Thursday, 1 August 2019

Chithral Jain temple, Thripparappu, Thirunandikkara cave temple & Mathur Aqueduct


 ചിതറാള്‍, തൃപ്പരപ്പ്, തിരുനന്ദിക്കര, മാത്തൂര്‍ 

  
ചിതറാള്‍ മല


ആല്‍മരത്തണലില്‍

ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ച

മറ്റൊരു കാഴ്ച

ജൈനക്ഷേത്രഗോപുരം

ഭിത്തിയിലെ ചിത്രത്തിനു മുന്നില്‍

മഹാവീരന്‍

മറ്റൊരു വിഗ്രഹം

മല മുകളില്‍

തൃപ്പരപ്പിലെ തോട്ടം

തിരുനന്ദിക്കര ഗുഹാക്ഷേത്രം

മാത്തൂര്‍ തൊട്ടിപ്പാലം

തൊട്ടിപ്പാലം


  ചിതറാളിന് ചരിത്രപരമായ പ്രാധാന്യം ഏറെയാണെങ്കിലും ഒരു സഞ്ചാരിയെ സംബ്ബന്ധിച്ചിടത്തോളം അതിന്റെ പ്രകൃതി ഭംഗിയും കാലാവസ്ഥയും തന്നെയാവും ആകര്‍ഷണം. ഹരിതാഭമായ ഗ്രാമപ്രദേശത്തുകൂടി യാത്ര ചെയ്ത് ചിതറാളിലെത്തുമ്പോള്‍ ഉച്ചയായിരുന്നു. മലയുടെ താഴ്വാരം വരെ വണ്ടി പോകും. വാഹനം ഇടുന്നിടത്ത് മരങ്ങളൊന്നുമില്ല എന്നത് സങ്കടകരം. പത്തു രൂപയാണ് പാര്‍ക്കിംഗ് ഫീസ്. പ്രദേശത്തെ ജനങ്ങള്‍ക്ക് ചെറിയ വരുമാനത്തിനുള്ള ചില സംവിധാനങ്ങള്‍ ഇപ്പോള്‍ മിക്ക സഞ്ചാരകേന്ദ്രങ്ങളിലുമുണ്ട്. നൂറുകണക്കിന് ഏക്കര്‍ വിസ്തൃതിയുള്ള മലയാണ് ചിതറാള്‍. അനേകം പാറകളാല്‍ വിസ്തൃതമായതും മരങ്ങളും പുല്ലുകളും വളര്‍ന്നു നില്‍ക്കുന്നതുമായ മലയിലേക്ക് കോണ്‍ക്രീറ്റ് പാതയൊരുക്കിയിട്ടുണ്ട്.

   പോകുംവഴി ചെറുപ്പക്കാരുടെ ഒരുക്കൂട്ടം. ഒരു പെണ്‍കുട്ടിയും ഒരു പയ്യനും വിവര്‍ണ്ണരായി നില്‍പ്പുണ്ട്. നാട്ടുകാരായ സദാചാരപോലീസാണതെന്ന് ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയിലെ ജീവനക്കാരന്‍ പറഞ്ഞു. സദാചാരക്കാര്‍ പോലീസില്‍ ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥന്റെ പരാതിയുണ്ടെങ്കിലെ കേസ്സെടുക്കാന്‍ കഴിയൂ എന്നു പറഞ്ഞു. അയാള്‍ എന്നോടും ഉപദേശം ചോദിച്ചു. ' നിങ്ങളുടെ അധികാരപരിധിയില്‍ ഇതുള്‍പ്പെടുന്നുണ്ടോ ? ', ഞാന്‍ ചോദിച്ചു. 'സ്മാരകത്തിന് കേടുവരുത്താതെ സംരക്ഷിക്കുക എന്നതാണ് ഉദ്യോഗസ്ഥന്റെ അധികാരം. വരുന്നയാളുകളുടെ സംരക്ഷണവും സദാചാര സംരക്ഷണവും അതില്‍ ഉള്‍പ്പെടുന്നില്ല', അയാള്‍ പറഞ്ഞു.ആ സ്റ്റാന്റില്‍ ഉറച്ചുനില്‍ക്കാന്‍ ഞാനും ഉപദേശിച്ചു. ഏതായാലും കേസാക്കാതെ പോലീസ് അവരെ പറഞ്ഞുവിട്ടു. എന്തായാലും ഒരു കാര്യം ഉറപ്പാണ്, സദാചാര പോലീസ് എന്നത് ഒരു മാനസിക രോഗമാണ്. അതിന്  ചികിത്സയും ആവശ്യമാണ്.
  
 മന്നോട്ടുപോകുമ്പോള്‍ കാമിതാക്കളായ രണ്ടുപേര്‍ പാര്‍ക്കിലും രണ്ടുപേര്‍ ആല്‍ത്തറച്ചുവട്ടിലും ഇരിക്കുന്നത് കണ്ടു. അനേകം ശാഖകളുള്ളതും വലിയ ഉയരമില്ലാത്തതുമായ ആല്‍മരത്തിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അതിന്റെ ശാഖകളിലൊക്കെയും ആളുകള്‍ വളരെ പ്രയാസപ്പെട്ട് സ്വന്തം പേരോ പ്രിയപ്പെട്ട മറ്റൊരാളുടെ പേരോ ആകാം, എഴുതി വച്ചിരിക്കുന്നു. മരം വളരുന്നതനുസരിച്ച് പേരുകള്‍ അവ്യക്തമായ ചിത്രങ്ങളായി മാറുന്നു. പാറകളിലും പുരാവസ്തുക്കളിലും എന്നുവേണ്ട ടോയ്‌ലറ്റുകളില്‍ പോലും പേരെഴുതിവയ്ക്കുക എന്നത് മനുഷ്യന്റെ സ്വയം പ്രദര്‍ശനമാണ്. ആദികാല ചുവരെഴുത്തുകള്‍ പലതും അത്തരത്തിലുള്ളതാണ്. പാറയിലെ പടികളിലൂടെ ഞങ്ങള്‍ മുകളില്‍ കയറി. അതിശ്കതമായ കാറ്റാണ് മുകളില്‍. ഉച്ചസമയത്തെ ചൂട്‌പോലും പ്രയാസമുണ്ടാക്കാത്തവിധം സുഖം പകരുന്ന കാറ്റ്. ശുദ്ധവായുവിന്റെ ഗതിയില്‍ നമ്മള്‍ വെറുതെ നിന്നുകൊടുത്താല്‍ മതി. കുട പിടിച്ചുനിന്നാല്‍ ഒരു പക്ഷെ അതിനൊപ്പം പറക്കാന്‍ കഴിഞ്ഞേക്കാം, ഒരു പാരച്യൂട്ടിലെന്നവണ്ണം. അവിടെ നിന്നുള്ള കാഴ്ച നയനാനന്ദകരം. വളരെ ദൂരം പച്ചപ്പുകളും നദികളും കെട്ടിടങ്ങളും കാണാം. വലത്തോട്ട് തിരുവനന്തപുരവും ഇടത്തോട്ട് നാഗര്‍കോവിലും കാഴ്ചയില്‍ നിറയുന്നു.

  അവിടെനിന്നും താഴേക്കിറങ്ങി ഇടതുവശം കാണുന്ന പാറകള്‍ക്കിടയിലെ ഇടനാഴിയിലൂടെ കടന്നാണ് ജൈനക്ഷേത്രത്തിലെത്തുക. കാലാതീതമായ തിരുച്ചനാട്ടുമല അഥവാ ചൊക്കന്‍തൂങ്കിമലയിലാണ് ചിതറാലിലെ തിരുചരണത്തുപള്ളി. ഇവിടത്തെ വിഗ്രഹങ്ങള്‍ തീര്‍ത്ഥങ്കരന്മാരുടേതാണ്.ജൈന-ബുദ്ധ ക്ഷേത്രങ്ങള്‍ പൊതുവെ പള്ളികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.  എഡി 610-640 കാലത്ത് നാട് ഭരിച്ചിരുന്ന പല്ലവ രാജാവ് മഹേന്ദ്ര വര്‍മ്മന്‍ ഒന്നാമന്റെ കാലത്തെ പ്രധാന ജൈനക്ഷേത്രമായിരുന്നു ഇത്. ജൈനസന്ന്യാസിമാരെ ചരണന്‍ എന്നാണ് വിളിച്ചിരുന്നത്. മഹാവീരന്റെയും പാര്‍ശ്വനാഥന്റെയും രൂപങ്ങള്‍ ഇവിടെ കൊത്തിയിട്ടുണ്ട്. 1250 ഓടെ ജൈനമതം ക്ഷയിക്കാന്‍ തുടങ്ങി. ശൈവ-വൈഷ്ണവ മതങ്ങളുടെ തള്ളിക്കയററത്തിന്റെ ആ കാലത്താണ് ഇവിടെ ഭഗവതിയെ പ്രതിഷ്ടിച്ചതെന്ന് കരുതപ്പെടുന്നു. ഒരു ഹിന്ദുക്ഷേത്രമാക്കാനുള്ള ശ്രമമായിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. കില്‍ വേമ്പനാട്ടിലെ രാജവള്ളപുരം ദേശവാസി തമിള്‍ അപ്പളവര്യന്‍ നാരായണന്‍ ക്ഷേത്രനിര്‍മ്മിതിക്കായി കുറെ പണം നല്‍കിയിരുന്നു എന്ന് രേഖപ്പെടുത്തുന്ന വട്ടെഴുത്ത് പാറയിലുണ്ട്. വിക്രമാദിത്യ വരഗുണ പാണ്ഡ്യന്റെ ഭരണത്തിന്റെ 28-ാം വാര്‍ഷികത്തിന് പേരവക്കുടി ഭട്ടാരിയാരായിരുന്ന അരട്ടനേമിയുടെ ശിഷ്യ ഗുണന്‍ഡഗി കുറട്ടിഗള്‍ രാജകുമാരി തിരുച്ചാനം മലയിലെ ഭട്ടാരിയാറിന് ഒരു ലോഹ വിളക്കും സ്വര്‍ണ്ണപൂവും സമ്മാനിച്ചു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ തൃശൂര്‍ സര്‍ക്കിളിനാണ് ഈ പ്രദേശത്തിന്റെ മേല്‍നോട്ടം. ആകെ 3 ജീവനക്കാരാണുള്ളത്. മൂന്നും കരാറിലുള്ളവര്‍.

   ബിസി ഒന്നു മുതല്‍ എഡി ആറാം നൂറ്റാണ്ടുവരെ രാജഭരണത്തിന്റെ പിന്‍ബലത്തോടെ ദിഗംബര ജൈനനന്മാരാണ് ഇവിടെ വസിച്ചിരുന്നത്. ജൈനര്‍ രണ്ട് വംശമാണുള്ളത്. പ്രകൃതിയെ വസ്ത്രമായി കരുതി നഗ്നരായി കഴിയുന്ന ദിഗംബരന്മാരും തൂവെള്ള വസ്ത്രം ധരിക്കുന്ന ശ്വേതാംബരന്മാരും. ജിന എന്ന വാക്കില്‍ നിന്നാണ് ജൈനമതം ഉടലെടുക്കുന്നത്. ജിന എന്നാല്‍ പുനര്‍ജന്മത്തെ ജയിച്ചവന്‍ എന്നാണ് അര്‍ത്ഥം.  പാര്‍ശ്വനാഥന്‍, പത്മാവതി എന്നിവര്‍ നില്‍ക്കുന്ന രീതിയിലാണ് ഇവിടെ ശില്‍പ്പങ്ങള്‍. അര്‍ത്ഥപത്മാസനത്തിലിരിക്കുന്ന തീര്‍ത്ഥങ്കരന്മാരെയും കാണാം. മഹാവീരന് മൂന്ന് നിരയിലായുള്ള കുടയും ഒരു മരത്തണലും പരിചാരകരും അംബിക എന്ന യക്ഷിയുടെയും രണ്ട് കുട്ടികളുടെയും സാന്നിധ്യവും ചുവര്‍ശില്‍പ്പത്തില്‍ കാണാം.  വര്‍ദ്ധമാന മഹാവീരന്‍ 24 -ാമത് തീര്‍ത്ഥങ്കരനാണ് എന്നാണ് വിശ്വസിക്കുന്നത്.

