Thursday 8 August 2019

A feast of Vultures - A book on vulnerable India by Josy Joseph



  A feast of Vultures -- ജോസി ജോസഫിന്റെ പുസ്തകം - ഒരാസ്വാദനം 





  ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒളിവ് കച്ചവടക്കാരുടെയും ചോരകുടിയന്‍ കഴുകന്മാരുടെയും കഥകള്‍ മറയില്ലാതെ പറയുകയാണ് എന്റെ സുഹൃത്തും ഹിന്ദുവിന്റെ നാഷണല്‍ സെക്യൂരിറ്റി എഡിറ്ററുമായ ജോസി ജോസഫ് ' ദ ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ് '  എന്ന പുസ്തകത്തില്‍. 2016ല്‍ ഹാര്‍പ്പെര്‍-കോളിന്‍സ് ഇറക്കിയ പുസ്തകം ഇത്ര വൈകിയാണ് റിവ്യൂ ചെയ്യുന്നത് എന്നത് ക്ഷമാപൂര്‍വ്വം സമ്മതിക്കട്ടെ. ഇങ്ങിനെ ഒരു രചന നടത്താനുള്ള ജോസിയുടെ അസാധാരണ ധൈര്യത്തെ എത്ര പുകഴ്ത്തിയാലും മതിയാകില്ല. ഈ പുസ്തകം എല്ലാ ഇന്ത്യന്‍ ഭാഷകളിലും വിവര്‍ത്തനം ചെയ്യപ്പെടേണ്ട ഒന്നാണ് എന്നു പ്രത്യേകം പറയേണ്ടതുണ്ട്.

   മൂന്ന് ഖണ്ഡമായി തിരിച്ച പുസ്തകത്തില്‍ ആദ്യഭാഗത്ത് ഇടനിലക്കാരുടെ കഥകളാണ് പറയുന്നത്. രണ്ടാം ഭാഗം സ്വകാര്യസ്ഥാപനങ്ങളുടെ ആര്‍ത്തിയുടെ കഥകള്‍ പറയുന്നു. മൂന്നാം ഭാഗം വലിയവന്റെ കഥകളാണ് പറയുന്നത്.

  അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികച്ച മുഖമാണ് ജോസി. എഴുത്താണെങ്കില്‍ അപസര്‍പ്പക നോവലിനെയും വെല്ലുന്ന സുഖകരമായ ഭാഷയിലും.

  ബിഹാറിലെ ഹൃദയ് ചക് ഗ്രാമത്തിലെ ജനതയുടെ സങ്കടങ്ങളാണ് ആമുഖത്തില്‍ പറയുന്നത്. സുഹൃത്തായ അന്‍വറിന്റെ ഗ്രാമമാണത്. അവിടേക്ക് ഒരു റോഡ് നിര്‍മ്മിക്കാന്‍ ഡല്‍ഹിയില്‍ ലോബി ചെയ്യുന്ന അന്‍വര്‍ ഇന്ത്യന്‍ ജനാധിപത്യം ഗ്രാമങ്ങളോട് കാട്ടുന്ന ക്രൂരതയുടെ ശരിയായ മുഖമാണ് കാട്ടിത്തരുന്നത്. മന്ത്രി കനിഞ്ഞാലും ഉദ്യോഗസ്ഥര്‍ കനിയാത്ത അവസ്ഥ. അത് ഇന്നലെ മാത്രമല്ല, ഇന്നും നാളെയും ഇങ്ങിനെ തുടര്‍ന്നേക്കാം. എന്തുകൊണ്ട് നക്‌സലുകള്‍ ഉണ്ടാകുന്നു എന്നതിനും തെളിവാണ് ആ സംഭവ ചിത്രീകരണം.

  ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായങ്ങളില്‍ ഒന്ന് ഇടനിലക്കാരനാകുകയെന്നതാണ്.ഇടനിലക്കാരുടെയും ഉദ്യോഗസ്ഥരുടെയും കൈമറിയുന്നതോടെ സര്‍ക്കാര്‍ ചിലവഴിക്കുന്ന  തുകയുടെ 20-25 ശതമാനം മാത്രമെ യഥാര്‍ത്ഥത്തില്‍ താഴെ എത്തുന്നുള്ളു എന്നും ജോസി വ്യക്തമാക്കുന്നു.

