ചിതറാള്‍, തൃപ്പരപ്പ്, തിരുനന്ദിക്കര, മാത്തൂര്‍
ചിതറാള്‍ മല |
ആല്‍മരത്തണലില്‍ |
ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ച |
മറ്റൊരു കാഴ്ച |
ജൈനക്ഷേത്രഗോപുരം |
ഭിത്തിയിലെ ചിത്രത്തിനു മുന്നില്‍ |
മഹാവീരന്‍ |
മറ്റൊരു വിഗ്രഹം |
മല മുകളില്‍ |
തൃപ്പരപ്പിലെ തോട്ടം |
തിരുനന്ദിക്കര ഗുഹാക്ഷേത്രം |
മാത്തൂര്‍ തൊട്ടിപ്പാലം |
തൊട്ടിപ്പാലം |
ചിതറാളിന് ചരിത്രപരമായ പ്രാധാന്യം ഏറെയാണെങ്കിലും ഒരു സഞ്ചാരിയെ സംബ്ബന്ധിച്ചിടത്തോളം അതിന്റെ പ്രകൃതി ഭംഗിയും കാലാവസ്ഥയും തന്നെയാവും ആകര്‍ഷണം. ഹരിതാഭമായ ഗ്രാമപ്രദേശത്തുകൂടി യാത്ര ചെയ്ത് ചിതറാളിലെത്തുമ്പോള്‍ ഉച്ചയായിരുന്നു. മലയുടെ താഴ്വാരം വരെ വണ്ടി പോകും. വാഹനം ഇടുന്നിടത്ത് മരങ്ങളൊന്നുമില്ല എന്നത് സങ്കടകരം. പത്തു രൂപയാണ് പാര്‍ക്കിംഗ് ഫീസ്. പ്രദേശത്തെ ജനങ്ങള്‍ക്ക് ചെറിയ വരുമാനത്തിനുള്ള ചില സംവിധാനങ്ങള്‍ ഇപ്പോള്‍ മിക്ക സഞ്ചാരകേന്ദ്രങ്ങളിലുമുണ്ട്. നൂറുകണക്കിന് ഏക്കര്‍ വിസ്തൃതിയുള്ള മലയാണ് ചിതറാള്‍. അനേകം പാറകളാല്‍ വിസ്തൃതമായതും മരങ്ങളും പുല്ലുകളും വളര്‍ന്നു നില്‍ക്കുന്നതുമായ മലയിലേക്ക് കോണ്‍ക്രീറ്റ് പാതയൊരുക്കിയിട്ടുണ്ട്.
പോകുംവഴി ചെറുപ്പക്കാരുടെ ഒരുക്കൂട്ടം. ഒരു പെണ്‍കുട്ടിയും ഒരു പയ്യനും വിവര്‍ണ്ണരായി നില്‍പ്പുണ്ട്. നാട്ടുകാരായ സദാചാരപോലീസാണതെന്ന് ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയിലെ ജീവനക്കാരന്‍ പറഞ്ഞു. സദാചാരക്കാര്‍ പോലീസില്‍ ബന്ധപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥന്റെ പരാതിയുണ്ടെങ്കിലെ കേസ്സെടുക്കാന്‍ കഴിയൂ എന്നു പറഞ്ഞു. അയാള്‍ എന്നോടും ഉപദേശം ചോദിച്ചു. ' നിങ്ങളുടെ അധികാരപരിധിയില്‍ ഇതുള്‍പ്പെടുന്നുണ്ടോ ? ', ഞാന്‍ ചോദിച്ചു. 'സ്മാരകത്തിന് കേടുവരുത്താതെ സംരക്ഷിക്കുക എന്നതാണ് ഉദ്യോഗസ്ഥന്റെ അധികാരം. വരുന്നയാളുകളുടെ സംരക്ഷണവും സദാചാര സംരക്ഷണവും അതില്‍ ഉള്‍പ്പെടുന്നില്ല', അയാള്‍ പറഞ്ഞു.ആ സ്റ്റാന്റില്‍ ഉറച്ചുനില്‍ക്കാന്‍ ഞാനും ഉപദേശിച്ചു. ഏതായാലും കേസാക്കാതെ പോലീസ് അവരെ പറഞ്ഞുവിട്ടു. എന്തായാലും ഒരു കാര്യം ഉറപ്പാണ്, സദാചാര പോലീസ് എന്നത് ഒരു മാനസിക രോഗമാണ്. അതിന് ചികിത്സയും ആവശ്യമാണ്.
