Tuesday, 7 November 2023

In Hamas -Israel war - to whom with ?


ഹമാസ് – ഇസ്രയേല്‍ യുദ്ധത്തില്‍ ആര്‍ക്കൊപ്പം !!

-   വി.ആര്‍.അജിത് കുമാര്‍

ചെറുപ്പകാലത്ത് സിപിഐയുടെ ഭാഗമായിരുന്നപ്പോള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന രണ്ട് ലോകനേതാക്കളായിരുന്നു ഫിഡല്‍ കാസ്ത്രോയും യാസര്‍ അരാഫത്തും .വളരെ വേണ്ടപ്പെട്ട സ്വന്തക്കാരെപോലെ തോന്നിയിരുന്നു. അരാഫത്തിന്‍റെ വേഷവും ചിരിയുമൊക്കെ തികച്ചും ആകര്‍ഷണീയമായിരുന്നു.പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളിലും പങ്കെടുത്തിരുന്നു. മുതലാളിത്തലോകത്തോട് കടുത്ത അമര്‍ഷമുണ്ടായിരുന്ന എനിക്ക്, ഇസ്രയേല്‍ അക്രമകാരികളും അധിനിവേശം നടത്തുന്നവരും അമേരിക്കയുടെ കൈയ്യാളും എന്നനിലയില്‍ തീര്‍ത്തും ശത്രക്കളുമായിരുന്നു. എന്നാല്‍ രാഷ്ട്രീയബന്ധവും ജനയുഗത്തിലെ ലേഖനങ്ങളും വിട്ട് സ്വതന്ത്രനായതോടെ ഒരു രാജ്യത്തോടും സമൂഹത്തോടും പ്രത്യേക സ്നേഹമോ വെറുപ്പോ ഇല്ലാതെ ജീവിക്കാന്‍ പഠിച്ചു. എല്ലായിടത്തും മര്യാദക്കാരും കുഴപ്പക്കാരുമുണ്ട് എന്നും സമൂഹം നന്മ-തിന്മകളുടെ ഫിഫ്റ്റി-ഫിഫ്റ്റിയാണ് എന്ന തിരിച്ചറിവും ഉണ്ടായി. ആ കണ്ണിലൂടെ കാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇപ്പോഴത്തെ കുഴപ്പങ്ങളിലെ ഒന്നാം പ്രതി ഹമാസാണ് എന്ന് ഞാന്‍ മനസിലാക്കുന്നു. എന്നാല്‍ മൊത്തമായ ചരിത്രം നോക്കുമ്പോള്‍ ഒരിക്കലും സമാധാനം ലഭിക്കാത്ത കുറേ സമൂഹങ്ങളുടെ കൂടാണ് ഇസ്രയേല്‍-പാലസ്തീന്‍ ഇടം എന്ന് മനസിലാക്കാം. മനുഷ്യകുലം ഉള്ളിടത്തോളം അവിടെ സമാധാനവും ഉണ്ടാവില്ല എന്നും ഉറപ്പ്.

