Tuesday, 4 January 2022

Kesu ee veedintae nathan - a movie conceived on wrong notions

 


കേശു, ഈ വീടിന്റെ നാഥന്‍
 

കേശു, ഈ വീടിന്റെ നാഥന്‍ എന്ന സിനിമ Disney+Hotstar- ല്‍ കണ്ടു. അതിന്റെ ട്രെയിലറും പ്രൊമോഷണല്‍ വീഡിയോയുമൊക്കെ വലിയ പ്രതീക്ഷയാണ് നല്‍കിയിരുന്നത്. സജീവ് പാഴൂരിന്റെ തിരക്കഥയും നാദിര്‍ഷായുടെ സംവിധാനവും ചേരുമ്പോള്‍ കോമഡിയും ഒപ്പം മികച്ച കണ്ടന്റുമുള്ള ഒരു ചിത്രമാകും എന്നായിരുന്നു പ്രതീക്ഷ. തുടക്കമേ പാളി. ദിലീപിനെ വഴിയില്‍ തടയുന്ന പോലീസും അവരുടെ സംഭാഷണവുമൊക്കെ ചിത്രത്തെകുറിച്ചുള്ള കോണ്‍ഫിഡന്‍സ് കുറവായി തോന്നി. ആദ്യത്തെ അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേ ട്രാക്കുതെറ്റി ഓടുന്ന വണ്ടിയാണ് കേശുവിന്റേതെന്ന് മനസിലായി. കോമഡിക്കു വേണ്ടിയുള്ള കോമഡികള്‍ പലപ്പോഴും ഒരു സ്‌റ്റേജ് ഷോയുടെ സുഖം പോലും നല്‍കിയില്ല.

 ഏഷ്യനെറ്റിലെ കോമഡി സ്‌ക്കിറ്റുകളില്‍ പലതും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ചിരിയും നല്‍കുന്നില്ല ചിന്തയും നല്‍കുന്നില്ല എന്നതാണ് ദു:ഖകരം. തിരക്കഥ പാളിയതാണോ സംവിധാനം പാളിയതാണോ എന്നൊന്നും പറയാന്‍ കഴിയില്ല, ചിത്രം മൊത്തത്തില്‍ പാളിപ്പോയി. കേശുവായി വേഷപ്പകര്‍ച്ച ചെയ്യാന്‍ ദിലീപ് പ്രയാസപ്പെട്ടെങ്കിലും അത്തരം വേഷപ്പകര്‍ച്ച നടത്തിയ മുന്‍കാല ചിത്രങ്ങളെപോലെ കേശു വിജയിച്ചില്ല. ഉര്‍വ്വശി മികച്ച അഭിനയം കാഴ്ചവെച്ച കുറെ തമിഴ് സിനിമകള്‍ ഈയിടെ വന്നിരുന്നു.ആ നിലവാരത്തിലൊന്നും എത്താന്‍ അവര്‍ക്കും കഴിഞ്ഞില്ല.കേശുവിന്റെ അളിയന്മാരോ സഹോദരിമാരോ മക്കളോ ആരും ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു മുഹൂര്‍ത്തം കാഴ്ചവച്ചില്ല. ഒടിടി പ്ലാറ്റ്‌ഫോം ആയതിനാല്‍ ക്ലീഷേ വരുന്ന കുറേ രംഗങ്ങളും പാട്ടുമൊക്കെ ഒഴിവാക്കി. എന്നിട്ടും ചിത്രം തീരുന്നില്ലല്ലോ എന്നായിരുന്നു വീട്ടിലെ എല്ലാ അംഗങ്ങളുടെയും വികാരം.

 നാദിര്‍ഷായും സജീവും അടുത്ത ചിത്രം ചെയ്യും മുന്നെ ഏറെ വിയര്‍ക്കേണ്ടതായുണ്ട്.