   ധവാന്‍ എന്ന വാഴ്ത്തപ്പെട്ട ടൈപ്പിസ്റ്റിന്റെ കഥയാണ് തുടര്‍ന്നു പറയുന്നത്. ഇന്ദിരാഗാന്ധിയുടെ ഓഫീസില്‍ മന്ത്രിമാര്‍ക്കുപോലും അവരെ കാണണമെങ്കില്‍ ധവാന്‍ കനിയണമായിരുന്നു. ഇതേ ധവാന്‍ കൂടെയുള്ളപ്പോഴാണ് അവര്‍ വെടിയേറ്റു വീണതും. ഇന്ത്യ വിഭജനകാലത്ത് ഡല്‍ഹിയിലെത്തിയ പത്തുവയസുകാരന്‍ പയ്യന്‍ അധികാരത്തിന്റെ ഉത്തുംഗത്തിലെത്തിയ കഥയാണ് ജോസി പറയുന്നത്. 24X7X365 എന്ന നിലയില്‍ ജോലിചെയ്ത് ഉറപ്പിച്ച വിശ്വാസം. ഇന്ദിര കൊലക്കേസ് അന്വേഷണം ധവാനെ പ്രതിസ്ഥാനത്തു നിര്‍ത്തി ചോദ്യം ചെയ്തു. എങ്കിലും കോണ്‍ഗ്രസ് കൈവിട്ടില്ല. ധവാന്‍ എംപിയായി.

   1977 ലാണ് വിന്‍സന്റ് ജോര്‍ജ്ജ് എന്ന ടൈപ്പിസ്റ്റിന്റെ വരവ്. അതും ധവാന് താഴെയായി. രാജീവിന്റെ കാലമായപ്പോള്‍ ധവാന് പകരമായി വിന്‍സെന്റ്. രാജീവ് പോയതോടെ വിന്‍സന്റ് സോണിയ കുടുംബത്തിന്റെ നെടുംതൂണായി. പക്ഷെ നരസിംഹറാവുവിന്റെ വരവോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. വിന്‍സന്റ് ഒതുക്കപ്പെട്ടു. എന്നാല്‍ അത് താത്ക്കാലികമായിരുന്നു. 1997 ല്‍ സോണിയ രാഷ്ട്രീയത്തില്‍  ശക്തിപ്രാപിച്ചതോടെ വിന്‍സന്റ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു. പക്ഷെ 98 ലെ ബിജെപി സര്‍ക്കാര്‍ വിന്‍സന്റിന്റെ ഉറക്കം കെടുത്തി. അനധികൃത സ്വത്തുക്കള്‍ സംബ്ബന്ധിച്ച അന്വേഷണം ഊര്‍ജ്ജിതമായി. ആ തലവേദനകള്‍ ഒഴിഞ്ഞത് മന്‍മോഹന്‍ സിംഗ് അധികാരത്തില്‍ വന്നതോടെയാണ്.

   ഉന്നത നേതാക്കളുടെ ശിങ്കിടികള്‍ ഉന്നതവിജയങ്ങള്‍ നേടിയ കഥകള്‍ അനേകം. അരുണ്‍ ജെയ്റ്റിലിക്കൊപ്പം നിന്ന ഒ.പി.ശര്‍മ്മ, പ്രമോദ് മഹാജന്റെ സുഹൃത്ത് പിന്നീട് സ്‌പൈസ് ജറ്റ് ഉടമയായി മാറിയ അജയ് സിംഗ് തുടങ്ങി അനേകര്‍. എം.ഒ.മത്തായി ഒഴികെ ഇവരാരും ആത്മകഥ എഴുതിയില്ല എന്നു മാത്രം. മത്തായി എഴുതിയപ്പോള്‍ അത് വലിയ വിവാദവുമായി. ചില ഇടനിലക്കാര്‍ക്ക് ദുരന്തങ്ങളും സംഭവിച്ചിട്ടുണ്ട് എന്ന് ജോസി എഴുതുന്നു. 1993 ലെ റാവു സര്‍ക്കാരിനെ നിലനിര്‍ത്താന്‍ ജെഎംഎമ്മിന് പണം നല്‍കി. അതിലൊരു പങ്ക് ആവശ്യപ്പെട്ട പാര്‍ട്ടി ചെയര്‍മാന്‍ ഷിബു ഷോറന്റെ പ്രൈവറ്റ് സെക്രട്ടറി ശശിനാഥ് ത്സായെ കാണാതായി. 1998 ലാണ് അയാളുടെ ശരീരാവശിഷ്ടങ്ങളെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞത്. അങ്ങിനെയും സംഭവിക്കാം ഈ ടൈപ്പിസ്റ്റുകള്‍ക്ക് എന്നും ജോസി ചൂണ്ടിക്കാട്ടുന്നു.

