Thursday, 15 August 2019

Story -- Pizhakkunna kanakkukal

കഥ

    പിഴയ്ക്കുന്ന കണക്കുകള്‍
 
(2001 മെയ് 20, സണ്‍ഡേ മംഗളത്തില്‍ പ്രസിദ്ധീകരിച്ചത്)

 

   അസ്തമയ സൂര്യന്റെ അവസാന കിരണങ്ങളും കെട്ടുകഴിയും മുന്‍പ്  തങ്കപ്പന്റെ ഡ്യൂട്ടി തുടങ്ങും. ചുറ്റാകെ ഉയര്‍ന്ന മതില്‍കെട്ടി, മുന്നില്‍ ഗേറ്റിട്ട കമ്പനിപടിക്കലെ കാവല്‍ക്കാരനാണ് അയാള്‍. വൈകിട്ട് അഞ്ചുമണിക്ക് വീട്ടില്‍ നിന്നിറങ്ങണം.ആറുമണിക്ക് ഡ്യൂട്ടി തുടങ്ങും. ജോലിക്കാര്യത്തില്‍ തങ്കപ്പനും മുതലാളിയും വളരെ കണിശക്കാരാണ്. എണ്ണയിട്ടു മിനുക്കിയ സൈക്കിളില്‍ രാത്രിയിലേക്കുള്ള ഭക്ഷണവും വായിക്കാനൊരു പുസ്തകവുമായി തങ്കപ്പന്‍ പടിയിറങ്ങുമ്പോള്‍ നാരായണിത്തള്ള നെടുവീര്‍പ്പിടും.

 ' മോനെ,വയസായ ഈ തള്ള ഇന്നോ നാളെയോ എന്നായി. ചോറുവച്ചുതരാന്‍ ഒരുത്തിയെ കൊണ്ടുവന്നുകൂടെ നിനക്ക്? '

തങ്കപ്പന്റെ മനസില്‍ ദമയന്തിയുടെ മുഖം തെളിയുന്ന നിമിഷം. അവന്‍ പറയും, ' സമയമാകട്ടമ്മെ, എല്ലാം നടക്കും.'

ഒടുവില്‍ സമയമായെന്നുതോന്നിയത്, തള്ള കിടക്കപ്പായില്‍ തളര്‍ന്നു കിടന്നപ്പോഴാണ്. അന്നുതന്നെ അയാള്‍ ദമയന്തിക്ക് പുടവകൊടുത്തു. നാലാളുടെ സാന്നിധ്യത്തില്‍ അവള്‍ക്ക് പുടവ കൊടുക്കുമ്പോള്‍ അഭിമാനം തോന്നി. കമ്പനിയിലെ ഏതാണ്ടെല്ലാ ചെറുപ്പക്കാരുടെയും കണ്ണുകളില്‍ തിളങ്ങിയ ദമയന്തി ഇന്നു മുതല്‍ തന്റെ സ്വന്തം. അവളുടെ കഥ പറയുന്ന കണ്ണുകളിലും കവിളിലെ വശ്യതയിലും നോക്കിനോക്കിയിരിക്കെ മുതലാളി കല്‍പ്പിച്ചനുവദിച്ച നാലുനാളത്തെ അവധി തീര്‍ന്നിരുന്നു.

