Friday, 10 November 2023

Thenmozhi poonga

 


തേന്‍മൊഴി പൂങ്കാ

ചവര്‍ വലിച്ചെറിയപ്പെട്ട് മലീമസമായ ചില ഇടങ്ങള്‍ കാണുമ്പോള്‍ ഇവിടെ ചെടികള്‍ വച്ചുപിടിപ്പിച്ച് സുന്ദരമാക്കിയാല്‍ നന്നായിരുന്നു, പക്ഷെ ആര് ചെയ്യും എന്നൊക്കെ ചിന്തിക്കുക പതിവാണ്. തദ്ദേശ സ്ഥാപനങ്ങളെയും അധികാരികളേയും നാട്ടുകാരെയുമൊക്കെ കുറ്റം പറഞ്ഞ് സമാധാനിച്ച് നമ്മള്‍ അവിടം കടന്നുപോകും. എന്നാല്‍ തേന്മൊഴി അതിന് തയ്യാറായിരുന്നില്ല. കോയമ്പത്തൂരിലെ പീലമേട്ടില്‍ ബാലസുബ്രഹ്മണ്യം നഗറില്‍ വാടകയ്ക്ക് താമസിക്കാനാണ് തേന്മൊഴി കുടുംബത്തോടൊപ്പം ഈറോഡിലെ ചെന്നിമലൈയില്‍ നിന്നും കോയമ്പത്തൂരെത്തിയത്. മകള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുകയായിരുന്നു ലക്ഷ്യം. വാടകവീടിന്‍റെ അടുത്ത് ഒഴിഞ്ഞുകിടക്കുന്ന കോര്‍പ്പറേഷന്‍റെ പറമ്പ് വര്‍ഷങ്ങളായി മാലിന്യകൂമ്പാരമായിരുന്നു. ആ പ്രദേശത്തെ മിക്ക ആളുകളും തങ്ങളുടെ മാലിന്യം അവിടെയാണ് തള്ളിയിരുന്നത്. വീടിനടുത്തുള്ള ഈ കാഴ്ച തേന്‍മൊഴിയെ അസ്വസ്ഥയാക്കി. അവിടം വൃത്തിയാക്കാനുള്ള ശ്രമം വെറും പാഴ്വേലയാണെന്നു പറഞ്ഞ് ആദ്യം നാട്ടുകാര്‍ കളിയാക്കി. എങ്കിലും തേന്‍മൊഴി ശ്രമം തുടങ്ങി. ശിരുതുളി എന്ന എന്‍ജിഓ സഹായത്തിനെത്തി. സിആര്‍ഐ പമ്പും മഹേന്ദ്ര പമ്പും ഒപ്പം കൂടി. ആദ്യം 170 വൃക്ഷതൈകളാണ് അവിടെ നട്ടത്. അവ വേലികെട്ടി സംരക്ഷിക്കുകയും ഡ്രിപ്പ് ഇറിഗേഷന്‍ നടത്തുകയും ചെയ്തു.

   നാടന്‍ മരങ്ങളാണ് വച്ചുപിടിപ്പിച്ചത്. അവ വളരുന്നതിനൊപ്പം പൂചെടികളും മറ്റും നട്ട് പറമ്പ് മോടിപിടിപ്പിച്ചു. ആളുകള്‍ മാലിന്യം തള്ളുന്നത് മെല്ലെ നിന്നു. കോര്‍പ്പറേഷന്‍ ഭൂമിയായതിനാല്‍ അവിടം മെച്ചമാക്കാന്‍ അവരും മുന്നോട്ടുവന്നു. പരിസരത്തുള്ളവര്‍ മാലിന്യം വേര്‍തിരിക്കാനും കോര്‍പ്പറേഷന്‍ അത് ഏറ്റെടുക്കാനും തുടങ്ങി. പറമ്പില്‍ നടപ്പാതയുണ്ടായി. രാവിലെയും വൈകിട്ടും ആളുകള്‍ നടക്കാന്‍ വന്നുതുടങ്ങി. കുട്ടികള്‍ മരങ്ങള്‍ പരിചയപ്പെടാനെത്തി. അങ്ങിനെ അവിടം മാലിന്യത്തില്‍ നിന്നും മോചിതമാകുകയും ജീവജാലങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഇടമായി മാറുകയും ചെയ്തു. ഇപ്പോള്‍ പക്ഷികള്‍ക്ക് ഭക്ഷണവും ജലവും നല്‍കുന്ന ഇടവും ഒരുക്കിയിട്ടുണ്ട്. തുടക്കത്തില്‍ കളിയാക്കി മാറിനിന്ന നാട്ടുകാരുടെ പ്രിയപ്പെട്ട സുഹൃത്തായി തേന്‍മൊഴി മാറി. ഇപ്പോള്‍ അവിടെ പിടിക്കുന്ന പച്ചക്കറിയും പഴങ്ങളും റസിഡന്‍റ്സ് വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ വിതരണം ചെയ്യുന്നുണ്ട് തേന്‍മൊഴി. മകളുടെ പഠനം കഴിഞ്ഞ് തേന്‍മൊഴി മടങ്ങുമ്പോഴും അവര്‍ അടയാളപ്പെടുത്തിയ പൂങ്കാവനം ഉറപ്പായും പറയും, ഇത് തേന്‍മൊഴി പൂങ്കാ !!🙏


Tuesday, 7 November 2023

In Hamas -Israel war - to whom with ?


ഹമാസ് – ഇസ്രയേല്‍ യുദ്ധത്തില്‍ ആര്‍ക്കൊപ്പം !!

-   വി.ആര്‍.അജിത് കുമാര്‍

ചെറുപ്പകാലത്ത് സിപിഐയുടെ ഭാഗമായിരുന്നപ്പോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന രണ്ട് ലോകനേതാക്കളായിരുന്നു ഫിഡല്‍ കാസ്ത്രോയും യാസര്‍ അരാഫത്തും .വളരെ വേണ്ടപ്പെട്ട സ്വന്തക്കാരെപോലെ തോന്നിയിരുന്നു. അരാഫത്തിന്‍റെ വേഷവും ചിരിയുമൊക്കെ തികച്ചും ആകര്‍ഷണീയമായിരുന്നു.പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു. മുതലാളിത്തലോകത്തോട് കടുത്ത അമര്‍ഷമുണ്ടായിരുന്ന എനിക്ക്, ഇസ്രയേല്‍ അക്രമകാരികളും അധിനിവേശം നടത്തുന്നവരും അമേരിക്കയുടെ കൈയ്യാളും എന്നനിലയില്‍ തീര്‍ത്തും ശത്രക്കളുമായിരുന്നു. എന്നാല്‍ രാഷ്ട്രീയബന്ധവും ജനയുഗത്തിലെ ലേഖനങ്ങളും വിട്ട് സ്വതന്ത്രനായതോടെ ഒരു രാജ്യത്തോടും സമൂഹത്തോടും പ്രത്യേക സ്നേഹമോ വെറുപ്പോ ഇല്ലാതെ ജീവിക്കാന്‍ പഠിച്ചു. എല്ലായിടത്തും മര്യാദക്കാരും കുഴപ്പക്കാരുമുണ്ട് എന്നും സമൂഹം നന്മ-തിന്മകളുടെ ഫിഫ്റ്റി-ഫിഫ്റ്റിയാണ് എന്ന തിരിച്ചറിവും ഉണ്ടായി. ആ കണ്ണിലൂടെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇപ്പോഴത്തെ കുഴപ്പങ്ങളിലെ ഒന്നാം പ്രതി ഹമാസാണ് എന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ മൊത്തമായ ചരിത്രം നോക്കുമ്പോള്‍ ഒരിക്കലും സമാധാനം ലഭിക്കാത്ത കുറേ സമൂഹങ്ങളുടെ കൂടാണ് ഇസ്രയേല്‍-പാലസ്തീന്‍ ഇടം എന്ന് മനസിലാക്കാം. മനുഷ്യകുലം ഉള്ളിടത്തോളം അവിടെ സമാധാനവും ഉണ്ടാവില്ല എന്നും ഉറപ്പ്.

ഇസ്രയേല്‍ ചരിത്രം

ജറുസലേം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ ചരിത്രം ആയിരക്കണക്കിന് വര്‍ഷം നീളുന്നതാണ്. ബൈബിള്‍ കാലത്ത് തുടങ്ങിയതാണ് അത്. ഇസ്രയേലും പാലസ്തീനും ഉള്‍പ്പെടുന്ന ഇടം കാനന്‍ പ്രവിശ്യയിലാണ്. ബിസി 1200 ല്‍ ഹീബ്രു രാജക്കന്മാരാണ് അവിടം ഭരിച്ചിരുന്നത്. സോളമന്‍റെ ക്ഷേത്രം ജറുസലേമില്‍ ഉയര്‍ന്നത് ആ കാലത്താണ്. ബിസി 586 ല്‍ ബാബിലോണിയക്കാര്‍ ജറുസലേം കീഴടക്കി. അനേകം ജൂതരെ അടിമകളാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയി. ബിസി 538ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി ജൂതന്മാര്‍ തിരികെ വരാനും ക്ഷേത്രം പുനര്‍നിര്‍മ്മിക്കാനും അനുവദിച്ചു. അലക്സാണ്ടറുടെ ആക്രമണത്തെതുടര്‍ന്ന് ഇവിടം ഹെലനിസ്റ്റിക് സ്വാധീനത്തിലും പിന്നീട് റോമന്‍ ആധിപത്യത്തിലുമായി. ഈ കാലത്ത് ജൂതരുടെ ചെറുത്തുനില്‍പ്പും പലായനവും വര്‍ദ്ധിച്ചു. എഡി എഴുപതില്‍ റോമക്കാര്‍ പുനര്‍നിര്‍മ്മിച്ച സോളമന്‍റെ ക്ഷേത്രം നശിപ്പിച്ചു.അതോടെ ജൂതര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും ചിതറിയോടി. തുടര്‍ന്നുള്ള കാലം ബൈസന്‍റൈന്‍സ്,അറബികള്‍,ഓട്ടോമന്‍സ് ഭരണത്തിലായിരുന്നു ജറുസലേം. ഏഴാം നൂറ്റാണ്ട് മുതലാണ് അറബ്-ഇസ്ലാം മേല്‍ക്കോയ്മ ശക്തമായത്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനമാണ് സയണിസ്റ്റ് പ്രസ്ഥാനം രൂപപ്പെട്ടത്.ഓട്ടോമന്‍ ഭരണത്തിലുള്ള പാലസ്തീനില്‍ ഒരു ജൂതരാജ്യം വേണമെന്നതായിരുന്നു പ്രസ്ഥാനം മുന്നോട്ടുവച്ച ആവശ്യം. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ലീഗ് ഓഫ് നേഷന്‍സ് പാലസ്ഥീന് മേല്‍ ബ്രിട്ടന് അധികാരം നല്‍കി.അതോടെ ബ്രിട്ടന്‍ ജൂതകുടിയേറ്റം പ്രോത്സാഹിപ്പിച്ചു. അത് അറബ്-ജൂത കലാപത്തിലേക്ക് നയിച്ചു. 1948 മെയ് 14 ന് ജൂതനേതാവായ ഡേവിഡ് ബെന്‍ ഗുറിയോണ്‍ ഇസ്രയേല്‍ രാജ്യം പ്രഖ്യാപിച്ചു. അതോടെ പാലസ്തീന് ചുറ്റിലുമുള്ള അറബ് രാഷ്ട്രങ്ങളുമായി ഇസ്രയേല്‍ യുദ്ധം തുടങ്ങി. പിന്നീട് ദശാബ്ദങ്ങള്‍ നീണ്ട യുദ്ധങ്ങളും സമാധാന ഉടമ്പടികളും ഉടമ്പടി ലംഘനവും തുടരുകയാണ്. ഉല്‍പ്പതിഷ്ണുക്കളും സമ്പന്നരും അമേരിക്കയിലും യൂറോപ്പിലും വലിയ ബന്ധങ്ങളുമുള്ള ഇസ്രയേല്‍ അസമാധാനത്തിന്‍റെ ദിനങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും സാങ്കേതികരംഗത്തും വിദ്യാഭ്യാസത്തിലും ശാസ്ത്രത്തിലും മികവ് തെളിയിച്ച് മുന്നേറുകയാണ്.

