Monday 27 June 2022

Descended the graph of Dr.M.K.Muneer, ascended that of K.N.A.Khader

 


 മുനീറിന്റെ ഗ്രാഫ് താണു, ഖാദറിന്റെ ഗ്രാഫ് ഉയര്‍ന്നു

 മുസ്ലിംലീഗിലെ മതേതര മുഖം എന്നൊക്കെ പറയപ്പെട്ടിരുന്നത് സി.എച്ച്.മുഹമ്മദ് കോയയുടെ മകന്‍ ഡോക്ടര്‍ എം.കെ.മുനീര്‍ ആയിരുന്നു. എന്നാല്‍ കെ.എന്‍.എ.ഖാദറിനെ തിരുത്താനും ശാസിക്കാനും മുസ്ലിംലീഗ് മുന്നില്‍ നിര്‍ത്തിയത് മുനീറിനെയാണ്. അതോടെ മുനീറിന്റെ മതേതരമുഖം പൊലിഞ്ഞു. ലീഗിലെ ആസ്ഥാന സാംസ്‌ക്കാരിക നായകനായി നമ്മള്‍ അറിയുന്നത് അബ്ദുല്‍ സമദ് സമദാനിയെയാണ്. കമലദാസിനെപോലും വീഴ്ത്തിയവന്‍ എന്നൊരു ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്. കക്ഷിയുടെ പ്രസംഗം കേട്ട് അത്ഭുതം കൂറിയിട്ടുമുണ്ട്. മലയാളവും സംസ്‌കൃതവും അറബിയുമൊക്കെ അനര്‍ഗ്ഗളം ഒഴുകുന്ന ശൈലിയുടെ ഉടമ. കുട്ടി അഹമ്മദ് കുട്ടിയെപോലെ നിസ്വരായ മനുഷ്യരും ലീഗ് നേതാക്കളുടെ കൂട്ടത്തിലുണ്ട്. ടി.എ.അഹമ്മദ് കബീറിനെപോലെ സാഹിത്യവും സംസ്‌കാരവും പ്രചരിപ്പിക്കുന്ന സര്‍ഗ്ഗധാര മാസികയുടെ ഉടമ തുടങ്ങി ഒട്ടേറെ ജനകീയമുഖങ്ങളുണ്ട് ലീഗില്‍.ആ കൂട്ടത്തിലൊന്നും കേട്ടിട്ടില്ലാത്ത വ്യക്തിത്വമായിരുന്നു ഖാദര്‍. ലീഗില്‍ പൊതുവെ ബിസിനസുകാരും റിസോര്‍ട്ട് ഉടമകളും ഭൂമാഫിയയും ഒക്കെയാണ് നേതൃത്വത്തിലുള്ളത് എന്ന് പൊതുവെ പറയാറുമുണ്ട്. ആ കൂട്ടത്തിലൊരാള്‍ എന്നായിരുന്നു എന്റെ ധാരണ.

  പത്ത് വര്‍ഷം മുന്നെ വരെ തീവ്രവാദ സ്വഭാവമില്ലാതെ ഇടതും വലതും പക്ഷത്തൊക്കെ നിന്ന് കേരള കോണ്‍ഗ്രസിനെ പോലെ, വേണ്ടപ്പെട്ടവര്‍ക്ക് കാര്യങ്ങള്‍ സാധിച്ചു നല്‍കുക, പാര്‍ട്ടിയെ മലബാര്‍ ഭാഗത്ത് സജീവമാക്കി നിര്‍ത്തുക എന്നീ അജണ്ടകളെ ലീഗിനുണ്ടായിരുന്നുള്ളു. എന്നാല്‍ പിഡിപിയും പിന്നീട് അതിനേക്കാള്‍ തീവ്രവാദ സമീപനമുള്ള എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും വെല്‍ഫെയര്‍ പാര്‍ട്ടിയുമൊക്കെ വന്നതോടെ ലീഗിന് നിലപാട് മാറ്റേണ്ടിവന്നു. യുവാക്കളെ ആകര്‍ഷിക്കാന്‍ നിലപാടുകളില്‍ വലിയ മാറ്റം വരുത്തി. അതുകൊണ്ടുതന്നെയാവാം മുനീറിനൊക്കെ ഇങ്ങിനെ മാറേണ്ടി വരുന്നതും !!

