Monday 3 January 2022

Bheemantae vazhi - beautiful script, good direction

 


 ഭീമന്റെ വഴി

 'തമാശ' നല്ലൊരു സിനിമയായിരുന്നു. അതിന്റെ സംവിധായകനാണ് അഷ്‌റഫ് ഹംസ.അഷ്‌റഫിന്റെ രണ്ടാമത്തെ സിനിമയാണ് ഭീന്റെ വഴി. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതി നിര്‍മ്മിച്ച ചിത്രം നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്ന ഒരു സാമൂഹിക വിഷയമാണ്. ഒരു പക്ഷെ കേരളത്തിലെ ഏത് പ്രദേശത്തെയും പോലെ, കാറ് വരുന്ന ഒരു റോഡ് നിര്‍മ്മിക്കാനായി പുറപ്പെടുന്ന കുറേ നന്മയുള്ള മനുഷ്യരും അതിന് തടയിടാന്‍ ശ്രമിക്കുന്ന മറ്റു ചിലരും തമ്മിലുളള ഒരു യുദ്ധമാണ് ചിത്രം പറയുന്നത്. ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് റോഡുണ്ടാകുന്നിടത്താണ് കഥ ശുഭപര്യവസായി ആകുന്നത്.

 വനിത കൗണ്‍സിലര്‍ക്ക് തന്റെ കാലത്ത് റോഡ് വരണം എന്നാണ് ആഗ്രഹം.എന്നാല്‍ മുന്‍ കൗണ്‍സിലര്‍ക്ക് വീണ്ടും വാര്‍ഡ് തന്റേതാകുമ്പോള്‍ പണി തീര്‍ന്നാല്‍ മതി. ആര് മുന്നിട്ടിറങ്ങും. പ്രത്യേകമായ രാഷ്ട്രീയ ബന്ധമില്ലാത്ത ഒരുവന്‍ മുന്നിട്ടിറങ്ങണം, അവന്‍ ജനസമ്മതനും ആകണം. അതാണ് ഭീമന്‍ എന്നറിയപ്പെടുന്ന സഞ്ജിവ് ശങ്കര്‍. അവന്‍ ഒന്നു വിചാരിച്ചാല്‍ അത് സാധിച്ചിരിക്കും.അതാണ് ഭീമന്റെ വഴി. ഒറ്റയടിപാതയുടെ ഇരുവശവും താമസിക്കുന്ന ജനം രസകരമായ സമൂഹത്തിന്റെ ഒരു പരിഛേദമാണ്. വികസനം ആഗ്രഹിക്കാത്തവര്‍, ഒരുവന് നന്മ വരുന്നത് ഇഷ്ടപ്പെടാത്തവര്‍, കുശുമ്പ് ,കുന്നായ്മ ഇങ്ങനെ പോകുന്നു ആളുകള്‍. ഇവരെ വിവധ അടവുകളിലൂടെ വരുതിയിലാക്കിയും കുരുട്ടുബുദ്ധി പ്രയോഗിച്ചും ഒപ്പം നിര്‍ത്തുകയാണ് ഭീമന്‍. ഒടുവില്‍ ഭീമന്‍ ജയിക്കുന്നു.

 കുഞ്ചാക്കോ ബോബനും ജിനു ജോസഫും ദിവ്യ.എം.നായരും നസീര്‍ സംക്രാന്തിയും നിര്‍മ്മല്‍ പാലാഴിയും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ മേഘ തോമസും ചെമ്പന്‍ വിനോദും ചിന്നു ചാന്ദിനിയും മറ്റ് അഭിനേതാക്കളും നല്ല പിന്തുണ നല്‍കി. ഗിരീഷ് ഗംഗാധരന്റെ സിനിമറ്റോഗ്രഫിയും നിസാം കാദിരിയുടെ എഡിറ്റിംഗും വിഷ്ണു വിജയിന്റെ സംഗീതവും ചിത്രത്തിന് മിഴിവേകി👍

No comments:

Post a Comment