പാലസ്തീനും ഹമാസും

 1920-48 കാലത്താണ് ബ്രിട്ടന്‍ ജൂതന്മാരുടെ കുടിയേറ്റം വലിയതോതില്‍ പ്രോത്സാഹിപ്പിച്ചത്. സമ്പന്നരായ ജൂതന്മാര്‍ കുടിയേറുകയും അറബികളുടെ കൈയ്യില്‍ നിന്നും ഭൂമിവാങ്ങി സ്ഥിരവാസം തുടങ്ങുകയും ചെയ്തു. എന്നാല്‍ മാന്‍ഡേറ്ററി പാലസ്തീനിന്‍റെ ആദ്യ ഭരണകൂടം അറബ് ഹയര്‍ കമ്മറ്റിയായിരുന്നു. 1936 ലാണ് ഗ്രാന്‍റ് മുഫ്ത്തി ഓഫ് ജറുസലേം അമീന്‍ അല്‍ ഹുസൈനിയുടെ അധ്യക്ഷതയില്‍ സമിതിയുണ്ടാക്കിയത്. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍റെ കൊലയെ തുടര്‍ന്ന് 1937 ല്‍ ഈ ഭരണത്തെ ബ്രിട്ടന്‍ നിയമവിരുദ്ധമാക്കി. ജൂതകുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടനെതിരെയുള്ള 1936 -39 കാലത്തെ അറബ് വിപ്ലകാലത്താണ് ഈ കൊല നടന്നത്. 1920 ല്‍ ജൂതകുടിയേറ്റം തുടങ്ങുമ്പോള്‍ 57,000 ആയിരുന്ന ജൂതന്മാര്‍ ഈ കാലത്ത് 3,20,000 ആയി വര്‍ദ്ധിച്ചു. ഇത് ജൂത –അറബ് ആഭ്യന്തര കലാപം വര്‍ദ്ധിപ്പിച്ചു. 1948 ല്‍ ഈജിപ്ത് പിടിച്ചെടുത്ത ഗാസ സ്ട്രിപ്പിലാണ് ആള്‍ പാലസ്തീന്‍ സര്‍ക്കാര്‍ പുനര്‍പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ 1959 ല്‍ ഈജിപ്ത് ഇതും പരിച്ചുവിട്ടു. 1964 ലാണ് പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പാലസ്തീന്‍ അറബികളുടെ ഔദ്യോഗിക പ്രതിനിധിയായി മാറുന്നത്.

മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കന്‍ തീരത്ത് 1967 ജൂണ്‍ അഞ്ച് മുതല്‍ പത്തുവരെ  ആറ്നാള്‍ നീണ്ട അറബ് –ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ കൈയ്യേറിയ ഇടമാണ് ഗാസ.ജോര്‍ഡാന്‍റെ കൈവശമായിരുന്ന ഗാസ കൈയ്യേറിയ ഇസ്രയേല്‍ പിന്നീടത് പാലസ്തീന് കൈമാറുകയും പലവട്ടം തിരിച്ചുപിടിക്കുകയും വിട്ടുനല്‍കുകയും ചെയ്തു. മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കേതീരത്ത്,തെക്കുപടിഞ്ഞാറ് ഭാഗത്ത് ഈജിപ്തും വടക്കും കിഴക്കും ഇസ്രയേലുമാണ് ഗാസയുടെ അതിര്‍ത്തികള്‍. കിഴക്കന്‍ ജറുസലേമും 1967 ലെ യുദ്ധത്തിലാണ് ഇസ്രയേല്‍ സ്വന്തമാക്കിയത്.

    ലോകത്തിലെ പ്രധാന മുസ്ലിം ഗ്രൂപ്പാണ് സുന്നികള്‍. ഹമാസ് പാലസ്തീനിലെ സുന്നി ഇസ്ലാമിക് റസിഡന്‍റ് മൂവ്മെന്‍റാണ്. അവരാണ് ഗാസ സ്ട്രിപ്പ് ഭരിക്കുന്ന രാഷ്ട്രീയ-മിലിറ്ററി സംഘടന. ഇപ്പോള്‍ പാലസ്തീന്‍ ജനത തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ഗാസ.മറ്റൊരിടം വെസ്റ്റ് ബാങ്കാണ്. 1974 ല്‍ ഐക്യരാഷ്ട്ര സംഘടന പാലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണായക അവകാശത്തെയും ദേശീയ സ്വാതന്ത്ര്യത്തെയും  പരമാധികാരത്തെയും അംഗീകരിക്കുകയും പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് യുഎന്നില് ഒബ്സര്‍വര്‍ പദവി നല്‍കുകയും ചെയ്തു.യാസര്‍ അരാഫത്തായിരുന്നു പിഎല്‍ഓയുടെ ആദ്യത്തെയും അവസാനത്തെയും ശബ്ദം. എന്നാല്‍ ഏത് പ്രസ്ഥാനത്തിലും എന്നപോലെ ഇവിടെയും രണ്ടാം നിര നേതാവായ അബ്ബാസ് അരാഫത്തിനെതിരെ നീക്കം തുടങ്ങി. അമേരിക്കയും ഇസ്രയേലും അബ്ബാസിന് പിന്‍തുണ നല്‍കി. അരാഫത്തിന്‍റെ മരണത്തെ തുടര്‍ന്ന് അബ്ബാസ് 2005 ല്‍ പാലസ്തീന്‍ പ്രസിഡന്‍റായി. ഇസ്രയേലിനെതിരെ യുദ്ധം നടത്തുന്ന എല്ലാ തീവ്രവാദ സംഘടനകളോടും സമാധാനം ലക്ഷ്യമിടാന്‍ അബ്ബാസ് ആഹ്വാനം ചെയ്തു.

   എന്നാല്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനമായ ഹമാസ് ആക്രമണം തുടര്‍ന്നു. ഹമാസിനെ അമേരിക്കയും ഇസ്രയേലും യൂറോപ്യന്‍ യൂണിയനും കാനഡയും ജപ്പാനും ന്യൂസിലന്‍റും തീവ്രവാദ പ്രസ്ഥാനമായി പ്രഖ്യാപിച്ചു. ഹമാസുമായുള്ള ബന്ധം അബ്ബാസും അവസാനിപ്പിച്ചു.അതോടെ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഇല്ലാതായി. അബ്ബാസ് നേതൃത്വം നല്‍കുന്ന ഫതഹ് പാര്‍ട്ടി വെസ്റ്റ് ബാങ്കിലും ഹമാസ് ഗാസയിലും സ്വതന്ത്ര ഭരണം തുടങ്ങി. അബ്ബാസ് സമാധാനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് സമ്മിറ്റ് നടത്തി. ഇസ്രയേല്‍ 900 പാലസ്തീനികളെ ജയില്‍ മോചിതരാക്കാന്‍ തീരുമാനിച്ചു. വെസ്റ്റ് ബാങ്കില്‍ നിന്നും ഇസ്രയേല്‍ പിന്മാറാമെന്നും സമ്മതിച്ചു. എന്നാല്‍ 2006 ല്‍ നടന്ന ലജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ ഹമാസ് മേല്‍ക്കൈ നേടി.ഹമാസ് ഭരണത്തിലെത്തുന്നതിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായി. ഹമാസും ഫതഹും തമ്മിലും സംഘര്‍ഷമാരംഭിച്ചു. അബ്ബാസ് അദ്ദേഹത്തിന്‍റെ കാലാവധി തീര്‍ന്ന 2009 ന് ശേഷവും ഭരണം തുടര്‍ന്നു. ഹമാസ് ലജിസ്ലേറ്റീവ് കൌണ്‍സില്‍ സ്പീക്കറെ താത്ക്കാലിക പ്രസിന്‍റാക്കാനും ശ്രമിച്ചു. എന്നാല്‍ പാലസ്തീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ അബ്ബാസിന് അനിശ്ചിതകാലത്തേക്ക്  കാലാവധി നീട്ടിക്കൊടുത്തു. അങ്ങിനെ അബ്ബാസ് വെസ്റ്റ്ബാങ്കിന്‍റെ അധിപനായി തുടര്‍ന്നു. 2014 ല്‍ ഹമാസും ഫതഹും ഒത്തുതീര്‍പ്പിലെത്തി യൂണിറ്റി സര്‍ക്കാരുണ്ടാക്കി.പുറമെ സഖ്യമായി എങ്കിലും യോജിപ്പ് പൂര്‍ണ്ണമായിരുന്നില്ല. ഗാസ സ്ട്രിപ്പിലേക്ക് ആയുധങ്ങള്‍ കൊണ്ടുവരുന്ന ഹമാസിനെ പ്രതിരോധിക്കുന്ന ഇസ്രയേലിനും ഈജിപ്തിനും അബ്ബാസ് പിന്‍തുണ നല്‍കി. ഈജിപ്ത് അവരുടെ അതിര്‍ത്തിയിലെ കള്ളക്കടത്ത് ടണലുകള്‍ നശിപ്പിച്ചു.ചുരുക്കത്തില്‍ പാലസ്തീന്‍ രാജ്യത്തിന് വേണ്ടി വാദിക്കുന്ന അറബ് രാജ്യങ്ങള്‍ക്കും  ഒരു വിഭാഗം പാലസ്തീനികള്‍ക്കും ഉള്‍ക്കൊള്ളാനും പൊരുത്തപ്പെടാനും കഴിയാത്ത തീവ്രവാദ ഗ്രൂപ്പാണ് ഹമാസ്.

 ഹമാസിനെ ന്യായീകരിക്കാന്‍ കഴിയില്ല

ഇപ്പോള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഗാസ അതിര്‍ത്തിയില്‍ നിന്നും ഒളിഞ്ഞ് ഇസ്രയേലിലേക്ക് കടന്ന് അവിടെനിന്നും ജനങ്ങളെ പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കി വയ്ക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്ത ഹമാസ് ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയാത്ത കുറ്റമാണ് ചെയ്തത്. അതിന്‍റെ തുടര്‍ച്ചയായി ഇസ്രയേല്‍ തിരിച്ചാക്രമിക്കുമെന്നും നിസ്സഹായരായ സാധാരണ മനുഷ്യരാകും അതുവഴി ദുരിതമനുഭവിക്കുക എന്നും അറിയാത്തവരല്ല ഹമാസ്. എന്നാല്‍ അവരെ ഇളക്കിവിട്ടവര്‍ക്ക് സന്തോഷിക്കാം. കാരണം സമാധാനപരമായി നിലനില്‍ക്കുന്ന ഒരു ലോകം ഉണ്ടാകരുത് എന്നാഗ്രഹിക്കുന്ന ഒരുപറ്റമാളുകള്‍ എന്നും ലോകത്തുണ്ടാകാറുണ്ട്. അത് ആയുധക്കച്ചവടക്കാരും മതനേതാക്കളും ഭരണാധികാരികളും ചില രാജ്യങ്ങളും ഉള്‍പ്പെടുന്ന ശൃംഖലയാണ്. സാധാരണ മനുഷ്യരുടെ ജീവിതദുരന്തങ്ങള്‍ അവരെ സ്പര്‍ശിക്കാറില്ല. റഷ്യ-ഉക്രയിന്‍ യുദ്ധമായാലും ഇന്ത്യ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളായാലും പാലസ്തീനികള്‍ക്കെതിരായ ഇസ്രയേല്‍ അതിക്രമമായാലും എല്ലാറ്റിനും പിറകില്‍ ചരട് വലിക്കുന്ന ചില ശക്തികളുണ്ടാകും. ലോകം സമാധാനപൂര്‍ണ്ണമായ ഇടമാകരുത് എന്നാഗ്രഹിക്കുന്ന ചിലര്‍.ഐക്യരാഷ്ട്രസഭയില്‍ പാലസ്തീന് അനുകൂലമായി വരുന്ന എല്ലാ പ്രമേയങ്ങളെയും അമേരിക്കയാണ് എതിര്‍ക്കുന്നതും പാസ്സാക്കാന്‍ അനുവദിക്കാതിരിക്കുന്നതും. ഇന്ത്യയ്ക്ക് ദോഷം ചെയ്യുന്ന തീവ്രവാദികളെ അനുകൂലിക്കുന്നത് പാകിസ്ഥാനോ ചൈനയോ ആകും. ഖലിസ്ഥാന്‍ വാദികളെ സംരക്ഷിക്കുന്നത് കാനഡയാകും. ഇതൊന്നുംതന്നെ അവിടത്തെ ജനതയല്ല, ഭരണാധികാരികളും അവരെ സ്വാധീനിക്കുന്ന ലോബികളുമാണ് എന്നതാണ് ശ്രദ്ധേയം.