    ഗുഹാക്ഷേത്രത്തിന് മണ്ഡപവും വരാന്തയും ബലിപീഠവും മടപ്പള്ളിയുമുണ്ട്. പടിഞ്ഞാറ് ദിശയിലാണ് ക്ഷേത്രനിര്‍മ്മാണം നടത്തിയിരിക്കുന്നത്. മൂന്ന് അറകളാണുള്ളത്. നടുക്ക് മഹാവീരനും വലതുവശം ദേവിയും ഇടതുവശം പാര്‍ശ്വനാഥനും. നടുക്കുള്ള അറയുടെ ഗോപുരം ഇടിമിന്നലില്‍ നശിച്ചുപോയതാണ്. ക്ഷേത്രത്തിനു മുന്നിലായി ഒരു ചെറു കുളവുമുണ്ട്, ഏത് കാലാവസ്ഥയിലും വറ്റാത്ത കുളം. കാഴ്ചകള്‍ കണ്ട് അവിടെ നിന്നിറങ്ങുമ്പോള്‍ വീണ്ടും വരണം എന്ന് നിശ്ചയിച്ചു. പകലിന്റെ വ്യത്യസ്ത സമയങ്ങളിലും വിവിധ കാലാവസ്ഥയിലും ചിതറാള്‍ സന്ദര്‍ശിക്കുമ്പോള്‍ ഓരോ കാഴ്ചയും ഓരോ പുത്തനനുഭവമാകും എന്നുറപ്പ്.

 താഴ്വാരത്തിലെ തട്ടുകടയില്‍ നന്നും അപ്പോള്‍ പൊരിച്ചെടുത്ത ഉള്ളിവടയും വാങ്ങിക്കഴിഞ്ഞ് ആറ്റൂര്‍ വഴി തൃപ്പരപ്പിലേക്ക് പോയി.പോയവഴി ഉച്ചഭക്ഷണം കഴിച്ചു. മീന്‍കറിയും മീന്‍ വറുത്തതും ചേര്‍ത്ത് ഒരു നാടന്‍ ഊണ്.  ഒരു വിനോദസഞ്ചാര ഇടം എന്നതിനപ്പുറം പ്രാധാന്യം തൃപ്പരപ്പിനില്ലെങ്കിലും രാധാകൃഷ്ണനും സജീവും ഇതുവരെ അവിടെ പോയിട്ടില്ല എന്നതിനാല്‍ ഒന്നു കയറാം എന്നേ കരുതിയുള്ളു. കോതൈ നദിയില്‍ 300 അടി നീളത്തിലും 50 അടി ഉയരത്തിലുമാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം. മുകളില്‍ പരന്ന പാറ മുക്കാല്‍ കിലോമീറ്ററോളം വരും. ലോ ഹെഡ് ഡാമില്‍ ജലം കെട്ടിനിര്‍ത്തിയിരിക്കുന്നതിനാലാണ് വെള്ളച്ചാട്ടമുണ്ടാകുന്നത്. ശൈവാലയ ഓട്ടത്തില്‍ ഉള്‍പ്പെടുന്ന ഒരു ക്ഷേത്രം ഇതിനോട് ചേര്‍ന്നാണുള്ളത്. ഉച്ച സമയമായതിനാല്‍ നട അടച്ചിരിക്കയായിരുന്നു. വെള്ളച്ചാട്ടത്തില്‍ കുളിക്കാനൊന്നും നിന്നില്ല. കുറച്ചു സമയം വെള്ളച്ചാട്ടത്തിന് സമീപം നിന്ന് ജലം സ്േ്രപ ചെയ്തുവീഴുന്നതിന്റെ തണുപ്പ് അനുഭവിച്ചു. മുകളില്‍ പാറപ്പുറത്ത് ആളുകള്‍ തുണി കഴുകുന്നതൊക്കെ കാണാന്‍ കഴിഞ്ഞു. ആ ജലമാണ് ഉടന്‍തന്നെ വെള്ളച്ചാട്ടമാകുന്നത്.

  കല്‍ക്കുളം താലൂക്കിലെ തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിലേക്കായിരുന്നു അടുത്തയാത്ര. 9 ാം നൂറ്റാണ്ടിലെ ഒരു ശിവക്ഷേത്രമാണ് ഇത്. ഒരു വലിയ പാറയുടെ തെക്കേ അരുകിലായാണ് ക്ഷേത്രം. മുന്‍പ് ജൈനക്ഷേത്രമായിരുന്നുവോ എന്നുറപ്പില്ല. ശ്രീ നന്ദീശ്വരക്ഷേത്ര കോമ്പൗണ്ടിലൂടെയാണ് അവിടെ എത്തുക. പടവുകള്‍ കയറുമ്പോള്‍ ഗുഹാക്ഷേത്രമായി. ആയ് രാജാവ് വിക്രമാദിത്യ വരഗുണന്റെ കാലത്തേതാണ് പാണ്ഡ്യരീതിയിലുള്ള ഈ ചെറുക്ഷേത്രം. ശിവലിംഗ പ്രതിഷ്ഠ കിഴക്കോട്ട് ദര്‍ശനത്തിലാണ്. ഇവിടെയും വട്ടെഴുത്തുകള്‍ കാണാം. ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ചുവര്‍ചിത്രങ്ങളെല്ലാം നശിച്ചുപോയിരിക്കുന്നു. നന്ദീശ്വര ക്ഷേത്രത്തില്‍ പുനരുദ്ധാരണം നടക്കുകയാണ്. എങ്കിലും ഭക്തിഗാനം മുഴങ്ങുന്നുണ്ട്. അതും മലയാളത്തിലുള്ള ഒരു ഗുരുവായൂരപ്പന്‍ പാട്ട്. കേരളത്തിലെ ഏതോ ഒരു ഗ്രാമത്തിലെത്തിയപോലെ. ക്ഷേത്രത്തിനടുത്താണ് ഐഎസ്ആര്‍ഓ മുന്‍ ചെയര്‍മാന്‍ ശ്രീ.മാധവന്‍ നായരുടെ വീടെന്ന് പരിചയപ്പെട്ട ഒരു നാട്ടുകാരന്‍ പറഞ്ഞു.

   ഇവിടെ നിന്നും മൂന്നര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാത്തൂര്‍ തൊട്ടിപ്പാലമായി. കല്‍ക്കുളം താലൂക്കിലെ പറളിയാറിന് മുകളിലായാണ് ഈ പാലം. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളംകൂടിയതും ഉയരമുള്ളതുമായ അക്യൂഡക്ടുകളില്‍ ഒന്നാണ് മാത്തൂര്‍ തൊട്ടിപ്പാലം. 1966-ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജ് ഈ പ്രദേശത്തെ ജലസേചനത്തിനായാണ് കനാല്‍ നിര്‍മ്മിച്ചത്. വിളവന്‍കോടിനും കല്‍ക്കുളത്തിനുമാണ് കനാലിലൂടെ ജലം നല്‍കി വരുന്നത്. എന്നാല്‍ ഇപ്പോള്‍ കനാലില്‍ ജലമില്ല. പശ്ചിമഘട്ടത്തിലെ മഹേന്ദ്രഗിരിയില്‍ നിന്നാണ് പറളി ഉത്ഭവിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരം വരുന്ന കനാലിന് സമാന്തരമായാണ് നടപ്പാതയും ഉള്ളത്. 28 പില്ലറുകളിലായി നില്‍ക്കുന്ന കനാലിനും നടപ്പാതയ്ക്കും ചില ഇടങ്ങളില്‍ 115 അടിവരെ ഉയരമുണ്ട്. കനാലിന് 7 അടി ഉയരവും ഏഴര അടി വീതിയുമുണ്ട്. താഴെ പറളിയാറില്‍ ആളുകള്‍ കുളിക്കുന്നുണ്ടായിരുന്നു. അവിടെനിന്നും മുകളിലെ നടപ്പാതയിലേക്ക് കയറാന്‍ പടവുുകളും കെട്ടിയിട്ടുണ്ട്. പൈനാപ്പിളും മാങ്ങയുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാരും കനാല്‍ കാണാന്‍ വരുന്ന വിനോദസഞ്ചാരികളും മാത്തൂരില്‍ സജീവം. പ്രവേശന ഫീസ് 15 രൂപയാണ്.

   എത്രനേരം നിന്നാലും മുഷിയാത്ത കാഴ്ചകളാണ് തൊട്ടിപ്പാലം നല്‍കുന്നത്. താഴെയായി നിരന്നു നില്‍ക്കുന്ന തെങ്ങുകളും അകലെ പശ്ചിമഘട്ട കാഴ്ചകളും നദിയുമൊക്കെയായി മനോഹരമാണ് മാത്തൂര്‍. വൈകിട്ട് അവിടെ നിന്നും ഇറങ്ങി. ഇനി നാഗര്‍കോവിലില്‍ മോളുടെ അടുത്തുപോകണം. ഇന്നത്തെ താമസം ഗസ്റ്റ് ഹൗസില്‍. നാളെ രാവിലെ ശുചീന്ദ്രത്തേക്ക് ,7 മണിക്ക് ക്ഷേത്രത്തിലെത്തണം.



   