മന്നോട്ടുപോകുമ്പോള്‍ കാമിതാക്കളായ രണ്ടുപേര്‍ പാര്‍ക്കിലും രണ്ടുപേര്‍ ആല്‍ത്തറച്ചുവട്ടിലും ഇരിക്കുന്നത് കണ്ടു. അനേകം ശാഖകളുള്ളതും വലിയ ഉയരമില്ലാത്തതുമായ ആല്‍മരത്തിന് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അതിന്റെ ശാഖകളിലൊക്കെയും ആളുകള്‍ വളരെ പ്രയാസപ്പെട്ട് സ്വന്തം പേരോ പ്രിയപ്പെട്ട മറ്റൊരാളുടെ പേരോ ആകാം, എഴുതി വച്ചിരിക്കുന്നു. മരം വളരുന്നതനുസരിച്ച് പേരുകള്‍ അവ്യക്തമായ ചിത്രങ്ങളായി മാറുന്നു. പാറകളിലും പുരാവസ്തുക്കളിലും എന്നുവേണ്ട ടോയ്‌ലറ്റുകളില്‍ പോലും പേരെഴുതിവയ്ക്കുക എന്നത് മനുഷ്യന്റെ സ്വയം പ്രദര്‍ശനമാണ്. ആദികാല ചുവരെഴുത്തുകള്‍ പലതും അത്തരത്തിലുള്ളതാണ്. പാറയിലെ പടികളിലൂടെ ഞങ്ങള്‍ മുകളില്‍ കയറി. അതിശ്കതമായ കാറ്റാണ് മുകളില്‍. ഉച്ചസമയത്തെ ചൂട്‌പോലും പ്രയാസമുണ്ടാക്കാത്തവിധം സുഖം പകരുന്ന കാറ്റ്. ശുദ്ധവായുവിന്റെ ഗതിയില്‍ നമ്മള്‍ വെറുതെ നിന്നുകൊടുത്താല്‍ മതി. കുട പിടിച്ചുനിന്നാല്‍ ഒരു പക്ഷെ അതിനൊപ്പം പറക്കാന്‍ കഴിഞ്ഞേക്കാം, ഒരു പാരച്യൂട്ടിലെന്നവണ്ണം. അവിടെ നിന്നുള്ള കാഴ്ച നയനാനന്ദകരം. വളരെ ദൂരം പച്ചപ്പുകളും നദികളും കെട്ടിടങ്ങളും കാണാം. വലത്തോട്ട് തിരുവനന്തപുരവും ഇടത്തോട്ട് നാഗര്‍കോവിലും കാഴ്ചയില്‍ നിറയുന്നു.
അവിടെനിന്നും താഴേക്കിറങ്ങി ഇടതുവശം കാണുന്ന പാറകള്‍ക്കിടയിലെ ഇടനാഴിയിലൂടെ കടന്നാണ് ജൈനക്ഷേത്രത്തിലെത്തുക. കാലാതീതമായ തിരുച്ചനാട്ടുമല അഥവാ ചൊക്കന്‍തൂങ്കിമലയിലാണ് ചിതറാലിലെ തിരുചരണത്തുപള്ളി. ഇവിടത്തെ വിഗ്രഹങ്ങള്‍ തീര്‍ത്ഥങ്കരന്മാരുടേതാണ്.ജൈന-ബുദ്ധ ക്ഷേത്രങ്ങള്‍ പൊതുവെ പള്ളികള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. എഡി 610-640 കാലത്ത് നാട് ഭരിച്ചിരുന്ന പല്ലവ രാജാവ് മഹേന്ദ്ര വര്‍മ്മന്‍ ഒന്നാമന്റെ കാലത്തെ പ്രധാന ജൈനക്ഷേത്രമായിരുന്നു ഇത്. ജൈനസന്ന്യാസിമാരെ ചരണന്‍ എന്നാണ് വിളിച്ചിരുന്നത്. മഹാവീരന്റെയും പാര്‍ശ്വനാഥന്റെയും രൂപങ്ങള്‍ ഇവിടെ കൊത്തിയിട്ടുണ്ട്. 