കേരളത്തിന്‍റെ സമീപനം

കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഗാസയിലെ ജനതയുടെ സങ്കടങ്ങളെ എങ്ങിനെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്താന്‍ ഉപയോഗിക്കാം എന്നാണ് ചിന്തിക്കുന്നത്. എന്തിനേയും പ്രസ്ഥാനത്തിന്‍റെയോ തന്‍റെതന്നെയോ നേട്ടത്തിന് എങ്ങിനെ വിനിയോഗിക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ഇസ്ലാം മതവും കമ്മ്യൂണിസവും ആഗോളതലത്തില്‍ വേരോട്ടമുള്ള പ്രസ്ഥാനങ്ങളാണ് എന്നതുകൊണ്ടുതന്നെ പാലസ്ഥീന്‍ പ്രശ്നത്തില് പണ്ടേ സമാനചിന്താഗതിയാണുള്ളത്. കെ.ടി.ജലീല്‍ പറയുന്നപോലെ പച്ചയും ചുവപ്പും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഓരോ ശ്രമവും എവിടെയെങ്കിലും തട്ടി മരണപ്പെടുകയാണ് ചെയ്യാറ്. ഇപ്പോള്‍ ആഗോളവിഷയമായതിനാല്‍ വലിയ പ്രശ്നമില്ലാതെ ഒരുകൂട്ടായ്മ സംഘടിപ്പിക്കാം എന്ന് കരുതിയതില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്താന്‍  കഴിയില്ല. അതും പൂര്‍ണ്ണതയിലെത്തിയില്ല എങ്കിലും അധികാരത്തിന് പുറത്ത് ലീഗിന് എത്രകാലം കൂടി തുടരാന്‍ കഴിയും എന്നത് സംശയകരമാണ്. ഇത്തരമൊരു സാഹചര്യത്തെയാണ് ബിജെപിയും പ്രതീക്ഷയോടെ നോക്കിക്കാണുന്നത്.ഇവിടെ ഗാസയിലെ കുഞ്ഞുങ്ങളുടെ വേദന, സ്ത്രീകളുടെ രോദനം എന്നൊക്കെ പറഞ്ഞുള്ള പ്രസംഗങ്ങളും പ്രസ്താവനകളും വെറും തട്ടിപ്പാണ്. ആത്യന്തികമായി വെടക്കാക്കി തനിക്കാക്കുക പദ്ധതിയാണ് നടക്കുന്നത്. അതാണ് രാഷ്ട്രീയം, അതില്‍ തെറ്റ് കാണാനും കഴിയില്ല🙏   


 

Wednesday, 1 November 2023

Come around -A travel experience -part 2

 


യാത്രാനുഭവം – ഭാഗം -2

ഒന്നു ചുറ്റി വന്നു

-വി.ആര്‍.അജിത് കുമാര്‍

                  കൊച്ചിയിലേക്കുള്ള യാത്ര തീരദേശം വഴിയായിരുന്നു. ഹൈസ്കൂള്‍ ജംഗ്ഷനില്‍ നിന്നും ചെറിയഴീക്കല്‍,അഴീക്കല്‍,ആറാട്ടുപുഴ,തൃക്കുന്നപ്പുഴ വഴി തോട്ടപ്പള്ളി. നല്ല കാഴ്ചകള്‍ നല്‍കുന്ന യാത്രയാണ്. ട്രാഫിക്കും കുറവായിരുന്നു. കടല്‍ ദേഷ്യത്തിലാണ്. പ്രതിരോധിക്കാന്‍ പാറയും സിമന്‍റിന്‍റെ ട്രൈപോഡും ധാരാളം. അതിന്‍റെ ബലത്തില്‍ ജനങ്ങള്‍ അവിടെ തുടരുന്നു. അഴീക്കല്‍ പാലം രണ്ട് കിലോമീറ്ററില്‍ ഏറെ വരും. മനോഹരം. കറുത്ത മണലിന്‍റെ ഖനനം നടക്കുന്നുണ്ട്. കറുത്ത സ്വര്‍ണ്ണമാണ് എന്നാണല്ലോ പറയുക. ഇപ്പോഴും ഇന്ത്യ ഇത് വേണ്ടത്ര ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്.

  മരട് നിന്നാണ് ഭക്ഷണം കഴിച്ചത്. സീഫിഷ് റസ്റ്റാറന്‍റ്. മീല്‍സാണ് വാങ്ങിയത്. ഒപ്പം നെത്തലി വറുത്തതും മത്തി വറുത്തതും. ഇത് രണ്ടും കണ്ടിട്ടുതന്നെ കാലം കുറേയായി. നല്ല ഭക്ഷണമായിരുന്നു. ടേബിള്‍ വൃത്തിയാക്കുന്ന പയ്യന് ജയശ്രീ കുറച്ചു പൈസ കൊടുത്തു. അവന്‍റെ സന്തോഷം ഒരു ചിരിയായി പ്രകാശിച്ചു. ഇന്‍ഫോപാര്‍ക്കിനോട് ചേര്‍ന്നാണ് സുരേഷ് താമസിക്കുന്നത്. അവിടേക്കായിരുന്നു യാത്ര. കൊച്ചി വേറേ ലവലിലാണ് വളരുന്നത്. മോശപ്പെട്ട തദ്ദേശഭരണം വരുത്തുന്ന ദോഷങ്ങളേയുള്ളു നെഗറ്റീവായി പറയാന്‍. തദ്ദേശഭരണം ഒരു നല്ല ഡിക്റ്റേറ്റര്‍ക്ക് നല്‍കിയാലേ നന്നാവൂ. ഇന്‍ഡോര്‍ തന്നെയാണ് മാതൃക ആക്കാവുന്നത്. സുരേഷിന്‍റെ വീട്ടില്‍ നിന്ന് ഇന്‍ഫോപാര്‍ക്കും സ്പെഷ്യല്‍ ഇക്കണോമിക് സോണും കാണാം. അവിടെ കയറിന്‍റെ ടൈല്‍സ് നിര്‍മ്മിച്ച് യൂറോപ്പിലേക്കയയ്ക്കുന്ന വലിയൊരു സ്ഥാപനമുണ്ട്. നൂറുകണക്കിന് ആളുകളാണ് അവിടെ ജോലി ചെയ്യുന്നത്. സോളാര്‍ പാനലുകളും അവരുടെ ഷെഡിന് മുകളില്‍ കണ്ടു. സുരേഷ് ജ്യേഷ്ടന്‍റെ അടുത്ത സുഹൃത്താണ്. പിന്നീട് ഡല്‍ഹിക്കാലത്ത് എന്‍റെയും അടുത്ത കുടുംബസുഹൃത്തായി. ആ സൌഹൃദം തുടരുന്നു. മൂത്തമകന്‍ കണ്ണനാണ് ഇവിടെ താമസം. സുരേഷും ജയയും ഇപ്പോഴും ഡല്‍ഹിക്കാര്‍ തന്നെ. വന്നും പോയുമിരിക്കുന്നു. കണ്ണന് രണ്ടാമത്തെ കുട്ടി പിറന്ന സന്തോഷം പങ്കിട്ട് അവിടെനിന്നും ഇറങ്ങി. ജ്യേഷ്ടന്‍റെ മകന്‍ ഉണ്ണി താമസിക്കുന്നത് തൃക്കാക്കരയിലാണ്. അവിടെ കയറി അവരെയും കണ്ടു. മകന്‍ നിരഞ്ജനുമായി അല്‍പ്പസമയം കളിച്ചു. ദീപ്തിയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛന് ചില്ലറ അസുഖങ്ങളൊക്കെയുണ്ടെങ്കിലും മനോബലം നല്‍കുന്ന സന്തോഷത്തിലാണ് എപ്പോഴും. കുറച്ചുസമയം സംസാരിച്ചിരുന്ന ശേഷം അവിടെനിന്നും കടവന്ത്രയില്‍ ജ്യേഷ്ടന്‍റെ വീട്ടിലെത്തി. അന്നവിടെ തങ്ങി. രാത്രിയില്‍ സിലോണ്‍ ബേക്കേഴ്സില്‍ നിന്നും വാങ്ങിയ ഇടിയപ്പവും പൊറോട്ടയും ബീഫുമൊക്കെയായി ഭക്ഷണം കഴിച്ചു. മിസോറാമില്‍ ഫോറസ്റ്റ് സര്‍വ്വീസിലുള്ള അനുവിന്‍റെ അച്ഛനും അമ്മയും വന്നിരുന്നു. കുറച്ചുനേരം അവരുമായും സംസാരിച്ചിരുന്നു. അജയാണ്ണനും ശ്രീക്കുട്ടനും ക്രിക്കറ്റ്പ്രേമികളായതിനാല്‍ ലോകക്കപ്പ് ചര്‍ച്ചകളുമൊക്കെയായി സമയം ചിലവഴിച്ചു.

രാവിലെ ഇറങ്ങി. തൃശൂരേക്കാണ് യാത്ര. കരുനാഗപ്പള്ളിയില്‍ നിന്നും ജയഛന്ദ്രനും അനിതയും കാറില്‍ വന്നുകൊണ്ടിരിക്കയാണ്. അവരെ പാലിയേക്കര ടോളില്‍ കാണാം എന്നായിരുന്നു തീരുമാനം. കൊച്ചിയിലെ ട്രാഫിക്കും ആലുവയും അങ്കമാലിയും ചാലക്കുടിയും കടന്ന് അവിടെയെത്തി. അവിടെനിന്നും ജയന്‍റെ ബന്ധു വിനോദിന്‍റെ വീട്ടിലേക്ക് തിരിച്ചു. ഒരു ചെറുപുഴയോട് ചേര്‍ന്നാണ് വിനോദിന്‍റെ വീട്. ആ പ്രദേശത്ത് ആദ്യം താമസമാക്കിയ ധീരനാണ് വിനോദ്. ഇപ്പോള്‍ അനേകം വീടുകളായി. അവിടെ എത്തിയപ്പോള്‍ പിന്നാലെ വന്ന കൊറിയര്‍ സര്‍വ്വീസുകാരനാണ് പറഞ്ഞത് വണ്ടിയുടെ മുന്‍വശത്തെ ടയറില്‍ കാറ്റില്ലെന്ന്. പുതിയ ടയറുകളാണ് നാലും,ഇതെന്തുപറ്റി എന്നത്ഭുതപ്പെട്ടുപോയി. വിനോദ് ഉടനെ ഒരു ടയര്‍കടക്കാരനെ വിളിച്ചു. ഇപ്പോള്‍ വരാം എന്നു പറഞ്ഞു. കുറച്ചുനേരം കാത്തിരുന്നു.വന്നില്ല. വീണ്ടും വിളിക്കുമ്പോഴെല്ലാം ഫോണ്‍ തിരക്കിലാണ്. മലയാളിയുടെ സ്വഭാവം നന്നായറിയാവുന്ന വിനോദ് ബുള്ളറ്റെടുത്ത് അവന്‍റെ കടയിലേക്ക് പോയി. കണക്കുകൂട്ടല്‍ തെറ്റിയില്ല. അവന്‍ ഫോണ്‍ ബിസിയാക്കിവച്ച് താടിക്ക് കൈയ്യുംകൊടുത്ത് ഇരിപ്പാണ്. ആവശ്യക്കാരനായതിനാല്‍ നാവില്‍ വന്ന തെറി ഉള്ളിലടക്കി വിനോദ് അവനെയും കൂട്ടി വന്നു. പരിശോധനയ്ക്കായി ടയര്‍ ഇളക്കി,സ്റ്റെപ്പിനി പിടിപ്പിച്ച് ശ്രീക്കുട്ടനും അയാളും കൂടി പോയി. ടയറിന്‍റെ നോബ് ലൂസ് ആയതായിരുന്നു. വിശദമായ പരിശോധനകള്‍ നടത്തി, നോബ് ശരിയാക്കി. ഇരുനൂറ്റിയന്‍പത് രൂപ നല്‍കി തിരികെയെത്തി. പമ്പില്‍ നിന്നും കാറ്റടിക്കുമ്പോള്‍ ,കാറ്റ് പുറത്തേക്ക് പോകുന്നുണ്ടോ എന്ന് പരിശോധിക്കണം എന്നാണ് പറയുന്നത്. പൊതുവെ ആരും അത് ശ്രദ്ധിക്കാറില്ല. ഒരു പ്രായംചെന്ന മനുഷ്യനായിരുന്നു കാറ്റ് നിറച്ചത്. സാധാരണ പത്തുരൂപയോ ഇരുപത് രൂപയോ ആണ് കൊടുക്കാറുള്ളത്, ഈ പ്രായത്തിലും അയാള്‍ പണിയെടുക്കുന്നല്ലോ എന്ന കരുണാരസത്തില്‍ ജയശ്രീ അയാള്‍ക്ക് ഇരുപത്തിയഞ്ച് രൂപയും നല്‍കിയിരുന്നു. ഏതായാലും വിനോദിന്‍റെ വീട്ടില്‍ കയറിയത് നന്നായി. വിനോദും ശ്രീജയും മകനും വളരെകാലമായി അറിയുന്നവരെപോലെ സൌഹൃദത്തിലായി. നല്ല ലൈബ്രറിയും വായനയുമൊക്കെ ഉള്ള ആളുകളാണ്. വിവിധങ്ങളായ ചര്‍ച്ചകള്‍ക്കൊപ്പം കൊഴുക്കട്ടയും പഴംപൊരിയും നാരങ്ങാവെള്ളവും തുടര്‍ന്ന് അക്ഷയയില്‍ നിന്നുള്ള സമൃദ്ധമായ ഊണും ശ്രീജ തയ്യാറാക്കിയ രുചികരമായ ബീഫ് വിഭവങ്ങളും ഒക്കെയായി ഉച്ചനേരം കുശാലായി. ജയന്‍റെ വണ്ടി അവിടെ ഇട്ടു. മുണ്ടൂര്‍, മലപ്പുറം വഴി കോഴിക്കോട്ടേക്കുള്ള യാത്ര ഇനി ഒന്നിച്ചാണ്. റോഡ് വികസനമാണ് എവിടെയും. സ്റ്റേറ്റ് ഹൈവേയും നാഷണല്‍ ഹൈവേയും വികസിക്കുന്നുണ്ട്. മലപ്പുറം – കോഴിക്കോട് അതിര്‍ത്തിയില്‍ തേഞ്ഞിപ്പാലം ഭാഗത്തു മുതല്‍ കനത്ത ട്രാഫിക്കായിരുന്നു. യാത്ര മന്ദഗതിയിലായി. ജയന്‍  പോലീസ് സ്റ്റോറികള്‍ പറഞ്ഞതിനാല്‍ മുഷിവുണ്ടായില്ല.

