Monday, 27 June 2022

Descended the graph of Dr.M.K.Muneer, ascended that of K.N.A.Khader

 


 മുനീറിന്റെ ഗ്രാഫ് താണു, ഖാദറിന്റെ ഗ്രാഫ് ഉയര്‍ന്നു

 മുസ്ലിംലീഗിലെ മതേതര മുഖം എന്നൊക്കെ പറയപ്പെട്ടിരുന്നത് സി.എച്ച്.മുഹമ്മദ് കോയയുടെ മകന്‍ ഡോക്ടര്‍ എം.കെ.മുനീര്‍ ആയിരുന്നു. എന്നാല്‍ കെ.എന്‍.എ.ഖാദറിനെ തിരുത്താനും ശാസിക്കാനും മുസ്ലിംലീഗ് മുന്നില്‍ നിര്‍ത്തിയത് മുനീറിനെയാണ്. അതോടെ മുനീറിന്റെ മതേതരമുഖം പൊലിഞ്ഞു. ലീഗിലെ ആസ്ഥാന സാംസ്‌ക്കാരിക നായകനായി നമ്മള്‍ അറിയുന്നത് അബ്ദുല്‍ സമദ് സമദാനിയെയാണ്. കമലദാസിനെപോലും വീഴ്ത്തിയവന്‍ എന്നൊരു ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്. കക്ഷിയുടെ പ്രസംഗം കേട്ട് അത്ഭുതം കൂറിയിട്ടുമുണ്ട്. മലയാളവും സംസ്‌കൃതവും അറബിയുമൊക്കെ അനര്‍ഗ്ഗളം ഒഴുകുന്ന ശൈലിയുടെ ഉടമ. കുട്ടി അഹമ്മദ് കുട്ടിയെപോലെ നിസ്വരായ മനുഷ്യരും ലീഗ് നേതാക്കളുടെ കൂട്ടത്തിലുണ്ട്. ടി.എ.അഹമ്മദ് കബീറിനെപോലെ സാഹിത്യവും സംസ്‌കാരവും പ്രചരിപ്പിക്കുന്ന സര്‍ഗ്ഗധാര മാസികയുടെ ഉടമ തുടങ്ങി ഒട്ടേറെ ജനകീയമുഖങ്ങളുണ്ട് ലീഗില്‍.ആ കൂട്ടത്തിലൊന്നും കേട്ടിട്ടില്ലാത്ത വ്യക്തിത്വമായിരുന്നു ഖാദര്‍. ലീഗില്‍ പൊതുവെ ബിസിനസുകാരും റിസോര്‍ട്ട് ഉടമകളും ഭൂമാഫിയയും ഒക്കെയാണ് നേതൃത്വത്തിലുള്ളത് എന്ന് പൊതുവെ പറയാറുമുണ്ട്. ആ കൂട്ടത്തിലൊരാള്‍ എന്നായിരുന്നു എന്റെ ധാരണ.

  പത്ത് വര്‍ഷം മുന്നെ വരെ തീവ്രവാദ സ്വഭാവമില്ലാതെ ഇടതും വലതും പക്ഷത്തൊക്കെ നിന്ന് കേരള കോണ്‍ഗ്രസിനെ പോലെ, വേണ്ടപ്പെട്ടവര്‍ക്ക് കാര്യങ്ങള്‍ സാധിച്ചു നല്‍കുക, പാര്‍ട്ടിയെ മലബാര്‍ ഭാഗത്ത് സജീവമാക്കി നിര്‍ത്തുക എന്നീ അജണ്ടകളെ ലീഗിനുണ്ടായിരുന്നുള്ളു. എന്നാല്‍ പിഡിപിയും പിന്നീട് അതിനേക്കാള്‍ തീവ്രവാദ സമീപനമുള്ള എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും വെല്‍ഫെയര്‍ പാര്‍ട്ടിയുമൊക്കെ വന്നതോടെ ലീഗിന് നിലപാട് മാറ്റേണ്ടിവന്നു. യുവാക്കളെ ആകര്‍ഷിക്കാന്‍ നിലപാടുകളില്‍ വലിയ മാറ്റം വരുത്തി. അതുകൊണ്ടുതന്നെയാവാം മുനീറിനൊക്കെ ഇങ്ങിനെ മാറേണ്ടി വരുന്നതും !!

 കെ.എന്‍.എ.ഖാദര്‍ ആര്‍എസ്എസ് സൗഹൃദം വച്ചുപുലര്‍ത്തുന്ന ഏതോ സംഘടനയുടെ യോഗത്തില്‍ സംബ്ബന്ധിച്ച് പ്രസംഗിച്ചു എന്നതാണ് വിവാദമായത്. കോലാഹലങ്ങള്‍ ഏറെയായപ്പോള്‍ ആ പ്രസംഗമൊന്ന് കേള്‍ക്കണം എന്നു തോന്നി. സാധാരണ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ വരുന്ന വീഡിയോകള്‍ നോക്കാറില്ലാത്ത ഞാന്‍ ഖാദറിന്റെ പ്രസംഗം ഒരു ഗ്രൂപ്പില്‍ കണ്ടെത്തി കേള്‍ക്കുകയുണ്ടായി. ഇങ്ങനൊരു മനുഷ്യനെ അറിയാതെ പോയത് എന്റെ തെറ്റ് എന്നു ബോധ്യമായി. സമദാനിയെപോലെ ഘോരഘോരം പ്രസംഗിക്കാതെ തന്റെ മുന്നിലിരിക്കുന്നവരോട് വര്‍ത്തമാനം പറയുകയായിരുന്നു ഖാദര്‍. കൂടുതലായും അദ്ദേഹം സംസാരിച്ചത് ബുദ്ധമതത്തെ കുറിച്ചാണ്. ഹിന്ദുമതവും ഇസ്ലാംമതവുമെല്ലാം ഒരു പാട് കടപ്പെട്ടിരിക്കുന്ന മതമാണല്ലൊ ബുദ്ധമതം. ഏറ്റവുമധികം ബുദ്ധമതത്തെ ഉപദ്രവിച്ചതും ഇല്ലാതാക്കിയതും ഈ രണ്ട് മതവിശ്വാസികളാണ് താനും. പിന്നെ സംസാരം എല്ലാ മതങ്ങളുടെയും സന്ദേശം ഒന്നാണ് എന്നതിലേക്കായിരുന്നു. തന്റെ വായനാനുഭവങ്ങളും യാത്രാനുഭവങ്ങളും എങ്ങിനെ തന്നെ രൂപപ്പെടുത്തി എന്നതും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. യാതൊരു ദുരൂഹതയുമില്ലാത്ത, സത്യസന്ധമായ പ്രസംഗം. എനിക്ക് പ്രസംഗം ഇഷ്ടമായി.

