Sunday, 18 August 2019

Story - Antharyami - published in Jeevaragam monthly, April 2011


കഥ

                                                       അന്തര്യാമി
                 (2011 ഏപ്രില്‍ ലക്കം ജീവരാഗത്തില്‍ പ്രസിദ്ധീകരിച്ചത്)


 

  പോത്തുമുക്കില്‍ രാത്രി എട്ടു കഴിഞ്ഞാല്‍ ഒരാളും ഉണ്ടാവാറില്ല. കുഞ്ഞുരാമന്റെ ആട്ടോറിക്ഷയും പക്കു എന്നു പേരായ നാടന്‍ പട്ടിയുമാണ് ബാക്കിയാവുക. കുഞ്ഞുരാമന്‍ ഒന്‍പതരയ്‌ക്കെ വീട്ടിലേക്ക് പോവൂ. അതുവരെ പക്കുവിനോട് വര്‍ത്തമാനം പറയും. ഉച്ചയ്ക്ക് വീട്ടില്‍ നിന്നും പൊതികെട്ടികൊണ്ടുവന്ന ചോറും വറുത്തമീനും ഉച്ചയ്ക്ക ബാക്കിയായ മീന്‍മുള്ളുകളുമൊക്കെ അവന് കഴിക്കാന്‍ കൊടുക്കും. മനുഷ്യന്മാരോട് പറഞ്ഞാല്‍ മനസിലാകാത്ത കാര്യങ്ങളൊക്കെ കുഞ്ഞുരാമന്‍ പക്കുവുമായി പങ്കിടും.

'എടാ പക്കു, ഇന്നത്തെ പത്രം നീ കണ്ടില്ലെ ? ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കക്കാറുണ്ട്. അത് പത്രക്കാരും കോടതിയും പുറത്തുകൊണ്ടുവരും. - പ്പൊ - ന്താ- ണ്ടായെ- പത്രക്കാരും കോടതിയും കൂടി അതിന് കൂട്ടുനിന്നു.'

അതുകേട്ട് പക്കു തലയാട്ടി.

'മൃഗങ്ങള് മിടുക്കന്മാരായി, ഞങ്ങള് മണ്ടന്മാരായിന്നൊന്നും നീ വിചാരിക്കണ്ട. അപ്പൊ കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വന്നു. അവര് കള്ളം കണ്ടുപിടിച്ചു. അപ്പൊ പത്രങ്ങളായ പത്രങ്ങളും ചാനലുകളായ ചാനലുകളും ഏറ്റുപിടിച്ചു. അതാ ഞങ്ങടെ ജനാധിപത്യ സംവിധാനത്തിന്റെ ശക്തി. അത് നീ ശരിക്കും മനസിലാക്കണം, പക്കൂ. '

പക്കു അപ്പോഴും തലയാട്ടി. കോമണ്‍വെല്‍ത്ത് ഗയിംസിലെ അഴിമതിയും പഞ്ചായത്ത് പ്രസിഡന്റിന്റെ പണം തട്ടിപ്പും അയലത്തെ വീട്ടിലെ കോമളത്തിന്റെ രഹസ്യ കാമുകനുമൊക്കെ അവരുടെ സംഭാഷണത്തിന്റെ ഭാഗമാണ്.