Wednesday, 31 July 2019

Adikesava perumal temple ,Thiruvattar


 
തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രം



 തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ ത്വാത്തികോര്‍ജ്ജം ആവാഹിക്കപ്പെട്ടിരിക്കുന്നത് സുകുമാരന്‍ നായരിലാണെന്നു തോന്നും. ക്ഷേത്രത്തിലെത്തുന്ന അന്വേഷണത്വരയുള്ള ഏതൊരാള്‍ക്കും ക്ഷേത്രസംബ്ബന്ധിയായ വിവരങ്ങള്‍ നല്‍കാന്‍ ഈ എഴുപത്കാരന് അത്യുത്സാഹമാണ്. ശ്രീകോവിലിലേക്കുള്ള പ്രധാനവാതില്‍ അടച്ചിട്ടിരിക്കുന്നതിനാല്‍  എതിലെയാണ് കയറേണ്ടത് എന്ന സംശയത്തില്‍ നില്‍ക്കുമ്പോള്‍ സുകുമാരന്‍ നായരുടെ പ്രസന്നമായ മുഖം ഞങ്ങളെ തേടിയെത്തി. വരൂ, ഇടതുവശത്തെ ഈ വാതിലിലൂടെ കടക്കാം. വാലായ്മയായതിനാലാണ് പ്രധാന വാതില്‍ തുറക്കാത്തത്, അദ്ദേഹം പറഞ്ഞു. അകത്തുകയറിയ ഉടന്‍ മൂന്ന് വാതിലും തുറന്നിട്ട ആദികേശവ രൂപം കണ്ടു. തെക്കോട്ട് തലവച്ച് ഇടംകൈ അനന്തന് മുകളില്‍ ഉദാസീനമായി ചരിച്ചിട്ടും വലംകൈ ഉയര്‍ത്തിയുമുള്ള യോഗനിന്ദ്ര അഥവാ അഭയഹസ്ത എന്ന നിലയാണ് വിഗ്രഹം. ആദിശേഷന്‍ കാലത്തിന്റെ പ്രതീകമാണ് എന്നു വിശ്വസിക്കപ്പെടുന്നു. സമാധാനപൂര്‍വ്വം പടിഞ്ഞാറോട്ടുനോക്കിയാണ് കിടപ്പ്. പ്രപഞ്ചത്തെ സ്വപ്‌നം കണ്ടുള്ള ആനന്ദശയനമായതിനാല്‍ നരസിംഹമൂര്‍ത്തിയുടെ ക്ഷേത്രം പ്രധാനക്ഷേത്രത്തിന് പുറത്തായി തെക്കു ദിക്കില്‍ നദിയോട് ചേര്‍ന്നാണുള്ളത്. 22 അടി നീളമുള്ള  വിഗ്രഹത്തിന്റെ അസ്ഥി കരിമരമാണ്. തേങ്ങാത്തൊണ്ടാണ് നാഡീവ്യവസ്ഥ. 16008 സാളഗ്രമങ്ങളാണ് ശരീരാവയവങ്ങളെയും ശരീരത്തെയും പ്രതിനിധീകരിക്കുന്നത്. ത്വക്ക് അഥവാ പുറം കവചം കടുശര്‍ക്കര കൊണ്ട് നിര്‍മ്മിതം. അതുകൊണ്ടുതന്നെ ആദികേശവനെ അഭിഷേകം ചെയ്യാറില്ല.  വിഗ്രഹത്തിന് പിന്നിലായി ഗരുഢന്‍,സൂര്യ -ചന്ദ്രന്മാര്‍,പഞ്ചായുധങ്ങള്‍, മധു, കൈബദ എന്നീ അസുരന്മാര്‍ എന്നിവരെ കാണാം. മുന്നില്‍ തലഭാഗത്ത് മഹര്‍ഷി ഹദലേയനും നടുക്കായി ശ്രീദേവിയും ഭൂദേവിയും ഇരിക്കുന്നു. പാദഭാഗത്താണ് ശിവലിംഗം. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലും സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളിലും വിഗ്രഹത്തില്‍ സൂര്യരശ്മി പതിയുംവിധമാണ് നിര്‍മ്മാണം. തിരുവിതാംകൂര്‍ രാജാക്കന്മാര്‍ പത്മനാഭപുരം കേന്ദ്രമാക്കി വേണാടും തിരുവിതാംകൂറും ഭരിച്ചിരുന്ന കാലത്ത് ആദികേശവനായിരുന്നു കുലദൈവം. പിന്നീട് തിരുവന്തപുരത്തേക്ക് തലസ്ഥാനം മാറ്റിയപ്പോള്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം നിര്‍മ്മിച്ചു. അതോടെ രാജാവിന്റെ വരവ് കുറഞ്ഞു, എന്നാല്‍ പള്ളിവേട്ട, ആറാട്ട് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ അമുന്‍തുരുത്തി മഠം പോറ്റിക്കാണ് രാജാവിന്റെ അധികാരം തുല്യം ചാര്‍ത്തി നല്‍കിയിരുന്നത്. അതിപ്പോഴും തുടര്‍ന്നു വരുന്നു. 18 അടി നീളത്തിലുള്ള ശ്രീ പത്മനാഭന്‍ കിഴക്കോട്ട് ദര്‍ശനത്തില്‍ ആദി കേശവനെ നോക്കികിടക്കുന്നു എന്നാണ് സങ്കല്‍പ്പം. ശ്രീരംഗത്തെ വിഗ്രഹം 16 അടിയാണ്. മലയാള നാട്ടിലെ പ്രധാന 13 ദേശങ്ങളില്‍ ഒന്നും 108 ദിവ്യക്ഷേത്രങ്ങളില്‍ ഒന്നുമാണ് ആദികേശവ ക്ഷേത്രം. ചേരവംശത്തിന്റെ ശ്രീരംഗം എന്നും വിളിപ്പേരുണ്ടായിരുന്നു. പട്ടാളത്തിലും തുടര്‍ന്ന് ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലും ജോലി ചെയ്തിരുന്ന സുകുമാരന്‍ നായര്‍ക്ക് കന്യാകുമാരി ജില്ല കേരളത്തിന്റെ ഭാഗമല്ലാതായിതീര്‍ന്നതിന്റെ  ദുഃഖം ഇപ്പോഴുമുണ്ട്. സമ്പല്‍സമൃദ്ധവും ചരിത്രപരമായും ഭൂമിശാസ്ത്രപരമായും കേരളത്തിനോട് ചേര്‍ന്നു നില്‍ക്കുന്ന ഇടവുമായ കന്യാകുമാരിയെ പാലക്കാടിന്റെ ഒരു ചെറിയ ഇടം വാങ്ങി വിട്ടുകൊടുത്തില്ലെ എന്ന സങ്കടം അദ്ദേഹത്തിന്റെ മാത്രമല്ല, കന്യാകുമാരിയില്‍ പരിചയപ്പെടുന്ന ഓരോ പഴയ തിരുവിതാംകൂറുകാരന്റെയും വികാരമാണ്. നമ്മള്‍ യാത്രചെയ്യുമ്പോഴും ഏത് ഭാഗവും കേരളമാണെന്നേ തോന്നുകയുള്ളു താനും. മലയാളം പറയുന്നവര്‍ ധാരാളവും.
 

  2500 വര്‍ഷം പഴക്കമുള്ള ആദികേശവ ക്ഷേത്രത്തില്‍ ഇപ്പോള്‍ വലിയ പണികള്‍ നടക്കുകയാണ്. പത്തുവര്‍ഷം മുന്നെ വരുമ്പോള്‍ കണ്ട ക്ഷേത്രമല്ല ഇപ്പോള്‍. അന്ന് കടുത്ത ദാരിദ്ര്യം പേറുന്ന, ഉറക്കച്ചടവ് മാറാത്തൊരു ,ക്ഷയിച്ച ഇല്ലം പോലെ തോന്നിച്ചിരുന്ന ക്ഷേത്രത്തിന് ഇപ്പോള്‍ കുറച്ച് ഉഷാറൊക്കെ വന്നിട്ടുണ്ട്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. 98 ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. പുറമെ പലരും സഹായിക്കുന്നു. വലിയ തുക വേണ്ടിവരും എന്നാണ് കണക്ക്. ഞങ്ങള്‍ ക്ഷേത്രത്തിലെത്തുമ്പോള്‍ ഒരു സംഘം ഹരേകൃഷ്ണക്കാര്‍ അവിടെ വന്നു പോകുന്നത് കണ്ടു. ക്ഷേത്രകൊടിമരമെന്നത് മനുഷ്യന്റെ നട്ടെല്ലുപോലെയാണ് എന്നു സുകുമാരന്‍ നായര്‍. 32 കശേരുക്കള്‍ പോലെ 32 ഖണ്ഡങ്ങളാണ് കൊടിമരത്തിനുള്ളത്. കശേരുക്കള്‍ തേഞ്ഞാല്‍ മനുഷ്യന്‍ വളഞ്ഞുപോകുന്നപോലെ കൊടിമരത്തിന് തേയ്മാനം സംഭവിച്ചാല്‍ ക്ഷേത്രത്തിന് ബലക്ഷയം വരുമെന്ന് നായര്‍ പറഞ്ഞു. അത്തരത്തില്‍ അടിത്തറയിക്ക് തേയ്മാനം സംഭവിച്ച ആദികേശവ ക്ഷേത്രത്തിലെ കൊടിമരം ഒരു ഹിന്ദുവിന്റെ മരണാനന്തര ചടങ്ങുകള്‍പോലെ പൂജകള്‍ നടത്തി ദഹിപ്പിച്ച് ഭസ്മം പുഴയിലൊഴുക്കിയ ശേഷം പുതിയ കൊടിമരത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത് 2016ലാണ്. കോന്നിയില്‍ നിന്നും കൊണ്ടുവന്ന 70 അടിയിലേറെ നീളമുള്ള തേക്കിന്‍ തടി എള്ളെണ്ണ തോണിയില്‍ ഇട്ടിരിക്കയാണ്. അത് പാകമാകാന്‍ 18 മാസം വേണം. ആ സമയം കഴിഞ്ഞിരിക്കയാണ്. ഇനി  ചെമ്പ് പൂശി സ്ഥാപിക്കുന്നതോടെ ക്ഷേത്രത്തിന് നഷ്ടമായ പ്രതാപം വീണ്ടുകിട്ടുമെന്ന് സുകുമാരന്‍ നായര്‍ വിശ്വസിക്കുന്നു. ഞങ്ങളോട് സംസാരിച്ചു നില്‍ക്കെ സഹപൂജാരി വന്നുപറഞ്ഞു, പൂജയ്ക്ക് സമയമയെന്ന്. അദ്ദേഹം ബാലാലയത്തിന് മുന്നില്‍ കയര്‍കെട്ടി നിവേദ്യപൂജയ്ക്ക് സൗകര്യമൊരുക്കി.

        ആദികേശവന് നാല് കാവല്‍ക്കാരാണുള്ളത്. ജയവിജയന്മാര്‍ കൊടിമരത്തിനടുത്തും ചണ്ഡനും പ്രചണ്ഡനും ശ്രീകോവിലനടുത്തുമാണുള്ളത്. കൊടിമരം തൊഴുത് ബലിപീഠം കടന്നുപോകുമ്പോള്‍ ഭക്തനെ ആവാഹിച്ചിട്ടുള്ള ദോഷങ്ങള്‍ ഒഴിവാകുന്നു എന്നാണ് സുകുമാരന്‍ നായര്‍ പറയുന്നത്. ഈ ഭാഗത്ത് നാല് വ്യാളികളും വിഭീഷണനും ശംഖുചൂഡനും താണ്ഡവമാടുന്ന ശിവപെരുമാളും ശ്രീകൃഷ്ണനും ഇന്ദ്രജിത്തും രതി മന്മഥന്മാരും കൊത്തിയിട്ടുണ്ട്. ശിവപെരുമാളിന് ചുറ്റിലുമായി വിഷ്ണുവിന്റെയും ബ്രഹ്മാവിന്റെയും ഹനുമാന്റെയും സാന്നിധ്യം കാണാം. എത്ര മനോഹരമായ ബിംബങ്ങളെയാണ് കല്ലില്‍ കൊത്തിവയ്ക്കുന്നത്.  ഇത്തരം ക്ഷേത്രങ്ങളെല്ലാം നമ്മെ അത്ഭുത്തപ്പെടുത്തുന്നു, കലാകാരന്മാരെ നമ്മള്‍ ബഹുമാനപുരസരം നമിക്കുന്നു. ഓടക്കുഴല്‍ വായിക്കുന്ന കൃഷ്ണന് ചുറ്റും ജീവികള്‍ ലയിച്ചു നില്‍ക്കുന്നു. പാമ്പിന്റെ തലയില്‍ എലി, സിംഹത്തിന്റെ പാല് കുടിക്കുന്ന മാന്‍കുട്ടി എന്നിങ്ങനെ സംഗീതത്തിന്റെ ദിവ്യത്വം അറിയിക്കുന്ന ശില്‍പ്പങ്ങള്‍.