 പിന്നീട് ഗൂഗിളില്‍ തപ്പിയപ്പോഴാണ് ഇദ്ദേഹം രാഷ്ട്രീയം തുടങ്ങിയത് എഐഎസ്എഫിലാണെന്നും അതിന്റെ പ്രസിഡന്റ് വരെ ആയെന്നും പിന്നീട് സിപിഐയില്‍ പ്രവര്‍ത്തിച്ചുവെന്നും മലപ്പുറത്തെ തട്ടകത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകനായി തുടരാന്‍ നല്ലത് ലീഗാണെന്നു കണ്ട് കളം മാറിയതാണെന്നും മനസിലായത്. ഏതായാലും രാഷ്ട്രീയ -മത സംഘടനകള്‍ മൂരാച്ചി സമീപനം ഒഴിവാക്കി ,പരമാവധി വേദികള്‍ പങ്കിട്ട് ആശയങ്ങള്‍ കൈമാറുന്നതാകും ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലത്. ജനങ്ങള്‍ എല്ലാവരേയും കേള്‍ക്കുന്നതാകുമല്ലൊ നല്ലത്. അല്ലെങ്കില്‍ അവര്‍ വാട്ടര്‍ ടൈറ്റ് കംപാര്‍ട്ടുെമന്റുകളായി നിലനില്‍ക്കും. അവരവരുടെ പാര്‍ട്ടി നേതാക്കളും മതനേതാക്കളും പറയുന്നത് മാത്രം കേട്ട് വളരുന്നവര്‍ വളരുകയല്ല മുരടിക്കുകയാവും ചെയ്യുക. ഖാദര്‍ ലീഗിന് ഒരു അസറ്റാണ്. കിട്ടാവുന്ന വേദികളില്‍ ഖാദറിനെ വിട്ട് നേതൃത്വത്തിന് മുസ്ലിംലീഗ് എന്ന പാര്‍ട്ടിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാം. അതല്ല ,പുറത്താക്കാനാണ് ശ്രമിക്കുക എങ്കില്‍ പിന്നീട് ഏത് പ്രസ്ഥാനത്തില്‍ ഇദ്ദേഹം എത്തിപ്പെട്ടാലും അവര്‍ക്കും ഗുണകരമാകുന്ന ഒരു മുതലാകും കെഎന്‍എ ഖാദര്‍ എന്നതില്‍ സംശയമില്ല👏🙏

Sunday, 19 June 2022

Agnipath scheme -very innovative

 


അഗ്നിപഥ് ഞാൻ അംഗീകരിക്കുന്നു =

എന്തുകൊണ്ടെന്നാൽ? ✍️✍️

-------------------------------------====

2010 -ൽ ഞാൻ എഴുതി, പ്രഭാത് ബുക്ക്‌ ഹൌസ് പ്രസിദ്ധീകരിച്ച  "ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോൾ " എന്ന നോവലിൽ ഗുരുവായ കൗടില്യനും  ചാന്ദ്ര ദേശത്തെ പ്രധാനമന്ത്രി ചന്ദ്രഗുപതനും തമ്മിലുള്ള ഒരു സംഭാഷണം ചുവടെ ചേർക്കുന്നു. /ഒരു ദിവസം  കൗടില്യൻ ചന്ദ്രഗുപ്തനുമായി സംസാരിച്ചത് പ്രതിരോധ വകുപ്പിനെ കുറിച്ച് മാത്രമായിരുന്നു. മന്ത്രി ദീപാങ്കർ കാലോയും ഒപ്പമുണ്ടായിരുന്നു. ഈ രംഗത്ത് ഇനിയും വരുത്തേണ്ട മാറ്റങ്ങൾ അവർ ചർച്ച ചെയ്തു. വായുസേനയും നാവിക സേനയും കരസേനയും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന്റെ ഗുണങ്ങൾ അവർ ആഹ്ലാദപൂർവം പങ്കിട്ടു. നിർബന്ധിത പട്ടാള പരിശീലനം എന്ന ആശയം കൗടില്യൻ മുന്നോട്ട് വച്ചത് അപ്പോഴാണ്. അതിന് വലിയ എതിർപ്പുണ്ടാകുമെന്ന് ചന്ദ്ര ഗുപ്തനും കാലോയും അഭിപ്രായപ്പെട്ടു. കൗടില്യൻ ചിരിച്ചു 

" നമ്മൾ നിർബന്ധിത സൈനിക സേവനം എന്ന് പറയുന്നതേയില്ല. സ്കൂൾ -കോളേജ് തലത്തിൽ കായികക്ഷമതയ്ക്കു പ്രാധാന്യം നൽകുന്ന ഒരു പദ്ധതി ആവിഷ്‌കരിക്കുക . ആരോഗ്യമുള്ള യുവജനത എന്ന മുദ്രാവാക്യം മുന്നിര്ത്തിയാവണം ഇത് ആരംഭിക്കേണ്ടത്. നല്ല കരുത്തുള്ള ശരീരവും മനസുമുള്ള ജനതയാണ് എറ്റവും വലിയ പ്രതിരോധ സേന എന്ന് നമ്മൾ മനസിലാക്കണം, ഈ വിദ്യാഭ്യാസ പദ്ധതിയുടെ തുടർച്ചയായി എടുക്കേണ്ട നടപടിയാണ് ഇതിന്റെ രണ്ടാം ഘട്ടം. 

പട്ടാളത്തിൽ രണ്ട് വർഷം സേവനമനുഷ്ഠിക്കുന്നവർക്കുള്ളഇളവുകൾ പ്രഖ്യാപിക്കണം. അത്‌ അവർ ആഗ്രഹിക്കുന്ന വിധമാകാം. വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സർക്കാർ ജോലി അതല്ലെങ്കിൽ നികുതിയിലെ ഇളവ് അല്ലെങ്കിൽ വർഷത്തിലൊരിക്കൽ നാട്ടിലെവിടെയും സൗജന്യ യാത്ര തുടങ്ങിയ ആകർഷണീയമായ പാക്കേജുകൾ നിങ്ങൾ കണ്ടെത്തുക. ഇങ്ങനെ രണ്ട് വർഷം സൈനിക പരിശീലനം  ലഭിച്ച ഒരു പൗരൻ മറ്റുള്ളവരേക്കാൾ കൃത്യനിഷ്ഠയും മാന്യതയുമുള്ളവനും ദേശസ്നേഹിയുമാകും. ശനിയെ പോലെ എതു സമയവും നമ്മെ ആക്രമിക്കാവുന്ന ഒരയലുള്ളപ്പോൾ സൈനിക പരിശീലനം ലഭിച്ച ഓരോ പൗരനും രാജ്യത്തിന്റെ അമൂല്യ സമ്പത്തായിരിക്കും ", കൗടില്യൻ പറഞ്ഞു നിർത്തി. 

