇടപെടില്ല. ഓട്ടോകള്‍ വരുന്നു, അവര്‍ക്കിഷ്ടമുള്ളവരെ കയറ്റുന്നു.കൂപ്പണുള്ളവരും ഇല്ലാത്തവരും ഇതില്‍ പെടും. അവിടെ നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ല എന്നു ബോധ്യപ്പെട്ടതോടെ റോഡിലേക്കിറങ്ങി. അവിടെയും ഓട്ടോകള്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലേക്ക് വരാന്‍ തയ്യാറല്ല.തൊട്ടടുത്ത് ബസ്റ്റാന്റാണ്, ഇഷ്ടം പോലെ ബസുണ്ട് എന്ന ഒരു  സഹൃദയന്റെ വാക്കുകള്‍ കേട്ട് ഞങ്ങള്‍ നടന്നു. എല്ലാവര്‍ക്കും വിശപ്പുണ്ട്. ഹോട്ടല്‍ അന്വേഷിച്ചുള്ള യാത്ര എത്തിയത് ക്രൗണിലാണ്. അവിടെനിന്നും വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു. ടാക്‌സി ലഭിക്കുമൊ എന്ന് അവരോടുതന്നെ അന്വേഷിച്ചു. കടയുടെ മുന്നില്‍തന്നെ ടാക്‌സികള്‍ നിരന്നു കിടക്കുന്നു. ഏഴുപേരെ കയറ്റാന്‍ ഇപ്പോഴും നല്ലത് അംബാസഡര്‍ തന്നെയാണ്. 250 രൂപയ്ക്ക് ഗസ്റ്റ്ഹൗസില്‍ എത്തിക്കാമെന്ന് അഷ്‌റഫ് സമ്മതിച്ചു. ലഗേജ് നിറച്ചു. വണ്ടി കിടക്കുന്നതിന്റെ തൊട്ടുപിന്നില്‍ ഓടയാണ്. അതിന് സ്ലാബിടാന്‍ അധികാരികള്‍ക്ക് തോന്നിയിട്ടില്ല. കഷ്ടം. വണ്ടി ചെറുതായി പിറകോട്ട് നിരങ്ങിയാല്‍ ഓടയില്‍ വീഴും എന്നതാണ് അവസ്ഥ. ഏതായാലും അപകടമില്ലാതെ വാഹനം മുന്നോട്ടെടുത്തു.

പാലക്കാട് സിവില്‍ സ്റ്റേഷനടുത്താണ്  ഗസ്റ്റ് ഹൗസ് എന്നറിയാം. അഷ്‌റഫ് വാഹനം ഇടറോഡിലേക്ക് കയറ്റി. അവിടെ ഗസ്റ്റ് ഹൗസ് എന്ന കൈചൂണ്ടിയും കണ്ടു. നല്ല ഇരുട്ട്. ഒരാളിനെയും കാണാനുമില്ല. ഇതുതന്നെയോ ഗസ്റ്റ്ഹൗസ് എന്നു സംശയിച്ച് ഞാനിറങ്ങി. ബോര്‍ഡ് നോക്കുമ്പോള്‍ ജില്ല പഞ്ചായത്ത് ഓഫീസ്. അതിനടുത്ത കോമ്പൗണ്ടിലാകും ഗസ്റ്റ് ഹൗസ് , നോക്കാം എന്നു പറഞ്ഞ് ഞാനും മോനും നടന്നു. ശരി തന്നെ,അടുത്ത കോമ്പൗണ്ടിലാണ്, പക്ഷെ, ഗേറ്റ് പൂട്ടിയിരിക്കുന്നു. എന്നാല്‍ ഗസ്റ്റ് ഹൗസില്‍ ലൈറ്റുമുണ്ട്. പ്രധാനഗേറ്റ് മറുവശത്താകും എന്നൂഹിച്ചു. അങ്ങിനെ വണ്ടി ആ പാതയിലേക്കെടുത്തു. ശരി തന്നെ, പ്രധാന കവാടത്തിലൂടെ ഉള്ളില്‍ കടന്നു. റിസപ്ഷനില്‍ ആളില്ല. അകത്തെ മെസില്‍ വിപിനെ കണ്ടു. ബുക്കില്‍ എഴുതി മുറിയെടുത്തു. താഴെ അടുത്തടുത്തുള്ള മുറികളില്‍ എയര്‍കണ്ടീഷനില്ല എന്നതിനാല്‍ ഒന്ന് താഴെയും മറ്റൊന്ന് മുകളിലുമായി നല്‍കാം എന്ന് കോഴിക്കോടുകാരന്‍ വിപിന്‍ പറഞ്ഞു. അങ്ങിനെ 104,202 മുറികള്‍ എടുത്തു. വലിയ മുറികളാണ് ,നല്ല സൗകര്യവും. പഴയ കാല എയര്‍കണ്ടീഷനറാണ്. റിമോട്ടില്ല.കുളിമുറിയില്‍ ഗീസറുണ്ട്. വെള്ളം ചൂടാക്കി കുളിച്ച് ഉന്മേഷം വരുത്തി.പിന്നെ ഉറക്കമായി.

രാവിലെ എട്ടുമണിക്ക് വടക്കഞ്ചേരിയില്‍ താമസിക്കുന്ന സുഹൃത്ത് കുര്യാക്കോസ് എത്തി. ടാറ്റാ ഗ്രാന്‍ഡാണ് വാഹനം.എട്ടുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാവുന്ന വാഹനമാണ് ഗ്രാന്‍ഡ്. നെല്ലിയാമ്പതിയിലേക്കുള്ള യാത്ര അവിടെ ആരംഭിച്ചു. ദേശീയപാതയില്‍ കണ്ണാടിയിലെ കാഴ്ചപ്പറമ്പില്‍ എല്‍ സി ഫാമിലി റസ്റ്റാറന്റില്‍ നിന്നും ഭക്ഷണം കഴിച്ചു. അവിടെനിന്നുള്ള യാത്ര പാലക്കാടിന്റെ കാര്‍ഷിക സമൃദ്ധിയും സൗന്ദര്യവും വെളിവാക്കുന്നതായിരുന്നു. ചൂട് കൂടിയ വരണ്ട പ്രദേശം , തമിഴ് നാടിനോട് സാമ്യമുള്ള ഇടം എന്നൊക്കെയുള്ള അബദ്ധ ധാരണകള്‍ മാറ്റുന്ന കാഴ്ചകളായിരുന്നു എവിടെയും. നോക്കെത്താ ദൂരമുളള നെല്‍വയലുകള്‍, അവിടെ അധികം ഉയരം വയ്ക്കാത്ത ഉമയാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നതെന്ന് മികച്ച കര്‍ഷകന്‍ കൂടിയായ കുര്യാക്കോസ് പറഞ്ഞു. തേങ്കുറിശി, കയറുംകുളം,വിനയന്‍ ചാത്തനൂറ്, കുനിശേരി, ചേരാമംഗലം,കാളിയല്ലൂര്‍,നെന്മാറ വഴി നെല്ലിയാമ്പതിക്ക്. കരിമ്പനകളും തെങ്ങും കവുങ്ങും കുടപിടിക്കുന്ന നാടിന്റെ സൗന്ദര്യം ആസ്വദിച്ചുള്ള യാത്രയില്‍ ധാരാളം കള്ളുഷാപ്പുകളും കാണാനുണ്ടായിരുന്നു. ഷാപ്പില്‍ നല്ല തിരക്കുള്ളതായും കാഴ്ചയില്‍ അനുഭവപ്പെട്ടു. നല്ല കള്ളല്ല കിട്ടുന്നതെന്ന് അറിയാമെങ്കിലും ലഹരി വേണ്ടവര്‍ അവിടെ വന്നടിയുകയാണ്.

നെന്മാറ നെല്ലിയാമ്പതി റോഡ് വളരെ ഇടുങ്ങിയതാണ്. ചില ഭാഗങ്ങളില്‍ രണ്ട് വാഹനം കടന്നുപോവുക തന്നെ പ്രയാസം. യാത്രയില്‍ ശ്രീ നെല്ലിക്കുളം ഭഗവതി ക്ഷേത്രത്തില്‍ കയറി. നല്ലൊരു കുളവും ക്ഷേത്രത്തിനുണ്ട്. പോത്തുണ്ടി ഡാം അതിനടുത്തായാണ്. മണ്ണുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ളതാണ് പോത്തുണ്ടി ഡാം. അതിന് മുന്നിലായി ഒരു ചെറിയ പാര്‍ക്കുണ്ട്. പാര്‍ക്കില്‍ ,നൃത്തം ചെയ്യുന്ന പെണ്‍കുട്ടി, അമ്മയും കുഞ്ഞും, മാന്‍, മീന്‍പിടുത്തക്കാരന്‍ തുടങ്ങി നിരവധി ശില്‍പ്പങ്ങള്‍, വിശ്രമിക്കാനുള്ള ബഞ്ചുകള്‍ ഒക്കെ ഒരുക്കിയിട്ടുണ്ട്. അനേകം പടികള്‍ ചവുട്ടി ഡാമിന് മുകളില്‍ കയറി കാഴ്ചകള്‍ കാണാന്‍ കഴിയും. മൂന്നു വശവും സ്വാഭാവിക മലയുള്ളതാണ് ഡാമിന്റെ പ്രത്യേകത.

19ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഡാം ഇന്ത്യയിലെ പഴക്കമുള്ള ഡാമുകളില്‍ ഒന്നാണ്. 1971 ല്‍ 23.425 ദശലക്ഷം രൂപ ചിലവഴിച്ച് ഡാം നവീകരിച്ചു. ചിറ്റൂരിലേയും ആലത്തൂരിലേയും 13500 ഏക്കറിലെ കൃഷിക്കും നെന്മാറ,അയിലൂര്‍, മേലാര്‍കോട് പഞ്ചായത്തുകള്‍ക്ക് കുടിവെള്ളവും നല്‍കുന്നത് പോത്തുണ്ടിയാണ്. ഡാമിന്റെ പ്രധാന ഭിത്തി നിര്‍മ്മിച്ചിട്ടുള്ളത് കരുപ്പട്ടിയും ചുണ്ണാമ്പും ചേര്‍ന്ന മിശ്രിതം ഉപയോഗിച്ചാണ്. മീനച്ചിലാടി പുഴയ്ക്കും പാടിപ്പുഴയ്ക്കും കുറുകെയാണ് ഡാം പണിതിട്ടുള്ളത്. അയിലംപുഴയുടെ കൈവഴികളാണിവ. 107 അടി ഉയരവും 5510 അടി നീളവുമുണ്ട് ഡാമിന്. ആകെ 5,09,14,000 ക്യുബിക് മീറ്റര്‍ ജലം കൊള്ളുന്ന ഡാമിന്റെ വലത്തെ കനാലിന് 10 കിലോമീറ്ററും ഇടത്തെ കനാലിന് 8 കിലോമീറ്ററും നീളമുണ്ട്. 900 ഏക്കര്‍ പ്രദേശത്തായി ഉള്‍നാടന്‍ മത്സ്യകൃഷിയും നടക്കുന്നുണ്ട്. മൊരല്‍,മൊശി,സിലോപ്പിയ, രോഹു,ബാര്‍ബസ്,വരാല്‍,കാര്‍പ്പ്,മൃഗാള്‍,ഗോരാമി,കട്‌ല എന്നിവയാണ് മീന്‍കൃഷിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാലക്കാട് നിന്നും 42 കിലോമീറ്റര്‍ അകലെയാണ് പോത്തുണ്ടി. ഇവിടെനിന്നും 17 കിലോമീറ്റര്‍ താണ്ടിയാല്‍ നെല്ലിയാമ്പതിയായി.

നെല്ലിയാമ്പതിക്കുപോകുന്ന വഴി ആഴത്തിലേക്ക് ചൂണ്ടി കുര്യാക്കോസ് പറഞ്ഞു, അവിടെയാണ് ചെറുനെല്ലി ആദിവാസി കോളനി. അവിടെ സ്ത്രീകള്‍ക്ക് പ്രസവിക്കുന്നതിനായി പ്രത്യേക ഗുഹയുണ്ട്. പ്രസവമടുക്കുമ്പോള്‍ ഗര്‍ഭിണിയേയും വയറ്റാട്ടിയേയും ഗുഹയ്ക്കുള്ളിലാക്കും. പ്രസവം കഴിഞ്ഞെ മടങ്ങിവരൂ. ഭക്ഷണവും മരുന്നും വെള്ളവുമെല്ലാം അവിടെ എത്തിച്ചുകൊടുക്കും.

വാഹനം വളവുകള്‍ താണ്ടി ഓടിക്കൊണ്ടേയിരുന്നു. പത്ത് ഹെയര്‍പിന്‍ വളവുകളാണ് ഉള്ളത്. പൊന്മുടിയിലും വയനാട്ടിലുമുള്ളതുപോലെ വളവുകളുടെ നമ്പരുകള്‍ രേഖപ്പെടുത്തിയിട്ടില്ല എന്നത് ഒരു ന്യൂനതയായി തോന്നി. വഴിയില്‍ കാഴ്ചകള്‍ കാണാനായി ഇടങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ ഭാഗങ്ങളും പാലക്കാട് ചുരവും അവിടെനിന്ന് കാണുവാന്‍ കഴിയും.തണുത്ത കാറ്റേറ്റ് എത്ര നേരമിരുന്നാലും മുഷിവ് തോന്നില്ല.അത്തരമൊരു കാഴ്ചയ്ക്കായി ആളുകള്‍ ഇറങ്ങുന്നിടത്ത് ധാരാളം കച്ചവടക്കാരെ കാണാന്‍ കഴിഞ്ഞു. പുലയന്‍പാറക്കാരന്‍ ജബ്ബാറിന്റെ കടയില്‍ നിന്നും ചായയും ഓംലറ്റും കഴിച്ചു. ഉന്തുവണ്ടിയാണ്. അത് നില്‍ക്കുന്നിടത്തുനിന്നും ഒരിക്കല്‍ ഒരു ടാറ്റാ സുമോ കൊക്കയിലേക്ക് വീണ കഥ കുര്യാക്കോസ് പറഞ്ഞു. നാല് ഡോറു തുറന്ന് തെറിച്ചുവീണവര്‍ രക്ഷപെട്ടു. ബാക്കിയുണ്ടായിരുന്ന നാലുപേരുടെയും തരിപോലും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അത്ര അഗാധതയിലേക്കാണ് വണ്ടി മറിഞ്ഞത്.  

അയ്യപ്പന്‍ തിട്ടിലും ഇറങ്ങി അല്‍പ്പസമയം ചിലവഴിച്ചു.ഒരു ചെറിയ അയ്യപ്പക്ഷേത്രവും അതിന് എതിര്‍വശം ഒരു പാറയുമുണ്ട്. ആ പാറയ്ക്കരികിലുള്ള വറ്റാത്ത നീരൊഴുക്കില്‍ നിന്നാണ് ക്ഷേത്രത്തിലേക്കുള്ള വെള്ളമെടുക്കുന്നത്. ഒരിക്കല്‍ ആ പാറപ്പുറത്ത് ഒരു പുലി വിശ്രമിക്കുന്നത് കുര്യാക്കോസ് കണ്ടിട്ടുണ്ട്. ആ പാറയില്‍ കയറി അല്‍പ്പനേരം ഞങ്ങളിരുന്നു. തുടര്‍ന്നുള്ള യാത്ര കൈകാട്ടിയിലേക്കായിരുന്നു. അവിടെനിന്നും പുലിയംപാറയിലേക്കും തുടര്‍ന്ന് സീതാര്‍കുണ്ടിലേക്കും . സീതാര്‍കുണ്ടിലേക്കുള്ള യാത്ര ദീര്‍ഘമായതാണ്. അവിടെ എത്തിച്ചേരുക എളുപ്പമല്ല.100 മീറ്റര്‍ നീളമുള്ള വെള്ളച്ചാട്ടമാണ് സീതാര്‍കുണ്ട്. ഞങ്ങള്‍ ദൂരെനിന്ന് വെള്ളച്ചാട്ടം കണ്ടുമടങ്ങുകയാണ് ചെയ്തത്. ആഗാധമായ ആഴമാണ് മലയുടെ അതിരുകളില്‍. മനുഷ്യരെ പിടിച്ചുവലിക്കുന്ന ഒരാകര്‍ഷകത്വം ആ താഴ്ചയ്ക്കുണ്ട്. ദൂരെ മുതലമട, കൊല്ലംകോട് തുടങ്ങിയ ഇടങ്ങളില്‍ മൂച്ചിത്തോട്ടങ്ങള്‍ കാണാം. മൂച്ചിത്തോട്ടമെന്നാല്‍ മാന്തോപ്പാണ്. കാട്ടുപോത്തിന്റെ കാല്‍പ്പാടുകള്‍ അവിടവിടെ കാണാന്‍ കഴിഞ്ഞു. അനേകം ഔഷധസസ്യങ്ങള്‍ നിറഞ്ഞ പ്രദേശമാണവിടം. കുരങ്ങന്മാരും ധാരാളം. ഫോട്ടോയ്ക്ക് പോസുചെയ്യുന്ന കുരങ്ങന്മാര്‍ രസകരമായ കാഴ്ചയാണ്.

പോബ്‌സ് ഗ്രൂപ്പിന്റെ തോട്ടത്തില്‍ വാഹനം പാര്‍ക്ക് ചെയ്താണ് ആളുകള്‍ കാഴ്ച കാണാന്‍ എത്തുന്നത്. ഏകദേശം രണ്ട് കിലോമീറ്ററോളം നടന്നിട്ടുണ്ടാവും. 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള ഇടങ്ങള്‍ നെല്ലിയാമ്പതിയിലുണ്ട്. കുറേ നാളത്തേക്ക് മനസില്‍ നിന്നും മായാത്തവിധം ഇടം പിടിച്ച കാഴ്ച ആകാശത്തിലൂടെയുള്ള വേഴാമ്പലിന്റെ യാത്രയായിരുന്നു. എന്തൊരു സൗന്ദര്യം. പ്രകൃതി കേരളത്തെ അനുഗ്രഹിച്ചപ്പോള്‍ വരമായി നല്‍കിയ നമ്മുടെ ദേശീയ പക്ഷി. പലപ്പോഴും മരത്തിലിരിക്കുന്ന കാഴ്ച കണ്ടിട്ടുണ്ടെങ്കിലും അത് പറക്കുന്നത് ആദ്യമായി കാണുകയായിരുന്നു.

കൃഷി വകുപ്പിന്റെ ഓറഞ്ച് ആന്റ് വെജിറ്റബിള്‍ ഫാമിന്റെ കാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ചു. അതിനുശേഷം ഫാം കാണാന്‍ കയറി. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ആരംഭിച്ച മാതൃകാ പൂകൃഷി യൂണിറ്റും മാതൃകാ നഴ്‌സറിയും ഉത്പ്പന്നങ്ങളുടെ സെയില്‍സ് കൗണ്ടറുമാണ് അവിടെയുള്ളത്. എന്നാല്‍ ആരംഭിച്ചത് സദുദ്ദേശത്തോടെയാകാമെങ്കിലും ഇപ്പോള്‍ എല്ലാം പേരിനുമാത്രമായി മാറിയിട്ടുണ്ടെന്ന് കാണാന്‍ കഴിയും. നാട്ടിലെ ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും സംഭവിച്ചിട്ടുള്ള ദുര്‍ഗതി ഇതിനെയും ബാധിച്ചിട്ടുണ്ട് . എത്രയോ നഷ്ടം സഹിച്ചാവും ഇതിപ്പോള്‍ നടത്തിവരുന്നത്. ഇത്തരം സ്ഥാപനങ്ങളെ ജീവനക്കാരുടെ പൂര്‍ണ്ണപങ്കാളിത്തമുള്ള സ്ഥാപനങ്ങളാക്കി മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ലാഭകരമല്ലെങ്കില്‍ മറ്റു തരത്തില്‍ പുനരുദ്ധരിക്കേണ്ടതും അനിവാര്യമാണ്.

അവിടെനിന്നും ഞങ്ങള്‍ പോയത് ചന്ദ്രാമല എസ്‌റ്റേറ്റിലേക്കാണ്. അവിടെ അടുത്താണ് നൂറടിപാലം. പാടഗിരി പോലീസ് സ്‌റ്റേഷനും എ വി ടിയുടെ മണലാരു എസ്‌റ്റേറ്റും ആ ഭാഗത്തുതന്നെയാണ്. നൂറടിക്ക് സമീപമുള്ള അരുവിയില്‍ കുളിച്ച് ആ മോഹവും സാധിച്ചു. ആയിരക്കണക്കിന് ഏക്കര്‍ തേയിലത്തോട്ടങ്ങളും മറ്റു കൃഷികളുമാണ് വന്‍കിട മുതലാളിമാരുടെ കൈവശമുള്ളത്.

കാപ്പിയും ഏലവുമൊക്കെ കൃഷിയില്‍ ഉള്‍പ്പെടുന്നു. ഓറഞ്ച് കൃഷിയുമുണ്ട്. എന്നാല്‍ പുളിപ്പ് കൂടിയ ഇനമാണ് ഇവിടെ ലഭിക്കുന്നത്. കേശവം പാറയിലും വലിയ തിരക്കുണ്ടായിരുന്നു. മമ്മൂട്ടിയുടെ മൃഗയ സിനിമയുടെ ഷൂട്ടിംഗിലൂടെ പ്രസിദ്ധമായ ഇടമാണ് കേശവം പാറ. മടക്കയാത്ര പല്ലാവൂര്‍ വഴിയായിരുന്നു. പല്ലാവൂര്‍ ദേവനാരായണനെയും അപ്പു മാരാരെയുമൊക്കെ ഓര്‍ത്തുകൊണ്ടുള്ള യാത്ര. കൊടുവായൂരിലെ യാക്കരപുഴയും കടന്ന് രാത്രിയില്‍ ഗസ്റ്റ്ഹൗസിലെത്തി.

ഞാനും സജീവും കഞ്ഞിയും പയറും മറ്റുള്ളവര്‍ ചപ്പാത്തിയും ചിക്കനും കഴിച്ചു. ഒരു സിനിമ കാണണം എന്നെല്ലാവര്‍ക്കുമുണ്ടായിരുന്നു. പ്രധാനപ്പെട്ട തീയറ്ററുകളിലൊന്നും ടിക്കറ്റ് കിട്ടാനില്ല.അങ്ങിനെയാണ് ബിപിഎല്‍ കൂട്ടുമുക്കില്‍ ജീവാസില്‍ അമര്‍,അക്ബര്‍,ആന്റണി കാണാന്‍ തീരുമാനിച്ചത്. നെറ്റ് വഴി നമ്പര്‍ കണ്ടുപിടിച്ച് വിളിച്ച് ടിക്കറ്റ് കിട്ടും എന്നുറപ്പാക്കി. 9 മണിക്ക് മുമ്പ് തന്നെ എത്തി. എന്തോ പന്തികേട് തോന്നി.

