Tuesday, 17 May 2022

On liquor ban and history of Kerala liquor culture

 

അല്‍പ്പം മദ്യവിചാരം

------------------------------------

ലോകത്ത്‌  ആദ്യമായി മദ്യനിരോധനം നടപ്പിലാക്കിയത്  ചൈനയിലാണ്. ബിസി 2070 -1600 കാലത്ത് വാണിരുന്ന സിയ രാജവംശത്തിലെ യു രാജാവാണ് ഇത് നടപ്പിലാക്കിയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ മരണശേഷം മകന്‍ ക്വി വീണ്ടും മദ്യം നിയമവിധേയമാക്കി. മെസൊപൊട്ടാമിയയില്‍ ഭരണം നടത്തിവന്ന ഹമ്മുറാബി ബിസി 1772 ല്‍ തയ്യാറാക്കിയ നിയമത്തില്‍ ഇങ്ങനെ പറയുന്നു. "പണത്തിനായി ബിയര്‍ വില്‍ക്കാന്‍ പാടില്ല. ബാര്‍ലിക്ക് പകരമാവണം ബിയര്‍ നല്‍കുന്നത്. ബിയറിന് പകരമായി ബാര്‍ലി സ്വീകരിക്കാത്ത കച്ചവടക്കാരനെ , അല്ലെങ്കില്‍ അളവില്‍ കുറയ്ക്കുന്ന കച്ചവടക്കാരനെ , വെള്ളത്തിലേക്ക് എടുത്തെറിയണം." അതായത് ഏകദേശം മരണശിക്ഷതന്നെയായിരുന്നു വിധിച്ചിരുന്നത്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ അടിമത്തം അവസാനിച്ചതോടെ പാശ്ചാത്യലോകത്തിലെ സാമൂഹ്യ സദാചാര വിചാരക്കാര്‍ ലക്ഷ്യമിട്ട പല കാര്യങ്ങളില്‍ ഒന്ന് മദ്യനിരോധനമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യകാലത്ത് ഭക്തിവാദികളായ പ്രൊട്ടസ്റ്റന്‍റുകള്‍ നോര്‍ഡിക് രാജ്യങ്ങളിലും വടക്കേ അമേരിക്കയിലും പ്രതിരോധം ശക്തമാക്കി. സ്ത്രീകള്‍ക്ക് വോട്ടവകാശം വന്നതോടെ സ്ത്രീകളുടെ പിന്‍തുണ വന്‍തോതില്‍ ഇവര്‍ക്ക് കിട്ടി. 1907 മുതല്‍ 1948 വരെ കാനഡയിലെ ഒരു പ്രോവിന്‍സായ പ്രിന്‍സ് എഡ്വേര്‍ഡ് ദ്വീപിലും ഒരു ചെറിയ കാലം മറ്റിടങ്ങളിലും നിരോധനമുണ്ടായി. 1907 മുതല്‍ 1992 വരെ ഫറോ ദ്വീപിലും നിരോധനമുണ്ടായിരുന്നു.എന്നാല്‍ 1928 മുതല്‍ ഡെന്‍മാര്‍ക്കില്‍ നിന്നും നിയന്ത്രിത ഇറക്കുമതി അംഗീകരിച്ചിരുന്നു. 1914 മുതല്‍ 1925 വരെ റഷ്യന്‍ സാമ്രാജ്യത്തിലും സോവിയറ്റ് യൂണിയനിലും നിരോധനം നടപ്പിലാക്കിയിരുന്നു. ഐസ്ലാന്‍റില്‍ 1915 മുതല്‍ 1933 വരെ നിയന്ത്രണമുണ്ടായിരുന്നു. 1989  വരെ ബിയറിന്‍റെ നിയന്ത്രണം തുടരുകയും ചെയ്തു. 1916 മുതല്‍ 1927 വരെ നോര്‍വേയിലും നിയന്ത്രണമുണ്ടായിരുന്നു. 1919 ല്‍ ഹംഗറിയില്‍ നാല് മാസത്തേളം മദ്യം നിരോധിച്ചു. ഫിന്‍ലാന്‍റില്‍ നിരോധനം നടപ്പിലാക്കിയത് 1919 മുതല്‍ 1932 വരെയായിരുന്നു. അമേരിക്കയിലെ നിരോധനം 1920  മുതല്‍ 1933 വരെയായിരുന്നു.വടക്കേ അമേരിക്കയില്‍ കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ നിരോധനം പരാജയപ്പെട്ടു. മദ്യക്കടത്ത് വ്യാപകമായി. അതുമായി ബന്ധപ്പെട്ട മാഫിയ സജീവമായി. കാനഡയിലും മെക്സിക്കോയിലും കരീബിയന്‍ ദ്വീപുകളിലും മദ്യവ്യവസായം വളര്‍ന്നു പന്തലിച്ചു. ഇവിടങ്ങള്‍ മദ്യം കഴിക്കാനെത്തുന്ന അമേരിക്കക്കാരുടെയും മദ്യം കടത്തുന്ന മാഫിയയുടെയും  താവളമായി മാറി. സാംസ്ക്കാരികമായി വലിയ കുതിച്ചുചാട്ടമുണ്ടാക്കിയ ജാസും മറ്റും രംഗത്തെത്തിയ 1920 കളില്‍ ചിക്കാഗോ മദ്യം കഴിക്കുന്നവരെക്കൊണ്ട് കുപ്രസിദ്ധമായി. ഇരുപതുകളുടെ അവസാനവും മുപ്പതുകളുടെ ആദ്യവുമായി മദ്യനിരോധനം അവസാനിച്ചു.

