Tuesday 13 August 2019

Story - Gouravameriya charchakal enthukond undakunnilla ?

കഥ

    ഗൗരവമേറിയ ചര്‍ച്ചകള്‍ എന്തുകൊണ്ടുണ്ടാകുന്നില്ല ?

    ( 2004  ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ചത് )

   ദേവരാജന്റെ ക്വാര്‍ട്ടേഴ്‌സിലാണ് അവര്‍ ആഴ്ചയിലും ഒത്തുചേരാറുള്ളത്. ?അയാള്‍ ക്രോണിക് ബാച്ചിലറാണ് എന്നതിനാല്‍ സ്വാതന്ത്ര്യം ഇതുവരെയും നഷ്ടമായിട്ടില്ല. അവിടേക്ക് വരുമ്പോള്‍ രാമകൃഷ്ണന്റെ മനസില്‍ അനേകം ആശയങ്ങള്‍ കുമിഞ്ഞുകൂടിയിട്ടുണ്ടാകും. രാമകൃഷ്ണന്‍ ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചര്‍ച്ച ചെയ്യുകയും മനസിലെ ധാരണകള്‍ക്ക് അത്യാവശ്യം മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക ഇത്തരം സദസുകളിലാണ്.

   പറ്റിയ തെറ്റുകള്‍ തിരുത്തുകയും വീണ്ടും തെറ്റുകള്‍ ചെയ്യുകയുമാണല്ലൊ മനുഷ്യരും അവര്‍ തയ്യാറാക്കിയ വ്യവസ്ഥിതികളും സിദ്ധാന്തങ്ങളും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ചര്‍ച്ചകളും അവസാനിക്കാറില്ല.

  ചര്‍ച്ചകള്‍ക്ക് ചൂട് പകരാനായി വിസ്‌കി ഗ്ലാസിലേക്ക് പകരുമ്പോഴും സോഡയും വെള്ളവും ചേര്‍ത്ത് നേര്‍പ്പിക്കുമ്പോഴും രാമകൃഷ്ണന്‍ കരുതി, ഇന്ന് ശക്തിയേറിയ ഒരു വിഷയം പൊന്തിവരും,ഉറപ്പ്. എന്നാല്‍ പ്രതീക്ഷയ്ക്ക് വിരുദ്ധമായി കഴിഞ്ഞ ആഴ്ചകളുടെ ആവര്‍ത്തനമാണ് അന്നും ഉണ്ടായത്. പഴക്കംചെന്ന ഫ്‌ളാറ്റിലെ ഇലക്ട്രിക്കല്‍ തകരാറുകളാണ് പെട്ടെന്ന് ചര്‍ച്ചയിലേക്ക് കയറിവന്നത്. ട്യൂബ് ലൈറ്റ് ഒന്നണഞ്ഞുകത്തിയതാണ് ചര്‍ച്ചയെ വഴി തിരിച്ചു വിട്ടത്. 'കഴിഞ്ഞയാഴ്ച വാങ്ങിയിട്ട ട്യൂബാണ് ഇന്നലെ ഫ്യൂസായത് ', ദേവരാജന്‍ പറഞ്ഞു. ' ഇങ്ങനെ ആഴ്ചയിലും പണം ചിലവാക്കാന്‍ നമുക്ക് കഴിയുമോ ? '

  ' ട്യൂബ് പോട്ടെ , സാരമില്ലെന്നു വയ്ക്കാം. എന്റെ കംപ്യൂട്ടര്‍ അടിച്ചുപോയതോ ? എത്ര രൂപയാ നഷ്ടം, കൂട്ടിക്കേ ', മോഹനചന്ദ്രന്‍ പറഞ്ഞു. കൂടിയിരുന്ന മറ്റാര്‍ക്കും കംപ്യൂട്ടര്‍ ഇല്ലാത്തതിനാല്‍ ആരും മറുപടി പറഞ്ഞില്ല. ' അയ്യായിരം രൂപയാ ഒറ്റയടിക്ക് മാറിക്കിട്ടിയത്. ഇവന്റെയൊക്കെ ഒടുക്കത്തെ ഒരു കറന്റ് സപ്ലൈ.'

  മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പിട്ട അലൂമിനിയം കമ്പികളിലൂടെയാണ് കറണ്ട് പോകുന്നത്. ഇതൊക്കെ മാറ്റേണ്ട കാലം കഴിഞ്ഞു. ആരോട് പറയാന്‍. കേള്‍ക്കേണ്ടവര്‍ കാതില്ലാത്തവരും കണ്ണുകാണാത്തവരുമായാല്‍ ?

