Friday, 8 July 2022

Is there a major change in Indian Educational system since independence

 


 വിദ്യാഭ്യാസ രംഗത്ത് 75 വര്‍ഷത്തിനിടയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുവോ ?

 സൂര്യന്‍ മറഞ്ഞുനില്‍ക്കുന്ന ഒരു മൂടിക്കെട്ടിയ ഉച്ചനേരമായിരുന്നു അത്. ഞാന്‍ കൊച്ചുമകളേയും കൊണ്ട് ചെന്നൈ സാഫ് ഗയിംസ് വില്ലേജിലെ കുട്ടികളുടെ പാര്‍ക്കിലേക്ക് പോയി. ആ സമയം ആരുമങ്ങിനെ കളിക്കാന്‍ വരാറില്ല.ഒരു സൈക്കിളും അതിന് പിന്നിലൊരു സ്‌കൂള്‍ ബാഗും കണ്ടു. ഉടമസ്ഥനെ തിരഞ്ഞപ്പോള്‍ എന്തോ ഗൗരവമാര്‍ന്ന ചിന്തയില്‍ കക്ഷി അവിടെ ഇരിപ്പുണ്ട്. അറിയാവുന്ന തമിഴില്‍ ചോദിച്ചു, ' ഇന്റു പള്ളിക്കൂടം ഇല്ലയാ? ' അവന്‍ മുഖം തിരിച്ചു. തന്നോട് സംസാരിക്കാന്‍ താത്പ്പര്യമില്ല എന്ന മട്ടില്‍. ഞാന്‍ വിടാന്‍ കൂട്ടാക്കിയില്ല 'എന്ന വിശയം മോനെ, ഉനക്കു പള്ളിക്കൂടം പിടിക്കവില്ലയാ? ' അവന്‍ അതില്‍ കയറി കൊത്തി.' എനക്ക് പള്ളി ,അസിറിയാര്‍കള്‍,പാഠങ്ങള്‍ ഒന്നുമേ പിടിക്കമാട്ടു' ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങി. അവന് സ്‌പോര്‍ട്ട്‌സ് ആണ് ഇഷ്ടം. പിന്നെ സാങ്കേതിക വിദ്യ അങ്ങിനെ. നാളെ മുതല്‍ സ്‌കൂളില്‍ പോകണം,പഠിച്ച് മിടുക്കനാവണം എന്നൊക്കെ ഉപദേശിച്ച് മടങ്ങി.

 അപ്പോള്‍ മുതല്‍ തുടങ്ങിയ ചിന്തയാണ് വിദ്യാഭ്യാസത്തില്‍ എന്ത് മാറ്റമാണ് വന്നതെന്ന്? കാതലായ മാറ്റമൊന്നും വന്നിട്ടില്ല. ഒച്ചിഴയും പോലെ ചിലതൊക്കെ. 60-70 കളില്‍ സ്‌കൂളുകളില്‍ ചൂരലും നഖവും വിരലുകളും ചീത്തവാക്കുകളുമൊക്കെ കുട്ടികളെ മര്യാദ പഠിപ്പിക്കാനുള്ള ആയുധങ്ങളായിരുന്നു. അതിന് മാറ്റം വന്നു. പരമാവധി കുട്ടികളെ തോല്‍പ്പിക്കുക എന്നതായിരുന്നു നയം. അതിപ്പോള്‍ പരമാവധിപേരെ ജയിപ്പിക്കുക എന്നതായിട്ടുണ്ട്.

 ഞാന്‍ 74-75 കാലത്താണ് കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്‌ക്കൂളില്‍ പഠിച്ചത്. അവിടെ മലയാളം പഠിപ്പിച്ചിരുന്നത് ഒരു രാമകൃഷ്ണപിള്ള സാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം ആളിന്റേത് പോലെ തീരെ ക്ഷീണിച്ചതായിരുന്നു. മുന്‍ ബഞ്ചിലിരുന്നാല്‍ മുഖത്ത് തുപ്പല്‍ തെറിക്കും.പിന്നിലിരുന്നാല്‍ ഒന്നും കേള്‍ക്കില്ല. ക്ലാസില്‍ വലിയ ബഹളമാകുമ്പോള്‍ അദ്ദേഹം തെറിവാക്കുകള്‍ വിളിക്കും.ചിലരെ ഒക്കെ തല്ലും. പിന്നെ കുറേ വൃത്തവും അലങ്കാരവും 'കുന്തവും കൊടചക്രവും' ഭാഷാപഠനം വെറുപ്പിക്കാനായി ഒപ്പം കൂടി. ഇത്രയുമായതോടെ മലയാള പഠനം എന്ന ചിന്ത വിട്ടു.വായനയും എഴുത്തുമൊക്കെ തുടര്‍ന്നുമുണ്ടായി. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന മേരി മാത്യു സാറിന് എന്നെ വലിയ ഇഷ്ടമായിരുന്നു. അവര്‍ സുവോളജി ബിരുദക്കാരിയാണ്. അന്ന് ഇന്നത്തെപോലെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സ്‌കൂളില്‍ ഇംഗ്ലീഷ് ബിരുദധാരി ഉണ്ടായിരുന്നില്ല.ആരെങ്കിലും വന്നു പഠിപ്പിക്കും. ഗൈഡ് ഒക്കെ വച്ച് ചോദ്യോത്തരങ്ങളൊക്കെ തന്ന് അവരങ്ങു പോകും. ടീച്ചറോടുള്ള സ്‌നേഹം ഭാഷയോടുണ്ടായി, പക്ഷെ ട്യൂട്ടോറിയലില്‍ ഒരു രാജന്‍ സാറാണ് പഠിപ്പിച്ചിരുന്നത്. നല്ല ക്ലാസാണ്. തൊണ്ടകീറി പഠിപ്പിക്കുന്ന മനുഷ്യന്‍. പക്ഷെ അവിടെയും വിനയായത് Parts of speech ആണ്. അവയുടെ Definition, പ്രയോഗം ഒക്കെ കൂടി വലിയ തലവേദനയായി. ഇപ്പോഴും ഒഴിയാത്ത ബാധ. Preposition  എഴുതുമ്പോള്‍ ഈ വയസുകാലത്തും സംശയമാണ്. മലയാളം തെറ്റായി എഴുതിയാലും മലയാളി ക്ഷമിക്കും, പക്ഷെ ഇംഗ്ലീഷ് തെറ്റാന്‍ പാടില്ല. ഹിന്ദി പഠിപ്പിച്ചിരുന്ന ശിവശങ്കരപ്പിള്ള സാര്‍ നന്നായി കഥ പറയുകയും കവിത ചൊല്ലുകയും ചെയ്യുമായിരുന്നു. വലിയ പ്രശ്‌നമില്ലാതെ അതങ്ങിനെ പോയി .