 

   ഏഴ് മണിക്ക് കോഴിക്കോട് ഗസ്റ്റ്ഹൌസിലെത്തി. 2022 ല്‍ പണിതീര്‍ത്ത പുതിയ കെട്ടിടം മനോഹരമാണ്.നല്ല പെരുമാറ്റമുള്ള ജീവനക്കാരും നല്ല മുറിയും. 1750 രൂപയും ജിഎസ്ടിയുമാണ് പൊതുജനങ്ങള്‍ക്ക് നിരക്ക്. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് 25 ശതമാനം ഡിസ്ക്കൌണ്ട് ഉണ്ട്. ഒന്ന് ഫ്രഷ് ആയി പുതിയങ്ങാടിയില്‍ സജീവിന്‍റെ വീട്ടിലേക്ക് പോയി. കേരളഹൌസില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ഒപ്പമുണ്ടായിരുന്ന സഹോദരസ്ഥാനീയനാണ് സജീവ്. ഇപ്പോള്‍ ജീവിച്ചിരിപ്പില്ലെങ്കിലും കുടുംബവുമായി ഞങ്ങള്‍ക്ക് നല്ല ബന്ധമാണ് ഉള്ളത്. സജീവിന്‍റെയും റീനയുടെയും മകള്‍ ലക്ഷ്മി എന്ന അനഘയുടെ വിവാഹമാണ് ഞയറാഴ്ച. അതില്‍ പങ്കെടുക്കാന്‍ വേണ്ടിയായിരുന്നു ഈ യാത്ര. വീട്ടില്‍ ബ്രൈഡ് ടു ബീ ആഘോഷം നടക്കുകയായിരുന്നു. സജീവും റീനയും നന്നായി പാടുമായിരുന്നു. അതിന്‍റെ തുടര്‍ച്ചപോലെ മകന്‍ അച്ചു നന്നായി ഹിന്ദിഗാനങ്ങള്‍ ആലപിക്കുന്നുണ്ടായിരുന്നു. റീനയുടെ സഹോദരന്‍ കുട്ടന്‍, ഡല്‍ഹി സൌഹൃദത്തിലുണ്ടായിരുന്ന സാറാമ്മ തുടങ്ങി പലരും പാടുകയും കുട്ടികള്‍ നൃത്തം ചെയ്യുകയും ചെയ്തു. അവിടെ മിക്കവരും പരിചയക്കാരായിരുന്നു.ഭിന്നശേഷിക്കാരിയും ജീവിതത്തെ വെല്ലുവിളിയായി കാണുകയും ചെയ്യുന്ന വസന്തയെ കണ്ടത് വലിയ സന്തോഷമായി.സജീവ് അവരെ ഡല്‍ഹി കാണിക്കാന്‍ കൊണ്ടുവന്നതൊക്കെ ഓര്‍ത്തു.  എല്ലാവരോടും സംസാരിച്ചും സൌഹൃദം പങ്കിട്ടും ഭക്ഷണം കഴിച്ചും മടങ്ങിയപ്പോള്‍ പത്തുമണി കഴിഞ്ഞു.

   രാവിലെ പത്ത് അന്‍പതിനും പതിനൊന്നരയ്ക്കും ഇടയിലാണ് മുഹൂര്‍ത്തം.ശ്രീ അഴകോടി ദേവിക്ഷേത്രം ആഡിറ്റോറിയത്തിലാണ് വിവാഹം. ഞങ്ങള്‍ കുറച്ചുനേരത്തെ എത്തി. അച്ചു എന്ന അശ്വിന്‍ ഫോറന്‍സിക് സയന്‍സ് പഠിക്കുന്നത് ഗോവയിലാണ്. തിങ്കളാഴ്ച സെമസ്റ്റര്‍ പരീക്ഷയുള്ളതിനാല്‍ കൂട്ടുകാര്‍ എത്തിയില്ല,എന്നാല്‍ രണ്ട് പ്രൊഫസറന്മാര്‍ വന്നിരുന്നു. വലിയ പ്രായമൊന്നുമില്ല അവര്‍ക്ക്. ഒരാള്‍ ബീഹാറുകാരനും മറ്റൊരാള്‍  ആന്ധ്രാക്കാരനുമാണ്. കേരള വിവാഹം കാണുക, സദ്യ കഴിക്കുക എന്നതൊക്കെയാണ് ലക്ഷ്യം. അവര്‍ ക്ഷേത്രത്തില്‍ കയറാനായി മുണ്ട് ഉടുത്താണ് വന്നത്. പക്ഷെ കേരളത്തില്‍ അതും പോരല്ലൊ, ഉടുപ്പും ബനിയനും ഊരി അര്‍ദ്ധനഗ്നനാകണം, അതിനാല്‍ അവര്‍ മടിച്ചുനിന്നു. പാന്‍റ്സ് ഇട്ടിരിക്കുന്ന ഞങ്ങള്‍ക്ക് ക്ഷേത്രപ്രവേശന വിലക്കുള്ളതിനാല്‍ അതിനെകുറിച്ച് ചിന്തിക്കുകപോലും ചെയ്തില്ല. വനിതകള്‍ കയറി തൊഴുതു. കുറച്ചു പഴക്കമുള്ള ക്ഷേത്രമാണെന്നു തോന്നുന്നു. ക്ഷേത്രപറമ്പില്‍ നല്ല പാര്‍ക്കിംഗ് സൌകര്യമുണ്ട്. ഹാളും കൊള്ളാം. എവിടെയിരുന്നും കല്യാണം കാണാം എന്നതാണ് പ്രത്യേകത. രാജീവ്,ഗോപന്‍,മോഹന്‍,അജിത് ദാസ്, ഗണേശന്‍,ആന്‍റണി, രാധാകൃഷ്ണന്‍, സുദേവന്‍, ദിന്‍കര്‍ തുടങ്ങി ഡല്‍ഹിയിലും നാട്ടിലുമുള്ള കുറേ സുഹൃത്തുക്കളെ കണ്ടു. ലക്ഷ്മിക്ക് യോജിക്കുന്ന പയ്യനാണ് ശരത്. പരിചയപ്പെടാനൊന്നും സമയം കിട്ടിയില്ല. വിവാഹം വളരെ ലളിതമായിരുന്നു. തെക്കന്‍ കേരളത്തില്‍ പെണ്‍കുട്ടി വസ്ത്ര-മേക്കപ്പ് ഭാരവുമായി,മുട്ടുമടക്കി തലകുനിച്ച്,സ്റ്റേജില്‍ നിന്നുകൊണ്ട് അടുത്ത ബന്ധുക്കളുടെ കാല്‍തൊട്ടുവന്ദിക്കുന്ന ദയനീയ കാഴ്ച ഇവിടെയില്ല. പെണ്ണും ചെറുക്കനും താലികെട്ടുകഴിഞ്ഞ് അവിടെത്തന്നെ ഇരിക്കും. ബന്ധുക്കള്‍ അവരുടെ മുന്നില്‍ വന്ന് തലയില്‍ കൈവച്ച് അനുഗ്രഹിക്കും. കുട്ടികള്‍ അവരുടെ കാലിലും തൊടും. തെക്കര്‍ക്ക് അനുകരിക്കാവുന്ന മാതൃകയായി തോന്നി.

സദ്യയും നന്നായിരുന്നു. അവിടെയും തെക്കര്‍ക്ക് ചിന്തിക്കാവുന്ന ലാളിത്യമുണ്ട്. അന്‍പത് കൂട്ടം കറികളൊന്നുമില്ലാതെ ഒരു മനുഷ്യന് താങ്ങാവുന്ന തരത്തില്‍ കറികളും ചോറും രണ്ടിനം പായസവും. ഊണ് കഴിഞ്ഞ് ഉടനെ ഇറങ്ങി. നേരത്തെ പദ്ധതിയിട്ടിരുന്നത് പൊള്ളാച്ചി സ്റ്റേ ആയിരുന്നു. എന്നാല്‍ കൊച്ചുമകള്‍ പത്മാവതി വിളിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് ഞയറാഴ്ച തന്നെ ഓടിയെത്താന്‍ തീരുമാനിച്ചു. പൊള്ളാച്ചിയില്‍ ഗസ്റ്റ്ഹൌസ് ബുക്ക് ചെയ്തത് കാന്‍സല്‍ ചെയ്തു. ജയനും അനിതയും ഒന്നേമുക്കാലിനുള്ള ജനശതാബ്ദിയില്‍ തൃശൂരേക്ക് പോകും. അവിടെനിന്നും കാറെടുത്ത്, അമേരിക്കയില്‍ നിന്നും എത്തുന്ന സഹോദരി ഗീതയേയും വിളിച്ചാണ് കരുനാഗപ്പള്ളിയിലേക്ക് മടക്കയാത്ര. അവരെ സ്റ്റേഷനിലാക്കി ഞങ്ങള്‍ രാമനാട്ടുകര,കൊണ്ടോട്ടി,മലപ്പുറം,പെരിന്തല്‍മണ്ണ,കോങ്ങാട്, മുണ്ടൂര്‍,പാലക്കാട്,പൊള്ളാച്ചി, ഉദുമലപേട്ടൈ,നീലമലൈകോട്ടൈ, പുതുഛത്രം,സെല്ലൂര്‍,മധുരൈ വഴി ശിവഗംഗയ്ക്ക് തിരിച്ചു. വരുംവഴി ദൂരെ പളനിമല വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. റോഡ് പണി ഫുള്‍സ്വിംഗിലാണ് പലയിടത്തും. പണി തീര്‍ന്ന ഇടങ്ങളിലെല്ലാം വാഹനം കടത്തിവിടുന്നുണ്ടായിരുന്നു. ശ്രദ്ധിച്ച് ഓടിക്കേണ്ടതുണ്ട്. ശ്രീക്കുട്ടനായിരുന്നു മുഴുവന്‍ യാത്രയിലും സാരഥി. പാട്ടുകളും കേട്ടും പലവിധ കാര്യങ്ങള്‍ സംസാരിച്ചും ഉറങ്ങാതെ മുന്നില്‍ ഒപ്പമിരിക്കുക എന്നതായിരുന്നു എന്‍റെ ചുമതല. ഒന്‍പത് മണിക്കൂറിലേറെ ഒറ്റ സ്ട്രെച്ചില്‍ ഓടിച്ച് രാത്രി പത്തുണിയോടെ ഊരു ചുറ്റല്‍ അവസാനിപ്പിച്ച് വീട്ടിലെത്തി. പത്മാവതിയുമായി കഥപറഞ്ഞിരുന്നു,പിന്നെ ഒരുറക്കമായിരുന്നു. കുറേക്കാലം ഓര്‍ക്കാനുള്ള സംഭവങ്ങളുണ്ട് തലയില്‍. ഇനി അടുത്ത യാത്ര എന്നാണോ എന്തോ ?? (അവസാനിച്ചു)





Tuesday, 31 October 2023

Come around - a travel experience -Part-1

 


യാത്രാനുഭവം – ഭാഗം -1

ഒന്നു ചുറ്റി വന്നു

-വി.ആര്‍.അജിത് കുമാര്‍

കിളികള്‍ക്കൊരു സ്വഭാവമുണ്ട്. മരത്തിലങ്ങിനെയിരുന്ന് മുഷിയുമ്പോള്‍ ഒന്ന് പറന്ന് ചുമ്മാചുറ്റിക്കറങ്ങി ,വല്ല തീറ്റയും കിട്ടിയാല്‍ അതും കഴിച്ച് പഴയ സ്ഥലത്തുതന്നെ വന്നിരിക്കും. മനുഷ്യര്‍ അത്തരം യാത്രകള്‍ നടത്തുക ഇപ്പോള്‍ സാധാരണമായിട്ടുണ്ട്. എന്നാല്‍ ഞങ്ങളുടെ യാത്ര അത്തരത്തിലായിരുന്നില്ല, ചില ഉദ്ദേശങ്ങളും അതിന് പിന്നിലുണ്ടായിരുന്നു.

