നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ബില്‍
ദേശീയ വൈദ്യ കമ്മീഷന്‍ ബില്‍ ഒരു സാധാരണക്കാരന്റെ അറിവും വിവരവും വച്ച് വായിച്ചു പഠിച്ചതില്‍ നിന്നും ഉള്‍ക്കൊണ്ട ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ.
1. 63 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ടിന് പകരമായാണ് ഈ ബില്‍ വന്നിരിക്കുന്നത്. 63 വര്‍ഷം ഒരു വലിയ കാലാവധിയാണ്. മാറ്റം അനിവാര്യമായിരുന്നു.
2. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അഴിമതിയുടെ കൂത്തരങ്ങായിരുന്നു. പുതിയ കോളേജ് തുടങ്ങാനും ഓരോ വര്‍ഷവും പുതുക്കാനുമൊക്കെ കോടികളുടെ ഇടപാടാണ് നടന്നുവന്നത്. ആ സ്ഥാപനം പിരിച്ചു വിട്ടിട്ട് രണ്ടുവര്‍ഷമായി എന്നതുകൊണ്ടുതന്നെ താരത്യേന മികച്ച ഒരു സംവിധാനം വരേണ്ടത് അനിവാര്യമായിരുന്നു.
3. മെഡിക്കല്‍ കൗണ്‍സില്‍ കൈകാര്യം ചെയ്തുവന്ന സിലബസും കരിക്കുലവും, അക്രഡിറ്റേഷന്‍, മെഡിക്കല്‍ എത്തിക്‌സ് എന്നീ മേഖലകളെ മൂന്നായി തിരിച്ച് മൂന്ന് സ്ഥാപനങ്ങളുടെ കീഴില്‍ കൊണ്ടുവരുന്നത് സ്വാഗതാര്‍ഹമാണ്.
4.20 മാസത്തെ ചര്‍ച്ചകള്‍ക്കും അനേകം തിരുത്തലുകള്‍ക്കും ശേഷമാണ് നടപ്പിലാക്കുന്നത് എന്നത് ജനാധിപത്യ പ്രക്രിയയുടെ വിജയമാണ്
5. എയിംസ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ പോസ്റ്റ് ഗ്രാഡുവേറ്റ് അഡ്മിഷന് കൂടി ഉപകാരപ്പെടും വിധം ഒറ്റ പരീക്ഷ സ്വാഗതാര്‍ഹമാണ്. എംബിബിഎസ് ഫൈനല്‍ ഇയര്‍ പരീക്ഷ നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് ( നെക്സ്റ്റ്) ആകുന്നതുവഴി ഒരു വിദ്യാര്‍ത്ഥി അനേകം പരീക്ഷകള്‍ക്ക് പോകുന്നതിന്റെ മനസിക-ശാരീരിക-സാമ്പത്തിക ടെന്‍ഷനുകളാണ് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ഒഴിവാകുന്നത്. ആധാര്‍ ഒറ്റ ഐഡന്റി ആയി മാറുന്നപോലെ, എല്ലാ നികുതികളും ചേര്‍ത്ത് ജിഎസ്ടി വന്നപോലെ, യുജിസി നെറ്റ് പരീക്ഷപോലെ ഒക്കെ ഏകീകൃതമാകുന്ന ഈ സംവിധാനം സ്വാഗതാര്‍ഹമാണ്.
6. നെറ്റ് കിട്ടിയവര്‍ ജെആര്‍ എഫ് കിട്ടാന്‍ വീണ്ടും ശ്രമിക്കുന്നപോലെ എക്‌സിറ്റ് എത്ര പ്രാവശ്യം വേണമെങ്കിലും എഴുതി റാങ്ക് ഉയര്‍ത്താം എന്നത് വളരെ ആശ്വാസകരമായ തീരുമാനമാണ്.
7. വിദേശത്തു നിന്നും പഠിച്ചുവരുന്ന കുട്ടികള്‍ക്കും നെക്സ്റ്റ് പരീക്ഷ സ്‌ക്രീനിംഗ് ടെസ്റ്റാകുന്നു എന്നതും വളരെ പോസിറ്റീവാണ്
8. കമ്മീഷനില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകും എന്നതിനെ ജനാധിപത്യത്തിലെ അനിവാര്യത എന്നു കാണാനെ കഴിയൂ. ആരോഗ്യ സര്‍വ്വകലാശാലകളിലെ 10 വൈസ്ചാന്‍സിലര്‍മാരും സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളില്‍ നിന്നുള്ള 9 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും 14 സര്‍ക്കാര്‍ നോമിനികളുമാണ് സമിതിയിലുണ്ടാവുക. നോമിനികള്‍ മെഡിക്കല്‍ രംഗത്തു നിന്നുള്ളവരാകും. ഇവരുടെ കാലാവധി 4 വര്‍ഷമായിരിക്കും. ഇവരുടെ കാലാവധി നീട്ടുകയില്ല. ഇവര്‍ ജോയിന്‍ ചെയ്യുമ്പോഴും കാലാവധി കഴിയുമ്പോഴും സ്വത്ത് വെളിപ്പെടുത്തണം എന്ന രീതി സ്വാഗതാര്‍ഹമാണ്. ഇവരുടെ പ്രൊഫഷണലായും കൊമേഴ്‌സ്യലായുമുള്ള വ്യവഹാരങ്ങളും വെളിപ്പെടുത്തണം. ഇവര്‍ അംഗമായിരുന്ന കാലത്ത് അനുമതി വാങ്ങിയ സ്വകാര്യ സ്ഥാപനങ്ങളില്‍ കാലാവധിക്കുശേഷം 2 വര്‍ഷം ജോലി സ്വീകരിക്കാനും പാടില്ല.