'പക്കൂ, നീ അറിഞ്ഞോ ?  ഹോംവര്‍ക്ക് ചെയ്തില്ലെന്നു പറഞ്ഞ് മാഷ് - ന്റെ മോനെ തല്ലി. ഒരുപാട് കാര്യങ്ങളറിയാവുന്ന ചെക്കനാ അവന്‍. ഈ ഹോംവര്‍ക്കൊക്കെ വെറും വിരസമായ പണികളാന്നാ ഓന്‍ പറയുന്നെ. ഞാന്‍ ഓന്റെ ഭാഗത്താ. അവന്റമ്മ ജാനൂന് അതൊന്നും മനസിലാകില്ല. അവള്‍ മാഷ്‌ക്ക് ഒപ്പാ. എന്തായാലും ഓല് നിങ്ങളെപോലല്ലല്ലൊ, പഠിച്ചോനല്ലേന്നാ ഓള്‌ടെ ചോദ്യം. എടാ പക്കൂ,നീ തന്നെ പറയ്. ഈ പഠിത്തോന്നു പറഞ്ഞാ എന്താ ? കുറേ ആളോള് ചേര്‍ന്നിറ്റ് ഒരു പൊസ്തകോണ്ടാക്കി തന്നൂം വച്ച് ഇത് നീ പഠീ , ഇതുമാത്രം മനഃപാഠാക്ക്ന്ന് പറയണതാണോ പഠിത്തം. എനക്കിത് മാഷോട് ചോദിക്കണോന്ന്ണ്ട്, പക്ഷെ അതിനൊള്ള ധൈര്യല്ല. നീ ആര്ടാ- ദൊക്കെ ചോദിക്കാനെന്നു മാഷ് പറഞ്ഞാ ഉത്തരം മുട്ടില്ലെ. ഞാന്‍ വല്യമിടുക്കനൊന്നുമല്ലല്ലൊ, ആട്ടോറിക്ഷ ഡ്രൈവറല്ലെ. - ന്റെ മോനെ പിന്നെ മാഷ്‌ക്ക് തീരെ പിടിക്കാണ്ടും വരൂല്ലെ. അതോണ്ടാ നിന്നോട് പറയ്‌ണെ. നിനക്കാവുമ്പൊ കാര്യങ്ങള് മനസിലാവും - ല്ലെ .'

പക്കു വീണ്ടും തലയാട്ടി.

പച്ചക്കറികളുടെയും പലവ്യഞ്ജനങ്ങളുടെയും വിലകൂടുന്നതുള്‍പ്പെടെ പക്കുവിന് ബോധിക്കുന്ന എന്തും കുഞ്ഞുരാമന്‍ ചര്‍ച്ചചെയ്തിരുന്നു. ഡാന്‍സും സിനിമയും സാഹിത്യവുമൊന്നും പക്കുവിന് ഇഷ്ടമല്ല. അത് കുഞ്ഞുരാമന് ആദ്യ ചര്‍ച്ചയിലെ ബോധ്യപ്പെട്ട കാര്യമാണ്. കുഞ്ഞുരാമന്‍ കണ്ട ഒരു സിനിമയെക്കുറിച്ച് പറയാന്‍ തുടങ്ങിയപ്പൊഴെ പക്കു സ്ഥലം കാലിയാക്കി. അവന്റെ ബുദ്ധിവൈഭവം കുഞ്ഞുരാമന് ശരിക്കും മനസിലായത് അന്നാണ്. പച്ചയായ മനുഷ്യനാണ് എന്നൊരു മുഴുക്കുടിയനെപറ്റി പറയുന്നപോലെ പച്ചയായ പട്ടിയാണവന്‍ എന്ന് കുഞ്ഞുരാമന്‍ അന്നേ വിധിയെഴുതി.

ഗ്രാമത്തിലേക്കുള്ള അവസാന ബസ് ഒന്‍പതരയ്ക്ക് കവലയില്‍ എത്തി ഇനി ആരും വീട്ടില്‍ പോകാനില്ല എന്ന് ബോധ്യപ്പെട്ടശേഷമെ കുഞ്ഞുരാമന്‍ വീട്ടിലേക്ക് മടങ്ങാറുള്ളു. അത്തരമൊരു രാത്രിക്കുശേഷമുള്ള പകലിലാണ് ആ വാര്‍ത്ത ഒരു ഞെട്ടലോടെ കുഞ്ഞുരാമന്‍ അറിഞ്ഞത്. പത്രം കൊണ്ടുവരുന്ന രമേശനാണ് പറഞ്ഞത്, ' കുഞ്ഞുരാമേട്ടന്‍ അറിഞ്ഞോ, നമ്മുടെ പക്കു മരിച്ചു. വാഹനാപകടമാണ്, തടി കേറ്റിപ്പോയ ലോറിയാകണം, ചതഞ്ഞരഞ്ഞുപോയി. കണ്ടാല്‍ സഹിക്കില്ല കുഞ്ഞുരാമേട്ടാ .'