 

Monday, 3 January 2022

Bheemantae vazhi - beautiful script, good direction

 


 ഭീമന്റെ വഴി

 'തമാശ' നല്ലൊരു സിനിമയായിരുന്നു. അതിന്റെ സംവിധായകനാണ് അഷ്‌റഫ് ഹംസ.അഷ്‌റഫിന്റെ രണ്ടാമത്തെ സിനിമയാണ് ഭീന്റെ വഴി. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതി നിര്‍മ്മിച്ച ചിത്രം നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്ന ഒരു സാമൂഹിക വിഷയമാണ്. ഒരു പക്ഷെ കേരളത്തിലെ ഏത് പ്രദേശത്തെയും പോലെ, കാറ് വരുന്ന ഒരു റോഡ് നിര്‍മ്മിക്കാനായി പുറപ്പെടുന്ന കുറേ നന്മയുള്ള മനുഷ്യരും അതിന് തടയിടാന്‍ ശ്രമിക്കുന്ന മറ്റു ചിലരും തമ്മിലുളള ഒരു യുദ്ധമാണ് ചിത്രം പറയുന്നത്. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് റോഡുണ്ടാകുന്നിടത്താണ് കഥ ശുഭപര്യവസായി ആകുന്നത്.

 വനിത കൗണ്‍സിലര്‍ക്ക് തന്റെ കാലത്ത് റോഡ് വരണം എന്നാണ് ആഗ്രഹം.എന്നാല്‍ മുന്‍ കൗണ്‍സിലര്‍ക്ക് വീണ്ടും വാര്‍ഡ് തന്റേതാകുമ്പോള്‍ പണി തീര്‍ന്നാല്‍ മതി. ആര് മുന്നിട്ടിറങ്ങും. പ്രത്യേകമായ രാഷ്ട്രീയ ബന്ധമില്ലാത്ത ഒരുവന്‍ മുന്നിട്ടിറങ്ങണം, അവന്‍ ജനസമ്മതനും ആകണം. അതാണ് ഭീമന്‍ എന്നറിയപ്പെടുന്ന സഞ്ജിവ് ശങ്കര്‍. അവന്‍ ഒന്നു വിചാരിച്ചാല്‍ അത് സാധിച്ചിരിക്കും.അതാണ് ഭീമന്റെ വഴി. ഒറ്റയടിപാതയുടെ ഇരുവശവും താമസിക്കുന്ന ജനം രസകരമായ സമൂഹത്തിന്റെ ഒരു പരിഛേദമാണ്. വികസനം ആഗ്രഹിക്കാത്തവര്‍, ഒരുവന് നന്മ വരുന്നത് ഇഷ്ടപ്പെടാത്തവര്‍, കുശുമ്പ് ,കുന്നായ്മ ഇങ്ങനെ പോകുന്നു ആളുകള്‍. ഇവരെ വിവധ അടവുകളിലൂടെ വരുതിയിലാക്കിയും കുരുട്ടുബുദ്ധി പ്രയോഗിച്ചും ഒപ്പം നിര്‍ത്തുകയാണ് ഭീമന്‍. ഒടുവില്‍ ഭീമന്‍ ജയിക്കുന്നു.

 കുഞ്ചാക്കോ ബോബനും ജിനു ജോസഫും ദിവ്യ.എം.നായരും നസീര്‍ സംക്രാന്തിയും നിര്‍മ്മല്‍ പാലാഴിയും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മേഘ തോമസും ചെമ്പന്‍ വിനോദും ചിന്നു ചാന്ദിനിയും മറ്റ് അഭിനേതാക്കളും നല്ല പിന്തുണ നല്‍കി. ഗിരീഷ് ഗംഗാധരന്റെ സിനിമറ്റോഗ്രഫിയും നിസാം കാദിരിയുടെ എഡിറ്റിംഗും വിഷ്ണു വിജയിന്റെ സംഗീതവും ചിത്രത്തിന് മിഴിവേകി👍

Sunday, 2 January 2022

Kolambi - a feel good movie on coffee -music-love & relations


 
 കോളാമ്പി

 സുഖമുള്ളൊരു ഗാനം കേട്ടപോലെ, നല്ല കുറേ മനുഷ്യരെ പരിചയപ്പെട്ടപോലെ,ഒരനുഭവമാണ് കോളാമ്പി സമ്മാനിച്ചത്. ടി.കെ.രാജീവ് കുമാര്‍ മികച്ച തിരക്കഥാകൃത്തും സംവിധായകനുമാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. കോളാമ്പിയുടെ കഥയ്ക്ക് ഒരു നിറവുണ്ട്. മനുഷ്യരുടെ മതവും ബന്ധങ്ങളുമല്ല, കാപ്പിയും പാട്ടും നല്‍കുന്ന ഒരു ഹൃദയ ഐക്യമുണ്ടല്ലൊ അതാണ് പ്രധാനം എന്നു ചിത്രം പറയുന്നു. അതിരുകളേയും മതങ്ങളേയും പിറകോട്ടു തള്ളുന്ന സ്‌നേഹം.