  ആയുധ കച്ചവടത്തിലെ ഇടനിലക്കാരാണ് വമ്പന്‍ സ്രാവുകള്‍. വളരെ സുതാര്യമായി പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ രാജ്യങ്ങളിലെ കമ്പനികള്‍പോലും ഇന്ത്യയില്‍ ഇടനിലക്കാരെ വയ്ക്കും. എങ്കിലെ കാര്യങ്ങള്‍ നടക്കൂ. അഴിമതി ബോധ്യമായാലും വലുതായൊന്നും പ്രതിരോധമേഖലയില്‍ ആരും ഇടപെടില്ല. ദേശതാത്പ്പര്യം എന്ന് വജ്രായുധം വച്ചാണ് അഴിമതി മറയ്ക്കുക. പതിനായിരം കോടിക്ക് ഇസ്രയേലില്‍ നിന്നും മീഡിയം റേഞ്ച് സര്‍ഫസ് ടു എയര്‍ മിസൈല്‍ വാങ്ങുമ്പോഴായാലും റഫേല്‍ യുദ്ധവിമാനം വാങ്ങുമ്പോഴായാലും അത് തുടര്‍ന്നുകൊണ്ടേയിരിക്കും.10 ലക്ഷം ഡോളര്‍ നല്‍കി പ്രതിരോധമന്ത്രിയുടെ അപ്പോയിന്റ്‌മെന്റ് എടുത്ത ഒരു അമേരിക്കന്‍ കമ്പനിയുടെ കഥ ജോസി പറയുന്നുണ്ട്.

   ഇടനിലക്കാര്‍ നല്‍കുന്ന മികച്ച വാഗ്ദാനങ്ങളില്‍ അധികാരികള്‍ വീഴുന്നു. വിദേശവാസം, കുട്ടികള്‍ക്ക് വിദേശത്ത് വിദ്യാഭ്യാസം, വിദേശത്ത് വീട്, ബാങ്കില്‍ രഹസ്യ അക്കൗണ്ട്, നിക്ഷേപങ്ങള്‍, ഇങ്ങനെ പോകുന്നു വാഗ്ദാനങ്ങള്‍. 2001 ല്‍ തെഹല്‍ക്കയുടെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ വെസ്റ്റ്എന്‍ഡ് അഴിമതി പുറത്തുവന്നു. ബിജെപി സര്‍ക്കാര്‍ അഴിമതിക്കാരെയല്ല ടാര്‍ജറ്റ് ചെയ്തത്, മറിച്ച് തെഹല്‍ക്കയെ ആയിരുന്നു. പ്രതിരോധമേഖലയിലെ ഇടപാടുകളില്‍ കമ്മീഷന്‍ 10-11 ശതമാനമാണ്. ആയുധഇടപാടിലെ രാജാക്കന്മാര്‍ സുധീര്‍, അമൃത്, രാജീവ് ചൗധരിമാര്‍, നന്ദ തുടങ്ങിയവരാണ്. ഇവരുടെ ഇടപാടുകള്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട് പുസ്തകത്തില്‍. സിബിഐ അന്വേഷണങ്ങള്‍ വെറും പ്രഹസനങ്ങളാകുന്നതിന്റെ ഒട്ടേറെ കഥകള്‍ വായിക്കുമ്പോള്‍ ഈ സ്ഥാപനങ്ങളോടൊക്കെ വായനക്കാര്‍ക്ക് പുച്ഛം തോന്നുക സാധാരണം. 2012 ല്‍ സിബിഐ വിജിലന്‍സ് കമ്മീഷണറായിരുന്ന ശ്രീകുമാര്‍ പറയുന്നത് അഴിമതികേസുകള്‍ സിബിഐ അന്വേഷിച്ചതില്‍ ശിക്ഷ വിധിച്ചത് വെറും 3.96 ശതമാനം മാത്രമാണെന്നാണ്. ഒരിക്കല്‍ ഗോപാല്‍കൃഷ്ണ ഗാന്ധി സിബിഐയെ വിശേഷിപ്പിച്ചത് DDT എന്നാണ് ( Department of Dirty Tricks)