 ദമയന്തിയെ ഇനി ജോലിക്കയ്‌ക്കേണ്ട എന്നു തങ്കപ്പന്‍ തീരുമാനിച്ചിരുന്നു. അവള്‍ക്കും അത് സമ്മതമായി. ദിവസവും ഉച്ചച്ചൂടില്‍ ഉരുകിയൊലിച്ച്, ഒന്നു കുളിച്ച് ശുദ്ധി വരുത്തി, നീണ്ടചുംബനത്തിന്റെ സുഖവും പകര്‍ന്ന് കമ്പനിപ്പടിക്കലേക്ക് യാത്രയാകുമ്പോള്‍ രണ്ടുപേരുടേയും കണ്ണുകളില്‍ ഈറന്‍ പടരുമായിരുന്നു. മധുവിധുവിന്റെ ലഹരി ഒന്നാറിത്തണുത്ത് ജീവിതത്തിന്റെ പലവിധ യാതനകള്‍ കടന്നുവരാന്‍ തുടങ്ങിയതോടെ തങ്കപ്പന്‍ ക്ഷീണിതനായി തുടങ്ങി. ഒരിക്കലും രണ്ടറ്റമെത്താത്ത കുടുംബ ബജറ്റും അസ്വസ്ഥത നിറഞ്ഞ രാത്രികളും കൂടി തങ്കപ്പനില്‍ ഒരുതരം ബാധയാകാന്‍ തുടങ്ങി. അമ്മയ്ക്ക് മരുന്നുവാങ്ങാന്‍ കുറച്ചുപണം അനുജന്‍ അയച്ചുകൊടുത്തുകൊണ്ടിരുന്നു. അതുകൂടി ഇല്ലായിരുന്നെങ്കില്‍ ! അവന് നാട്ടിലേക്ക് മാറ്റം കിട്ടിയാല്‍ ആശ്വാസമായി.

കമ്പനി മുതലാളിയോട് ഇടയ്ക്കിടെ ഈ കാര്യം അയാള്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

' മുതലാളി ഒന്നു മനസുവച്ചാല്‍ -- മന്ത്രി മുതലാളിയുടെ പാര്‍ട്ടിക്കാരനല്ലെ-- ജയന്തന് ഒരു മാറ്റം കിട്ടിയിരുന്നെങ്കില്‍ -- ! '

' ഓ- ആ കാര്യം ഞാനങ്ങു മറന്നു. ശരിയാക്കാമെടോ, ഇന്നു തന്നെ ഞാന്‍ പറയുന്നുണ്ട് ', മുതലാളി പറഞ്ഞു.

  മന്ത്രിയുടെ ഉത്തരവ് പ്രകാരം അധികം വൈകാതെ ജയന്തന് മാറ്റവും കിട്ടി. നാണിത്തള്ള അധികകാലം കിടന്നു നരകിച്ചില്ല. ഒരു രാത്രി വിളിയുണ്ടായി. അവര്‍ യാത്രയാവുകയും ചെയ്തു.

ചേട്ടനില്ലാത്തപ്പോള്‍ വീട്ടില്‍ ചേട്ടത്തിയോടൊപ്പം എങ്ങിനെ- ? ജയന്തന്റെ മുന്നില്‍ ഒരു ചോദ്യമുണര്‍ന്നു. അതൊരാശങ്കയായി പടര്‍ന്നു.

എന്നാല്‍ തങ്കപ്പന്റെ മനസില്‍ മറ്റു പലതരം ചിന്തകള്‍ ഒഴുകിപ്പരക്കുകയായിരുന്നു.ആകെ പത്ത് സെന്റ് ഭൂമിയാണുള്ളത്. വീട് നില്‍ക്കുന്ന അഞ്ചു സെന്റ് അനുജനും ബാക്കി തനിക്കും. ജയന്തന്‍ ഒരു വിവാഹം ചെയ്തു കഴിഞ്ഞാല്‍ മാറിത്താമസിക്കണം. ഇന്നത്തെ കാലത്ത് ഒരു ചെറുകൂരയെങ്കിലുമുണ്ടാക്കാന്‍ എത്ര രൂപ വേണ്ടിവരും. ഓര്‍ത്തുനോക്കുമ്പോള്‍ ഭ്രാന്ത് പിടിക്കുംപോലെ.