 രണ്‍ജി പണിക്കരുടെയും രോഹിണിയുടേയും മികച്ച ചിത്രമാകും കോളാമ്പി.സിനിമ നിര്‍മ്മാതാവ് എന്ന നിലയിലും മേനകയുടെ ഭര്‍ത്താവ് എന്ന നിലയിലും അറിയപ്പെട്ടിരുന്ന സുരേഷ് മികച്ച അഭിനേതാവാണ് എന്ന്് വീണ്ടും ഉറപ്പിക്കുകയാണ് ഈ ചിത്രം. നിത്യ മേനോന്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു കോളാമ്പിയില്‍. അരിസ്റ്റോ സുരേഷും ദിലീഷ് പോത്തനും സിജോയ് വര്‍ഗ്ഗീസും സിദ്ധാര്‍ത്ഥ് മേനോനും ബൈജുവും വിജയ് യേശുദാസും മഞ്ജു പിള്ളയും പി.ബാലചന്ദ്രനും പൗളിയും ജയകൃഷ്ണനും ആശ അരവിന്ദുമൊക്കെ അഭിനയ ധര്‍മ്മം കൃത്യമായി നിര്‍വ്വഹിച്ചു. തിരക്കഥയില്‍ രാജീവിനെ സഹായിച്ചത് കെ.എം.വേണുഗോപാലാണ്. രവി വര്‍മ്മന്റെ സിനിമാറ്റോഗ്രഫി സൂപ്പര്‍ബ് എന്നു പറയാവുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. അജയ് കുളിയൂരിന്റെ എഡിറ്റിംഗ് മികച്ചതാണ്.

 പ്രഭാ വര്‍മ്മ എഴുതിയ 'ആരോടും പറയുക വയ്യ--    ', ' ഓരോ നോവില്‍--' എന്നീ മനോഹര ഗാനങ്ങള്‍, ' പറയാതരികെ വന്ന പ്രണയം --' എന്ന വിനായക് ശശികുമാറിന്റെ ഗാനം, ഈണമിട്ട രമേശ് നാരായണ്‍,പാടിയ മധുശ്രീ നാരായണ്‍, ബോംബെ ജയശ്രീ ,റസൂല്‍ പൂക്കുട്ടിയുടെ സൗണ്ട് റെക്കോര്‍ഡിംഗ് ഇവയെല്ലാം ചിത്രത്തെ വിരുന്നാക്കി മാറ്റുന്നു.

 രൂപേഷ് ഓമനയാണ് നിര്‍മ്മാതാവ്. MTALKIE  എന്ന OTT പ്ലാറ്റ്‌ഫോമില്‍ 99 രൂപ മുടക്കി ചിത്രം കാണാം. 3 ദവസമാണ് 99 രൂപയ്ക്ക് സനിമ കാണാനുളള ആയുസ്

Thursday, 30 December 2021

satyameva jayathae-2 teaching us how to take a bad film

 


 സത്യമേവ ജയതേ -2

 ഒരു സിനിമ എത്രമാത്രം മോശമായി നിര്‍മ്മിക്കാം എന്നതിന്  ഉദാഹരണമാണ് സത്യമേവ ജയതേ-2 . തിരക്കഥ,ക്യാമറ, എഡിറ്റിംഗ്,സംവിധാനം,അഭിനയം അങ്ങിനെ സമസ്ത മേഖലയിലും പരാജയപ്പെട്ട ചിത്രം.