 കണക്ക് പഠിപ്പിച്ചിരുന്നത് ആറടി പൊക്കവും സ്‌പോര്‍ട്ട്‌സ്മാന്‍ ലുക്കുമുള്ള, എപ്പോഴും ചൂരലുമായി ഓടി നടക്കുന്ന ഉണ്ണിത്താന്‍ സാര്‍ ആയിരുന്നു. അങ്ങേരെ കാണുമ്പോഴേ ഉള്ള കണക്കുകൂടി മനസില്‍ നിന്നും ഓടിപ്പോകും. ജ്യോമട്രി, ആള്‍ജിബ്ര എന്നൊക്കെ കേള്‍ക്കുമ്പോഴെ വെറുപ്പായിരുന്നു. ഒരു കടയില്‍ പോയി സാധനം വാങ്ങിയാല്‍ എത്ര കൊടുക്കണം, ബാക്കി കൃത്യമാണോ എന്നൊക്കെ അറിഞ്ഞാല്‍ പോരെ എന്ന പഴയ സംശയം ഇപ്പോഴും മാറിയിട്ടില്ല. സയന്‍സ് പഠിപ്പിച്ചിരുന്നത് പൊക്കം കുറഞ്ഞ ബാലി എന്ന അപരനാമധേയമുള്ള ബാലകൃഷ്ണ പിള്ള സാറായിരുന്നു.നല്ല ക്ലാസ്സാണ് അദ്ദേഹത്തിന്റേത്. ജീവശാസ്ത്രവുമായി നന്നായി ഇണങ്ങിയെങ്കിലും ഫിസിക്‌സും കെമിസ്ട്രിയും ഇണങ്ങിയും പിണങ്ങിയും ഒപ്പം നിന്നു. സാമൂഹ്യ പാഠംങ്ങള്‍ പഠിപ്പിച്ചിരുന്നത് ദാസ്സാറായിരുന്നു. അതായിരുന്നു ഏക ആശ്വാസവും. ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ നന്നായി പറഞ്ഞുതരും. നമ്മളറിയാത്ത ഭൂഖണ്ഡങ്ങളിലൂടെ, വിവിധ ചരിത്ര കഥകളിലൂടെ ഒക്കെ യാത്ര ചെയ്ത ക്ലാസുകള്‍. അന്ന് ഓരോ സംഭവും നടന്ന വര്‍ഷങ്ങളൊക്കെ കൃത്യമായി ഓര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞിരുന്നു.എന്നും Atlas എന്ന മനോഹരമായ ബുക്കിലൂടെ യാത്ര ചെയ്തിരുന്നു. രാജ്യങ്ങളുടെ പേരുകള്‍, തലസ്ഥാനം ഒക്കെ വീട്ടില്‍ ക്വിസ് ആയി അവതരിപ്പിച്ചിരുന്നു. ഈ രാജ്യങ്ങളെല്ലാം കണ്ടു തീര്‍ക്കണം എന്നു കൊതിച്ചിരുന്നു.

 പത്തുവര്‍ഷത്തെ പഠനം കഴിഞ്ഞ് എന്തോ വലിയൊരു ലോകം കെട്ടിപ്പടുത്തപോലെയാണ് അന്നത്തെ പത്താംക്ലാസ് പടിയിറക്കം. ഇനി നീ ആരാകണം, ഡോക്ടര്‍, എന്‍ജീനീയര്‍ ,അതോ മറ്റെന്തെങ്കിലുമോ?  ദാസ് സാര്‍ എന്നോട് പറഞ്ഞു, നീ തേര്‍ഡ് ഗ്രൂപ്പ് എടുക്കണം. ഞാന്‍ വിഷമത്തിലായി. അച്ഛന്‍ മകനെ ഡോക്ടറാക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. തേര്‍ഡ് ഗ്രൂപ്പ് എന്റെ ഈഗോയ്ക്കും പറ്റിയതല്ല. മിടുക്കന്മാര്‍ ഫസ്റ്റ്, സെക്കന്റ് ഗ്രൂപ്പെടുക്കും, ബാക്കിയുള്ളവര്‍ തേര്‍ഡ്, ഫോര്‍ത്ത് ഗ്രൂപ്പെടുക്കും എന്നതാണ് നാട്ടിലെ പരമ്പരാഗത നിയമം. ഞാനും പാരമ്പര്യം കാത്തു സൂക്ഷിക്കണമല്ലൊ. എന്നിട്ട് എന്തായി എന്നത് വേറെ വിഷയം.

 എന്റെ ചോദ്യം ഇതാണ്. കുട്ടികള്‍ മലയാളം,ഇംഗ്ലീഷ് ,ഹിന്ദി, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ് എല്ലാം പഠിക്കട്ടെ. അവന്‍ ഭാഷയുടെ ഗ്രാമര്‍ പഠിക്കാന്‍ താത്പ്പര്യമുണ്ടെങ്കില്‍ അത് പഠിക്കട്ടെ. അല്ലെങ്കില്‍ നല്ല കഥകളും കവിതകളും ലേഖനങ്ങളും വായിക്കുകയും ആസ്വദിക്കുകയും എഴുതുന്നെങ്കില്‍ എഴുതുകയും ചെയ്യട്ടെ. അധ്യാപകന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ Poor in grammar, Excellent in reading, good in creative writing എന്നൊക്കെ രേഖപ്പെടുത്തിയാല്‍ പോരെ. അതുപോലെ bad in physics, good in chemistry, excellent in biology . ഇത്തരത്തില്‍ ഓരോ വിഷയത്തിലുമുള്ള അവന്റെ ഇഷ്ടം ,താത്പ്പര്യം ഒക്കെ രേഖപ്പെടുത്തുക. Extra curricular ഉള്‍പ്പെടെ. എന്തിനാണ് ഒരു പൊതു പരീക്ഷ. അധ്യാപകന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ മതിപ്പില്ലാത്ത കുട്ടിക്കായി ഒരു പരാതി പരിഹാര സംവിധാനവും വേണം. അധ്യാപകന്‍ മന:പൂര്‍വ്വമായി മോശം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടിയും സ്വീകരിക്കാം. പത്തുവരെയുള്ള കഥയാണ് പറഞ്ഞത്. അപക്വമായ നിഗമനമാണെങ്കില്‍ ക്ഷമിക്കുക

Friday, 1 July 2022

Democracy and women representation in parliament

 


 പാര്‍ലമെന്റിലെ വനിത പ്രാതിനിധ്യവും ജനാധിപത്യവും

 Michigan സര്‍വ്വകലാശാലയിലെ Ronald Inglehart, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ Pippa Norris, Wissenschafts Berlin ലെ Christian Welzel എന്നിവര്‍ തയ്യാറാക്കിയ Gender equality and democracy  എന്നൊരു ലേഖനം ഈയിടെ വായിക്കുകയുണ്ടായി. 65 രാജ്യങ്ങളിലെ പാര്‍ലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യം പരിശോധിച്ചാണ് അവര്‍ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. വടക്കന്‍ യൂറോപ്പിലെ Nordic രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്,ഫിന്‍ലന്റ് ,ഐസ്ലന്റ് ,നോര്‍വ്വെ, സ്വീഡന്‍ എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യവും നേതൃത്വവും ലഭിച്ചിട്ടുള്ളത് എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. ഫ്രാന്‍സും ബല്‍ജിയവും ഇതിന്റെ പിന്നിലായി വരുന്നു.സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറവുള്ളത് ഇസ്ലാമിക രാജ്യങ്ങളിലാണ്. ക്രിസ്ത്യന്‍ സമൂഹത്തില്‍ പ്രൊട്ടസ്റ്റന്റുകള്‍ മേല്‍ക്കോയ്മ നേടിയ ഇടങ്ങളിലാണ് സ്ത്രീകള്‍ക്ക് ആദ്യമായി കൂടുതല്‍ സ്വാതന്ത്യവും അധികാരവും ലഭ്യമായത്. കാത്തലിക് സമൂഹവും കൂടുതലും പരമ്പരാഗത കുടുംബ രീതികളെ പിന്‍തുടരാനാണ് ആഗ്രഹിച്ചത്. എങ്കില്‍പോലും ക്രിസ്തീയ വിശ്വാസികള്‍ക്കു മുന്‍തൂക്കമുള്ള രാജ്യങ്ങളിലാണ് മറ്റു മതങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സമൂഹത്തേക്കാള്‍ സ്ത്രീകള്‍ക്ക് അധികാര രാഷ്ട്രീയത്തില്‍ കുറച്ചെങ്കിലും ശ്രദ്ധ ലഭിച്ചത്. ഇസ്ലാം മതം,ബുദ്ധമതം,കണ്‍ഫ്യൂഷ്യന്‍ മതം,ഹിന്ദുമതം എന്നിവ ഭൂരിപക്ഷമായ രാജ്യങ്ങള്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ വളരെ പിറകിലാണ്. നവോത്ഥാനമാണ് ജനാധിപത്യത്തിനും സ്ത്രീകളുടെ പൊതുജീവിതത്തിനും തുടക്കം കുറിച്ചത്. വ്യവസായ വിപ്ലവം വന്നതോടെ പുത്തന്‍ തൊഴില്‍ സാധ്യതകളും വിദ്യാഭ്യാസവും വരുമാനവും സാമ്പത്തിക പുരോഗതിയും സ്ത്രീകള്‍ക്ക് കൈവന്നു.

