ലൈംഗിക തൊഴിലാളികളും നിയമവും
നിക്കോസ് കസാന്റ് സാക്കീസിന്റെ 'ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുന്നു' എന്ന പുസ്തകത്തില്‍ വേശ്യയെ കുറിച്ച് ഇങ്ങിനെ പറയുന്നുണ്ട്. ' അവള്‍ വഴിയോരത്തേക്കൊഴുകുന്ന നീരുറവപോലെയാണ്. ദാഹമുള്ളവര്‍ക്ക് ദാഹം തീര്‍ക്കാം.അല്ലാത്ത പക്ഷം ദാഹമുള്ളവര്‍ നമ്മുടെയെല്ലാം കതകുകളില്‍ വന്നുമുട്ടി വെള്ളം ചോദിച്ച് നമ്മുടെ സ്ത്രീകളെ ബുദ്ധിമുട്ടിക്കും. ' ലൈംഗികത്തൊഴില്‍ മനുഷ്യന്‍ സമൂഹമായി കഴിയാന്‍ തുടങ്ങിയ കാലം മുതലെ ഉളള ഒന്നാണ്. ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പറയുന്നത് മദ്യശാലയും വേശ്യാലയവും സര്‍ക്കാര്‍ നേരിട്ടുനടത്തേണ്ട സ്ഥാപനങ്ങളാണ് എന്നാണ്. സ്ഥാപനം നടത്തുന്നവര്‍ക്ക് രാജകൊട്ടാരത്തില്‍ വലിയ അംഗീകാരവും ഉണ്ടായിരുന്നു. നികുതിയും ഏര്‍പ്പെടുത്തിയിരുന്നു. അന്നൊക്കെ കച്ചവടക്കാര്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ മാസങ്ങളോളം യാത്രയിലാവും. അപ്പോള്‍ അന്തിമയങ്ങുക ഇത്തരം വേശ്യാലയങ്ങളിലായിരുന്നു.
രാജഭരണം അവസാനിച്ചതോടെ വേശ്യാലയങ്ങള്‍ക്കുണ്ടായിരുന്ന പ്രാധാന്യം നഷ്ടമായി. ജനാധിപത്യ ഭരണകാലത്തും നഗരങ്ങളിലെ തെരുവോരങ്ങളില്‍ വൈകുന്നേരങ്ങളില്‍ ലൈംഗിത്തൊഴിലാളികള്‍ ആവശ്യക്കാരെ കാത്തുനില്‍ക്കുന്ന കാഴ്ച സാധാരണമായിരുന്നു. എല്ലാ ഗ്രാമങ്ങളിലും ഒന്നോ ഒന്നിലധികമോ ലൈംഗികത്തൊഴിലാളി കേന്ദ്രങ്ങളുണ്ടായിരുന്നു. നാട്ടുകാര്‍ക്കും പോലീസിനും ഈ സമൂഹത്തെ പരമപുച്ഛമായിരുന്നു. എന്നാല്‍ ഈ രണ്ടുകൂട്ടരും രഹസ്യമായി ഇവരെ അഭയം പ്രാപിക്കുകയും ചെയ്തുവന്നു. എന്നാല്‍ ക്രമേണ നാട്ടുകാരുടെ എതിര്‍പ്പും പോലീസ് അതിക്രമവും കാരണം ഈ സമ്പ്രദായം ഇല്ലാതായി. മുംബയ്,കൊല്‍ക്കൊത്ത,ദല്‍ഹി എന്നീ മഹാനഗരങ്ങളില്‍ ചുവന്ന തെരുവ് എന്ന നലിയില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വന്‍തോതില്‍ സ്ത്രീകളെ തൊഴില്‍, വിവാഹം തുടങ്ങിയ പ്രലോഭനങ്ങള്‍ക്ക് വശംവദരാക്കി കൊണ്ടുവന്നു വില്‍പ്പനയും നടത്തുന്നു. സ്വമേധയാ ഈ തൊഴിലില്‍ എത്തിപ്പെടുന്നവരും നിരവധിയാണ്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ സ്ത്രീകളെ ദുബായിലേക്ക് കൊണ്ടുപോകുന്നതാണ് പുതിയകാലത്തെ അനുഭവം.