ഒക്ടോബര്‍ ഇരുപത്തിയഞ്ചിനാണ് ജയശ്രീയും ശ്രീക്കുട്ടനും രാജശ്രീയും ഞാനും കൂടി ശിവഗംഗയില്‍ നിന്നും യാത്ര പുറപ്പെട്ടത്. കൊച്ചുമകള്‍ പത്മാവതിയെ നോക്കാനായി നാട്ടില്‍ നിന്നും വിഷ്ണുവിന്‍റെ അമ്മ ഗീതയും രാമനാഥപുരത്തുനിന്നും നാഗറാണിയും എത്തിയതോടെ സമാധാനമായി. മോളെ സ്കൂളിലാക്കിയശേഷം പുറപ്പെട്ടപ്പോള്‍ രാവിലെ പതിനൊന്നരയായി. 2015 മുതല്‍ കൂട്ടിനുള്ള മാരുതി സ്വിഫ്റ്റിനെ നാല് ദിവസം മുന്നെ കാര്‍ഡോക്ടറെ കാണിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നു. ആറ് മാസം മുന്നെ ചെന്നൈയില്‍ വച്ച് ഷെല്‍ കമ്പനിയുടെ എന്‍ജിന്‍ ഓയില്‍ വാങ്ങി ഒഴിച്ചതാണ്. അത് മാരുതിവണ്ടിക്ക് ശരിയാകില്ല എന്ന് പറഞ്ഞ് വര്‍ക്ക്ഷോപ്പുകാരന്‍ അത് മാറ്റി. അതുകൊണ്ട് അയ്യായിരത്തിന് മുകളില്‍ ചിലവ് വന്നു. ആ അബദ്ധം പറ്റാതിരിക്കാന്‍ വായനക്കാരും ശ്രദ്ധിക്കുക.

    മധുര, വിരദുനഗര്‍,ചെങ്കോട്ട, ആര്യങ്കാവ് ,കുളത്തൂപ്പുഴ,മടത്തറ വഴി നിലമേലേക്കാണ് യാത്ര. നല്ല റോഡ്, പ്രകൃതി ദൃശ്യങ്ങള്‍, ഇടയ്ക്കൊക്കെ ചെറിയ മഴ, നല്ല ചൂടുള്ള കാപ്പി, ചായ, വട,പഴംപൊരി ഇത്യാദികളുടെ അകമ്പടിയോടെയാണ് യാത്ര. ഉച്ചയ്ക്ക് നല്ല മഴയുടെ താളത്തിനൊപ്പം വീട്ടില്‍ നിന്നും കൊണ്ടുവന്ന ഫ്രൈഡ് റൈസ് കഴിച്ചു. ഉലഹപ്പന്‍ എന്ന കൈപ്പുണ്യമുള്ള ചെട്ടിനാടുകാരന്‍ തയ്യാറാക്കിത്തന്നതായിരുന്നു അത്. മല കയറിഇറങ്ങുമ്പോള്‍ ജയശ്രിക്കുണ്ടായ തലവേദനയും അസ്വാസ്ഥ്യവും ഒഴിച്ചാല്‍ യാത്ര സുന്ദരം,സുഖകരം. വൈകിട്ട് ആറ് മണി കഴിഞ്ഞപ്പോള്‍ നിലമേലെത്തി. കൊട്ടാരക്കര ഗണപതികോവിലില്‍ നിന്നും കിട്ടുന്നപോലെ സ്വാദിഷ്ടമായ ഉണ്ണിയപ്പം, വിനീത തയ്യാറാക്കി വച്ചിരുന്നു. അതൊക്കെ കഴിച്ച് അവിടെയിരുന്നു കുറേ നേരം വിശേഷം പറഞ്ഞു. അമ്മയ്ക്ക് പ്രത്യേകിച്ച് അസുഖമൊന്നുമില്ലെങ്കിലും പ്രായാധിക്യത്തിന്‍റെ ചില അസ്വസ്ഥതകള്‍. അമ്മയുടെ ചെറിയ വിഷമങ്ങളൊക്കെ കേട്ടു. ഫിഷ്ലാന്‍റില്‍ നിന്നും പതിവുപോലെ താറാവും ബീഫും പൊറോട്ടയും വാങ്ങി. കപ്പ പുഴുങ്ങിയതും ചപ്പാത്തിയും മുട്ടക്കറിയുമൊക്കെ  വീട്ടിലുണ്ടായിരുന്നു. സമൃദ്ധമായ അത്താഴം കഴിഞ്ഞ് പരവൂരേക്ക് പോയി. പത്തുമണി കഴിഞ്ഞു അവിടെ എത്തിയപ്പോള്‍. പാരിപ്പള്ളി-പരവൂര്‍ റോഡ് വര്‍ഷങ്ങളായി കേടില്ലാതെ കിടക്കുകയായിരുന്നു. ഇപ്പോള്‍ അവിടവിടെ പണി നടക്കുന്നു. യാത്രക്ഷീണം കാരണം നന്നായി ഉറങ്ങി.

രാവിലെ ഏഴുമണിക്ക് എഴുന്നേറ്റു തയ്യാറായി. എട്ടേമുക്കാലിന് കടല്‍തീരത്തുള്ള പനമൂട്ടില്‍ ക്ഷേത്രത്തിലെത്തി. പൂജയ്ക്ക് ഞാനും ജയശ്രീയും മാത്രമെ ഉണ്ടായിരുന്നുള്ളു. കടലിരമ്പവും മണിയൊച്ചയും മന്ത്രവും ഭക്തിപാട്ടും മാത്രം. അമ്പലത്തിലെ മുഖ്യപ്രതിഷ്ഠ ശിവനാണ്. അതൊന്നും എനിക്കത്ര നിശ്ചയമില്ലാത്തതിനാല്‍ ഞാന്‍ ആദ്യം തൊഴുതത് വിഷ്ണുവിനേയും പിന്നെ മഹാലക്ഷ്മിയേയുമാണ്. അപ്പോള്‍ പോറ്റി പറഞ്ഞു ഇതല്ല രീതിയെന്ന്. അതിന്‍റെ കാരണവും മൂപ്പിളപ്പവുമൊന്നും പുള്ളിയോട് ചോദിക്കാന്‍ പോയില്ല. തര്‍ക്കിക്കാനല്ലല്ലോ അമ്പലത്തില്‍ പോകുന്നത്. തിരക്കില്ലാത്ത ക്ഷേത്രമാണെങ്കില്‍ മണിയൊച്ച കേള്‍ക്കുമ്പോള്‍ കണ്ണടച്ചുനിന്നാല്‍ ഒരു പ്രത്യേക സുഖമാണ്. അവിടെനിന്നും പായസവും വാങ്ങി മടങ്ങി. രാജശ്രീയെ പരവൂരാക്കി ഞങ്ങള്‍ ഇടവയിലേക്ക് പോയി. ബാങ്കില്‍ ചില ഇടപാടുകളുണ്ടായിരുന്നു. വിജയശ്രീ പേപ്പറുകളെല്ലാം നേരത്തെ ശരിയാക്കി വച്ചിരുന്നു. സജീവും ഒപ്പം വന്നതിനാല്‍ ജോലികള്‍ വേഗം തീര്‍ന്നു. അവിടെനിന്നും മടങ്ങും വഴി സജീവിന്‍റെ സുഹൃത്ത് നിസ്സാറിന്‍റെ വെറ്റക്കടയിലുള്ള റിസോര്‍ട്ടില്‍ കയറി. ഇടവയ്ക്കും കാപ്പിലിനും ഇടയില്‍ കടലിനോട് ചേര്‍ന്നുള്ള ഒരു കുന്നിലാണ് മറീന്‍ പ്രൈഡ്. രണ്ട് നിലയിലായി പണി നടക്കുന്ന റിസോര്‍ട്ടിലെ താഴത്തെ നില ഇപ്പോള്‍ വാടകയ്ക്ക് നല്‍കുന്നുണ്ട്. ദിവസവാടക 5000 രൂപയാണ്. മനോഹരമായ പുല്‍ത്തകിടിയും കടല്‍ കണ്ടിരിക്കാന്‍ ഇരിപ്പിടങ്ങളും നല്ലൊരു റസ്റ്റാറന്‍റും ഇവിടുണ്ട്. ഇപ്പോള്‍ കടല്‍ ക്ഷോഭിച്ചുകിടക്കുന്നതിനാല്‍ ബീച്ചില്ല. എന്നാല്‍ നവംബര്‍ മുതല്‍ ബീച്ച് പ്രത്യക്ഷപ്പെടുമെന്ന് നിസ്സാര്‍ പറഞ്ഞു. താമസിക്കാന്‍ താത്പ്പര്യമില്ലാത്തവര്‍ക്ക് റസ്റ്ററന്‍റില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങാം. ജന്മദിനം,വിവാഹവാര്‍ഷികം തുടങ്ങിയവ ആഘോഷിക്കാനും നല്ല ഇടമാണിത്. സജീവ് വിളിച്ചപ്പോള്‍ നിസ്സാര്‍ വന്നു,പരിചയപ്പെട്ടു.സഹൃദയനായ ഒരു മദ്ധ്യവയസ്ക്കന്‍.ബഹ്റിനിലാണ് ജോലി ചെയ്യുന്നത്. വിരമിച്ചു വരുമ്പോള്‍ സമയം പോക്കാന്‍ ഒരു ചെറിയ കട തുടങ്ങണം എന്നായിരുന്നു മോഹം. ബാപ്പ കടല്‍ത്തീരത്ത് കുറച്ചു ഭൂമിയുള്ളത് മക്കള്‍ക്കായി വീതിച്ചപ്പോള്‍ മറ്റുള്ളവരുടേതുകൂടി നിസ്സാര്‍ വാങ്ങി.അടുത്തുള്ള വസ്തു മറ്റൊരു ബന്ധുവിന്‍റേതായിരുന്നു. അതുകൂടി വാങ്ങാന്‍ അവര്‍ നിര്‍ബ്ബന്ധിച്ചു. അങ്ങിനെ കൈവന്ന ഭൂമിയിലാണ് മറീന്‍ പ്രൈഡ് ഉയര്‍ന്നത്. മലയാളികളും മറുനാട്ടുകാരുമായി പതിനഞ്ച് ജോലിക്കാരുണ്ട്. നിസ്സാര്‍ ബഹ്റിനിലും നാട്ടിലുമായി സമയം ചിലവഴിക്കുന്നു. ഫാത്തിമ കോളേജില്‍ നിന്നും ഇംഗ്ലീഷ് ഭാഷയില്‍ ബിരുദം നേടിയ ആളാണ് നിസ്സാര്‍. പൈനാപ്പിള്‍ ജ്യൂസും കഴിച്ച് ,നല്ലൊരു സുഹൃത്തിനെ ലഭിച്ച സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി.