ഉത്തര്‍ പ്രദേശ് കൂട്ടുമന്ത്രി സഭയിലെ ആഭ്യന്തര മന്ത്രി അഴിമതിക്കെതിരെ ബില്ലുകൊണ്ടുവരുമ്പോള്‍ കൂട്ടുകക്ഷികള്‍ തന്നെ പരാജയപ്പെടുത്തുന്നു. തുടര്‍ന്ന് അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തുകയാണ് മന്ത്രി.ആശുപത്രി സമരം,മദ്രസയിലെ ഭക്ഷ്യവിഷബാധ,ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണത്തിലെ അപാകത, ഫ്‌ളൈഓവര്‍ തകര്‍ച്ച തുടങ്ങി ദൈനംദിനമായി നമ്മള്‍ കാണുന്ന എല്ലാ കുഴപ്പങ്ങള്‍ക്കും ഒറ്റമൂലിയായി ആഭ്യന്തര മന്ത്രി സത്യ ബല്‍റാം ആസാദ്  കാണുന്നത് അഴിമതിക്കാരെ ഇല്ലായ്മ ചെയ്യുക എന്നതാണ്. ഒന്നൊന്നര മസില്‍ പെരുക്കമുളള ജോണ്‍ എബ്രഹാമാണ് ഈ സൂപ്പര്‍ നാച്ചുറല്‍ കാരക്ടര്‍. ഈ ദുരൂഹവ്യക്തിത്വത്തെ കണ്ടെത്താന്‍ ഏല്‍പ്പിക്കുന്നതോ അയാളുടെ സഹോദരനായ പോലീസ് ഓഫീസര്‍ ജയ് ബല്‍റാം ആസാദിനെയും.അതും ജോണ്‍ തന്നെ. രണ്ട് റോള്‍ പോരാ എന്ന് സംവിധായകന് തോന്നിയതുകൊണ്ട് അഴിമതിക്കെതിരെ പോരാടിയ അച്ഛന്‍ ദാദാ സാഹബ് ബല്‍റാം ആസാദായും ജോണ്‍ തന്നെ വരുന്നു. പോരെ പൂരം. സ്്ക്രീന്‍ നിറയുന്ന മസിലുകള്‍ മാത്രം.

 ജോണ്‍ എബ്രഹാമിന് പുറമെ ദിവ്യ ഖോസ്ല കുമാര്‍,ഹര്‍ഷ് ഛയ്യ,അനൂപ് സോണി തുടങ്ങിയവരും അഭിനേതാക്കളായി എത്തുന്നു. സംവിധാനം മിലാപ് സവാരിയും കാമറ Dud Ley യും എഡിറ്റിംഗ് മാഹിര്‍ സവാരിയും നിര്‍വ്വഹിച്ച ചിത്രം വഴിയില്‍ ഉപേക്ഷിച്ച് ഞാന്‍ പിന്മാറി. പിന്നീട് എന്തൊക്കെ സംഭവിച്ചു എന്നറിയില്ല.

 ആമസോണ്‍ പ്രൈമിലാണ് ചിത്രമുള്ളത്.

Wednesday, 29 December 2021

Edge of tomorrow - 2014 hollywood movie on time loop & fight against alien race

 



 എഡ്ജ് ഓഫ് ടുമോറോ

 Edge of tomorrow 2014 ല്‍ ഹോളിവുഡില്‍ ഇറങ്ങിയ ചിത്രമാണ്. 2004 ല്‍ പ്രസിദ്ധീകരിച്ച Hiroshi Sakurazaka യുടെ All you need is to kill എന്ന ജാപ്പനീസ് നോവലിനെ ആസ്പ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്. യൂറോപ്പില്‍ Mimics എന്ന alien race ആക്രമണം നടത്തുന്നു. അവരെ എതിര്‍ക്കാനായി തയ്യാറാക്കിയ സംയുക്ത സേനയില്‍ അംഗമാകേണ്ടിവരുന്ന പബഌക് റിലേഷന്‍സ് ഓഫീസറാണ് മേജര്‍ വില്യം കേജ്. അയാള്‍ ഒരു ടൈം ലൂപ്പില്‍ പെടുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് നടക്കാനിരിക്കുന്ന സംഭവങ്ങളില്‍ അയാള്‍ പുനര്‍ജീവിക്കുകയാണ്. കേജും സാര്‍ജന്റ് Rita Vrataski യും ചേര്‍ന്ന്  ഏലിയന്‍സിനെതിരെ നടത്തുന്ന ആക്രമണത്തിന്റെ ആവര്‍ത്തനങ്ങളാണ് ചിത്രം നല്‍കുന്നത്.

 എക്‌സ്ട്രാ ടെറസ്ട്രിയല്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കേ ഇത്തരം ചിത്രങ്ങള്‍ ആസ്വാദ്യകരമാകൂ. ഭൂമിയിലെ ജീവജാലങ്ങളുടെ കഥ ആസ്വദിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ ചിത്രം മതിപ്പുളവാക്കിയില്ല. വാര്‍നര്‍ ബ്രദേഴ്‌സ് 100 ദശലക്ഷം ഡോളര്‍ പരസ്യത്തിനായി ചിലവാക്കിയ ചിത്രം 370 ദശലക്ഷം ഡോളറാണ് നേടിയത്. നിക് ഡേവിസിന്റെ മേല്‍നോട്ടത്തില്‍ 9 കമ്പനികളാണ് വിഷ്വല്‍ ഇഫക്ട്‌സ് ചെയ്തത്. Dion Beebe സിനിമറ്റോഗ്രഫിയും ജയിംസ് ഹെര്‍ബര്‍ട്ട് എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തത് Doug Liman ആണ്. ടോം ക്രൂയിസ്, എമിലി ബ്ലണ്ട്, ബില്‍ പാക്സ്റ്റണ്‍,ബ്രന്‍ഡന്‍ ഗ്ലീസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ആമസോണ്‍ പ്രൈമിലാണ് ചിത്രം ലഭ്യമാകുന്നത്.