ഇസ്രയേല്‍ ചരിത്രം

ജറുസലേം ഉള്‍പ്പെടുന്ന പ്രദേശത്തിന്‍റെ ചരിത്രം ആയിരക്കണക്കിന് വര്‍ഷം നീളുന്നതാണ്. ബൈബിള്‍ കാലത്ത് തുടങ്ങിയതാണ് അത്. ഇസ്രയേലും പാലസ്തീനും ഉള്‍പ്പെടുന്ന ഇടം കാനന്‍ പ്രവിശ്യയിലാണ്. ബിസി 1200 ല്‍ ഹീബ്രു രാജക്കന്മാരാണ് അവിടം ഭരിച്ചിരുന്നത്. സോളമന്‍റെ ക്ഷേത്രം ജറുസലേമില്‍ ഉയര്‍ന്നത് ആ കാലത്താണ്. ബിസി 586 ല്‍ ബാബിലോണിയക്കാര്‍ ജറുസലേം കീഴടക്കി. അനേകം ജൂതരെ അടിമകളാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയി. ബിസി 538ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി ജൂതന്മാര്‍ തിരികെ വരാനും ക്ഷേത്രം പുനര്‍നിര്‍മ്മിക്കാനും അനുവദിച്ചു. അലക്സാണ്ടറുടെ ആക്രമണത്തെതുടര്‍ന്ന് ഇവിടം ഹെലനിസ്റ്റിക് സ്വാധീനത്തിലും പിന്നീട് റോമന്‍ ആധിപത്യത്തിലുമായി. ഈ കാലത്ത് ജൂതരുടെ ചെറുത്തുനില്‍പ്പും പലായനവും വര്‍ദ്ധിച്ചു. എഡി എഴുപതില്‍ റോമക്കാര്‍ പുനര്‍നിര്‍മ്മിച്ച സോളമന്‍റെ ക്ഷേത്രം നശിപ്പിച്ചു.അതോടെ ജൂതര്‍ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്കും ചിതറിയോടി. തുടര്‍ന്നുള്ള കാലം ബൈസന്‍റൈന്‍സ്,അറബികള്‍,ഓട്ടോമന്‍സ് ഭരണത്തിലായിരുന്നു ജറുസലേം. ഏഴാം നൂറ്റാണ്ട് മുതലാണ് അറബ്-ഇസ്ലാം മേല്‍ക്കോയ്മ ശക്തമായത്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനമാണ് സയണിസ്റ്റ് പ്രസ്ഥാനം രൂപപ്പെട്ടത്.ഓട്ടോമന്‍ ഭരണത്തിലുള്ള പാലസ്തീനില്‍ ഒരു ജൂതരാജ്യം വേണമെന്നതായിരുന്നു പ്രസ്ഥാനം മുന്നോട്ടുവച്ച ആവശ്യം. ഒന്നാം ലോകമഹായുദ്ധം കഴിഞ്ഞതോടെ ലീഗ് ഓഫ് നേഷന്‍സ് പാലസ്ഥീന് മേല്‍ ബ്രിട്ടന് അധികാരം നല്‍കി.അതോടെ ബ്രിട്ടന്‍ ജൂതകുടിയേറ്റം പ്രോത്സാഹിപ്പിച്ചു. അത് അറബ്-ജൂത കലാപത്തിലേക്ക് നയിച്ചു. 1948 മെയ് 14 ന് ജൂതനേതാവായ ഡേവിഡ് ബെന്‍ ഗുറിയോണ്‍ ഇസ്രയേല്‍ രാജ്യം പ്രഖ്യാപിച്ചു. അതോടെ പാലസ്തീന് ചുറ്റിലുമുള്ള അറബ് രാഷ്ട്രങ്ങളുമായി ഇസ്രയേല്‍ യുദ്ധം തുടങ്ങി. പിന്നീട് ദശാബ്ദങ്ങള്‍ നീണ്ട യുദ്ധങ്ങളും സമാധാന ഉടമ്പടികളും ഉടമ്പടി ലംഘനവും തുടരുകയാണ്. ഉല്‍പ്പതിഷ്ണുക്കളും സമ്പന്നരും അമേരിക്കയിലും യൂറോപ്പിലും വലിയ ബന്ധങ്ങളുമുള്ള ഇസ്രയേല്‍ അസമാധാനത്തിന്‍റെ ദിനങ്ങളിലൂടെ സഞ്ചരിക്കുമ്പോഴും സാങ്കേതികരംഗത്തും വിദ്യാഭ്യാസത്തിലും ശാസ്ത്രത്തിലും മികവ് തെളിയിച്ച് മുന്നേറുകയാണ്.