ആളുകള്‍ നന്നെ കുറവ്.ഫസ്റ്റ് ഷോ കഴിഞ്ഞിറങ്ങിയവരും കുറവായിരുന്നു.ഫസ്റ്റ് ക്ലാസ് ടിക്കറ്റ് മാത്രമെയുള്ളു. 40 രൂപയാണ് നിരക്ക്. തീയറ്ററിനുള്ളില്‍ കയറിയപ്പോള്‍ ഞെട്ടിപ്പോയി. ഒരു മുപ്പത് വര്‍ഷം മുമ്പാകും ഇത്തരം തീയറ്ററില്‍ പടം കണ്ടിട്ടുണ്ടാവുക. തകര്‍ന്ന കസേരകള്‍. എയര്‍കണ്ടീഷനിംഗ് ഇല്ല.തീയറ്ററില്‍ ഇരുന്നു പുകവലിക്കുന്ന കാഴ്ചക്കാര്‍. ഒടുവില്‍ പുകവലിക്കാരെ പുറത്താക്കാന്‍ പരാതിപ്പെടേണ്ടി വന്നു. സ്‌ക്രീനിംഗും സൗണ്ടും നല്ലതായിരുന്നില്ല.

മെയിന്റനന്‍സ് നടത്തിയശേഷം നിരക്ക് വര്‍ദ്ധിപ്പിച്ച് നല്ല മേന്മയുള്ള തീയറ്ററാക്കി മാറ്റാവുന്നതാണ്. ഇല്ലെങ്കില്‍ വൈകാതെ അടച്ചു പൂട്ടേണ്ടി വരും എന്നതില്‍ സംശയമില്ല. ചിത്രം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ അന്തരീക്ഷം അനുഗുണമായില്ല എന്ന ദുഃഖം എല്ലാവര്‍ക്കുമുണ്ടായി.ആ രാത്രി അങ്ങിനെ അവസാനിച്ചു. ഇനി നാളത്തെ യാത്രയാണ്. കാണാന്‍ ഇനിയുമുണ്ട് കാഴ്ചകളേറെ.

Wednesday, 28 August 2019

Is it good to give holidays on prominent people's birthday


  മഹാന്മാരുടെ പേരില്‍ അവധി ആഘോഷം - പുനര്‍ചിന്ത അനിവാര്യം
  സാമൂഹിക - സാംസ്‌ക്കാരിക- രാഷ്ട്രീയ രംഗത്തും ജാതി -മത പ്രസ്ഥാനങ്ങളുടെ മുന്നണിയിലും പ്രവര്‍ത്തിച്ച മഹാത്മാക്കളെല്ലാം വിശ്രമമില്ലാതെ പ്രവര്‍ത്തിനിരതരായിരുന്നവരാണ്. അവരുടെ പേരില്‍ അവധി ആഘോഷിക്കുന്നത് അവരെ ആക്ഷേപിക്കുന്നതിന് തുല്യമാണ്. അവധി എന്നത് അലസത നല്‍കുന്ന ഒരു പ്രവര്‍ത്തിയാണ്. ഇന്ത്യയെപോലെ പ്രശ്‌ന സങ്കീര്‍ണ്ണമായ ഒരു നാട്ടില്‍, പാവങ്ങള്‍ ഏറെ കഷ്ടപ്പെടുകയും പണക്കാരും അധികാരസ്ഥാനത്തുള്ളവരും അധികമധികം സുഖിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം അവധികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ കാട്ടുന്ന മണ്ടത്തരത്തിന് ഈ നേതാക്കള്‍ അവരോട് ക്ഷമിക്കും എന്നു കരുതാന്‍ വയ്യ.

   സര്‍ക്കാര്‍ അവധികള്‍ ആര്‍ക്കാണ് പ്രയോജനം ചെയ്യുന്നത്? കര്‍ഷകന്‍ അന്ന് വിശ്രമിച്ചാല്‍ അവന് ശമ്പളം കിട്ടില്ല.അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി ഒരു സെക്ടറിലുള്ളവര്‍ക്കും അവധി ബാധകമല്ല. പിന്നെ ബാധകമാകുന്നതാര്‍ക്ക് ? സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മാത്രം. പൊതുവെ കഠിനാധ്വാനം ചെയ്യേണ്ടതില്ലാത്ത ഈ വിഭാഗത്തിന് ഇങ്ങിനെ കൂടുതല്‍ അവധി ദിനങ്ങള്‍ വാങ്ങി നല്‍കുക വഴി എന്ത് നേട്ടമാണ് നമ്മുടെ സമുദായ - രാഷ്ട്രീയ മേഖലകളിലെ നേതാക്കള്‍ ഉണ്ടാക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് ചോദ്യം ചെയ്യാന്‍ ഗാന്ധിയും അംബേദ്ക്കറും ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും അയ്യാവൈകുണ്ഡനുമൊന്നും ജീവിച്ചിരിപ്പില്ല എന്നതിനാല്‍ സമുദായങ്ങളിലെ സാധാരണക്കാര്‍ ഇതിനെ ചോദ്യം ചെയ്യേണ്ടതുണ്ട്.

 സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം ആയിരം രൂപ മുതല്‍ അയ്യായിരത്തിന് മുകളില്‍ വരെയാണെന്നിരിക്കെ അവധികളുടെ എണ്ണം കൂടുന്നത് പണിയെടുക്കാതെ ശമ്പളം പറ്റാന്‍ ലഭിക്കുന്ന ദിനങ്ങളുടെ എണ്ണം കൂട്ടല്‍ മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇനി ജനാധിപത്യം ശക്തമാകണമെങ്കില്‍ ഉച്ചത്തിലുളള ശബ്ദം ജനങ്ങളില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ജനപ്രതിനിധികളില്‍ നിന്നല്ല അതുണ്ടാവുക. ഇത്തരം തിരിച്ചറിവുകളാകട്ടെ വരും കാലത്തെ സജീവമാക്കുന്നത്.

   അവധി ദിനങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

  ജാനുവരി -2 - മന്നം ജയന്തി , മാര്‍ച്ച് 12 -അയ്യാ വൈകുണ്ഠസ്വാമി ജയന്തി (നിയന്ത്രിത അവധി), ഏപ്രില്‍ 14-അംബദ്ക്കര്‍ ജയന്തി, ആഗസ്റ്റ് 28- അയ്യന്‍കാളി ജയന്തി, സെപ്തംബര്‍ 13-ശ്രീനാരായണഗുരു ജയന്തി, സെപ്തംബര്‍ 17-വിശ്വകര്‍മ്മ ദിനം ( നിയന്ത്രിത അവധി ) , സെപ്തംബര്‍ 21- ശ്രീനാരായണ ഗുരു സമാധി, സെപ്തംബര്‍ 21-ശ്രീനാരായണ ഗുരു സമാധി, ഒക്ടോബര്‍ 2- ഗാന്ധി ജയന്തി .

 ഉറങ്ങാനുള്ള സമയം പോലും വെട്ടിച്ചുരുക്കി കര്‍മ്മനിരതരായിരുന്ന പോരാളികള്‍ക്കൊപ്പമാണ് നമ്മള്‍ എന്നു തെളിയിക്കാന്‍ സര്‍ക്കാര്‍ ഈ അവധികള്‍ ഉപേക്ഷിച്ച് ഇത്തരം ദിനങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് പതിവിലുമേറെ പണിയെടുക്കുന്ന നാളുകള്‍ക്കായി കാത്തിരിക്കാം.

Sunday, 18 August 2019

Story - Antharyami - published in Jeevaragam monthly, April 2011


കഥ

                                                       അന്തര്യാമി
                 (2011 ഏപ്രില്‍ ലക്കം ജീവരാഗത്തില്‍ പ്രസിദ്ധീകരിച്ചത്)


 

  പോത്തുമുക്കില്‍ രാത്രി എട്ടു കഴിഞ്ഞാല്‍ ഒരാളും ഉണ്ടാവാറില്ല. കുഞ്ഞുരാമന്റെ ആട്ടോറിക്ഷയും പക്കു എന്നു പേരായ നാടന്‍ പട്ടിയുമാണ് ബാക്കിയാവുക. കുഞ്ഞുരാമന്‍ ഒന്‍പതരയ്‌ക്കെ വീട്ടിലേക്ക് പോവൂ. അതുവരെ പക്കുവിനോട് വര്‍ത്തമാനം പറയും. ഉച്ചയ്ക്ക് വീട്ടില്‍ നിന്നും പൊതികെട്ടികൊണ്ടുവന്ന ചോറും വറുത്തമീനും ഉച്ചയ്ക്ക ബാക്കിയായ മീന്‍മുള്ളുകളുമൊക്കെ അവന് കഴിക്കാന്‍ കൊടുക്കും. മനുഷ്യന്മാരോട് പറഞ്ഞാല്‍ മനസിലാകാത്ത കാര്യങ്ങളൊക്കെ കുഞ്ഞുരാമന്‍ പക്കുവുമായി പങ്കിടും.

'എടാ പക്കു, ഇന്നത്തെ പത്രം നീ കണ്ടില്ലെ ? ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കക്കാറുണ്ട്. അത് പത്രക്കാരും കോടതിയും പുറത്തുകൊണ്ടുവരും. - പ്പൊ - ന്താ- ണ്ടായെ- പത്രക്കാരും കോടതിയും കൂടി അതിന് കൂട്ടുനിന്നു.'

അതുകേട്ട് പക്കു തലയാട്ടി.

'മൃഗങ്ങള് മിടുക്കന്മാരായി, ഞങ്ങള് മണ്ടന്മാരായിന്നൊന്നും നീ വിചാരിക്കണ്ട. അപ്പൊ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വന്നു. അവര് കള്ളം കണ്ടുപിടിച്ചു. അപ്പൊ പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളും ഏറ്റുപിടിച്ചു. അതാ ഞങ്ങടെ ജനാധിപത്യ സംവിധാനത്തിന്റെ ശക്തി. അത് നീ ശരിക്കും മനസിലാക്കണം, പക്കൂ. '

പക്കു അപ്പോഴും തലയാട്ടി. കോമണ്‍വെല്‍ത്ത് ഗയിംസിലെ അഴിമതിയും പഞ്ചായത്ത് പ്രസിഡന്റിന്റെ പണം തട്ടിപ്പും അയലത്തെ വീട്ടിലെ കോമളത്തിന്റെ രഹസ്യ കാമുകനുമൊക്കെ അവരുടെ സംഭാഷണത്തിന്റെ ഭാഗമാണ്.

'പക്കൂ, നീ അറിഞ്ഞോ ?  ഹോംവര്‍ക്ക് ചെയ്തില്ലെന്നു പറഞ്ഞ് മാഷ് - ന്റെ മോനെ തല്ലി. ഒരുപാട് കാര്യങ്ങളറിയാവുന്ന ചെക്കനാ അവന്‍. ഈ ഹോംവര്‍ക്കൊക്കെ വെറും വിരസമായ പണികളാന്നാ ഓന്‍ പറയുന്നെ. ഞാന്‍ ഓന്റെ ഭാഗത്താ. അവന്റമ്മ ജാനൂന് അതൊന്നും മനസിലാകില്ല. അവള്‍ മാഷ്‌ക്ക് ഒപ്പാ. എന്തായാലും ഓല് നിങ്ങളെപോലല്ലല്ലൊ, പഠിച്ചോനല്ലേന്നാ ഓള്‌ടെ ചോദ്യം. എടാ പക്കൂ,നീ തന്നെ പറയ്. ഈ പഠിത്തോന്നു പറഞ്ഞാ എന്താ ? കുറേ ആളോള് ചേര്‍ന്നിറ്റ് ഒരു പൊസ്തകോണ്ടാക്കി തന്നൂം വച്ച് ഇത് നീ പഠീ , ഇതുമാത്രം മനഃപാഠാക്ക്ന്ന് പറയണതാണോ പഠിത്തം. എനക്കിത് മാഷോട് ചോദിക്കണോന്ന്ണ്ട്, പക്ഷെ അതിനൊള്ള ധൈര്യല്ല. നീ ആര്ടാ- ദൊക്കെ ചോദിക്കാനെന്നു മാഷ് പറഞ്ഞാ ഉത്തരം മുട്ടില്ലെ. ഞാന്‍ വല്യമിടുക്കനൊന്നുമല്ലല്ലൊ, ആട്ടോറിക്ഷ ഡ്രൈവറല്ലെ. - ന്റെ മോനെ പിന്നെ മാഷ്‌ക്ക് തീരെ പിടിക്കാണ്ടും വരൂല്ലെ. അതോണ്ടാ നിന്നോട് പറയ്‌ണെ. നിനക്കാവുമ്പൊ കാര്യങ്ങള് മനസിലാവും - ല്ലെ .'

പക്കു വീണ്ടും തലയാട്ടി.

പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലകൂടുന്നതുള്‍പ്പെടെ പക്കുവിന് ബോധിക്കുന്ന എന്തും കുഞ്ഞുരാമന്‍ ചര്‍ച്ചചെയ്തിരുന്നു. ഡാന്‍സും സിനിമയും സാഹിത്യവുമൊന്നും പക്കുവിന് ഇഷ്ടമല്ല. അത് കുഞ്ഞുരാമന് ആദ്യ ചര്‍ച്ചയിലെ ബോധ്യപ്പെട്ട കാര്യമാണ്. കുഞ്ഞുരാമന്‍ കണ്ട ഒരു സിനിമയെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പൊഴെ പക്കു സ്ഥലം കാലിയാക്കി. അവന്റെ ബുദ്ധിവൈഭവം കുഞ്ഞുരാമന് ശരിക്കും മനസിലായത് അന്നാണ്. പച്ചയായ മനുഷ്യനാണ് എന്നൊരു മുഴുക്കുടിയനെപറ്റി പറയുന്നപോലെ പച്ചയായ പട്ടിയാണവന്‍ എന്ന് കുഞ്ഞുരാമന്‍ അന്നേ വിധിയെഴുതി.

ഗ്രാമത്തിലേക്കുള്ള അവസാന ബസ് ഒന്‍പതരയ്ക്ക് കവലയില്‍ എത്തി ഇനി ആരും വീട്ടില്‍ പോകാനില്ല എന്ന് ബോധ്യപ്പെട്ടശേഷമെ കുഞ്ഞുരാമന്‍ വീട്ടിലേക്ക് മടങ്ങാറുള്ളു. അത്തരമൊരു രാത്രിക്കുശേഷമുള്ള പകലിലാണ് ആ വാര്‍ത്ത ഒരു ഞെട്ടലോടെ കുഞ്ഞുരാമന്‍ അറിഞ്ഞത്. പത്രം കൊണ്ടുവരുന്ന രമേശനാണ് പറഞ്ഞത്, ' കുഞ്ഞുരാമേട്ടന്‍ അറിഞ്ഞോ, നമ്മുടെ പക്കു മരിച്ചു. വാഹനാപകടമാണ്, തടി കേറ്റിപ്പോയ ലോറിയാകണം, ചതഞ്ഞരഞ്ഞുപോയി. കണ്ടാല്‍ സഹിക്കില്ല കുഞ്ഞുരാമേട്ടാ .'

കുഞ്ഞുരാമന്‍ തരിച്ചിരുന്നുപോയി. തലേദിവസത്തെ സംഭാഷണം ഓര്‍ത്തെടുക്കാനാണ് കുഞ്ഞുരാമന്‍ ആദ്യം ശ്രമിച്ചത്.അയാളത് ഭാര്യയോട് പറഞ്ഞ് സങ്കടപ്പെട്ടു. 'ജീവിതത്തിന് ഒരര്‍ത്ഥവുമില്ലാണ്ടായിരിക്യാ പക്കൂ.അച്ഛന് മക്കളോടും ഭര്‍ത്താവിന് ഭാര്യയോടും ഒന്നും സ്‌നേഹം സൂക്ഷിക്കാന്‍ കഴിയാണ്ട് എല്ലാം ഒരു യന്ത്രം മാതിരി ആയിക്കൊണ്ടിരിക്കയാ. കൂട്ടുകാര് പരസ്പ്പരം ചതിക്യാ, ഒരാള് കാര്യല്ലാണ്ട് മറ്റൊരാളെ കൊല്യാ - മടുപ്പ് തോന്നുന്നു പക്കുവെ. അവന്‍ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ബാക്കിയാക്കി - ന്നെ അങ്ങിനെ നോക്കിയിരുന്നു ജാന്വെ. അവന്റെ കണ്ണീന്ന് കണ്ണീരുവരുന്നുണ്ടായിരുന്നു, പാവം '

കുഞ്ഞുരാമന് കരച്ചില്‍ വന്നു. - ന്തായാലും അവന്റെ ജീവനില്ലാത്ത ദേഹം കാണാന്‍ ഞാനില്ല. ആരേലും കുഴിച്ചിടട്ടെ അതിനെ. കുഞ്ഞുരാമന്‍ ഇറായത്തുതന്നെ ഇരുന്നു. ഒന്നും ചെയ്യാന്‍ തോന്നിയില്ല ആ ദിവസം. ആട്ടോ വീട്ടുമുറ്റത്ത് ചത്തപോലെ കിടന്നു. ഒന്നും കഴിക്കാനും തോന്നിയില്ല. ജാനു നിര്‍ബ്ബന്ധിച്ചെങ്കിലും മനസുവന്നില്ല. എത്രയായാലും ഉറ്റവനായിരുന്നു അവന്‍. മറ്റാരെക്കാളും , ഒരു പക്ഷെ, ജാനുവും മക്കളും പോലും , - ത്ര വരില്ല. മറ്റ് ഡ്രൈവറന്മാരും കവലയിലെ കച്ചവടക്കാരുമൊക്കെ സുഹൃത്തുക്കളാണോന്നു  ചോദിച്ചാല്‍ മനുഷ്യന്മാരാണ്, നല്ലതൊ ചീത്തയൊ എന്നു പറയാന്‍ കഴിയാത്ത മനുഷ്യര്‍, പക്ഷെ പക്കു അങ്ങിനെയായിരുന്നില്ല, സ്‌നേഹം മാത്രമുള്ളവന്‍.

അന്ന് കുട്ടികളോടുപോലും ഒന്നും സംസാരിക്കാന്‍ തോന്നിയില്ല.നേരത്തെ കിടന്നു.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞുമുള്ള കിടപ്പ്. എത്രനേരം എന്നു പറയാന്‍ വയ്യ. രമേശന്റെ സൈക്കിള്‍ ബല്ലുകേട്ടാണ് പുറത്തുവന്നത്.

' പക്കൂന്റെ കാര്യം കഷ്ടം തന്നെ കുഞ്ഞുരാമേട്ടാ, മരിച്ചിട്ട് ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞു. അതിന്റെ ദേഹത്തൂടെ പിന്നേം പല വണ്ടികളും കയറിയിറങ്ങി. എന്നിട്ടും ഒരാളും അതിനെ ഒന്നു കുഴിച്ചിടാന്‍  - ണ്ടായില്ല. ഇതിനെ കുഴിച്ചിടാന്‍ ഒരാളും -ല്ലെ ഈ നാട്ടില്‍ എന്ന് എല്ലാവരും ചോദിക്കയല്ലാതെ ഒരാളും ഒന്നും ചെയ്യാനുണ്ടായില്ല.ഞാന്‍ ഒറ്റയ്ക്ക് കൂട്യാ കൂടില്ല കുഞ്ഞുരാമേട്ടാ. പഞ്ചായത്ത് ഒരു ഫയല് നീക്കണൂന്നും കേട്ടു. ആളെ കിട്ടാനാ പാട്. ദൂരെ എവിടെയോ ഒരാളുണ്ടെന്നുകേട്ടു. മനുഷ്യര് മരിച്ചാ- പ്പൊ വൈദ്യുതി ശ്മശാനമെങ്കിലുമുണ്ട്, അവിടെ പട്ടിയെ ദഹിപ്പിക്കില്ലല്ലൊ.'

 അവന്‍ പത്രം വരാന്തയിലിട്ട് സൈക്കിളോടിച്ചുപോയി. കുഞ്ഞുരാമന് സങ്കടവും ദേഷ്യവുമെല്ലാം കൂടി ഇരച്ചുവന്നു. തന്റെ ഭാഗത്തുമുണ്ട് തെറ്റ്. ഇന്നലെത്തന്നെ ഇതന്വേഷിക്കേണ്ടതായിരുന്നു. ആരും ചെയ്തില്ലെങ്കില്‍ താന്‍ ചെയ്യേണ്ട കര്‍മ്മമല്ലെ, തനിക്ക് എത്രയും വേണ്ടപ്പെട്ടവനല്ലെ പക്കു. കുഞ്ഞുരാമന്‍ മണ്‍വെട്ടിയെടുത്ത് വണ്ടിയിലിട്ട് , അതോടിച്ച് നേരെ കവലയിലെത്തി. അവിടെകണ്ട കാഴ്ച അവന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. മുഖവും ശരീരവും വണ്ടികള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ വിധമായിരുന്നു. ബോധം കെടാതെ പിടിച്ചുനില്‍ക്കേണ്ടത് അനിവാര്യമായതുകൊണ്ടുമാത്രമാണ് കുഞ്ഞുരാമന് അതിന് കഴിഞ്ഞത്. ആ ശരീരം കൈകളില്‍ കോരിയെടുത്ത് വണ്ടിയിലിട്ട് അവന്‍ സര്‍ക്കാര്‍ പുറമ്പോക്കിലേക്ക് വണ്ടിയോടിച്ചു. കവലയില്‍ നിന്ന് ആളുകള്‍ അത്ഭുതത്തോടെ ആ കാഴ്ച കണ്ടുനിന്നു. പിന്നീട് ഒരു കൊടുങ്കാറ്റുപോലെ ആ വാര്‍ത്ത നാട്ടിലാകെ പരന്നു. കുഞ്ഞുരാമന്‍ ചത്തപട്ടിയെ പഞ്ചായത്ത് പുറമ്പോക്കില്‍ കുഴിച്ചിട്ടു. വാര്‍ത്ത സമാധാനത്തോടെയാണ് പഞ്ചായത്ത് അധികൃതര്‍ കേട്ടത്. കുഴിച്ചിടാന്‍ ആളിനെ അന്വേഷിക്കുന്ന ജോലി ഒഴിവായി എന്നത് ആശ്വാസകരമായ വാര്‍ത്തയായിരുന്നു. അതിനായി തുടങ്ങിവച്ച ഫയല്‍ മടക്കാമല്ലൊ എന്ന സമാധാനം സെക്രട്ടറിക്ക്. തുടര്‍ നടപടികള്‍ ആവശ്യമില്ല എന്നെഴുതി ഒപ്പുവച്ച് സീലടിച്ചതോടെ അത് ഷെല്‍ഫില്‍ കയറികിടന്നു.

