Tuesday, 28 December 2021

Maanad - an interesting movie on time loop, beautifully made


 

 മാനാട്

 തമിഴില്‍ മാനാട് എന്നാല്‍ കോണ്‍ഫറന്‍സ് എന്നാണര്‍ത്ഥം. കോയമ്പത്തൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയെ വധിക്കാനുള്ള പദ്ധതിയാണ് ഡിസിപി ധനുഷ്‌ക്കോടിയുടെ സഹായത്തോടെ മുഖ്യന്റെ അടുത്ത അനുയായി ആസൂത്രണം ചെയ്യുന്നത്. ഊട്ടിയില്‍ തനിക്കിഷ്ടമില്ലാത്ത വിവാഹം ഒരുക്കിയിരിക്കുന്ന ഇടത്തുനിന്നും സറീന ബീഗത്തെ തട്ടികൊണ്ടുവന്ന് സുഹൃത്ത് ഈശ്വരമൂര്‍ത്തിയെകൊണ്ട് വിവാഹം കഴിപ്പിക്കുകയാണ് ഗള്‍ഫില്‍ നിന്നും വരുന്ന അബ്ദുല്‍ ഖാലിക്കിന്റെ ലക്ഷ്യം. രണ്ടും ഒരു ദിവസമാണ് നടക്കുന്നത്. വിമാനത്തില്‍ ഇരിക്കുന്ന ഖാലിക്ക് ടൈംലൂപ്പില്‍ പെടുന്നതാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഇതേ അവസ്ഥ ഡിസിപി ധനുഷ്‌ക്കോടിക്കുകൂടി വരുന്നതോടെ ചിത്രം കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തും. ആവര്‍ത്തിക്കപ്പെടുന്ന സീനുകളും സംഭവിക്കാവുന്ന സാഹചര്യങ്ങളെ 'എറര്‍ ഫ്രീ' ആക്കി എടുക്കാനുള്ള രണ്ടുപേരുടെയും ശ്രമങ്ങളും സംവിധായകന്റെ വലിയ ശ്രദ്ധയില്ലെങ്കില്‍ പാളിപ്പോകാവുന്നവയാണ്. എന്നാല്‍ സംവിധായകനും ക്യാമറാമാനും അതിലെല്ലാം ഉപരിയായി എഡിറ്ററും ഇതിനായി അര്‍പ്പിച്ച ധ്യാനം നമിക്കപ്പെടേണ്ടതാണ്.

 കണ്ടുപഴകിയ ഒരു പ്ലോട്ടിനെയാണ് ടൈം ലൂപ്പിന്റെ മാസ്മരികതയിലൂടെ മികച്ചതാക്കി മാറ്റിയിരിക്കുന്നത്. സിലംബരശനും എസ്.ജെ.സൂര്യയും പ്രധാന കഥാപാത്രങ്ങളായ ഖാലിക്കും ധനുഷ്‌ക്കോടിയുമായി തകര്‍ത്തഭിനയിച്ചിരിക്കയാണ്. കല്യാണി പ്രിയദര്‍ശനും എസ്.എ.ചന്ദ്രശേഖറും വൈ.ജി.മഹേന്ദ്രനും കരുണാകരനും പ്രേജി അമരനും അരവിന്ദ് ആകാശും അന്‍ജന കീര്‍ത്തിയും സപ്പോര്‍ട്ടിംഗ് കാരക്ടറുകളായി തിളങ്ങി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തില്‍ കാമറ റിച്ചാര്‍ഡ്.എം.നാഥനും എഡിറ്റിംഗ് പ്രവീണ്‍.കെ.എല്ലും സംഗീതം യുവന്‍ ശങ്കര്‍ രാജയും നിര്‍വ്വഹിച്ചിരിക്കുന്നു.

 SonyLiv ലെ OTT റിലീസായാണ് ചിത്രം കണ്ടത്.

No comments:

Post a Comment