------===(എല്ലാ ചെറുപ്പക്കര്ക്കും നിർബന്ധിത സൈനിക പരിശീലനം നൽകണം എന്നാണ് എന്റെ അഭിപ്രായം 🙏



Monday, 6 June 2022

Sex as work, a milestone decision from Supreme Court

 


 ലൈംഗിക തൊഴിലാളികളും നിയമവും

  നിക്കോസ് കസാന്റ് സാക്കീസിന്റെ 'ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുന്നു' എന്ന പുസ്തകത്തില്‍ വേശ്യയെ കുറിച്ച് ഇങ്ങിനെ പറയുന്നുണ്ട്. ' അവള്‍ വഴിയോരത്തേക്കൊഴുകുന്ന നീരുറവപോലെയാണ്. ദാഹമുള്ളവര്‍ക്ക് ദാഹം തീര്‍ക്കാം.അല്ലാത്ത പക്ഷം ദാഹമുള്ളവര്‍ നമ്മുടെയെല്ലാം കതകുകളില്‍ വന്നുമുട്ടി വെള്ളം ചോദിച്ച് നമ്മുടെ സ്ത്രീകളെ ബുദ്ധിമുട്ടിക്കും. ' ലൈംഗികത്തൊഴില്‍ മനുഷ്യന്‍ സമൂഹമായി കഴിയാന്‍ തുടങ്ങിയ കാലം മുതലെ ഉളള ഒന്നാണ്. ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പറയുന്നത് മദ്യശാലയും വേശ്യാലയവും സര്‍ക്കാര്‍ നേരിട്ടുനടത്തേണ്ട സ്ഥാപനങ്ങളാണ് എന്നാണ്. സ്ഥാപനം നടത്തുന്നവര്‍ക്ക് രാജകൊട്ടാരത്തില്‍ വലിയ അംഗീകാരവും ഉണ്ടായിരുന്നു. നികുതിയും ഏര്‍പ്പെടുത്തിയിരുന്നു. അന്നൊക്കെ കച്ചവടക്കാര്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ മാസങ്ങളോളം യാത്രയിലാവും. അപ്പോള്‍ അന്തിമയങ്ങുക ഇത്തരം വേശ്യാലയങ്ങളിലായിരുന്നു.

 രാജഭരണം അവസാനിച്ചതോടെ വേശ്യാലയങ്ങള്‍ക്കുണ്ടായിരുന്ന പ്രാധാന്യം നഷ്ടമായി. ജനാധിപത്യ ഭരണകാലത്തും നഗരങ്ങളിലെ തെരുവോരങ്ങളില്‍ വൈകുന്നേരങ്ങളില്‍ ലൈംഗിത്തൊഴിലാളികള്‍ ആവശ്യക്കാരെ കാത്തുനില്‍ക്കുന്ന കാഴ്ച സാധാരണമായിരുന്നു. എല്ലാ ഗ്രാമങ്ങളിലും ഒന്നോ ഒന്നിലധികമോ ലൈംഗികത്തൊഴിലാളി കേന്ദ്രങ്ങളുണ്ടായിരുന്നു. നാട്ടുകാര്‍ക്കും പോലീസിനും ഈ സമൂഹത്തെ പരമപുച്ഛമായിരുന്നു. എന്നാല്‍ ഈ രണ്ടുകൂട്ടരും രഹസ്യമായി ഇവരെ അഭയം പ്രാപിക്കുകയും ചെയ്തുവന്നു. എന്നാല്‍ ക്രമേണ നാട്ടുകാരുടെ എതിര്‍പ്പും പോലീസ് അതിക്രമവും കാരണം ഈ സമ്പ്രദായം ഇല്ലാതായി. മുംബയ്,കൊല്‍ക്കൊത്ത,ദല്‍ഹി എന്നീ മഹാനഗരങ്ങളില്‍ ചുവന്ന തെരുവ് എന്ന നലിയില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വന്‍തോതില്‍ സ്ത്രീകളെ തൊഴില്‍, വിവാഹം തുടങ്ങിയ പ്രലോഭനങ്ങള്‍ക്ക് വശംവദരാക്കി കൊണ്ടുവന്നു വില്‍പ്പനയും നടത്തുന്നു. സ്വമേധയാ ഈ തൊഴിലില്‍ എത്തിപ്പെടുന്നവരും നിരവധിയാണ്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ സ്ത്രീകളെ ദുബായിലേക്ക് കൊണ്ടുപോകുന്നതാണ് പുതിയകാലത്തെ അനുഭവം.

  ഇന്ത്യയില്‍ ലൈംഗികത്തൊഴില്‍ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥ. എന്നാല്‍ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ ധാരാളമാണ് താനും. ഹോട്ടലുകളില്‍ റെയ്ഡ് നടത്തി ലൈംഗികത്തൊഴിലാളികളെ പിടിക്കുക, വാര്‍ത്തയാക്കുക എന്നത് സമീപകാലം വരെയും പോലീസിനും അത് റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യ പ്രവര്‍ത്തകര്‍ക്കും വലിയ ഹരമായിരുന്നു. ഫഌറ്റുകള്‍ വാടകയ്‌ക്കെടുത്തും മറ്റും ലൈംഗികതൊഴില്‍ ശാലകള്‍ നടത്തുന്നവരും കുറവല്ല. ഈ സാഹചര്യത്തിലാണ് 2022 മെയ് 19 ലെ സുപ്രിംകോടതി ഉത്തരവ് നിര്‍ണ്ണായകമാകുന്നത്. പ്രായപൂര്‍ത്തിയായവരുടെ ലൈംഗികതൊഴില്‍ കുറ്റകരമല്ല എന്നും ലൈംഗികത്തൊഴിലാളികള്‍ക്കും അന്തസ്സോടെ ജീവിക്കാനും സമൂഹത്തിലെ മറ്റ് പൗരന്മാര്‍ക്കുളളപോലെ തുല്യനീതി ഉറപ്പാക്കാനും സര്‍ക്കാരിന് കടമയുണ്ട് എന്നാണ് കോടതി വിധിച്ചത്. ഏത് തൊഴിലില്‍ ഏര്‍പ്പെട്ടാലും അന്തസായി ജീവിക്കാന്‍ പൗരനെ അധികാരപ്പെടുത്തുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പാലിക്കാന്‍ പോലീസ് ബാദ്ധ്യസ്ഥരാണ് എന്നും കോടതി ഓര്‍മ്മിപ്പിച്ചു.