അയാള്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഒടുവില്‍ എന്തോ നിശ്ചയിച്ചപോലെ ദമയന്തിയെ നോക്കി പറഞ്ഞു, ' ദമയന്തീ, ജയന്തന്‍ ഒരു പാവമാണ്. അവനില്‍ നിന്നും എന്ത് തെറ്റുകുറ്റമുണ്ടായാലും ഞാന്‍ സഹിക്കും. നീയും അങ്ങിനെതന്നെയായിരിക്കണം. '

അവള്‍ ഒന്നും പറഞ്ഞില്ല. തങ്കപ്പന്‍ പറഞ്ഞ വാക്കുകളുടെ പൊരുള്‍തേടി അവള്‍ക്കെങ്ങും അലയേണ്ടിവന്നില്ല. ഇത്തരം കാര്യങ്ങള്‍ വേഗം ബോധ്യപ്പെടുന്നവളായിരുന്നു ദമയന്തി. ദമയന്തിയുടെ ഉള്ളുകുളുര്‍ത്തു. തന്നോളം മാത്രം പ്രായം വരുന്ന, തടിമിടുക്കും ഓജസുമുള്ള , നല്ല ചുറുചുറുക്കുള്ള ജയന്തന്‍. അറിഞ്ഞോ അറിയാതെയോ ജയന്തനെകുറിച്ച് വേണ്ടാത്ത ചിന്തകള്‍ അവളുടെ മനസില്‍ കുടിയേറിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവ് പറയുന്നു, അവനില്‍ നിന്നും എന്ത് തെറ്റുകുറ്റമുണ്ടായാലും നീ പൊറുക്കണമെന്ന്. അവള്‍ തങ്കപ്പനെ ഇറുകെപുണര്‍ന്ന് ചുംബനങ്ങള്‍ ചൊരിഞ്ഞു. പതിവുപോലെ അയാള്‍ ഡ്യൂട്ടിക്കിറങ്ങാന്‍ നേരം ജയന്തന്‍ വീട്ടിലെത്തി.

' ജയന്താ, നീ എങ്ങും പോകരുത്. വീട്ടില്‍ ഇവള്‍ മാത്രമെയുള്ളു എന്ന ബോധം വേണം. നിനക്ക് സ്ഥലം മാറ്റം കിട്ടിയതുതന്നെ ഭാഗ്യം. - ല്ലേല്‍ അമ്മയില്ലാത്ത ഈ സമയത്ത് എന്ത് ചെയ്യുമായിരുന്നു. ങ്ഹാ- ഞാനിറങ്ങുന്നു', തങ്കപ്പന്‍ പറഞ്ഞു.

അയാള്‍ പടിയിറങ്ങി. ഭര്‍ത്താവിനെ യാത്രയാക്കി തിരികെ വരുമ്പോള്‍ ദമയന്തിക്ക് എന്തുപറയണമെന്ന് അറിയില്ലായിരുന്നു. പൊതുവെ വാചാലനായ ജയന്തനും തനിച്ചായപ്പോള്‍ വാക്കുകള്‍ക്ക് പരതി. പത്രം തിരിച്ചും മറിച്ചുമിരുന്ന ജയന്തനോട് ദമയന്തി എന്തൊക്കെയോ ചോദിച്ചു. അവന്‍ തട്ടിയും മുട്ടിയും മറുപടിയും പറഞ്ഞു.

സമയം അതിന്റെ വഴിക്ക് നീങ്ങി. അത്താഴത്തിന് നേരമായി. ദമയന്തി വിളമ്പിക്കൊടുത്തു. ജയന്തന്‍ വാരിക്കഴിച്ചു. അവന്റെ ഭക്ഷണരീതി കണ്ടുരസിച്ച് , അറിയാത്തമട്ടില്‍ തട്ടിയും മുട്ടിയും ദമയന്തി നിന്നു. ജയന്തനില്‍ സ്‌നേഹകിരണങ്ങള്‍ പൊടിക്കാന്‍ ഇതൊക്കെ വേണ്ടതിലധികമായിരുന്നു. അവന്‍ ദമയന്തിയെ നോക്കി നോക്കിയിരിക്കെ അവളൊരപ്‌സരസായി കണ്ണുകളില്‍ നീന്തുന്നപോലെ. മനസിനെ ഒന്നടക്കി അവന്‍ ഉറങ്ങാന്‍ കിടന്നു. അടുത്ത മുറിയില്‍ നേരം വളരെയായിട്ടും വെളിച്ചം കണ്ട് അവന്‍ ചോദിച്ചു, ' ഉറങ്ങിയില്ലെ ? '

