പാര്‍ലമെന്റിലെ വനിത പ്രാതിനിധ്യവും ജനാധിപത്യവും
Michigan സര്‍വ്വകലാശാലയിലെ Ronald Inglehart, ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ Pippa Norris, Wissenschafts Berlin ലെ Christian Welzel എന്നിവര്‍ തയ്യാറാക്കിയ Gender equality and democracy എന്നൊരു ലേഖനം ഈയിടെ വായിക്കുകയുണ്ടായി. 65 രാജ്യങ്ങളിലെ പാര്‍ലമെന്റുകളിലെ സ്ത്രീ പ്രാതിനിധ്യം പരിശോധിച്ചാണ് അവര്‍ ലേഖനം തയ്യാറാക്കിയിട്ടുള്ളത്. വടക്കന്‍ യൂറോപ്പിലെ Nordic രാജ്യങ്ങളായ ഡെന്‍മാര്‍ക്ക്,ഫിന്‍ലന്റ് ,ഐസ്ലന്റ് ,നോര്‍വ്വെ, സ്വീഡന്‍ എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യവും നേതൃത്വവും ലഭിച്ചിട്ടുള്ളത് എന്നാണ് രേഖകള്‍ തെളിയിക്കുന്നത്. ഫ്രാന്‍സും ബല്‍ജിയവും ഇതിന്റെ പിന്നിലായി വരുന്നു.സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറവുള്ളത് ഇസ്ലാമിക രാജ്യങ്ങളിലാണ്. ക്രിസ്ത്യന്‍ സമൂഹത്തില്‍ പ്രൊട്ടസ്റ്റന്റുകള്‍ മേല്‍ക്കോയ്മ നേടിയ ഇടങ്ങളിലാണ് സ്ത്രീകള്‍ക്ക് ആദ്യമായി കൂടുതല്‍ സ്വാതന്ത്യവും അധികാരവും ലഭ്യമായത്. കാത്തലിക് സമൂഹവും കൂടുതലും പരമ്പരാഗത കുടുംബ രീതികളെ പിന്‍തുടരാനാണ് ആഗ്രഹിച്ചത്. എങ്കില്‍പോലും ക്രിസ്തീയ വിശ്വാസികള്‍ക്കു മുന്‍തൂക്കമുള്ള രാജ്യങ്ങളിലാണ് മറ്റു മതങ്ങള്‍ക്ക് മുന്‍തൂക്കമുള്ള സമൂഹത്തേക്കാള്‍ സ്ത്രീകള്‍ക്ക് അധികാര രാഷ്ട്രീയത്തില്‍ കുറച്ചെങ്കിലും ശ്രദ്ധ ലഭിച്ചത്. ഇസ്ലാം മതം,ബുദ്ധമതം,കണ്‍ഫ്യൂഷ്യന്‍ മതം,ഹിന്ദുമതം എന്നിവ ഭൂരിപക്ഷമായ രാജ്യങ്ങള്‍ സ്ത്രീ പ്രാതിനിധ്യത്തില്‍ വളരെ പിറകിലാണ്. നവോത്ഥാനമാണ് ജനാധിപത്യത്തിനും സ്ത്രീകളുടെ പൊതുജീവിതത്തിനും തുടക്കം കുറിച്ചത്. വ്യവസായ വിപ്ലവം വന്നതോടെ പുത്തന്‍ തൊഴില്‍ സാധ്യതകളും വിദ്യാഭ്യാസവും വരുമാനവും സാമ്പത്തിക പുരോഗതിയും സ്ത്രീകള്‍ക്ക് കൈവന്നു.
അധികാരവും സമ്പത്തും കൈയ്യടക്കി വച്ചിരുന്ന ഒരു സമൂഹം മാറ്റങ്ങളെ ചെറുത്തുനിന്നെങ്കിലും ലിംഗസമത്വവും ജനാധിപത്യവും അധികകാലം തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പൗരാവകാശങ്ങള്‍ക്കും രാഷ്ട്രീയ സ്വാതന്ത്യത്തിനും മുന്‍ഗണനയുള്ള സമൂഹത്തിലാണ് പാര്‍ലമെന്റില്‍ സ്ത്രീകളുടെ എണ്ണം കൂടുതലുള്ളത്. എന്നാല്‍ ഇതിന് വ്യത്യസ്തമായ ചില ഉദാഹരണങ്ങളുമുണ്ട്. സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന ചൈനയില്‍ പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. എന്നാല്‍ ജനാധിപത്യ രാജ്യമായ ജപ്പാനിലും അയര്‍ലന്റിലും ഫ്രാന്‍സിലും അമേരിക്കയിലും സ്ത്രീ പ്രാതിനിധ്യം കുറവാണ് എന്നു കാണാന്‍ കഴിയും.