 2011 ലാണ് Trafficking of Persons( Prevention,Protection & Rehabilitation) Bill കൊണ്ടുവരാനായി കോടതി നിര്‍ദ്ദേശപ്രകാരം ഒരു പാനലിനെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത്. അവരുടെ നിര്‍ദ്ദേശങ്ങളില്‍ ചിലതിനോട് വിയോജിപ്പുണ്ട് എന്നു പറഞ്ഞ് സര്‍ക്കാര്‍ തീരുമാനമെടുക്കാതെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ആര്‍ട്ടിക്കിള്‍ 142 അനുവദിക്കുന്ന അധികാരം ഉപയോഗിച്ചാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ലൈംഗികത്തൊഴിലാളിയെ ഒരു രീതിയിലും ഉപദ്രവിക്കുകയോ ശിക്ഷിക്കുകയോ തൊഴില്‍ ചെയ്യുന്നതില്‍ തടസ്സം സൃഷ്ടിക്കുകയോ അവരെ നിര്‍ബ്ബന്ധമായി ലൈംഗിക ആവശ്യത്തിന് സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യാന്‍ പാടില്ല എന്നാണ് സുപ്രധാന വിധി. Immoral Traffic (Prevention) Act പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ ' സംരക്ഷിത ഭവനങ്ങളില്‍' സര്‍വ്വെ നടത്തി അവിടെ കഴിയുന്ന പ്രായപൂര്‍ത്തിയായ സ്ത്രീകളെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശബ്ദമില്ലാത്തവരും അദൃശ്യരുമായ ലൈംഗികത്തൊഴിലാളികളെ ശാക്തീകരിക്കുന്ന വിധിയാണ് മെയ് 19ന് ഉണ്ടായിരിക്കുന്നത്. ലൈംഗികത്തൊഴിലാളികളെയോ അവരുടെ പ്രതിനിധികളെയോ ഉള്‍പ്പെടുത്തി ഈ മേഖലയെ സംബ്ബന്ധിച്ച നിയമ പരിഷ്‌ക്കാരം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരിക്കയാണ്.

 2004 സെപ്തംബറില്‍ നാരായം മാസികയില്‍ 'സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യമുണ്ടാകണം 'എന്നൊരു ലേഖനം ഞാന്‍ എഴുതിയിരുന്നു. അതിലെ ഒരു ഭാഗം ഇവിടെ പ്രസക്തമാകുമെന്നു തോന്നുന്നു.' ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ അറസ്റ്റു ചെയ്യുന്നതും അവരുടെ ചിത്രങ്ങള്‍ പത്രമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. അത് അവളുടെ ലൈംഗിക സ്വാതന്ത്യത്തിന് മേലുളള കടന്നു കയറ്റവുമാണ്. നിയമം മൂലം ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണവും സുരക്ഷയും നല്‍കുക എന്നതാണ് ലൈംഗിക ജനാധിപത്യ ബോധമുള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന് കരണീയം. '

ഇപ്പോള്‍ ഈ വിധി കാണുമ്പോള്‍ 18 വര്‍ഷം മുന്നെ ചിന്തിച്ചൊരു കാര്യം നടപ്പിലാകുന്നതില്‍ തികച്ചും സന്തോഷം തോന്നുകയാണ്.

Sunday, 5 June 2022

Thrikkara by-election result will help CPI(M) to rethink on present party line

 

 തൃക്കാക്കര തെരഞ്ഞെടുപ്പ് -സിപിഎമ്മിന് ഗുണം ചെയ്യും

 തൃക്കാക്കരയില്‍ ഉമ തോമസ് അവരുടെ ഭര്‍ത്താവ് പി.ടി.തോമസ് വിജയിച്ച 15,000 വോട്ടിനായിരുന്നു വിജയിച്ചിരുന്നതെങ്കിലും അത് ഇടതുപക്ഷത്തിന്  അഭിമാനനേട്ടമായിരുന്നേനെ. സര്‍ക്കാരിന്റെ വികസന മുഖത്തിനും പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ഠ്യത്തിനും കെ-റയില്‍ പോലുള്ള അപകടകരമായ പദ്ധതികള്‍ക്കുമൊപ്പം വോട്ടറന്മാര്‍ ഇപ്പോഴുമുണ്ട്, വോട്ടുചോര്‍ച്ച സംഭവിച്ചിട്ടില്ല എന്ന് ആശ്വസിക്കാമായിരുന്നു. എന്നാല്‍ കെ.വി.തോമസിനെ പോലുള്ള ' വമ്പന്‍ വോട്ടുബാങ്കിനെ' കൂടെ കൂട്ടിയിട്ടും പാര്‍ട്ടിക്കു ദോഷമാണ് സംഭവിച്ചത്. പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പെഴുക്കുന്ന ഒരാളിന്റെ പേര് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചപ്പോള്‍ അത് സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. അയാളെ നിര്‍ത്തിയിരുന്നെങ്കില്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ സ്തുതിപാഠകര്‍ പറയുമായിരുന്നു ഡോക്ടറെ നിര്‍ത്തിയിരുന്നെങ്കില്‍ ജയിച്ചേനെ എന്ന്. അതുകൊണ്ട് പ്രദേശത്തെ ന്യൂനപക്ഷ സമുദായത്തില്‍ നിന്നും മിശിഹ പോലൊരു ഡോക്ടറെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത് നന്നായി. എന്നിട്ടും തൃക്കാ 'കര 'കയറാന്‍ കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. അധികാരത്തിന്റെ എല്ലാ മെഷിനറികളും അരയും തലയും മുറുക്കി രംഗത്തെത്തിയെങ്കിലും ഭൂരിപക്ഷം പോലും കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല പിടി തോമസിനേക്കാള്‍ പതിനായിരം വോട്ട് കൂടുതല്‍ നേടുകയും ചെയ്തു യുഡിഎഫ്.