പാലസ്തീനും ഹമാസും

 1920-48 കാലത്താണ് ബ്രിട്ടന്‍ ജൂതന്മാരുടെ കുടിയേറ്റം വലിയതോതില്‍ പ്രോത്സാഹിപ്പിച്ചത്. സമ്പന്നരായ ജൂതന്മാര്‍ കുടിയേറുകയും അറബികളുടെ കൈയ്യില്‍ നിന്നും ഭൂമിവാങ്ങി സ്ഥിരവാസം തുടങ്ങുകയും ചെയ്തു. എന്നാല്‍ മാന്‍ഡേറ്ററി പാലസ്തീനിന്‍റെ ആദ്യ ഭരണകൂടം അറബ് ഹയര്‍ കമ്മറ്റിയായിരുന്നു. 1936 ലാണ് ഗ്രാന്‍റ് മുഫ്ത്തി ഓഫ് ജറുസലേം അമീന്‍ അല്‍ ഹുസൈനിയുടെ അധ്യക്ഷതയില്‍ സമിതിയുണ്ടാക്കിയത്. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍റെ കൊലയെ തുടര്‍ന്ന് 1937 ല്‍ ഈ ഭരണത്തെ ബ്രിട്ടന്‍ നിയമവിരുദ്ധമാക്കി. ജൂതകുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന ബ്രിട്ടനെതിരെയുള്ള 1936 -39 കാലത്തെ അറബ് വിപ്ലകാലത്താണ് ഈ കൊല നടന്നത്. 1920 ല്‍ ജൂതകുടിയേറ്റം തുടങ്ങുമ്പോള്‍ 57,000 ആയിരുന്ന ജൂതന്മാര്‍ ഈ കാലത്ത് 3,20,000 ആയി വര്‍ദ്ധിച്ചു. ഇത് ജൂത –അറബ് ആഭ്യന്തര കലാപം വര്‍ദ്ധിപ്പിച്ചു. 1948 ല്‍ ഈജിപ്ത് പിടിച്ചെടുത്ത ഗാസ സ്ട്രിപ്പിലാണ് ആള്‍ പാലസ്തീന്‍ സര്‍ക്കാര്‍ പുനര്‍പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ 1959 ല്‍ ഈജിപ്ത് ഇതും പരിച്ചുവിട്ടു. 1964 ലാണ് പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ പാലസ്തീന്‍ അറബികളുടെ ഔദ്യോഗിക പ്രതിനിധിയായി മാറുന്നത്.

മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കന്‍ തീരത്ത് 1967 ജൂണ്‍ അഞ്ച് മുതല്‍ പത്തുവരെ  ആറ്നാള്‍ നീണ്ട അറബ് –ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ കൈയ്യേറിയ ഇടമാണ് ഗാസ.ജോര്‍ഡാന്‍റെ കൈവശമായിരുന്ന ഗാസ കൈയ്യേറിയ ഇസ്രയേല്‍ പിന്നീടത് പാലസ്തീന് കൈമാറുകയും പലവട്ടം തിരിച്ചുപിടിക്കുകയും വിട്ടുനല്‍കുകയും ചെയ്തു. മെഡിറ്ററേനിയന്‍ കടലിന്‍റെ കിഴക്കേതീരത്ത്,തെക്കുപടിഞ്ഞാറ് ഭാഗത്ത് ഈജിപ്തും വടക്കും കിഴക്കും ഇസ്രയേലുമാണ് ഗാസയുടെ അതിര്‍ത്തികള്‍. കിഴക്കന്‍ ജറുസലേമും 1967 ലെ യുദ്ധത്തിലാണ് ഇസ്രയേല്‍ സ്വന്തമാക്കിയത്.