     ഉദയമാര്‍ത്താണ്ഡ വര്‍മ്മ മണ്ഡപം ഒറ്റക്കല്ലിലാണ് തീര്‍ത്തിരിക്കുന്നത്. 18 അടി നീളവും വീതിയും മൂന്നടി കനവുമുള്ള മണ്ഡപത്തിന്റെ മഖപ്പും തൂണുകളും തടിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. മനോഹരമായ ചെറുതും വലുതുമായ ശില്പ്പങ്ങളാണ് സൂക്ഷ്മതയോടെ നടയില്‍ കൊത്തിയിരിക്കുന്നത്. അഷ്ടദിക് പാലകര്‍ക്കു പുറമെ പാലാഴി മഥനമാണ് കൊത്തിയിട്ടുള്ളത്. വാസുകി സര്‍പ്പത്തെ ഉപയോഗിച്ച് പാലാഴി കടയുന്നു. ഒരു വശത്ത് ദേവന്മാര്‍. അതില്‍ മുന്നെ നില്‍ക്കുന്നത് ഗണപതിയാണ്. മറുവശം അസുരന്മാരും. ഗണപതി തീറ്റപ്രിയനായതിനാല്‍ ഗണപതിക്കുള്ള ഭക്ഷണം കൊണ്ടുവരുന്നതാണ് മറുവശം കൊടുത്തിരിക്കുന്നതെന്ന് സുകുമരന്‍ നായര്‍ പറയുന്നു. അസുരന്മാര്‍ക്ക് വിശപ്പില്ല. അവര്‍ രാക്ഷസികളുടെ നൃത്തം കണ്ടുകൊണ്ടാണ് പാലാഴി കടയുന്നത്. ഐപിഎല്‍ നടക്കുമ്പോഴത്തെ നൃത്തവുമായാണ് സുകുമാരന്‍ നായര്‍ അതിനെ ഉപമിക്കുന്നത്. ഏറ്റവും അത്ഭുതമുണര്‍ത്തുന്ന ഒന്നാണ് തിരുഅള്ള മണ്ഡപം. 1740ല്‍ ആര്‍ക്കോട്ട് നവാബാണ് ഇത് നിര്‍മ്മിച്ചത്. രണ്ടര കിലോ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ഒരു തൊപ്പി അദ്ദേഹം സംഭാവന ചെയ്തിരുന്നു. എന്നാലത് പില്‍ക്കാലത്ത്‌മോഷണം പോയി എന്നതാണ് സങ്കടകരം.ഇപ്പോഴും വര്‍ഷത്തില്‍ 21 ദിവസം തിരുഅള്ള പൂജ നടക്കുന്നുണ്ട്.  ക്ഷേത്രച്ചുവരുകളിലെ ചുവര്‍ചിത്രങ്ങള്‍ നഷ്ടമായത് ആരെയും വേദനിപ്പിച്ചില്ല എന്നതും സങ്കടമുണര്‍ത്തുന്ന കാര്യമാണ്. അധികാരികളില്‍ കല, സംസ്‌കാരം, ചരിത്രം എന്നിവയെകുറിച്ച് അവബോധമില്ലാതെ വരുന്നതിനാല്‍ നമുക്ക് കൈമോശം വരുന്നത് വലിയ സംഭാവനകളാണ്. ഇത് ലോകമൊട്ടാകെ സംഭവിച്ചുകൊണ്ടിരിക്കുന്നു.


  മാര്‍ത്താണ്ടത്തുനിന്നും ഏകദേശം പത്ത് കിലോമീറ്റര്‍ ഹരിതാഭ നിറഞ്ഞ ഇടങ്ങളിലൂടെ സഞ്ചരിച്ചാണ് തിരുവട്ടാറിലെത്തുക. അവിടെ ആല്‍ത്തറയില്‍ നാഗപൂജ കാണാം. 30 അടി ഉയരത്തിലാണ് ക്ഷേത്രമതില്‍. വണ്ടി ക്ഷേത്രമുറ്റത്തുതന്നെ പാര്‍ക്ക് ചെയ്യാം. കിഴക്കോട്ട് പടവുകളിറങ്ങിയാല്‍ പുഴയായി. പടവുകളും കല്‍മണ്ഡപവും വേണ്ടത്ര വൃത്തിയായി സൂക്ഷിച്ചിട്ടില്ല. പുഴയിലേക്ക് ഇറങ്ങുന്ന ഭാഗവും അങ്ങിനെതന്നെ. പടിഞ്ഞാറു ഭാഗത്തുള്ള ആറാട്ടുകടവില്‍ ജലം തടഞ്ഞു നിര്‍ത്തിയിട്ടുണ്ട്. അവിടെ ആളുകള്‍ കുളിക്കുന്നുണ്ടായിരുന്നു.ഇടതുവശത്തായി കുട്ടികളുടെ ഒരു പാര്‍ക്കുണ്ട്. അവിടെ നില്‍ക്കുന്ന കൂറ്റന്‍ ഇലവുമരവും നമ്മെ അതിശയിപ്പിക്കും. ക്ഷേത്രത്തിലേക്ക് കിഴക്കേനട വഴിയും പടിഞ്ഞാറെ നട വഴിയും പ്രവേശിക്കാം. ഉള്‍വരാന്തകള്‍ വളരെ വിശാലമാണ്. അവിടെ തൂണുകളിലെ 224 ദീപാലക്ഷ്മിമാരും വ്യത്യസ്ത മുഖഭാവമുള്ളവരാണ്.  ഒരേക്കറിലേറെ വരുന്ന ക്ഷേത്രപറമ്പില്‍ തമിഴ്‌നാട് ദേവസ്വം കേന്ദ്രസര്‍ക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെയാണ് പുനരുദ്ധാരണം നടത്തുന്നത്. ക്ഷേത്രത്തില്‍ വിവിധ ഇടങ്ങളിലായി വട്ടെഴുത്തിലും മറ്റുമായി 50 ഭാഗങ്ങളില്‍ തമിഴിലും സംസ്‌കൃതത്തിലും രേഖപ്പെടുത്തലുകള്‍ നടന്നിട്ടുണ്ട്. കുലോത്തുംഗ ചോളന്‍ I, രാജേന്ദ്ര ചോളന്‍ I എന്നിവരുടെ കാലത്തെ പണികളെകുറിച്ചും രേഖകളുണ്ട്.  

    എല്ലാ ക്ഷേത്രങ്ങള്‍ക്കുമെന്നപോലെ ആദികേശവനെകുറിച്ചും ഐതീഹ്യങ്ങളുണ്ട്. ഒരു കഥ ഇങ്ങിനെയാണ്. ദേവന്മാരുടെ അഭ്യര്‍ത്ഥന മാനിച്ച് വിഷ്ണു ഭഗവാന്‍ കേശവപ്പെരുമാളായി വന്ന് കേശി എന്ന അസുരനെ നിഗ്രഹിച്ചു. അയാളുടെ ഭാര്യ കഠിന പ്രാര്‍ത്ഥനയിലൂടെ ഗംഗയെയും താമ്രപര്‍ണ്ണിയെയും കൊണ്ടുവന്ന് ക്ഷേത്രത്തിന് നാശം വിതയ്ക്കാന്‍ തീരുമാനിച്ചു. ജലം ക്ഷേത്രത്തെ വിഴുങ്ങാതിരിക്കാന്‍ ഭൂമാതാവ് ക്ഷേത്രത്തെ ഉയര്‍ത്തി. ഭഗവല്‍ സാന്നിധ്യം മനസിലാക്കിയ നദികള്‍ ക്ഷമ യാചിക്കുകയും ഭഗവാനെ ചുറ്റാന്‍ ആരംഭിക്കുകയും ചെയ്തു. ക്ഷേത്രത്തിനെ നദികള്‍ ചുറ്റുന്നതിനാലാണ് പ്രദേശത്തിന് തിരുവട്ടാര്‍ എന്നു പേരുവന്നത്. മറ്റൊരു ഐതീഹ്യം ഇങ്ങിനെ. സരസ്വതി ദേവിയുടെ സാന്നിധ്യമില്ലാതെ ബ്രഹ്മാവ് യാഗം നടത്തി. കോപിഷ്ടയായ സരസ്വതി ദേവി കേശന്‍, കേശി എന്നീ അസുരന്മാരെ ഹോമാഗ്നിയില്‍ നിന്നും ജ്വലിപ്പിച്ചെടുത്തു. ഇവര്‍ മൂന്നു ലോകത്തിലും ശല്യമുണ്ടാക്കാന്‍ തുടങ്ങി. ദേവന്മാര്‍ വിഷ്ണുവിനെ സമീപിച്ചു. വിഷ്ണു കേശവപെരുമാളായി വന്ന് കേശനെ തോല്‍പ്പിച്ചു. കേശിയുടെ ആക്രമത്തില്‍ നിന്നും ദേവനെ രക്ഷിക്കാനായി ആദിശേഷന്‍ കേശവനെ പൊതിഞ്ഞു നിന്നു. അതാണ് ആദികേശവന്‍ എന്ന പേരുലഭിക്കാന്‍ കാരണം. സഹോദരന്റെ മരണത്തിന് പ്രതികാരം ചെയ്യാന്‍ കേശിയും സുഹൃത്തായ കോതൈയും രണ്ട് നദികളായി രൂപം മാറി ക്ഷേത്രത്തെ നശിപ്പിക്കാന്‍ പുറപ്പെട്ടു. ഭൂമിദേവി ക്ഷേത്രത്തെ സംരക്ഷിച്ചു. നദികള്‍ ഇപ്പോഴും ചുറ്റി ഒഴുകുന്നു എന്നതാണ് മറ്റൊരു കഥ. പറളിയും കോതൈയും താമ്രപര്‍ണ്ണിയുമാണ്  ചുറ്റി ഒഴുകുന്ന നദികള്‍. കേശനെ കൊന്നശേഷം കേശിയെ തലയണയാക്കി എന്നും കഥയുണ്ട്. 12 കൈകളുള്ള കേശി രക്ഷപെടാന്‍ പലവട്ടം ശ്രമിച്ചു. ഒടുവില്‍ 12 രുദ്രാക്ഷങ്ങള്‍ കൈയ്യിലിട്ട് ബന്ധിച്ചുവെന്നും ഈ രുദ്രക്ഷങ്ങള്‍ വളര്‍ന്ന് 12 ശിവക്ഷേത്രങ്ങളായി എന്നും വിശ്വാസം. ഈ ക്ഷേത്രങ്ങളിലാണ് ശിവാലയ ഓട്ടം നടത്തുന്നത്. അത് സമാപിക്കുന്നത് തിരുവട്ടാറിലും .

   ഉച്ചയോടെ ക്ഷേത്രം അടയ്ക്കും മുന്നെ സുകുമാരന്‍ നായരോട് യാത്ര പറഞ്ഞിറങ്ങി. ഒരു ദക്ഷിണ നല്‍കട്ടെ എന്ന ചോദ്യത്തിന് ഭഗവാന്‍ രണ്ട് പെന്‍ഷനുകളിലായി നാല്‍പ്പതിനായിരത്തിലേറെ രൂപ നല്‍കുന്നുണ്ട്. ഇതെന്റെ സന്തോഷമാണ്. രാവിലെ തുടങ്ങി ഉച്ചവരെയും വൈകിട്ടും ഇങ്ങിനെ കര്‍മ്മം ചെയ്ത് തുടരാന്‍ ഭഗവാന്റെ അനുഗ്രഹം മാത്രംമതി എന്ന് സന്തോഷം രേഖപ്പെടുത്തി. ഒരു പൂമാലയും തന്നു. സജീവ് മൊബൈല്‍ നമ്പര്‍ ചോദിച്ചു. അതൊന്നും ഇല്ലാത്തിന്റെ സുഖത്തിലാണ് ജീവിതം എന്നു മറുപടിയും. ക്ഷേത്രപറമ്പില്‍ ഒരു ടോയ്‌ലറ്റ് സമുച്ചയമുണ്ട്. അവിടെ ആണ്‍-പെണ്‍ എന്നത് തമിഴിലാണ് എഴുത്ത്. ചിത്രവുമില്ല. തമിഴ് അറിയാത്തവന് അടി കിട്ടാന്‍ സാധ്യതയുണ്ട്  എന്ന ബോധ്യത്തോടെ ഞങ്ങള്‍ ( ഞാനും ജയശ്രീയും സജീവും രാധാകൃഷ്ണനും) വണ്ടിയില്‍ കയറി. ഇനി യാത്ര ചിതറാള്‍ മലയിലേക്ക്. 

