തൃക്കാക്കര തെരഞ്ഞെടുപ്പ് -സിപിഎമ്മിന് ഗുണം ചെയ്യും
തൃക്കാക്കരയില്‍ ഉമ തോമസ് അവരുടെ ഭര്‍ത്താവ് പി.ടി.തോമസ് വിജയിച്ച 15,000 വോട്ടിനായിരുന്നു വിജയിച്ചിരുന്നതെങ്കിലും അത് ഇടതുപക്ഷത്തിന് അഭിമാനനേട്ടമായിരുന്നേനെ. സര്‍ക്കാരിന്റെ വികസന മുഖത്തിനും പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ഠ്യത്തിനും കെ-റയില്‍ പോലുള്ള അപകടകരമായ പദ്ധതികള്‍ക്കുമൊപ്പം വോട്ടറന്മാര്‍ ഇപ്പോഴുമുണ്ട്, വോട്ടുചോര്‍ച്ച സംഭവിച്ചിട്ടില്ല എന്ന് ആശ്വസിക്കാമായിരുന്നു. എന്നാല്‍ കെ.വി.തോമസിനെ പോലുള്ള ' വമ്പന്‍ വോട്ടുബാങ്കിനെ' കൂടെ കൂട്ടിയിട്ടും പാര്‍ട്ടിക്കു ദോഷമാണ് സംഭവിച്ചത്. പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പെഴുക്കുന്ന ഒരാളിന്റെ പേര് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചപ്പോള്‍ അത് സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. അയാളെ നിര്‍ത്തിയിരുന്നെങ്കില്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ സ്തുതിപാഠകര്‍ പറയുമായിരുന്നു ഡോക്ടറെ നിര്‍ത്തിയിരുന്നെങ്കില്‍ ജയിച്ചേനെ എന്ന്. അതുകൊണ്ട് പ്രദേശത്തെ ന്യൂനപക്ഷ സമുദായത്തില്‍ നിന്നും മിശിഹ പോലൊരു ഡോക്ടറെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത് നന്നായി. എന്നിട്ടും തൃക്കാ 'കര 'കയറാന്‍ കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. അധികാരത്തിന്റെ എല്ലാ മെഷിനറികളും അരയും തലയും മുറുക്കി രംഗത്തെത്തിയെങ്കിലും ഭൂരിപക്ഷം പോലും കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല പിടി തോമസിനേക്കാള്‍ പതിനായിരം വോട്ട് കൂടുതല്‍ നേടുകയും ചെയ്തു യുഡിഎഫ്.
എല്‍ഡിഎഫ് ക്യാപ്റ്റന്‍ പിണറായി വിജയനും കണ്ണൂര്‍ പടയും കൊച്ചിയിലെ ബുദ്ധിജീവികളും തിങ്ക് ടാങ്കുകളുമൊക്കെ ഇറങ്ങിയിട്ടും ജനമനസ് ഇളക്കാന്‍ കഴിഞ്ഞില്ല. ഇത് പാര്‍ട്ടിയുടെ ക്യാപ്റ്റനും അദ്ദേഹത്തിന്റെ ഒപ്പം വലിയ പിന്തുണ നല്‍കി നില്‍ക്കുന്ന ഘടകകക്ഷി നേതാക്കള്‍ക്കുമെല്ലാം പുനര്‍ചിന്തനത്തിന് അവസരം നല്‍കുന്നു. ഇവിടെയാണ് തൃക്കാക്കര എന്ന സൂചകം പ്രസക്തമാകുന്നത്. നാടിനെ വികസനത്തിന്റെ അതിവേഗക്കുതിപ്പിലേക്കെത്തിക്കാന്‍ വമ്പന്‍ പദ്ധതികള്‍ നടപ്പിലാക്കും എന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കുള്ള താക്കീതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കെ- റയില്‍ ഇടതുപക്ഷത്തിന്റെ സ്വപ്‌ന പദ്ധതിയാണെങ്കില്‍ ജനങ്ങളുടെ ഉറക്കം ഞെട്ടിക്കുന്ന പദ്ധതി കൂടിയാണ് എന്ന് വിധിയെഴുത്തിലൂടെ അവര്‍ പറയുന്നു. നിലവിലുളള റയില്‍ ലൈനിനോട് ചേര്‍ന്ന് പുതിയ പാത എന്ന പ്രായോഗികതയിലേക്ക്, അതും കേന്ദ്ര റയില്‍ വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണയോടെ, നടപ്പാക്കാന്‍ നടപടിയുണ്ടാവേണ്ടതുണ്ട്. അതല്ല, ഇനി പിന്നോട്ടില്ല എന്നാണെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇതിന്റെ ബാക്കി മുതലും പലിശയും ചേര്‍ത്ത് അവര്‍ തരും. അറിവിനും ഉപരിയാണ് തിരിച്ചറിവ്. കണ്ണൂര്‍ നേതാക്കള്‍ക്ക് ഈ തിരിച്ചറിവുണ്ടാകണം.