Tuesday, 28 December 2021

Maanad - an interesting movie on time loop, beautifully made


 

 മാനാട്

 തമിഴില്‍ മാനാട് എന്നാല്‍ കോണ്‍ഫറന്‍സ് എന്നാണര്‍ത്ഥം. കോയമ്പത്തൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയെ വധിക്കാനുള്ള പദ്ധതിയാണ് ഡിസിപി ധനുഷ്‌ക്കോടിയുടെ സഹായത്തോടെ മുഖ്യന്റെ അടുത്ത അനുയായി ആസൂത്രണം ചെയ്യുന്നത്. ഊട്ടിയില്‍ തനിക്കിഷ്ടമില്ലാത്ത വിവാഹം ഒരുക്കിയിരിക്കുന്ന ഇടത്തുനിന്നും സറീന ബീഗത്തെ തട്ടികൊണ്ടുവന്ന് സുഹൃത്ത് ഈശ്വരമൂര്‍ത്തിയെകൊണ്ട് വിവാഹം കഴിപ്പിക്കുകയാണ് ഗള്‍ഫില്‍ നിന്നും വരുന്ന അബ്ദുല്‍ ഖാലിക്കിന്റെ ലക്ഷ്യം. രണ്ടും ഒരു ദിവസമാണ് നടക്കുന്നത്. വിമാനത്തില്‍ ഇരിക്കുന്ന ഖാലിക്ക് ടൈംലൂപ്പില്‍ പെടുന്നതാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഇതേ അവസ്ഥ ഡിസിപി ധനുഷ്‌ക്കോടിക്കുകൂടി വരുന്നതോടെ ചിത്രം കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തും. ആവര്‍ത്തിക്കപ്പെടുന്ന സീനുകളും സംഭവിക്കാവുന്ന സാഹചര്യങ്ങളെ 'എറര്‍ ഫ്രീ' ആക്കി എടുക്കാനുള്ള രണ്ടുപേരുടെയും ശ്രമങ്ങളും സംവിധായകന്റെ വലിയ ശ്രദ്ധയില്ലെങ്കില്‍ പാളിപ്പോകാവുന്നവയാണ്. എന്നാല്‍ സംവിധായകനും ക്യാമറാമാനും അതിലെല്ലാം ഉപരിയായി എഡിറ്ററും ഇതിനായി അര്‍പ്പിച്ച ധ്യാനം നമിക്കപ്പെടേണ്ടതാണ്.

 കണ്ടുപഴകിയ ഒരു പ്ലോട്ടിനെയാണ് ടൈം ലൂപ്പിന്റെ മാസ്മരികതയിലൂടെ മികച്ചതാക്കി മാറ്റിയിരിക്കുന്നത്. സിലംബരശനും എസ്.ജെ.സൂര്യയും പ്രധാന കഥാപാത്രങ്ങളായ ഖാലിക്കും ധനുഷ്‌ക്കോടിയുമായി തകര്‍ത്തഭിനയിച്ചിരിക്കയാണ്. കല്യാണി പ്രിയദര്‍ശനും എസ്.എ.ചന്ദ്രശേഖറും വൈ.ജി.മഹേന്ദ്രനും കരുണാകരനും പ്രേജി അമരനും അരവിന്ദ് ആകാശും അന്‍ജന കീര്‍ത്തിയും സപ്പോര്‍ട്ടിംഗ് കാരക്ടറുകളായി തിളങ്ങി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തില്‍ കാമറ റിച്ചാര്‍ഡ്.എം.നാഥനും എഡിറ്റിംഗ് പ്രവീണ്‍.കെ.എല്ലും സംഗീതം യുവന്‍ ശങ്കര്‍ രാജയും നിര്‍വ്വഹിച്ചിരിക്കുന്നു.