 അധികാരവും സമ്പത്തും കൈയ്യടക്കി വച്ചിരുന്ന ഒരു സമൂഹം മാറ്റങ്ങളെ ചെറുത്തുനിന്നെങ്കിലും ലിംഗസമത്വവും ജനാധിപത്യവും അധികകാലം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പൗരാവകാശങ്ങള്‍ക്കും രാഷ്ട്രീയ സ്വാതന്ത്യത്തിനും മുന്‍ഗണനയുള്ള സമൂഹത്തിലാണ് പാര്‍ലമെന്റില്‍ സ്ത്രീകളുടെ എണ്ണം കൂടുതലുള്ളത്. എന്നാല്‍ ഇതിന് വ്യത്യസ്തമായ ചില ഉദാഹരണങ്ങളുമുണ്ട്. സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ചൈനയില്‍ പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. എന്നാല്‍ ജനാധിപത്യ രാജ്യമായ ജപ്പാനിലും അയര്‍ലന്റിലും ഫ്രാന്‍സിലും അമേരിക്കയിലും സ്ത്രീ പ്രാതിനിധ്യം കുറവാണ് എന്നു കാണാന്‍ കഴിയും.

 പുരുഷന്മാരാണ് രാഷ്ട്രീയ നേതൃത്വത്തിന് മികച്ചത് എന്ന പൊതുചിന്തയാണ് മിക്ക സമൂഹങ്ങളെയും ഇപ്പോഴും നയിക്കുന്നത്. വ്യാവാസായിക പുരോഗതി നേടിയ രാജ്യങ്ങളില്‍ ഇത്തരം ചിന്തകള്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും ഇന്ത്യ,ചൈന,ബ്രസീല്‍,പാകിസ്ഥാന്‍,നൈജീരിയ,ഈജിപ്ത് തുടങ്ങിയ വേണ്ടത്ര പുരോഗതി നേടിയിട്ടില്ലാത്ത രാജ്യങ്ങളില്‍ ഇപ്പോഴും ഈ മാനസികനിലയ്ക്ക് മാറ്റം സംഭവിച്ചിട്ടില്ല. വികസിത രാജ്യങ്ങളില്‍ പോലും പ്രായം ചെന്നവരുടെ ചിന്താഗതിയില്‍ മാറ്റം സംഭവിച്ചിട്ടില്ല, എന്നാല്‍ യുവജനത പൂര്‍ണ്ണമായും മാറിയിട്ടുണ്ട്. സമ്പന്ന രാജ്യങ്ങളിലാണ് പാര്‍ലമെന്റില്‍ സ്ത്രീപാതിനിധ്യം വര്‍ദ്ധിച്ചുവരുന്നത്. സാമ്പത്തിക ഉന്നമനം സാംസ്‌ക്കാരിക മാറ്റത്തിന് വഴിവയ്ക്കുന്നു എന്നാണ് നിഗമനം.

 പ്രൊട്ടസ്റ്റന്റ് മേധാവിത്വമുള്ള രാജ്യങ്ങളില്‍ 30 ശതമാനവും കാത്തലിക് മേധാവിത്വമുള്ളിടത്ത് 13 ശതമാനവും യാഥാസ്ഥിതിക സമൂഹത്തില്‍ 7 ശതമാനവും കണ്‍ഫ്യൂഷ്യന്‍ സമൂഹത്തില്‍ 5 ശതമാനവും ഇസ്ലാമിക് രാജ്യങ്ങളില്‍ 3 ശതമാനവുമാണ് പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം. പരമ്പരാഗത മൂല്യങ്ങളെ മുറുകെ പിടിക്കുന്ന സമൂഹങ്ങളില്‍ രക്ഷകര്‍ത്താക്കളും കുട്ടികളും തമ്മിലുള്ള ബോണ്ടില്‍ സ്ത്രീകളുടെ ഉത്തരവാദിത്തം രേഖപ്പെടുത്തിയിരിക്കുന്നത് കുട്ടികളുടെ സംരക്ഷണത്തിലാണ്. കുടുംബമൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന ഈ സമൂഹത്തില്‍ വിവാഹമോചനം, ഗര്‍ഭഛിദ്രം, ദയാവധം, ആത്മഹത്യ ഒക്കെ അചിന്തിതമാണ്. അവര്‍ വലിയ ദേശസ്‌നേഹികളും കടുംപിടുത്തക്കാരുമായിരിക്കും. എന്നാല്‍ മതേതരവും യുക്തിഭദ്രവുമായ സമൂഹം ഇതിനെതിരെയാണ് സഞ്ചരിക്കുക.പാരമ്പര്യമൂല്യങ്ങളെ ത്യജിക്കുക,പുതിയവ സ്വീകരിക്കുക എന്നതാണ് അവരുടെ നയം.

 ഇപ്പോള്‍ വ്യാവസായിക സമൂഹം കുറേക്കൂടി വളര്‍ന്ന് സേവനത്തിനും അറിവിനും മുന്‍തൂക്കമുള്ള സമൂഹമായതോടെ ലിംഗപരമായ വേര്‍തിരിവ് യൂറോപ്പിലാകാമാനം ഇല്ലാതാകുകയും  കുട്ടികളെ വളര്‍ത്തുന്നതിലുളള മാതാപിതാക്കളുടെ പങ്ക് തുല്യമാകുകയും ലൈംഗികസ്വാതന്ത്യം പൂര്‍ണ്ണമാകുകയും ചെയ്തിരിക്കയാണ്. അതുകൊണ്ടുതന്നെ യൂറോപ്പ് ആകമാനവും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഈ മാറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കുടുംബമൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിന് പകരം മനുഷ്യരെ ആകമാനം ബാധിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കാണ് അവിടെ കൂടുതല്‍ പ്രാധാന്യം. ഭൗതികവാദം മുന്നോട്ടുവച്ച സാമ്പത്തികവും ശാരീരികവുമായ സ്വാതന്ത്ര്യം എന്നതില്‍ നിന്നും അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ,സമൂഹത്തിലും രാഷ്ട്രീയത്തിലും ഉയര്‍ന്ന പങ്കാളിത്തം എന്ന നിലയിലേക്ക് സ്ത്രീസമൂഹം മാറുകയാണ്.

 സ്ത്രീകളുടെ വരവോടെ രാഷ്ട്രീയ രംഗത്ത് മത്സരത്തിന് പകരം സഹകരണവും മേല്‍ക്കോയ്മയ്ക്കു പകരം സഹകരണവും മുന്‍തൂക്കം നേടുന്നു എന്നാണ് സര്‍വ്വെ ഫലം പറയുന്നത്. കാര്‍ഷിക-വ്യാവസായിക രാജ്യങ്ങളില്‍ പുരുഷ മേധാവിത്വവും ശ്രേണീപരമായ അധികാരങ്ങളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും നിലനില്‍ക്കുമ്പോള്‍ വികസിത സമൂഹത്തില്‍ സ്ത്രീകളുടെ നേതൃത്വം മികച്ചതും ഫലപ്രദവുമാണ് എന്നും ലേഖനം പറയുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളും ഈ നിലയിലെത്താന്‍ കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും എടുക്കും എന്നു കരുതേണ്ടിയിരിക്കുന്നു.