Wednesday, 24 July 2019

Aayirathil oruvan - technically perfect film with an imperfect script


 ആയിരത്തില്‍ ഒരുവന്‍




  1965 ല്‍ ഇറങ്ങിയ  ഒരു എംജിആര്‍ ചിത്രമാണ് ആയിരത്തിലൊരുവന്‍. അതേ പേരില്‍ 2010 ല്‍ ഇറങ്ങിയ ചിത്രവും പഴയ ചിത്രവും തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കിലും ഒരു കപ്പല്‍ യാത്രയുടെ ദൃശ്യങ്ങളില്‍ അതിലെ ഒരു പാട്ടുകൂടി ചേര്‍ത്തിട്ടുണ്ട്  പുതിയ ചിത്രത്തിന്റെ സംവിധായകന്‍ ശെല്‍വരാഘവന്‍. സാഹസികതയും സംഘട്ടനങ്ങളും നിറഞ്ഞ ചിത്രമാണ് ആയിരത്തിലൊരുവന്‍. എഡി 1279ല്‍ ചോളസാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച് പാണ്ഡ്യപ്പട തമിഴകം സ്വന്തമാക്കി. ചോളന്മാര്‍ക്ക് എന്തു സംഭവിച്ചു, ആ വംശം പൂര്‍ണ്ണമായും അറ്റുപോയോ എന്ന ചോദ്യത്തില്‍ നിന്നാകണം സംവിധായകന്‍ ഇത്തരമൊരു ചിത്രത്തിന്റെ ബീജം കണ്ടെത്തിയത്. പരാജിതനായ ചോള ചക്രവര്‍ത്തി മരിക്കും മുന്നെ തന്റെ മകനെയും കുറെ വിശ്വസ്തരെയും ഒരു രഹസ്യനാട്ടിലേക്ക് കടത്തിയെന്നും എന്നെങ്കിലും ഒരു സന്ദേശവാഹകന്‍ വന്ന് തഞ്ചാവൂരില്‍ അധികാരമേറാന്‍ വിളിക്കുമെന്നും അപ്പോള്‍ മടങ്ങാമെന്ന പ്രതീക്ഷയോടെ ്അവര്‍ ഒരു ദ്വീപില്‍ കഴിയുന്നുവെന്നുമുളള രീതിയിലാണ് കഥ രൂപപ്പെടുത്തിയിരിക്കുന്നത്. രഹസ്യ താവളം മലേഷ്യയുടെയും വിയറ്റ്‌നാമിന്റെയും തായ്‌ലന്റിന്റെയും അതിരാണെന്നും സങ്കല്‍പ്പിക്കുന്നു. പാണ്ഡ്യരുടെ അനന്തരാവകാശികള്‍ക്കും ഇവരെ കണ്ടെത്തി നശിപ്പിക്കുകയും അവരുടെ പ്രിയപ്പെട്ട ഒരു വിഗ്രഹം വീണ്ടെടുക്കുകയും വേണം.

  കഥ തുടങ്ങുന്നത് 2009 ല്‍ ചോളരെ അന്വേഷിച്ചുപോയ ചന്ദ്രമൗലി എന്ന ആര്‍ക്കയോളജിസ്റ്റ് മടങ്ങി വരാത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അയാളെ കണ്ടെത്താന്‍ അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുന്നതോടെയാണ്. അനിത എന്ന ക്രൂര സ്വാഭാവത്തിനു പേരുകേട്ട ഇന്റലിജന്‍സ് ഓഫീസറും രവിശേഖരന്‍ എന്ന മറ്റൊരു പരുക്കന്‍ പട്ടാളമേധാവിയും പട്ടാളക്കാരുമാണ് സംഘത്തിലുള്ളത്. ചന്ദ്രമൗലിയുമായി പിണങ്ങികഴിയുന്ന അയാളുടെ മകള്‍ ലാവണ്യയുടെ കൈയ്യില്‍ അച്ഛന്‍ തയ്യാറാക്കിയ റൂട്ടും വിവര ശേഖരവുമുണ്ട്. അതിനാല്‍ അവളെയും ഒപ്പം കൂട്ടുന്നു. മുത്തു എന്ന പോര്‍ട്ടര്‍ നേതാവിന്റെ നേതൃത്വത്തിലുളള ഒരു പോര്‍ട്ടര്‍ സംഘവും ഒപ്പമുണ്ട്.

  ഇവരുടെ സാഹസിക യാത്രയാണ് സിനിമ പറയുന്നത്. ചോളര്‍ വിരിച്ചിട്ട ഏഴ് ട്രാപ്പുകള്‍ അതിജീവിച്ചാലെ അവര്‍ക്ക് ദ്വീപിലെത്താന്‍ കഴിയൂ. കടല്‍ ജീവികളാണ് ആദ്യ ട്രാപ്പ്. അവിടെ കുറേപേര്‍ മരിക്കും. പിന്നീട് മനുഷ്യരെ തിന്നികള്‍, യോദ്ധാക്കള്‍, പാമ്പുകള്‍, പട്ടിണിയുടെ നാളുകള്‍, വേഗം പ്രകൃതി മാറുന്ന മണല്‍കാട്, ബ്ലാക് മാജിക്കിന്റെ ഗ്രാമം ഇങ്ങിനെയാണ് സ്വീക്വന്‍സ്. ഓരോ ഘട്ടത്തിലും മരണങ്ങളും വേര്‍പെടലും വേദനയുമാണ്. വളരെ സാഹസപ്പെട്ടാണ് ഷൂട്ടിംഗ് നടത്തിയിരിക്കുന്നത്.

   കുറച്ചധികം ഭാഗം  ആതിരപ്പിളളിയിലാണ്  ഷൂട്ട് ചെയ്തിരിക്കുന്നത്. കുറേ കാടുകള്‍ നശിപ്പിക്കുന്ന കാഴ്ച കാണേണ്ടി വന്നു. മണലാരണ്യത്തിലെ ഷോട്ടുകളും പാമ്പുകളുടെ ആനിമേഷനുമൊക്കെ വളരെ നന്നായി ചെയ്തിട്ടുണ്ട്. സിനിമയുടെ ഒരു സ്വഭാവമനുസരിച്ച് പോര്‍ട്ടര്‍ മുത്തു ഒരു സൂപ്പര്‍ ഹീറോയായി അവതരിപ്പിക്കപ്പെടുന്നു. അവനോട് റൊമാന്‍സുമായി ഇന്റലിജന്‍സ് മേധാവിയും ആര്‍ക്കയോളജിസ്റ്റും. അതുമായി ബന്ധപ്പെട്ട രംഗങ്ങളും പാട്ടുകളും കൊമേഴ്‌സ്യല്‍ സിനിമയുടെ അനിവാര്യതകള്‍ എന്നെ പറയേണ്ടു. ഒടുവില്‍ അനിതയും ലാവണ്യയും മുത്തുവും ചോളരുടെ അടുത്തെത്തുന്നു. ഇതിലാരാണ് സന്ദേശവാഹകന്‍ എന്നറിയാതെ അനിതയെ വിശ്വസിക്കുന്ന രാജാവിന് അബദ്ധം പറ്റുന്നു. യഥാര്‍ത്ഥത്തില്‍ അനിത പാണ്ഡ്യ പരമ്പരയിലെ കണ്ണിയാണ്. അവള്‍ വിഗ്രഹം സ്വന്തമാക്കുകയും സൈന്യത്തെ എത്തിക്കുകയും ചെയ്യുന്നു. മുത്തുവാണ് സന്ദേശവാഹകന്‍ എന്നവര്‍ തിരിച്ചറിയുന്നു. അനിത നല്‍കിയ വിഷം കാരണം മരണപ്പെടുന്ന പുരോഹിതന്‍ അതിനു മുന്‍പായി അത്ഭുത സിദ്ധികള്‍ മുത്തുവിന് നല്‍കുന്നു. പ്രാകൃതായുധങ്ങള്‍ മാത്രമുളള ചോളരും ആധുനിക യുദ്ധ സന്നാഹമുള്ള ഇന്ത്യന്‍ സൈന്യവും ഏറ്റുമുട്ടുന്നു. രാജാവ് ഉള്‍പ്പെടെയുള്ളവര്‍ മരിക്കുന്നു. എന്നാല്‍ മുത്തു ഇളമുറയിലെ രാജകുമാരനെയും കൊണ്ട് രക്ഷപെടുന്നു. ഇതാണ് ശെല്‍വരാഘവന്റെ സിനിമ പറയുന്നത്.

  3000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വച്ച് സിനിമ ചെയ്യുക, പഴയ കാലം ചിത്രീകരിക്കുക, ഫാന്റസി കൊണ്ടു വരുക, ആക്ഷന്‍ ഒരുക്കുക തുടങ്ങി പ്രയാസമേറിയ ഒത്തിരി സംഗതികള്‍ ചിത്രത്തിലുണ്ട്. ആനിമേഷന്റെയും സാങ്കേതികതയുടെയും ധാരാളം മഹൂര്‍ത്തങ്ങള്‍. ആര്‍.രവീന്ദ്രന്‍ നിര്‍മ്മിച്ച ചിത്രത്തിന് സിനിമാറ്റോഗ്രാഫി ചെയ്തത് രാംജിയും സംഗീതം ജി.വി.പ്രകാശ് കുമാറും എഡിറ്റിംഗ് കോല ഭാസ്‌ക്കറുമാണ് നിര്‍വ്വഹിച്ചത്. റാംബോ രാജ്കുമാറിന്റെ ആക്ഷന്‍ എടുത്തു പറയേണ്ടതാണ്.

  മുത്തുവായി കാര്‍ത്തിയും അനിതയായി റീമ സെന്നും ലാവണ്യയായി ആന്‍ഡ്രിയ ജെര്‍മിയയും ചോളരാജാവായി പാര്‍ത്ഥിപനും രവിശേഖരനായി അഴകം പെരുമാളും ചന്ദ്രമൗലിയായി പ്രതാപ് പോത്തനും വേഷമിട്ട ചിത്രം കുറേക്കൂടി ഒതുക്കി ചെയ്യാമായിരുന്നു എന്നു തോന്നി. കാര്‍ത്തിയുടെയും പെണ്ണുങ്ങളുടെയും തമാശകള്‍ കുറച്ചും ചോളരുടെ ജീവിതത്തിലെ ചിത്രീകരണം ഒതുക്കിയും ചെയ്യേണ്ടതായിരുന്നു. ചിത്രത്തിന് പിന്നിലെ അധ്വാനം ഒന്നു മാത്രം ചിന്തിച്ചാല്‍ ഒരിക്കല്‍ കണ്ടിരിക്കേണ്ട ചിത്രമാണ് എന്നു പറയാന്‍ കഴിയും. 

Sunday, 21 July 2019

kadaram kondan -- An interesting action thriller

 കാദരം കൊണ്ടാന്‍ -  ആദ്യാവസാനം മുഷിയാതെ കാണാവുന്ന  ആക്ഷന്‍ ത്രില്ലര്‍



 കാദരം കൊണ്ടാന്‍ എന്നാല്‍ കാദരം കീഴടക്കിയവന്‍ എന്നാണര്‍ത്ഥം.ആധുനിക മലേഷ്യയിലെ കേഡ (Kedah) ജില്ലയാണ് കാദരം. 1025ല്‍ കാദരം കീഴടക്കിയ വീരരാജേന്ദ്ര ചോളനാണ് ഇങ്ങനൊരു അപരനാമത്തില്‍ അറിയപ്പെടുന്നത്. ചിത്രത്തിലെ നായകന്‍ കെകെ (വിക്രം) മലേഷ്യന്‍ പോലീസിനെ മണ്ടന്മാരാക്കി, അവിടത്തെ അധോലോകത്തിന്റെ ഭാഗമായി കഴിയുന്ന ഡബിള്‍ ഏജന്റാണ്. ഒരു കേസിലും പ്രതിയാകാതെയുള്ള ഗയിമുകളിലൂടെ അയാള്‍ തന്റെ ജീവിതം തുടരുന്നതാണ് സിനിമയില്‍ കാണിക്കുന്നത്. ഒരു പക്ഷെ അതുകൊണ്ടുതന്നെയാകാം ചിത്രത്തിന് മലേഷ്യ പ്രദര്‍ശനാനുമതി നല്‍കാത്തതും.