 

അഫ്ഗാനിസ്ഥാനിലും സൌദിയിലും കുവൈറ്റിലും യമനിലുംപൂര്‍ണ്ണമായും ബംഗ്ലാദേശ്, ബ്രൂണെ ,ഇന്തോനേഷ്യഎന്നിവിടങ്ങളില്‍ ഭാഗികമായും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇറാനിലാകട്ടെ അമുസ്ലീങ്ങള്‍ക്ക് മദ്യം ഉണ്ടാക്കാം കഴിക്കാം എന്നതാണ് നിയമം. മലേഷ്യയില്‍ മദ്യം സുലഭമാണ് എന്നാല്‍ മതാചാരപ്രകാരം നിഷിദ്ധമാണ്.മാലിദ്വീപിലെ റിസോര്‍ട്ടുകളില്‍ വിദേശികള്‍ക്ക് മദ്യം കഴിക്കാം. പാകിസ്ഥാനില്‍ 1947 മുതല്‍ 1977 വരെ ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ല.77 ല്‍ ഭൂട്ടോ നിയന്ത്രണം കൊണ്ടുവന്നു. തുടര്‍ന്ന് അമുസ്ലീങ്ങള്‍ക്ക് മാത്രമെ മദ്യം കഴിക്കാന്‍ അനുമതിയുള്ളു.അതിന് പെര്‍മിറ്റും ഏര്‍പ്പെടുത്തി. ഇപ്പോള്‍ 180 ദശലക്ഷം ജനങ്ങളുള്ള പാകിസ്ഥാനില്‍ 60 മദ്യശാലകള്‍ മാത്രമെയുള്ളു. പെര്‍മിറ്റ് മുസ്ലീങ്ങള്‍ക്ക് മറിച്ചുവില്‍ക്കുന്ന രീതിയും അവിടെ നിലനില്‍ക്കുന്നു.ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കില്ല എന്നതാണ് നിയമം.

 

ഗുജറാത്ത്, ബീഹാര്‍,നാഗാലാന്‍റ്, മണിപ്പൂരിലെ ചിലയിടങ്ങള്‍ ,ലക്ഷദ്വീപ് എന്നിവിടങ്ങളിലും നിരോധനം നിലവിലുണ്ട്.

കേരളത്തില്‍ എഡി 80 ല്‍ വീഞ്ഞ് ഇറക്കുമതി ചെയ്തിരുന്നതായി പെരിപ്ലസ് രേഖപ്പെടുത്തിയിട്ടുണ്ട്. എഡി 225 ല്‍ കൃഷിയിലും വാണിജ്യത്തിലുമുണ്ടായ പുരോഗതിയുടെ ഫലമായി സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും അന്തരീക്ഷം രാജ്യമെങ്ങും പടര്‍ന്നു വീശി. നാടുനീളെ ഉത്സവങ്ങള്‍ കൊണ്ടാടി. കൂത്തരുടെയും പാണരുടെയും നൃത്തങ്ങള്‍, വാദ്യഗീതങ്ങള്‍ തുടങ്ങിയ കലാപരിപാടികളുടെ അലയൊലി ദിഗന്തങ്ങളെ മുഖരിതമാക്കി. നാടന്‍ കള്ളും വിദേശമദ്യങ്ങളും മാത്രമല്ല, സ്വര്‍ണ്ണപാത്രങ്ങളില്‍ അവ പകര്‍ന്നുകൊടുക്കുന്ന മദാലസകളായ തരുണീമണികളുടെ മതിമയക്കുന്ന നടനവിശേഷങ്ങളും രാജകീയ സദസുകളെ ലഹരി പിടിപ്പിച്ചു.