 SonyLiv ലെ OTT റിലീസായാണ് ചിത്രം കണ്ടത്.

Monday, 27 December 2021

Atrangi Re - an interesting love story starring Sara Ali Khan,Dhanush & Akshay kumar

 


 അത്രംഗീ രേ (Atrangi Re )

Disney Hotstar-ല്‍ അത്രംഗീ രേ കണ്ടു. സാറാ അലിഖാനും ധനുഷും അക്ഷയ് കുമാറും ചേരുന്ന ഒരു പ്രണയ കഥയാണ് അത്രംഗീ രേ. റിങ്കു സൂര്യവന്‍ഷി എന്ന പെണ്‍കുട്ടി ചെറുപ്പത്തിലേ ഉണ്ടായ ഒരു മാനസിക പിരിമുറക്കത്തില്‍ നിന്നും രക്ഷപെടാന്‍ സ്വയം വികസിപ്പിച്ച സാങ്കല്‍പ്പിക കഥാപാത്രമാണ് സജ്ജാദ് അലി എന്ന മജീഷ്യന്‍. അവള്‍ അയാളെ പ്രണയിക്കുകയും പലവട്ടം ഒളിച്ചോടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിവാഹം കഴിപ്പിക്കുന്നതോടെ പ്രശ്‌നങ്ങള്‍ തീരും എന്നു ചിന്തിക്കുന്ന മുത്തശ്ശി ഏതെങ്കിലും നാട്ടിലെ ഒരുത്തനെ പിടിച്ചുകെട്ടി കൊണ്ടുവരാന്‍ ആളിനെ വിടുന്നു. അങ്ങിനെയാണ് തമിഴ്‌നാടുകാരനായ, മെഡിസിന് പഠിക്കുന്ന വിശു ഇതിന് ഇരയായി തീരുന്നത്. വിവാഹം കഴിഞ്ഞ് ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയില്‍ അവര്‍ പരസ്പ്പരം ഇഷ്ടപ്പെടാതെ നടത്തിയ വിവാഹം വേര്‍പെടുത്താന്‍ തീരുമാനിക്കുന്നു. വിശു നാട്ടില്‍ പ്രണയിനിയെ വിവാഹം കഴിക്കാനായി പോകുന്നു, എന്നാല്‍ റിങ്കുവിനെ നേരത്തെ വിവാഹം കഴിച്ചതായി വെളിപ്പെടുന്നതോടെ അത് മുടങ്ങുന്നു.

 വളരെ നാളുകള്‍ക്ക് ശേഷമാണ് വിശുവിന്റെ സുഹൃത്ത് മനസിലാക്കുന്നത് സജ്ജാദ് അലി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന്. പിന്നെ ആ കഥാപാത്രത്തെ മെല്ലെ ഇല്ലാതാക്കി റിങ്കുവിനെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്നതാണ് കഥ. നല്ല നര്‍മ്മവും സെന്റിമെന്റ്‌സും ഇടകലര്‍ത്തി തയ്യാറാക്കിയ സ്‌ക്രിപ്റ്റാണ് ഹിമാന്‍ഷു ശര്‍മ്മയുടേത്. ഏത് നിമിഷവും കാണികളുടെ രസം കെട്ടുപോകാവുന്ന വിഷയത്തെ പിടിച്ചുനിര്‍ത്താന്‍ തിരക്കഥയ്ക്ക് കഴിഞ്ഞു. സംവിധായകന്‍ ആനന്ദ്.എല്‍ റായ് സാറാ,ധനുഷ്, അക്ഷയ് കുമാര്‍, സീമ ബശ്വാസ്, അഷിഷ് വര്‍മ്മ തുടങ്ങിയ അഭിനേതാക്കളില്‍ നിന്നും സനിമയ്ക്ക് ആവശ്യമായത്ര മാത്രം സ്വീകരിച്ച് അഭിനയം കൈവിടാതെ ശ്രദ്ധിച്ചു.

 എ.ആര്‍.റഹ്മാന്റെ സംഗീതവും പങ്കജ് കുമാറിന്റെ കാമറയും ഹേമല്‍ കോത്താരിയുടെ എഡിറ്റിംഗും സിനിമയ്ക്ക് ഗുണകരമായി. വിമര്‍ശനാത്മകമായി ചിന്തിക്കാതെ കാണാവുന്ന ഒരു എന്റര്‍ടെയ്‌നറാണ് അത്രംഗീ രേ😍