കുഞ്ഞുരാമന് ഇതാവശ്യമണ്ടായിരുന്നൊ എന്നു ചോദിക്കുന്നവരും ഓന്‍ ഒരു സത്കര്‍മ്മമാണ് ചെയ്തത് എന്ന് അഭിനന്ദിക്കുന്നവരും ഏതാണ്ട് തുല്യമായിത്തന്നെ നാട്ടില്‍ ഉണ്ടായി. തെരഞ്ഞെടുപ്പിലെ ബലാബലം പോലെ ഒരു ചെറുശതമാനം കൂടുതല്‍പേര്‍ അഭിനന്ദിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു താനും.

കുഞ്ഞുരാമന്റെ ജീവിതരീതിയില്‍ പക്കുവിന്റെ മരണം കാര്യമായ മാറ്റമുണ്ടാക്കി. അധികമാരോടും സംസാരിക്കാതെയായി അയാള്‍. മറ്റുള്ള ആട്ടോക്കാരെപോലെ എട്ടുമണിക്ക് വീട്ടില്‍ പോകുന്ന രീതിയും അയാള്‍ സ്വീകരിച്ചു. ഒരാഴ്ച ഇങ്ങിനെ കടന്നുപോയി. അപ്പോഴാണ് പോത്തുമുക്കില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ആലുംമൂട്ടില്‍ ഒരു പട്ടി വാഹനാപകടത്തില്‍പെട്ട് മരിച്ചത്. അവിടെയും ശവമടക്കാന്‍ ഒരാളും മുന്നോട്ടുവന്നില്ല. പഞ്ചായത്തില്‍ ആരോ വന്ന് വിവരമറിയിച്ചു. അത് നമ്മടെ കുഞ്ഞുരാമനോട് പറഞ്ഞാല്‍പോരെ എന്നായി പ്രസിഡന്റ്. വാര്‍ഡ് മെമ്പറും ഉദ്യോഗസ്ഥരും കുഞ്ഞുരാമനെ തേടിയിറങ്ങി. കവലയില്‍ തന്നെയുണ്ടായിരുന്നു അയാള്‍.

' ങ്ഹാ- തേടിയ വള്ളി കാലില്‍ ചുറ്റീന്നു പറഞ്ഞ മാതിരിയാ- കുഞ്ഞുരാമാ- വണ്ടിയെട്, ആലുംമൂട്ടില്‍ ഒരു പട്ടി ചത്തുകിടക്കുന്നു. നമുക്കതിനെ ഒന്നു കുഴിച്ചിടണം', മെമ്പര്‍ പറഞ്ഞു.

' അതിന് -ഞാന്‍- ', കുഞ്ഞുരാമന്‍ ഒന്നു ശങ്കിച്ചു.

' നീയല്ലാണ്ട് പിന്നാരാ ഇത് ചെയ്യാ- നമ്മടെ പക്കു കിടന്നു നാറാണ്ട് ഇബ്‌ടെന്നെടുത്ത് മാറ്റീത് നീയല്ലെ. അത് കൊള്ളാം, -ഉം- വണ്ടിയെട്. '

കുഞ്ഞുരാമന് നിഷേധിക്കാന്‍ കഴിഞ്ഞില്ല. അവന്‍ വണ്ടിയെടുത്തു. അവന്റെ വണ്ടിയില്‍ ശവം കയറ്റി പഞ്ചായത്ത് പുറംപോക്കില്‍ തന്നെ കുഴിച്ചിട്ടു. അപ്പോഴും വാര്‍ത്ത കാറ്റായി പറന്നു. കുഞ്ഞുരാമനെ എതിര്‍ത്തും അനുകൂലിച്ചും സംസാരിക്കാന്‍ ആളുമുണ്ടായി.

പിന്നെ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും ഇത്തരം ജോലികള്‍ക്ക് കുഞ്ഞുരാമന്‍ വേണമെന്നായി. ഒരു ദിവസം കുഞ്ഞുരാമന്‍ സഹോദരനെ കാണാന്‍ പട്ടണത്തില്‍ പോയി. കുരിശ്ശടിയില്‍ കാറിടിച്ച് ഒരു പട്ടി മരിച്ചതും അന്നാണ്. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുരാമനെ അന്വേഷിച്ചു. മെമ്പറന്മാരും സാമൂഹ്യപ്രവര്‍ത്തകരും ഒപ്പം കൂടി. കുഞ്ഞുരാമന്‍ അവാസന ബസില്‍ കവലയില്‍ വന്നിറങ്ങുമ്പോള്‍ അവിടെ ഒരാള്‍ക്കൂട്ടം തന്നെയുണ്ട്. നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റും. പ്രസിഡന്റ് മുന്നോട്ടുവന്ന് കുഞ്ഞുരാമന്റെ മുന്നില്‍ നിന്നു.

' നീ എന്തുപണിയാ കുഞ്ഞുരാമാ കാട്ടീത്. എവിടേലും പോയാ പറഞ്ഞിട്ടു പോകണ്ടെ. ഒരു പട്ടി ചത്താ എവിടെന്നു കരുതും ഞങ്ങള്‍. ഇനീപ്പൊ വീട്ടില്‍ കേറാന്‍ വരട്ടെ, കുരിശ്ശടി വരെ പോണം. അതിനെ കുഴിച്ചിട്ടിട്ട് മതി ബാക്കി കാര്യങ്ങള്‍. '

 കുഞ്ഞുരാമന്‍ ഒന്നു മടിച്ച് എന്തോ പറയാന്‍ തുടങ്ങി.

' നീ പറ്റില്ലാന്നൊന്നും പറയണ്ട. അവര് കുറച്ചു പൈസയും കരുതീട്ടുണ്ട് നിനക്കു തരാന്‍ '

കുഞ്ഞുരാമന്‍ അനുസരിച്ചു. ശവമടക്ക് കഴിഞ്ഞപ്പോള്‍ അവര്‍ നല്‍കിയ പണവും പറ്റേണ്ടി വന്നു. പ്രസിഡന്റിന്റെ നിര്‍ബ്ബന്ധം അത്രയ്ക്കായിരുന്നു. ' നീ ഇതങ്ങോട്ട് വാങ്ങ് കുഞ്ഞുരാമ, ജോലി ചെയ്താ കൂലി വാങ്ങണം, അതാ നിയമം.'

മടിച്ചു മടിച്ചാണെങ്കിലും കുഞ്ഞുരാമന്‍ അത് കൈപ്പറ്റി. അതോടെ കുഞ്ഞുരാമന്റെ ഭാവി കുറിക്കപ്പെട്ടു. ആ പ്രദേശത്ത് പട്ടി ചത്താല്‍ ശവമടക്ക് കുഞ്ഞുരാമന്റെ ചുമതലയായി മാറി.അതിന് പണവും നിശ്ചയിച്ചു. കുഞ്ഞുരാമന്റെ വണ്ടിയില്‍ ആളുകള്‍ കയറാണ്ടായി. ശവവാഹനോന്ന് പേരും കിട്ടി. മറ്റെല്ലാ ആട്ടോകളും ഓട്ടം പോയി കുഞ്ഞുരാമന്റെ വണ്ടി മാത്രം കവലയിലുണ്ടായാലും ആളുകള്‍ അതില്‍ കയറാണ്ടായി.

 ' അതീ കേറുന്നേലും ഭേദം നടക്വാ', കുഞ്ഞുരാമന്‍ കേള്‍ക്കെ അവര്‍ പറയുവേം ചെയ്തു. അതോടെ കവലയില്‍ വണ്ടിയിടുന്നത് കുഞ്ഞുരാമന്‍ അവസാനിപ്പിച്ചു. അവന്‍ വീട്ടില്‍ വണ്ടിയിട്ട് ഇറായത്ത് കാത്തിരിപ്പായി. പട്ടികള്‍ ചാവുന്നത് അറിയാനുള്ള കാത്തിരിപ്പ്. ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോ എന്നുനോക്കി കുഞ്ഞുരാമന്‍ ഇറായത്തിരിക്കുമ്പോള്‍ , ദൈവമേ, ഒരു പട്ടിയെങ്കിലും ചത്തില്ലെങ്കില്‍ വീട് പട്ടിണിയാവുമല്ലൊ എന്ന് ജാനു മന്ത്രിക്കും.ആ മന്ത്രം വീട്ടില്‍ മുഴങ്ങുമ്പോള്‍, ആ പ്രാര്‍ത്ഥനയില്‍ കുഞ്ഞുരാമനും പങ്കുചേരും.

Thursday, 15 August 2019

Story -- Pizhakkunna kanakkukal

കഥ

    പിഴയ്ക്കുന്ന കണക്കുകള്‍
 
(2001 മെയ് 20, സണ്‍ഡേ മംഗളത്തില്‍ പ്രസിദ്ധീകരിച്ചത്)

 

   അസ്തമയ സൂര്യന്റെ അവസാന കിരണങ്ങളും കെട്ടുകഴിയും മുന്‍പ്  തങ്കപ്പന്റെ ഡ്യൂട്ടി തുടങ്ങും. ചുറ്റാകെ ഉയര്‍ന്ന മതില്‍കെട്ടി, മുന്നില്‍ ഗേറ്റിട്ട കമ്പനിപടിക്കലെ കാവല്‍ക്കാരനാണ് അയാള്‍. വൈകിട്ട് അഞ്ചുമണിക്ക് വീട്ടില്‍ നിന്നിറങ്ങണം.ആറുമണിക്ക് ഡ്യൂട്ടി തുടങ്ങും. ജോലിക്കാര്യത്തില്‍ തങ്കപ്പനും മുതലാളിയും വളരെ കണിശക്കാരാണ്. എണ്ണയിട്ടു മിനുക്കിയ സൈക്കിളില്‍ രാത്രിയിലേക്കുള്ള ഭക്ഷണവും വായിക്കാനൊരു പുസ്തകവുമായി തങ്കപ്പന്‍ പടിയിറങ്ങുമ്പോള്‍ നാരായണിത്തള്ള നെടുവീര്‍പ്പിടും.

 ' മോനെ,വയസായ ഈ തള്ള ഇന്നോ നാളെയോ എന്നായി. ചോറുവച്ചുതരാന്‍ ഒരുത്തിയെ കൊണ്ടുവന്നുകൂടെ നിനക്ക്? '

തങ്കപ്പന്റെ മനസില്‍ ദമയന്തിയുടെ മുഖം തെളിയുന്ന നിമിഷം. അവന്‍ പറയും, ' സമയമാകട്ടമ്മെ, എല്ലാം നടക്കും.'

ഒടുവില്‍ സമയമായെന്നുതോന്നിയത്, തള്ള കിടക്കപ്പായില്‍ തളര്‍ന്നു കിടന്നപ്പോഴാണ്. അന്നുതന്നെ അയാള്‍ ദമയന്തിക്ക് പുടവകൊടുത്തു. നാലാളുടെ സാന്നിധ്യത്തില്‍ അവള്‍ക്ക് പുടവ കൊടുക്കുമ്പോള്‍ അഭിമാനം തോന്നി. കമ്പനിയിലെ ഏതാണ്ടെല്ലാ ചെറുപ്പക്കാരുടെയും കണ്ണുകളില്‍ തിളങ്ങിയ ദമയന്തി ഇന്നു മുതല്‍ തന്റെ സ്വന്തം. അവളുടെ കഥ പറയുന്ന കണ്ണുകളിലും കവിളിലെ വശ്യതയിലും നോക്കിനോക്കിയിരിക്കെ മുതലാളി കല്‍പ്പിച്ചനുവദിച്ച നാലുനാളത്തെ അവധി തീര്‍ന്നിരുന്നു.

 ദമയന്തിയെ ഇനി ജോലിക്കയ്‌ക്കേണ്ട എന്നു തങ്കപ്പന്‍ തീരുമാനിച്ചിരുന്നു. അവള്‍ക്കും അത് സമ്മതമായി. ദിവസവും ഉച്ചച്ചൂടില്‍ ഉരുകിയൊലിച്ച്, ഒന്നു കുളിച്ച് ശുദ്ധി വരുത്തി, നീണ്ടചുംബനത്തിന്റെ സുഖവും പകര്‍ന്ന് കമ്പനിപ്പടിക്കലേക്ക് യാത്രയാകുമ്പോള്‍ രണ്ടുപേരുടേയും കണ്ണുകളില്‍ ഈറന്‍ പടരുമായിരുന്നു. മധുവിധുവിന്റെ ലഹരി ഒന്നാറിത്തണുത്ത് ജീവിതത്തിന്റെ പലവിധ യാതനകള്‍ കടന്നുവരാന്‍ തുടങ്ങിയതോടെ തങ്കപ്പന്‍ ക്ഷീണിതനായി തുടങ്ങി. ഒരിക്കലും രണ്ടറ്റമെത്താത്ത കുടുംബ ബജറ്റും അസ്വസ്ഥത നിറഞ്ഞ രാത്രികളും കൂടി തങ്കപ്പനില്‍ ഒരുതരം ബാധയാകാന്‍ തുടങ്ങി. അമ്മയ്ക്ക് മരുന്നുവാങ്ങാന്‍ കുറച്ചുപണം അനുജന്‍ അയച്ചുകൊടുത്തുകൊണ്ടിരുന്നു. അതുകൂടി ഇല്ലായിരുന്നെങ്കില്‍ ! അവന് നാട്ടിലേക്ക് മാറ്റം കിട്ടിയാല്‍ ആശ്വാസമായി.

കമ്പനി മുതലാളിയോട് ഇടയ്ക്കിടെ ഈ കാര്യം അയാള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

' മുതലാളി ഒന്നു മനസുവച്ചാല്‍ -- മന്ത്രി മുതലാളിയുടെ പാര്‍ട്ടിക്കാരനല്ലെ-- ജയന്തന് ഒരു മാറ്റം കിട്ടിയിരുന്നെങ്കില്‍ -- ! '

' ഓ- ആ കാര്യം ഞാനങ്ങു മറന്നു. ശരിയാക്കാമെടോ, ഇന്നു തന്നെ ഞാന്‍ പറയുന്നുണ്ട് ', മുതലാളി പറഞ്ഞു.

  മന്ത്രിയുടെ ഉത്തരവ് പ്രകാരം അധികം വൈകാതെ ജയന്തന് മാറ്റവും കിട്ടി. നാണിത്തള്ള അധികകാലം കിടന്നു നരകിച്ചില്ല. ഒരു രാത്രി വിളിയുണ്ടായി. അവര്‍ യാത്രയാവുകയും ചെയ്തു.

ചേട്ടനില്ലാത്തപ്പോള്‍ വീട്ടില്‍ ചേട്ടത്തിയോടൊപ്പം എങ്ങിനെ- ? ജയന്തന്റെ മുന്നില്‍ ഒരു ചോദ്യമുണര്‍ന്നു. അതൊരാശങ്കയായി പടര്‍ന്നു.

എന്നാല്‍ തങ്കപ്പന്റെ മനസില്‍ മറ്റു പലതരം ചിന്തകള്‍ ഒഴുകിപ്പരക്കുകയായിരുന്നു.ആകെ പത്ത് സെന്റ് ഭൂമിയാണുള്ളത്. വീട് നില്‍ക്കുന്ന അഞ്ചു സെന്റ് അനുജനും ബാക്കി തനിക്കും. ജയന്തന്‍ ഒരു വിവാഹം ചെയ്തു കഴിഞ്ഞാല്‍ മാറിത്താമസിക്കണം. ഇന്നത്തെ കാലത്ത് ഒരു ചെറുകൂരയെങ്കിലുമുണ്ടാക്കാന്‍ എത്ര രൂപ വേണ്ടിവരും. ഓര്‍ത്തുനോക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുംപോലെ.

അയാള്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവില്‍ എന്തോ നിശ്ചയിച്ചപോലെ ദമയന്തിയെ നോക്കി പറഞ്ഞു, ' ദമയന്തീ, ജയന്തന്‍ ഒരു പാവമാണ്. അവനില്‍ നിന്നും എന്ത് തെറ്റുകുറ്റമുണ്ടായാലും ഞാന്‍ സഹിക്കും. നീയും അങ്ങിനെതന്നെയായിരിക്കണം. '

അവള്‍ ഒന്നും പറഞ്ഞില്ല. തങ്കപ്പന്‍ പറഞ്ഞ വാക്കുകളുടെ പൊരുള്‍തേടി അവള്‍ക്കെങ്ങും അലയേണ്ടിവന്നില്ല. ഇത്തരം കാര്യങ്ങള്‍ വേഗം ബോധ്യപ്പെടുന്നവളായിരുന്നു ദമയന്തി. ദമയന്തിയുടെ ഉള്ളുകുളുര്‍ത്തു. തന്നോളം മാത്രം പ്രായം വരുന്ന, തടിമിടുക്കും ഓജസുമുള്ള , നല്ല ചുറുചുറുക്കുള്ള ജയന്തന്‍. അറിഞ്ഞോ അറിയാതെയോ ജയന്തനെകുറിച്ച് വേണ്ടാത്ത ചിന്തകള്‍ അവളുടെ മനസില്‍ കുടിയേറിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് പറയുന്നു, അവനില്‍ നിന്നും എന്ത് തെറ്റുകുറ്റമുണ്ടായാലും നീ പൊറുക്കണമെന്ന്. അവള്‍ തങ്കപ്പനെ ഇറുകെപുണര്‍ന്ന് ചുംബനങ്ങള്‍ ചൊരിഞ്ഞു. പതിവുപോലെ അയാള്‍ ഡ്യൂട്ടിക്കിറങ്ങാന്‍ നേരം ജയന്തന്‍ വീട്ടിലെത്തി.

' ജയന്താ, നീ എങ്ങും പോകരുത്. വീട്ടില്‍ ഇവള്‍ മാത്രമെയുള്ളു എന്ന ബോധം വേണം. നിനക്ക് സ്ഥലം മാറ്റം കിട്ടിയതുതന്നെ ഭാഗ്യം. - ല്ലേല്‍ അമ്മയില്ലാത്ത ഈ സമയത്ത് എന്ത് ചെയ്യുമായിരുന്നു. ങ്ഹാ- ഞാനിറങ്ങുന്നു', തങ്കപ്പന്‍ പറഞ്ഞു.

അയാള്‍ പടിയിറങ്ങി. ഭര്‍ത്താവിനെ യാത്രയാക്കി തിരികെ വരുമ്പോള്‍ ദമയന്തിക്ക് എന്തുപറയണമെന്ന് അറിയില്ലായിരുന്നു. പൊതുവെ വാചാലനായ ജയന്തനും തനിച്ചായപ്പോള്‍ വാക്കുകള്‍ക്ക് പരതി. പത്രം തിരിച്ചും മറിച്ചുമിരുന്ന ജയന്തനോട് ദമയന്തി എന്തൊക്കെയോ ചോദിച്ചു. അവന്‍ തട്ടിയും മുട്ടിയും മറുപടിയും പറഞ്ഞു.

സമയം അതിന്റെ വഴിക്ക് നീങ്ങി. അത്താഴത്തിന് നേരമായി. ദമയന്തി വിളമ്പിക്കൊടുത്തു. ജയന്തന്‍ വാരിക്കഴിച്ചു. അവന്റെ ഭക്ഷണരീതി കണ്ടുരസിച്ച് , അറിയാത്തമട്ടില്‍ തട്ടിയും മുട്ടിയും ദമയന്തി നിന്നു. ജയന്തനില്‍ സ്‌നേഹകിരണങ്ങള്‍ പൊടിക്കാന്‍ ഇതൊക്കെ വേണ്ടതിലധികമായിരുന്നു. അവന്‍ ദമയന്തിയെ നോക്കി നോക്കിയിരിക്കെ അവളൊരപ്‌സരസായി കണ്ണുകളില്‍ നീന്തുന്നപോലെ. മനസിനെ ഒന്നടക്കി അവന്‍ ഉറങ്ങാന്‍ കിടന്നു. അടുത്ത മുറിയില്‍ നേരം വളരെയായിട്ടും വെളിച്ചം കണ്ട് അവന്‍ ചോദിച്ചു, ' ഉറങ്ങിയില്ലെ ? '

അകത്തുനിന്നും വിറയാര്‍ന്ന സ്വരമുയര്‍ന്നു, ' ഇല്ല. '

'-- ന്തേ -ഉറക്കം വരുന്നില്ലെ '

' ഉം, ഒരാഴ്ച മുന്‍പുവരെ മുറിയില്‍ അമ്മയുണ്ടായിരുന്നു. ഇന്നലെവരെ ഏട്ടനും. എനിക്ക് തനിച്ചുകിടക്കാന്‍ ഭയമാകുന്നു. കണ്ണടയ്ക്കാന്‍ കഴിയുന്നില്ല'

' ലൈറ്റണച്ചോളൂ, ഞാന്‍ വാതില്‍ക്കല്‍ കിടക്കാം', അവന്‍ പറഞ്ഞു.

' അയ്യോ, വേണ്ട ജയന്താ, നീ എന്തിന് തറയില്‍ കിടക്കുന്നു'

' ഓ- സാരമില്ല', അവന്‍ പായെടുത്ത് തറയില്‍ വിരിക്കാന്‍ തുടങ്ങി. ദമയന്തി എഴുന്നേറ്റുവന്ന് അവന്റെ കൈയ്യില്‍ കടന്നുപിടിച്ച് തടഞ്ഞു. ദമയന്തിയുടെ കൈയ്യില്‍ നിന്നും വൈദ്യുത തരംഗങ്ങള്‍ ജയന്തനിലേക്ക് വ്യാപിച്ചു. വശ്യമായ ആ ശക്തിയില്‍ ആവാഹിക്കപ്പെട്ട് ജയന്തന്‍ ദമയന്തിയുടെ ചൂടും ചൂരുമറിഞ്ഞ് വെളുപ്പാന്‍കാലത്ത് എപ്പൊഴോ ഒന്നു കണ്ണടച്ചു.

അടുത്ത പ്രഭാതത്തില്‍ ഡ്യൂട്ടി കഴിഞ്ഞെത്തിയ തങ്കപ്പന്‍ ദമയന്തിയെ നന്നായൊന്നു നോക്കി. ആലസ്യം വിട്ടുമാറാത്ത കണ്ണുകളും സംതൃപ്തിയുള്ള മുഖവും ശ്രദ്ധിച്ച് അയാള്‍ ഒന്നു പുഞ്ചിരിച്ചു. ദമയന്തി വല്ലാതെയായി.