 എല്‍ഡിഎഫ് ക്യാപ്റ്റന്‍ പിണറായി വിജയനും കണ്ണൂര്‍ പടയും കൊച്ചിയിലെ ബുദ്ധിജീവികളും തിങ്ക് ടാങ്കുകളുമൊക്കെ ഇറങ്ങിയിട്ടും ജനമനസ് ഇളക്കാന്‍ കഴിഞ്ഞില്ല. ഇത് പാര്‍ട്ടിയുടെ ക്യാപ്റ്റനും അദ്ദേഹത്തിന്റെ ഒപ്പം വലിയ പിന്തുണ നല്‍കി നില്‍ക്കുന്ന ഘടകകക്ഷി നേതാക്കള്‍ക്കുമെല്ലാം പുനര്‍ചിന്തനത്തിന് അവസരം നല്‍കുന്നു. ഇവിടെയാണ് തൃക്കാക്കര എന്ന സൂചകം പ്രസക്തമാകുന്നത്. നാടിനെ വികസനത്തിന്റെ അതിവേഗക്കുതിപ്പിലേക്കെത്തിക്കാന്‍ വമ്പന്‍ പദ്ധതികള്‍ നടപ്പിലാക്കും എന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കുള്ള താക്കീതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കെ- റയില്‍ ഇടതുപക്ഷത്തിന്റെ സ്വപ്‌ന പദ്ധതിയാണെങ്കില്‍ ജനങ്ങളുടെ ഉറക്കം ഞെട്ടിക്കുന്ന പദ്ധതി കൂടിയാണ് എന്ന് വിധിയെഴുത്തിലൂടെ അവര്‍ പറയുന്നു. നിലവിലുളള റയില്‍ ലൈനിനോട് ചേര്‍ന്ന് പുതിയ പാത എന്ന പ്രായോഗികതയിലേക്ക്, അതും കേന്ദ്ര റയില്‍ വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണയോടെ, നടപ്പാക്കാന്‍ നടപടിയുണ്ടാവേണ്ടതുണ്ട്. അതല്ല, ഇനി പിന്നോട്ടില്ല എന്നാണെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇതിന്റെ ബാക്കി മുതലും പലിശയും ചേര്‍ത്ത് അവര്‍ തരും. അറിവിനും ഉപരിയാണ് തിരിച്ചറിവ്. കണ്ണൂര്‍ നേതാക്കള്‍ക്ക് ഈ തിരിച്ചറിവുണ്ടാകണം.

 വലിയ വലിയ സ്വപ്‌നങ്ങള്‍ നെയ്യുന്നതിന് പകരം സിപിഎമ്മിനും ഇടതുപക്ഷത്തിനും ചെയ്യാവുന്ന ഒന്നുണ്ട്. ആരംഭിച്ചതും പൂര്‍ത്തിയാകാത്തുമായ ആയിരക്കണക്കിന് പദ്ധതികളുണ്ട് നാട്ടില്‍. അവ കണ്ടെത്തി ജനത്തെ ബോധ്യപ്പെടുത്തുകയും അതിവേഗത്തില്‍ അതെല്ലാം തീര്‍ത്തെടുക്കുകയും ചെയ്യുക. ഹൈവേ വികസനം, ജലപാത, റയില്‍ ഓവര്‍ബ്രിഡ്ജുകള്‍ എന്നു തുടങ്ങി ഇപ്പോഴുള്ള അടിസ്ഥാന സൗകര്യങ്ങളെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍. ഓരോ പ്രദേശത്തെയും വോട്ടറന്മാര്‍ നേരിട്ട് അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന സ്‌കീമുകള്‍. കെ-റയില്‍ പോലുള്ള ഭീമന്മാരെ താങ്ങാന്‍ കെല്‍പ്പുളള ഇടമല്ല കേരളം. പരിസ്ഥിതി ലോലം എന്ന് വിളിക്കാവുന്ന രണ്ട് ഇടങ്ങളാണ് ഹിമാലയന്‍ റേഞ്ചും വിന്ധ്യന്റെ മടിയിലുറങ്ങുന്ന കേരളവും. തിരുവനന്തപുരത്ത് കോവളത്തെയും ശംഖുമുഖത്തെയുമൊക്കെ മികച്ച സാങ്കേതി വിദ്യയിലൂടെ എങ്ങിനെ തിരിച്ചുപിടിക്കാം, കഴക്കൂട്ടത്തെ ലോകോത്തര ശാസ്ത്ര-സാങ്കേതിക മേഖലയാക്കി എങ്ങിനെ മാറ്റാം, കൊച്ചിയിലെ വെള്ളക്കെട്ടും കൊതുകും എങ്ങിനെ ഒഴിവാക്കാം,ശാസ്ത്രീയമായി മാലിന്യം ഏത് വിധത്തില്‍ സംസ്‌ക്കരിക്കാം, അഴിമതി എങ്ങിനെ കുറയ്ക്കാം, ഗുണ്ടകളെ എങ്ങിനെ അടിച്ചൊതുക്കാം, അത്മഹത്യകള്‍ ഒഴിവാക്കാന്‍ എന്തു പദ്ധതി കൊണ്ടുവരാം, ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ മതപ്രീണനം ഒഴിവാക്കി എങ്ങിനെ മത സൗഹാര്‍ദ്ദം കൊണ്ടുവരാം എന്നൊക്കെ ചിന്തിക്കുന്ന സത്യസന്ധരായ, വെറും ഏറാന്‍ മൂളികളല്ലാത്ത തിങ്ക്ടാങ്കിനെ വികസിപ്പിക്കാന്‍ പിണറായിക്ക് കഴിയട്ടെ എന്നാണ് തൃക്കാക്കരയിലെ ജനങ്ങള്‍ പറയുന്നത്. അത് തിരിച്ചറിഞ്ഞ്്, രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ നിന്നും മികച്ച ഭരണകര്‍ത്താവ് എന്ന നിലയിലേക്ക് പിണറായി ഉയരാന്‍ ഒരവസരമാണ് ജനം നല്‍കിയിരിക്കുന്നത്.

 ഇന്ത്യയൊട്ടാകെ ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന കോണ്‍ഗ്രസിനെ അവര്‍ അംഗീകരിച്ചു എന്നതിലുപരി, എല്‍ഡിഎഫിനെ തിരുത്തുകയാണ് വോട്ടറന്മാര്‍ ചെയ്തത് എന്ന നിലയില്‍ ഈ ഓര്‍മ്മപ്പെടുത്തലിനെ കാണേണ്ടതുണ്ട്.

Monday, 30 May 2022

A good model of women empowerment by Corporate firm

 