അകത്തുനിന്നും വിറയാര്‍ന്ന സ്വരമുയര്‍ന്നു, ' ഇല്ല. '

'-- ന്തേ -ഉറക്കം വരുന്നില്ലെ '

' ഉം, ഒരാഴ്ച മുന്‍പുവരെ മുറിയില്‍ അമ്മയുണ്ടായിരുന്നു. ഇന്നലെവരെ ഏട്ടനും. എനിക്ക് തനിച്ചുകിടക്കാന്‍ ഭയമാകുന്നു. കണ്ണടയ്ക്കാന്‍ കഴിയുന്നില്ല'

' ലൈറ്റണച്ചോളൂ, ഞാന്‍ വാതില്‍ക്കല്‍ കിടക്കാം', അവന്‍ പറഞ്ഞു.

' അയ്യോ, വേണ്ട ജയന്താ, നീ എന്തിന് തറയില്‍ കിടക്കുന്നു'

' ഓ- സാരമില്ല', അവന്‍ പായെടുത്ത് തറയില്‍ വിരിക്കാന്‍ തുടങ്ങി. ദമയന്തി എഴുന്നേറ്റുവന്ന് അവന്റെ കൈയ്യില്‍ കടന്നുപിടിച്ച് തടഞ്ഞു. ദമയന്തിയുടെ കൈയ്യില്‍ നിന്നും വൈദ്യുത തരംഗങ്ങള്‍ ജയന്തനിലേക്ക് വ്യാപിച്ചു. വശ്യമായ ആ ശക്തിയില്‍ ആവാഹിക്കപ്പെട്ട് ജയന്തന്‍ ദമയന്തിയുടെ ചൂടും ചൂരുമറിഞ്ഞ് വെളുപ്പാന്‍കാലത്ത് എപ്പൊഴോ ഒന്നു കണ്ണടച്ചു.

അടുത്ത പ്രഭാതത്തില്‍ ഡ്യൂട്ടി കഴിഞ്ഞെത്തിയ തങ്കപ്പന്‍ ദമയന്തിയെ നന്നായൊന്നു നോക്കി. ആലസ്യം വിട്ടുമാറാത്ത കണ്ണുകളും സംതൃപ്തിയുള്ള മുഖവും ശ്രദ്ധിച്ച് അയാള്‍ ഒന്നു പുഞ്ചിരിച്ചു. ദമയന്തി വല്ലാതെയായി.

' എന്തേ ചിരിക്കുന്നത് '

' ഒന്നൂല്ല പെണ്ണെ-വെറുതെ '

തങ്കപ്പന്‍ പറയുന്ന ഓരോ ചെറുവാക്കുകളുടെയും ഉള്ളറിയാന്‍ കഴിയുന്ന ദമയന്തി മനസില്‍ പറഞ്ഞു, ഇങ്ങേര്‍ ഒരു നല്ല മനുഷേനാ . തങ്കപ്പന്‍ മനോഹരങ്ങളായ രാത്രികളെ കമ്പനിപ്പടിക്കല്‍ സമര്‍പ്പിക്കുമ്പോള്‍ ദമയന്തിയും ജയന്തനും രതിലീലകളുടെ വൈവിധ്യചഷുകങ്ങള്‍ നുകരുകയായിരുന്നു. അവര്‍ തങ്കപ്പനെ മറന്നു. ബന്ധപാശങ്ങള്‍ മറന്നു.ഭൂമിയില്‍ ദമയന്തിക്കുവേണ്ടി ജയന്തനും ജയന്തനുവേണ്ടി ദമയന്തിയും സൃഷ്ടിക്കപ്പെട്ടു എന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. തങ്കപ്പന് അല്ലലറിയാതെ ജീവിക്കാമെന്നായി. വീട്ടുചിലവിന് ഒരു ചെറുതുക കൊടുത്താല്‍ മതി. ദമയന്തിയുടെ കാര്യങ്ങള്‍ ജയന്തന്‍ നോക്കിക്കൊള്ളും. വൈകിട്ട് ഒരല്‍പ്പം ചാരായം കുടിക്കാനുള്ള പണം കൈയ്യില്‍ വന്നു തുടങ്ങി.ജീവിതം സുഖകരമായ ഒരനുഭവമാണെന്ന് തങ്കപ്പനും തോന്നിത്തുടങ്ങി.