' എന്തേ ചിരിക്കുന്നത് '

' ഒന്നൂല്ല പെണ്ണെ-വെറുതെ '

തങ്കപ്പന്‍ പറയുന്ന ഓരോ ചെറുവാക്കുകളുടെയും ഉള്ളറിയാന്‍ കഴിയുന്ന ദമയന്തി മനസില്‍ പറഞ്ഞു, ഇങ്ങേര്‍ ഒരു നല്ല മനുഷേനാ . തങ്കപ്പന്‍ മനോഹരങ്ങളായ രാത്രികളെ കമ്പനിപ്പടിക്കല്‍ സമര്‍പ്പിക്കുമ്പോള്‍ ദമയന്തിയും ജയന്തനും രതിലീലകളുടെ വൈവിധ്യചഷുകങ്ങള്‍ നുകരുകയായിരുന്നു. അവര്‍ തങ്കപ്പനെ മറന്നു. ബന്ധപാശങ്ങള്‍ മറന്നു.ഭൂമിയില്‍ ദമയന്തിക്കുവേണ്ടി ജയന്തനും ജയന്തനുവേണ്ടി ദമയന്തിയും സൃഷ്ടിക്കപ്പെട്ടു എന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. തങ്കപ്പന് അല്ലലറിയാതെ ജീവിക്കാമെന്നായി. വീട്ടുചിലവിന് ഒരു ചെറുതുക കൊടുത്താല്‍ മതി. ദമയന്തിയുടെ കാര്യങ്ങള്‍ ജയന്തന്‍ നോക്കിക്കൊള്ളും. വൈകിട്ട് ഒരല്‍പ്പം ചാരായം കുടിക്കാനുള്ള പണം കൈയ്യില്‍ വന്നു തുടങ്ങി.ജീവിതം സുഖകരമായ ഒരനുഭവമാണെന്ന് തങ്കപ്പനും തോന്നിത്തുടങ്ങി.

ഒരു ദിവസം തങ്കപ്പന്‍ ഭാര്യയോട് ചോദിച്ചു, ' ജയന്തന്‍ വിവാഹക്കാര്യം വല്ലതും പറയാറുണ്ടൊ ? ' അവളുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു. ' അവന് അതിലൊന്നും താത്പ്പര്യമില്ലെന്നാ തോന്നുന്നെ, ഒരു പ്രത്യേക പ്രകൃതം തന്നെ '. ദമയന്തി കൂടുതല്‍ പറയാനൊ മുഖമുയര്‍ത്താനോ മുതിര്‍ന്നില്ല. തങ്കപ്പന്‍ മനസില്‍ പറഞ്ഞു, ഓ- തന്നെ തന്നെ. എല്ലാം അറിഞ്ഞുകൊണ്ടുള്ള ദമയന്തിയുടെ ചിരി , അത് തങ്കപ്പന് ഇഷ്ടമായി. അവളെ ചേര്‍ത്തുപിടിച്ച് അയാള്‍ നെറുകയില്‍ ഉമ്മവച്ചു.

കാലം ഏറെ കൊഴിഞ്ഞെങ്കിലും ദമയന്തി പ്രസവിച്ചില്ല.ഒരു കുഞ്ഞിക്കാലുകാണാന്‍, അതിനെ ലാളിക്കാന്‍ തങ്കപ്പന്‍ ഏറെ കൊതിച്ചു. ദമയന്തിക്കും ആഗ്രഹമുണ്ടായിരുന്നു. ജയന്തനെപോലെ സുന്ദരനായൊരു കുട്ടി. അവള്‍ ആ ആഗ്രഹം അവനോട് പറയുകയും ചെയ്തു. അവര്‍ ഡോക്ടറെകണ്ട് പരിശോധന നടത്തിച്ചു. ഒടുവില്‍ ഡോക്ടര്‍ വിധിയെഴുതി. ദമയന്തിയുടെ ഗര്‍ഭപാത്രത്തില്‍ ഒന്നും മുളയ്ക്കില്ല. അവള്‍ സ്വന്തം ജന്മത്തെ പ്രാകിയ ഏക മുഹൂര്‍ത്തം. ജയന്തന്റെ ആശ്വാസവചനങ്ങളില്‍ അവളുടെ ദുഃഖം ഒരുവിധം കഴുകിയിറക്കി. തങ്കപ്പന്റെ സ്‌നേഹപൂര്‍ണ്ണമായ ലാളനയില്‍ ലയിച്ച് അവള്‍ ദുഃഖം മറന്നു.

നീണ്ട പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ തങ്കപ്പന്റെ മുഖം ഒന്നു കറുത്തുകണ്ടിട്ടില്ല. സദാ സംതൃപ്തനും സന്തോഷവാനുമായി അയാള്‍ കഴിഞ്ഞു. അങ്ങിനെയുള്ള ആ വീട്ടിലേക്ക് ദുഃഖത്തിന്റെ വിത്തുമായി കാലന്‍ കടന്നുവന്നു. ദമയന്തിയുടെ ശരീരമാകെ ചിക്കന്‍പോക്‌സിന്റെ വിത്തുകളെറിഞ്ഞ് അവ വളര്‍ത്തി, പിന്നീട് ന്യുമോണിയ നല്‍കി ദമയന്തിയുടെ ജീവനെ പിടിച്ചുകെട്ടി കൊണ്ടുപോയി. തങ്കപ്പനും ജയന്തനും അത് സഹിക്കാന്‍ കഴിഞ്ഞില്ല.

അവര്‍ പരസ്പ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു തളര്‍ന്നു.സദാ സന്തോഷം നിറഞ്ഞുനിന്ന വീട്ടില്‍ മൗനം തളം കെട്ടി. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചും തോന്നുമ്പോള്‍ വന്നുംപോയും തങ്കപ്പനും ജയന്തനും വശംകെട്ടു. ഒരുദിവസം തങ്കപ്പന്‍ ജയന്തനോട് പറഞ്ഞു, ' ജയന്താ, വീട്ടില്‍ ഒരാളില്ലാതിരിക്കുക വലിയ പ്രയാസമാണ്. എനിക്കാണെങ്കില്‍ ഹോട്ടല്‍ ഭക്ഷണം തീരെ വയ്യാന്നായിരിക്കുന്നു.പ്രായവും ഏറെയായില്ലെ-', ഒന്നുനിര്‍ത്തി അകലെക്കെങ്ങോ നോക്കിക്കൊണ്ട് അയാള്‍ തുടര്‍ന്നു.' അതുകൊണ്ട് നീ ഒരു വിവാഹം കഴിക്കണം.' ഒരു വീടായാല്‍ അവിടെ ഒരു പെണ്ണില്ലാതിരുന്നാല്‍ ശരിയാകില്ല ജയന്താ '

ജയന്തന്‍ മൗനസമ്മതം കൊടുത്തു.തങ്കപ്പന്‍ അന്വേഷണം നടത്തി പെണ്‍കുട്ടിയെ കണ്ടുപിടിച്ചു.നല്ല പഠിത്തമൊക്കെയുള്ള കുട്ടി, ഐശ്വര്യവുമുണ്ട്. നല്ല കുടുംബം. എല്ലാംകൊണ്ടും ജയന്തന് ചേരുന്ന ബന്ധം. പെണ്ണും ചെറുക്കനും തമ്മില്‍ കണ്ടു. വാക്കുറച്ചു. പുടവ കൊടുത്ത് കൊണ്ടുവന്നു. മനോഹരങ്ങളായ ദിനങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. ജയന്തന്‍ ഇടയ്ക്കിടെ ശാരിയോട് പറയും, ' ചേട്ടനെ സ്വന്തം അച്ഛനെപോലെ കാണണം. എനിക്ക് എല്ലാമെല്ലാം ചേട്ടനാണ്.' ചേട്ടനെകുറിച്ച് ദുര്‍വിചാരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ജയന്തന്‍ ചിന്തിച്ചു. ചേട്ടത്തിയെ പങ്കിട്ടെടുത്തു. അതിന് ചേട്ടന്റെ പൂര്‍ണ്ണ സമ്മതവുമുണ്ടായിരുന്നു. ഇനി ചേട്ടന് അത്തരമെന്തെങ്കിലും ചിന്ത-- ശ്ശെ- വെറുതെ വേണ്ടാത്തതൊക്കെ - അവന്‍ മനസിനെ ശാസിച്ചു.

ശാരിക്ക് തങ്കപ്പന്റെ സാന്നിധ്യം തീരെ ഇഷ്ടമായിരുന്നില്ല. ഇടയ്ക്കിടെ അവള്‍ അത് സൂചിപ്പിക്കുകയും ചെയ്തുവന്നു. ജയന്തന്‍ പലവിധ ഒഴികഴിവുകള്‍ പറഞ്ഞെങ്കിലും ശാരിയില്‍ നിന്നുള്ള സമ്മര്‍ദ്ദം മുറുകിവന്നു. ശാരിക്ക് ഒരു കുട്ടികൂടിയാവുകയും അവളുടെ അമ്മകൂടി കൂട്ടിനുവരുകയും ചെയ്തതോടെ തങ്കപ്പനും വല്ലാതെ ശ്വാസംമുട്ടിത്തുടങ്ങി. പ്രതീക്ഷകള്‍ തെറ്റുന്നു. ഒറ്റതിരിഞ്ഞ വാക്കുകളും മറ്റും അയാളുടെ ചെവിയിലുമെത്തി. ഒരിക്കല്‍ ശാരി പറഞ്ഞു, ' ജയേട്ടാ, ഒരു വീടു നോക്കണം, ഇവിടെ ഇനി പറ്റില്ല'

' നീയൊന്നു പതുക്കെപ്പറ, ചേട്ടന്‍ കേള്‍ക്കും', ജയന്തന്‍ ശബ്ദം താഴ്ത്തി.

' ആരു കേട്ടാലും കുഴപ്പമില്ല, ഇവിടന്ന് ഇറങ്ങിത്തരണം എന്നല്ലല്ലൊ പറഞ്ഞത്, പറയാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും.'

' ഛെ-നിര്‍ത്ത്', അയാള്‍ മൗനിയായി.

തങ്കപ്പന് ഉറക്കം നഷ്ടമായി. അയാള്‍ ചിന്തിച്ചു.സമയത്തിന് വേണ്ടതൊക്കെ ചെയ്യേണ്ടിയിരുന്നു.അതിബുദ്ധി വരുത്തിവച്ച വിന.ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.ഈ വയസുകാലത്ത് ഇനി എങ്ങോട്ട്?

എങ്ങോട്ടെങ്കിലും പോയേ പറ്റൂ, ഇറക്കിവിടും മുന്‍പ്. ഈ വീട് ജയന്തന്റേതാണ്.ഇതില്‍ അവകാശം സ്ഥാപിക്കാന്‍ തനിക്കാഗ്രഹമില്ല.തങ്കപ്പന്‍ അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ കെട്ടിവച്ചു. ജയന്തനേയും ശാരിയെയും വിളിച്ചു, ' ഞാന്‍ മാറിത്താമസിക്കാം എന്നു കരുതുന്നു.എനിക്ക് പഴയപോലെ സൈക്കിള്‍ ചവിട്ടാന്‍ വയ്യ. കമ്പനിക്കടുത്ത് എവിടെയെങ്കിലും ഒരു വീടെടുക്കാം. ജയന്താ, നിന്റെ വീട് നിനക്കുള്ളത്. ഇന്നലെവരെ നമ്മള്‍ എല്ലാം പങ്കിട്ടു. ഇനി നിനക്കുള്ളത് നിനക്ക്', അയാളുടെ ശബ്ദമിടറി.

' അയ്യോ ചേട്ടാ ,അത് - '

' നീ വിലക്കണ്ട ജയന്താ, അവള്‍ പോയതോടെ എല്ലാം പോയെടാ. ഇനി ഉള്ളകാലം അനുഭവിച്ചുതീര്‍ത്തെ പറ്റൂ.' ശാരിയെ അയാള്‍ സ്‌നേഹവായ്‌പോടെ നോക്കി. അവള്‍ മുഖം കുനിച്ചു. കുറ്റബോധം ആ മുഖത്ത് കനത്തുവന്നു.നോട്ടം പിന്‍വലിച്ച് തങ്കപ്പന്‍ നിരത്തിലേക്കിറങ്ങി. ഇടവും വലവും നോക്കാതെ വഴിമുറിച്ച് അയാള്‍ നടന്നു.

Tuesday, 13 August 2019

Story - Gouravameriya charchakal enthukond undakunnilla ?

കഥ

    ഗൗരവമേറിയ ചര്‍ച്ചകള്‍ എന്തുകൊണ്ടുണ്ടാകുന്നില്ല ?

    ( 2004  ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ചത് )

   ദേവരാജന്റെ ക്വാര്‍ട്ടേഴ്‌സിലാണ് അവര്‍ ആഴ്ചയിലും ഒത്തുചേരാറുള്ളത്. ?അയാള്‍ ക്രോണിക് ബാച്ചിലറാണ് എന്നതിനാല്‍ സ്വാതന്ത്ര്യം ഇതുവരെയും നഷ്ടമായിട്ടില്ല. അവിടേക്ക് വരുമ്പോള്‍ രാമകൃഷ്ണന്റെ മനസില്‍ അനേകം ആശയങ്ങള്‍ കുമിഞ്ഞുകൂടിയിട്ടുണ്ടാകും. രാമകൃഷ്ണന്‍ ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചര്‍ച്ച ചെയ്യുകയും മനസിലെ ധാരണകള്‍ക്ക് അത്യാവശ്യം മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക ഇത്തരം സദസുകളിലാണ്.

   പറ്റിയ തെറ്റുകള്‍ തിരുത്തുകയും വീണ്ടും തെറ്റുകള്‍ ചെയ്യുകയുമാണല്ലൊ മനുഷ്യരും അവര്‍ തയ്യാറാക്കിയ വ്യവസ്ഥിതികളും സിദ്ധാന്തങ്ങളും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചര്‍ച്ചകളും അവസാനിക്കാറില്ല.

  ചര്‍ച്ചകള്‍ക്ക് ചൂട് പകരാനായി വിസ്‌കി ഗ്ലാസിലേക്ക് പകരുമ്പോഴും സോഡയും വെള്ളവും ചേര്‍ത്ത് നേര്‍പ്പിക്കുമ്പോഴും രാമകൃഷ്ണന്‍ കരുതി, ഇന്ന് ശക്തിയേറിയ ഒരു വിഷയം പൊന്തിവരും,ഉറപ്പ്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി കഴിഞ്ഞ ആഴ്ചകളുടെ ആവര്‍ത്തനമാണ് അന്നും ഉണ്ടായത്. പഴക്കംചെന്ന ഫ്‌ളാറ്റിലെ ഇലക്ട്രിക്കല്‍ തകരാറുകളാണ് പെട്ടെന്ന് ചര്‍ച്ചയിലേക്ക് കയറിവന്നത്. ട്യൂബ് ലൈറ്റ് ഒന്നണഞ്ഞുകത്തിയതാണ് ചര്‍ച്ചയെ വഴി തിരിച്ചു വിട്ടത്. 'കഴിഞ്ഞയാഴ്ച വാങ്ങിയിട്ട ട്യൂബാണ് ഇന്നലെ ഫ്യൂസായത് ', ദേവരാജന്‍ പറഞ്ഞു. ' ഇങ്ങനെ ആഴ്ചയിലും പണം ചിലവാക്കാന്‍ നമുക്ക് കഴിയുമോ ? '

  ' ട്യൂബ് പോട്ടെ , സാരമില്ലെന്നു വയ്ക്കാം. എന്റെ കംപ്യൂട്ടര്‍ അടിച്ചുപോയതോ ? എത്ര രൂപയാ നഷ്ടം, കൂട്ടിക്കേ ', മോഹനചന്ദ്രന്‍ പറഞ്ഞു. കൂടിയിരുന്ന മറ്റാര്‍ക്കും കംപ്യൂട്ടര്‍ ഇല്ലാത്തതിനാല്‍ ആരും മറുപടി പറഞ്ഞില്ല. ' അയ്യായിരം രൂപയാ ഒറ്റയടിക്ക് മാറിക്കിട്ടിയത്. ഇവന്റെയൊക്കെ ഒടുക്കത്തെ ഒരു കറന്റ് സപ്ലൈ.'

  മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പിട്ട അലൂമിനിയം കമ്പികളിലൂടെയാണ് കറണ്ട് പോകുന്നത്. ഇതൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു. ആരോട് പറയാന്‍. കേള്‍ക്കേണ്ടവര്‍ കാതില്ലാത്തവരും കണ്ണുകാണാത്തവരുമായാല്‍ ?

' നമ്മുടെ വ്യവസ്ഥിതിയില്‍ പൊതുവായുണ്ടായ മൂല്യച്യുതിയുടെ ഭാഗമാണിതൊക്കെ, അല്ലാണ്ടെന്താ ', രാമകൃഷ്ണന്‍ ഇതില്‍ നിന്നൊരു ചര്‍ച്ചയ്ക്കുള്ള സ്‌കോപ്പു നോക്കുകയായിരുന്നു.

' ഇതൊക്കെ മാറ്റാന്‍ മനസ് മാത്രം മതിയൊ, പണവും വേണ്ടെ ', രാധാകൃഷ്ണന്‍ സര്‍ക്കാരിനെ ഡിഫന്‍ഡു ചെയ്യാനുള്ള ശ്രമത്തിലാണ്. ' ഇനി ഏതായാലും അടുത്ത സാമ്പത്തിക വര്‍ഷമെ നടക്കൂ ഇതൊക്കെ', അയാള്‍ പറഞ്ഞു.

  ' ഓ, അപ്പോഴേക്കും ഇലക്ഷനായി. പിന്നെ ആരുവരും, വരില്ലെന്നാര്‍ക്കറിയാം ', ദേവരാജന്‍ പറഞ്ഞു.

    ഗോള്‍ മാര്‍ക്കറ്റിലെ പുരാതനമായ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലിരുന്നാണ് അവര്‍ വ്യക്തിപരമായ ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഈ കെട്ടിടം നിര്‍മ്മിച്ചശേഷം സര്‍ക്കാര്‍ പണിത പരശതം ക്വാര്‍ട്ടഴ്‌സുകളുടെ സ്ഥിതിയും ഇതൊക്കെത്തന്നെയാണ്. അലൂമിനിയം കമ്പിക്കുപകരം ചെമ്പുകമ്പി ഉപയോഗിച്ച് വയറിംഗ് ചെയ്ത വീടുകളാണ് ആര്‍കെ പുരത്തും മിന്റോ റോഡിലുമൊക്കെയുള്ളത്. അവിടെയും കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നശിക്കുകയും ചെയ്യുന്നുണ്ട്. ഇതിനൊക്കെ കാരണമാകുന്ന വ്യവസ്ഥിതിയുടെ ആദിരൂപം ഗോത്രത്തലവനെ സ്വാധീനിക്കാന്‍ ഉപയോഗിച്ച ലഹരികളാണ് എന്ന കാര്യം മറന്നുകൂട', രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അപ്പോള്‍ തണുപ്പ് അരിച്ചുകയറുന്ന കൈകാലുകളിലും ഉടലിലും ഒരു തരിപ്പ് അനുഭവപ്പെട്ടു. ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്ന വിസ്‌ക്കി കൂടി അകത്താക്കി, അയാള്‍ ഒരു പെഗ്ഗ് കൂടി ഒഴിച്ചു. മറ്റുള്ളവരുടെ ഗ്ലാസുകളും ഒപ്പം ഒഴിഞ്ഞത് അതിശയത്തോടെ രാമകൃഷ്ണന്‍ നോക്കി. അവ നിറയ്ക്കുന്ന ഉത്തരവാദിത്തവും അയാള്‍ ഏറ്റെടുത്തു.

   വറുത്ത കപ്പലണ്ടി തോട് പൊട്ടിച്ച് വായിലിട്ടു ചവച്ച് രാധാകൃഷ്ണന്‍ പറഞ്ഞു, ' എല്ലാ മേഖലയിലും അഴിമതിയാണ്. ഒരു വര്‍ഷം മുന്‍പ് പണിതീര്‍ത്ത ഡിഡിഎ ഫ്‌ളാറ്റിലാണല്ലൊ ഞാന്‍ താമസിക്കുന്നത്. അവിടെ ബാത്ത്‌റൂമുകളും കക്കൂസുമൊക്കെ പൊട്ടിയൊലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഭിത്തികള്‍ നനവുതട്ടി പൊരിഞ്ഞിരിക്കുന്നു. ഇത് ഹൈജീനിന്റെ പ്രശ്‌നമാണ്.പ്രധാനമന്ത്രിക്കൊ മന്ത്രിമാര്‍ക്കൊ ഇതൊക്കെ അറിയണമൊ ? അവര്‍ക്കെന്താ പ്രശ്‌നം ?  ഇത് വളരെ സീരിയസായ പ്രശ്‌നമാണ്. ഉന്നത ലെവലില്‍ ടേക്അപ്പ് ചെയ്യേണ്ടതുമാണ്. സെക്രട്ടറിക്ക് തന്നെ നേരിട്ട് പരാതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ഹയര്‍ ലവലില്‍ ഇതൊക്കെ ഒന്നറിയുന്നത് നല്ലതാണ്', മോഹനചന്ദ്രന്‍ പറഞ്ഞു.

 ഇതിനെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ പോകുന്നു എന്നുതന്നെ രാമകൃഷ്ണന്‍ കരുതി.

' ഇന്ത്യയുടെ ഈ പോക്ക് ഒരപകടത്തിലേക്കാണെന്നാണ് എനിക്ക് തോന്നുന്നത്', രാമകൃഷ്ണന്‍ തുടര്‍ ചര്‍ച്ചക്ക് കളമിടുവാന്‍ ശ്രമിച്ചു.

' പിന്നേ - പോക്ക് - നീ വെറുതെ ആശങ്കാകുലനാകാതെ ആ മിക്‌സ്ചറിങ്ങോട്ടെടുക്ക്. എരിവില്ലാത്തതുകൊണ്ട് എന്തോ ഒരു മാതിരി ', രാമകൃഷ്ണന്‍ നീട്ടിയ പാത്രത്തില്‍ നിന്നും ശ്രീധരന്‍ ഒരുപിടി മിക്‌സ്ചര്‍ വാരിവായിലിട്ടു.

 ' ങ്ഹാ - ഒരു കാര്യം പറയാന്‍ മറന്നു. പുതിയൊരു കാസറ്റ് വന്നിട്ടുണ്ട്. നല്ല ക്വാളിറ്റിയുള്ള സാധനം. പാലികേന്നാ - ഒറിജിനല്‍ പ്രിന്റ് ', ദേവരാജന്‍ പറഞ്ഞു.