' നമ്മുടെ വ്യവസ്ഥിതിയില്‍ പൊതുവായുണ്ടായ മൂല്യച്യുതിയുടെ ഭാഗമാണിതൊക്കെ, അല്ലാണ്ടെന്താ ', രാമകൃഷ്ണന്‍ ഇതില്‍ നിന്നൊരു ചര്‍ച്ചയ്ക്കുള്ള സ്‌കോപ്പു നോക്കുകയായിരുന്നു.

' ഇതൊക്കെ മാറ്റാന്‍ മനസ് മാത്രം മതിയൊ, പണവും വേണ്ടെ ', രാധാകൃഷ്ണന്‍ സര്‍ക്കാരിനെ ഡിഫന്‍ഡു ചെയ്യാനുള്ള ശ്രമത്തിലാണ്. ' ഇനി ഏതായാലും അടുത്ത സാമ്പത്തിക വര്‍ഷമെ നടക്കൂ ഇതൊക്കെ', അയാള്‍ പറഞ്ഞു.

  ' ഓ, അപ്പോഴേക്കും ഇലക്ഷനായി. പിന്നെ ആരുവരും, വരില്ലെന്നാര്‍ക്കറിയാം ', ദേവരാജന്‍ പറഞ്ഞു.

    ഗോള്‍ മാര്‍ക്കറ്റിലെ പുരാതനമായ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലിരുന്നാണ് അവര്‍ വ്യക്തിപരമായ ഈ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഈ കെട്ടിടം നിര്‍മ്മിച്ചശേഷം സര്‍ക്കാര്‍ പണിത പരശതം ക്വാര്‍ട്ടഴ്‌സുകളുടെ സ്ഥിതിയും ഇതൊക്കെത്തന്നെയാണ്. അലൂമിനിയം കമ്പിക്കുപകരം ചെമ്പുകമ്പി ഉപയോഗിച്ച് വയറിംഗ് ചെയ്ത വീടുകളാണ് ആര്‍കെ പുരത്തും മിന്റോ റോഡിലുമൊക്കെയുള്ളത്. അവിടെയും കുട്ടികള്‍ക്ക് ഷോക്കേല്‍ക്കുകയും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ നശിക്കുകയും ചെയ്യുന്നുണ്ട്. ഇതിനൊക്കെ കാരണമാകുന്ന വ്യവസ്ഥിതിയുടെ ആദിരൂപം ഗോത്രത്തലവനെ സ്വാധീനിക്കാന്‍ ഉപയോഗിച്ച ലഹരികളാണ് എന്ന കാര്യം മറന്നുകൂട', രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അപ്പോള്‍ തണുപ്പ് അരിച്ചുകയറുന്ന കൈകാലുകളിലും ഉടലിലും ഒരു തരിപ്പ് അനുഭവപ്പെട്ടു. ഗ്ലാസില്‍ ബാക്കിയുണ്ടായിരുന്ന വിസ്‌ക്കി കൂടി അകത്താക്കി, അയാള്‍ ഒരു പെഗ്ഗ് കൂടി ഒഴിച്ചു. മറ്റുള്ളവരുടെ ഗ്ലാസുകളും ഒപ്പം ഒഴിഞ്ഞത് അതിശയത്തോടെ രാമകൃഷ്ണന്‍ നോക്കി. അവ നിറയ്ക്കുന്ന ഉത്തരവാദിത്തവും അയാള്‍ ഏറ്റെടുത്തു.

   വറുത്ത കപ്പലണ്ടി തോട് പൊട്ടിച്ച് വായിലിട്ടു ചവച്ച് രാധാകൃഷ്ണന്‍ പറഞ്ഞു, ' എല്ലാ മേഖലയിലും അഴിമതിയാണ്. ഒരു വര്‍ഷം മുന്‍പ് പണിതീര്‍ത്ത ഡിഡിഎ ഫ്‌ളാറ്റിലാണല്ലൊ ഞാന്‍ താമസിക്കുന്നത്. അവിടെ ബാത്ത്‌റൂമുകളും കക്കൂസുമൊക്കെ പൊട്ടിയൊലിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഭിത്തികള്‍ നനവുതട്ടി പൊരിഞ്ഞിരിക്കുന്നു. ഇത് ഹൈജീനിന്റെ പ്രശ്‌നമാണ്.പ്രധാനമന്ത്രിക്കൊ മന്ത്രിമാര്‍ക്കൊ ഇതൊക്കെ അറിയണമൊ ? അവര്‍ക്കെന്താ പ്രശ്‌നം ?  ഇത് വളരെ സീരിയസായ പ്രശ്‌നമാണ്. ഉന്നത ലെവലില്‍ ടേക്അപ്പ് ചെയ്യേണ്ടതുമാണ്. സെക്രട്ടറിക്ക് തന്നെ നേരിട്ട് പരാതി നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ഹയര്‍ ലവലില്‍ ഇതൊക്കെ ഒന്നറിയുന്നത് നല്ലതാണ്', മോഹനചന്ദ്രന്‍ പറഞ്ഞു.