 വനിത ജീവനക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന മികച്ച മാതൃക

 കോയമ്പത്തൂരിലെ കെപിആര്‍ മില്‍സ് 40 വര്‍ഷത്തെ പാരമ്പര്യമുള്ള ടെക്സ്റ്റയില്‍സ് മില്ലാണ്. ഇവര്‍ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത് ഗുണമേന്മയുള്ള തുണി ഉത്പ്പാദനം കൊണ്ടുമാത്രമല്ല, കമ്പനിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കുന്നതിലൂടെയാണ്. തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഈ സംരംഭം നടത്തുന്നത്. 25,000 ജീവനക്കാരുളള കമ്പനിയില്‍ 4000 പേര്‍ ഇത്തരത്തില്‍ ഉന്നത പഠനം നടത്തിക്കഴിഞ്ഞു. ഈ വര്‍ഷം 21 കാരിയായ എം.നിവേദ, ബാച്ചിലര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഒന്നാം റാങ്ക് നേടി എന്നുമാത്രമല്ല, കോമണ്‍വെല്‍ത്ത് എജ്യൂക്കേഷണല്‍ മീഡിയ സെന്റര്‍ ഫോര്‍ ഏഷ്യ(CEMCA) പുരസ്‌ക്കാരവും നേടി. പന്ത്രണ്ടാം ക്ലാസ് പാസ്സായ ശേഷം നാല് വര്‍ഷം മുന്നെ കമ്പനിയില്‍ ജോലിക്കു കയറിയ പെണ്‍കുട്ടിയാണ് നിവേദ. 8000 രൂപയായിരുന്നു തുടക്ക ശമ്പളം. ഇപ്പോള്‍ 14,000 രൂപ ലഭിക്കുന്നു. ഉപരിപഠനം നടത്തുന്ന പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് കമ്പനി. എട്ടു മണിക്കൂര്‍ ഡ്യൂട്ടി കഴിയുമ്പോള്‍ 2 മണിക്കൂര്‍ ക്ലാസുണ്ടാകും. ഞയറാഴ്ച സ്‌പെഷ്യല്‍ ക്ലാസും നല്‍കുന്നു.

 നിവേദയുടെ അച്ഛന്‍ ഒരു കമ്പനി തൊഴിലാളിയും അമ്മ വീട്ടമ്മയുമാണ്. അവളുടെ മൂത്ത സഹോദരി കെപിആറിലെ ജീവനക്കാരിയാണ്. കമ്പനിയുടെ വിദ്യാഭ്യാസ പദ്ധതിയിലൂടെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ് അവള്‍. നിവേദയുടെ ഇളയ സഹോദരിയും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതോടെ കമ്പനിയില്‍ ജോയിന്‍ ചെയ്ത് തുടര്‍പഠനം ആരംഭിച്ചിരിക്കയാണ്. നിവേദയ്‌ക്കൊപ്പം മറ്റ് ബിരുദ കോഴ്‌സുകളിലൂടെ ഏഴ് ജീവനക്കാരികളും അവരുടെ വിഷയങ്ങളില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. 500 പേര്‍ക്കാണ് ഈ വര്‍ഷം വിജയം നേടാനായത്. കെപിആര്‍ വിമണ്‍ എംപ്ലോയീസ് ഡിവിഷന്‍ ഉയര്‍ന്ന ബിരുദം നേടുന്നവര്‍ക്ക് മറ്റ് സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കാനുളള സൗകര്യവും ഒരുക്കി കൊടുക്കുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കൊരു മികച്ച മാതൃകയാണ് കെപിആറിന്റെ പദ്ധതി എന്ന് നിസംശയം പറയാന്‍ കഴിയും👃👌

 

Tuesday, 17 May 2022

On liquor ban and history of Kerala liquor culture

 

അല്‍പ്പം മദ്യവിചാരം

------------------------------------

ലോകത്ത്‌  ആദ്യമായി മദ്യനിരോധനം നടപ്പിലാക്കിയത്  ചൈനയിലാണ്. ബിസി 2070 -1600 കാലത്ത് വാണിരുന്ന സിയ രാജവംശത്തിലെ യു രാജാവാണ് ഇത് നടപ്പിലാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണശേഷം മകന്‍ ക്വി വീണ്ടും മദ്യം നിയമവിധേയമാക്കി. മെസൊപൊട്ടാമിയയില്‍ ഭരണം നടത്തിവന്ന ഹമ്മുറാബി ബിസി 1772 ല്‍ തയ്യാറാക്കിയ നിയമത്തില്‍ ഇങ്ങനെ പറയുന്നു. "പണത്തിനായി ബിയര്‍ വില്‍ക്കാന്‍ പാടില്ല. ബാര്‍ലിക്ക് പകരമാവണം ബിയര്‍ നല്‍കുന്നത്. ബിയറിന് പകരമായി ബാര്‍ലി സ്വീകരിക്കാത്ത കച്ചവടക്കാരനെ , അല്ലെങ്കില്‍ അളവില്‍ കുറയ്ക്കുന്ന കച്ചവടക്കാരനെ , വെള്ളത്തിലേക്ക് എടുത്തെറിയണം." അതായത് ഏകദേശം മരണശിക്ഷതന്നെയായിരുന്നു വിധിച്ചിരുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ അടിമത്തം അവസാനിച്ചതോടെ പാശ്ചാത്യലോകത്തിലെ സാമൂഹ്യ സദാചാര വിചാരക്കാര്‍ ലക്ഷ്യമിട്ട പല കാര്യങ്ങളില്‍ ഒന്ന് മദ്യനിരോധനമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ഭക്തിവാദികളായ പ്രൊട്ടസ്റ്റന്‍റുകള്‍ നോര്‍ഡിക് രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും പ്രതിരോധം ശക്തമാക്കി. സ്ത്രീകള്‍ക്ക് വോട്ടവകാശം വന്നതോടെ സ്ത്രീകളുടെ പിന്‍തുണ വന്‍തോതില്‍ ഇവര്‍ക്ക് കിട്ടി. 1907 മുതല്‍ 1948 വരെ കാനഡയിലെ ഒരു പ്രോവിന്‍സായ പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപിലും ഒരു ചെറിയ കാലം മറ്റിടങ്ങളിലും നിരോധനമുണ്ടായി. 1907 മുതല്‍ 1992 വരെ ഫറോ ദ്വീപിലും നിരോധനമുണ്ടായിരുന്നു.എന്നാല്‍ 1928 മുതല്‍ ഡെന്‍മാര്‍ക്കില്‍ നിന്നും നിയന്ത്രിത ഇറക്കുമതി അംഗീകരിച്ചിരുന്നു. 1914 മുതല്‍ 1925 വരെ റഷ്യന്‍ സാമ്രാജ്യത്തിലും സോവിയറ്റ് യൂണിയനിലും നിരോധനം നടപ്പിലാക്കിയിരുന്നു. ഐസ്ലാന്‍റില്‍ 1915 മുതല്‍ 1933 വരെ നിയന്ത്രണമുണ്ടായിരുന്നു. 1989  വരെ ബിയറിന്‍റെ നിയന്ത്രണം തുടരുകയും ചെയ്തു. 1916 മുതല്‍ 1927 വരെ നോര്‍വേയിലും നിയന്ത്രണമുണ്ടായിരുന്നു. 1919 ല്‍ ഹംഗറിയില്‍ നാല് മാസത്തേളം മദ്യം നിരോധിച്ചു. ഫിന്‍ലാന്‍റില്‍ നിരോധനം നടപ്പിലാക്കിയത് 1919 മുതല്‍ 1932 വരെയായിരുന്നു. അമേരിക്കയിലെ നിരോധനം 1920  മുതല്‍ 1933 വരെയായിരുന്നു.വടക്കേ അമേരിക്കയില്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ നിരോധനം പരാജയപ്പെട്ടു. മദ്യക്കടത്ത് വ്യാപകമായി. അതുമായി ബന്ധപ്പെട്ട മാഫിയ സജീവമായി. കാനഡയിലും മെക്സിക്കോയിലും കരീബിയന്‍ ദ്വീപുകളിലും മദ്യവ്യവസായം വളര്‍ന്നു പന്തലിച്ചു. ഇവിടങ്ങള്‍ മദ്യം കഴിക്കാനെത്തുന്ന അമേരിക്കക്കാരുടെയും മദ്യം കടത്തുന്ന മാഫിയയുടെയും  താവളമായി മാറി. സാംസ്ക്കാരികമായി വലിയ കുതിച്ചുചാട്ടമുണ്ടാക്കിയ ജാസും മറ്റും രംഗത്തെത്തിയ 1920 കളില്‍ ചിക്കാഗോ മദ്യം കഴിക്കുന്നവരെക്കൊണ്ട് കുപ്രസിദ്ധമായി. ഇരുപതുകളുടെ അവസാനവും മുപ്പതുകളുടെ ആദ്യവുമായി മദ്യനിരോധനം അവസാനിച്ചു.