 തീരദേശം വഴി കൊല്ലത്തേക്ക് പുറപ്പെട്ടു. പാറയടുക്കി കരയെരക്ഷിക്കാന്‍ പരമാവധി ശ്രമം നടക്കുന്നുണ്ടെങ്കിലും കരയെടുക്കാന്‍ കിട്ടുന്ന ഇടങ്ങളൊന്നും കടല്‍ ഉപേക്ഷിക്കുന്നില്ല. തീരദേശത്തുകൂടിയുള്ള യാത്ര മനോഹരമാണ്. പലയിടത്തും കായലിനും കടലിനും ഇടയിലൂടെയാണ് യാത്ര. നല്ല പെടയ്ക്കുന്ന മീനും വില്‍പ്പനയ്ക്കുണ്ട്. ആ യാത്ര ചെന്നെത്തിയത് കൊല്ലം ക്ലോക്ക്ടവറിനടുത്തുള്ള നാണി ഹോട്ടലിലാണ്. രവി മുതലാളിയുടെ നാണി. ഇടയ്ക്ക് കുറച്ചുകാലം അടച്ചിട്ടിരിക്കയായിരുന്നു. തീരെ തിരക്കില്ല. ഞങ്ങള്‍ ചെല്ലുമ്പോള്‍ ആറ്പേരെ കഴിക്കാനുണ്ടായിരുന്നുള്ളു. പണ്ട് ചെമ്മീന്‍ ബിരിയാണി കഴിച്ച ഓര്‍മ്മയിലായിരുന്നു സജീവ്. ഞാനാണെങ്കില്‍ താലിമീല്‍സിന്‍റെ ഓര്‍മ്മയിലും. ഏതായാലും താലി മീല്‍സ് ഉണ്ടായിരുന്നു. ബിരിയാണിയൊന്നും തുടങ്ങിയിട്ടില്ല. ഒരു വെജ് മീല്‍സ്, ഒരു നോണ്‍വെജ് മീല്‍സ്, ചാപ്പാത്തി, പൊറോട്ട, കൊഞ്ച് വഴറ്റിയത്, ബീഫ് ഒക്കെയായി ഭക്ഷണം കഴിച്ചു. നല്ല ഭക്ഷണം, നല്ല വിളമ്പുകാര്‍,നല്ല അന്തരീക്ഷം. പൊതുവെ അത് നന്നായി. ജയശ്രീയുടെ ശാസ്ത്രപ്രകാരം തിരക്കില്ലാത്ത ഹോട്ടലിലെ ഭക്ഷണം പഴയതാകും എന്നതാണ്. എന്നാല്‍ ഇവിടെ അവര്‍ അന്തസ് കാത്തുസൂക്ഷിക്കുന്നുണ്ട്. വിളമ്പുകാരെ സന്തോഷം അറിയിച്ച് അവിടെനിന്നും ഇറങ്ങി. സജീവിന് യാത്ര പറഞ്ഞ് ഞങ്ങള്‍ വള്ളിക്കീഴിലെത്തി. അവിടെ സ്കൂളിനോട് ചേര്‍ന്നാണ് കൊല്ലം ഗോപിനാഥന്‍ നായരും സരസ്വതിയമ്മ സാറും താമസിക്കുന്നത്. പ്രസിദ്ധ കഥാപ്രാസംഗികന്‍ കൊല്ലം ബാബുവിന്‍റെ ജ്യേഷ്ടനാണ് ഗോപിനാഥന്‍ സാര്‍. ഞങ്ങളുടെ വളരെവേണ്ടപ്പെട്ട കുടുംബസുഹൃത്തുക്കളാണ്. കരുനാഗപ്പള്ളിയിലുണ്ടായിരുന്ന കാലം ഒരു കുടുംബം പോലെ കഴിഞ്ഞവര്‍. പിന്നെ കാലം ഓരോരുത്തരേയും പലവഴിക്കാക്കി. ഏതാണ്ട് മുപ്പത് വര്‍ഷത്തിന് ശേഷമാണ് അവരെ കാണുന്നത്.

ഗോപിസാര്‍ ഈയിടെ നവതി ആഘോഷിച്ചു. സാറമ്മ എണ്‍പത്തിനാലിലും എത്തി. നവതി വലിയ ആഘോഷമായിരുന്നു. മകന്‍ പ്രസിദ്ധ സംഗീതജ്ഞന്‍ ബാലമുരളി ഒരുക്കിയ സംഗീതസദസില്‍ സംഗീതസംവിധായകന്‍ എം.ജയഛന്ദ്രന്‍ ഉള്‍പ്പെടെ പല പ്രഗത്ഭരും പങ്കെടുത്തിരുന്നു. സമ്മിശ്രവികാരങ്ങള്‍ നിറഞ്ഞൊരു കൂടിക്കാഴ്ചയായിരുന്നു അത്. ഗോപിസാറ് എപ്പോഴും സംഗീതത്തോടൊപ്പമാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സന്തോഷവാനും മനസുകൊണ്ട് ചെറുപ്പക്കാരനുമാണ്. സാറമ്മ വര്‍ഷങ്ങള്‍ക്കുമുന്നെ കണ്ട അതേ ഉഷാറില്‍ ഓടിനടക്കുന്നു. ജീവിതത്തില്‍ സങ്കീര്‍ണ്ണങ്ങളായ പല അവസ്ഥകളേയും അതിജീവിക്കുന്നവരുടെ ഊര്‍ജ്ജം അവരില്‍ ദൃശ്യമായിരുന്നു. ശ്രുതിപ്പെട്ടിവച്ച് അദ്ദേഹം നാല് പാട്ടുകള്‍ പാടി. സാറമ്മയും അദ്ദേഹവും ചേര്‍ന്ന് പാടി പലവട്ടം കേട്ട ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന ഗാനവും കുറച്ചുപാടി. മകള്‍ ബിന്ദു കുട്ടികളെ നൃത്തം പഠിപ്പിക്കുന്നുണ്ട്. അവള്‍ അവിടെയുണ്ടായിരുന്നില്ല. മടവൂര്‍ പോയിരിക്കയായിരുന്നു. മിക്കപ്പോഴും നൃത്തവും സംഗീതവും ഇടകലരുന്ന ഇടമായി അവിടം തുടരുന്നു എന്നതില്‍ സന്തോഷം തോന്നി. അവിടെ നിന്നും തുടര്‍ന്ന യാത്ര എത്തിയത് കുറ്റിവട്ടെത്തെ പുതുവീട്ടിലായിരുന്നു. സഹപാഠിയുടെ വീട്ടില്‍ കയറാതെ അതുവഴി പോകാന്‍ പാടില്ല എന്നാണ് നിയമം. ദേശീയപാത വികസനം നടക്കുന്നതിനാല്‍ വീട് കണ്ടുപിടിക്കാന്‍ വിഷമമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നാല് ഡോക്ടറന്മാരുള്ള വീടിന് മുന്നിലെ നീല ബോര്‍ഡ് ആ ബുദ്ധിമുട്ട് ഒഴിവാക്കുന്നു. മക്കളും കൊച്ചുമക്കളുമായി സസുഖം കഴിയുകയാണ് പ്രസന്നനും ജയപ്രഭയും. അവിടെ കുറേ സമയം ചിലവഴിച്ച് താമശയും പറഞ്ഞിരുന്നു. രണ്ടാം ദിനം തങ്ങാന്‍ നിശ്ചയിച്ചിട്ടുള്ളത് ജയഛന്ദ്രന്‍റെ ചാങ്ങര കുടുംബത്തിലാണ്. കുറ്റിവട്ടത്തുനിന്നും ചാമ്പക്കടവ് വഴി പോകുന്നതാണ് എളുപ്പം. പക്ഷെ കുറ്റിവട്ടം തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ കരുനാഗപ്പള്ളിയില്‍ എത്തിയാണ് കല്ലേലിഭാഗത്തേക്ക് പോയത്. കരുനാഗപ്പള്ളി വലിയൊരു നഗരംപോലെ വളരുന്ന കാഴ്ച ഓരോ യാത്രയിലും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴും അങ്ങിനെതന്നെ. കിഴക്കോട്ടുള്ള യാത്രയില്‍ ചന്തഭാഗത്ത് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ട്രാഫിക് ബ്ലോക്കുണ്ടായി. റയില്‍ ഫ്ലൈഓവറിന്‍റെ പണി ഇപ്പോഴും കഴിഞ്ഞിട്ടില്ല. അതുകൊണ്ട് കോട്ടവീട്ടില്‍ ജംഗ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് യാത്ര തുടര്‍ന്നു. ഐടിഐക്ക് സമീപം എത്തി വലത്തോട്ടാണ് പോകേണ്ടത് എന്നറിയാമെങ്കിലും അവിടെയും സംശയമുണ്ടായി. ഒടുവില്‍ സ്കൂള്‍ ജംഗ്ഷനിലെത്തി. നാലാം ക്ലാസ് പഠനം അവിടെയായിരുന്നു എന്നത് പെട്ടെന്ന് ഓര്‍ത്തു. കുറച്ചുമുന്നോട്ട് പോയി വീണ്ടും വലത്തോട്ടും പിന്നെ ഇടത്തോട്ടും ചാടി വീട്ടിലെത്തി.

നല്ലൊരു മുറ്റവും പൂന്തോട്ടവുംകൊണ്ട് സജീവമായ ചാങ്ങര നല്ല പ്രസരിപ്പുള്ള ഇടമാണ്. എണ്‍പത് കഴിഞ്ഞ ഭാനുമതിയമ്മയിലും ആ പ്രസരിപ്പ് കാണാം. അനിതയുടെ കൈയ്യൊപ്പുപതിഞ്ഞ പരിസരങ്ങള്‍ പച്ചവിരിച്ച് ഞങ്ങളെ സ്വാഗതം ചെയ്തു. അമ്മയ്ക്ക് ശാരീരികമായ അസ്വസ്ഥതകളുണ്ടെങ്കിലും മനസ് അതിനെയൊക്കെ തള്ളിനീക്കി ഉത്സാഹത്തോടെ മുന്നോട്ടുപോകുന്നു. നാട്ടുകാര്യങ്ങളും സീരിയലുകളും പാട്ടും പാചകവുമൊക്കെ കണ്ടും കേട്ടും തുടരുന്ന ജീവിതം. മോനും മരുമോളും അവരുടെ ആവശ്യങ്ങള്‍ക്കായി യാത്രപോകുന്നതൊന്നും അമ്മയ്ക്ക് വിഷമമേയല്ല. ഏതെങ്കിലും ഒരു ബന്ധുവീട്ടിലാക്കിയാല്‍ മതി. അമ്മ അവിടെ നില്‍ക്കും. മോള്‍ ഗീത അമേരിക്കയിലായതിനാലാണ്. അല്ലെങ്കില്‍ അവര്‍ ഒന്നിച്ച് നിന്നുകൊള്ളും. ഞങ്ങള്‍ ഭക്ഷണം കഴിക്കാനിറങ്ങിയപ്പോള്‍ അമ്മയെ കൂടി വരാന്‍ നിര്‍ബ്ബന്ധിച്ചു. വേണ്ട മക്കളെ,നിങ്ങള് പോയിട്ടുവാ എന്ന് സമ്മതം പറഞ്ഞു. ഞാന്‍ പഠിച്ച ബോയ്സ് സ്കൂള്‍ പരിസരമൊക്കെ ആകെ മാറി. അതിനടുത്തുള്ള നല്ലഭൂമിയിലാണ് രാത്രിഭക്ഷണം കഴിച്ചത്. നല്ല തിരക്കുള്ള ഹോട്ടല്‍. നല്ല ഭക്ഷണവും നല്ല പെരുമാറ്റവും. നാടന്‍ കോഴിക്കറിയും ബീഫും അരിപ്പത്തിരിയും ഒക്കെയായി കുറേ സമയം. മടങ്ങുമ്പോഴാണ് ജയനോട് ലീലാടാക്കീസിനെ പറ്റി ചോദിച്ചത്. ഒരുപാട് സിനിമകള്‍ അവിടെ കണ്ടിട്ടുള്ളതാണ്. തീയറ്റര്‍ ഇരുന്ന ഇടത്താണ് നല്ലഭൂമി നടത്തുന്ന കോംപ്ലക്സ് എന്നറിഞ്ഞപ്പോള്‍ ആ ഇടം മനസിലായില്ലല്ലോ എന്നു ഞാന്‍ അത്ഭുതപ്പെട്ടു. കാലം നാടിനെ വലിയ തോതില്‍ മാറ്റിയിരിക്കുന്നു.