ഒരു ദിവസം തങ്കപ്പന്‍ ഭാര്യയോട് ചോദിച്ചു, ' ജയന്തന്‍ വിവാഹക്കാര്യം വല്ലതും പറയാറുണ്ടൊ ? ' അവളുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു. ' അവന് അതിലൊന്നും താത്പ്പര്യമില്ലെന്നാ തോന്നുന്നെ, ഒരു പ്രത്യേക പ്രകൃതം തന്നെ '. ദമയന്തി കൂടുതല്‍ പറയാനൊ മുഖമുയര്‍ത്താനോ മുതിര്‍ന്നില്ല. തങ്കപ്പന്‍ മനസില്‍ പറഞ്ഞു, ഓ- തന്നെ തന്നെ. എല്ലാം അറിഞ്ഞുകൊണ്ടുള്ള ദമയന്തിയുടെ ചിരി , അത് തങ്കപ്പന് ഇഷ്ടമായി. അവളെ ചേര്‍ത്തുപിടിച്ച് അയാള്‍ നെറുകയില്‍ ഉമ്മവച്ചു.

കാലം ഏറെ കൊഴിഞ്ഞെങ്കിലും ദമയന്തി പ്രസവിച്ചില്ല.ഒരു കുഞ്ഞിക്കാലുകാണാന്‍, അതിനെ ലാളിക്കാന്‍ തങ്കപ്പന്‍ ഏറെ കൊതിച്ചു. ദമയന്തിക്കും ആഗ്രഹമുണ്ടായിരുന്നു. ജയന്തനെപോലെ സുന്ദരനായൊരു കുട്ടി. അവള്‍ ആ ആഗ്രഹം അവനോട് പറയുകയും ചെയ്തു. അവര്‍ ഡോക്ടറെകണ്ട് പരിശോധന നടത്തിച്ചു. ഒടുവില്‍ ഡോക്ടര്‍ വിധിയെഴുതി. ദമയന്തിയുടെ ഗര്‍ഭപാത്രത്തില്‍ ഒന്നും മുളയ്ക്കില്ല. അവള്‍ സ്വന്തം ജന്മത്തെ പ്രാകിയ ഏക മുഹൂര്‍ത്തം. ജയന്തന്റെ ആശ്വാസവചനങ്ങളില്‍ അവളുടെ ദുഃഖം ഒരുവിധം കഴുകിയിറക്കി. തങ്കപ്പന്റെ സ്‌നേഹപൂര്‍ണ്ണമായ ലാളനയില്‍ ലയിച്ച് അവള്‍ ദുഃഖം മറന്നു.

നീണ്ട പതിനഞ്ചു വര്‍ഷത്തെ ദാമ്പത്യത്തിനിടയില്‍ തങ്കപ്പന്റെ മുഖം ഒന്നു കറുത്തുകണ്ടിട്ടില്ല. സദാ സംതൃപ്തനും സന്തോഷവാനുമായി അയാള്‍ കഴിഞ്ഞു. അങ്ങിനെയുള്ള ആ വീട്ടിലേക്ക് ദുഃഖത്തിന്റെ വിത്തുമായി കാലന്‍ കടന്നുവന്നു. ദമയന്തിയുടെ ശരീരമാകെ ചിക്കന്‍പോക്‌സിന്റെ വിത്തുകളെറിഞ്ഞ് അവ വളര്‍ത്തി, പിന്നീട് ന്യുമോണിയ നല്‍കി ദമയന്തിയുടെ ജീവനെ പിടിച്ചുകെട്ടി കൊണ്ടുപോയി. തങ്കപ്പനും ജയന്തനും അത് സഹിക്കാന്‍ കഴിഞ്ഞില്ല.