1250 ഓടെ ജൈനമതം ക്ഷയിക്കാന്‍ തുടങ്ങി. ശൈവ-വൈഷ്ണവ മതങ്ങളുടെ തള്ളിക്കയററത്തിന്റെ ആ കാലത്താണ് ഇവിടെ ഭഗവതിയെ പ്രതിഷ്ടിച്ചതെന്ന് കരുതപ്പെടുന്നു. ഒരു ഹിന്ദുക്ഷേത്രമാക്കാനുള്ള ശ്രമമായിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിച്ചു. കില്‍ വേമ്പനാട്ടിലെ രാജവള്ളപുരം ദേശവാസി തമിള്‍ അപ്പളവര്യന്‍ നാരായണന്‍ ക്ഷേത്രനിര്‍മ്മിതിക്കായി കുറെ പണം നല്‍കിയിരുന്നു എന്ന് രേഖപ്പെടുത്തുന്ന വട്ടെഴുത്ത് പാറയിലുണ്ട്. വിക്രമാദിത്യ വരഗുണ പാണ്ഡ്യന്റെ ഭരണത്തിന്റെ 28-ാം വാര്‍ഷികത്തിന് പേരവക്കുടി ഭട്ടാരിയാരായിരുന്ന അരട്ടനേമിയുടെ ശിഷ്യ ഗുണന്‍ഡഗി കുറട്ടിഗള്‍ രാജകുമാരി തിരുച്ചാനം മലയിലെ ഭട്ടാരിയാറിന് ഒരു ലോഹ വിളക്കും സ്വര്‍ണ്ണപൂവും സമ്മാനിച്ചു എന്നും രേഖപ്പെടുത്തിയിരിക്കുന്നു. ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ തൃശൂര്‍ സര്‍ക്കിളിനാണ് ഈ പ്രദേശത്തിന്റെ മേല്‍നോട്ടം. ആകെ 3 ജീവനക്കാരാണുള്ളത്. മൂന്നും കരാറിലുള്ളവര്‍.
ബിസി ഒന്നു മുതല്‍ എഡി ആറാം നൂറ്റാണ്ടുവരെ രാജഭരണത്തിന്റെ പിന്‍ബലത്തോടെ ദിഗംബര ജൈനനന്മാരാണ് ഇവിടെ വസിച്ചിരുന്നത്. ജൈനര്‍ രണ്ട് വംശമാണുള്ളത്. പ്രകൃതിയെ വസ്ത്രമായി കരുതി നഗ്നരായി കഴിയുന്ന ദിഗംബരന്മാരും തൂവെള്ള വസ്ത്രം ധരിക്കുന്ന ശ്വേതാംബരന്മാരും. ജിന എന്ന വാക്കില്‍ നിന്നാണ് ജൈനമതം ഉടലെടുക്കുന്നത്. ജിന എന്നാല്‍ പുനര്‍ജന്മത്തെ ജയിച്ചവന്‍ എന്നാണ് അര്‍ത്ഥം. പാര്‍ശ്വനാഥന്‍, പത്മാവതി എന്നിവര്‍ നില്‍ക്കുന്ന രീതിയിലാണ് ഇവിടെ ശില്‍പ്പങ്ങള്‍. അര്‍ത്ഥപത്മാസനത്തിലിരിക്കുന്ന തീര്‍ത്ഥങ്കരന്മാരെയും കാണാം. മഹാവീരന് മൂന്ന് നിരയിലായുള്ള കുടയും ഒരു മരത്തണലും പരിചാരകരും അംബിക എന്ന യക്ഷിയുടെയും രണ്ട് കുട്ടികളുടെയും സാന്നിധ്യവും ചുവര്‍ശില്‍പ്പത്തില്‍ കാണാം. വര്‍ദ്ധമാന മഹാവീരന്‍ 24 -ാമത് തീര്‍ത്ഥങ്കരനാണ് എന്നാണ് വിശ്വസിക്കുന്നത്.
ഗുഹാക്ഷേത്രത്തിന് മണ്ഡപവും വരാന്തയും ബലിപീഠവും മടപ്പള്ളിയുമുണ്ട്. പടിഞ്ഞാറ് ദിശയിലാണ് ക്ഷേത്രനിര്‍മ്മാണം നടത്തിയിരിക്കുന്നത്. മൂന്ന് അറകളാണുള്ളത്. നടുക്ക് മഹാവീരനും വലതുവശം ദേവിയും ഇടതുവശം പാര്‍ശ്വനാഥനും. നടുക്കുള്ള അറയുടെ ഗോപുരം ഇടിമിന്നലില്‍ നശിച്ചുപോയതാണ്. ക്ഷേത്രത്തിനു മുന്നിലായി ഒരു ചെറു കുളവുമുണ്ട്, ഏത് കാലാവസ്ഥയിലും വറ്റാത്ത കുളം. കാഴ്ചകള്‍ കണ്ട് അവിടെ നിന്നിറങ്ങുമ്പോള്‍ വീണ്ടും വരണം എന്ന് നിശ്ചയിച്ചു. പകലിന്റെ വ്യത്യസ്ത സമയങ്ങളിലും വിവിധ കാലാവസ്ഥയിലും ചിതറാള്‍ സന്ദര്‍ശിക്കുമ്പോള്‍ ഓരോ കാഴ്ചയും ഓരോ പുത്തനനുഭവമാകും എന്നുറപ്പ്.