 ഇതിനെ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ പോകുന്നു എന്നുതന്നെ രാമകൃഷ്ണന്‍ കരുതി.

' ഇന്ത്യയുടെ ഈ പോക്ക് ഒരപകടത്തിലേക്കാണെന്നാണ് എനിക്ക് തോന്നുന്നത്', രാമകൃഷ്ണന്‍ തുടര്‍ ചര്‍ച്ചക്ക് കളമിടുവാന്‍ ശ്രമിച്ചു.

' പിന്നേ - പോക്ക് - നീ വെറുതെ ആശങ്കാകുലനാകാതെ ആ മിക്‌സ്ചറിങ്ങോട്ടെടുക്ക്. എരിവില്ലാത്തതുകൊണ്ട് എന്തോ ഒരു മാതിരി ', രാമകൃഷ്ണന്‍ നീട്ടിയ പാത്രത്തില്‍ നിന്നും ശ്രീധരന്‍ ഒരുപിടി മിക്‌സ്ചര്‍ വാരിവായിലിട്ടു.

 ' ങ്ഹാ - ഒരു കാര്യം പറയാന്‍ മറന്നു. പുതിയൊരു കാസറ്റ് വന്നിട്ടുണ്ട്. നല്ല ക്വാളിറ്റിയുള്ള സാധനം. പാലികേന്നാ - ഒറിജിനല്‍ പ്രിന്റ് ', ദേവരാജന്‍ പറഞ്ഞു.

  ' അപ്പൊ നീ അതൊന്നു കണ്ടുകഴിഞ്ഞു -ല്ലെ. ദുഷ്ടന്‍, എങ്കില്‍ പിന്നെ എല്ലാമൊന്ന് സെറ്റ് ചെയ്യ്. വെറുതെ സമയം കളയണ്ടല്ലൊ ? ',  ശ്രീധരന്‍ ഉത്സാഹവാനായി ദേവരാജനെ സഹായിക്കാനായി എഴുന്നേറ്റു.

  സെക്‌സിനെ സംബ്ബന്ധിച്ച് അടുത്തിടെ ഇറങ്ങിയ പുസ്തകവും അതില്‍ വിവരിക്കുന്ന ലൈംഗികതയുടെ പുതിയ തലങ്ങളും അടുത്തിടെ കാണാനിടയായ സൈബര്‍ സെക്‌സും ഇന്ത്യന്‍ സ്ത്രീകളുടെ സെക്ഷ്വല്‍ സങ്കല്‍പ്പങ്ങളില്‍ വരേണ്ട കാതലായ മാറ്റങ്ങളുമൊക്കെയാണ് പിന്നെ ചര്‍ച്ചയ്ക്ക് സുഖം പകര്‍ന്നത്.

 കാസറ്റ് ചലിച്ചു തുടങ്ങിയപ്പോള്‍ വളരെ താണതരം കമന്റുകള്‍ കൊണ്ട് മുറി മുഖരിതമായി. ഒടുവില്‍ ദൃശ്യങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ കുപ്പികളും കാലിയായിരുന്നു. സമയം പാതിരാവും. തണുപ്പിന്റെ അരിച്ചരിച്ചുള്ള അന്വേഷണം മുറിയാകെ വ്യാപിച്ചിട്ടുണ്ട്. എവിടെയും തണുപ്പുമാത്രം എന്ന സ്ഥിതി. ഫോണ്‍ കോളുകള്‍ വന്നു തുടങ്ങി. ഓരോരുത്തരെയായി അവരവരുടെ ഭാര്യമാര്‍ വിളിക്കുകയാണ്. ഈ തണുപ്പകറ്റാന്‍ റജായിയെയും കമ്പിളിയെയും വെല്ലുന്ന ചൂട് മനുഷ്യന്റേതുതന്നെയാണ് എന്ന് ആ മണിമുഴക്കങ്ങള്‍ ഓര്‍മ്മപ്പെടുത്തി.

 ഗുഡ്‌നൈറ്റ് ആശംസിച്ച് എല്ലാവരും യാത്ര പറഞ്ഞു പിരിഞ്ഞു. കുടുംബം നാട്ടിലേക്ക് പോയതിനാല്‍ ഏകനായ രാമകൃഷ്ണന്‍ വീട്ടിലെത്തി കമ്പിളിക്കുള്ളിലേക്ക് കടന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കവെ അയാള്‍ ആലോചിച്ചു, ഈയിടെയായി എന്തുകൊണ്ടാണ് ഗൗരവമേറിയ ചര്‍ച്ചകള്‍ ഉണ്ടാകാത്തത് ?

No comments:

Post a Comment