തേന്‍മൊഴി പൂങ്കാ
ചവര്‍ വലിച്ചെറിയപ്പെട്ട് മലീമസമായ ചില ഇടങ്ങള്‍ കാണുമ്പോള്‍ ഇവിടെ ചെടികള്‍ വച്ചുപിടിപ്പിച്ച് സുന്ദരമാക്കിയാല്‍ നന്നായിരുന്നു, പക്ഷെ ആര് ചെയ്യും എന്നൊക്കെ ചിന്തിക്കുക പതിവാണ്. തദ്ദേശ സ്ഥാപനങ്ങളെയും അധികാരികളേയും നാട്ടുകാരെയുമൊക്കെ കുറ്റം പറഞ്ഞ് സമാധാനിച്ച് നമ്മള്‍ അവിടം കടന്നുപോകും. എന്നാല്‍ തേന്മൊഴി അതിന് തയ്യാറായിരുന്നില്ല. കോയമ്പത്തൂരിലെ പീലമേട്ടില്‍ ബാലസുബ്രഹ്മണ്യം നഗറില്‍ വാടകയ്ക്ക് താമസിക്കാനാണ് തേന്മൊഴി കുടുംബത്തോടൊപ്പം ഈറോഡിലെ ചെന്നിമലൈയില്‍ നിന്നും കോയമ്പത്തൂരെത്തിയത്. മകള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുകയായിരുന്നു ലക്ഷ്യം. വാടകവീടിന്‍റെ അടുത്ത് ഒഴിഞ്ഞുകിടക്കുന്ന കോര്‍പ്പറേഷന്‍റെ പറമ്പ് വര്‍ഷങ്ങളായി മാലിന്യകൂമ്പാരമായിരുന്നു. ആ പ്രദേശത്തെ മിക്ക ആളുകളും തങ്ങളുടെ മാലിന്യം അവിടെയാണ് തള്ളിയിരുന്നത്. വീടിനടുത്തുള്ള ഈ കാഴ്ച തേന്‍മൊഴിയെ അസ്വസ്ഥയാക്കി. അവിടം വൃത്തിയാക്കാനുള്ള ശ്രമം വെറും പാഴ്വേലയാണെന്നു പറഞ്ഞ് ആദ്യം നാട്ടുകാര്‍ കളിയാക്കി. എങ്കിലും തേന്‍മൊഴി ശ്രമം തുടങ്ങി. ശിരുതുളി എന്ന എന്‍ജിഓ സഹായത്തിനെത്തി. സിആര്‍ഐ പമ്പും മഹേന്ദ്ര പമ്പും ഒപ്പം കൂടി. ആദ്യം 170 വൃക്ഷതൈകളാണ് അവിടെ നട്ടത്. അവ വേലികെട്ടി സംരക്ഷിക്കുകയും ഡ്രിപ്പ് ഇറിഗേഷന്‍ നടത്തുകയും ചെയ്തു.
നാടന്‍ മരങ്ങളാണ് വച്ചുപിടിപ്പിച്ചത്. അവ വളരുന്നതിനൊപ്പം പൂചെടികളും മറ്റും നട്ട് പറമ്പ് മോടിപിടിപ്പിച്ചു. ആളുകള്‍ മാലിന്യം തള്ളുന്നത് മെല്ലെ നിന്നു. കോര്‍പ്പറേഷന്‍ ഭൂമിയായതിനാല്‍ അവിടം മെച്ചമാക്കാന്‍ അവരും മുന്നോട്ടുവന്നു. പരിസരത്തുള്ളവര്‍ മാലിന്യം വേര്‍തിരിക്കാനും കോര്‍പ്പറേഷന്‍ അത് ഏറ്റെടുക്കാനും തുടങ്ങി. പറമ്പില്‍ നടപ്പാതയുണ്ടായി. രാവിലെയും വൈകിട്ടും ആളുകള്‍ നടക്കാന്‍ വന്നുതുടങ്ങി. കുട്ടികള്‍ മരങ്ങള്‍ പരിചയപ്പെടാനെത്തി. അങ്ങിനെ അവിടം മാലിന്യത്തില്‍ നിന്നും മോചിതമാകുകയും ജീവജാലങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഇടമായി മാറുകയും ചെയ്തു. ഇപ്പോള്‍ പക്ഷികള്‍ക്ക് ഭക്ഷണവും ജലവും നല്‍കുന്ന ഇടവും ഒരുക്കിയിട്ടുണ്ട്. തുടക്കത്തില്‍ കളിയാക്കി മാറിനിന്ന നാട്ടുകാരുടെ പ്രിയപ്പെട്ട സുഹൃത്തായി തേന്‍മൊഴി മാറി. ഇപ്പോള്‍ അവിടെ പിടിക്കുന്ന പച്ചക്കറിയും പഴങ്ങളും റസിഡന്‍റ്സ് വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ വിതരണം ചെയ്യുന്നുണ്ട് തേന്‍മൊഴി. മകളുടെ പഠനം കഴിഞ്ഞ് തേന്‍മൊഴി മടങ്ങുമ്പോഴും അവര്‍ അടയാളപ്പെടുത്തിയ പൂങ്കാവനം ഉറപ്പായും പറയും, ഇത് തേന്‍മൊഴി പൂങ്കാ !!🙏
No comments:
Post a Comment