കുഞ്ഞുരാമന്‍ തരിച്ചിരുന്നുപോയി. തലേദിവസത്തെ സംഭാഷണം ഓര്‍ത്തെടുക്കാനാണ് കുഞ്ഞുരാമന്‍ ആദ്യം ശ്രമിച്ചത്.അയാളത് ഭാര്യയോട് പറഞ്ഞ് സങ്കടപ്പെട്ടു. 'ജീവിതത്തിന് ഒരര്‍ത്ഥവുമില്ലാണ്ടായിരിക്യാ പക്കൂ.അച്ഛന് മക്കളോടും ഭര്‍ത്താവിന് ഭാര്യയോടും ഒന്നും സ്‌നേഹം സൂക്ഷിക്കാന്‍ കഴിയാണ്ട് എല്ലാം ഒരു യന്ത്രം മാതിരി ആയിക്കൊണ്ടിരിക്കയാ. കൂട്ടുകാര് പരസ്പ്പരം ചതിക്യാ, ഒരാള് കാര്യല്ലാണ്ട് മറ്റൊരാളെ കൊല്യാ - മടുപ്പ് തോന്നുന്നു പക്കുവെ. അവന്‍ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം ബാക്കിയാക്കി - ന്നെ അങ്ങിനെ നോക്കിയിരുന്നു ജാന്വെ. അവന്റെ കണ്ണീന്ന് കണ്ണീരുവരുന്നുണ്ടായിരുന്നു, പാവം '

കുഞ്ഞുരാമന് കരച്ചില്‍ വന്നു. - ന്തായാലും അവന്റെ ജീവനില്ലാത്ത ദേഹം കാണാന്‍ ഞാനില്ല. ആരേലും കുഴിച്ചിടട്ടെ അതിനെ. കുഞ്ഞുരാമന്‍ ഇറായത്തുതന്നെ ഇരുന്നു. ഒന്നും ചെയ്യാന്‍ തോന്നിയില്ല ആ ദിവസം. ആട്ടോ വീട്ടുമുറ്റത്ത് ചത്തപോലെ കിടന്നു. ഒന്നും കഴിക്കാനും തോന്നിയില്ല. ജാനു നിര്‍ബ്ബന്ധിച്ചെങ്കിലും മനസുവന്നില്ല. എത്രയായാലും ഉറ്റവനായിരുന്നു അവന്‍. മറ്റാരെക്കാളും , ഒരു പക്ഷെ, ജാനുവും മക്കളും പോലും , - ത്ര വരില്ല. മറ്റ് ഡ്രൈവറന്മാരും കവലയിലെ കച്ചവടക്കാരുമൊക്കെ സുഹൃത്തുക്കളാണോന്നു  ചോദിച്ചാല്‍ മനുഷ്യന്മാരാണ്, നല്ലതൊ ചീത്തയൊ എന്നു പറയാന്‍ കഴിയാത്ത മനുഷ്യര്‍, പക്ഷെ പക്കു അങ്ങിനെയായിരുന്നില്ല, സ്‌നേഹം മാത്രമുള്ളവന്‍.

അന്ന് കുട്ടികളോടുപോലും ഒന്നും സംസാരിക്കാന്‍ തോന്നിയില്ല.നേരത്തെ കിടന്നു.ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞുമുള്ള കിടപ്പ്. എത്രനേരം എന്നു പറയാന്‍ വയ്യ. രമേശന്റെ സൈക്കിള്‍ ബല്ലുകേട്ടാണ് പുറത്തുവന്നത്.

' പക്കൂന്റെ കാര്യം കഷ്ടം തന്നെ കുഞ്ഞുരാമേട്ടാ, മരിച്ചിട്ട് ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞു. അതിന്റെ ദേഹത്തൂടെ പിന്നേം പല വണ്ടികളും കയറിയിറങ്ങി. എന്നിട്ടും ഒരാളും അതിനെ ഒന്നു കുഴിച്ചിടാന്‍  - ണ്ടായില്ല. ഇതിനെ കുഴിച്ചിടാന്‍ ഒരാളും -ല്ലെ ഈ നാട്ടില്‍ എന്ന് എല്ലാവരും ചോദിക്കയല്ലാതെ ഒരാളും ഒന്നും ചെയ്യാനുണ്ടായില്ല.ഞാന്‍ ഒറ്റയ്ക്ക് കൂട്യാ കൂടില്ല കുഞ്ഞുരാമേട്ടാ. പഞ്ചായത്ത് ഒരു ഫയല് നീക്കണൂന്നും കേട്ടു. ആളെ കിട്ടാനാ പാട്. ദൂരെ എവിടെയോ ഒരാളുണ്ടെന്നുകേട്ടു. മനുഷ്യര് മരിച്ചാ- പ്പൊ വൈദ്യുതി ശ്മശാനമെങ്കിലുമുണ്ട്, അവിടെ പട്ടിയെ ദഹിപ്പിക്കില്ലല്ലൊ.'