9. ഡീംമ്ഡ് സര്‍വ്വകലാശാല ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളിലെയും ഫീസ് റെഗുലേറ്റു ചെയ്യാന്‍ സമിതിക്ക് അധികാരമുണ്ടാകും. എല്ലാ വര്‍ഷവും സുപ്രിംകോടതി വരെ നീളുന്ന ഫീസ് സംബ്ന്ധിച്ച കേസുകളും അവിശുദ്ധ ഇടപാടുകളും അധിക ചിലവും കാലതാമസവും ഇതോടെ ഒഴിവാകും എന്നു കരുതാം. ഇപ്പോള്‍ ഒരു റിട്ടയേര്‍ഡ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിയാണല്ലൊ ഫീസ് നിശ്ചയിക്കുന്നത്.
10. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഫീസും സ്വകാര്യ സ്ഥാപങ്ങളിലെ 50% സീറ്റുകളിലെ ഫീസും സമിതി നിയന്ത്രിക്കുന്നതോടെ ആകെയുള്ള സീറ്റുകളില്‍ 75% നിയന്ത്രിത ഫീസിന്റെ പരിഥിയിലേക്ക് എത്തും.
11. ഏറ്റവും വിവാദമായ ഭാഗം 32ാം ക്ലാസ്സാണ്. ആധുനിക വൈദ്യം പഠിച്ച ആളുകള്‍ക്ക് കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രൊവൈഡേഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനമാണ് വിവാദത്തിന് കാരണം. ഇത് അനിവാര്യമായ സംസ്ഥാനങ്ങള്‍ക്കും ഇടങ്ങള്‍ക്കും മാത്രമായി നിയന്ത്രിക്കുന്നത് ഉചിതമാകും. കേരളത്തില്‍ ഒരു പക്ഷെ ആദിവാസി പ്രദേശങ്ങളില്‍ മാത്രമാണ് ഡോക്ടര്‍മാരെ ലഭിക്കാത്തത്. അച്ചന്‍കോവിലിലൊക്കെ ഡോക്ടറെ നിയോഗിച്ചിട്ടും അവിടെ എത്താത്ത അനുഭവമാണുള്ളത്. തെക്കേ ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും ഗ്രാമങ്ങളില്‍പോലും ആവശ്യത്തിന് ഡോക്ടര്‍മാരുണ്ട്. അവിടെ നിയന്ത്രിതമായ തോതില്‍ ആവശ്യമുള്ള ഇടങ്ങളില്‍ മാത്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് പ്രൊവൈഡേഴ്‌സിനെ നിയമിക്കേണ്ടതുള്ളു. എന്നാല്‍ യുപി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രൈമറി ഹെല്‍ത്ത് കെയറിനും പ്രിവന്റീവ് ഹെല്‍ത്ത് കെയറിനും കമ്മ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് അനിവാര്യമാണ്. ഇത് വരുന്നതോടെ വ്യാജഡോക്ടര്‍മാര്‍ ഒഴിവാകും എന്നു കരുതാവുന്നതാണ്. ഇവരുടെ യോഗ്യത സംബ്ന്ധിച്ച വ്യക്തത വരേണ്ടതുണ്ട്. അതും ഉടനുണ്ടാകും എന്നു കരുതാം.
12. നിലവില്‍ വ്യാജ ഡോക്ടര്‍മാര്‍ക്ക് പിഴ ഒരു വര്‍ഷം തടവും 1000 രൂപയുമെന്നത് ഒരു വര്‍ഷം തടവും 5 ലക്ഷം രൂപയുമെന്ന് പുതിയ നിയമം മാറ്റി എഴുതുന്നു എന്നതും സ്വാഗതാര്‍ഹമാണ്.
13. ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്ന 78000 ഡോക്ടര്‍മാരില്‍ ഭൂരിപക്ഷവും മെട്രോനഗരങ്ങളില്‍ അഭയം പ്രാപിക്കുന്ന രീതി മാറി, ഡോക്ടര്‍മാര്‍ അനിവാര്യമായ ഗ്രാമങ്ങളില്‍ അവര്‍ പോകാന്‍ പ്രേരിപ്പിക്കുന്ന ഉയര്‍ന്ന ഇന്‍സന്റീവുകള്‍ നിശ്ചയിക്കുക, അതിനായി പ്രത്യേക റിക്രൂട്ടമെന്റ് നടത്തുക തുടങ്ങിയ കാര്യങ്ങള്‍ കൂടി കമ്മീഷന്‍ ഭാവിയില്‍ ചര്‍ച്ച ചെയ്യും എന്നു കരുതാം.
No comments:
Post a Comment