 

അഫ്ഗാനിസ്ഥാനിലും സൌദിയിലും കുവൈറ്റിലും യമനിലുംപൂര്‍ണ്ണമായും ബംഗ്ലാദേശ്, ബ്രൂണെ ,ഇന്തോനേഷ്യഎന്നിവിടങ്ങളില്‍ ഭാഗികമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇറാനിലാകട്ടെ അമുസ്ലീങ്ങള്‍ക്ക് മദ്യം ഉണ്ടാക്കാം കഴിക്കാം എന്നതാണ് നിയമം. മലേഷ്യയില്‍ മദ്യം സുലഭമാണ് എന്നാല്‍ മതാചാരപ്രകാരം നിഷിദ്ധമാണ്.മാലിദ്വീപിലെ റിസോര്‍ട്ടുകളില്‍ വിദേശികള്‍ക്ക് മദ്യം കഴിക്കാം. പാകിസ്ഥാനില്‍ 1947 മുതല്‍ 1977 വരെ ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ല.77 ല്‍ ഭൂട്ടോ നിയന്ത്രണം കൊണ്ടുവന്നു. തുടര്‍ന്ന് അമുസ്ലീങ്ങള്‍ക്ക് മാത്രമെ മദ്യം കഴിക്കാന്‍ അനുമതിയുള്ളു.അതിന് പെര്‍മിറ്റും ഏര്‍പ്പെടുത്തി. ഇപ്പോള്‍ 180 ദശലക്ഷം ജനങ്ങളുള്ള പാകിസ്ഥാനില്‍ 60 മദ്യശാലകള്‍ മാത്രമെയുള്ളു. പെര്‍മിറ്റ് മുസ്ലീങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്ന രീതിയും അവിടെ നിലനില്‍ക്കുന്നു.ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കില്ല എന്നതാണ് നിയമം.

 

ഗുജറാത്ത്, ബീഹാര്‍,നാഗാലാന്‍റ്, മണിപ്പൂരിലെ ചിലയിടങ്ങള്‍ ,ലക്ഷദ്വീപ് എന്നിവിടങ്ങളിലും നിരോധനം നിലവിലുണ്ട്.

കേരളത്തില്‍ എഡി 80 ല്‍ വീഞ്ഞ് ഇറക്കുമതി ചെയ്തിരുന്നതായി പെരിപ്ലസ് രേഖപ്പെടുത്തിയിട്ടുണ്ട്. എഡി 225 ല്‍ കൃഷിയിലും വാണിജ്യത്തിലുമുണ്ടായ പുരോഗതിയുടെ ഫലമായി സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും അന്തരീക്ഷം രാജ്യമെങ്ങും പടര്‍ന്നു വീശി. നാടുനീളെ ഉത്സവങ്ങള്‍ കൊണ്ടാടി. കൂത്തരുടെയും പാണരുടെയും നൃത്തങ്ങള്‍, വാദ്യഗീതങ്ങള്‍ തുടങ്ങിയ കലാപരിപാടികളുടെ അലയൊലി ദിഗന്തങ്ങളെ മുഖരിതമാക്കി. നാടന്‍ കള്ളും വിദേശമദ്യങ്ങളും മാത്രമല്ല, സ്വര്‍ണ്ണപാത്രങ്ങളില്‍ അവ പകര്‍ന്നുകൊടുക്കുന്ന മദാലസകളായ തരുണീമണികളുടെ മതിമയക്കുന്ന നടനവിശേഷങ്ങളും രാജകീയ സദസുകളെ ലഹരി പിടിപ്പിച്ചു.

 

ഉഴവര്‍(കൃഷിക്കാര്‍),ചാന്‍റോര്‍(മദ്യഹാരകന്മാര്‍), വണിക്കുകള്‍(വ്യാപാരികള്‍) എന്നിവരില്‍ നിന്നൊരു സമ്പന്ന വര്‍ഗ്ഗം ഉയര്‍ന്നുവന്നു. പൊന്‍വളകളണിഞ്ഞ ഉഴവ യുവതികള്‍ ,തഴയുട അണിഞ്ഞ് കള്ളുകുടിച്ച് , കൂട്ടുകൂടി പാട്ടുപാടി വയലുകളില്‍ പറവകളെ ആട്ടിയോടിക്കുന്ന ദൃശ്യം സംഘം കൃതികളിലുണ്ട്.

ഉഴവരെപോലെയോ അവരേക്കാള്‍ അല്‍പ്പം കൂടുതലോ ആയ സ്ഥാനം മദ്യഹാരകന്മാര്‍ക്കുണ്ടായിരുന്നു. മദ്യഹാരകന്മാരെ സൂചിപ്പിക്കുന്ന ചാന്‍റോര്‍ എന്ന പദത്തിന് മാന്യന്‍ എന്നും അര്‍ത്ഥമുണ്ടായിരുന്നു. സുഖസമ്പൂര്‍ണ്ണമായ ജീവിതത്തിന്‍റെ അപരിത്യാജ്യമായ ഭാഗമായിരുന്നു കള്ളുകുടി. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ കള്ളുകുടിച്ചിരുന്നു. രാജകീയ സല്‍ക്കാരങ്ങളില്‍ കള്ള് ഒരു നിര്‍ബ്ബന്ധപാനീയമായിരുന്നു. ഈ സാഹചര്യത്തില്‍, കള്ള് ഉത്പ്പാദിപ്പിക്കുന്നവര്‍ സമ്പന്നരും സമൂഹത്തില്‍ മാന്യരുമായി തീര്‍ന്നതില്‍ അത്ഭുതമില്ല.