  ' അപ്പൊ നീ അതൊന്നു കണ്ടുകഴിഞ്ഞു -ല്ലെ. ദുഷ്ടന്‍, എങ്കില്‍ പിന്നെ എല്ലാമൊന്ന് സെറ്റ് ചെയ്യ്. വെറുതെ സമയം കളയണ്ടല്ലൊ ? ',  ശ്രീധരന്‍ ഉത്സാഹവാനായി ദേവരാജനെ സഹായിക്കാനായി എഴുന്നേറ്റു.

  സെക്‌സിനെ സംബ്ബന്ധിച്ച് അടുത്തിടെ ഇറങ്ങിയ പുസ്തകവും അതില്‍ വിവരിക്കുന്ന ലൈംഗികതയുടെ പുതിയ തലങ്ങളും അടുത്തിടെ കാണാനിടയായ സൈബര്‍ സെക്‌സും ഇന്ത്യന്‍ സ്ത്രീകളുടെ സെക്ഷ്വല്‍ സങ്കല്‍പ്പങ്ങളില്‍ വരേണ്ട കാതലായ മാറ്റങ്ങളുമൊക്കെയാണ് പിന്നെ ചര്‍ച്ചയ്ക്ക് സുഖം പകര്‍ന്നത്.

 കാസറ്റ് ചലിച്ചു തുടങ്ങിയപ്പോള്‍ വളരെ താണതരം കമന്റുകള്‍ കൊണ്ട് മുറി മുഖരിതമായി. ഒടുവില്‍ ദൃശ്യങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ കുപ്പികളും കാലിയായിരുന്നു. സമയം പാതിരാവും. തണുപ്പിന്റെ അരിച്ചരിച്ചുള്ള അന്വേഷണം മുറിയാകെ വ്യാപിച്ചിട്ടുണ്ട്. എവിടെയും തണുപ്പുമാത്രം എന്ന സ്ഥിതി. ഫോണ്‍ കോളുകള്‍ വന്നു തുടങ്ങി. ഓരോരുത്തരെയായി അവരവരുടെ ഭാര്യമാര്‍ വിളിക്കുകയാണ്. ഈ തണുപ്പകറ്റാന്‍ റജായിയെയും കമ്പിളിയെയും വെല്ലുന്ന ചൂട് മനുഷ്യന്റേതുതന്നെയാണ് എന്ന് ആ മണിമുഴക്കങ്ങള്‍ ഓര്‍മ്മപ്പെടുത്തി.

 ഗുഡ്‌നൈറ്റ് ആശംസിച്ച് എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. കുടുംബം നാട്ടിലേക്ക് പോയതിനാല്‍ ഏകനായ രാമകൃഷ്ണന്‍ വീട്ടിലെത്തി കമ്പിളിക്കുള്ളിലേക്ക് കടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവെ അയാള്‍ ആലോചിച്ചു, ഈയിടെയായി എന്തുകൊണ്ടാണ് ഗൗരവമേറിയ ചര്‍ച്ചകള്‍ ഉണ്ടാകാത്തത് ?

Sunday, 11 August 2019

Natioal Medical Commission Bill 2019- an observation


 നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ 

 


 ദേശീയ വൈദ്യ കമ്മീഷന്‍ ബില്‍ ഒരു സാധാരണക്കാരന്റെ അറിവും വിവരവും വച്ച് വായിച്ചു പഠിച്ചതില്‍ നിന്നും ഉള്‍ക്കൊണ്ട ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ.

 1. 63 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ടിന് പകരമായാണ് ഈ ബില്‍ വന്നിരിക്കുന്നത്. 63 വര്‍ഷം ഒരു വലിയ കാലാവധിയാണ്. മാറ്റം അനിവാര്യമായിരുന്നു.

 2. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അഴിമതിയുടെ കൂത്തരങ്ങായിരുന്നു. പുതിയ കോളേജ് തുടങ്ങാനും ഓരോ വര്‍ഷവും പുതുക്കാനുമൊക്കെ കോടികളുടെ ഇടപാടാണ് നടന്നുവന്നത്. ആ സ്ഥാപനം പിരിച്ചു വിട്ടിട്ട് രണ്ടുവര്‍ഷമായി എന്നതുകൊണ്ടുതന്നെ താരത്യേന മികച്ച ഒരു സംവിധാനം വരേണ്ടത് അനിവാര്യമായിരുന്നു.

3. മെഡിക്കല്‍ കൗണ്‍സില്‍ കൈകാര്യം ചെയ്തുവന്ന സിലബസും കരിക്കുലവും, അക്രഡിറ്റേഷന്‍, മെഡിക്കല്‍ എത്തിക്‌സ് എന്നീ മേഖലകളെ മൂന്നായി തിരിച്ച് മൂന്ന് സ്ഥാപനങ്ങളുടെ കീഴില്‍ കൊണ്ടുവരുന്നത് സ്വാഗതാര്‍ഹമാണ്.

4.20 മാസത്തെ ചര്‍ച്ചകള്‍ക്കും അനേകം തിരുത്തലുകള്‍ക്കും ശേഷമാണ് നടപ്പിലാക്കുന്നത് എന്നത് ജനാധിപത്യ പ്രക്രിയയുടെ വിജയമാണ്

5. എയിംസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ പോസ്റ്റ് ഗ്രാഡുവേറ്റ് അഡ്മിഷന് കൂടി ഉപകാരപ്പെടും വിധം ഒറ്റ പരീക്ഷ സ്വാഗതാര്‍ഹമാണ്. എംബിബിഎസ് ഫൈനല്‍ ഇയര്‍ പരീക്ഷ നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് ( നെക്സ്റ്റ്) ആകുന്നതുവഴി ഒരു വിദ്യാര്‍ത്ഥി അനേകം പരീക്ഷകള്‍ക്ക് പോകുന്നതിന്റെ മനസിക-ശാരീരിക-സാമ്പത്തിക ടെന്‍ഷനുകളാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഒഴിവാകുന്നത്. ആധാര്‍ ഒറ്റ ഐഡന്റി ആയി മാറുന്നപോലെ, എല്ലാ നികുതികളും ചേര്‍ത്ത് ജിഎസ്ടി വന്നപോലെ, യുജിസി നെറ്റ് പരീക്ഷപോലെ ഒക്കെ ഏകീകൃതമാകുന്ന ഈ സംവിധാനം സ്വാഗതാര്‍ഹമാണ്.

6. നെറ്റ് കിട്ടിയവര്‍ ജെആര്‍ എഫ് കിട്ടാന്‍ വീണ്ടും ശ്രമിക്കുന്നപോലെ എക്‌സിറ്റ് എത്ര പ്രാവശ്യം വേണമെങ്കിലും എഴുതി റാങ്ക് ഉയര്‍ത്താം എന്നത് വളരെ ആശ്വാസകരമായ തീരുമാനമാണ്.

7. വിദേശത്തു നിന്നും പഠിച്ചുവരുന്ന കുട്ടികള്‍ക്കും നെക്സ്റ്റ് പരീക്ഷ സ്‌ക്രീനിംഗ് ടെസ്റ്റാകുന്നു എന്നതും വളരെ പോസിറ്റീവാണ്

8. കമ്മീഷനില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകും എന്നതിനെ ജനാധിപത്യത്തിലെ അനിവാര്യത എന്നു കാണാനെ കഴിയൂ. ആരോഗ്യ സര്‍വ്വകലാശാലകളിലെ 10 വൈസ്ചാന്‍സിലര്‍മാരും സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളില്‍ നിന്നുള്ള 9 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും 14 സര്‍ക്കാര്‍ നോമിനികളുമാണ് സമിതിയിലുണ്ടാവുക. നോമിനികള്‍ മെഡിക്കല്‍ രംഗത്തു നിന്നുള്ളവരാകും. ഇവരുടെ കാലാവധി 4 വര്‍ഷമായിരിക്കും. ഇവരുടെ കാലാവധി നീട്ടുകയില്ല. ഇവര്‍ ജോയിന്‍ ചെയ്യുമ്പോഴും കാലാവധി കഴിയുമ്പോഴും സ്വത്ത് വെളിപ്പെടുത്തണം എന്ന രീതി സ്വാഗതാര്‍ഹമാണ്. ഇവരുടെ പ്രൊഫഷണലായും കൊമേഴ്‌സ്യലായുമുള്ള വ്യവഹാരങ്ങളും വെളിപ്പെടുത്തണം. ഇവര്‍ അംഗമായിരുന്ന കാലത്ത് അനുമതി വാങ്ങിയ സ്വകാര്യ സ്ഥാപനങ്ങളില്‍ കാലാവധിക്കുശേഷം 2 വര്‍ഷം ജോലി സ്വീകരിക്കാനും പാടില്ല.

9. ഡീംമ്ഡ് സര്‍വ്വകലാശാല ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലെയും ഫീസ് റെഗുലേറ്റു ചെയ്യാന്‍ സമിതിക്ക് അധികാരമുണ്ടാകും. എല്ലാ വര്‍ഷവും സുപ്രിംകോടതി വരെ നീളുന്ന ഫീസ് സംബ്ന്ധിച്ച കേസുകളും അവിശുദ്ധ ഇടപാടുകളും അധിക ചിലവും കാലതാമസവും ഇതോടെ ഒഴിവാകും എന്നു കരുതാം. ഇപ്പോള്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയാണല്ലൊ ഫീസ് നിശ്ചയിക്കുന്നത്.

10. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫീസും സ്വകാര്യ സ്ഥാപങ്ങളിലെ 50% സീറ്റുകളിലെ ഫീസും സമിതി നിയന്ത്രിക്കുന്നതോടെ ആകെയുള്ള സീറ്റുകളില്‍ 75% നിയന്ത്രിത ഫീസിന്റെ പരിഥിയിലേക്ക് എത്തും.

11. ഏറ്റവും വിവാദമായ ഭാഗം 32ാം ക്ലാസ്സാണ്. ആധുനിക വൈദ്യം പഠിച്ച ആളുകള്‍ക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രൊവൈഡേഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനമാണ് വിവാദത്തിന് കാരണം. ഇത് അനിവാര്യമായ സംസ്ഥാനങ്ങള്‍ക്കും ഇടങ്ങള്‍ക്കും മാത്രമായി നിയന്ത്രിക്കുന്നത് ഉചിതമാകും. കേരളത്തില്‍ ഒരു പക്ഷെ ആദിവാസി പ്രദേശങ്ങളില്‍ മാത്രമാണ് ഡോക്ടര്‍മാരെ ലഭിക്കാത്തത്. അച്ചന്‍കോവിലിലൊക്കെ ഡോക്ടറെ നിയോഗിച്ചിട്ടും അവിടെ എത്താത്ത അനുഭവമാണുള്ളത്. തെക്കേ ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഗ്രാമങ്ങളില്‍പോലും ആവശ്യത്തിന് ഡോക്ടര്‍മാരുണ്ട്. അവിടെ നിയന്ത്രിതമായ തോതില്‍ ആവശ്യമുള്ള ഇടങ്ങളില്‍ മാത്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രൊവൈഡേഴ്‌സിനെ നിയമിക്കേണ്ടതുള്ളു. എന്നാല്‍ യുപി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രൈമറി ഹെല്‍ത്ത് കെയറിനും പ്രിവന്റീവ് ഹെല്‍ത്ത് കെയറിനും കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് അനിവാര്യമാണ്. ഇത് വരുന്നതോടെ വ്യാജഡോക്ടര്‍മാര്‍ ഒഴിവാകും എന്നു കരുതാവുന്നതാണ്. ഇവരുടെ യോഗ്യത സംബ്ന്ധിച്ച വ്യക്തത വരേണ്ടതുണ്ട്. അതും ഉടനുണ്ടാകും എന്നു കരുതാം.

12. നിലവില്‍ വ്യാജ ഡോക്ടര്‍മാര്‍ക്ക് പിഴ ഒരു വര്‍ഷം തടവും 1000 രൂപയുമെന്നത് ഒരു വര്‍ഷം തടവും 5 ലക്ഷം രൂപയുമെന്ന് പുതിയ നിയമം മാറ്റി എഴുതുന്നു എന്നതും സ്വാഗതാര്‍ഹമാണ്.

13. ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന 78000 ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും മെട്രോനഗരങ്ങളില്‍ അഭയം പ്രാപിക്കുന്ന രീതി മാറി, ഡോക്ടര്‍മാര്‍ അനിവാര്യമായ ഗ്രാമങ്ങളില്‍ അവര്‍ പോകാന്‍ പ്രേരിപ്പിക്കുന്ന ഉയര്‍ന്ന ഇന്‍സന്റീവുകള്‍ നിശ്ചയിക്കുക, അതിനായി പ്രത്യേക റിക്രൂട്ടമെന്റ് നടത്തുക തുടങ്ങിയ കാര്യങ്ങള്‍ കൂടി കമ്മീഷന്‍ ഭാവിയില്‍ ചര്‍ച്ച ചെയ്യും എന്നു കരുതാം.

Thursday, 8 August 2019

A feast of Vultures - A book on vulnerable India by Josy Joseph



  A feast of Vultures -- ജോസി ജോസഫിന്റെ പുസ്തകം - ഒരാസ്വാദനം 





  ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒളിവ് കച്ചവടക്കാരുടെയും ചോരകുടിയന്‍ കഴുകന്മാരുടെയും കഥകള്‍ മറയില്ലാതെ പറയുകയാണ് എന്റെ സുഹൃത്തും ഹിന്ദുവിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററുമായ ജോസി ജോസഫ് ' ദ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് '  എന്ന പുസ്തകത്തില്‍. 2016ല്‍ ഹാര്‍പ്പെര്‍-കോളിന്‍സ് ഇറക്കിയ പുസ്തകം ഇത്ര വൈകിയാണ് റിവ്യൂ ചെയ്യുന്നത് എന്നത് ക്ഷമാപൂര്‍വ്വം സമ്മതിക്കട്ടെ. ഇങ്ങിനെ ഒരു രചന നടത്താനുള്ള ജോസിയുടെ അസാധാരണ ധൈര്യത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. ഈ പുസ്തകം എല്ലാ ഇന്ത്യന്‍ ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെടേണ്ട ഒന്നാണ് എന്നു പ്രത്യേകം പറയേണ്ടതുണ്ട്.

   മൂന്ന് ഖണ്ഡമായി തിരിച്ച പുസ്തകത്തില്‍ ആദ്യഭാഗത്ത് ഇടനിലക്കാരുടെ കഥകളാണ് പറയുന്നത്. രണ്ടാം ഭാഗം സ്വകാര്യസ്ഥാപനങ്ങളുടെ ആര്‍ത്തിയുടെ കഥകള്‍ പറയുന്നു. മൂന്നാം ഭാഗം വലിയവന്റെ കഥകളാണ് പറയുന്നത്.

  അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികച്ച മുഖമാണ് ജോസി. എഴുത്താണെങ്കില്‍ അപസര്‍പ്പക നോവലിനെയും വെല്ലുന്ന സുഖകരമായ ഭാഷയിലും.

  ബിഹാറിലെ ഹൃദയ് ചക് ഗ്രാമത്തിലെ ജനതയുടെ സങ്കടങ്ങളാണ് ആമുഖത്തില്‍ പറയുന്നത്. സുഹൃത്തായ അന്‍വറിന്റെ ഗ്രാമമാണത്. അവിടേക്ക് ഒരു റോഡ് നിര്‍മ്മിക്കാന്‍ ഡല്‍ഹിയില്‍ ലോബി ചെയ്യുന്ന അന്‍വര്‍ ഇന്ത്യന്‍ ജനാധിപത്യം ഗ്രാമങ്ങളോട് കാട്ടുന്ന ക്രൂരതയുടെ ശരിയായ മുഖമാണ് കാട്ടിത്തരുന്നത്. മന്ത്രി കനിഞ്ഞാലും ഉദ്യോഗസ്ഥര്‍ കനിയാത്ത അവസ്ഥ. അത് ഇന്നലെ മാത്രമല്ല, ഇന്നും നാളെയും ഇങ്ങിനെ തുടര്‍ന്നേക്കാം. എന്തുകൊണ്ട് നക്‌സലുകള്‍ ഉണ്ടാകുന്നു എന്നതിനും തെളിവാണ് ആ സംഭവ ചിത്രീകരണം.

  ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായങ്ങളില്‍ ഒന്ന് ഇടനിലക്കാരനാകുകയെന്നതാണ്.ഇടനിലക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൈമറിയുന്നതോടെ സര്‍ക്കാര്‍ ചിലവഴിക്കുന്ന  തുകയുടെ 20-25 ശതമാനം മാത്രമെ യഥാര്‍ത്ഥത്തില്‍ താഴെ എത്തുന്നുള്ളു എന്നും ജോസി വ്യക്തമാക്കുന്നു.

   ധവാന്‍ എന്ന വാഴ്ത്തപ്പെട്ട ടൈപ്പിസ്റ്റിന്റെ കഥയാണ് തുടര്‍ന്നു പറയുന്നത്. ഇന്ദിരാഗാന്ധിയുടെ ഓഫീസില്‍ മന്ത്രിമാര്‍ക്കുപോലും അവരെ കാണണമെങ്കില്‍ ധവാന്‍ കനിയണമായിരുന്നു. ഇതേ ധവാന്‍ കൂടെയുള്ളപ്പോഴാണ് അവര്‍ വെടിയേറ്റു വീണതും. ഇന്ത്യ വിഭജനകാലത്ത് ഡല്‍ഹിയിലെത്തിയ പത്തുവയസുകാരന്‍ പയ്യന്‍ അധികാരത്തിന്റെ ഉത്തുംഗത്തിലെത്തിയ കഥയാണ് ജോസി പറയുന്നത്. 24X7X365 എന്ന നിലയില്‍ ജോലിചെയ്ത് ഉറപ്പിച്ച വിശ്വാസം. ഇന്ദിര കൊലക്കേസ് അന്വേഷണം ധവാനെ പ്രതിസ്ഥാനത്തു നിര്‍ത്തി ചോദ്യം ചെയ്തു. എങ്കിലും കോണ്‍ഗ്രസ് കൈവിട്ടില്ല. ധവാന്‍ എംപിയായി.

   1977 ലാണ് വിന്‍സന്റ് ജോര്‍ജ്ജ് എന്ന ടൈപ്പിസ്റ്റിന്റെ വരവ്. അതും ധവാന് താഴെയായി. രാജീവിന്റെ കാലമായപ്പോള്‍ ധവാന് പകരമായി വിന്‍സെന്റ്. രാജീവ് പോയതോടെ വിന്‍സന്റ് സോണിയ കുടുംബത്തിന്റെ നെടുംതൂണായി. പക്ഷെ നരസിംഹറാവുവിന്റെ വരവോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വിന്‍സന്റ് ഒതുക്കപ്പെട്ടു. എന്നാല്‍ അത് താത്ക്കാലികമായിരുന്നു. 1997 ല്‍ സോണിയ രാഷ്ട്രീയത്തില്‍  ശക്തിപ്രാപിച്ചതോടെ വിന്‍സന്റ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു. പക്ഷെ 98 ലെ ബിജെപി സര്‍ക്കാര്‍ വിന്‍സന്റിന്റെ ഉറക്കം കെടുത്തി. അനധികൃത സ്വത്തുക്കള്‍ സംബ്ബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമായി. ആ തലവേദനകള്‍ ഒഴിഞ്ഞത് മന്‍മോഹന്‍ സിംഗ് അധികാരത്തില്‍ വന്നതോടെയാണ്.

   ഉന്നത നേതാക്കളുടെ ശിങ്കിടികള്‍ ഉന്നതവിജയങ്ങള്‍ നേടിയ കഥകള്‍ അനേകം. അരുണ്‍ ജെയ്റ്റിലിക്കൊപ്പം നിന്ന ഒ.പി.ശര്‍മ്മ, പ്രമോദ് മഹാജന്റെ സുഹൃത്ത് പിന്നീട് സ്‌പൈസ് ജറ്റ് ഉടമയായി മാറിയ അജയ് സിംഗ് തുടങ്ങി അനേകര്‍. എം.ഒ.മത്തായി ഒഴികെ ഇവരാരും ആത്മകഥ എഴുതിയില്ല എന്നു മാത്രം. മത്തായി എഴുതിയപ്പോള്‍ അത് വലിയ വിവാദവുമായി. ചില ഇടനിലക്കാര്‍ക്ക് ദുരന്തങ്ങളും സംഭവിച്ചിട്ടുണ്ട് എന്ന് ജോസി എഴുതുന്നു. 1993 ലെ റാവു സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ജെഎംഎമ്മിന് പണം നല്‍കി. അതിലൊരു പങ്ക് ആവശ്യപ്പെട്ട പാര്‍ട്ടി ചെയര്‍മാന്‍ ഷിബു ഷോറന്റെ പ്രൈവറ്റ് സെക്രട്ടറി ശശിനാഥ് ത്സായെ കാണാതായി. 1998 ലാണ് അയാളുടെ ശരീരാവശിഷ്ടങ്ങളെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞത്. അങ്ങിനെയും സംഭവിക്കാം ഈ ടൈപ്പിസ്റ്റുകള്‍ക്ക് എന്നും ജോസി ചൂണ്ടിക്കാട്ടുന്നു.

  ആയുധ കച്ചവടത്തിലെ ഇടനിലക്കാരാണ് വമ്പന്‍ സ്രാവുകള്‍. വളരെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പനികള്‍പോലും ഇന്ത്യയില്‍ ഇടനിലക്കാരെ വയ്ക്കും. എങ്കിലെ കാര്യങ്ങള്‍ നടക്കൂ. അഴിമതി ബോധ്യമായാലും വലുതായൊന്നും പ്രതിരോധമേഖലയില്‍ ആരും ഇടപെടില്ല. ദേശതാത്പ്പര്യം എന്ന് വജ്രായുധം വച്ചാണ് അഴിമതി മറയ്ക്കുക. പതിനായിരം കോടിക്ക് ഇസ്രയേലില്‍ നിന്നും മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ വാങ്ങുമ്പോഴായാലും റഫേല്‍ യുദ്ധവിമാനം വാങ്ങുമ്പോഴായാലും അത് തുടര്‍ന്നുകൊണ്ടേയിരിക്കും.10 ലക്ഷം ഡോളര്‍ നല്‍കി പ്രതിരോധമന്ത്രിയുടെ അപ്പോയിന്റ്‌മെന്റ് എടുത്ത ഒരു അമേരിക്കന്‍ കമ്പനിയുടെ കഥ ജോസി പറയുന്നുണ്ട്.