അവര്‍ പരസ്പ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു തളര്‍ന്നു.സദാ സന്തോഷം നിറഞ്ഞുനിന്ന വീട്ടില്‍ മൗനം തളം കെട്ടി. ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചും തോന്നുമ്പോള്‍ വന്നുംപോയും തങ്കപ്പനും ജയന്തനും വശംകെട്ടു. ഒരുദിവസം തങ്കപ്പന്‍ ജയന്തനോട് പറഞ്ഞു, ' ജയന്താ, വീട്ടില്‍ ഒരാളില്ലാതിരിക്കുക വലിയ പ്രയാസമാണ്. എനിക്കാണെങ്കില്‍ ഹോട്ടല്‍ ഭക്ഷണം തീരെ വയ്യാന്നായിരിക്കുന്നു.പ്രായവും ഏറെയായില്ലെ-', ഒന്നുനിര്‍ത്തി അകലെക്കെങ്ങോ നോക്കിക്കൊണ്ട് അയാള്‍ തുടര്‍ന്നു.' അതുകൊണ്ട് നീ ഒരു വിവാഹം കഴിക്കണം.' ഒരു വീടായാല്‍ അവിടെ ഒരു പെണ്ണില്ലാതിരുന്നാല്‍ ശരിയാകില്ല ജയന്താ '

ജയന്തന്‍ മൗനസമ്മതം കൊടുത്തു.തങ്കപ്പന്‍ അന്വേഷണം നടത്തി പെണ്‍കുട്ടിയെ കണ്ടുപിടിച്ചു.നല്ല പഠിത്തമൊക്കെയുള്ള കുട്ടി, ഐശ്വര്യവുമുണ്ട്. നല്ല കുടുംബം. എല്ലാംകൊണ്ടും ജയന്തന് ചേരുന്ന ബന്ധം. പെണ്ണും ചെറുക്കനും തമ്മില്‍ കണ്ടു. വാക്കുറച്ചു. പുടവ കൊടുത്ത് കൊണ്ടുവന്നു. മനോഹരങ്ങളായ ദിനങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. ജയന്തന്‍ ഇടയ്ക്കിടെ ശാരിയോട് പറയും, ' ചേട്ടനെ സ്വന്തം അച്ഛനെപോലെ കാണണം. എനിക്ക് എല്ലാമെല്ലാം ചേട്ടനാണ്.' ചേട്ടനെകുറിച്ച് ദുര്‍വിചാരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ജയന്തന്‍ ചിന്തിച്ചു. ചേട്ടത്തിയെ പങ്കിട്ടെടുത്തു. അതിന് ചേട്ടന്റെ പൂര്‍ണ്ണ സമ്മതവുമുണ്ടായിരുന്നു. ഇനി ചേട്ടന് അത്തരമെന്തെങ്കിലും ചിന്ത-- ശ്ശെ- വെറുതെ വേണ്ടാത്തതൊക്കെ - അവന്‍ മനസിനെ ശാസിച്ചു.