    ലോകത്തിലെ പ്രധാന മുസ്ലിം ഗ്രൂപ്പാണ് സുന്നികള്‍. ഹമാസ് പാലസ്തീനിലെ സുന്നി ഇസ്ലാമിക് റസിഡന്‍റ് മൂവ്മെന്‍റാണ്. അവരാണ് ഗാസ സ്ട്രിപ്പ് ഭരിക്കുന്ന രാഷ്ട്രീയ-മിലിറ്ററി സംഘടന. ഇപ്പോള്‍ പാലസ്തീന്‍ ജനത തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ ഒന്നാണ് ഗാസ.മറ്റൊരിടം വെസ്റ്റ് ബാങ്കാണ്. 1974 ല്‍ ഐക്യരാഷ്ട്ര സംഘടന പാലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണ്ണായക അവകാശത്തെയും ദേശീയ സ്വാതന്ത്ര്യത്തെയും  പരമാധികാരത്തെയും അംഗീകരിക്കുകയും പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന് യുഎന്നില് ഒബ്സര്‍വര്‍ പദവി നല്‍കുകയും ചെയ്തു.യാസര്‍ അരാഫത്തായിരുന്നു പിഎല്‍ഓയുടെ ആദ്യത്തെയും അവസാനത്തെയും ശബ്ദം. എന്നാല്‍ ഏത് പ്രസ്ഥാനത്തിലും എന്നപോലെ ഇവിടെയും രണ്ടാം നിര നേതാവായ അബ്ബാസ് അരാഫത്തിനെതിരെ നീക്കം തുടങ്ങി. അമേരിക്കയും ഇസ്രയേലും അബ്ബാസിന് പിന്‍തുണ നല്‍കി. അരാഫത്തിന്‍റെ മരണത്തെ തുടര്‍ന്ന് അബ്ബാസ് 2005 ല്‍ പാലസ്തീന്‍ പ്രസിഡന്‍റായി. ഇസ്രയേലിനെതിരെ യുദ്ധം നടത്തുന്ന എല്ലാ തീവ്രവാദ സംഘടനകളോടും സമാധാനം ലക്ഷ്യമിടാന്‍ അബ്ബാസ് ആഹ്വാനം ചെയ്തു.

   എന്നാല്‍ ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനമായ ഹമാസ് ആക്രമണം തുടര്‍ന്നു. ഹമാസിനെ അമേരിക്കയും ഇസ്രയേലും യൂറോപ്യന്‍ യൂണിയനും കാനഡയും ജപ്പാനും ന്യൂസിലന്‍റും തീവ്രവാദ പ്രസ്ഥാനമായി പ്രഖ്യാപിച്ചു. ഹമാസുമായുള്ള ബന്ധം അബ്ബാസും അവസാനിപ്പിച്ചു.അതോടെ പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഇല്ലാതായി. അബ്ബാസ് നേതൃത്വം നല്‍കുന്ന ഫതഹ് പാര്‍ട്ടി വെസ്റ്റ് ബാങ്കിലും ഹമാസ് ഗാസയിലും സ്വതന്ത്ര ഭരണം തുടങ്ങി. അബ്ബാസ് സമാധാനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് സമ്മിറ്റ് നടത്തി. ഇസ്രയേല്‍ 900 പാലസ്തീനികളെ ജയില്‍ മോചിതരാക്കാന്‍ തീരുമാനിച്ചു. വെസ്റ്റ് ബാങ്കില്‍ നിന്നും ഇസ്രയേല്‍ പിന്മാറാമെന്നും സമ്മതിച്ചു. എന്നാല്‍ 2006 ല്‍ നടന്ന ലജിസ്ലേറ്റീവ് തെരഞ്ഞെടുപ്പില്‍ ഹമാസ് മേല്‍ക്കൈ നേടി.ഹമാസ് ഭരണത്തിലെത്തുന്നതിനെതിരെ അന്താരാഷ്ട്ര സമ്മര്‍ദ്ദമുണ്ടായി. ഹമാസും ഫതഹും തമ്മിലും സംഘര്‍ഷമാരംഭിച്ചു. അബ്ബാസ് അദ്ദേഹത്തിന്‍റെ കാലാവധി തീര്‍ന്ന 2009 ന് ശേഷവും ഭരണം തുടര്‍ന്നു. ഹമാസ് ലജിസ്ലേറ്റീവ് കൌണ്‍സില്‍ സ്പീക്കറെ താത്ക്കാലിക പ്രസിന്‍റാക്കാനും ശ്രമിച്ചു. എന്നാല്‍ പാലസ്തീന്‍ സെന്‍ട്രല്‍ കൌണ്‍സില്‍ അബ്ബാസിന് അനിശ്ചിതകാലത്തേക്ക്  കാലാവധി നീട്ടിക്കൊടുത്തു. അങ്ങിനെ അബ്ബാസ് വെസ്റ്റ്ബാങ്കിന്‍റെ അധിപനായി തുടര്‍ന്നു. 2014 ല്‍ ഹമാസും ഫതഹും ഒത്തുതീര്‍പ്പിലെത്തി യൂണിറ്റി സര്‍ക്കാരുണ്ടാക്കി.പുറമെ സഖ്യമായി എങ്കിലും യോജിപ്പ് പൂര്‍ണ്ണമായിരുന്നില്ല. ഗാസ സ്ട്രിപ്പിലേക്ക് ആയുധങ്ങള്‍ കൊണ്ടുവരുന്ന ഹമാസിനെ പ്രതിരോധിക്കുന്ന ഇസ്രയേലിനും ഈജിപ്തിനും അബ്ബാസ് പിന്‍തുണ നല്‍കി. ഈജിപ്ത് അവരുടെ അതിര്‍ത്തിയിലെ കള്ളക്കടത്ത് ടണലുകള്‍ നശിപ്പിച്ചു.ചുരുക്കത്തില്‍ പാലസ്തീന്‍ രാജ്യത്തിന് വേണ്ടി വാദിക്കുന്ന അറബ് രാജ്യങ്ങള്‍ക്കും  ഒരു വിഭാഗം പാലസ്തീനികള്‍ക്കും ഉള്‍ക്കൊള്ളാനും പൊരുത്തപ്പെടാനും കഴിയാത്ത തീവ്രവാദ ഗ്രൂപ്പാണ് ഹമാസ്.