 

ഉഴവര്‍(കൃഷിക്കാര്‍),ചാന്‍റോര്‍(മദ്യഹാരകന്മാര്‍), വണിക്കുകള്‍(വ്യാപാരികള്‍) എന്നിവരില്‍ നിന്നൊരു സമ്പന്ന വര്‍ഗ്ഗം ഉയര്‍ന്നുവന്നു. പൊന്‍വളകളണിഞ്ഞ ഉഴവ യുവതികള്‍ ,തഴയുട അണിഞ്ഞ് കള്ളുകുടിച്ച് , കൂട്ടുകൂടി പാട്ടുപാടി വയലുകളില്‍ പറവകളെ ആട്ടിയോടിക്കുന്ന ദൃശ്യം സംഘം കൃതികളിലുണ്ട്.

ഉഴവരെപോലെയോ അവരേക്കാള്‍ അല്‍പ്പം കൂടുതലോ ആയ സ്ഥാനം മദ്യഹാരകന്മാര്‍ക്കുണ്ടായിരുന്നു. മദ്യഹാരകന്മാരെ സൂചിപ്പിക്കുന്ന ചാന്‍റോര്‍ എന്ന പദത്തിന് മാന്യന്‍ എന്നും അര്‍ത്ഥമുണ്ടായിരുന്നു. സുഖസമ്പൂര്‍ണ്ണമായ ജീവിതത്തിന്‍റെ അപരിത്യാജ്യമായ ഭാഗമായിരുന്നു കള്ളുകുടി. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ കള്ളുകുടിച്ചിരുന്നു. രാജകീയ സല്‍ക്കാരങ്ങളില്‍ കള്ള് ഒരു നിര്‍ബ്ബന്ധപാനീയമായിരുന്നു. ഈ സാഹചര്യത്തില്‍, കള്ള് ഉത്പ്പാദിപ്പിക്കുന്നവര്‍ സമ്പന്നരും സമൂഹത്തില്‍ മാന്യരുമായി തീര്‍ന്നതില്‍ അത്ഭുതമില്ല.

 

മദ്യോല്‍പ്പാദകരുടെ സംരക്ഷകരായിരുന്നു അന്നത്തെ രാജാക്കന്മാര്‍.ചാന്‍റോന്‍ മെയ്മ്മറൈ(കള്ളുണ്ടാക്കുന്നവരുടെ സംരക്ഷകാ) എന്നാണ് ചേരരാജാക്കന്മാരെ കവികള്‍ സംബോധന ചെയ്തിരുന്നത്. കള്ളുവില്‍പ്പനയ്ക്ക് പ്രത്യേക ശാലകള്‍ കെട്ടിയുണ്ടാക്കി വേര്‍തിരിച്ചറിയാന്‍ കൊടിനാട്ടിയിരുന്നു. ആനക്കൊമ്പും കാട്ടുപശുക്കളുടെ മാംസവും വാങ്ങി പകരം വാറ്റുകള്ള് കൊടുത്ത് ധനികരായിതീര്‍ന്ന മദ്യഹാരകന്മാരെ പറ്റി പതിറ്റുപ്പത്തില്‍ പരാമര്‍ശമുണ്ട്. സമ്പന്ന വിഭാഗത്തിന്‍റെ ജീവിതം സുഖസമ്പൂര്‍ണ്ണമായിരുന്നു. ഇറച്ചി ചേര്‍ത്ത് പാകപ്പെടുത്തിയ ഊന്‍ചോറും നെയ്മണമുള്ള കറികളും മത്സ്യക്കറികളും കള്ളും സുഭിക്ഷമായി കഴിച്ച് കൂത്തും പാട്ടുമായി അവര്‍ ജീവിച്ചു.