   കള്ളപ്പണം അധികമായുണ്ടാക്കുന്നവര്‍ ആദ്യം നേടുന്നത് നോണ്‍ റസിഡന്റ് ഇന്ത്യന്‍ സ്റ്റാറ്റസാണ്. ഇന്‍കം ടാക്‌സ് അടയ്ക്കാതിരിക്കാനുള്ള തന്ത്രം. ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ബോഫോഴ്‌സ് ഇടപാടിലെ പ്രധാന ഇടനിലക്കാരനായ Q എന്ന ക്വട്രോച്ചിയുടെ കഥ വിശദമായി പറയുന്നുണ്ട് പുസ്തകത്തില്‍. ഫ്രാന്‍സിന്റെ ഹൊവിറ്റ്‌സറിനെ ഒഴിവാക്കിയാണ് ബോഫോഴ്‌സ് കരാര്‍ നേടിയത്. ഇപ്പോള്‍ മല്യയും നീരവുമൊക്കെ കടന്നതുപോലെ 1993 ജൂലൈയില്‍ ക്വട്രോച്ചിക്കും രക്ഷപെടാന്‍ അവസരമൊരുക്കി അന്നത്തെ സര്‍ക്കാര്‍. എങ്കിലും ഇംഗ്ലണ്ട് ക്വട്രോച്ചിയുടെ അക്കൗണ്ട് മരവിപ്പിച്ചു. 2005 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നയതന്ത്രത്തിലൂടെ അത് ആക്ടീവാക്കി. 2011 ല്‍ 21 വര്‍ഷത്തെ അന്വേഷണത്തിന് ശേഷം സര്‍ക്കാര്‍ ബോഫോഴ്‌സ് കേസ് അവസാനിപ്പിച്ചു. 64 കോടിയുടെ അഴിമതികേസ് അന്വേഷിച്ചതിന് സിബിഐ ചിലവഴിച്ചത് 250 കോടിയായിരുന്നു എന്നത് ഓരോ ഇന്ത്യന്‍ പൗരനെയും നമ്മുടെ സംവിധാനങ്ങള്‍ വിഡ്ഡികളാക്കുന്നതിന്റെ വലിയ ഉദാഹരണങ്ങളില്‍ ഒന്നുമാത്രം.

  മക്കളും മരുമക്കളും രാഷ്ട്രീയത്തില്‍ കളിക്കുന്ന കളികള്‍ ജോസി വിശദീകരിക്കുന്നുണ്ട്. വാജ്‌പേയിയുടെ കാലത്ത് വളര്‍ത്തു മകളുടെ ഭര്‍ത്താവ് രഞ്ജന്‍ ഭട്ടാചര്യ, 2004 ല്‍ കോണ്‍ഗ്രസ് വന്നതോടെ റോബര്‍ട്ട് വാദ്ര. ഡിഎല്‍എഫ് അഴിമതി ഇടപാടുകള്‍ സിനിമക്കഥകളെ വെല്ലുന്നതാണ്.

  ആകാശത്തെ അടിപിടക്കഥ ജോസി എഴുതിയിരിക്കുന്നത് മികച്ച തിരക്കഥ രൂപത്തിലാണ്. കേരളത്തിലെ ഒരു ഗ്രാമത്തില്‍ നിന്നും മുംബയിലെത്തി ട്രാവല്‍ ഏജന്‍സി നടത്തിവന്ന തഖ്യുദീന്‍ അബ്ദുല്‍ വാഹിദ് എന്ന വ്യക്തി ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് എംഡിയാകുന്നതും നരേഷ് ഗോയല്‍ എന്ന മറ്റൊരു ട്രാവല്‍ ഏജന്‍സി ഉടമ ജറ്റ് എയര്‍വേയ്‌സ് തുടങ്ങുന്നതും തഖ്യുദീനെ ഇല്ലാതാക്കുന്നതുമാണ് ആ കഥ. ഇതില്‍ അധോലോക ഇടപാടുകളും കാര്യമായുണ്ടായിരുന്നു. ദാവൂദ് കണക്ഷനുമൊക്കെ ജോസി നന്നായി പറയുന്നുണ്ട്. നരേഷ് ഗോയലിന്റെ കുരുത്തക്കേടുകള്‍ വായിക്കുമ്പോള്‍ , ജറ്റ് എയര്‍വേയ്‌സിനെ അയാളുടെ സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കായി മനഃപൂര്‍വ്വം നശിപ്പിച്ചതാണെന്ന് ബോധ്യമാകും.