താഴ്വാരത്തിലെ തട്ടുകടയില്‍ നന്നും അപ്പോള്‍ പൊരിച്ചെടുത്ത ഉള്ളിവടയും വാങ്ങിക്കഴിഞ്ഞ് ആറ്റൂര്‍ വഴി തൃപ്പരപ്പിലേക്ക് പോയി.പോയവഴി ഉച്ചഭക്ഷണം കഴിച്ചു. മീന്‍കറിയും മീന്‍ വറുത്തതും ചേര്‍ത്ത് ഒരു നാടന്‍ ഊണ്. ഒരു വിനോദസഞ്ചാര ഇടം എന്നതിനപ്പുറം പ്രാധാന്യം തൃപ്പരപ്പിനില്ലെങ്കിലും രാധാകൃഷ്ണനും സജീവും ഇതുവരെ അവിടെ പോയിട്ടില്ല എന്നതിനാല്‍ ഒന്നു കയറാം എന്നേ കരുതിയുള്ളു. കോതൈ നദിയില്‍ 300 അടി നീളത്തിലും 50 അടി ഉയരത്തിലുമാണ് തൃപ്പരപ്പ് വെള്ളച്ചാട്ടം. മുകളില്‍ പരന്ന പാറ മുക്കാല്‍ കിലോമീറ്ററോളം വരും. ലോ ഹെഡ് ഡാമില്‍ ജലം കെട്ടിനിര്‍ത്തിയിരിക്കുന്നതിനാലാണ് വെള്ളച്ചാട്ടമുണ്ടാകുന്നത്. ശൈവാലയ ഓട്ടത്തില്‍ ഉള്‍പ്പെടുന്ന ഒരു ക്ഷേത്രം ഇതിനോട് ചേര്‍ന്നാണുള്ളത്. ഉച്ച സമയമായതിനാല്‍ നട അടച്ചിരിക്കയായിരുന്നു. വെള്ളച്ചാട്ടത്തില്‍ കുളിക്കാനൊന്നും നിന്നില്ല. കുറച്ചു സമയം വെള്ളച്ചാട്ടത്തിന് സമീപം നിന്ന് ജലം സ്േ്രപ ചെയ്തുവീഴുന്നതിന്റെ തണുപ്പ് അനുഭവിച്ചു. മുകളില്‍ പാറപ്പുറത്ത് ആളുകള്‍ തുണി കഴുകുന്നതൊക്കെ കാണാന്‍ കഴിഞ്ഞു. ആ ജലമാണ് ഉടന്‍തന്നെ വെള്ളച്ചാട്ടമാകുന്നത്.
കല്‍ക്കുളം താലൂക്കിലെ തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിലേക്കായിരുന്നു അടുത്തയാത്ര. 9 ാം നൂറ്റാണ്ടിലെ ഒരു ശിവക്ഷേത്രമാണ് ഇത്. ഒരു വലിയ പാറയുടെ തെക്കേ അരുകിലായാണ് ക്ഷേത്രം. മുന്‍പ് ജൈനക്ഷേത്രമായിരുന്നുവോ എന്നുറപ്പില്ല. ശ്രീ നന്ദീശ്വരക്ഷേത്ര കോമ്പൗണ്ടിലൂടെയാണ് അവിടെ എത്തുക. പടവുകള്‍ കയറുമ്പോള്‍ ഗുഹാക്ഷേത്രമായി. ആയ് രാജാവ് വിക്രമാദിത്യ വരഗുണന്റെ കാലത്തേതാണ് പാണ്ഡ്യരീതിയിലുള്ള ഈ ചെറുക്ഷേത്രം. ശിവലിംഗ പ്രതിഷ്ഠ കിഴക്കോട്ട് ദര്‍ശനത്തിലാണ്. ഇവിടെയും വട്ടെഴുത്തുകള്‍ കാണാം. ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്ന ചുവര്‍ചിത്രങ്ങളെല്ലാം നശിച്ചുപോയിരിക്കുന്നു. നന്ദീശ്വര ക്ഷേത്രത്തില്‍ പുനരുദ്ധാരണം നടക്കുകയാണ്. എങ്കിലും ഭക്തിഗാനം മുഴങ്ങുന്നുണ്ട്. അതും മലയാളത്തിലുള്ള ഒരു ഗുരുവായൂരപ്പന്‍ പാട്ട്. കേരളത്തിലെ ഏതോ ഒരു ഗ്രാമത്തിലെത്തിയപോലെ. ക്ഷേത്രത്തിനടുത്താണ് ഐഎസ്ആര്‍ഓ മുന്‍ ചെയര്‍മാന്‍ ശ്രീ.മാധവന്‍ നായരുടെ വീടെന്ന് പരിചയപ്പെട്ട ഒരു നാട്ടുകാരന്‍ പറഞ്ഞു.