  2010 ല്‍ ഇറങ്ങിയ പോയിന്റ് ബ്ലാങ്ക് എന്ന ഫ്രഞ്ച് സിനിമയുടെ റീമേക്കായ കാദരം കൊണ്ടാന്‍ ആദ്യാവസാനം മുഷിയാതെ കാണാവുന്ന ആക്ഷന്‍ ത്രില്ലറാണ്.വിക്രത്തിന്റെ കെട്ടും മട്ടും ആകെ മാറിയിരിക്കുന്നു. ലൂസിഫറിലെ ലാലിനെപ്പോലെ ഭംഗിയുള്ള നരച്ച തായിടുമൊക്കെയായി ഒരു സെമിവില്ലന്‍ ക്യാരക്ടര്‍. ചിത്രം തുടങ്ങുമ്പോഴുള്ള നായകന്റെ പ്രവേശനം തന്നെ ചിത്രത്തിന്റെ പോക്ക് വ്യക്തമാക്കുന്നതാണ്. പൂര്‍ണ്ണമായും മലേഷ്യയില്‍ ഷൂട്ടു ചെയ്ത ചിത്രത്തില്‍ വിക്രം രംഗത്തെത്തുന്നത് മലേഷ്യയിലെ പ്രസിദ്ധമായ പെട്രോണാസ് ട്വിന്‍ ടവറിലെ ഒരു കെട്ടിടത്തില്‍ നിന്നും ഗ്ലാസ് ജനാല പൊട്ടിച്ച് ചാടുന്നതായിട്ടാണ്.രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ പിടിക്കപ്പെടുന്നു. പോലീസ് സംരക്ഷരണയില്‍ ആശുപത്രിയില്‍ ചികത്സയിലാകുന്ന കെകെയെ അഡ്മിറ്റു ചെയ്ത വാര്‍ഡിലെ നൈറ്റ് ഷിഫ്റ്റ് നഴ്‌സാണ് വാസു(അബി ഹസ്സന്‍).ഗര്‍ഭിണിയായ ഭാര്യ ആതിര( അക്ഷര ഹസ്സന്‍)യ്‌ക്കൊപ്പം മലേഷ്യയിലെത്തിയിട്ട് പത്തു ദിവസമെ ആകുള്ളു.അമ്മ സഹായിക്കാനായി വരുമൊ എന്നു ചോദിക്കാനായി ഫോണെടുക്കുമ്പോഴാണ് ഒരുവന്‍ കെകെയുടെ ശരീരത്തില്‍ ഘടിപ്പിച്ചിരിക്കുന്ന മെഷീനുകള്‍ വേര്‍പെടുത്തി പോകുന്നത് അവന്‍ കാണുന്നത്. പെട്ടെന്നുള്ള ഇടപെടലിലൂടെ അവന്‍ കെകെയെ രക്ഷിക്കുന്നു.

  ഈ സംഭവം വീട്ടില്‍ വന്ന് പറയുന്ന സമയത്താണ് വീട്ടിലെത്തുന്ന ഒരുവന്‍ അവനെ അടിച്ചിട്ട് ആതിരയെ തട്ടിക്കൊണ്ടു പോകുന്നത്. പിന്നീട് അവസാനംവരെയും രസച്ചരട് മുറിയാതെ മുന്നോട്ടു പോകുന്ന ത്രില്ലറായാണ് ചിത്രം വികസിക്കുന്നത്. മലേഷ്യന്‍ പോലീസിലെ രണ്ട് അന്വേഷണ സംഘങ്ങള്‍ തമ്മിലുള്ള പോരും കഥയുടെ ഭാഗമാണ്. ചിത്രത്തിന്റെ ഒന്നാം പാതി രണ്ടാം പാതിയുടെ ആക്ഷന്‍ ഷോട്ടുകള്‍ക്കുള്ള തയ്യാറെടുപ്പാണെന്നു പറയാം. അനാവശ്യ ഷോട്ടുകളൊ മടുപ്പിക്കുന്ന ഗാനരംഗങ്ങളൊ ഇല്ല എന്നത് ആശ്വാസകരം. എടുത്തുപറയേണ്ടത് ജിബ്രാന്റെ സംഗീതമാണ്. സാധാരണ ആക്ഷന്‍ ചിത്രങ്ങള്‍ അരോചകമായ സംഗീതം കൊണ്ട് നമ്മളെ വിഷമിപ്പിക്കും, എന്നാല്‍ ഈ ചിത്രത്തില്‍ സംഗീതം നമുക്കൊപ്പമാണ് സഞ്ചരിക്കുന്നത്. രാജേഷ് ശെല്‍വ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീനിവാസിന്റെ ക്യാമറയും പ്രവീണിന്റെ എഡിറ്റിംഗും നല്ല നിലവാരം പുലര്‍ത്തുന്നു. ലെന, ജാസ്മിന്‍,ചെറി മാര്‍ദിയ, സിദ്ധാര്‍ത്ഥ,വികാസ്,രാജേഷ് കുമാര്‍, രവീന്ദ്ര, പുറവാളന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Saturday, 20 July 2019

Athiran - a film that could be made better


 അതിരന്‍ - മെച്ചമാക്കാമായിരുന്ന ചിത്രം




 വിവേകിന്റെ ആദ്യ ചിത്രമാണ് അതിരന്‍. കഥയുടെ ത്രഡ് വിദേശിയാണെങ്കിലും കേരളത്തിലെ എഴുപതുകളുടെ പശ്ചാത്തലത്തിലേക്ക് അതിനെ കൊണ്ടുവരുകയും വളരെ ക്ലീഷെ ഉളവാക്കുന്ന കോവിലകത്തെ സ്വത്ത് തര്‍ക്കത്തിലേക്കും അതുമായി ബന്ധപ്പെട്ട കോലപാതക പരമ്പരകളിലേക്കും അതിനെ ഏറ്റിയിടാനും വിവേക് ശ്രമിച്ചു. ഒരു സൈക്കോ-ത്രില്ലറിന് ആവശ്യമായ വിധം കോവിലകത്തെ ഇളയ തലമുറയില്‍ ഒരാളെ സ്‌കിസോഫ്രീനിയയ്ക്കും  മറ്റൊരാളെ ഓട്ടിസത്തിനും വിട്ടുകൊടുത്തു. ഇവരുടെ കഥയാണ് അതിരന്‍. ഊട്ടിയിലെ മനോഹരമായ ലൊക്കേഷനും പലപ്പോഴും കണ്ടതാണെങ്കിലും ഇഷ്ടം തോന്നുന്ന ഊട്ടിയുടെ പ്രകൃതി ഭംഗിയും ബ്രിട്ടീഷ് കാലത്തെ കെട്ടിടങ്ങളും നന്നായി സന്നിവേശിപ്പിക്കാന്‍ സംവിധായകനും ക്യാമറ ചെ്ത അനു മൂത്തേടത്തിനും കഴിഞ്ഞിട്ടുണ്ട്. പി.എഫ്. മാത്യൂസിന് കുറേക്കൂടി സമയമെടുത്തും മനസിരുത്തിയും തിരക്കഥ-സംഭാഷണം തയ്യാറാക്കാന്‍ കഴിഞ്ഞെങ്കില്‍ ഷട്ടര്‍ ഐലന്റ് പോലെയല്ലെങ്കിലും മലയാള സിനിമ കണ്ടിട്ടില്ലാത്ത ഒരു മനോഹര സൈക്കോ ത്രില്ലറാക്കി ഇതിനെ മാറ്റാമായിരുന്നു.

  തുടക്കത്തില്‍ ചിത്രം നല്കുന്ന പ്രതീക്ഷകള്‍ ക്രമേണ കുറഞ്ഞു വരുന്നു എന്നതാണ് ഇതിലെ കുഴപ്പം. പേരന്‍പില്‍ ഓട്ടിസം കൈകാര്യം ചെയ്യുന്ന രീതി നമ്മള്‍ കണ്ടതാണ്. സായി പല്ലവി നന്നായി ഈ ചിത്രത്തില്‍ ഓട്ടിസം ബാധിച്ച ഒരു കൗമാരക്കാരിയെ അവതരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്, എങ്കിലും സംവിധായകന് വേണ്ടത്ര മികവില്‍ ആ കഥാപാത്രത്തെ എത്തിക്കാന്‍ കഴിഞ്ഞില്ല. പാട്ടിനുവേണ്ടിയും പ്രണയത്തിനുവേണ്ടിയുമൊക്കെ ഒരുക്കിയ രംഗങ്ങള്‍ കുറയ്ക്കാമായിരുന്നു. എങ്കില്‍ സിനിമ കാണുന്നവര്‍ക്ക് റിലാക്‌സ് ചെയ്യാന്‍ അവസരം കൊടുക്കാതെ മുന്നോട്ടു പോകാമായിരുന്നു. ഡോക്ടര്‍ ബഞ്ചമിനായി വരുന്ന അതുല്‍ കുല്‍ക്കര്‍ണിയുടെ ക്യാരക്ടറിനെയും കുറേക്കൂടി മെച്ചമാക്കാന്‍ കഴിയേണ്ടതായിരുന്നു. കൊട്ടാരവും 500 ഏക്കര്‍ ഭൂമിയുമുള്‍പ്പെടുന്ന സ്വത്ത് ബെഞ്ചമിനെ ഏല്‍പ്പിക്കുന്നതിലുമൊക്കെ ഒരു കണ്‍വിന്‍സിംഗ് എലിമെന്റ് കുറവാണ്. ഫഹദിന് സൈക്കോളജിസ്റ്റ് ഡോക്ടര്‍.നായരുടെ അപരന്‍ വേഷം ഭംഗിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അയാളൊരു സ്‌കിസോഫ്രീനിക്കാണ് എന്ന് കൊടുംസൈക്കോളജിസ്റ്റായ ബെഞ്ചമിന് മനസിലാവുന്നില്ല എന്നത് പോരായ്മയാണ് . വളരെ കുറച്ചു കഥാപാത്രങ്ങളെ ഉള്ളുവെങ്കിലും എല്ലാവരും മനസില്‍ തട്ടും വിധം വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ല.

  എങ്കിലും ഒരു തവണ കണ്ടിരിക്കുന്നതില്‍ മുഷിവ് തോന്നാത്ത ചിത്രമാണ് അതിരന്‍. ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ ഇതില്‍ നിന്നും ഉള്‍ക്കൊണ്ട അനുഭവ പാഠത്തില്‍ നിന്നംു വിവേക് മനോഹരമായ ഒരു ചിത്രവുമായി 2020ല്‍ നമുക്ക് മുന്നിലെത്തും എന്നു പ്രതീക്ഷിക്കാം. പശ്ചാത്തല സംഗീതമൊരുക്കിയ ജിബ്രാനും എഡിറ്റിംഗ് നിര്‍വ്വഹിച്ച അയൂബ് ഖാനും അഭിനന്ദനം അര്‍ഹിക്കുന്നു.

  ശാന്തി കൃഷ്ണ, ലെന, പ്രകാശ് രാജ്, രണ്‍ജി പണിക്കര്‍, സുദേവ് നായര്‍, നന്ദു, ലിയോണ ലിഷോയ്, സുരഭി ലക്ഷ്മി, വിജയ് മേനോന്‍ തുടങ്ങിയവരാണ് മറ്റു വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 

Friday, 19 July 2019

Tamil movie - KEE - a spoiled theme


 കീ - നിരാശപ്പെടുത്തിയ  തമിഴ് ചിത്രം 



  ഇന്റര്‍നെറ്റിന്റെ ലോകം നന്മയ്ക്കും തിന്മയ്ക്കും ഉപയോഗിക്കാം. നന്മയ്ക്കായി ഉപയോഗിക്കുമ്പോള്‍ നമുക്കതില്‍ ആനന്ദം കണ്ടെത്താം, തിന്മയാണെങ്കില്‍ അതിലേക്ക് അറിഞ്ഞൊ അറിയാതെയൊ ചെന്നുചാടുന്നവര്‍ക്കെല്ലാം നാശമുണ്ടാകും. ബ്ലൂവെയ്ല്‍ പോലുള്ള ഗയിമുകള്‍ എത്രയൊ പേരുടെ മരണത്തിന് ഇടയാക്കി. ഹാക്കേഴ്‌സിലും നല്ലവരും കെട്ടവരുമുണ്ട്. തമാശയ്ക്കായി ഹാക്ക് ചെയ്യുന്ന ,എന്നാല്‍ എന്‍ജിനീയറിംഗ് പഠനത്തില്‍ വലിയ താത്പര്യം കാണിക്കാത്ത ഒരു വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ്. ജീവിതം മൊത്തത്തില്‍ ഒരു തമാശയായി കാണുന്ന അപ്പന്‍ ഗണേശ് റാവുവും ഗൗരവക്കാരിയായ അമ്മ വള്ളിയും അവന്റെ സുഹൃത്ത് മാര്‍ക്കും ചേര്‍ന്നാണ് കഥയുടെ പശ്ചാത്തലമൊരുക്കുന്നത്. സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന പെണ്ണുങ്ങളാണ് ദിയയും വന്ദനയും.