ശാരിക്ക് തങ്കപ്പന്റെ സാന്നിധ്യം തീരെ ഇഷ്ടമായിരുന്നില്ല. ഇടയ്ക്കിടെ അവള്‍ അത് സൂചിപ്പിക്കുകയും ചെയ്തുവന്നു. ജയന്തന്‍ പലവിധ ഒഴികഴിവുകള്‍ പറഞ്ഞെങ്കിലും ശാരിയില്‍ നിന്നുള്ള സമ്മര്‍ദ്ദം മുറുകിവന്നു. ശാരിക്ക് ഒരു കുട്ടികൂടിയാവുകയും അവളുടെ അമ്മകൂടി കൂട്ടിനുവരുകയും ചെയ്തതോടെ തങ്കപ്പനും വല്ലാതെ ശ്വാസംമുട്ടിത്തുടങ്ങി. പ്രതീക്ഷകള്‍ തെറ്റുന്നു. ഒറ്റതിരിഞ്ഞ വാക്കുകളും മറ്റും അയാളുടെ ചെവിയിലുമെത്തി. ഒരിക്കല്‍ ശാരി പറഞ്ഞു, ' ജയേട്ടാ, ഒരു വീടു നോക്കണം, ഇവിടെ ഇനി പറ്റില്ല'

' നീയൊന്നു പതുക്കെപ്പറ, ചേട്ടന്‍ കേള്‍ക്കും', ജയന്തന്‍ ശബ്ദം താഴ്ത്തി.

' ആരു കേട്ടാലും കുഴപ്പമില്ല, ഇവിടന്ന് ഇറങ്ങിത്തരണം എന്നല്ലല്ലൊ പറഞ്ഞത്, പറയാന്‍ സ്വാതന്ത്ര്യമുണ്ടായിട്ടും.'

' ഛെ-നിര്‍ത്ത്', അയാള്‍ മൗനിയായി.

തങ്കപ്പന് ഉറക്കം നഷ്ടമായി. അയാള്‍ ചിന്തിച്ചു.സമയത്തിന് വേണ്ടതൊക്കെ ചെയ്യേണ്ടിയിരുന്നു.അതിബുദ്ധി വരുത്തിവച്ച വിന.ഇനി പിടിച്ചുനില്‍ക്കാന്‍ കഴിയില്ല.ഈ വയസുകാലത്ത് ഇനി എങ്ങോട്ട്?

എങ്ങോട്ടെങ്കിലും പോയേ പറ്റൂ, ഇറക്കിവിടും മുന്‍പ്. ഈ വീട് ജയന്തന്റേതാണ്.ഇതില്‍ അവകാശം സ്ഥാപിക്കാന്‍ തനിക്കാഗ്രഹമില്ല.തങ്കപ്പന്‍ അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ കെട്ടിവച്ചു. ജയന്തനേയും ശാരിയെയും വിളിച്ചു, ' ഞാന്‍ മാറിത്താമസിക്കാം എന്നു കരുതുന്നു.എനിക്ക് പഴയപോലെ സൈക്കിള്‍ ചവിട്ടാന്‍ വയ്യ. കമ്പനിക്കടുത്ത് എവിടെയെങ്കിലും ഒരു വീടെടുക്കാം. ജയന്താ, നിന്റെ വീട് നിനക്കുള്ളത്. ഇന്നലെവരെ നമ്മള്‍ എല്ലാം പങ്കിട്ടു. ഇനി നിനക്കുള്ളത് നിനക്ക്', അയാളുടെ ശബ്ദമിടറി.

' അയ്യോ ചേട്ടാ ,അത് - '

' നീ വിലക്കണ്ട ജയന്താ, അവള്‍ പോയതോടെ എല്ലാം പോയെടാ. ഇനി ഉള്ളകാലം അനുഭവിച്ചുതീര്‍ത്തെ പറ്റൂ.' ശാരിയെ അയാള്‍ സ്‌നേഹവായ്‌പോടെ നോക്കി. അവള്‍ മുഖം കുനിച്ചു. കുറ്റബോധം ആ മുഖത്ത് കനത്തുവന്നു.നോട്ടം പിന്‍വലിച്ച് തങ്കപ്പന്‍ നിരത്തിലേക്കിറങ്ങി. ഇടവും വലവും നോക്കാതെ വഴിമുറിച്ച് അയാള്‍ നടന്നു.

No comments:

Post a Comment