 അവന്‍ പത്രം വരാന്തയിലിട്ട് സൈക്കിളോടിച്ചുപോയി. കുഞ്ഞുരാമന് സങ്കടവും ദേഷ്യവുമെല്ലാം കൂടി ഇരച്ചുവന്നു. തന്റെ ഭാഗത്തുമുണ്ട് തെറ്റ്. ഇന്നലെത്തന്നെ ഇതന്വേഷിക്കേണ്ടതായിരുന്നു. ആരും ചെയ്തില്ലെങ്കില്‍ താന്‍ ചെയ്യേണ്ട കര്‍മ്മമല്ലെ, തനിക്ക് എത്രയും വേണ്ടപ്പെട്ടവനല്ലെ പക്കു. കുഞ്ഞുരാമന്‍ മണ്‍വെട്ടിയെടുത്ത് വണ്ടിയിലിട്ട് , അതോടിച്ച് നേരെ കവലയിലെത്തി. അവിടെകണ്ട കാഴ്ച അവന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. മുഖവും ശരീരവും വണ്ടികള്‍ കയറിയിറങ്ങി ചതഞ്ഞരഞ്ഞ വിധമായിരുന്നു. ബോധം കെടാതെ പിടിച്ചുനില്‍ക്കേണ്ടത് അനിവാര്യമായതുകൊണ്ടുമാത്രമാണ് കുഞ്ഞുരാമന് അതിന് കഴിഞ്ഞത്. ആ ശരീരം കൈകളില്‍ കോരിയെടുത്ത് വണ്ടിയിലിട്ട് അവന്‍ സര്‍ക്കാര്‍ പുറമ്പോക്കിലേക്ക് വണ്ടിയോടിച്ചു. കവലയില്‍ നിന്ന് ആളുകള്‍ അത്ഭുതത്തോടെ ആ കാഴ്ച കണ്ടുനിന്നു. പിന്നീട് ഒരു കൊടുങ്കാറ്റുപോലെ ആ വാര്‍ത്ത നാട്ടിലാകെ പരന്നു. കുഞ്ഞുരാമന്‍ ചത്തപട്ടിയെ പഞ്ചായത്ത് പുറമ്പോക്കില്‍ കുഴിച്ചിട്ടു. വാര്‍ത്ത സമാധാനത്തോടെയാണ് പഞ്ചായത്ത് അധികൃതര്‍ കേട്ടത്. കുഴിച്ചിടാന്‍ ആളിനെ അന്വേഷിക്കുന്ന ജോലി ഒഴിവായി എന്നത് ആശ്വാസകരമായ വാര്‍ത്തയായിരുന്നു. അതിനായി തുടങ്ങിവച്ച ഫയല്‍ മടക്കാമല്ലൊ എന്ന സമാധാനം സെക്രട്ടറിക്ക്. തുടര്‍ നടപടികള്‍ ആവശ്യമില്ല എന്നെഴുതി ഒപ്പുവച്ച് സീലടിച്ചതോടെ അത് ഷെല്‍ഫില്‍ കയറികിടന്നു.

കുഞ്ഞുരാമന് ഇതാവശ്യമണ്ടായിരുന്നൊ എന്നു ചോദിക്കുന്നവരും ഓന്‍ ഒരു സത്കര്‍മ്മമാണ് ചെയ്തത് എന്ന് അഭിനന്ദിക്കുന്നവരും ഏതാണ്ട് തുല്യമായിത്തന്നെ നാട്ടില്‍ ഉണ്ടായി. തെരഞ്ഞെടുപ്പിലെ ബലാബലം പോലെ ഒരു ചെറുശതമാനം കൂടുതല്‍പേര്‍ അഭിനന്ദിക്കുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു താനും.