Monday, 27 June 2022

Descended the graph of Dr.M.K.Muneer, ascended that of K.N.A.Khader

 


 മുനീറിന്റെ ഗ്രാഫ് താണു, ഖാദറിന്റെ ഗ്രാഫ് ഉയര്‍ന്നു

 മുസ്ലിംലീഗിലെ മതേതര മുഖം എന്നൊക്കെ പറയപ്പെട്ടിരുന്നത് സി.എച്ച്.മുഹമ്മദ് കോയയുടെ മകന്‍ ഡോക്ടര്‍ എം.കെ.മുനീര്‍ ആയിരുന്നു. എന്നാല്‍ കെ.എന്‍.എ.ഖാദറിനെ തിരുത്താനും ശാസിക്കാനും മുസ്ലിംലീഗ് മുന്നില്‍ നിര്‍ത്തിയത് മുനീറിനെയാണ്. അതോടെ മുനീറിന്റെ മതേതരമുഖം പൊലിഞ്ഞു. ലീഗിലെ ആസ്ഥാന സാംസ്‌ക്കാരിക നായകനായി നമ്മള്‍ അറിയുന്നത് അബ്ദുല്‍ സമദ് സമദാനിയെയാണ്. കമലദാസിനെപോലും വീഴ്ത്തിയവന്‍ എന്നൊരു ഖ്യാതിയും ഇദ്ദേഹത്തിനുണ്ട്. കക്ഷിയുടെ പ്രസംഗം കേട്ട് അത്ഭുതം കൂറിയിട്ടുമുണ്ട്. മലയാളവും സംസ്‌കൃതവും അറബിയുമൊക്കെ അനര്‍ഗ്ഗളം ഒഴുകുന്ന ശൈലിയുടെ ഉടമ. കുട്ടി അഹമ്മദ് കുട്ടിയെപോലെ നിസ്വരായ മനുഷ്യരും ലീഗ് നേതാക്കളുടെ കൂട്ടത്തിലുണ്ട്. ടി.എ.അഹമ്മദ് കബീറിനെപോലെ സാഹിത്യവും സംസ്‌കാരവും പ്രചരിപ്പിക്കുന്ന സര്‍ഗ്ഗധാര മാസികയുടെ ഉടമ തുടങ്ങി ഒട്ടേറെ ജനകീയമുഖങ്ങളുണ്ട് ലീഗില്‍.ആ കൂട്ടത്തിലൊന്നും കേട്ടിട്ടില്ലാത്ത വ്യക്തിത്വമായിരുന്നു ഖാദര്‍. ലീഗില്‍ പൊതുവെ ബിസിനസുകാരും റിസോര്‍ട്ട് ഉടമകളും ഭൂമാഫിയയും ഒക്കെയാണ് നേതൃത്വത്തിലുള്ളത് എന്ന് പൊതുവെ പറയാറുമുണ്ട്. ആ കൂട്ടത്തിലൊരാള്‍ എന്നായിരുന്നു എന്റെ ധാരണ.

  പത്ത് വര്‍ഷം മുന്നെ വരെ തീവ്രവാദ സ്വഭാവമില്ലാതെ ഇടതും വലതും പക്ഷത്തൊക്കെ നിന്ന് കേരള കോണ്‍ഗ്രസിനെ പോലെ, വേണ്ടപ്പെട്ടവര്‍ക്ക് കാര്യങ്ങള്‍ സാധിച്ചു നല്‍കുക, പാര്‍ട്ടിയെ മലബാര്‍ ഭാഗത്ത് സജീവമാക്കി നിര്‍ത്തുക എന്നീ അജണ്ടകളെ ലീഗിനുണ്ടായിരുന്നുള്ളു. എന്നാല്‍ പിഡിപിയും പിന്നീട് അതിനേക്കാള്‍ തീവ്രവാദ സമീപനമുള്ള എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും വെല്‍ഫെയര്‍ പാര്‍ട്ടിയുമൊക്കെ വന്നതോടെ ലീഗിന് നിലപാട് മാറ്റേണ്ടിവന്നു. യുവാക്കളെ ആകര്‍ഷിക്കാന്‍ നിലപാടുകളില്‍ വലിയ മാറ്റം വരുത്തി. അതുകൊണ്ടുതന്നെയാവാം മുനീറിനൊക്കെ ഇങ്ങിനെ മാറേണ്ടി വരുന്നതും !!

 കെ.എന്‍.എ.ഖാദര്‍ ആര്‍എസ്എസ് സൗഹൃദം വച്ചുപുലര്‍ത്തുന്ന ഏതോ സംഘടനയുടെ യോഗത്തില്‍ സംബ്ബന്ധിച്ച് പ്രസംഗിച്ചു എന്നതാണ് വിവാദമായത്. കോലാഹലങ്ങള്‍ ഏറെയായപ്പോള്‍ ആ പ്രസംഗമൊന്ന് കേള്‍ക്കണം എന്നു തോന്നി. സാധാരണ വാട്‌സ്ആപ് ഗ്രൂപ്പുകളില്‍ വരുന്ന വീഡിയോകള്‍ നോക്കാറില്ലാത്ത ഞാന്‍ ഖാദറിന്റെ പ്രസംഗം ഒരു ഗ്രൂപ്പില്‍ കണ്ടെത്തി കേള്‍ക്കുകയുണ്ടായി. ഇങ്ങനൊരു മനുഷ്യനെ അറിയാതെ പോയത് എന്റെ തെറ്റ് എന്നു ബോധ്യമായി. സമദാനിയെപോലെ ഘോരഘോരം പ്രസംഗിക്കാതെ തന്റെ മുന്നിലിരിക്കുന്നവരോട് വര്‍ത്തമാനം പറയുകയായിരുന്നു ഖാദര്‍. കൂടുതലായും അദ്ദേഹം സംസാരിച്ചത് ബുദ്ധമതത്തെ കുറിച്ചാണ്. ഹിന്ദുമതവും ഇസ്ലാംമതവുമെല്ലാം ഒരു പാട് കടപ്പെട്ടിരിക്കുന്ന മതമാണല്ലൊ ബുദ്ധമതം. ഏറ്റവുമധികം ബുദ്ധമതത്തെ ഉപദ്രവിച്ചതും ഇല്ലാതാക്കിയതും ഈ രണ്ട് മതവിശ്വാസികളാണ് താനും. പിന്നെ സംസാരം എല്ലാ മതങ്ങളുടെയും സന്ദേശം ഒന്നാണ് എന്നതിലേക്കായിരുന്നു. തന്റെ വായനാനുഭവങ്ങളും യാത്രാനുഭവങ്ങളും എങ്ങിനെ തന്നെ രൂപപ്പെടുത്തി എന്നതും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. യാതൊരു ദുരൂഹതയുമില്ലാത്ത, സത്യസന്ധമായ പ്രസംഗം. എനിക്ക് പ്രസംഗം ഇഷ്ടമായി.

