Monday 30 May 2022

A good model of women empowerment by Corporate firm

 


 വനിത ജീവനക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന മികച്ച മാതൃക

 കോയമ്പത്തൂരിലെ കെപിആര്‍ മില്‍സ് 40 വര്‍ഷത്തെ പാരമ്പര്യമുള്ള ടെക്സ്റ്റയില്‍സ് മില്ലാണ്. ഇവര്‍ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത് ഗുണമേന്മയുള്ള തുണി ഉത്പ്പാദനം കൊണ്ടുമാത്രമല്ല, കമ്പനിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കുന്നതിലൂടെയാണ്. തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഈ സംരംഭം നടത്തുന്നത്. 25,000 ജീവനക്കാരുളള കമ്പനിയില്‍ 4000 പേര്‍ ഇത്തരത്തില്‍ ഉന്നത പഠനം നടത്തിക്കഴിഞ്ഞു. ഈ വര്‍ഷം 21 കാരിയായ എം.നിവേദ, ബാച്ചിലര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഒന്നാം റാങ്ക് നേടി എന്നുമാത്രമല്ല, കോമണ്‍വെല്‍ത്ത് എജ്യൂക്കേഷണല്‍ മീഡിയ സെന്റര്‍ ഫോര്‍ ഏഷ്യ(CEMCA) പുരസ്‌ക്കാരവും നേടി. പന്ത്രണ്ടാം ക്ലാസ് പാസ്സായ ശേഷം നാല് വര്‍ഷം മുന്നെ കമ്പനിയില്‍ ജോലിക്കു കയറിയ പെണ്‍കുട്ടിയാണ് നിവേദ. 8000 രൂപയായിരുന്നു തുടക്ക ശമ്പളം. ഇപ്പോള്‍ 14,000 രൂപ ലഭിക്കുന്നു. ഉപരിപഠനം നടത്തുന്ന പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് കമ്പനി. എട്ടു മണിക്കൂര്‍ ഡ്യൂട്ടി കഴിയുമ്പോള്‍ 2 മണിക്കൂര്‍ ക്ലാസുണ്ടാകും. ഞയറാഴ്ച സ്‌പെഷ്യല്‍ ക്ലാസും നല്‍കുന്നു.

 നിവേദയുടെ അച്ഛന്‍ ഒരു കമ്പനി തൊഴിലാളിയും അമ്മ വീട്ടമ്മയുമാണ്. അവളുടെ മൂത്ത സഹോദരി കെപിആറിലെ ജീവനക്കാരിയാണ്. കമ്പനിയുടെ വിദ്യാഭ്യാസ പദ്ധതിയിലൂടെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ് അവള്‍. നിവേദയുടെ ഇളയ സഹോദരിയും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതോടെ കമ്പനിയില്‍ ജോയിന്‍ ചെയ്ത് തുടര്‍പഠനം ആരംഭിച്ചിരിക്കയാണ്. നിവേദയ്‌ക്കൊപ്പം മറ്റ് ബിരുദ കോഴ്‌സുകളിലൂടെ ഏഴ് ജീവനക്കാരികളും അവരുടെ വിഷയങ്ങളില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. 500 പേര്‍ക്കാണ് ഈ വര്‍ഷം വിജയം നേടാനായത്. കെപിആര്‍ വിമണ്‍ എംപ്ലോയീസ് ഡിവിഷന്‍ ഉയര്‍ന്ന ബിരുദം നേടുന്നവര്‍ക്ക് മറ്റ് സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കാനുളള സൗകര്യവും ഒരുക്കി കൊടുക്കുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കൊരു മികച്ച മാതൃകയാണ് കെപിആറിന്റെ പദ്ധതി എന്ന് നിസംശയം പറയാന്‍ കഴിയും👃👌

 

No comments:

Post a Comment