  വിജയ് മല്യ, മകന്‍ സിദ്ധാര്‍ത്ഥ് എന്നിവരുടെ ധാരാളിത്തവും അഹങ്കാരവും കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനെ തകര്‍ത്തതും അനേകംപേരെ തൊഴില്‍രഹിതരാക്കിയതുമായ കഥയാണ് Masters of the Game  ല്‍ ആദ്യം പറയുന്നത്. മിക്ക രാഷ്ട്രീയനേതാക്കളും മല്യയുടെ ഉച്ഛിഷ്ടം കഴിച്ചവരാണ്. അത് ദഹിക്കാതെ വയറ്റില്‍ പേറുന്നവര്‍. രാജ്യസഭയിലെത്തുന്ന വ്യവസായികള്‍ അവരുടെ താത്പ്പര്യങ്ങള്‍ക്കായാണ് പാര്‍ലമെന്റില്‍ ലോബി ചെയ്യുന്നത്. രാഹുല്‍ ബജാജ്, റിലയന്‍സില്‍ മുകേഷിന്റെ മനഃസാക്ഷിയായ പരിമള്‍ നത്വാനി എന്നിങ്ങനെ. ഇവര്‍ അവര്‍ക്ക് താത്പര്യമുള്ള മേഖലകളിലെ കമ്മറ്റികളില്‍ അംഗമായി അവര്‍ക്കാവശ്യമുള്ളവിധം  നിയമങ്ങളെ മാറ്റി എഴുതിക്കും. ഖനികള്‍ സ്വന്തമായുള്ള കല്‍പതരു ദാസ് ഖനികളെ സംബ്ബന്ധിച്ച സമിതി അധ്യക്ഷന്‍, മീഡിയ ഉടമ വിജയ് ദര്‍ദ മീഡിയ സമിതി അംഗം എന്നിങ്ങനെ. 2010ല്‍ നാഷണല്‍ സോഷ്യല്‍ വാച്ച് നടത്തിയ പഠന പ്രകാരം 543 ലോക്‌സഭാംഗങ്ങളില്‍ 128 പേര്‍ ബിസിനസുകാരായിരുന്നു. കോണ്‍ഗ്രസ് സ്‌പോക്‌സ് പേഴ്‌സണായ അഭിഷേക് സിംഗ്വി രാവിലെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരെ കമ്പനികള്‍ക്കുവേണ്ടി കോടതിയില്‍ വാദിക്കുകയും വൈകിട്ട് ചാനലുകളില്‍ വന്നിരുന്ന് സര്‍ക്കാരിനുവേണ്ടി വാദിക്കുകയും ചെയ്യുന്ന രസകരമായ വൈരുധ്യവും ജോസി തുറന്നുകാട്ടുന്നു. സിഎജി ടെലികോം അഴിമതി പുറത്തുകൊണ്ടുവന്നു. മോദിക്ക് അധികാരത്തിലെത്താന്‍ സഹായകമായ ഒരു വിഷയമായിരുന്നു ഇത്. പക്ഷെ അധികാരം കിട്ടിയതോടെ ടെലികോം ആഡിറ്റുകളില്‍ നിന്നും സിഎജിയെ ഒഴിവാക്കി സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുകയാണ് മോദി ചെയ്തത്. മുകേഷ് അംബാനിയുടെ പേ റോളിലുള്ള രവിശങ്കര്‍ പ്രസാദ് ടെലികോം മന്ത്രിയായതും യാദൃശ്ചികമല്ല.

  ചത്തീശ്ഗഡിലെ കല്‍ക്കരി ഖനികള്‍ സ്വന്തമാക്കിയ ജിന്‍ഡാല്‍ ഗ്രൂപ്പ് അവിടം സ്വന്തം സാമ്രാജ്യമാക്കിയതും എതിര്‍ക്കുന്നവരെ ഇല്ലാതാക്കുന്നതുമായ കഥകളും നമുക്കിതില്‍ വായിക്കാം. ബിഹാറില്‍ നിന്നുള്ള കോളേജ് ഡ്രോപ്പൗട്ട് അനില്‍ അഗര്‍വാള്‍ വേദാന്ത എന്ന സാമ്രാജ്യം കെട്ടിപ്പെടുത്ത കഥയും ജോസി പറയുന്നു.ഏറ്റവും ഒടുവില്‍ രേഖപ്പെടുത്തുന്നത് മുകേഷ് അംബാനിയുടെ കഥയാണ്. അംബാനിയുടെ Antilia യെന്ന കൊട്ടാരത്തിനെ പുറത്തുനിന്ന് നിരീക്ഷിക്കുന്ന ഒരു ഇന്ത്യനില്‍ നിന്നാണ് ആ കഥ പറഞ്ഞുതുടങ്ങുന്നത്. മുംബയിലെ വഖഫ് ബോര്‍ഡിന്റെ ഭൂമി വാങ്ങിയാണ് കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നത്. ന്യൂനപക്ഷകാര്യ വകുപ്പ് ഡയറക്ടര്‍ അഷിഷ് ജോഷി ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞത് ഇങ്ങിനെ. പണവും അധികാരവുമുള്ളവര്‍ ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉപയോഗിച്ച് രാജ്യത്തെ നിയമത്തെയും ഭരണഘടനയെയും നോക്കുകുത്തിയാക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരെപ്പിസോഡാണിത്. ഈ നോട്ടിംഗോടെ അദ്ദേഹം ആ കസേരയില്‍ നിന്നും ഹരിയാനയിലെ ഒരപ്രധാന തസ്തികയിലേക്ക് മാറ്റപ്പെട്ടു.