 ഹമാസിനെ ന്യായീകരിക്കാന്‍ കഴിയില്ല

ഇപ്പോള്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഗാസ അതിര്‍ത്തിയില്‍ നിന്നും ഒളിഞ്ഞ് ഇസ്രയേലിലേക്ക് കടന്ന് അവിടെനിന്നും ജനങ്ങളെ പിടിച്ചുകൊണ്ടുപോയി ബന്ദികളാക്കി വയ്ക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്ത ഹമാസ് ആര്‍ക്കും ന്യായീകരിക്കാന്‍ കഴിയാത്ത കുറ്റമാണ് ചെയ്തത്. അതിന്‍റെ തുടര്‍ച്ചയായി ഇസ്രയേല്‍ തിരിച്ചാക്രമിക്കുമെന്നും നിസ്സഹായരായ സാധാരണ മനുഷ്യരാകും അതുവഴി ദുരിതമനുഭവിക്കുക എന്നും അറിയാത്തവരല്ല ഹമാസ്. എന്നാല്‍ അവരെ ഇളക്കിവിട്ടവര്‍ക്ക് സന്തോഷിക്കാം. കാരണം സമാധാനപരമായി നിലനില്‍ക്കുന്ന ഒരു ലോകം ഉണ്ടാകരുത് എന്നാഗ്രഹിക്കുന്ന ഒരുപറ്റമാളുകള്‍ എന്നും ലോകത്തുണ്ടാകാറുണ്ട്. അത് ആയുധക്കച്ചവടക്കാരും മതനേതാക്കളും ഭരണാധികാരികളും ചില രാജ്യങ്ങളും ഉള്‍പ്പെടുന്ന ശൃംഖലയാണ്. സാധാരണ മനുഷ്യരുടെ ജീവിതദുരന്തങ്ങള്‍ അവരെ സ്പര്‍ശിക്കാറില്ല. റഷ്യ-ഉക്രയിന്‍ യുദ്ധമായാലും ഇന്ത്യ ഉള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നടക്കുന്ന തീവ്രവാദപ്രവര്‍ത്തനങ്ങളായാലും പാലസ്തീനികള്‍ക്കെതിരായ ഇസ്രയേല്‍ അതിക്രമമായാലും എല്ലാറ്റിനും പിറകില്‍ ചരട് വലിക്കുന്ന ചില ശക്തികളുണ്ടാകും. ലോകം സമാധാനപൂര്‍ണ്ണമായ ഇടമാകരുത് എന്നാഗ്രഹിക്കുന്ന ചിലര്‍.ഐക്യരാഷ്ട്രസഭയില്‍ പാലസ്തീന് അനുകൂലമായി വരുന്ന എല്ലാ പ്രമേയങ്ങളെയും അമേരിക്കയാണ് എതിര്‍ക്കുന്നതും പാസ്സാക്കാന്‍ അനുവദിക്കാതിരിക്കുന്നതും. ഇന്ത്യയ്ക്ക് ദോഷം ചെയ്യുന്ന തീവ്രവാദികളെ അനുകൂലിക്കുന്നത് പാകിസ്ഥാനോ ചൈനയോ ആകും. ഖലിസ്ഥാന്‍ വാദികളെ സംരക്ഷിക്കുന്നത് കാനഡയാകും. ഇതൊന്നുംതന്നെ അവിടത്തെ ജനതയല്ല, ഭരണാധികാരികളും അവരെ സ്വാധീനിക്കുന്ന ലോബികളുമാണ് എന്നതാണ് ശ്രദ്ധേയം.