പുരുഷന്മാരാണ് രാഷ്ട്രീയ നേതൃത്വത്തിന് മികച്ചത് എന്ന പൊതുചിന്തയാണ് മിക്ക സമൂഹങ്ങളെയും ഇപ്പോഴും നയിക്കുന്നത്. വ്യാവാസായിക പുരോഗതി നേടിയ രാജ്യങ്ങളില്‍ ഇത്തരം ചിന്തകള്‍ കുറഞ്ഞു വരുന്നുണ്ടെങ്കിലും ഇന്ത്യ,ചൈന,ബ്രസീല്‍,പാകിസ്ഥാന്‍,നൈജീരിയ,ഈജിപ്ത് തുടങ്ങിയ വേണ്ടത്ര പുരോഗതി നേടിയിട്ടില്ലാത്ത രാജ്യങ്ങളില്‍ ഇപ്പോഴും ഈ മാനസികനിലയ്ക്ക് മാറ്റം സംഭവിച്ചിട്ടില്ല. വികസിത രാജ്യങ്ങളില്‍ പോലും പ്രായം ചെന്നവരുടെ ചിന്താഗതിയില്‍ മാറ്റം സംഭവിച്ചിട്ടില്ല, എന്നാല്‍ യുവജനത പൂര്‍ണ്ണമായും മാറിയിട്ടുണ്ട്. സമ്പന്ന രാജ്യങ്ങളിലാണ് പാര്‍ലമെന്റില്‍ സ്ത്രീപാതിനിധ്യം വര്‍ദ്ധിച്ചുവരുന്നത്. സാമ്പത്തിക ഉന്നമനം സാംസ്‌ക്കാരിക മാറ്റത്തിന് വഴിവയ്ക്കുന്നു എന്നാണ് നിഗമനം.
പ്രൊട്ടസ്റ്റന്റ് മേധാവിത്വമുള്ള രാജ്യങ്ങളില്‍ 30 ശതമാനവും കാത്തലിക് മേധാവിത്വമുള്ളിടത്ത് 13 ശതമാനവും യാഥാസ്ഥിതിക സമൂഹത്തില്‍ 7 ശതമാനവും കണ്‍ഫ്യൂഷ്യന്‍ സമൂഹത്തില്‍ 5 ശതമാനവും ഇസ്ലാമിക് രാജ്യങ്ങളില്‍ 3 ശതമാനവുമാണ് പാര്‍ലമെന്റിലെ സ്ത്രീ പ്രാതിനിധ്യം. പരമ്പരാഗത മൂല്യങ്ങളെ മുറുകെ പിടിക്കുന്ന സമൂഹങ്ങളില്‍ രക്ഷകര്‍ത്താക്കളും കുട്ടികളും തമ്മിലുള്ള ബോണ്ടില്‍ സ്ത്രീകളുടെ ഉത്തരവാദിത്തം രേഖപ്പെടുത്തിയിരിക്കുന്നത് കുട്ടികളുടെ സംരക്ഷണത്തിലാണ്. കുടുംബമൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്ന ഈ സമൂഹത്തില്‍ വിവാഹമോചനം, ഗര്‍ഭഛിദ്രം, ദയാവധം, ആത്മഹത്യ ഒക്കെ അചിന്തിതമാണ്. അവര്‍ വലിയ ദേശസ്‌നേഹികളും കടുംപിടുത്തക്കാരുമായിരിക്കും. എന്നാല്‍ മതേതരവും യുക്തിഭദ്രവുമായ സമൂഹം ഇതിനെതിരെയാണ് സഞ്ചരിക്കുക.പാരമ്പര്യമൂല്യങ്ങളെ ത്യജിക്കുക,പുതിയവ സ്വീകരിക്കുക എന്നതാണ് അവരുടെ നയം.
ഇപ്പോള്‍ വ്യാവസായിക സമൂഹം കുറേക്കൂടി വളര്‍ന്ന് സേവനത്തിനും അറിവിനും മുന്‍തൂക്കമുള്ള സമൂഹമായതോടെ ലിംഗപരമായ വേര്‍തിരിവ് യൂറോപ്പിലാകാമാനം ഇല്ലാതാകുകയും കുട്ടികളെ വളര്‍ത്തുന്നതിലുളള മാതാപിതാക്കളുടെ പങ്ക് തുല്യമാകുകയും ലൈംഗികസ്വാതന്ത്യം പൂര്‍ണ്ണമാകുകയും ചെയ്തിരിക്കയാണ്. അതുകൊണ്ടുതന്നെ യൂറോപ്പ് ആകമാനവും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഈ മാറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കുടുംബമൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നതിന് പകരം മനുഷ്യരെ ആകമാനം ബാധിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കാണ് അവിടെ കൂടുതല്‍ പ്രാധാന്യം. ഭൗതികവാദം മുന്നോട്ടുവച്ച സാമ്പത്തികവും ശാരീരികവുമായ സ്വാതന്ത്ര്യം എന്നതില്‍ നിന്നും അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ,സമൂഹത്തിലും രാഷ്ട്രീയത്തിലും ഉയര്‍ന്ന പങ്കാളിത്തം എന്ന നിലയിലേക്ക് സ്ത്രീസമൂഹം മാറുകയാണ്.
സ്ത്രീകളുടെ വരവോടെ രാഷ്ട്രീയ രംഗത്ത് മത്സരത്തിന് പകരം സഹകരണവും മേല്‍ക്കോയ്മയ്ക്കു പകരം സഹകരണവും മുന്‍തൂക്കം നേടുന്നു എന്നാണ് സര്‍വ്വെ ഫലം പറയുന്നത്. കാര്‍ഷിക-വ്യാവസായിക രാജ്യങ്ങളില്‍ പുരുഷ മേധാവിത്വവും ശ്രേണീപരമായ അധികാരങ്ങളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും നിലനില്‍ക്കുമ്പോള്‍ വികസിത സമൂഹത്തില്‍ സ്ത്രീകളുടെ നേതൃത്വം മികച്ചതും ഫലപ്രദവുമാണ് എന്നും ലേഖനം പറയുന്നു. ഇത്തരത്തില്‍ നോക്കുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം രാജ്യങ്ങളും ഈ നിലയിലെത്താന്‍ കുറഞ്ഞത് അന്‍പത് വര്‍ഷമെങ്കിലും എടുക്കും എന്നു കരുതേണ്ടിയിരിക്കുന്നു.
No comments:
Post a Comment