 പിന്നീട് ഗൂഗിളില്‍ തപ്പിയപ്പോഴാണ് ഇദ്ദേഹം രാഷ്ട്രീയം തുടങ്ങിയത് എഐഎസ്എഫിലാണെന്നും അതിന്റെ പ്രസിഡന്റ് വരെ ആയെന്നും പിന്നീട് സിപിഐയില്‍ പ്രവര്‍ത്തിച്ചുവെന്നും മലപ്പുറത്തെ തട്ടകത്തില്‍ രാഷ്ട്രീയപ്രവര്‍ത്തകനായി തുടരാന്‍ നല്ലത് ലീഗാണെന്നു കണ്ട് കളം മാറിയതാണെന്നും മനസിലായത്. ഏതായാലും രാഷ്ട്രീയ -മത സംഘടനകള്‍ മൂരാച്ചി സമീപനം ഒഴിവാക്കി ,പരമാവധി വേദികള്‍ പങ്കിട്ട് ആശയങ്ങള്‍ കൈമാറുന്നതാകും ആരോഗ്യകരമായ ജനാധിപത്യത്തിന് നല്ലത്. ജനങ്ങള്‍ എല്ലാവരേയും കേള്‍ക്കുന്നതാകുമല്ലൊ നല്ലത്. അല്ലെങ്കില്‍ അവര്‍ വാട്ടര്‍ ടൈറ്റ് കംപാര്‍ട്ടുെമന്റുകളായി നിലനില്‍ക്കും. അവരവരുടെ പാര്‍ട്ടി നേതാക്കളും മതനേതാക്കളും പറയുന്നത് മാത്രം കേട്ട് വളരുന്നവര്‍ വളരുകയല്ല മുരടിക്കുകയാവും ചെയ്യുക. ഖാദര്‍ ലീഗിന് ഒരു അസറ്റാണ്. കിട്ടാവുന്ന വേദികളില്‍ ഖാദറിനെ വിട്ട് നേതൃത്വത്തിന് മുസ്ലിംലീഗ് എന്ന പാര്‍ട്ടിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാം. അതല്ല ,പുറത്താക്കാനാണ് ശ്രമിക്കുക എങ്കില്‍ പിന്നീട് ഏത് പ്രസ്ഥാനത്തില്‍ ഇദ്ദേഹം എത്തിപ്പെട്ടാലും അവര്‍ക്കും ഗുണകരമാകുന്ന ഒരു മുതലാകും കെഎന്‍എ ഖാദര്‍ എന്നതില്‍ സംശയമില്ല👏🙏

Sunday, 19 June 2022

Agnipath scheme -very innovative

 


അഗ്നിപഥ് ഞാൻ അംഗീകരിക്കുന്നു =

എന്തുകൊണ്ടെന്നാൽ? ✍️✍️

-------------------------------------====

2010 -ൽ ഞാൻ എഴുതി, പ്രഭാത് ബുക്ക്‌ ഹൌസ് പ്രസിദ്ധീകരിച്ച  "ഈച്ചകളും ഉറുമ്പുകളും ജനാധിപത്യം കൊതിക്കുമ്പോൾ " എന്ന നോവലിൽ ഗുരുവായ കൗടില്യനും  ചാന്ദ്ര ദേശത്തെ പ്രധാനമന്ത്രി ചന്ദ്രഗുപതനും തമ്മിലുള്ള ഒരു സംഭാഷണം ചുവടെ ചേർക്കുന്നു. /ഒരു ദിവസം  കൗടില്യൻ ചന്ദ്രഗുപ്തനുമായി സംസാരിച്ചത് പ്രതിരോധ വകുപ്പിനെ കുറിച്ച് മാത്രമായിരുന്നു. മന്ത്രി ദീപാങ്കർ കാലോയും ഒപ്പമുണ്ടായിരുന്നു. ഈ രംഗത്ത് ഇനിയും വരുത്തേണ്ട മാറ്റങ്ങൾ അവർ ചർച്ച ചെയ്തു. വായുസേനയും നാവിക സേനയും കരസേനയും നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ഇടപെടുന്നതിന്റെ ഗുണങ്ങൾ അവർ ആഹ്ലാദപൂർവം പങ്കിട്ടു. നിർബന്ധിത പട്ടാള പരിശീലനം എന്ന ആശയം കൗടില്യൻ മുന്നോട്ട് വച്ചത് അപ്പോഴാണ്. അതിന് വലിയ എതിർപ്പുണ്ടാകുമെന്ന് ചന്ദ്ര ഗുപ്തനും കാലോയും അഭിപ്രായപ്പെട്ടു. കൗടില്യൻ ചിരിച്ചു 

" നമ്മൾ നിർബന്ധിത സൈനിക സേവനം എന്ന് പറയുന്നതേയില്ല. സ്കൂൾ -കോളേജ് തലത്തിൽ കായികക്ഷമതയ്ക്കു പ്രാധാന്യം നൽകുന്ന ഒരു പദ്ധതി ആവിഷ്‌കരിക്കുക . ആരോഗ്യമുള്ള യുവജനത എന്ന മുദ്രാവാക്യം മുന്നിര്ത്തിയാവണം ഇത് ആരംഭിക്കേണ്ടത്. നല്ല കരുത്തുള്ള ശരീരവും മനസുമുള്ള ജനതയാണ് എറ്റവും വലിയ പ്രതിരോധ സേന എന്ന് നമ്മൾ മനസിലാക്കണം, ഈ വിദ്യാഭ്യാസ പദ്ധതിയുടെ തുടർച്ചയായി എടുക്കേണ്ട നടപടിയാണ് ഇതിന്റെ രണ്ടാം ഘട്ടം. 

പട്ടാളത്തിൽ രണ്ട് വർഷം സേവനമനുഷ്ഠിക്കുന്നവർക്കുള്ളഇളവുകൾ പ്രഖ്യാപിക്കണം. അത്‌ അവർ ആഗ്രഹിക്കുന്ന വിധമാകാം. വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള സർക്കാർ ജോലി അതല്ലെങ്കിൽ നികുതിയിലെ ഇളവ് അല്ലെങ്കിൽ വർഷത്തിലൊരിക്കൽ നാട്ടിലെവിടെയും സൗജന്യ യാത്ര തുടങ്ങിയ ആകർഷണീയമായ പാക്കേജുകൾ നിങ്ങൾ കണ്ടെത്തുക. ഇങ്ങനെ രണ്ട് വർഷം സൈനിക പരിശീലനം  ലഭിച്ച ഒരു പൗരൻ മറ്റുള്ളവരേക്കാൾ കൃത്യനിഷ്ഠയും മാന്യതയുമുള്ളവനും ദേശസ്നേഹിയുമാകും. ശനിയെ പോലെ എതു സമയവും നമ്മെ ആക്രമിക്കാവുന്ന ഒരയലുള്ളപ്പോൾ സൈനിക പരിശീലനം ലഭിച്ച ഓരോ പൗരനും രാജ്യത്തിന്റെ അമൂല്യ സമ്പത്തായിരിക്കും ", കൗടില്യൻ പറഞ്ഞു നിർത്തി. 