ഇന്ത്യയില്‍ ലൈംഗികത്തൊഴില്‍ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥ. എന്നാല്‍ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ ധാരാളമാണ് താനും. ഹോട്ടലുകളില്‍ റെയ്ഡ് നടത്തി ലൈംഗികത്തൊഴിലാളികളെ പിടിക്കുക, വാര്‍ത്തയാക്കുക എന്നത് സമീപകാലം വരെയും പോലീസിനും അത് റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യ പ്രവര്‍ത്തകര്‍ക്കും വലിയ ഹരമായിരുന്നു. ഫഌറ്റുകള്‍ വാടകയ്‌ക്കെടുത്തും മറ്റും ലൈംഗികതൊഴില്‍ ശാലകള്‍ നടത്തുന്നവരും കുറവല്ല. ഈ സാഹചര്യത്തിലാണ് 2022 മെയ് 19 ലെ സുപ്രിംകോടതി ഉത്തരവ് നിര്‍ണ്ണായകമാകുന്നത്. പ്രായപൂര്‍ത്തിയായവരുടെ ലൈംഗികതൊഴില്‍ കുറ്റകരമല്ല എന്നും ലൈംഗികത്തൊഴിലാളികള്‍ക്കും അന്തസ്സോടെ ജീവിക്കാനും സമൂഹത്തിലെ മറ്റ് പൗരന്മാര്‍ക്കുളളപോലെ തുല്യനീതി ഉറപ്പാക്കാനും സര്‍ക്കാരിന് കടമയുണ്ട് എന്നാണ് കോടതി വിധിച്ചത്. ഏത് തൊഴിലില്‍ ഏര്‍പ്പെട്ടാലും അന്തസായി ജീവിക്കാന്‍ പൗരനെ അധികാരപ്പെടുത്തുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പാലിക്കാന്‍ പോലീസ് ബാദ്ധ്യസ്ഥരാണ് എന്നും കോടതി ഓര്‍മ്മിപ്പിച്ചു.
2011 ലാണ് Trafficking of Persons( Prevention,Protection & Rehabilitation) Bill കൊണ്ടുവരാനായി കോടതി നിര്‍ദ്ദേശപ്രകാരം ഒരു പാനലിനെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത്. അവരുടെ നിര്‍ദ്ദേശങ്ങളില്‍ ചിലതിനോട് വിയോജിപ്പുണ്ട് എന്നു പറഞ്ഞ് സര്‍ക്കാര്‍ തീരുമാനമെടുക്കാതെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ആര്‍ട്ടിക്കിള്‍ 142 അനുവദിക്കുന്ന അധികാരം ഉപയോഗിച്ചാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ലൈംഗികത്തൊഴിലാളിയെ ഒരു രീതിയിലും ഉപദ്രവിക്കുകയോ ശിക്ഷിക്കുകയോ തൊഴില്‍ ചെയ്യുന്നതില്‍ തടസ്സം സൃഷ്ടിക്കുകയോ അവരെ നിര്‍ബ്ബന്ധമായി ലൈംഗിക ആവശ്യത്തിന് സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യാന്‍ പാടില്ല എന്നാണ് സുപ്രധാന വിധി. Immoral Traffic (Prevention) Act പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ ' സംരക്ഷിത ഭവനങ്ങളില്‍' സര്‍വ്വെ നടത്തി അവിടെ കഴിയുന്ന പ്രായപൂര്‍ത്തിയായ സ്ത്രീകളെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശബ്ദമില്ലാത്തവരും അദൃശ്യരുമായ ലൈംഗികത്തൊഴിലാളികളെ ശാക്തീകരിക്കുന്ന വിധിയാണ് മെയ് 19ന് ഉണ്ടായിരിക്കുന്നത്. ലൈംഗികത്തൊഴിലാളികളെയോ അവരുടെ പ്രതിനിധികളെയോ ഉള്‍പ്പെടുത്തി ഈ മേഖലയെ സംബ്ബന്ധിച്ച നിയമ പരിഷ്‌ക്കാരം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരിക്കയാണ്.
2004 സെപ്തംബറില്‍ നാരായം മാസികയില്‍ 'സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യമുണ്ടാകണം 'എന്നൊരു ലേഖനം ഞാന്‍ എഴുതിയിരുന്നു. അതിലെ ഒരു ഭാഗം ഇവിടെ പ്രസക്തമാകുമെന്നു തോന്നുന്നു.' ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ അറസ്റ്റു ചെയ്യുന്നതും അവരുടെ ചിത്രങ്ങള്‍ പത്രമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. അത് അവളുടെ ലൈംഗിക സ്വാതന്ത്യത്തിന് മേലുളള കടന്നു കയറ്റവുമാണ്. നിയമം മൂലം ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണവും സുരക്ഷയും നല്‍കുക എന്നതാണ് ലൈംഗിക ജനാധിപത്യ ബോധമുള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന് കരണീയം. '
ഇപ്പോള്‍ ഈ വിധി കാണുമ്പോള്‍ 18 വര്‍ഷം മുന്നെ ചിന്തിച്ചൊരു കാര്യം നടപ്പിലാകുന്നതില്‍ തികച്ചും സന്തോഷം തോന്നുകയാണ്.
No comments:
Post a Comment