  രാവിലെ ബാലചന്ദ്രനെയും ഗീതയേയും ഡോക്ടര് ഷൈലജയേയും കണ്ടു. ഒരു ചായകുടിച്ചു, രണ്ടിടങ്ങഴി രാഷ്ട്രീയം പറഞ്ഞു, തമാശകള്‍ പൊട്ടിച്ചു,ചിരിച്ചു. ഗീതയ്ക്ക് ശുദ്ധമായ കിച്ചന്‍ ഉത്പ്പന്നങ്ങളുടെ ഒരു സ്ഥാപനം സ്വന്തമായുണ്ട്. അയല്‍ക്കാര്‍ക്കും തൊഴില്‍ ലഭിക്കുന്ന കൂട്ടായ്മ. മതിലുകള്‍ക്ക് പുറത്തേക്കും സ്നേഹവും സൌഹൃദവും നീളുന്ന ഒരു സംവിധാനം. പിന്നെ പൂന്തോട്ടവും കൃഷിയും. ഗീതയുടെ അമ്മയേയും കണ്ടു,സംസാരിച്ചു. പ്രായാധിക്യത്തിന്‍റെ പ്രശ്നങ്ങളുണ്ട്, എങ്കിലും ആള്‍ ഉഷാറാണ്. (തുടരും)

 






Friday, 20 October 2023

A village for Jasmine saplings

 


മുല്ലതൈകള്‍ക്കായൊരു ഗ്രാമം

-വി.ആര്‍.അജിത് കുമാര്‍

പൂവ് തമിഴ്നാട്ടുകാര്‍ക്ക് ഒരു ലഹരിയാണ്,പ്രണയമാണ്,മുടിയുടെ അഴകാണ്. ഉപ്പുകലര്‍ന്ന ഭൂഗര്‍ഭ ജലമാണ് എവിടെയും ലഭിക്കുന്നതെങ്കിലും തഴച്ചുവളരുന്ന മുടി തമിഴ് സ്ത്രീകള്‍ക്ക് ഒരു വരദാനമായി കിട്ടിയതാണെന്നു തോന്നുന്നു. അതൊരു ജനിതക കാന്തി തന്നെ. സ്ത്രീയും പുരുഷനും ഇടയ്ക്കൊക്കെ ഭക്തിയുടെ ഭാഗമായി ക്ഷേത്രത്തില് പോയി മുടി കളയുന്നതും ഇവിടെ പതിവാണ്. ഏത് പൂവും സ്ത്രീകള്‍ തലയില്‍ ചൂടും, എങ്കിലും പൂക്കളില്‍ രാജകുമാരി മുല്ലപ്പൂ തന്നെ. തമിഴില്‍ മല്ലി എന്നറിയപ്പെടുന്ന ,മനം മയക്കുന്ന മുല്ലപ്പൂ. വീട്ടിലേക്ക് മടങ്ങുന്ന പുരുഷന്‍ മറ്റെന്ത് മറന്നാലും പൊണ്ടാട്ടിക്കുള്ള പൂവ് മറക്കില്ല എന്നത് അത്ര പഴയതല്ലാത്ത ഓര്‍മ്മ.

   ക്ഷേത്രങ്ങളിലേക്ക് നിത്യവും എത്തിച്ചേരുന്നതും ടണ്‍ കണക്കിന് പൂവാണ്. മുല്ല എന്നു കേട്ടാല്‍ എല്ലാവരുടേയും മനസിലേക്ക് ഓടിയെത്തുക മധുരയിലെ പൂചന്തയാണ്. ഏറ്റവും പ്രസിദ്ധമായ മുല്ലപ്പൂവും മധുരയുടേതാണ്. മധുര മീനാക്ഷി ക്ഷേത്രത്തിന് ചുറ്റിലുമായി വളര്‍ന്ന നഗരത്തിന്‍റെയും ഗ്രാമങ്ങളുടേയും മുറ്റങ്ങളില്‍ മുല്ല സാധാരണം. മുല്ല കൃഷിചെയ്യുന്ന നൂറുകണക്കിന് ഏക്കര്‍ സ്ഥലവും ഇവിടുണ്ട്. എന്നാല്‍ ഇതിനാവശ്യമായ, ഗുണമേന്മയുള്ള മുല്ലതൈകള്‍ വരുന്നത് അടുത്ത ജില്ലയായ രാമനാഥപുരത്തുനിന്നാണ്. ശരിക്കും പറഞ്ഞാല്‍ രാമേശ്വരം ദ്വീപില്‍ നിന്നാണ്. ഡോക്ടര്‍ ഏപിജെ അബ്ദുല്‍ കലാം സ്മാരകം നില്‍ക്കുന്ന തങ്കച്ചിമഠം എന്ന ഗ്രാമം മൂന്നരകിലോമീറ്റര്‍ മാത്രം നീളം വരുന്ന ഒരു ചെറിയ തീരദേശഗ്രാമമാണ്. ഈ ഗ്രാമത്തില്‍ നൂറ് ഏക്കറിലേറെ വരുന്ന ഇടങ്ങളിലാണ് മികച്ച മുല്ലതൈകള്‍ ഉത്പ്പാദിപ്പിക്കുന്നത്. തമിഴ്നാടിന്‍റെ നാനാഭാഗത്തുനിന്നും കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും മുല്ലപ്പൂ കര്‍ഷകര്‍ ഇവിടെ വന്ന് തൈകള്‍ വാങ്ങിപ്പോകുന്നു. വന്‍തോതില്‍ തൈകള്‍ കയറ്റുമതി ചെയ്യുന്നുമുണ്ട്. അമേരിക്ക, ശ്രീലങ്ക,കാനഡ എന്നിവിടങ്ങളിലേക്കാണ് കൂടുതല്‍ തൈകളും പോകുന്നത്. കഴിഞ്ഞ വര്‍ഷം ഒരു നഴ്സറിയില്‍ നിന്നുതന്നെ മൂന്ന് ലക്ഷം തൈകള്‍ ശ്രീലങ്കയിലേക്ക് കയറ്റി അയച്ചിരുന്നു.

തങ്കച്ചിമഠം വെറ്റക്കൊടികളുടെ നാടായിരുന്നു. ഒരുകാലത്ത് വെറ്റിലയാണ് ഇവിടെനിന്നും പുറത്തേക്ക് പൊയ്ക്കൊണ്ടിരുന്നത്. വെറ്റിലചെടികള്‍ രോഗം ബാധിച്ച് നശിച്ചതോടെ ഇനി എന്ത് കൃഷി ചെയ്യാം എന്ന ചിന്തയില്‍, ടി.സുബ്ബയ്യ എന്ന കര്‍ഷകനാണ് മുല്ലകൃഷി എന്ന ആശയം മുന്നോട്ടുവച്ചതും കൃഷി തുടങ്ങിയതും. ചെടികള്‍ നന്നായി വളരാന്‍ തുടങ്ങി. ഇടയ്ക്കിടെ ചെടികള്‍ പ്രൂണ്‍ ചെയ്യുമായിരുന്നു. അപ്പോള്‍ മുറിച്ചുമാറ്റിയ കമ്പുകള്‍ തറയില്‍ കിടന്ന് മുളയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ മണ്ണ് മുല്ലത്തൈകള്‍ വളര്‍ത്താന്‍ അനുഗുണമാണല്ലോ എന്ന ചിന്ത ഉണര്‍ന്നത്.

രാമനാഥപുരവും പരിസരവും ചെളിമണ്ണാണ്, എന്നാല്‍ തങ്കച്ചിമഠത്തില്‍ മണലാണ്. മണലില്‍ മുല്ലത്തൈകള്‍ വേഗം വളരാന്‍ തുടങ്ങി. അതുവരെ തൈകളുണ്ടാക്കാന്‍ ലേയറിംഗ് രീതിയായിരുന്നു സ്വീകരിച്ചിരുന്നത്. ചെടിയുടെ ശാഖകള്‍ വളച്ച് മണ്ണില്‍ പൂഴ്ത്തി വേരിറക്കിയായിരുന്നു ഇത്തരത്തില്‍ തൈകള്‍ ഉണ്ടാക്കിയിരുന്നത്. വളരെ കുറച്ച് തൈകള്‍ മാത്രമെ ഈ രീതിയില്‍ ഉണ്ടാക്കാന്‍ കഴിയൂ. മാത്രമല്ല, വേരുകള്‍ നഷ്ടമാകാനും കാരണമാകും. മുല്ലയുടെ കമ്പ് നട്ട് കിളിര്‍പ്പിക്കാം എന്ന് മനസിലാക്കിയതോടെ പൂകൃഷി എന്നതില്‍ നിന്നും കര്‍ഷകര്‍ മുല്ലതൈ കൃഷിയിലേക്ക് മാറി.

ഇപ്പോള്‍ ഒരു വര്‍ഷം അഞ്ചുകോടി തൈകളാണ് ഈ കൊച്ചുഗ്രാമം തയ്യാറാക്കുന്നത്. ഒരേക്കറില്‍ ആറായിരം തൈകള്‍ എന്ന നിലയില്‍ എണ്ണായിരം ഏക്കറിലെ പൂകൃഷിക്ക് ഇത്രയും തൈകള്‍ മതിയാകും. ഒരു തൈയ്ക്ക് രണ്ടു മുതല്‍ ഏഴ് രൂപവരെ വിലയുണ്ട്. ചുരുക്കത്തില്‍ ,കോടികളുടെ വ്യാപാരമാണ് ഇവിടെ നടക്കുന്നത്.

മനുഷ്യരുടെ നേരിട്ടുള്ള പരിചരണം ആവശ്യമായ തൈകൃഷിയില്‍ നൂറുകണക്കിനാളുകളാണ് ജോലിചെയ്യുന്നത്. രോഗം വരാതെയും പ്രാണികളുടെ ആക്രമണമില്ലാതെയും കൃത്യമായ നന നല്‍കിയും തൈകളെ സംരക്ഷിക്കുക എന്നത് പ്രധാനമാണ്. ഒരു തൈ പാകമാകാന്‍ അഞ്ചുമാസമെടുക്കും. ഓലമേഞ്ഞ ഷെഡുകളിലാണ് തൈ നടുന്നത്. വെള്ളം നനച്ച് പാകമാക്കിയ മണ്ണ് കിളച്ച് അതില്‍ തടമെടുത്ത്, ഓരോ തടത്തിലും നാല് അഞ്ച് തണ്ട് എന്ന ക്രമത്തിലാണ് നടുക. നന തുടരണം. ആറാഴ്ച കഴിയുമ്പോള്‍ സൂര്യപ്രകാശം ലഭിക്കാനായി ഓലകള്‍ കുറേശ്ശെയായി നീക്കും. രണ്ട്-മൂന്ന് മാസം ആകുന്നതോടെ ഷെഡ് പൊളിച്ചുമാറ്റും. അഞ്ചു മാസമാകുമ്പോള്‍ വില്‍പ്പന തുടങ്ങും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ടുവരെയാണ് ജോലിയുണ്ടാവുക. സ്ത്രീകള്‍ക്ക് 700 രൂപയും പുരുഷന്മാര്‍ക്ക് 850 രൂപയും ഭക്ഷണവുമാണ് കൂലി. പൂവിനെ പ്രണയിക്കുന്നത് സ്ത്രീകളാണെന്നതിനാല്‍ കൂലിക്കുറവില്‍ അവര്‍ക്ക് പരാതിയില്ല.  

 


Wednesday, 18 October 2023

Is same sex marriage a sin ?

 


സ്വവര്‍ഗ്ഗ വിവാഹം പാപമോ ?

-വി.ആര്.അജിത് കുമാര്‍

ഒരു സമൂഹം പുരോഗമിക്കുന്നതിന്‍റെ ഉദാഹരണമാണ് സമൂഹത്തിനും മറ്റു വ്യക്തികള്‍ക്കും ദോഷകരമാകാത്തവിധമുള്ള പൌരന്‍റെ സ്വാതന്ത്ര്യം. പാരമ്പര്യവും മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് അതിന് തടസ്സം നില്‍ക്കുന്നത് യാഥാസ്ഥിതിക സമൂഹത്തിന്‍റെ ലക്ഷണമായെ കാണാന്‍ കഴിയൂ.

 സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കാന്‍ കഴിയില്ല എന്ന സുപ്രിംകോടതി ഭരണഘടന ബഞ്ചിന്‍റെ വിധി ഇത്തരമൊരു കണ്ണിലൂടെ മാത്രമെ കാണാന്‍ കഴിയൂ. ഇത്തരം അപൂര്‍വ്വങ്ങളായ വിവാഹങ്ങളെ അംഗീകരിക്കാനും നിയന്ത്രിക്കാനും നിയമനിര്‍മ്മാണസഭകള്‍ക്കാണ് അധികാരം എന്നാണ് കോടതി പറയുന്നത്. ഇത്തരം വിവാഹിതരെ ഗാര്‍ഹികപങ്കാളികളായി അംഗീകരിക്കുന്നതില്‍ പോലും സമവായമുണ്ടായില്ല. എന്നാല്‍ സ്വവര്‍ഗ്ഗവിവാഹിതരോടുള്ള വിവേചനം അവസാനിപ്പിക്കണം എന്ന് ബഞ്ച് ഒരേ ശബ്ദത്തില്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.