കേരളത്തിന്‍റെ സമീപനം

കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഗാസയിലെ ജനതയുടെ സങ്കടങ്ങളെ എങ്ങിനെ രാഷ്ട്രീയ സമവാക്യങ്ങള്‍ തിരുത്താന്‍ ഉപയോഗിക്കാം എന്നാണ് ചിന്തിക്കുന്നത്. എന്തിനേയും പ്രസ്ഥാനത്തിന്‍റെയോ തന്‍റെതന്നെയോ നേട്ടത്തിന് എങ്ങിനെ വിനിയോഗിക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ഇസ്ലാം മതവും കമ്മ്യൂണിസവും ആഗോളതലത്തില്‍ വേരോട്ടമുള്ള പ്രസ്ഥാനങ്ങളാണ് എന്നതുകൊണ്ടുതന്നെ പാലസ്ഥീന്‍ പ്രശ്നത്തില് പണ്ടേ സമാനചിന്താഗതിയാണുള്ളത്. കെ.ടി.ജലീല്‍ പറയുന്നപോലെ പച്ചയും ചുവപ്പും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഓരോ ശ്രമവും എവിടെയെങ്കിലും തട്ടി മരണപ്പെടുകയാണ് ചെയ്യാറ്. ഇപ്പോള്‍ ആഗോളവിഷയമായതിനാല്‍ വലിയ പ്രശ്നമില്ലാതെ ഒരുകൂട്ടായ്മ സംഘടിപ്പിക്കാം എന്ന് കരുതിയതില്‍ സിപിഎമ്മിനെ കുറ്റപ്പെടുത്താന്‍  കഴിയില്ല. അതും പൂര്‍ണ്ണതയിലെത്തിയില്ല എങ്കിലും അധികാരത്തിന് പുറത്ത് ലീഗിന് എത്രകാലം കൂടി തുടരാന്‍ കഴിയും എന്നത് സംശയകരമാണ്. ഇത്തരമൊരു സാഹചര്യത്തെയാണ് ബിജെപിയും പ്രതീക്ഷയോടെ നോക്കിക്കാണുന്നത്.ഇവിടെ ഗാസയിലെ കുഞ്ഞുങ്ങളുടെ വേദന, സ്ത്രീകളുടെ രോദനം എന്നൊക്കെ പറഞ്ഞുള്ള പ്രസംഗങ്ങളും പ്രസ്താവനകളും വെറും തട്ടിപ്പാണ്. ആത്യന്തികമായി വെടക്കാക്കി തനിക്കാക്കുക പദ്ധതിയാണ് നടക്കുന്നത്. അതാണ് രാഷ്ട്രീയം, അതില്‍ തെറ്റ് കാണാനും കഴിയില്ല🙏   


 

No comments:

Post a Comment