Monday, 27 December 2021

Atrangi Re - an interesting love story starring Sara Ali Khan,Dhanush & Akshay kumar

 


 അത്രംഗീ രേ (Atrangi Re )

Disney Hotstar-ല്‍ അത്രംഗീ രേ കണ്ടു. സാറാ അലിഖാനും ധനുഷും അക്ഷയ് കുമാറും ചേരുന്ന ഒരു പ്രണയ കഥയാണ് അത്രംഗീ രേ. റിങ്കു സൂര്യവന്‍ഷി എന്ന പെണ്‍കുട്ടി ചെറുപ്പത്തിലേ ഉണ്ടായ ഒരു മാനസിക പിരിമുറക്കത്തില്‍ നിന്നും രക്ഷപെടാന്‍ സ്വയം വികസിപ്പിച്ച സാങ്കല്‍പ്പിക കഥാപാത്രമാണ് സജ്ജാദ് അലി എന്ന മജീഷ്യന്‍. അവള്‍ അയാളെ പ്രണയിക്കുകയും പലവട്ടം ഒളിച്ചോടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിവാഹം കഴിപ്പിക്കുന്നതോടെ പ്രശ്‌നങ്ങള്‍ തീരും എന്നു ചിന്തിക്കുന്ന മുത്തശ്ശി ഏതെങ്കിലും നാട്ടിലെ ഒരുത്തനെ പിടിച്ചുകെട്ടി കൊണ്ടുവരാന്‍ ആളിനെ വിടുന്നു. അങ്ങിനെയാണ് തമിഴ്‌നാടുകാരനായ, മെഡിസിന് പഠിക്കുന്ന വിശു ഇതിന് ഇരയായി തീരുന്നത്. വിവാഹം കഴിഞ്ഞ് ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയില്‍ അവര്‍ പരസ്പ്പരം ഇഷ്ടപ്പെടാതെ നടത്തിയ വിവാഹം വേര്‍പെടുത്താന്‍ തീരുമാനിക്കുന്നു. വിശു നാട്ടില്‍ പ്രണയിനിയെ വിവാഹം കഴിക്കാനായി പോകുന്നു, എന്നാല്‍ റിങ്കുവിനെ നേരത്തെ വിവാഹം കഴിച്ചതായി വെളിപ്പെടുന്നതോടെ അത് മുടങ്ങുന്നു.

 വളരെ നാളുകള്‍ക്ക് ശേഷമാണ് വിശുവിന്റെ സുഹൃത്ത് മനസിലാക്കുന്നത് സജ്ജാദ് അലി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന്. പിന്നെ ആ കഥാപാത്രത്തെ മെല്ലെ ഇല്ലാതാക്കി റിങ്കുവിനെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്നതാണ് കഥ. നല്ല നര്‍മ്മവും സെന്റിമെന്റ്‌സും ഇടകലര്‍ത്തി തയ്യാറാക്കിയ സ്‌ക്രിപ്റ്റാണ് ഹിമാന്‍ഷു ശര്‍മ്മയുടേത്. ഏത് നിമിഷവും കാണികളുടെ രസം കെട്ടുപോകാവുന്ന വിഷയത്തെ പിടിച്ചുനിര്‍ത്താന്‍ തിരക്കഥയ്ക്ക് കഴിഞ്ഞു. സംവിധായകന്‍ ആനന്ദ്.എല്‍ റായ് സാറാ,ധനുഷ്, അക്ഷയ് കുമാര്‍, സീമ ബശ്വാസ്, അഷിഷ് വര്‍മ്മ തുടങ്ങിയ അഭിനേതാക്കളില്‍ നിന്നും സനിമയ്ക്ക് ആവശ്യമായത്ര മാത്രം സ്വീകരിച്ച് അഭിനയം കൈവിടാതെ ശ്രദ്ധിച്ചു.

 എ.ആര്‍.റഹ്മാന്റെ സംഗീതവും പങ്കജ് കുമാറിന്റെ കാമറയും ഹേമല്‍ കോത്താരിയുടെ എഡിറ്റിംഗും സിനിമയ്ക്ക് ഗുണകരമായി. വിമര്‍ശനാത്മകമായി ചിന്തിക്കാതെ കാണാവുന്ന ഒരു എന്റര്‍ടെയ്‌നറാണ് അത്രംഗീ രേ😍

No comments:

Post a Comment