------===(എല്ലാ ചെറുപ്പക്കര്ക്കും നിർബന്ധിത സൈനിക പരിശീലനം നൽകണം എന്നാണ് എന്റെ അഭിപ്രായം 🙏



Monday, 6 June 2022

Sex as work, a milestone decision from Supreme Court

 


 ലൈംഗിക തൊഴിലാളികളും നിയമവും

  നിക്കോസ് കസാന്റ് സാക്കീസിന്റെ 'ക്രിസ്തു വീണ്ടും ക്രൂശിക്കപ്പെടുന്നു' എന്ന പുസ്തകത്തില്‍ വേശ്യയെ കുറിച്ച് ഇങ്ങിനെ പറയുന്നുണ്ട്. ' അവള്‍ വഴിയോരത്തേക്കൊഴുകുന്ന നീരുറവപോലെയാണ്. ദാഹമുള്ളവര്‍ക്ക് ദാഹം തീര്‍ക്കാം.അല്ലാത്ത പക്ഷം ദാഹമുള്ളവര്‍ നമ്മുടെയെല്ലാം കതകുകളില്‍ വന്നുമുട്ടി വെള്ളം ചോദിച്ച് നമ്മുടെ സ്ത്രീകളെ ബുദ്ധിമുട്ടിക്കും. ' ലൈംഗികത്തൊഴില്‍ മനുഷ്യന്‍ സമൂഹമായി കഴിയാന്‍ തുടങ്ങിയ കാലം മുതലെ ഉളള ഒന്നാണ്. ചാണക്യന്റെ അര്‍ത്ഥശാസ്ത്രത്തില്‍ പറയുന്നത് മദ്യശാലയും വേശ്യാലയവും സര്‍ക്കാര്‍ നേരിട്ടുനടത്തേണ്ട സ്ഥാപനങ്ങളാണ് എന്നാണ്. സ്ഥാപനം നടത്തുന്നവര്‍ക്ക് രാജകൊട്ടാരത്തില്‍ വലിയ അംഗീകാരവും ഉണ്ടായിരുന്നു. നികുതിയും ഏര്‍പ്പെടുത്തിയിരുന്നു. അന്നൊക്കെ കച്ചവടക്കാര്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ മാസങ്ങളോളം യാത്രയിലാവും. അപ്പോള്‍ അന്തിമയങ്ങുക ഇത്തരം വേശ്യാലയങ്ങളിലായിരുന്നു.

 രാജഭരണം അവസാനിച്ചതോടെ വേശ്യാലയങ്ങള്‍ക്കുണ്ടായിരുന്ന പ്രാധാന്യം നഷ്ടമായി. ജനാധിപത്യ ഭരണകാലത്തും നഗരങ്ങളിലെ തെരുവോരങ്ങളില്‍ വൈകുന്നേരങ്ങളില്‍ ലൈംഗിത്തൊഴിലാളികള്‍ ആവശ്യക്കാരെ കാത്തുനില്‍ക്കുന്ന കാഴ്ച സാധാരണമായിരുന്നു. എല്ലാ ഗ്രാമങ്ങളിലും ഒന്നോ ഒന്നിലധികമോ ലൈംഗികത്തൊഴിലാളി കേന്ദ്രങ്ങളുണ്ടായിരുന്നു. നാട്ടുകാര്‍ക്കും പോലീസിനും ഈ സമൂഹത്തെ പരമപുച്ഛമായിരുന്നു. എന്നാല്‍ ഈ രണ്ടുകൂട്ടരും രഹസ്യമായി ഇവരെ അഭയം പ്രാപിക്കുകയും ചെയ്തുവന്നു. എന്നാല്‍ ക്രമേണ നാട്ടുകാരുടെ എതിര്‍പ്പും പോലീസ് അതിക്രമവും കാരണം ഈ സമ്പ്രദായം ഇല്ലാതായി. മുംബയ്,കൊല്‍ക്കൊത്ത,ദല്‍ഹി എന്നീ മഹാനഗരങ്ങളില്‍ ചുവന്ന തെരുവ് എന്ന നലിയില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ വന്‍തോതില്‍ സ്ത്രീകളെ തൊഴില്‍, വിവാഹം തുടങ്ങിയ പ്രലോഭനങ്ങള്‍ക്ക് വശംവദരാക്കി കൊണ്ടുവന്നു വില്‍പ്പനയും നടത്തുന്നു. സ്വമേധയാ ഈ തൊഴിലില്‍ എത്തിപ്പെടുന്നവരും നിരവധിയാണ്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരത്തില്‍ സ്ത്രീകളെ ദുബായിലേക്ക് കൊണ്ടുപോകുന്നതാണ് പുതിയകാലത്തെ അനുഭവം.

  ഇന്ത്യയില്‍ ലൈംഗികത്തൊഴില്‍ നിയമപരമായി അംഗീകരിക്കപ്പെട്ടിട്ടില്ല എന്നതാണ് ഏറ്റവും അപകടകരമായ അവസ്ഥ. എന്നാല്‍ ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ ധാരാളമാണ് താനും. ഹോട്ടലുകളില്‍ റെയ്ഡ് നടത്തി ലൈംഗികത്തൊഴിലാളികളെ പിടിക്കുക, വാര്‍ത്തയാക്കുക എന്നത് സമീപകാലം വരെയും പോലീസിനും അത് റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യ പ്രവര്‍ത്തകര്‍ക്കും വലിയ ഹരമായിരുന്നു. ഫഌറ്റുകള്‍ വാടകയ്‌ക്കെടുത്തും മറ്റും ലൈംഗികതൊഴില്‍ ശാലകള്‍ നടത്തുന്നവരും കുറവല്ല. ഈ സാഹചര്യത്തിലാണ് 2022 മെയ് 19 ലെ സുപ്രിംകോടതി ഉത്തരവ് നിര്‍ണ്ണായകമാകുന്നത്. പ്രായപൂര്‍ത്തിയായവരുടെ ലൈംഗികതൊഴില്‍ കുറ്റകരമല്ല എന്നും ലൈംഗികത്തൊഴിലാളികള്‍ക്കും അന്തസ്സോടെ ജീവിക്കാനും സമൂഹത്തിലെ മറ്റ് പൗരന്മാര്‍ക്കുളളപോലെ തുല്യനീതി ഉറപ്പാക്കാനും സര്‍ക്കാരിന് കടമയുണ്ട് എന്നാണ് കോടതി വിധിച്ചത്. ഏത് തൊഴിലില്‍ ഏര്‍പ്പെട്ടാലും അന്തസായി ജീവിക്കാന്‍ പൗരനെ അധികാരപ്പെടുത്തുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പാലിക്കാന്‍ പോലീസ് ബാദ്ധ്യസ്ഥരാണ് എന്നും കോടതി ഓര്‍മ്മിപ്പിച്ചു.

 2011 ലാണ് Trafficking of Persons( Prevention,Protection & Rehabilitation) Bill കൊണ്ടുവരാനായി കോടതി നിര്‍ദ്ദേശപ്രകാരം ഒരു പാനലിനെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത്. അവരുടെ നിര്‍ദ്ദേശങ്ങളില്‍ ചിലതിനോട് വിയോജിപ്പുണ്ട് എന്നു പറഞ്ഞ് സര്‍ക്കാര്‍ തീരുമാനമെടുക്കാതെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ആര്‍ട്ടിക്കിള്‍ 142 അനുവദിക്കുന്ന അധികാരം ഉപയോഗിച്ചാണ് കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ലൈംഗികത്തൊഴിലാളിയെ ഒരു രീതിയിലും ഉപദ്രവിക്കുകയോ ശിക്ഷിക്കുകയോ തൊഴില്‍ ചെയ്യുന്നതില്‍ തടസ്സം സൃഷ്ടിക്കുകയോ അവരെ നിര്‍ബ്ബന്ധമായി ലൈംഗിക ആവശ്യത്തിന് സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യാന്‍ പാടില്ല എന്നാണ് സുപ്രധാന വിധി. Immoral Traffic (Prevention) Act പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ ' സംരക്ഷിത ഭവനങ്ങളില്‍' സര്‍വ്വെ നടത്തി അവിടെ കഴിയുന്ന പ്രായപൂര്‍ത്തിയായ സ്ത്രീകളെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശബ്ദമില്ലാത്തവരും അദൃശ്യരുമായ ലൈംഗികത്തൊഴിലാളികളെ ശാക്തീകരിക്കുന്ന വിധിയാണ് മെയ് 19ന് ഉണ്ടായിരിക്കുന്നത്. ലൈംഗികത്തൊഴിലാളികളെയോ അവരുടെ പ്രതിനിധികളെയോ ഉള്‍പ്പെടുത്തി ഈ മേഖലയെ സംബ്ബന്ധിച്ച നിയമ പരിഷ്‌ക്കാരം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരിക്കയാണ്.