 

മദ്യോല്‍പ്പാദകരുടെ സംരക്ഷകരായിരുന്നു അന്നത്തെ രാജാക്കന്മാര്‍.ചാന്‍റോന്‍ മെയ്മ്മറൈ(കള്ളുണ്ടാക്കുന്നവരുടെ സംരക്ഷകാ) എന്നാണ് ചേരരാജാക്കന്മാരെ കവികള്‍ സംബോധന ചെയ്തിരുന്നത്. കള്ളുവില്‍പ്പനയ്ക്ക് പ്രത്യേക ശാലകള്‍ കെട്ടിയുണ്ടാക്കി വേര്‍തിരിച്ചറിയാന്‍ കൊടിനാട്ടിയിരുന്നു. ആനക്കൊമ്പും കാട്ടുപശുക്കളുടെ മാംസവും വാങ്ങി പകരം വാറ്റുകള്ള് കൊടുത്ത് ധനികരായിതീര്‍ന്ന മദ്യഹാരകന്മാരെ പറ്റി പതിറ്റുപ്പത്തില്‍ പരാമര്‍ശമുണ്ട്. സമ്പന്ന വിഭാഗത്തിന്‍റെ ജീവിതം സുഖസമ്പൂര്‍ണ്ണമായിരുന്നു. ഇറച്ചി ചേര്‍ത്ത് പാകപ്പെടുത്തിയ ഊന്‍ചോറും നെയ്മണമുള്ള കറികളും മത്സ്യക്കറികളും കള്ളും സുഭിക്ഷമായി കഴിച്ച് കൂത്തും പാട്ടുമായി അവര്‍ ജീവിച്ചു.

 

 ധനപുഷ്ടിയുള്ള കുടികളില്‍ പിറന്നവര്‍ മിഴാവിന്‍റെ വടിവുള്ള ചക്കചുളകള്‍ തിന്നും മുളംകുഴലുകളില്‍ അടച്ചുവച്ച് മത്തുപിടിപ്പിച്ച കള്ള് വേണ്ടുവോളം കുടിച്ചും ആനന്ദലഹരിയില്‍ ലയിച്ച് ആരവാരവത്തോടെ വാഴുന്നതായി പതിറ്റുപ്പത്തില്‍ പറഞ്ഞിരുന്നു. മുന്നീര്‍ എന്ന പ്രത്യേക പാനീയവും അവര്‍ തയ്യാറാക്കിയിരുന്നു. പനങ്കുരുന്നു നീരും ഇളനീരും കരിമ്പിന്‍ ചാറും ചേര്‍ത്തുണ്ടാക്കിയ വിശേഷപ്പെട്ട പാനീയമായിരുന്നു അത്. രാജകീയ സദസുകളില്‍ വിദേശമദ്യം ഉപയോഗിച്ചിരുന്നു. യവനന്മാര്‍ നല്ല കുപ്പിയില്‍ കൊണ്ടുവന്ന കുളിര്‍മയും നറുമണമുള്ള മധു മനോഹരമായ വളയണിഞ്ഞ യുവതികള്‍ പൊന്‍പാത്രങ്ങളില്‍ രാജാക്കന്മാര്‍ക്ക് പകര്‍ന്നു കൊടുത്തിരുന്നു.

 

ഭൂമിയോ ഉപകരണങ്ങളോ ഇല്ലാതെ അധ്വാനശക്തിമാത്രം കൈമുതലായിട്ടുള്ളവരായിരുന്നു വിനൈഞര്‍(തൊഴിലാളികള്‍) കള്ളുകുടിയരായ വിനൈഞര്‍ വിശാലമായ പുല്‍ത്തകിടികളില്‍ കന്നുമേയ്ക്കുകയും വിളഞ്ഞു നില്‍ക്കുന്ന വയലുകളില്‍ കതിര്‍മണികള്‍ കൊയ്യുകയും ചെയ്തിരുന്നു എന്നും പതിറ്റുപ്പത്തില്‍ പറയുന്നു.

 

ചാന്‍റോര്‍ പിന്നീട് ഈഴവ സമുദായത്തില്‍ ലയിച്ചു ചേര്‍ന്നു കേരളത്തിലെ ബുദ്ധമതം അവസാനകാലം താന്ത്രിക ബുദ്ധമതമായി മാറി. മാംസവും മദ്യസേവയും ഭോഗലാലസതയും നിര്‍വ്വാണമാര്‍ഗ്ഗങ്ങളായി ഇവര്‍ കണ്ടു. ഈ ഹീനയാന സ്വഭാവമാണ് കള്ളും ചാരായവും നിവേദിച്ചുകൊണ്ടും ജന്തുബലി നടത്തിയും ചാത്തനെയും ചാമുണ്ഡിയേയും പൂജിക്കുന്ന രീതിയിലെത്തിച്ചേര്‍ന്നത്. ഗുരുദേവനാണ് ഇതിന് മാറ്റം വരുത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും താരന്മ്യേന ഉയര്‍ന്ന സാമൂഹിക പദവി ലഭിച്ചതിന് പുറമെ സാമ്പത്തികമായി ഉയരാനുമുള്ള സാഹചര്യങ്ങള്‍ തുറന്നു കിട്ടുകയും ചെയ്തു. സഞ്ചാര സ്വാതന്ത്യവും പൊതുസ്ഥലങ്ങളില്‍ പ്രവേശനവും നിഷേധിക്കപ്പെട്ട ഈഴവരുടെ ഉള്ള അവര്‍ണ്ണ സമുദായക്കാര്‍ക്ക് വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ സൌകര്യമുണ്ടായിരുന്നില്ല.

 

ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണരും നായന്മാരും ഇക്കാര്യത്തില്‍ വിമുഖരായിരുന്നു. അതിനാല്‍ രാജ്യത്തെ വാണിജ്യം മുഴുവന്‍ മുസ്ലീങ്ങള്‍,കൃസ്ത്യാനികള്‍, ജൂതര്‍,കൊങ്ങിണികള്‍ തുടങ്ങിയവരുടെ കൈകളിലമര്‍ന്നു. പുതിയൊരു മുതലാളി വര്‍ഗ്ഗം വളര്‍ന്നുവരുവാന്‍ തുടങ്ങിയപ്പോള്‍ അത് സ്വാഭാവികമായും മേല്‍പ്പറഞ്ഞ വണിക വിഭാഗങ്ങളില്‍ നിന്നായി. മദ്യവ്യാപാരം മാത്രമാണ് അന്നത്തെ ഈഴവ-തീയ സമുദായം കുത്തകയാക്കിയ ഏക കച്ചവടം.അതിന്നും വലിയ മാറ്റമില്ലാതെ തുടരുന്നു.