ഹാക്കിംഗിലൂടെ പെണ്‍കുട്ടികളുടെ സ്വകാര്യതപോലും കണ്ടെത്തുന്ന കഥാപാത്രമാണ് സിദ്ധാര്‍ത്ഥ്. അങ്ങിനെയിരിക്കെ, നാട്ടില്‍ കുറെ അപകടങ്ങള്‍ സംഭവിക്കുന്നു. എല്ലാംതന്നെയും അദൃശ്യനായ ഒരാളിന്റെ നിര്‍ദ്ദേശപ്രകാരമാണ് സംഭവിക്കുന്നതും. ആ അദൃശ്യന്‍ ശിവം എന്ന മാനസികരോഗിയായ കംപ്യൂട്ടര്‍ വിദഗ്ധനും അവന്റെ സുഹൃത്തുക്കളുമാണ്. സിദ്ധാര്‍ത്ഥ് അവരുടെ ശത്രുവായി മാറുന്നത് അവന്‍ അവര്‍ക്ക് മാര്‍ഗ്ഗതടസമാകുമ്പോഴാണ്. സിദ്ധാര്‍ത്ഥിനെ ഇല്ലായ്മ ചെയ്യാനുള്ള ശിവത്തിന്റെ ശ്രമത്തില്‍ സിദ്ധാര്‍ത്ഥിന് നഷ്ടമാകുന്നത് അവന്റെ പ്രിയപ്പെട്ട അച്ഛനെയാണ്. തുടര്‍ന്ന് ,അവന്‍ അതിസാഹസികമായി തന്ത്രങ്ങള്‍ മെനഞ്ഞ് ശിവത്തെയും കൂട്ടരെയും ഇല്ലായ്മ ചെയ്യുന്നു. ഇതാണ് കഥ.

എന്നാല്‍ തിരക്കഥ സംവിധാനം നിര്‍വ്വഹിച്ച കാളീസിന് ചിത്രത്തെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കാന്‍ കഴിഞ്ഞില്ല. കളിയും തമാശയും ഇടയ്ക്കല്‍പ്പം ഗൗരവവും എന്ന വിധമായിപ്പോയി ചിത്രം. അതുകൊണ്ടുതന്നെ ഇതൊരു കൊമേഷ്യല്‍ കോമഡിയുമായില്ല സയന്‍സ് ഫിക്ഷനുമായില്ല. എവിടെയും എത്താതെപോയൊരു ചിത്രം. കഥാപാത്രങ്ങള്‍ക്കൊന്നും മനസില്‍ ഇടം കിട്ടാതെപോയി. അബിനന്ദന്‍ രാമാനുജത്തിന്റെ ക്യാമറയും നാഗൂരന്റെ എഡിറ്റിംഗും വിശാല്‍ ചന്ദ്ര ശേഖറിന്റെ സംഗീതവും ശരാശരിക്ക് മുകളിലാണ്. എങ്കിലും സംവിധായകന്റെ അസാന്നിധ്യം ചിത്രത്തെ തകര്‍ത്തുകളഞ്ഞു.

സിദ്ധാര്‍ത്ഥായി ജീവയും ശിവമായി ഗോവിന്ദ് പത്മസൂര്യയും ദിയയായി നിക്കി ഗില്‍റാണിയും വന്ദനയായി അനൈക സോതിയും പ്രത്യക്ഷപ്പെട്ടു. സിദ്ധാര്‍ത്ഥിന്റെ സുഹൃത്തായ മാര്‍ക്കിനെ അവതരിപ്പിച്ച ആര്‍.ജെ.ബാലാജിയും അച്ഛനായി വന്ന രാജേന്ദ്ര പ്രസാദും അമ്മയായി അഭിനയിച്ച സുഹാസിനിയുമാണ് കുറച്ചെങ്കിലും ശ്രദ്ധ കിട്ടിയ കഥാപാത്രങ്ങള്‍.

കാലീസ് ഭാവിയില്‍ ചിത്രമെടുക്കുമ്പോള്‍ നല്ല ഹോംവര്‍ക്ക് ചെയ്യും എന്നു പ്രതീക്ഷിക്കാം. 

Thursday, 18 July 2019

Super Deluxe - A super duper Tamil movie

 സൂപ്പര്‍ ഡീലക്‌സ്

തമിഴ് ഭാഷയില്‍ അടുത്തകാലത്ത് കണ്ട മികച്ച ചിത്രം ഏതെന്നു ചോദിച്ചാല്‍ തീര്‍ച്ചയായും അത് സൂപ്പര്‍ ഡീലക്‌സാണ്. വളരെ വ്യത്യസ്തമായ നാല് ജീവിതാനുഭവങ്ങളുടെ മനോഹരമായ ഇഴചേര്‍ക്കലിലൂടെയാണ് ത്യാഗരാജന്‍ കുമാരരാജ താനൊരു മികച്ച സംവിധായകനാണ് എന്നു തെളിയിക്കുന്നത്. അതും ആറുവര്‍ഷം നീണ്ട മൗനത്തിനുശേഷമുള്ള പുനഃപ്രവേശനത്തിലൂടെ.

ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ മനുഷ്യരുടെ നെറിയും നെറികേടും ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കുറ്റങ്ങളും കുറവുകളും അറിവില്ലായ്മയും അന്ധവിശ്വാസവും ഒപ്പം കുറെ നന്മകളുമാണ് സംവിധായകനും തിരക്കഥാകാരന്മാരും ചേര്‍ന്ന് അവതരിപ്പിക്കുന്നത്.

ഭര്‍ത്താവ് വീട്ടിലില്ലാതിരുന്ന സമയം മുന്‍കാമുകനെ വിളിച്ചുവരുത്തി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വയമ്പിലൂടെയാണ് കഥ തുടങ്ങുന്നത്. ബന്ധപ്പെടുന്നതിനിടയില്‍ അവന്‍ മരിക്കുന്നു. ബോഡി എന്തുചെയ്യും എന്നറിയാതെ അമ്പരക്കുന്ന അവളുടെ മുന്നില്‍ ഭര്‍ത്താവ് മുഗില്‍ പ്രത്യക്ഷപ്പെടുന്നത് അടുത്ത ഫ്‌ളാറ്റിലെ താമസക്കാരന്റെ അതിഥികളെ വിശ്രമിക്കാനായി കൂട്ടിക്കൊണ്ടുവന്നുകൊണ്ടാണ്. അതില്‍ വികൃതിയായ ഒരു പയ്യനും. അവര്‍ അവിടെ ഇരിക്കുമ്പോള്‍ത്തന്നെ വയമ്പ് മുഗിലിനോട് കാര്യം പറയുന്നു. അവള്‍ കുറ്റമേറ്റ് പോലീസിന് കീഴടങ്ങാന്‍ തയ്യാറാകുന്നുണ്ടെങ്കിലും വലിയ അഭിനേതാവാകാന്‍ സ്വപ്‌നം കണ്ട് കഴിയുന്ന മുഗില്‍ അതിനെ എതിര്‍ക്കുന്നു. ബോഡി ഡിസ്‌പോസ് ചെയ്താലുടന്‍ ഡൈവോഴ്‌സ് എന്ന വ്യവസ്ഥയില്‍ അവര്‍ എത്തിച്ചേരുന്നു. ശരീരം സൂക്ഷിച്ചിരിക്കുന്നത് ഫ്രിഡ്ജിലാണ്. അതിഥികള്‍ക്ക് ചായയുണ്ടാക്കാന്‍ ഫ്രിഡ്ജില്‍ നിന്നും പാലെടുക്കുമ്പോള്‍ ഒരു സ്ത്രീയുടെ ചോദ്യമുണ്ട്, ഫ്രിഡ്ജില്‍ നോണ്‍ വെജ് ഒന്നുമില്ലല്ലൊ --ല്ലെ ?  ഇവിടെ തുടങ്ങി ബ്ലാക് ഹ്യൂമറിന്റെ ഒരു ഘോഷയാത്രയാണ് ചിത്രത്തില്‍.

ഈ കുടുംബത്തിന്റെ കഥയ്ക്ക് സമാന്തരമായി മൂന്ന് കഥകളുണ്ട്. ഒന്ന്, നീലചിത്രംകാണാന്‍ ക്ലാസ് കട്ട് ചെയ്ത് തുയവന്റെ വീട്ടില്‍ കൂടുന്ന കൂട്ടുകാര്‍.ചിത്രം തുടങ്ങുമ്പോള്‍ കാണുന്നത് കൂട്ടത്തിലുള്ള സൂരിയുടെ അമ്മയെയാണ്. സൂരി വയലന്റാവുന്നു. ടിവി തല്ലിയുടച്ച ശേഷം അവന്‍ ഇറങ്ങി ഓടുന്നു. മോഹന്‍ എന്ന സുഹൃത്ത് പിന്നാലെയും.

തുയവന് ജീവിതം വഴിമുട്ടിയപോലെയായി. വൈകിട്ട് അച്ഛന്‍ വരുന്നതിന് മുന്‍പ് പുതിയ ടിവി വാങ്ങിവച്ച് പഴയതിനെ മാറ്റണം. കൂട്ടുകാരായ ബാലാജിയും വസന്തും ഒപ്പം ചേര്‍ന്നു. അവര്‍ പൈസയുണ്ടാക്കാനായി ഒരു ലോക്കല്‍ ഗുണ്ടയില്‍ നിന്നംു ഒരു ക്വട്ടേഷന്‍ വര്‍ക്ക് എടുക്കുന്നു.

ഈ സമയം ജ്യോതിയുടെ വീട്ടില്‍ ആഘോഷത്തിരക്കാണ്. ജ്യോതിയുടെ ഭര്‍ത്താവ് മാണിക്കം ഏഴുവര്‍ഷത്തിന് മുന്‍പ് വീട് വിട്ടുപോയിട്ട് മടങ്ങി വരുകയാണ്. ബന്ധുക്കളൊക്കെ കൂടിയിട്ടുണ്ട്. മകന്‍ റാസൂട്ടി ത്രില്ലിലാണ്. ഒടുവില്‍ വന്നിറങ്ങുന്നത് ട്രാന്‍സ് വുമണായി മാറിയ ശില്‍പ്പ എന്ന മാണിക്കം. എല്ലാവരും തരിച്ചു നില്‍ക്കുമ്പോള്‍ റാസൂട്ടിമാത്രം നോര്‍മല്‍. അവന് അപ്പായെ സ്‌കൂളില്‍ കൊണ്ടുപോകണം.കൂട്ടുകാരെ കാണിച്ചു കൊടുക്കണം.