 2004 സെപ്തംബറില്‍ നാരായം മാസികയില്‍ 'സ്ത്രീക്ക് ലൈംഗിക സ്വാതന്ത്ര്യമുണ്ടാകണം 'എന്നൊരു ലേഖനം ഞാന്‍ എഴുതിയിരുന്നു. അതിലെ ഒരു ഭാഗം ഇവിടെ പ്രസക്തമാകുമെന്നു തോന്നുന്നു.' ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളെ അറസ്റ്റു ചെയ്യുന്നതും അവരുടെ ചിത്രങ്ങള്‍ പത്രമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതും മനുഷ്യാവകാശ ലംഘനമാണ്. അത് അവളുടെ ലൈംഗിക സ്വാതന്ത്യത്തിന് മേലുളള കടന്നു കയറ്റവുമാണ്. നിയമം മൂലം ഈ തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്ക് സംരക്ഷണവും സുരക്ഷയും നല്‍കുക എന്നതാണ് ലൈംഗിക ജനാധിപത്യ ബോധമുള്‍ക്കൊള്ളുന്ന ഒരു സമൂഹത്തിന് കരണീയം. '

ഇപ്പോള്‍ ഈ വിധി കാണുമ്പോള്‍ 18 വര്‍ഷം മുന്നെ ചിന്തിച്ചൊരു കാര്യം നടപ്പിലാകുന്നതില്‍ തികച്ചും സന്തോഷം തോന്നുകയാണ്.

Sunday, 5 June 2022

Thrikkara by-election result will help CPI(M) to rethink on present party line

 

 തൃക്കാക്കര തെരഞ്ഞെടുപ്പ് -സിപിഎമ്മിന് ഗുണം ചെയ്യും

 തൃക്കാക്കരയില്‍ ഉമ തോമസ് അവരുടെ ഭര്‍ത്താവ് പി.ടി.തോമസ് വിജയിച്ച 15,000 വോട്ടിനായിരുന്നു വിജയിച്ചിരുന്നതെങ്കിലും അത് ഇടതുപക്ഷത്തിന്  അഭിമാനനേട്ടമായിരുന്നേനെ. സര്‍ക്കാരിന്റെ വികസന മുഖത്തിനും പാര്‍ട്ടി നേതാക്കളുടെ ധാര്‍ഷ്ഠ്യത്തിനും കെ-റയില്‍ പോലുള്ള അപകടകരമായ പദ്ധതികള്‍ക്കുമൊപ്പം വോട്ടറന്മാര്‍ ഇപ്പോഴുമുണ്ട്, വോട്ടുചോര്‍ച്ച സംഭവിച്ചിട്ടില്ല എന്ന് ആശ്വസിക്കാമായിരുന്നു. എന്നാല്‍ കെ.വി.തോമസിനെ പോലുള്ള ' വമ്പന്‍ വോട്ടുബാങ്കിനെ' കൂടെ കൂട്ടിയിട്ടും പാര്‍ട്ടിക്കു ദോഷമാണ് സംഭവിച്ചത്. പാര്‍ട്ടിക്കുവേണ്ടി വിയര്‍പ്പെഴുക്കുന്ന ഒരാളിന്റെ പേര് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചപ്പോള്‍ അത് സംസ്ഥാന നേതൃത്വം അംഗീകരിച്ചില്ല. അയാളെ നിര്‍ത്തിയിരുന്നെങ്കില്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ സ്തുതിപാഠകര്‍ പറയുമായിരുന്നു ഡോക്ടറെ നിര്‍ത്തിയിരുന്നെങ്കില്‍ ജയിച്ചേനെ എന്ന്. അതുകൊണ്ട് പ്രദേശത്തെ ന്യൂനപക്ഷ സമുദായത്തില്‍ നിന്നും മിശിഹ പോലൊരു ഡോക്ടറെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത് നന്നായി. എന്നിട്ടും തൃക്കാ 'കര 'കയറാന്‍ കഴിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. അധികാരത്തിന്റെ എല്ലാ മെഷിനറികളും അരയും തലയും മുറുക്കി രംഗത്തെത്തിയെങ്കിലും ഭൂരിപക്ഷം പോലും കുറയ്ക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല പിടി തോമസിനേക്കാള്‍ പതിനായിരം വോട്ട് കൂടുതല്‍ നേടുകയും ചെയ്തു യുഡിഎഫ്.

 എല്‍ഡിഎഫ് ക്യാപ്റ്റന്‍ പിണറായി വിജയനും കണ്ണൂര്‍ പടയും കൊച്ചിയിലെ ബുദ്ധിജീവികളും തിങ്ക് ടാങ്കുകളുമൊക്കെ ഇറങ്ങിയിട്ടും ജനമനസ് ഇളക്കാന്‍ കഴിഞ്ഞില്ല. ഇത് പാര്‍ട്ടിയുടെ ക്യാപ്റ്റനും അദ്ദേഹത്തിന്റെ ഒപ്പം വലിയ പിന്തുണ നല്‍കി നില്‍ക്കുന്ന ഘടകകക്ഷി നേതാക്കള്‍ക്കുമെല്ലാം പുനര്‍ചിന്തനത്തിന് അവസരം നല്‍കുന്നു. ഇവിടെയാണ് തൃക്കാക്കര എന്ന സൂചകം പ്രസക്തമാകുന്നത്. നാടിനെ വികസനത്തിന്റെ അതിവേഗക്കുതിപ്പിലേക്കെത്തിക്കാന്‍ വമ്പന്‍ പദ്ധതികള്‍ നടപ്പിലാക്കും എന്ന് പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്കുള്ള താക്കീതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. കെ- റയില്‍ ഇടതുപക്ഷത്തിന്റെ സ്വപ്‌ന പദ്ധതിയാണെങ്കില്‍ ജനങ്ങളുടെ ഉറക്കം ഞെട്ടിക്കുന്ന പദ്ധതി കൂടിയാണ് എന്ന് വിധിയെഴുത്തിലൂടെ അവര്‍ പറയുന്നു. നിലവിലുളള റയില്‍ ലൈനിനോട് ചേര്‍ന്ന് പുതിയ പാത എന്ന പ്രായോഗികതയിലേക്ക്, അതും കേന്ദ്ര റയില്‍ വകുപ്പിന്റെ പൂര്‍ണ്ണ പിന്തുണയോടെ, നടപ്പാക്കാന്‍ നടപടിയുണ്ടാവേണ്ടതുണ്ട്. അതല്ല, ഇനി പിന്നോട്ടില്ല എന്നാണെങ്കില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇതിന്റെ ബാക്കി മുതലും പലിശയും ചേര്‍ത്ത് അവര്‍ തരും. അറിവിനും ഉപരിയാണ് തിരിച്ചറിവ്. കണ്ണൂര്‍ നേതാക്കള്‍ക്ക് ഈ തിരിച്ചറിവുണ്ടാകണം.