 കെ.എന്‍.എ.ഖാദര്‍ ആര്‍എസ്എസ് സൗഹൃദം വച്ചുപുലര്‍ത്തുന്ന ഏതോ സംഘടനയുടെ യോഗത്തില്‍ സംബ്ബന്ധിച്ച് പ്രസംഗിച്ചു എന്നതാണ് വിവാദമായത്. കോലാഹലങ്ങള്‍ ഏറെയായപ്പോള്‍ ആ പ്രസംഗമൊന്ന് കേള്‍ക്കണം എന്നു തോന്നി. സാധാരണ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ വരുന്ന വീഡിയോകള്‍ നോക്കാറില്ലാത്ത ഞാന്‍ ഖാദറിന്റെ പ്രസംഗം ഒരു ഗ്രൂപ്പില്‍ കണ്ടെത്തി കേള്‍ക്കുകയുണ്ടായി. ഇങ്ങനൊരു മനുഷ്യനെ അറിയാതെ പോയത് എന്റെ തെറ്റ് എന്നു ബോധ്യമായി. സമദാനിയെപോലെ ഘോരഘോരം പ്രസംഗിക്കാതെ തന്റെ മുന്നിലിരിക്കുന്നവരോട് വര്‍ത്തമാനം പറയുകയായിരുന്നു ഖാദര്‍. കൂടുതലായും അദ്ദേഹം സംസാരിച്ചത് ബുദ്ധമതത്തെ കുറിച്ചാണ്. ഹിന്ദുമതവും ഇസ്ലാംമതവുമെല്ലാം ഒരു പാട് കടപ്പെട്ടിരിക്കുന്ന മതമാണല്ലൊ ബുദ്ധമതം. ഏറ്റവുമധികം ബുദ്ധമതത്തെ ഉപദ്രവിച്ചതും ഇല്ലാതാക്കിയതും ഈ രണ്ട് മതവിശ്വാസികളാണ് താനും. പിന്നെ സംസാരം എല്ലാ മതങ്ങളുടെയും സന്ദേശം ഒന്നാണ് എന്നതിലേക്കായിരുന്നു. തന്റെ വായനാനുഭവങ്ങളും യാത്രാനുഭവങ്ങളും എങ്ങിനെ തന്നെ രൂപപ്പെടുത്തി എന്നതും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. യാതൊരു ദുരൂഹതയുമില്ലാത്ത, സത്യസന്ധമായ പ്രസംഗം. എനിക്ക് പ്രസംഗം ഇഷ്ടമായി.

 പിന്നീട് ഗൂഗിളില്‍ തപ്പിയപ്പോഴാണ് ഇദ്ദേഹം രാഷ്ട്രീയം തുടങ്ങിയത് എഐഎസ്എഫിലാണെന്നും അതിന്റെ പ്രസിഡന്റ് വരെ ആയെന്നും പിന്നീട് സിപിഐയില്‍ പ്രവര്‍ത്തിച്ചുവെന്നും മലപ്പുറത്തെ തട്ടകത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകനായി തുടരാന്‍ നല്ലത് ലീഗാണെന്നു കണ്ട് കളം മാറിയതാണെന്നും മനസിലായത്. ഏതായാലും രാഷ്ട്രീയ -മത സംഘടനകള്‍ മൂരാച്ചി സമീപനം ഒഴിവാക്കി ,പരമാവധി വേദികള്‍ പങ്കിട്ട് ആശയങ്ങള്‍ കൈമാറുന്നതാകും ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലത്. ജനങ്ങള്‍ എല്ലാവരേയും കേള്‍ക്കുന്നതാകുമല്ലൊ നല്ലത്. അല്ലെങ്കില്‍ അവര്‍ വാട്ടര്‍ ടൈറ്റ് കംപാര്‍ട്ടുെമന്റുകളായി നിലനില്‍ക്കും. അവരവരുടെ പാര്‍ട്ടി നേതാക്കളും മതനേതാക്കളും പറയുന്നത് മാത്രം കേട്ട് വളരുന്നവര്‍ വളരുകയല്ല മുരടിക്കുകയാവും ചെയ്യുക. ഖാദര്‍ ലീഗിന് ഒരു അസറ്റാണ്. കിട്ടാവുന്ന വേദികളില്‍ ഖാദറിനെ വിട്ട് നേതൃത്വത്തിന് മുസ്ലിംലീഗ് എന്ന പാര്‍ട്ടിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാം. അതല്ല ,പുറത്താക്കാനാണ് ശ്രമിക്കുക എങ്കില്‍ പിന്നീട് ഏത് പ്രസ്ഥാനത്തില്‍ ഇദ്ദേഹം എത്തിപ്പെട്ടാലും അവര്‍ക്കും ഗുണകരമാകുന്ന ഒരു മുതലാകും കെഎന്‍എ ഖാദര്‍ എന്നതില്‍ സംശയമില്ല👏🙏

No comments:

Post a Comment