   ഇടനിലക്കാര്‍ നല്‍കുന്ന മികച്ച വാഗ്ദാനങ്ങളില്‍ അധികാരികള്‍ വീഴുന്നു. വിദേശവാസം, കുട്ടികള്‍ക്ക് വിദേശത്ത് വിദ്യാഭ്യാസം, വിദേശത്ത് വീട്, ബാങ്കില്‍ രഹസ്യ അക്കൗണ്ട്, നിക്ഷേപങ്ങള്‍, ഇങ്ങനെ പോകുന്നു വാഗ്ദാനങ്ങള്‍. 2001 ല്‍ തെഹല്‍ക്കയുടെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ വെസ്റ്റ്എന്‍ഡ് അഴിമതി പുറത്തുവന്നു. ബിജെപി സര്‍ക്കാര്‍ അഴിമതിക്കാരെയല്ല ടാര്‍ജറ്റ് ചെയ്തത്, മറിച്ച് തെഹല്‍ക്കയെ ആയിരുന്നു. പ്രതിരോധമേഖലയിലെ ഇടപാടുകളില്‍ കമ്മീഷന്‍ 10-11 ശതമാനമാണ്. ആയുധഇടപാടിലെ രാജാക്കന്മാര്‍ സുധീര്‍, അമൃത്, രാജീവ് ചൗധരിമാര്‍, നന്ദ തുടങ്ങിയവരാണ്. ഇവരുടെ ഇടപാടുകള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട് പുസ്തകത്തില്‍. സിബിഐ അന്വേഷണങ്ങള്‍ വെറും പ്രഹസനങ്ങളാകുന്നതിന്റെ ഒട്ടേറെ കഥകള്‍ വായിക്കുമ്പോള്‍ ഈ സ്ഥാപനങ്ങളോടൊക്കെ വായനക്കാര്‍ക്ക് പുച്ഛം തോന്നുക സാധാരണം. 2012 ല്‍ സിബിഐ വിജിലന്‍സ് കമ്മീഷണറായിരുന്ന ശ്രീകുമാര്‍ പറയുന്നത് അഴിമതികേസുകള്‍ സിബിഐ അന്വേഷിച്ചതില്‍ ശിക്ഷ വിധിച്ചത് വെറും 3.96 ശതമാനം മാത്രമാണെന്നാണ്. ഒരിക്കല്‍ ഗോപാല്‍കൃഷ്ണ ഗാന്ധി സിബിഐയെ വിശേഷിപ്പിച്ചത് DDT എന്നാണ് ( Department of Dirty Tricks)

   കള്ളപ്പണം അധികമായുണ്ടാക്കുന്നവര്‍ ആദ്യം നേടുന്നത് നോണ്‍ റസിഡന്റ് ഇന്ത്യന്‍ സ്റ്റാറ്റസാണ്. ഇന്‍കം ടാക്‌സ് അടയ്ക്കാതിരിക്കാനുള്ള തന്ത്രം. ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബോഫോഴ്‌സ് ഇടപാടിലെ പ്രധാന ഇടനിലക്കാരനായ Q എന്ന ക്വട്രോച്ചിയുടെ കഥ വിശദമായി പറയുന്നുണ്ട് പുസ്തകത്തില്‍. ഫ്രാന്‍സിന്റെ ഹൊവിറ്റ്‌സറിനെ ഒഴിവാക്കിയാണ് ബോഫോഴ്‌സ് കരാര്‍ നേടിയത്. ഇപ്പോള്‍ മല്യയും നീരവുമൊക്കെ കടന്നതുപോലെ 1993 ജൂലൈയില്‍ ക്വട്രോച്ചിക്കും രക്ഷപെടാന്‍ അവസരമൊരുക്കി അന്നത്തെ സര്‍ക്കാര്‍. എങ്കിലും ഇംഗ്ലണ്ട് ക്വട്രോച്ചിയുടെ അക്കൗണ്ട് മരവിപ്പിച്ചു. 2005 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നയതന്ത്രത്തിലൂടെ അത് ആക്ടീവാക്കി. 2011 ല്‍ 21 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം സര്‍ക്കാര്‍ ബോഫോഴ്‌സ് കേസ് അവസാനിപ്പിച്ചു. 64 കോടിയുടെ അഴിമതികേസ് അന്വേഷിച്ചതിന് സിബിഐ ചിലവഴിച്ചത് 250 കോടിയായിരുന്നു എന്നത് ഓരോ ഇന്ത്യന്‍ പൗരനെയും നമ്മുടെ സംവിധാനങ്ങള്‍ വിഡ്ഡികളാക്കുന്നതിന്റെ വലിയ ഉദാഹരണങ്ങളില്‍ ഒന്നുമാത്രം.

  മക്കളും മരുമക്കളും രാഷ്ട്രീയത്തില്‍ കളിക്കുന്ന കളികള്‍ ജോസി വിശദീകരിക്കുന്നുണ്ട്. വാജ്‌പേയിയുടെ കാലത്ത് വളര്‍ത്തു മകളുടെ ഭര്‍ത്താവ് രഞ്ജന്‍ ഭട്ടാചര്യ, 2004 ല്‍ കോണ്‍ഗ്രസ് വന്നതോടെ റോബര്‍ട്ട് വാദ്ര. ഡിഎല്‍എഫ് അഴിമതി ഇടപാടുകള്‍ സിനിമക്കഥകളെ വെല്ലുന്നതാണ്.

  ആകാശത്തെ അടിപിടക്കഥ ജോസി എഴുതിയിരിക്കുന്നത് മികച്ച തിരക്കഥ രൂപത്തിലാണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നും മുംബയിലെത്തി ട്രാവല്‍ ഏജന്‍സി നടത്തിവന്ന തഖ്യുദീന്‍ അബ്ദുല്‍ വാഹിദ് എന്ന വ്യക്തി ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് എംഡിയാകുന്നതും നരേഷ് ഗോയല്‍ എന്ന മറ്റൊരു ട്രാവല്‍ ഏജന്‍സി ഉടമ ജറ്റ് എയര്‍വേയ്‌സ് തുടങ്ങുന്നതും തഖ്യുദീനെ ഇല്ലാതാക്കുന്നതുമാണ് ആ കഥ. ഇതില്‍ അധോലോക ഇടപാടുകളും കാര്യമായുണ്ടായിരുന്നു. ദാവൂദ് കണക്ഷനുമൊക്കെ ജോസി നന്നായി പറയുന്നുണ്ട്. നരേഷ് ഗോയലിന്റെ കുരുത്തക്കേടുകള്‍ വായിക്കുമ്പോള്‍ , ജറ്റ് എയര്‍വേയ്‌സിനെ അയാളുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി മനഃപൂര്‍വ്വം നശിപ്പിച്ചതാണെന്ന് ബോധ്യമാകും.

  വിജയ് മല്യ, മകന്‍ സിദ്ധാര്‍ത്ഥ് എന്നിവരുടെ ധാരാളിത്തവും അഹങ്കാരവും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനെ തകര്‍ത്തതും അനേകംപേരെ തൊഴില്‍രഹിതരാക്കിയതുമായ കഥയാണ് Masters of the Game  ല്‍ ആദ്യം പറയുന്നത്. മിക്ക രാഷ്ട്രീയനേതാക്കളും മല്യയുടെ ഉച്ഛിഷ്ടം കഴിച്ചവരാണ്. അത് ദഹിക്കാതെ വയറ്റില്‍ പേറുന്നവര്‍. രാജ്യസഭയിലെത്തുന്ന വ്യവസായികള്‍ അവരുടെ താത്പ്പര്യങ്ങള്‍ക്കായാണ് പാര്‍ലമെന്റില്‍ ലോബി ചെയ്യുന്നത്. രാഹുല്‍ ബജാജ്, റിലയന്‍സില്‍ മുകേഷിന്റെ മനഃസാക്ഷിയായ പരിമള്‍ നത്വാനി എന്നിങ്ങനെ. ഇവര്‍ അവര്‍ക്ക് താത്പര്യമുള്ള മേഖലകളിലെ കമ്മറ്റികളില്‍ അംഗമായി അവര്‍ക്കാവശ്യമുള്ളവിധം  നിയമങ്ങളെ മാറ്റി എഴുതിക്കും. ഖനികള്‍ സ്വന്തമായുള്ള കല്‍പതരു ദാസ് ഖനികളെ സംബ്ബന്ധിച്ച സമിതി അധ്യക്ഷന്‍, മീഡിയ ഉടമ വിജയ് ദര്‍ദ മീഡിയ സമിതി അംഗം എന്നിങ്ങനെ. 2010ല്‍ നാഷണല്‍ സോഷ്യല്‍ വാച്ച് നടത്തിയ പഠന പ്രകാരം 543 ലോക്‌സഭാംഗങ്ങളില്‍ 128 പേര്‍ ബിസിനസുകാരായിരുന്നു. കോണ്‍ഗ്രസ് സ്‌പോക്‌സ് പേഴ്‌സണായ അഭിഷേക് സിംഗ്വി രാവിലെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കമ്പനികള്‍ക്കുവേണ്ടി കോടതിയില്‍ വാദിക്കുകയും വൈകിട്ട് ചാനലുകളില്‍ വന്നിരുന്ന് സര്‍ക്കാരിനുവേണ്ടി വാദിക്കുകയും ചെയ്യുന്ന രസകരമായ വൈരുധ്യവും ജോസി തുറന്നുകാട്ടുന്നു. സിഎജി ടെലികോം അഴിമതി പുറത്തുകൊണ്ടുവന്നു. മോദിക്ക് അധികാരത്തിലെത്താന്‍ സഹായകമായ ഒരു വിഷയമായിരുന്നു ഇത്. പക്ഷെ അധികാരം കിട്ടിയതോടെ ടെലികോം ആഡിറ്റുകളില്‍ നിന്നും സിഎജിയെ ഒഴിവാക്കി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുകയാണ് മോദി ചെയ്തത്. മുകേഷ് അംബാനിയുടെ പേ റോളിലുള്ള രവിശങ്കര്‍ പ്രസാദ് ടെലികോം മന്ത്രിയായതും യാദൃശ്ചികമല്ല.

  ചത്തീശ്ഗഡിലെ കല്‍ക്കരി ഖനികള്‍ സ്വന്തമാക്കിയ ജിന്‍ഡാല്‍ ഗ്രൂപ്പ് അവിടം സ്വന്തം സാമ്രാജ്യമാക്കിയതും എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതുമായ കഥകളും നമുക്കിതില്‍ വായിക്കാം. ബിഹാറില്‍ നിന്നുള്ള കോളേജ് ഡ്രോപ്പൗട്ട് അനില്‍ അഗര്‍വാള്‍ വേദാന്ത എന്ന സാമ്രാജ്യം കെട്ടിപ്പെടുത്ത കഥയും ജോസി പറയുന്നു.ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തുന്നത് മുകേഷ് അംബാനിയുടെ കഥയാണ്. അംബാനിയുടെ Antilia യെന്ന കൊട്ടാരത്തിനെ പുറത്തുനിന്ന് നിരീക്ഷിക്കുന്ന ഒരു ഇന്ത്യനില്‍ നിന്നാണ് ആ കഥ പറഞ്ഞുതുടങ്ങുന്നത്. മുംബയിലെ വഖഫ് ബോര്‍ഡിന്റെ ഭൂമി വാങ്ങിയാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. ന്യൂനപക്ഷകാര്യ വകുപ്പ് ഡയറക്ടര്‍ അഷിഷ് ജോഷി ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞത് ഇങ്ങിനെ. പണവും അധികാരവുമുള്ളവര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉപയോഗിച്ച് രാജ്യത്തെ നിയമത്തെയും ഭരണഘടനയെയും നോക്കുകുത്തിയാക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരെപ്പിസോഡാണിത്. ഈ നോട്ടിംഗോടെ അദ്ദേഹം ആ കസേരയില്‍ നിന്നും ഹരിയാനയിലെ ഒരപ്രധാന തസ്തികയിലേക്ക് മാറ്റപ്പെട്ടു.

 അദാനി വഴിവിട്ട് കൈവരിച്ച നേട്ടങ്ങളും ജോസി വിവരിക്കുന്നു. സിബിഐ ഡയറക്ടറായി ബിജെപി കൊണ്ടുവന്ന രഞ്ജിത് സിന്‍ഹ അഴിമതിക്കെതിരായ യുദ്ധം പ്രഖ്യാപിച്ചുവെന്ന നിലയില്‍ മാധ്യമങ്ങളെ പറ്റിച്ച് , വീട്ടില്‍വച്ച് കേസുകള്‍ ഒതുക്കി കൈക്കൂലി വാങ്ങിയ വിചിത്ര കഥയും നമുക്ക് ഇതില്‍ വായിക്കാം.

  തെരഞ്ഞെടുപ്പാണ് അഴിമതിയുടെ മറ്റൊരു മുഖം. 2014ലെ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരം കോടി ചിലവഴിച്ചുവെന്നാണ് അനൗദ്യോഗിക കണക്കെന്നാലും ബിജെപി ഇലക്ഷന്‍ കമ്മീഷന് നല്‍കിയ രേഖയില്‍ പറയുന്നത് 714 കോടിയും കോണ്‍ഗ്രസ് 516 കോടിയുമാണ്. ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്ക് ചിലവാക്കാവുന്ന തുകയുടെ പരിധി 70 ലക്ഷമെന്നിരിക്കെ 2014 ല്‍ 50 കോടി വരെ ചിലവഴിച്ചവരുണ്ടായിരുന്നു. ഇവര്‍ അഴിമതി നടത്താതെ ഈ ബിസിനസിലെങ്ങിനെ നേട്ടം കൊയ്യും. 2014 ല്‍ 50 കോടിയെങ്കില്‍ 2019ലെത്രയാകുമെന്നൂഹിക്കാവുന്നതേയുള്ളു. പക്ഷെ ഇലക്ഷന്‍ കമ്മീഷന് ഒരു കുലുക്കവുമില്ല!!

 പുസ്തകത്തിന്റെ ഉപസംഹാരത്തില്‍ ജോസി പറയുന്നത് തിഹാര്‍ ജയിലിനെക്കുറിച്ചാണ്. അവിടെ സഹാറ ഗ്രൂപ്പിന്റെ സുബ്രതാ റോയ്, അനേകം നേതാക്കള്‍, മനുഷ്യ ദൈവങ്ങളെന്നിങ്ങനെ നാടിന്റെ ഒരു പരിഛേദമാണുള്ളത്. ഇതിലുമെത്രയോ പേര്‍ പുറത്തും വിഹരിക്കുന്നു.

   ജനങ്ങള്‍ക്കായുള്ള ഒരു ജനായത്ത ഭരണമെന്നെങ്കിലും വന്നേക്കാമെന്ന ശുഭപ്രതീക്ഷ ജോസിക്കുണ്ട്. അന്ന് നമ്മളാരും ഉണ്ടാവണമെന്നില്ലയെന്നു പറഞ്ഞാണ് ജോസി അവസാനിപ്പിക്കുന്നത്. 

  ജോസിയുടെ അപാരധൈര്യത്തിന് മുന്നില്‍ നമ്മെ അത്ഭുതസ്തംബ്ധരാക്കി നിര്‍ത്തും ഈ പുസ്തകമെന്നതില്‍ സംശയമില്ല.

Sunday, 4 August 2019

Maruthwa mala, mathurapuri beach, mandaikkad, Colachel


 മരുത്വാമല, മഥുരാപുരി ബീച്ച്, മണ്ടയ്ക്കാട്, കൊളച്ചല്‍ 

      
മലയടിവാരം



പടി കയറി

ഇരുളും വെളിച്ചവും

മലയുടെ സൌന്ദര്യം
എത്രയോകാലമായുള്ള ആഗ്രഹമാണ് മരുത്വാമല കയറണം എന്നത്. ശുചീന്ദ്രത്തുനിന്നും കന്യാകുമാരി ദിശയില്‍ അഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍, പശ്ചിമ ഘട്ടത്തിന്റെ തെക്കേ അതിരായ മരുത്വാമലയായി. ബൈപാസിന്റെ പണി നടക്കുകയാണ്. അതിനാല്‍ എതിര്‍വശത്തെ ശുഭ്രവസ്ത്രധാരിയായ സായി മന്ദിരത്തില്‍ കയറാന്‍ കഴിഞ്ഞില്ല. ഇടത്തോട്ടുള്ള ചെറിയ റോഡിന് ഇരുവശവും ചെറിയ കുറേ വീടുകള്‍. അതുതാണ്ടി എത്തുന്നത് മലയടിവാരത്തില്‍.  മൂന്ന് നാല് ചെറിയ കടകളുണ്ട് അവിടെ. ഒരു സ്ത്രീ നടത്തുന്ന കടയില്‍ നിന്നും ചായ കുടിച്ചു. താഴെ ഒരു ക്ഷേത്രത്തിന്റെ പുനഃരുദ്ധാരണം നടക്കുന്നു. പൊതുവെ ആലസ്യത്തിലാണ് മലയടിവാരം. മല താഴെ നിന്നു കാണുമ്പോള്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരാനന്ദം. ഒരിക്കല്‍ മരുതു വാഴും മലയായിരുന്നു. ഇന്നിപ്പോള്‍ മരുന്നുചെടികള്‍ പൊതുവെ കുറഞ്ഞു. പച്ചപ്പും കുറവണ്. പാറകള്‍ക്ക് ഇളം ഗോതമ്പ് നിറം. ചില ഇടങ്ങളില്‍ നരച്ച വെളുപ്പ്. മല കയറാന്‍ ഇല്ല എന്ന് സജീവ് ആദ്യമെ പറഞ്ഞിരുന്നു. ജയശ്രീയും മടിച്ചെങ്കിലും പ്രോത്സാഹനത്തിനടിപ്പെട്ട് ഒപ്പം കൂടി. താഴെ വലതുവശം ഒരു ഹാള്‍ കണ്ടു. ഇടതുവശത്തെ അയ്യാസ്വാമി ട്രസ്റ്റിന്റെ ഓഫീസ് അടഞ്ഞു കിടക്കുന്നു. വീണ്ടും മുന്നോട്ടുപോകുമ്പോള്‍ വലതുവശത്ത് ഒരു ചെറിയ ആശ്രമം. തിരുവനന്തപുരത്തുകാരനായ സന്ന്യാസിയാണ് അവിടെ താമസം. വീണ്ടും മുന്നോട്ടു പോകുമ്പോള്‍ ഒരു ഒറ്റമുറി ക്ഷേത്രം. അവിടെ രണ്ട് പട്ടികള്‍ കാവലുണ്ട്. മൂന്നാമന്‍ കുരച്ചുകൊണ്ട് മുന്നോട്ടോടി. രാധാകൃഷ്ണന്‍ ഒന്നു ഭയന്നു. ഇത് കടിക്കുമോ എന്ന് സംശയം. കടിക്കില്ല രാധാകൃഷ്ണാ, ധൈര്യമായിട്ട് വാ എന്നു പറഞ്ഞ് മുന്നോട്ടു നടന്നു. ആ സമയം കോവളത്തുകാരായ രണ്ട് ചെറുപ്പക്കാര്‍ പൂജചെയ്യാനായി അവിടെ എത്തി പൂജാരിയുമായി സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ മുന്നോട്ടു നടന്നു. ക്ഷീണം മാറ്റാനായി അല്‍പ്പ സമയം അവിടെ ഇരുന്നു. തൊട്ടുമുകളില്‍ ഒരു ക്ഷേത്രം കൂടിയുണ്ട്. അവിടേക്ക് പതുക്കെ കയറാം എന്ന നിലപാടിലായിരുന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ രണ്ടുപേര്‍ അവിടെനിന്നും ഇറങ്ങിവന്നു. അവര്‍ പറഞ്ഞു, ഞങ്ങള്‍ നടയടച്ച് ഇറങ്ങിയതാണ്. എങ്കിലും അവിടെ ധ്യാനിക്കാനുള്ള ഇടമുണ്ട്. നിങ്ങള്‍ നേരെ നോക്കുമ്പോള്‍ കാണുന്ന മലയുടെ തെക്കേ അതിരില്ലെ, സൂക്ഷിച്ചു നോക്കൂ, ഹനുമാന്‍ സ്വാമിയുടെ രൂപം കാണാം. നോക്കുമ്പോള്‍ അങ്ങിനെ തന്നെ തോന്നി. മലകള്‍ക്കും പാറകള്‍ക്കും ഇങ്ങിനെ ഒരു കഴിവുണ്ട്. നമ്മള്‍ അങ്ങിനെ നോക്കിയിരിക്കുമ്പോള്‍ അത് ആന, അമ്മയും കുഞ്ഞും, സ്ത്രീ ഇങ്ങിനെ പല രൂപങ്ങളായി കാണുന്നവര്‍ക്ക് തോന്നും. അത് അവരവരുടെ കണ്ണിന്റെ പ്രത്യേകതയാണ്.

 ഞങ്ങള്‍ മുകളില്‍ കയറി കുറച്ചു സമയം അവിടെയിരുന്നു. കോവളത്തുകാര്‍ താഴത്തെ പൂജ കഴിഞ്ഞ് അവിടെയെത്തി അടഞ്ഞ ക്ഷേത്ര വാതിലിനു മുന്നില്‍ ഒരു മാല ചാര്‍ത്തി. അവര്‍ മിക്കപ്പോഴും അവിടെ വരുന്നവരാണ്. മുകളിലേക്ക് പടികളില്ല, പാറപ്പുറത്തു കൂടി പിടിച്ച് നടക്കണം. ആദ്യം എത്തുന്നിടം ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ധ്യാനത്തിലിരുന്ന ഇടമാണ്. അവിടെനിന്നും വീണ്ടും മുകളിലേക്ക് പോകുമ്പോള്‍ ഗുരുദേവന്‍ എട്ടു വര്‍ഷം ധ്യാനത്തിലിരുന്ന പിള്ളത്തടമാകും. അവിടെവച്ചാണ് അദ്ദേഹത്തിന് ബോധോദയമുണ്ടാകുന്നതും തന്റെ കര്‍മ്മപഥം മനസിലാക്കി, സാമൂഹ്യപരിഷ്‌കര്‍ത്താവായ സന്ന്യാസി എന്ന വിപ്ലവകരമായ പാതയിലേക്ക് വന്നതും. അവിടെ നിന്നും മലമുകളിലേക്ക് കടക്കാമെന്നും അവിടം പരന്ന പാറയാണെന്നും അവര്‍ പറഞ്ഞു. 800 അടി ഉയരമുള്ള പാറയുടെ മുകള്‍വശം ഏകദേശം ഒരു കിലോമീറ്റര്‍ പരപ്പുള്ളതാണ്. ഞങ്ങള്‍ കുറച്ചുകൂടി മുകളിലേക്ക് പോയി. അവിടെ ധ്യാനമണ്ഡപത്തില്‍ പണികള്‍ നടക്കുകയാണ്. ഒരു മണിക്കൂര്‍ നടക്കേണ്ടി വരും എന്ന് പണിക്കാര്‍ പറഞ്ഞു. ജയശ്രീ ഷൂ കരുതിയിരുന്നില്ല. ഹീലുള്ള ചെരുപ്പ് യാത്ര ദുഷ്‌ക്കരമാക്കും എന്നതിനാല്‍ മടങ്ങി. ഇനി ഒരിക്കല്‍ കൂടി മല കയറാനായി പോകണം എന്ന നിശ്ചയത്തോടെയായിരുന്നു മടക്കം.