അമ്മയെ കൊല്ലാന്‍ സ്‌ക്രൂ ഡ്രൈവറുമായി പോയ സൂരി പടിയില്‍ കാലുതെറ്റി വീണതോ സ്വയം കുത്തിയതോ എന്നറിയാത്തവിധം നെഞ്ചത്ത് മുറിവോടെ വീടിന് മുന്നില്‍ വീഴുന്നു. അമ്മ ലീല അവനെ ആസ്പത്രിയില്‍ കൊണ്ടുപോകുന്നു. അവള്‍ വേശ്യാവൃത്തി ചെയ്ത് കുടുംബം പോറ്റേണ്ടി വന്നത് ഭര്‍ത്താവ് ധനശേഖരന്‍ അന്ധവിശ്വാസിയായി മാറിയതിനാലാണ്. സുനാമിയില്‍ രക്ഷപെട്ടവനാണ് ധനശേഖരന്‍. അവന്‍ കെട്ടിപ്പിടിച്ചു കിടന്ന പ്രതിമയാണ് അവനെ രക്ഷിച്ചത് എന്ന വിശ്വാസത്തില്‍ ആ പ്രതിമയെ പൂജിക്കുന്ന ധനശേഖരന്‍ അര്‍പ്പുതം എന്നാണറിയപ്പെടുന്നത്.പ്രാര്‍ത്ഥനയിലൂടെ രോഗങ്ങള്‍ മാറ്റാന്‍ കഴിവുണ്ട് തനിക്കെന്ന് അര്‍പ്പുതം വിശ്വസിക്കുന്നു. അവന്‍ ആശുപ്രത്രിയില്‍ നിന്നും മകനെ തട്ടിയെടുത്ത് പ്രതിമയ്ക്കുമുന്നില്‍ കൊണ്ടുവന്ന് രോഗശാന്തി ശുശ്രൂഷ ചെയ്യുന്നു. ലീല വന്ന് ബലമായി അവനെ തിരികെ കൊണ്ടുപോകുന്നു.

മാണിക്കവും മോനും സ്‌കൂളിലേക്ക് പോകും വഴി റാസക്കുട്ടിയെ മൂത്രമൊഴിക്കാന്‍ യൂറിനലില്‍ കൊണ്ടുപോകുന്നു. ഒരു പോലീസുകാരന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന ആളാണ് മാണിക്കമെന്ന ധാരണയില്‍ അവനെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോകുന്നു. ബെര്‍ലിന്‍ എന്ന വിടനായ സ്‌റ്റേഷന്‍ ഓഫീസര്‍ മാണിക്കം എന്ന ശില്‍പ്പയെ ഓറല്‍ സെക്‌സിന് വിധേയയാക്കുന്നു. അവിടെ നിന്നും അവനും മകനും സ്‌കൂളിലെത്തുമ്പോള്‍ അവിടെയും മോശമായ അനുഭവമുണ്ടാകുന്നു. അതോടെ മാണിക്കം തിരികെ മുംബയ്ക്കുപോകാന്‍ ടിക്കറ്റെടുക്കുന്നു. ഇതിനിടെ റാസക്കുട്ടിയെ കാണാതാകുന്നു.

ബോഡി ഫ്‌ളാറ്റില്‍ നിന്നും സമര്‍ത്ഥമായി പുറത്തുകൊണ്ടുവന്ന് റയില്‍വെ ട്രാക്കില്‍ വണ്ടി നിര്‍ത്തി ട്രെയിന്‍ വണ്ടിയിലിടിച്ച് മരണപ്പെട്ടു എന്ന സാഹചര്യം സൃഷ്ടിക്കാനായിരുന്നു മുഗിലിന്റെ പദ്ധതി. എന്നാല്‍ ബര്‍ലിന്‍ ഇത് കണ്ടെത്തുന്നു. അവിടെയും ബര്‍ലിന് ആവശ്യം സുന്ദരിയായ വയമ്പിനെയാണ്. പണം കൊടുക്കാമെന്നു പറയുന്നത് അയാള്‍ കേള്‍ക്കുന്നില്ല. ഭാര്യയും ഭര്‍ത്താവും കടുത്ത മനസിക സമ്മര്‍ദ്ദത്തിലാവുന്നു.

ടിവി വാങ്ങാന്‍ പണമുണ്ടാക്കാന്‍ ക്വാട്ടേഷന്‍ ഏറ്റെടുത്ത് പരാജയപ്പെട്ട കുട്ടികള്‍ക്ക് ലേക്കല്‍ ഗുണ്ട നിശ്ചയിച്ച ബാധ്യതകൂടി നിറവേറണ്ട അവസ്ഥയാണുണ്ടാവുന്നത്. ഗത്യന്തരമില്ലാതെ അവര്‍ ഒരു സേട്ടുവിന്റെ വീട്ടില്‍ കയറി മോഷണം നടത്തുന്നു. പക്ഷെ ലഭിക്കുന്നത് കാലഹരണപ്പെട്ട 500 ന്റെ നോട്ടുകളായിരുന്നു. അവര്‍ വീണ്ടും സേട്ടുവിന്റെ വീട്ടില്‍ത്തന്നെ പോകുന്നു. അവിടെവച്ച് ഒരു പെണ്‍കുട്ടിയെ കാണുന്നു. അവള്‍ പണം നല്കാന്‍ സമ്മതിക്കുന്നു. പക്ഷെ അവള്‍ ഒരന്യഗ്രഹ ജീവിയാണ് എന്നകാര്യം അവരെ ബോധ്യപ്പെടുത്തുന്നു. സേട്ടുവുമായി ലിങ്ക് ചെയ്താണ് അവള്‍ ഭൂമിയില്‍ ജീവിച്ചിരുന്നത്. സേട്ടു മരിച്ചതോടെ അവള്‍ക്കൊരു ബന്ധക്കാരന്‍ വേണം പകരമായി. ബാലാജിയില്‍ ഇഷ്ടം തോന്നിയ അവള്‍ ബാലാജിയുടെ ഒരു ക്ലോണിനെ ഉണ്ടാക്കി ഒപ്പം നിര്‍ത്തി അപരനെ കൂട്ടുകാര്‍ക്കൊപ്പം വിട്ടു. അവര്‍ ടിവി വാങ്ങി വീട്ടില്‍ വച്ചു.

ബര്‍ലിന്‍ ഒരൊഴിഞ്ഞ ഷെഡിലേക്ക് മുഗിലെനെയും വയമ്പിനെയും കൊണ്ടുവരുന്നു. മുഗിലിനെ വണ്ടിയില്‍ ചെയിനില്‍ നിര്‍ത്തിയശേഷം വയമ്പിനെ ബാലാല്‍ക്കാരത്തിനൊരുങ്ങുന്നു. പഴയ ടിവി എടുത്ത് ഫ്‌ളാറ്റിന് മുകളില്‍ നിന്നും കുട്ടികള്‍ വലിച്ചെറിയുന്നത് ഈ സമയത്താണ്. മേല്‍ക്കൂരകീറി അത് കൃത്യമായി ബെര്‍ലിന്റെ തലയില്‍ വീണ്  അയാള്‍ മരിക്കുന്നു. രണ്ട് ബോഡിയും ഒന്നിച്ച് വാഹനത്തില്‍ ഇരുത്തി വയമ്പും മുഗിലും സ്‌കൂട്ടാവുന്നു.

റാസക്കുട്ടിയെ കാണാതായ മാണിക്കം പോകുംവഴി അര്‍പ്പുതത്തെ കാണുന്നു. മാണിക്കവും സുനാമിയില്‍ നിന്നംു രക്ഷപെട്ടാതാണെന്നും എന്നിട്ടും പാപിയായ ഞാന്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി വിറ്റെന്നും അവര്‍ കണ്ണും കൈയ്യുമില്ലാതെ ഭിക്ഷാടനം നടത്തുന്നത് കണ്ടിട്ടുണ്ടെന്നുമൊക്കെ പറയുന്നു. മകന്റെ ചികിത്സയ്ക്ക് പണംകിട്ടാതെ ഭ്രാന്ത് മൂത്ത് അര്‍പ്പുതം പ്രതിമ തകര്‍ക്കുന്നു. വലരെകാലം മുന്‍പ് മുങ്ങിയ ഒരിറ്റാലിയന്‍ കപ്പലിലുണ്ടായിരുന്ന പ്രതിമയായിരുന്നു അത്. പ്രതിമ പൊട്ടിയപ്പോള്‍ പുറത്തേക്ക് ചിതറിയത് ഡയമണ്ടുകള്‍. പണം കിട്ടിയതോടെ അര്‍പ്പുതം മകന്റെ ഓപ്പറേഷന്‍ നടത്തിക്കുന്നു. ലീലയ്‌ക്കൊപ്പം ജീവിതത്തിലേക്ക് മടങ്ങുന്നു.

മാണിക്കം വീട്ടിലെത്തുമ്പോള്‍ മകന്‍ അവിടെയുണ്ട്.അച്ഛന്‍ മടങ്ങിപ്പോകുമെന്നത് അവനെ വേദനിപ്പിച്ചു. അവനുവേണ്ടി അയാള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നു. വയമ്പും മുഗിലും ഒന്നിച്ചു തന്നെ ജീവിക്കാന്‍ തീരുമാനിക്കുന്നു.

 ജീവിതത്തെക്കുറിച്ചുള്ള ചില ഫിലോസഫികള്‍ ഒരു പോണ്‍ഡോക്ടര്‍ പറയുന്നതിന്റെ വിഷ്വലുകളും ഇഴചേര്‍ത്ത്, നീയും ഞാനും ഈ പ്രപഞ്ചവും കണികകളും എല്ലാം ഒന്നാണെന്ന് അന്യഗ്രഹ ജീവിയായ പെണ്‍കുട്ടി പറയുന്നിടത്ത് ചിത്രം അവസാനിക്കുന്നു.

സിനിമയുടെ കഥ ത്യാഗരാജന്റേതുതന്നെയാണ്. തിരക്കഥ നാല് പേര്‍ ചേര്‍ന്നാണ് തയ്യാറാക്കിയത്. ത്യാഗരാജന് പുറമെ മിസ്‌ക്കിനും നളന്‍ കുമാരസ്വാമിയും നീലന്‍.കെ.ശേഖറുമാണ് ഇത് നിര്‍വ്വഹിച്ചത്. കൂട്ടായ്മയുടെ ഒരു ശക്തി തിരക്കഥയ്ക്കുണ്ട്. പി.എസ്.വിനോദും നിരവ് ഷായും ചേര്‍ന്ന് ഒപ്പിയെടുത്ത ദൃശ്യങ്ങളെ കോര്‍ത്തിണക്കിയത് സത്യരാജ് നടരാജനാണ്. യുവന്‍ ശങ്കര്‍ രാജയുടെ സംഗീതം ചിത്രത്തിന് മാറ്റുകൂട്ടി. അഭിനേതാക്കള്‍ ഒന്നിനൊന്ന് മികച്ചു നിന്നു. ശില്‍പ്പ എന്ന മാണിക്കമായി വിജയ് സേതുപതി തന്റെ മറ്റൊരു മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു. വയമ്പായി സാമന്തയും മുഗിലായി ഫഹദ് ഫാസിലും മികച്ച അഭിനയം കാഴ്ചവച്ചു. രമ്യ കുഷ്ണന്റെ ലീലയും മിസ്‌ക്കിന്റെ അര്‍പ്പുതവും മികവുറ്റതായി. ബര്‍ലിനായി വരുന്ന ഭഗവതി പെരുമാളിനോട് തോന്നുന്ന പക അയാളുടെ മരണത്തിലും തീരാത്തവിധമാക്കാന്‍ ആ നടന് കഴിഞ്ഞു. റാസൂട്ടിയായി വന്ന അശ്വന്തും അമ്മ ജ്യോതിയായി വന്ന ഗായത്രിയും  കൗമാരക്കാരായ വിജയ്, നവീന്‍, ജയന്ത്, അബ്ദുള്‍ ജബ്ബാര്‍, രാമസാമിയായി വന്ന രാമണ,അന്യഗ്രഹജീവിയായി വന്ന മൃണാളിനി രവി എന്നിവരെ എടുത്തു പറയേണ്ടതുണ്ട്. തീര്‍ച്ചയായും ത്യാഗരാജനില്‍ നിന്നും വീണ്ടും മികച്ച രചനകള്‍ പ്രതീക്ഷിക്കാം.