വലിയ വലിയ സ്വപ്‌നങ്ങള്‍ നെയ്യുന്നതിന് പകരം സിപിഎമ്മിനും ഇടതുപക്ഷത്തിനും ചെയ്യാവുന്ന ഒന്നുണ്ട്. ആരംഭിച്ചതും പൂര്‍ത്തിയാകാത്തുമായ ആയിരക്കണക്കിന് പദ്ധതികളുണ്ട് നാട്ടില്‍. അവ കണ്ടെത്തി ജനത്തെ ബോധ്യപ്പെടുത്തുകയും അതിവേഗത്തില്‍ അതെല്ലാം തീര്‍ത്തെടുക്കുകയും ചെയ്യുക. ഹൈവേ വികസനം, ജലപാത, റയില്‍ ഓവര്‍ബ്രിഡ്ജുകള്‍ എന്നു തുടങ്ങി ഇപ്പോഴുള്ള അടിസ്ഥാന സൗകര്യങ്ങളെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍. ഓരോ പ്രദേശത്തെയും വോട്ടറന്മാര്‍ നേരിട്ട് അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന സ്‌കീമുകള്‍. കെ-റയില്‍ പോലുള്ള ഭീമന്മാരെ താങ്ങാന്‍ കെല്‍പ്പുളള ഇടമല്ല കേരളം. പരിസ്ഥിതി ലോലം എന്ന് വിളിക്കാവുന്ന രണ്ട് ഇടങ്ങളാണ് ഹിമാലയന്‍ റേഞ്ചും വിന്ധ്യന്റെ മടിയിലുറങ്ങുന്ന കേരളവും. തിരുവനന്തപുരത്ത് കോവളത്തെയും ശംഖുമുഖത്തെയുമൊക്കെ മികച്ച സാങ്കേതി വിദ്യയിലൂടെ എങ്ങിനെ തിരിച്ചുപിടിക്കാം, കഴക്കൂട്ടത്തെ ലോകോത്തര ശാസ്ത്ര-സാങ്കേതിക മേഖലയാക്കി എങ്ങിനെ മാറ്റാം, കൊച്ചിയിലെ വെള്ളക്കെട്ടും കൊതുകും എങ്ങിനെ ഒഴിവാക്കാം,ശാസ്ത്രീയമായി മാലിന്യം ഏത് വിധത്തില്‍ സംസ്‌ക്കരിക്കാം, അഴിമതി എങ്ങിനെ കുറയ്ക്കാം, ഗുണ്ടകളെ എങ്ങിനെ അടിച്ചൊതുക്കാം, അത്മഹത്യകള്‍ ഒഴിവാക്കാന്‍ എന്തു പദ്ധതി കൊണ്ടുവരാം, ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ മതപ്രീണനം ഒഴിവാക്കി എങ്ങിനെ മത സൗഹാര്‍ദ്ദം കൊണ്ടുവരാം എന്നൊക്കെ ചിന്തിക്കുന്ന സത്യസന്ധരായ, വെറും ഏറാന്‍ മൂളികളല്ലാത്ത തിങ്ക്ടാങ്കിനെ വികസിപ്പിക്കാന്‍ പിണറായിക്ക് കഴിയട്ടെ എന്നാണ് തൃക്കാക്കരയിലെ ജനങ്ങള്‍ പറയുന്നത്. അത് തിരിച്ചറിഞ്ഞ്്, രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ നിന്നും മികച്ച ഭരണകര്‍ത്താവ് എന്ന നിലയിലേക്ക് പിണറായി ഉയരാന്‍ ഒരവസരമാണ് ജനം നല്‍കിയിരിക്കുന്നത്.
ഇന്ത്യയൊട്ടാകെ ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന കോണ്‍ഗ്രസിനെ അവര്‍ അംഗീകരിച്ചു എന്നതിലുപരി, എല്‍ഡിഎഫിനെ തിരുത്തുകയാണ് വോട്ടറന്മാര്‍ ചെയ്തത് എന്ന നിലയില്‍ ഈ ഓര്‍മ്മപ്പെടുത്തലിനെ കാണേണ്ടതുണ്ട്.
No comments:
Post a Comment