കുഞ്ഞുരാമന്റെ ജീവിതരീതിയില്‍ പക്കുവിന്റെ മരണം കാര്യമായ മാറ്റമുണ്ടാക്കി. അധികമാരോടും സംസാരിക്കാതെയായി അയാള്‍. മറ്റുള്ള ആട്ടോക്കാരെപോലെ എട്ടുമണിക്ക് വീട്ടില്‍ പോകുന്ന രീതിയും അയാള്‍ സ്വീകരിച്ചു. ഒരാഴ്ച ഇങ്ങിനെ കടന്നുപോയി. അപ്പോഴാണ് പോത്തുമുക്കില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ആലുംമൂട്ടില്‍ ഒരു പട്ടി വാഹനാപകടത്തില്‍പെട്ട് മരിച്ചത്. അവിടെയും ശവമടക്കാന്‍ ഒരാളും മുന്നോട്ടുവന്നില്ല. പഞ്ചായത്തില്‍ ആരോ വന്ന് വിവരമറിയിച്ചു. അത് നമ്മടെ കുഞ്ഞുരാമനോട് പറഞ്ഞാല്‍പോരെ എന്നായി പ്രസിഡന്റ്. വാര്‍ഡ് മെമ്പറും ഉദ്യോഗസ്ഥരും കുഞ്ഞുരാമനെ തേടിയിറങ്ങി. കവലയില്‍ തന്നെയുണ്ടായിരുന്നു അയാള്‍.

' ങ്ഹാ- തേടിയ വള്ളി കാലില്‍ ചുറ്റീന്നു പറഞ്ഞ മാതിരിയാ- കുഞ്ഞുരാമാ- വണ്ടിയെട്, ആലുംമൂട്ടില്‍ ഒരു പട്ടി ചത്തുകിടക്കുന്നു. നമുക്കതിനെ ഒന്നു കുഴിച്ചിടണം', മെമ്പര്‍ പറഞ്ഞു.

' അതിന് -ഞാന്‍- ', കുഞ്ഞുരാമന്‍ ഒന്നു ശങ്കിച്ചു.

' നീയല്ലാണ്ട് പിന്നാരാ ഇത് ചെയ്യാ- നമ്മടെ പക്കു കിടന്നു നാറാണ്ട് ഇബ്‌ടെന്നെടുത്ത് മാറ്റീത് നീയല്ലെ. അത് കൊള്ളാം, -ഉം- വണ്ടിയെട്. '

കുഞ്ഞുരാമന് നിഷേധിക്കാന്‍ കഴിഞ്ഞില്ല. അവന്‍ വണ്ടിയെടുത്തു. അവന്റെ വണ്ടിയില്‍ ശവം കയറ്റി പഞ്ചായത്ത് പുറംപോക്കില്‍ തന്നെ കുഴിച്ചിട്ടു. അപ്പോഴും വാര്‍ത്ത കാറ്റായി പറന്നു. കുഞ്ഞുരാമനെ എതിര്‍ത്തും അനുകൂലിച്ചും സംസാരിക്കാന്‍ ആളുമുണ്ടായി.

പിന്നെ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും ഇത്തരം ജോലികള്‍ക്ക് കുഞ്ഞുരാമന്‍ വേണമെന്നായി. ഒരു ദിവസം കുഞ്ഞുരാമന്‍ സഹോദരനെ കാണാന്‍ പട്ടണത്തില്‍ പോയി. കുരിശ്ശടിയില്‍ കാറിടിച്ച് ഒരു പട്ടി മരിച്ചതും അന്നാണ്. പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞുരാമനെ അന്വേഷിച്ചു. മെമ്പറന്മാരും സാമൂഹ്യപ്രവര്‍ത്തകരും ഒപ്പം കൂടി. കുഞ്ഞുരാമന്‍ അവാസന ബസില്‍ കവലയില്‍ വന്നിറങ്ങുമ്പോള്‍ അവിടെ ഒരാള്‍ക്കൂട്ടം തന്നെയുണ്ട്. നേതൃത്വത്തില്‍ പഞ്ചായത്ത് പ്രസിഡന്റും. പ്രസിഡന്റ് മുന്നോട്ടുവന്ന് കുഞ്ഞുരാമന്റെ മുന്നില്‍ നിന്നു.