ഇവിടെ നിന്നും മൂന്നര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മാത്തൂര്‍ തൊട്ടിപ്പാലമായി. കല്‍ക്കുളം താലൂക്കിലെ പറളിയാറിന് മുകളിലായാണ് ഈ പാലം. ദക്ഷിണേന്ത്യയിലെ ഏറ്റവും നീളംകൂടിയതും ഉയരമുള്ളതുമായ അക്യൂഡക്ടുകളില്‍ ഒന്നാണ് മാത്തൂര്‍ തൊട്ടിപ്പാലം. 1966-ല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജ് ഈ പ്രദേശത്തെ ജലസേചനത്തിനായാണ് കനാല്‍ നിര്‍മ്മിച്ചത്. വിളവന്‍കോടിനും കല്‍ക്കുളത്തിനുമാണ് കനാലിലൂടെ ജലം നല്‍കി വരുന്നത്. എന്നാല്‍ ഇപ്പോള്‍ കനാലില്‍ ജലമില്ല. പശ്ചിമഘട്ടത്തിലെ മഹേന്ദ്രഗിരിയില്‍ നിന്നാണ് പറളി ഉത്ഭവിക്കുന്നത്. ഒരു കിലോമീറ്റര്‍ ദൂരം വരുന്ന കനാലിന് സമാന്തരമായാണ് നടപ്പാതയും ഉള്ളത്. 28 പില്ലറുകളിലായി നില്‍ക്കുന്ന കനാലിനും നടപ്പാതയ്ക്കും ചില ഇടങ്ങളില്‍ 115 അടിവരെ ഉയരമുണ്ട്. കനാലിന് 7 അടി ഉയരവും ഏഴര അടി വീതിയുമുണ്ട്. താഴെ പറളിയാറില്‍ ആളുകള്‍ കുളിക്കുന്നുണ്ടായിരുന്നു. അവിടെനിന്നും മുകളിലെ നടപ്പാതയിലേക്ക് കയറാന്‍ പടവുുകളും കെട്ടിയിട്ടുണ്ട്. പൈനാപ്പിളും മാങ്ങയുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാരും കനാല്‍ കാണാന്‍ വരുന്ന വിനോദസഞ്ചാരികളും മാത്തൂരില്‍ സജീവം. പ്രവേശന ഫീസ് 15 രൂപയാണ്.
എത്രനേരം നിന്നാലും മുഷിയാത്ത കാഴ്ചകളാണ് തൊട്ടിപ്പാലം നല്‍കുന്നത്. താഴെയായി നിരന്നു നില്‍ക്കുന്ന തെങ്ങുകളും അകലെ പശ്ചിമഘട്ട കാഴ്ചകളും നദിയുമൊക്കെയായി മനോഹരമാണ് മാത്തൂര്‍. വൈകിട്ട് അവിടെ നിന്നും ഇറങ്ങി. ഇനി നാഗര്‍കോവിലില്‍ മോളുടെ അടുത്തുപോകണം. ഇന്നത്തെ താമസം ഗസ്റ്റ് ഹൗസില്‍. നാളെ രാവിലെ ശുചീന്ദ്രത്തേക്ക് ,7 മണിക്ക് ക്ഷേത്രത്തിലെത്തണം.
ചിതറാൾ വെയിലുറയ്ക്കും മുന്നേയും വെയിൽ ചാഞ്ഞിട്ടുമാണ് (അനുവദിക്കുമെങ്കിൽ) സന്ദർശിക്കേണ്ടത്. തിരുനന്ദിക്കര പുതിയ അറിവാണ്. തിരികെ ശിവലോകം -വൈകുണ്ഠം നെയ്യാർ ഡാം വഴിയാണ് മടക്കമെങ്കിൽ കുറച്ചുകൂടി ആനന്ദകരമാകും യാത്ര. Hari Peyad
ReplyDeleteVgood
ReplyDelete