 

 ധനപുഷ്ടിയുള്ള കുടികളില്‍ പിറന്നവര്‍ മിഴാവിന്‍റെ വടിവുള്ള ചക്കചുളകള്‍ തിന്നും മുളംകുഴലുകളില്‍ അടച്ചുവച്ച് മത്തുപിടിപ്പിച്ച കള്ള് വേണ്ടുവോളം കുടിച്ചും ആനന്ദലഹരിയില്‍ ലയിച്ച് ആരവാരവത്തോടെ വാഴുന്നതായി പതിറ്റുപ്പത്തില്‍ പറഞ്ഞിരുന്നു. മുന്നീര്‍ എന്ന പ്രത്യേക പാനീയവും അവര്‍ തയ്യാറാക്കിയിരുന്നു. പനങ്കുരുന്നു നീരും ഇളനീരും കരിമ്പിന്‍ ചാറും ചേര്‍ത്തുണ്ടാക്കിയ വിശേഷപ്പെട്ട പാനീയമായിരുന്നു അത്. രാജകീയ സദസുകളില്‍ വിദേശമദ്യം ഉപയോഗിച്ചിരുന്നു. യവനന്മാര്‍ നല്ല കുപ്പിയില്‍ കൊണ്ടുവന്ന കുളിര്‍മയും നറുമണമുള്ള മധു മനോഹരമായ വളയണിഞ്ഞ യുവതികള്‍ പൊന്‍പാത്രങ്ങളില്‍ രാജാക്കന്മാര്‍ക്ക് പകര്‍ന്നു കൊടുത്തിരുന്നു.

 

ഭൂമിയോ ഉപകരണങ്ങളോ ഇല്ലാതെ അധ്വാനശക്തിമാത്രം കൈമുതലായിട്ടുള്ളവരായിരുന്നു വിനൈഞര്‍(തൊഴിലാളികള്‍) കള്ളുകുടിയരായ വിനൈഞര്‍ വിശാലമായ പുല്‍ത്തകിടികളില്‍ കന്നുമേയ്ക്കുകയും വിളഞ്ഞു നില്‍ക്കുന്ന വയലുകളില്‍ കതിര്‍മണികള്‍ കൊയ്യുകയും ചെയ്തിരുന്നു എന്നും പതിറ്റുപ്പത്തില്‍ പറയുന്നു.

 

ചാന്‍റോര്‍ പിന്നീട് ഈഴവ സമുദായത്തില്‍ ലയിച്ചു ചേര്‍ന്നു കേരളത്തിലെ ബുദ്ധമതം അവസാനകാലം താന്ത്രിക ബുദ്ധമതമായി മാറി. മാംസവും മദ്യസേവയും ഭോഗലാലസതയും നിര്‍വ്വാണമാര്‍ഗ്ഗങ്ങളായി ഇവര്‍ കണ്ടു. ഈ ഹീനയാന സ്വഭാവമാണ് കള്ളും ചാരായവും നിവേദിച്ചുകൊണ്ടും ജന്തുബലി നടത്തിയും ചാത്തനെയും ചാമുണ്ഡിയേയും പൂജിക്കുന്ന രീതിയിലെത്തിച്ചേര്‍ന്നത്. ഗുരുദേവനാണ് ഇതിന് മാറ്റം വരുത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും താരന്മ്യേന ഉയര്‍ന്ന സാമൂഹിക പദവി ലഭിച്ചതിന് പുറമെ സാമ്പത്തികമായി ഉയരാനുമുള്ള സാഹചര്യങ്ങള്‍ തുറന്നു കിട്ടുകയും ചെയ്തു. സഞ്ചാര സ്വാതന്ത്യവും പൊതുസ്ഥലങ്ങളില്‍ പ്രവേശനവും നിഷേധിക്കപ്പെട്ട ഈഴവരുടെ ഉള്ള അവര്‍ണ്ണ സമുദായക്കാര്‍ക്ക് വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ സൌകര്യമുണ്ടായിരുന്നില്ല.

 

ഉയര്‍ന്ന ജാതിക്കാരായ ബ്രാഹ്മണരും നായന്മാരും ഇക്കാര്യത്തില്‍ വിമുഖരായിരുന്നു. അതിനാല്‍ രാജ്യത്തെ വാണിജ്യം മുഴുവന്‍ മുസ്ലീങ്ങള്‍,കൃസ്ത്യാനികള്‍, ജൂതര്‍,കൊങ്ങിണികള്‍ തുടങ്ങിയവരുടെ കൈകളിലമര്‍ന്നു. പുതിയൊരു മുതലാളി വര്‍ഗ്ഗം വളര്‍ന്നുവരുവാന്‍ തുടങ്ങിയപ്പോള്‍ അത് സ്വാഭാവികമായും മേല്‍പ്പറഞ്ഞ വണിക വിഭാഗങ്ങളില്‍ നിന്നായി. മദ്യവ്യാപാരം മാത്രമാണ് അന്നത്തെ ഈഴവ-തീയ സമുദായം കുത്തകയാക്കിയ ഏക കച്ചവടം.അതിന്നും വലിയ മാറ്റമില്ലാതെ തുടരുന്നു.

 

 

 

No comments:

Post a Comment