 ഐതീഹ്യങ്ങളില്ലാത്ത ഒരിടവുമില്ല എന്നതുകൊണ്ട് മരുത്വാമലയുടെ ഐതീഹ്യവും അറിയേണ്ടതാണ്. രാമ-രാവണ യുദ്ധത്തിനിടയില്‍ ലങ്കയില്‍ മരണപ്രായനായി കിടന്ന ലക്ഷ്മണനെ രക്ഷിക്കാന്‍ ഹനുമാന്‍ മഹേന്ദ്രഗിരിയില്‍ നിന്നും സഞ്ജീവി പര്‍വ്വതം കൈയ്യിലേന്തി വന്നപ്പോള്‍ അല്‍പ്പം ഇവിടെ വീണ് അത് മരുത് മലയായി എന്നതാണ് ആ സങ്കല്‍പ്പം.


മലയുടെ പാര്‍ശ്വം

ഹനുമാന്‍ ക്ഷേത്രം

മഥുരാപുുരി ബീച്ചിലേക്ക് 

ബീച്ച് 
മരുത്വാ മലയില്‍ നിന്നും പ്രധാന റോഡിലെത്തി വീണ്ടും മുന്നോട്ടുപോയാല്‍ കൊട്ടാരം എന്ന സ്ഥലത്തെത്താം. കൊട്ടാരം ജംഗഷനില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് അഗത്തീശ്വരം വഴി പോയാല്‍ പുതുതായി നിര്‍മ്മിക്കുന്ന മഥുരാപുരി എന്ന ക്ഷേത്രപറമ്പില്‍ എത്താം. ക്ഷേത്രത്തിന് പ്രാധാന്യമൊന്നുമില്ലെങ്കിലും അതിന്റെ ഇടതുവശത്തുള്ള ബീച്ച് മനോഹരമാണെന്ന് എന്റെ സുഹൃത്ത് ദിവാകരന്‍ സാര്‍ പറഞ്ഞിരുന്നത് ഓര്‍ത്തു. അദ്ദേഹത്തെ വിളിച്ച് വഴി ഒന്നുകൂടി ഉറപ്പിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു. അത് കോവളത്തേക്കുളള റോഡാണ്. പക്ഷെ ഈ കോവളം കന്യാകുമാരിക്കടുത്തുള്ള ഒരു ഗ്രാമമാണ്. ബീച്ചിലെത്തിയത് ഉച്ചനേരത്താണെങ്കിലും കടലിന്റെ തണുപ്പ് സുഖകരമായ ഒരന്തരീക്ഷമാണ് പകര്‍ന്നു തന്നത്. ബീച്ചിലെ പരന്ന പാറകളില്‍ കുറേ സമയമിരുന്നു. തണുത്ത തിരകള്‍ വന്നു തഴുകി സുഖം പകര്‍ന്നു. ഒരു സ്വകാര്യ ബീച്ച് നല്‍കുന്ന സ്വസ്ഥത വളരെ വലുതാണ്. ഒരുപക്ഷെ വൈകിട്ടുവരെ അവിടെയിരുന്നാലും മുഷിയില്ല. ഒരു മണിയോടെ അവിടെ നിന്നും ഇറങ്ങി. വഴിയില്‍ ഭക്ഷണം കഴിച്ചു. വിഷ്ണുവിന്റെ ക്വാര്‍ട്ടേഴ്‌സില്‍ കുറച്ചു സമയം വിശ്രമിച്ച ശേഷം മണ്ടയ്ക്കാട് ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു.


ബീച്ചില്‍ പാറപ്പുറത്ത് 

മണ്ടയ്ക്കാട് 

ക്ഷേത്രം പുറക്കാഴ്ച

കൊളച്ചല്‍ ബീച്ച് 

യുദ്ധസ്മാരകം 
മണ്ടയ്ക്കാട് കുട്ടിക്കാലം മുതലെ ഒരു സാങ്കല്‍പ്പിക ലോകമാണ്. കാട്ടിലമ്മ എന്നു വിളിക്കുന്ന ഒരമ്മ കല്ലേലിഭാഗത്തുണ്ടായിരുന്നു. അവര്‍ എല്ലാ വര്‍ഷവും, മാര്‍ച്ചിലാണെന്നു തോന്നുന്നു, കുറേ വീടികളില്‍ നിന്നും ഭിക്ഷ വാങ്ങി മണ്ടയ്ക്കാട് പോകാറുണ്ടായിരുന്നു. തിരികെ വരുമ്പോള്‍ കുറച്ചു ഭസ്മവും കൊളുന്തും കൊണ്ടുവന്നു തരും. കൊളുന്ത് ഇന്നത്തെ സ്േ്രപ പോലെയാണ്. അതിശയകരമായ മണമാണതിന്. അതിനെ മുണ്ടുപെട്ടിയില്‍ വയ്ക്കും, തുണികള്‍ക്ക് മണം കിട്ടാന്‍. അന്നു മുതലുള്ള ആഗ്രഹമാണ് മണ്ടയ്ക്കാട് പോകണമെന്നത്.

  നാഗര്‍കോവില്‍ കൊളച്ചല്‍ റോഡില്‍  കടല്‍തീരത്തോട് ചേര്‍ന്നാണ് ക്ഷേത്രം നില്‍ക്കുന്നത്. ഒരു കുന്നിന് മുകളിലുള്ള കാടാവും എന്നായിരുന്നു എന്റെ മനസില്‍ പതിഞ്ഞു കിടന്ന ധാരണ. ക്ഷേത്രം കണ്ടതോടെ ആ ധാരണ മാറിക്കിട്ടി. ഞങ്ങള്‍ മൂന്നു മണിക്ക് എത്തി. 5ന് മാത്രമെ ക്ഷേത്രം തുറക്കൂ. ഏകദേശം നൂറോളം സ്ത്രീകള്‍ വിളക്കു കത്തിച്ചു വച്ച് പൂജയും മന്ത്രവും കഴിക്കുന്നുണ്ടായിരുന്നു. ക്ഷേത്രം ചുറ്റി നടന്നു കണ്ടു. ആറ്റുകാല്‍ പോലെ ഒരു ക്ഷേത്രം. പണ്ട് കാടായിരുന്നിരിക്കണം. അവിടെ ഒരു മണ്‍പുറ്റാണ് ദേവി സങ്കല്‍പ്പം. മണ്ടക്കാട് ഭഗവതി പാര്‍വ്വതി ദേവിയാണ്. സ്ത്രീകളുടെ ശബരിമല എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ ആ പേര് ആറ്റുകാലിനാണ്. സ്ത്രീകള്‍ ഇരുമുടിയുമായി വന്ന് പൂജ ചെയ്യാറുണ്ട് ഇവിടെ. മാര്‍ച്ചിലാണ് പ്രധാന ഉത്സവം. മീന്‍കറി ഉള്‍പ്പെടെയുള്ള പൊങ്കാല, മണ്ടയപ്പം എന്നിവയാണ് പ്രധാന നിവേദ്യങ്ങള്‍.  പന്ത്രണ്ടടി പൊക്കമുള്ളതാണ് അഞ്ചുതലയുള്ള ചിതല്‍പ്പുറ്റ്.

ഐതീഹ്യ കഥകള്‍ ഇങ്ങിനെ. ശങ്കരാചാര്യര്‍ ശിഷ്യര്‍ക്കൊപ്പം ശ്രീ ചക്ര പൂജ ചെയ്യുമ്പോള്‍ ഒരു നാള്‍ ചക്രം മടങ്ങിവന്നില്ല. അതിനെതുടര്‍ന്ന് ആചാര്യന്‍ മടങ്ങിപ്പോകാതെ ഇവിടെതങ്ങി സമാധിയായി എന്നും ശ്രീചക്രം ക്ഷേത്രത്തില്‍ തങ്ങുന്നു എന്നും വിശ്വസിക്കുന്നു.

മറ്റൊരു കഥ ഇങ്ങിനെ. പ്രദേശത്തെ കുട്ടികള്‍ പനംതേങ്ങ കൊണ്ട് കളിക്കുമ്പോള്‍ തേങ്ങ പുറ്റില്‍ കൊണ്ട്‌ചോരവന്നു. അതിനെതുടര്‍ന്ന് ആളുകള്‍ ഇവിടെ വിളക്കുകൊളുത്തി പ്രാര്‍ത്ഥന തുടങ്ങി. ഒരു ദിവസം രാത്രിയില്‍ കുറച്ചാളുകള്‍ നാട്ടില്‍ വന്നു. അവര്‍ പലവീടുകളിലും കയറി ഭക്ഷണം ചോദിച്ചു. ആരും ഒന്നും കൊടുത്തില്ല. അവര്‍ ക്ഷേത്രത്തില്‍ പോയിതങ്ങി. സന്ദര്‍ശകര്‍ക്ക് ഭക്ഷണം കൊടുക്കാതിരുന്നതിനാല്‍ ദേവികോപിച്ചു. പ്രഭാതമായപ്പോഴേക്കും അവിടം കാടായി മാറി. ഭക്ഷണം പോലും ലഭിക്കാതായ ആളുകള്‍ ദേവിയെപ്രാര്‍ത്ഥിച്ചു. ദേവി അവരോട് കടലില്‍ കുളിച്ചുവരാന്‍ പറഞ്ഞു. തുടര്‍ന്ന് ഭക്ഷണം നല്‍കി അവരെ ഉറക്കി. രാവിലെ ഉണര്‍ന്നപ്പോള്‍ അവര്‍ കൈയ്യിലുള്ള സ്വത്തെല്ലാം ദേവിക്ക് കാഴ്ച വച്ചു. ഇതേ ദിവസം തിരുവിതാംകൂര്‍ രാജാവിനൊരു സ്വപ്‌ന ദര്‍ശനമുണ്ടായി. നാട്ടുകാര്‍ കാഴ്ചവച്ച സ്വത്ത് ഉപയോഗിച്ച് ക്ഷേത്രം നിര്‍മ്മിച്ചു നല്‍കണം എന്നായിരുന്നു ദര്‍ശനം. രാജാവ് എത്തി ക്ഷേത്രനിര്‍മ്മാണം തുടങ്ങി. നിര്‍മ്മാണം നടക്കുമ്പോള്‍ പുറ്റ് വളര്‍ന്നത് കാരണം രണ്ടു പ്രാവശ്യം പൊളിച്ചു നിര്‍മ്മിക്കേണ്ടി വന്നു. പുറ്റ് വളരാതിരിക്കാന്‍ ദേവിയെ പ്രാര്‍ത്ഥിച്ചു. വളരാതിരിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഒരു വര്‍ഷം ഒരുനെല്ലിട മാത്രമായി ചുരുക്കാമെന്നും ദേവി സമ്മതിച്ചു. അങ്ങിനെ പുറ്റ് വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം.

  വേലുത്തമ്പിക്ക് ശാപം കിട്ടിയതായി ഒരു പഴംപുരാണവും ക്ഷേത്ര സംബ്ബന്ധിയായുണ്ട്. ക്ഷേത്രം മണ്ടയ്ക്കാട്ടെ നാട്ടുപ്രമാണിയില്‍ നിന്നും വേലുത്തമ്പി ബലമായി പിടിച്ചെടുത്തു. തമ്പിയെ പ്രമാണി ശപിക്കുകയും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയും ചെയ്തു. ആ ശാപംകൊണ്ടാണ് തമ്പിക്കും അതേ ഗതിയുണ്ടായത് എന്നാണ് കഥ.

യുദ്ധസ്മാരകം 


 

 
 മണ്ടയ്ക്കാട് നിന്നും രണ്ട് കിലോമീറ്റര്‍ മുന്നോട്ടു പോകുമ്പോള്‍ കൊളച്ചലായി. അവിടെ കടല്‍പാലത്തില്‍ നിന്ന് കുറച്ചുപേര്‍ സെല്‍ഫി എടുക്കുന്നുണ്ടായിരുന്നു. തീരം കലുഷമാണ്. വലിയ തിരകള്‍. തിരവന്ന് മണ്ണുകൊണ്ടുപോയതോടെ കടല്‍ ഒരു തളികപോലെയായിരിക്കുന്നു. ആ തിരയില്‍ പട്ടികള്‍ കളിക്കുന്നത് കാണാന്‍ നല്ല രസം. കുറച്ചകലെയായി തുറമുഖം കാണാം. കൂറ്റന്‍ പുലിമുട്ടുകളാണ് അവിടെ ഇട്ടിരിക്കുന്നത്. അതുകൊണ്ടാകാം തിരയ്ക്ക് ഇത്ര ശക്തി. ഉന്തുവണ്ടിയില്‍ പലഹാരം വില്‍ക്കുന്ന ആളോട് കൊളച്ചല്‍ യുദ്ധ സ്മാരകം എവിടെയാണ് എന്നന്വേഷിച്ചു. കുറച്ചു മുന്നോട്ടുപോകുമ്പോള്‍ വലതുവശം ഒരു പള്ളിയുണ്ട് ,അതിന് മുന്നിലാണ് സ്മാരകം. നിങ്ങള്‍ നാളെ വന്നിരുന്നെങ്കില്‍ ആര്‍മിയുടെ ചടങ്ങ് കാണാമായിരുന്നു, നാളെ ( ജൂലൈ 31) യാണ് ആ ഓര്‍മ്മദിനം. ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ ഗേറ്റ് അടച്ചിരിക്കയായിരുന്നു. അകത്ത് ഒരു പട്ടാളക്കാരന്‍ നില്‍ക്കുന്നു. ചടങ്ങിന്റെ മുന്നോടിയായുള്ള സെക്യൂരിറ്റി സംവിധാനമാണ്. പാണ്ടി എന്നാണ് പട്ടാളക്കാരന്റെ പേര്. പാങ്ങോട് ക്യമ്പിലെ അംഗം. അയാള്‍ ഗേറ്റ് തുറന്നു തന്നു. ഞങ്ങള്‍ അകത്തുകയറി ശുഖുമുദ്രയുള്ള സ്തൂപത്തെ സല്യൂട്ട് ചെയ്തു. 17 അടി പൊക്കവും 4 അടി വ്യാസവുമുണ്ട് സ്തൂപത്തിന്. അവിടെ നില്‍ക്കുമ്പോള്‍ 1741 ലെ യുദ്ധാരവം കേള്‍ക്കുന്നപോലെ. ഡച്ചുകാര്‍ ഡിലനോയിയുടെ നേതൃത്വത്തില്‍ ആക്രമിച്ചു കയറിയത് പത്മനാഭപുരം വരെയായിരുന്നു. വിവരമറിഞ്ഞ് തിരുവനന്തപുരത്തുനിന്നും മാര്‍ത്താണ്ഡവര്‍മ്മയുടെ നേതൃത്വത്തിലള്ള സേന എത്തി അവരെ പിറകോട്ടോടിച്ച് കൊളച്ചല്‍ തീരത്തെത്തിച്ചു. അവിടെവച്ച ഡിലനോയി ഉള്‍പ്പെടെ 28 ഓഫീസറന്മാരും പട്ടാളക്കാരും കീഴടങ്ങി. ഏഷ്യയില്‍ യൂറോപ്യന്‍ രാജ്യത്തിനുണ്ടാകുന്ന ആദ്യ പരാജയം എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട യുദ്ധം. അഡ്മിറല്‍ ഡിലനോയിയുടെ കഴിവുകള്‍ മനസിലാക്കിയ മാര്‍ത്താണ്ഡവര്‍മ്മ അയാളെ വലിയ കപ്പിത്താനായി നിയമിച്ചു. 20 വര്‍ഷം മാര്‍ത്താണ്ഡവര്‍മ്മയ്‌ക്കൊപ്പം ജോലി ചെയ്ത ഡിലനോയ് മരിച്ചപ്പോള്‍ പത്മനാഭപുരത്തിന് സമീപമുള്ള ഉദയഗിരികോട്ടയില്‍ അടക്കി. സുഖമുള്ള ആ ഓര്‍മ്മകള്‍ പങ്കിട്ട് ,തീരദേശം വഴിയുളള വളഞ്ഞു പുളഞ്ഞു പോകുന്ന ചെറു റോഡുകളിലൂടെ സഞ്ചരിച്ച് കോവളം വഴി വൈകിട്ട് ആറു മണിയോടെ തിരുവനന്തപുരത്തെത്തി. അതോടെ രണ്ടുദിവസം നീണ്ട യാത്രയ്ക്ക അവസാനമായി.

Friday, 2 August 2019

Sucheendram Sthanumalayan temple

ശുചീന്ദ്രം സ്താണുമലയന്‍ ക്ഷേത്രം 

              

 രാവിലെ 5 മണിക്ക് എഴുന്നേറ്റു. ആറരയ്ക്ക് ഗസ്റ്റ്ഹൗസിനു മുന്നിലെ ശ്രീഗൗരീശങ്കരത്തില്‍ നിന്നും കാപ്പി കുടിച്ച് പുറപ്പെട്ടു. നാഗര്‍കോവിലില്‍ നിന്നും ഏഴു കിലോമീറ്റര്‍ ദൂരമാണ് ശുചീന്ദ്രത്തേക്കുള്ളത്. ഏഴുമണിക്കുതന്നെ അവിടെ എത്തി. പ്രധാന റോഡില്‍ നിന്നും ക്ഷേത്രവഴിയിലേക്ക് കടക്കുമ്പോള്‍ തന്നെ വലതുവശം അതിവിശാലമായ ക്ഷേത്രക്കുളവും അതിന് നടുക്കായി ഒരു മണ്ഡപവും കാണാം. ക്ഷേത്രക്കുളം അതിമനോഹരമാണ്. രാധാകൃഷ്ണന്‍ വളരെ ചെറുപ്പത്തിലെ ഇവിടെ വന്ന ദിവസം ഗായത്രി സിനിമയുടെ ഷൂട്ടിംഗ് നടക്കുകയായിരുന്നു. തങ്കത്തളികയില്‍ പൊങ്കലുമായ് വന്ന തൈമാസ തമിഴ്‌പെണ്ണേ എന്ന പാട്ടിനനുസരിച്ച് ജയഭാരതി അഭിനയിക്കുന്നത് കണ്ട ഓര്‍മ്മ രാധാകൃഷ്ണന്‍ പങ്കിട്ടു.

പത്ത് പടവുകളുള്ള ക്ഷേത്രകുളം കടന്ന് ഇടതുവശം വണ്ടി പാര്‍ക്കു ചെയ്തു. തീരെ തിരക്കില്ലാത്ത പ്രഭാതം. വിഷ്ണു പറഞ്ഞിരുന്നതനുസരിച്ച് ശുചീന്ദ്രം വില്ലേജാഫീസര്‍ ശുഭയും അസിസ്റ്റ്ന്റും കാത്തുനില്‍പ്പുണ്ടായിരുന്നു. തീരെ മെലിഞ്ഞിട്ടെങ്കിലും നല്ല ഊര്‍ജ്ജമുള്ളൊരു ഉദ്യോഗസ്ഥ. പ്രസന്ന ഭാവം.ക്ഷേത്രജീവനക്കാരനായ രാധാകൃഷ്ണനെ അവര്‍ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ തറവാട്  ഹരിപ്പാട്ടാണ്. ശുചീന്ത്രത്ത് ഇത് മൂന്നാം തലമുറ. മലയാളം നന്നായി പറയും. അഡ്മിനിസ്‌ട്രേറ്ററുടെ മുറിയില്‍ ഷര്‍ട്ടും ബനിയനും ഈരിയിട്ട് അവര്‍തന്ന മേല്‍മുണ്ട് ധരിച്ചു. പുരുഷന്മാരുടെ വസ്ത്രമുരിയുന്ന ഈ ആചാരം എന്നു മാറുമൊ എന്തോ എന്നു മനസില്‍ പറഞ്ഞുകൊണ്ട് ക്ഷേത്രത്തിലേക്ക് കടന്നു.

  ക്ഷേത്രത്തിന്റെ പ്രവേശന ഗോപുരം മുതലുള്ള വിവരണം രാധാകൃഷ്ണന്‍ ഭംഗിയായി നിര്‍വ്വഹിക്കാന്‍ തുടങ്ങി. സ്താണു (ശിവന്‍), മല്‍( വിഷ്ണു), അയന്‍(ബ്രഹ്മാവ്) ഈ മൂന്നു മൂര്‍ത്തികളുടെ സംഗമസ്ഥലമാണ് ശുചീന്ദ്രം. എട്ടാം നൂറ്റാണ്ടിലെ രേഖകളില്‍ ക്ഷേത്രത്തെക്കുറിച്ച്  പരാമര്‍ശം ഉണ്ടെങ്കിലും ഇന്ന് കാണുന്ന ക്ഷേത്രം 17-ാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചത്. മൂന്ന് ദൈവങ്ങളേയും ഒറ്റക്കല്ലില്‍ ആവാഹിച്ചിരിക്കുന്ന ക്ഷേത്രം തിരുമല നായിക്കന്മാരും തിരുവിതാംകൂര്‍ രാജാക്കന്മാരുമാണ് പരിപാലിച്ചു വന്നത്. പ്രധാന പ്രതിഷ്ഠയായ ശിവലിംഗത്തിന്റെ കീഴ്ഭാഗം ബ്രഹ്മാവും നടുഭാഗം വിഷ്ണുവും മുകള്‍ഭാഗം ശിവനുമായി സങ്കല്‍പ്പിച്ചിരിക്കുന്നു.16 ചന്ദ്രക്കലകളുണ്ട് വിഗ്രഹത്തില്‍. സര്‍പ്പം കുട പിടിച്ച നിലയിലാണ് വിഗ്രഹമുള്ളത്. മൂന്നു ദൈവങ്ങളെ ഒരു ലിംഗത്തില്‍ ആവാഹിച്ച ഇത്തരമൊരു സങ്കല്‍പ്പം മറ്റൊരു ക്ഷേത്രത്തിലുമില്ല.