ചീഫ് ജസ്റ്റീസ് ഡി.വൈ.ചന്ദ്രചൂഡും ജസ്റ്റീസ് സഞ്ജയ് കിഷന്‍ കൌളും ഇവര്‍ക്ക് നിയമപരിരക്ഷ നല്‍കി ,ഭൌതികസൌകര്യങ്ങളും അവകാശങ്ങളും അനുവദിക്കണമെന്നാണ് വാദിച്ചത്. എന്നാല്‍ നിയമനിര്‍മ്മാണ സഭകള്‍ പാസ്സാക്കുന്ന നിയമം ഉപയോഗിച്ചുള്ള പരിരക്ഷ മതി എന്നായിരുന്നു ജസ്റ്റീസുമാരായ എസ്.ആര്‍.ഭട്ടും ഹിമ കോഹ്ലിയും പി.എസ്.നരസിംഹയും അഭിപ്രായപ്പെട്ടത്. സ്പെഷ്യല്‍ മാരേജ് ആക്ടില്‍ മാറ്റം വരുത്താന്‍ കോടതി തയ്യാറായില്ല. ഏതായാലും തുടര്‍പരിശോധനകള്‍ക്കും നിയമനിര്‍മ്മാണത്തിനും ഉപകാരപ്പെടുംവിധം സര്‍ക്കാര്‍ ഒരു ഹൈപവേര്‍ഡ് സമിതിയെ നിയമിക്കണം എന്നതില്‍ അഭിപ്രായൈക്യം ഉണ്ടായിട്ടുള്ളത് ആശ്വാസകരമാണ്.

സതി അനുഷ്ടാനം അവസാനിച്ചതും വിധവാ വിവാഹവും മിശ്രമത-മിശ്രജാതി വിവാഹവുമൊക്കെ നടപ്പായതും സമൂഹത്തിന്‍റെ എതിര്‍പ്പുകളെ അതിജീവിച്ച് തന്നെയാണ്. വിവാഹം ഒരിക്കലും നിശ്ചലാവസ്ഥയിലുള്ള ഒന്നല്ല. മാറ്റം അതിന്‍റെ ഭാഗം തന്നെയാണ്. സ്ത്രീ സഹനത്തിന്‍റെയും പുരുഷന്‍ ശക്തിയുടെയും പ്രതീകമായി ചിന്തിച്ചിരുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ തുല്യതയും ചിലപ്പോള്‍ സ്ത്രീമേല്‍ക്കോയ്മയുമൊക്കെ ആയിമാറിക്കഴിഞ്ഞു.ചില മതങ്ങള്‍ പരിപാവനമായ ഒന്നായി വിവാഹത്തെ കാണുമ്പോള്‍ മറ്റു ചിലര്‍ക്ക് വെറും കരാര്‍ മാത്രമാണത്.അതുകൊണ്ടുതന്നെ സ്വവര്‍ഗ്ഗ വിവാഹവും നിയമസാധുത അര്‍ഹിക്കുന്നുണ്ട്.

 ദത്തെടുക്കലുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാതലായ മാറ്റങ്ങള്‍ വരാനുണ്ട്.ഒറ്റയ്ക്ക് ജീവിക്കുന്നവര്‍ക്ക് ദത്ത് അനുവദിക്കുന്ന നിയമം ഒരേ ലിംഗത്തില്‍പെട്ട രണ്ടുപേര്‍ ചേര്‍ന്ന് ദത്തെടുക്കാന്‍ അനുവദിക്കാത്തതിലും പൊരുത്തക്കേടുണ്ട്. പൊതുസമൂഹത്തിലെ ഭൂരിപക്ഷവും സ്വവര്‍ഗ്ഗ വിവാഹത്തിന് എതിരാണ് എന്നതുകൊണ്ടുതന്നെ  അവരെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളും മറിച്ചാകാന്‍ തരമില്ല. അതുകൊണ്ടുതന്നെ സമീപകാലത്തൊന്നും ഈ ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷകള്‍ പൂവണിയും എന്ന് തോന്നുന്നില്ല. എങ്കിലും ഇവരുടെ പ്രിതിനിധികള്‍ ജനപ്രതിനിധിസഭകളിലേക്ക് നോമിനേറ്റു ചെയ്യപ്പെടുകയും അവരുടെ അവകാശങ്ങള്‍ക്കായി വാദിക്കുകയും ചെയ്യുന്ന ഒരു രീതിയെങ്കിലും അടിയന്തിരമായി സംഭവിക്കേണ്ടതുണ്ട്🙏


Tuesday, 17 October 2023

Who is the real accused in the Nithari case ?

 


നിതാരി കേസ്സിലെ പ്രതി ആരാണ്

-വി.ആര്.അജിത് കുമാര്

നിതാരി കേസിലെ അലഹബാദ് ഹൈക്കോടതി വിധി തികച്ചും ആശങ്ക ഉളവാക്കുന്നതാണ്. ഉത്തര്‍പ്രദേശിലെ നോയ്ഡയിലെ നിതാരി ഗ്രാമത്തില്‍ സെക്ടര്‍ 31 ലെ വ്യവസായിയായ മൊനിന്ദര്‍ സിംഗ് പാണ്ഡെയുടെ വീട്ടിലും പരിസരത്തുമായി പതിനഞ്ചിലേറെ കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ 2006 ല്‍ കണ്ടെത്തിയത് ലോകത്തെയാകെ നടുക്കിയിരുന്നു.കുട്ടികളെ കാണാതാകുന്ന കേസുകള്‍ തികച്ചും നിരുത്തരവാദപരമായി കൈകാര്യം ചെയ്ത പോലീസിനെതിരെ വലിയ വിമര്‍ശനങ്ങളും അന്ന് ഉയര്‍ന്നുവന്നിരുന്നു. മുലായം സിംഗ് സര്‍ക്കാര്‍ രാജിവയ്ക്കണം എന്ന മുറവിളിയും അന്നുയര്‍ന്നിരുന്നു. രണ്ട് വര്‍ഷത്തിനിടയിലാണ് ഇത്രയേറെ കുട്ടികളെ കൊല ചെയ്തത്. അവയവ കച്ചവടം, പോര്‍നോഗ്രാഫി ,കാനിബാളിസം തുടങ്ങി പല ആരോപണങ്ങളും മാധ്യമ വിചാരണകളും ബിബിസി ,നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററികളും സിനിമയും അനേകം പുസ്തകങ്ങളും നിതാരി കേസ്സിനെ  സംബ്ബന്ധിച്ച് രചിക്കപ്പെട്ടു.

പോലീസ് പണത്തിനും സ്വാധീനത്തിനും വഴങ്ങുക പുതിയ കാര്യമല്ലല്ലോ. വലിയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ട് എസ്പിമാരെ സസ്പെന്‍റ് ചെയ്യുകയും ആറ് പോലീസുകാരെ പിരിച്ചുവിടുകയും ചെയ്തു.  ഡിഎന്‍എ ടെസ്റ്റും പോളിഗ്രാഫും നാര്‍ക്കോഅനാലിസിസുമൊക്കെ നടന്നു. മൊനിന്ദറും അയാളുടെ ജോലിക്കാരന്‍ സുരിന്ദര്‍ കോലിയും ചേര്‍ന്നാണ് കൊല നടത്തിയത് എന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ കോലി എല്ലാ കുറ്റവും ഏറ്റെടുക്കുന്നതായി പോലീസിനോട് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ സമ്മര്‍ദ്ദം കാരണം കേസ് സിബിഐക്കു വിട്ടു. അവര്‍ കോലി ഒരു സൈക്കോപാത്ത് ആണെന്നും കൊലനടത്തിയത് അവനാണ് എന്നും കണ്ടെത്തി. സിബിഐ മൊനിന്ദറിനെ സംരക്ഷിക്കുന്നു എന്ന് ആരോപണമുണ്ടായി. 2009 ഫെബ്രുവരിയില്‍ ഈ സീരിയല്‍ മരണങ്ങളുമായി ബന്ധപ്പെട്ട ആദ്യ വിധി വന്നു. ഗാസിയാബാദിലെ സ്പെഷ്യല്‍ സെഷന്‍സ് കോര്‍ട്ട് രണ്ടുപേരും കുറ്റക്കാരാണെന്നു കണ്ടെത്തി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് രേഖപ്പെടുത്തി മരണശിക്ഷ വിധിച്ചു. 2009 ല്‍ അലഹബാദ് ഹൈക്കോടതി മൊനിന്ദറിനെ കുറ്റവിമുക്തനാക്കി.2010 ല്‍ അടുത്ത കേസ്സില്‍ കോലിക്ക് വീണ്ടും മരണശിക്ഷ ലഭിച്ചു.ആ വര്‍ഷം സെപ്തബറില്‍ കോലിക്ക് അടുത്ത മരണ വിധി വന്നു.ഡിസംബറിലായിരുന്നു നാലാമത്തെ വിധി. 2011 ഫെബ്രുവരിയില്‍ കോലിയുടെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു.2012 ല്‍ കോലിക്ക് അഞ്ചാമത്തെ വധശിക്ഷയും വിധിച്ചു. 2014 ജൂലൈയില്‍ കോലിയുടെ ദയാഹര്‍ജി രാഷ്ട്രപതി നിരസിച്ചു. 2014 സെപ്തംബര്‍ മൂന്നിന് കോലിക്കെതിരെ മരണവാറണ്ട് പുറപ്പെടുവിച്ചു. നാലിന് ഗാസിയാബാദില്‍ തൂക്കികൊലയ്ക്കുള്ള സൌകര്യമില്ല എന്നു പറഞ്ഞ് കോലിയെ മീററ്റ് ജയിലിലേക്ക് മാറ്റി, സെപ്തംബര്‍ പന്ത്രണ്ടിന് തൂക്കിലിടാന്‍ തീരുമാനിച്ചു. എന്നാല്‍ സുപ്രിംകോടതിയില്‍ വന്ന പരാതി പരിഗണിച്ച് വധശിക്ഷ ഒരാഴ്ചത്തേക്ക് മാറ്റി വച്ചു. 2014 ഒക്ടോബര്‍ 29 ന് സുപ്രിംകോടതി ചീഫ്ജസ്റ്റീസ് റിവ്യൂ പെറ്റിഷന്‍ തള്ളി.എന്നാല്‍ 2014 ലെ ഒരര്‍ദ്ധരാത്രി ഹിയറിംഗിലൂടെ കോലിയുടെ തൂക്കിന് വിലക്കേര്‍പ്പെടുത്തി. 2015 ജാനുവരി 28 ന് ചീഫ്ജസ്റ്റീസ്സ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഹൈക്കോടതി ബഞ്ച് ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകി എന്ന കാരണത്താല്‍ കോലിയുടെ ശിക്ഷ ജീവപര്യന്തമാക്കി നല്‍കി.2017 ല്‍ വിധി പറഞ്ഞ എട്ടാമത് കേസില്‍ ഗാസിയാബാദ് കോടതി വീണ്ടും മൊനിന്ദറിനും കോലിക്കും വധശിക്ഷ വിധിച്ചു. 2019 ല്‍ പത്താമത്തെ കേസ്സില്‍ കോലിക്ക് വീണ്ടും ഒരു വധശിക്ഷ കൂടിവന്നു.

ഇതാണ് കേസ്സിന്‍റെ നിലയെങ്കിലും ഇന്നലെ സംഭവിച്ചത് ഇങ്ങിനെ. അലഹബാദ് ഹൈക്കോടതി രണ്ടുപേരെയും കുറ്റവിമുക്തരാക്കി. എന്നാല്‍ നേരത്തെ വിധി പറഞ്ഞ ഒരു കേസ്സില്‍ ജീവപര്യന്തം തടവ് ലഭിച്ച കോലി അത് പൂര്‍ത്തിയാക്കണം എന്ന് മാത്രം. പതിനഞ്ചിലേറെ കൌമാരപ്രായക്കാരെ ക്രൂരമായി കൊലചെയ്ത കേസ്സില്‍ അപ്പോള്‍ യഥാര്‍ത്ഥ പ്രതികള്‍ ആര് ? ഇവരെ നിരന്തരം വധശിക്ഷയ്ക്കു വിധിച്ച ഗാസിയാബാദ് പ്രത്യേക കോടതിയാണോ? ശിക്ഷ ശരിവച്ച സുപ്രിംകോടതിയോ? ഉത്തര്‍പ്രദേശിലെ ഒരുഗ്രാമത്തിലെ കുഞ്ഞുങ്ങളുടെ മരണം നിസ്സാരമായി കണ്ട് അന്വേഷണം പ്രഹസനമാക്കിയ പോലീസ്സോ? അതോ ആ കുട്ടികള്‍ക്ക് ജന്മം നല്‍കിയ മാതാപിതാക്കളോ ? ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടത് അനിവാര്യമാണ്.