 അദാനി വഴിവിട്ട് കൈവരിച്ച നേട്ടങ്ങളും ജോസി വിവരിക്കുന്നു. സിബിഐ ഡയറക്ടറായി ബിജെപി കൊണ്ടുവന്ന രഞ്ജിത് സിന്‍ഹ അഴിമതിക്കെതിരായ യുദ്ധം പ്രഖ്യാപിച്ചുവെന്ന നിലയില്‍ മാധ്യമങ്ങളെ പറ്റിച്ച് , വീട്ടില്‍വച്ച് കേസുകള്‍ ഒതുക്കി കൈക്കൂലി വാങ്ങിയ വിചിത്ര കഥയും നമുക്ക് ഇതില്‍ വായിക്കാം.

  തെരഞ്ഞെടുപ്പാണ് അഴിമതിയുടെ മറ്റൊരു മുഖം. 2014ലെ തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരം കോടി ചിലവഴിച്ചുവെന്നാണ് അനൗദ്യോഗിക കണക്കെന്നാലും ബിജെപി ഇലക്ഷന്‍ കമ്മീഷന് നല്‍കിയ രേഖയില്‍ പറയുന്നത് 714 കോടിയും കോണ്‍ഗ്രസ് 516 കോടിയുമാണ്. ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിക്ക് ചിലവാക്കാവുന്ന തുകയുടെ പരിധി 70 ലക്ഷമെന്നിരിക്കെ 2014 ല്‍ 50 കോടി വരെ ചിലവഴിച്ചവരുണ്ടായിരുന്നു. ഇവര്‍ അഴിമതി നടത്താതെ ഈ ബിസിനസിലെങ്ങിനെ നേട്ടം കൊയ്യും. 2014 ല്‍ 50 കോടിയെങ്കില്‍ 2019ലെത്രയാകുമെന്നൂഹിക്കാവുന്നതേയുള്ളു. പക്ഷെ ഇലക്ഷന്‍ കമ്മീഷന് ഒരു കുലുക്കവുമില്ല!!

 പുസ്തകത്തിന്റെ ഉപസംഹാരത്തില്‍ ജോസി പറയുന്നത് തിഹാര്‍ ജയിലിനെക്കുറിച്ചാണ്. അവിടെ സഹാറ ഗ്രൂപ്പിന്റെ സുബ്രതാ റോയ്, അനേകം നേതാക്കള്‍, മനുഷ്യ ദൈവങ്ങളെന്നിങ്ങനെ നാടിന്റെ ഒരു പരിഛേദമാണുള്ളത്. ഇതിലുമെത്രയോ പേര്‍ പുറത്തും വിഹരിക്കുന്നു.

   ജനങ്ങള്‍ക്കായുള്ള ഒരു ജനായത്ത ഭരണമെന്നെങ്കിലും വന്നേക്കാമെന്ന ശുഭപ്രതീക്ഷ ജോസിക്കുണ്ട്. അന്ന് നമ്മളാരും ഉണ്ടാവണമെന്നില്ലയെന്നു പറഞ്ഞാണ് ജോസി അവസാനിപ്പിക്കുന്നത്. 

  ജോസിയുടെ അപാരധൈര്യത്തിന് മുന്നില്‍ നമ്മെ അത്ഭുതസ്തംബ്ധരാക്കി നിര്‍ത്തും ഈ പുസ്തകമെന്നതില്‍ സംശയമില്ല.

No comments:

Post a Comment