 
വേണാട് രാജാക്കന്മാര്‍ വൈഷ്ണവരും നാഗര്‍കോവിലിലെ നാഞ്ചിപ്പിള്ളമാര്‍ ശൈവമതതക്കാരുമായതിനാലുണ്ടാക്കിയ ഒരു അഭിരഞ്ജനമാവാം ഇത്. ചോള-ചേര-പാണ്ഡ്യ സ്വാധീനം ഏറെയുണ്ടായിട്ടുള്ള ക്ഷേത്രം കൂടിയാണ് ശുചീന്ദ്രം. രാമനും കൃഷ്ണനും തുടങ്ങി അമ്മനും കാന്തനും വരെ ഈ ക്ഷേത്രത്തിലുണ്ട്. വെള്ള നിറത്തിലുള്ള ഗോപുരത്തിന് 134 അടി ഉയരമുണ്ട്. ഗോപുരത്തിന് ഏഴുനിലകളാണുള്ളത്. രാമകഥയും മറ്റ് ഹിന്ദുപുരാണങ്ങളുമാണ് ഗോപുരത്തിലെ കൊത്തുപണികള്‍. ദ്രാവിഡ ശില്‍പ്പകലയുടെ മറ്റൊരു അലങ്കാരമേളം. പ്രവേശന കവാടത്തിലെ വാതിലിന് 29 അടി പൊക്കമുണ്ട്. രണ്ട് ദ്വാരപാലകരും രണ്ട് വ്യാളികളുമുണ്ട് കവാടഭാഗത്ത് . അകത്ത് ആദ്യം തൊഴുന്നത് ലോഹത്തില്‍ പൊതിഞ്ഞ കണിക്കൊന്നയുടെ തടിയെയാണ്. അതിന് മുന്നിലായി മൂന്ന് ദൈവങ്ങളുടെയും സങ്കല്‍പ്പമായ ലോഹ വിഗ്രഹം കാണാം. ഈ മരത്തിന് പഴക്കം നിശ്ചയിച്ചിട്ടില്ല. ഒരു പക്ഷെ ക്ഷേത്രം തുടങ്ങിയത് ഈ മരച്ചുവട്ടിലാകാം. മൂന്ന് ലിംഗങ്ങളും നടുക്ക് അനസൂയാ ദേവിയും എന്ന നിലയിലാണ് വിഗ്രഹം.

   വിഷ്ണുവിന്റേത് അഷ്ടലോഹ വിഗ്രഹമാണ്. വലതുവശം രാമനും സീതയും ഇടതു വശം ഗണേശനുമാണ്. മുന്നിലായാണ് നവഗ്രഹമണ്ഡപം. കൈലാസനാഥര്‍, വടക്കേടം, കൈലാസത്തു മഹാദേവന്‍, പഞ്ച പാണ്ഡവര്‍, കൊണ്ടൈ അമ്മി, ഗുരു ദക്ഷിണാമൂര്‍ത്തി, ചേരവാസല്‍ ശാസ്താ, മുരുകന്‍, ഗരുഢന്‍, സുബ്രഹ്മണ്യന്‍ എന്നീ ദൈവങ്ങളെയും ഇവിടെ ആരാധിക്കുന്നു. ശ്രീകോവിലിന് മുന്നിലെ ചെമ്പകരാമന്‍ മണ്ഡപത്തില്‍ 32 തൂണുകളിലായി അനസൂയയുടെ കഥയും രാമായണകഥയും കൊത്തിയിട്ടുണ്ട്. ശ്രീകൃഷ്ണ ലീലയും ഇവിടെ കാണാം.

    അലങ്കാരമണ്ഡപത്തില്‍ 4 പ്രധാന തൂണുകളാണുള്ളത്. ഒറ്റക്കല്ലില്‍ നിന്നും കൊത്തിയെടുത്ത അനേകം ചെറുതൂണുകളുടെ സംഗമമാണ് മണ്ഡപത്തൂണുകള്‍. സപ്തസ്വരങ്ങള്‍ ആലപിക്കുന്ന കല്ലുകളാണവ. 18 അടി ഉയരമുള്ള മ്യൂസിക്കല്‍ പില്ലേഴ്‌സ് അന്നത്തെ ശില്‍പ്പികളുടെ ശാസ്ത്രീയ മികവിന്റെ അത്യുദാഹരണമാണ്. 33 ചെറുതൂണുകളുള്ള 2 പില്ലറുകളും 25 ചെറുതൂണുകളുള്ള 2 പില്ലറുകളും. 33 തൂണുകളുള്ള ഒന്നില്‍ ജലതരംഗവും മറ്റൊന്നില്‍ തംബുരുവും കേള്‍ക്കാന്‍ കഴിയും. 25 ചെറുതൂണുകളുള്ള ഒന്നില്‍ മൃദംഗവും മറ്റതില്‍ സിത്താറുമാണ് കേള്‍ക്കാന്‍ സാധിക്കുക.

  പ്രധാന നൃത്തമണ്ഡപത്തില്‍ 1035 തൂണുകളാണുള്ളത്. ഓരോ തൂണിലും വ്യത്യസ്ത ഭാവങ്ങളും മുഖങ്ങളുമുള്ള ദീപാലക്ഷമിമാരെയാണ് കൊത്തിവച്ചിരിക്കുന്നത്. അതിസൂക്ഷ്മമായ നിര്‍മ്മാണ രീതി അവിടെ ഓരോ ശില്‍പ്പത്തിലും കാണാം. ഇവയില്‍ പലതും മുസ്ലിം പടയോട്ടകാലത്ത് അംഗഭംഗം സംഭവിച്ചവയാണ്. ഒരു പടയാളി ശില്‍പ്പത്തിന്റെ കാതുകള്‍ തമ്മില്‍ ബന്ധപ്പെടുത്തുന്ന ഒരു ദ്വാരം നിര്‍മ്മിച്ചിട്ടുള്ളത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. രാധാകൃഷ്ണന്‍ ഒരു വയ്‌ക്കോല്‍ ശില്‍പ്പത്തിന്റെ ഒരു ചെവിയിലൂടെ കടത്തി മറുചെവിയിലൂടെ തിരിച്ചെടുത്തു കാണിച്ചു. ഒരു യന്ത്രവും ഉപയോഗിക്കാതെ വളരെ മൂര്‍ച്ചയേറിയതും സൂക്ഷ്മവുമായ ഉളികൊണ്ട് ഇത്തരമൊരു ദ്വാരം ഉണ്ടാക്കി അത് കൃത്യമായി ഒരു ചെവിയില്‍ നിന്നും മറ്റൊരു ചെവിയിലെത്തിക്കുക എന്നത് ഓര്‍ക്കുമ്പോള്‍ തന്നെ ആ കലാകാരനോടുള്ള മതിപ്പ് വര്‍ദ്ധിക്കും. ഇതിലും അതിശയകരമണ് ഗരുഢ മണ്ഡലത്തിലെ ഒരു പ്രതിമ. അതില്‍ കണ്ണും മൂക്കും വായും ചെവിയും തമ്മിലുള്ള ബന്ധം ബോധ്യമാക്കുന്നവിധമുള്ള സുഷിരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ശില്‍പ്പമുണ്ട്. അവിടെ നിത്യപൂജയുള്ളതിനാല്‍ രാധാകൃഷ്ണന് പ്രവേശനമില്ല. പൂജ സമയമായിരുന്നെങ്കില്‍ പൂജാരിയോട് ഒരു വയ്‌ക്കോലിറക്കി അതൊന്നുകാണിക്കാന്‍ ആവശ്യപ്പെടാമായിരുന്നു.

             ഹനുമാന്‍ സ്വാമിയുടെ 22 അടി പൊക്കമുളള ഒറ്റക്കല്‍ വിഗ്രഹം അതിശയിപ്പിക്കുന്നതാണ്. 1740 ല്‍ മുസ്ലിം അക്രമമുണ്ടായ കാലം ഈ വിഗ്രഹം കുഴിച്ചിട്ടു എന്ന് വിശ്വസിക്കപ്പെടുന്നു. നില്‍ക്കുന്ന ഹനുമാന്റെ ശക്തി താങ്ങാന്‍ പ്രകൃതിക്ക് കഴിയാത്തതിനാല്‍ വിഗ്രഹം കുഴിച്ചിട്ടു എന്ന് രാധാകൃഷ്ണന്‍ പറയുന്നു. ഏതായാലും അത് കുറേക്കാലം മണ്ണിനടിയില്‍തന്നെ കിടന്നു.1930 ല്‍ ഏതോ പുനരുദ്ധാരണ പ്രവര്‍ത്തനത്തിനിടയിലാണ് അത് കണ്ടെത്തി പുനഃസ്ഥാപിച്ചത്. പാറയില്‍ കൊത്തിയെടുത്ത നന്ദിയെയാണ് പൊതുവെ ക്ഷേത്രങ്ങളില്‍ കാണുക, എന്നാല്‍ ഇവിടത്തെ നന്ദി ശംഖും കക്കയും അരച്ചുണ്ടാക്കിയ കൂട്ടില്‍ തയ്യാറാക്കിയതാണ്. 13 അടി പൊക്കവും 21 അടി നീളവുമുണ്ട് നന്ദിക്ക്. 800 വര്‍ഷം പഴക്കം പറയപ്പെടുന്നു. 

       വ്യത്യസ്തമായ വിനായക രൂപങ്ങളാണ് ക്ഷേത്രത്തന്റെ മറ്റൊരു പ്രത്യേകത. വിനായകന്റെ സ്ത്രീരൂപമായ വിഘ്‌നേശ്വരി,സാക്ഷി വിനായക, വല്ലഭ വിനായക, നീലകണ്ഠ വിനായക, മായാ ഗണപതി എന്നിവയാണ് വിനായക രൂപങ്ങള്‍. ആരം വളര്‍ത്ത നായകി, കാലഭൈരവ, രുദ്രവീണ വായിക്കുന്ന രാവണന്‍  എന്നിവയാണ് മറ്റ് പ്രതിമകള്‍.

      ഇന്ത്യയിലെ ആദ്യ ഭാഗ്യക്കുറി നടന്നതും ശുചീന്ദ്രത്താണ് എന്നത് ചരിത്രം. 1875 ല്‍ ഇടിമിന്നലില്‍ ക്ഷേത്രഗോപുരത്തിന് ക്ഷതം സംഭവിച്ചു. ഇത് ശരിയാക്കാന്‍ രാജകൊട്ടാരത്തില്‍ നിന്നനുവദിച്ച തുക പോരാതെ വന്നു. വട്ടപ്പള്ളി മഠംത്തിനാണ് ക്ഷേത്രനടത്തിപ്പ് ചുമതല. അന്നത്തെ കാരണവര്‍ വൈക്കം പാച്ചു മൂത്തത് പണം സ്വരൂപിക്കാന്‍ ഒരു ലോട്ടറി നടത്തുവാനുള്ള പദ്ധതി രാജാവിന് മുന്നില്‍ അവതരിപ്പിച്ചു. രാജാവത് സമ്മതിക്കുകയും ഒരു രൂപ മൂല്യമുള്ള 50,000 ടിക്കറ്റ് അടിച്ചു വില്‍ക്കുകയും ചെയ്തു.  പതിനായിരം രൂപയുടെ ഒറ്റ സമ്മാനമാണ് നിശ്ചയിച്ചിരുന്നത്. ബാക്കിവന്ന  40,000 രൂപ  ക്ഷേത്ര പുനഃനിര്‍മ്മാണത്തിന് ഉപയോഗിച്ചു. 

          ഡിസംബര്‍-ജാനുവരി മാസങ്ങളിലായെത്തുന്ന മാര്‍കഴി രഥോത്സവവും ഏപ്രില്‍-മേയില്‍ വരുന്ന ചിത്തിരൈ ഉത്സവവുമാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍. വലിയ തേരുകളും ചെറിയ തേരുകളും ഉത്സവത്തിനുണ്ടാവും.

   1860 വരെ ശുചീന്ദ്രത്ത് അഗ്നിപരീക്ഷ എന്നൊരു ശിക്ഷാസമ്പ്രദായം നിലനിന്നിരുന്നു. ഒരു ബ്രാഹ്മണന്‍ എന്തെങ്കിലും തെറ്റുചെയ്തതായി സംശയിച്ചാല്‍ അയാളെ ക്ഷേത്രത്തില്‍ കൊണ്ടുവന്ന് ഒരാഴ്ചക്കാലം പാര്‍പ്പിക്കും. ഓരോ ദിവസവും ചോദ്യം ചെയ്യും. തെറ്റ് ഏറ്റുപറയുന്നില്ലെങ്കില്‍ ഏഴാം നാള്‍ രാവിലെ പാളയാറില്‍ കുളിപ്പിക്കാന്‍ കൊണ്ടുപോകും. അപ്പോഴും ഒരവസരം കൂടി നല്‍കും. ആ സമയത്തും തെറ്റു ചെയ്തിട്ടില്ല എന്നാണ് പറയുന്നതെങ്കില്‍ ക്ഷേത്രമുറ്റത്ത് ചെമ്പു പാത്രത്തില്‍ വെണ്ണ തിളപ്പിക്കും. അതില്‍ വെള്ളിയിലുള്ള ഒരു കാളയുടെ രൂപം മുക്കും. കുറ്റാരോപിതന്‍ കൈയ്യിട്ട് തിളച്ച വെണ്ണയില്‍ നിന്നും കാളയെ പുറത്തെടുത്ത് ഇലയില്‍ വയ്ക്കണം. തുടര്‍ന്ന് കൈ പൊതിഞ്ഞുകെട്ടും. മൂന്നാം നാള്‍ അഴിക്കുമ്പോള്‍ കൈക്ക് പൊള്ളലില്ല എന്ന് കണ്ടെത്തിയാല്‍ കുറ്റക്കാരനല്ല എന്നു വിധിക്കും. പൊള്ളിയിട്ടുണ്ടെങ്കില്‍ ശിക്ഷാവിധിയുണ്ടാവും. സ്വാതി തിരുനാളാണ് ഒടുവില്‍ ഈ ദുരാചാരം അവസാനിപ്പിച്ചത്.

   ശുചീന്ദ്രത്തെ സംബ്ബന്ധിച്ച ക്ഷേത്രപുരാണങ്ങള്‍ നിരവധിയാണ്. ശൈവ-വൈഷ്ണവ സംഘട്ടനങ്ങള്‍ക്ക് ശേഷം ഹിന്ദുമതം സുന്നി-ഷിയാ പോലെ ബദ്ധശത്രുക്കളായി മാറാതിരിക്കാനുണ്ടാക്കിയ ബുദ്ധിപരമായ കഥകളാവണം ഇതൊക്കെ. എങ്കിലും കഥയിങ്ങനെ. ഈ പ്രദേശം അത്രി മഹര്‍ഷിയുടെ ആശ്രമം ഉള്‍ക്കൊള്ളുന്ന കാടായിരുന്നു. അത്രി മഹര്‍ഷിയും പതിവ്രതയായ ഭാര്യ അനസൂയയും ജ്ഞാനാരണ്യയില്‍ സസുഖം വാഴവെ നാരദമുനി ഒരു ചടങ്ങില്‍വച്ച് ലക്ഷ്മി-സരസ്വതി-പാര്‍വ്വതിമാരോട് അനസൂയയുടെ പാതിവ്രത്യത്തെക്കുറിച്ച് പറഞ്ഞു. അപ്പോള്‍ അതൊന്നു പരീക്ഷിക്കണെമന്ന് അവര്‍ തീരുമാനിച്ചു. അവര്‍ ബ്രഹ്മ-വിഷ്ണു-ശിവന്മാരോട് അനസൂയയെ പരീക്ഷിക്കാന്‍ ആവശ്യപ്പെടുന്നു. അവര്‍ ഭിക്ഷുക്കളുടെ വേഷത്തില്‍ ആശ്രമത്തിലെത്തി ഭക്ഷണവും ദാനവും ചോദിച്ചു. അവര്‍ ഭക്ഷണം എടുക്കാനായി പോകുമ്പോള്‍ ഭിക്ഷുക്കള്‍ പറഞ്ഞു, ഞങ്ങള്‍ ഒരു പ്രതിജ്ഞയെടുത്തിട്ടുണ്ട്, നഗ്നരായവരില്‍ നിന്നേ ഭിക്ഷ സ്വീകരിക്കൂ എന്ന്.വിഷമത്തിലായ അനസൂയ ഭര്‍ത്താവിന്റെ കാല്‍ കഴുകിയ തീര്‍ത്ഥജലം ഭിക്ഷുക്കളുടെ ദേഹത്തു തളിച്ചു. അപ്പോള്‍ അവര്‍ മൂന്ന് കുട്ടികളായി മാറി. അതിനുശേഷം വിവസ്ത്രയായി നിന്ന് അവരെ ഊട്ടി. ഭര്‍ത്താക്കന്മാരുടെ ദയനീയാവസ്ഥ  മനസിലാക്കിയ ലക്ഷമി-സരസ്വതി -പാര്‍വ്വതിമാര്‍ അനസൂയയോട് മാപ്പിരന്ന് അവരെ പഴയ രൂപത്തിലാക്കി കൊണ്ടുപോയി .അങ്ങിനെ മൂന്ന് ദൈവങ്ങളും ഒത്തുവന്ന ഇടത്ത് ത്രിമൂര്‍ത്തികളെ ആവാഹിച്ച് പ്രതിഷ്ടിച്ചു എന്നാണ് ഒരു കഥ. ( ദേവീ ദേവന്മാരോടുള്ള മതിപ്പ് കുറയ്ക്കുന്ന ഇത്തരം കഥകള്‍ അന്നത്തെ നാസ്തികര്‍ എഴുതിയതാവണം!!) .

മറ്റൊരു കഥ ഇതിലും വിചിത്രമാണ്. ഗൗതമ മഹര്‍ഷിയും അഹല്യയും ഒരു കാട്ടിലെ ആശ്രമത്തില്‍ സന്തോഷത്തോടെ ജീവിക്കുകയായിരുന്നു. അഹല്യ അതിസുന്ദരിയാണ്. സുന്ദരികളെ കണ്ടാല്‍ ഏതുവിധേനയും അവരെ പ്രാപിക്കുക എന്ന ഹീന മനസാണ് ഇന്ദ്രന്റേത്. അയാള്‍ അഹല്യയുടെ സൗന്ദര്യത്തില്‍ ആകെ ഭ്രമിച്ചു. ഒരു ദിവസം രാത്രിയില്‍ ഇന്ദ്രന്‍ കോഴി കൂവന്ന ശബ്ദമുണ്ടാക്കി. നേരംപുലര്‍ന്നു എന്ന ധാരണയില്‍ മഹര്‍ഷി കുളിക്കാനും പ്രാര്‍ത്ഥിക്കുവാനുമായിറങ്ങി. ഈ സമയം ദേവേന്ദ്രന്‍ മഹര്‍ഷിയുടെ രൂപത്തില്‍ അഹല്യയെ പ്രാപിച്ചു. പ്രഭാതമാകാന്‍ ഏറെ സമയം ബാക്കിയുണ്ടെന്നു ബോധ്യമായ ഗൗതമമഹര്‍ഷി തിരികെ വരുമ്പോള്‍ കാണുന്നത് ഇന്ദ്രനൊപ്പം ശയിക്കുന്ന അഹല്യയെയാണ്. കോപിഷ്ടനായ മുനി ഇന്ദ്രന്റെ ശരീരമാകെ യോനികള്‍ സൃഷ്ടിച്ച് വികൃതമാക്കി. അഹല്യ തെറ്റുകാരിയല്ല എന്നറിഞ്ഞിട്ടും അവരെ ശപിച്ച് കല്ലാക്കിമാറ്റി. ( ഇന്നത്തെ കാലത്താണെങ്കില്‍ ദേവേന്ദ്രന് ജയിലില്‍ നിന്നിറങ്ങാന്‍ സമയം കിട്ടില്ലായിരുന്നു. !! ) ഇന്ദ്രന്‍ കരഞ്ഞുവിളിച്ചു നടന്നു. ഒടുവില്‍ ഈ പ്രദേശത്തുവച്ച് മൂന്ന് ദേവന്മാരും ചേര്‍ന്ന് ഇന്ദ്രന് ദര്‍ശനം നല്‍കുകയും ഇന്ദ്രനെ ശുചിയാക്കിയെടുക്കുകയും ചെയ്തു. ഇന്ദ്രനെ ശുചിയാക്കിയ ഇടം എന്ന നിലയില്‍ ഇവിടം ശുചീന്ദ്രമായി മാറിയത് എന്നതാണ് ഈ രണ്ടാം കഥ. ഇപ്പോഴും നിത്യവും അര്‍ദ്ധരാത്രിയില്‍ ഇന്ദ്രന്‍  ഇവിടെയെത്തി ദൈവപൂജ ചെയ്യുന്നു എന്ന് ഭക്തര്‍ വിശ്വസിക്കുന്നു.

മൂന്നാം കഥ ഇങ്ങിനെ. കന്യാകുമാരി ദേവിയുമായുള്ള ശിവന്റെ വിവാഹം നിശ്ചയിച്ചു. ഒരുക്കങ്ങളെല്ലാം നടന്നു. രാത്രിയിലാണ് ശുഭമുഹൂര്‍ത്തം. വരന്റെ കൂട്ടര്‍ വിശ്രമം ശുചീന്ദ്രത്തായിരുന്നു. അവിടെ നിന്നും പുറപ്പെട്ട് 5 കിലോമീറ്റര്‍ മാറി വഴുക്കംപാറയിലെത്തുമ്പോള്‍, നാരദര്‍ വിവാഹം മുടക്കാനായി കോഴിയുടെ രൂപത്തില്‍ വന്ന് കൂവി. മുഹൂര്‍ത്തം കഴിഞ്ഞു എന്നു ഖിന്നനായി ശിവന്‍ മടങ്ങി എന്നാണ് ആ കഥ. അദ്ദേഹം തിരികെ ശുചീന്ദ്രത്തുവന്നു താമസമാക്കി എന്നാകുമോ ഉദ്ദേശിക്കുന്നത്  എന്ന് നിശ്ചയമില്ല. ഏതായാലും ഒരു പൂവന്‍കോഴി ക്ഷേത്രത്തിനുള്ളില്‍ ഓടി നടക്കുന്നതു കണ്ടു. രാധാകൃഷ്ണന്‍ പറഞ്ഞത് തമിഴര്‍ കോഴിയെ നേര്‍ച്ചയായി കൊണ്ടുവിട്ടുപോകുന്നതാണ് എന്നാണ്. കോഴി നേര്‍ച്ച സാധാരണയായി കാണുന്നത് കാളി ക്ഷേത്രങ്ങളിലാണെന്നു തോന്നുന്നു. ക്ഷേത്രത്തില്‍ നിന്നും നല്‍കിയ പൂജാദ്രവ്യങ്ങളും നിവേദ്യങ്ങളുമായി ഞങ്ങളിറങ്ങി. ഇനി മരുത്വ മലയിലേക്ക് .