 വലിയ വലിയ സ്വപ്‌നങ്ങള്‍ നെയ്യുന്നതിന് പകരം സിപിഎമ്മിനും ഇടതുപക്ഷത്തിനും ചെയ്യാവുന്ന ഒന്നുണ്ട്. ആരംഭിച്ചതും പൂര്‍ത്തിയാകാത്തുമായ ആയിരക്കണക്കിന് പദ്ധതികളുണ്ട് നാട്ടില്‍. അവ കണ്ടെത്തി ജനത്തെ ബോധ്യപ്പെടുത്തുകയും അതിവേഗത്തില്‍ അതെല്ലാം തീര്‍ത്തെടുക്കുകയും ചെയ്യുക. ഹൈവേ വികസനം, ജലപാത, റയില്‍ ഓവര്‍ബ്രിഡ്ജുകള്‍ എന്നു തുടങ്ങി ഇപ്പോഴുള്ള അടിസ്ഥാന സൗകര്യങ്ങളെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തുന്ന പദ്ധതികള്‍. ഓരോ പ്രദേശത്തെയും വോട്ടറന്മാര്‍ നേരിട്ട് അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന സ്‌കീമുകള്‍. കെ-റയില്‍ പോലുള്ള ഭീമന്മാരെ താങ്ങാന്‍ കെല്‍പ്പുളള ഇടമല്ല കേരളം. പരിസ്ഥിതി ലോലം എന്ന് വിളിക്കാവുന്ന രണ്ട് ഇടങ്ങളാണ് ഹിമാലയന്‍ റേഞ്ചും വിന്ധ്യന്റെ മടിയിലുറങ്ങുന്ന കേരളവും. തിരുവനന്തപുരത്ത് കോവളത്തെയും ശംഖുമുഖത്തെയുമൊക്കെ മികച്ച സാങ്കേതി വിദ്യയിലൂടെ എങ്ങിനെ തിരിച്ചുപിടിക്കാം, കഴക്കൂട്ടത്തെ ലോകോത്തര ശാസ്ത്ര-സാങ്കേതിക മേഖലയാക്കി എങ്ങിനെ മാറ്റാം, കൊച്ചിയിലെ വെള്ളക്കെട്ടും കൊതുകും എങ്ങിനെ ഒഴിവാക്കാം,ശാസ്ത്രീയമായി മാലിന്യം ഏത് വിധത്തില്‍ സംസ്‌ക്കരിക്കാം, അഴിമതി എങ്ങിനെ കുറയ്ക്കാം, ഗുണ്ടകളെ എങ്ങിനെ അടിച്ചൊതുക്കാം, അത്മഹത്യകള്‍ ഒഴിവാക്കാന്‍ എന്തു പദ്ധതി കൊണ്ടുവരാം, ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ മതപ്രീണനം ഒഴിവാക്കി എങ്ങിനെ മത സൗഹാര്‍ദ്ദം കൊണ്ടുവരാം എന്നൊക്കെ ചിന്തിക്കുന്ന സത്യസന്ധരായ, വെറും ഏറാന്‍ മൂളികളല്ലാത്ത തിങ്ക്ടാങ്കിനെ വികസിപ്പിക്കാന്‍ പിണറായിക്ക് കഴിയട്ടെ എന്നാണ് തൃക്കാക്കരയിലെ ജനങ്ങള്‍ പറയുന്നത്. അത് തിരിച്ചറിഞ്ഞ്്, രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ നിന്നും മികച്ച ഭരണകര്‍ത്താവ് എന്ന നിലയിലേക്ക് പിണറായി ഉയരാന്‍ ഒരവസരമാണ് ജനം നല്‍കിയിരിക്കുന്നത്.

 ഇന്ത്യയൊട്ടാകെ ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന കോണ്‍ഗ്രസിനെ അവര്‍ അംഗീകരിച്ചു എന്നതിലുപരി, എല്‍ഡിഎഫിനെ തിരുത്തുകയാണ് വോട്ടറന്മാര്‍ ചെയ്തത് എന്ന നിലയില്‍ ഈ ഓര്‍മ്മപ്പെടുത്തലിനെ കാണേണ്ടതുണ്ട്.

Monday, 30 May 2022

A good model of women empowerment by Corporate firm

 


 വനിത ജീവനക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന മികച്ച മാതൃക

 കോയമ്പത്തൂരിലെ കെപിആര്‍ മില്‍സ് 40 വര്‍ഷത്തെ പാരമ്പര്യമുള്ള ടെക്സ്റ്റയില്‍സ് മില്ലാണ്. ഇവര്‍ ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത് ഗുണമേന്മയുള്ള തുണി ഉത്പ്പാദനം കൊണ്ടുമാത്രമല്ല, കമ്പനിയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ വിദ്യാഭ്യാസപരമായി ശാക്തീകരിക്കുന്നതിലൂടെയാണ്. തമിഴ്‌നാട് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് ഈ സംരംഭം നടത്തുന്നത്. 25,000 ജീവനക്കാരുളള കമ്പനിയില്‍ 4000 പേര്‍ ഇത്തരത്തില്‍ ഉന്നത പഠനം നടത്തിക്കഴിഞ്ഞു. ഈ വര്‍ഷം 21 കാരിയായ എം.നിവേദ, ബാച്ചിലര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഒന്നാം റാങ്ക് നേടി എന്നുമാത്രമല്ല, കോമണ്‍വെല്‍ത്ത് എജ്യൂക്കേഷണല്‍ മീഡിയ സെന്റര്‍ ഫോര്‍ ഏഷ്യ(CEMCA) പുരസ്‌ക്കാരവും നേടി. പന്ത്രണ്ടാം ക്ലാസ് പാസ്സായ ശേഷം നാല് വര്‍ഷം മുന്നെ കമ്പനിയില്‍ ജോലിക്കു കയറിയ പെണ്‍കുട്ടിയാണ് നിവേദ. 8000 രൂപയായിരുന്നു തുടക്ക ശമ്പളം. ഇപ്പോള്‍ 14,000 രൂപ ലഭിക്കുന്നു. ഉപരിപഠനം നടത്തുന്ന പെണ്‍കുട്ടികള്‍ക്കായി ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് കമ്പനി. എട്ടു മണിക്കൂര്‍ ഡ്യൂട്ടി കഴിയുമ്പോള്‍ 2 മണിക്കൂര്‍ ക്ലാസുണ്ടാകും. ഞയറാഴ്ച സ്‌പെഷ്യല്‍ ക്ലാസും നല്‍കുന്നു.

 നിവേദയുടെ അച്ഛന്‍ ഒരു കമ്പനി തൊഴിലാളിയും അമ്മ വീട്ടമ്മയുമാണ്. അവളുടെ മൂത്ത സഹോദരി കെപിആറിലെ ജീവനക്കാരിയാണ്. കമ്പനിയുടെ വിദ്യാഭ്യാസ പദ്ധതിയിലൂടെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ് അവള്‍. നിവേദയുടെ ഇളയ സഹോദരിയും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതോടെ കമ്പനിയില്‍ ജോയിന്‍ ചെയ്ത് തുടര്‍പഠനം ആരംഭിച്ചിരിക്കയാണ്. നിവേദയ്‌ക്കൊപ്പം മറ്റ് ബിരുദ കോഴ്‌സുകളിലൂടെ ഏഴ് ജീവനക്കാരികളും അവരുടെ വിഷയങ്ങളില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. 500 പേര്‍ക്കാണ് ഈ വര്‍ഷം വിജയം നേടാനായത്. കെപിആര്‍ വിമണ്‍ എംപ്ലോയീസ് ഡിവിഷന്‍ ഉയര്‍ന്ന ബിരുദം നേടുന്നവര്‍ക്ക് മറ്റ് സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കാനുളള സൗകര്യവും ഒരുക്കി കൊടുക്കുന്നുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കൊരു മികച്ച മാതൃകയാണ് കെപിആറിന്റെ പദ്ധതി എന്ന് നിസംശയം പറയാന്‍ കഴിയും👃👌