' നീ എന്തുപണിയാ കുഞ്ഞുരാമാ കാട്ടീത്. എവിടേലും പോയാ പറഞ്ഞിട്ടു പോകണ്ടെ. ഒരു പട്ടി ചത്താ എവിടെന്നു കരുതും ഞങ്ങള്‍. ഇനീപ്പൊ വീട്ടില്‍ കേറാന്‍ വരട്ടെ, കുരിശ്ശടി വരെ പോണം. അതിനെ കുഴിച്ചിട്ടിട്ട് മതി ബാക്കി കാര്യങ്ങള്‍. '

 കുഞ്ഞുരാമന്‍ ഒന്നു മടിച്ച് എന്തോ പറയാന്‍ തുടങ്ങി.

' നീ പറ്റില്ലാന്നൊന്നും പറയണ്ട. അവര് കുറച്ചു പൈസയും കരുതീട്ടുണ്ട് നിനക്കു തരാന്‍ '

കുഞ്ഞുരാമന്‍ അനുസരിച്ചു. ശവമടക്ക് കഴിഞ്ഞപ്പോള്‍ അവര്‍ നല്‍കിയ പണവും പറ്റേണ്ടി വന്നു. പ്രസിഡന്റിന്റെ നിര്‍ബ്ബന്ധം അത്രയ്ക്കായിരുന്നു. ' നീ ഇതങ്ങോട്ട് വാങ്ങ് കുഞ്ഞുരാമ, ജോലി ചെയ്താ കൂലി വാങ്ങണം, അതാ നിയമം.'

മടിച്ചു മടിച്ചാണെങ്കിലും കുഞ്ഞുരാമന്‍ അത് കൈപ്പറ്റി. അതോടെ കുഞ്ഞുരാമന്റെ ഭാവി കുറിക്കപ്പെട്ടു. ആ പ്രദേശത്ത് പട്ടി ചത്താല്‍ ശവമടക്ക് കുഞ്ഞുരാമന്റെ ചുമതലയായി മാറി.അതിന് പണവും നിശ്ചയിച്ചു. കുഞ്ഞുരാമന്റെ വണ്ടിയില്‍ ആളുകള്‍ കയറാണ്ടായി. ശവവാഹനോന്ന് പേരും കിട്ടി. മറ്റെല്ലാ ആട്ടോകളും ഓട്ടം പോയി കുഞ്ഞുരാമന്റെ വണ്ടി മാത്രം കവലയിലുണ്ടായാലും ആളുകള്‍ അതില്‍ കയറാണ്ടായി.

 ' അതീ കേറുന്നേലും ഭേദം നടക്വാ', കുഞ്ഞുരാമന്‍ കേള്‍ക്കെ അവര്‍ പറയുവേം ചെയ്തു. അതോടെ കവലയില്‍ വണ്ടിയിടുന്നത് കുഞ്ഞുരാമന്‍ അവസാനിപ്പിച്ചു. അവന്‍ വീട്ടില്‍ വണ്ടിയിട്ട് ഇറായത്ത് കാത്തിരിപ്പായി. പട്ടികള്‍ ചാവുന്നത് അറിയാനുള്ള കാത്തിരിപ്പ്. ആരെങ്കിലും വീട്ടിലേക്ക് വരുന്നുണ്ടോ എന്നുനോക്കി കുഞ്ഞുരാമന്‍ ഇറായത്തിരിക്കുമ്പോള്‍ , ദൈവമേ, ഒരു പട്ടിയെങ്കിലും ചത്തില്ലെങ്കില്‍ വീട് പട്ടിണിയാവുമല്ലൊ എന്ന് ജാനു മന്ത്രിക്കും.ആ മന്ത്രം വീട്ടില്‍ മുഴങ്ങുമ്പോള്‍, ആ പ്രാര്‍ത്ഥനയില്‍ കുഞ്ഞുരാമനും പങ്കുചേരും.

No comments:

Post a Comment