വിദ്യാഭ്യാസ രംഗത്ത് 75 വര്‍ഷത്തിനിടയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചുവോ ?
സൂര്യന്‍ മറഞ്ഞുനില്‍ക്കുന്ന ഒരു മൂടിക്കെട്ടിയ ഉച്ചനേരമായിരുന്നു അത്. ഞാന്‍ കൊച്ചുമകളേയും കൊണ്ട് ചെന്നൈ സാഫ് ഗയിംസ് വില്ലേജിലെ കുട്ടികളുടെ പാര്‍ക്കിലേക്ക് പോയി. ആ സമയം ആരുമങ്ങിനെ കളിക്കാന്‍ വരാറില്ല.ഒരു സൈക്കിളും അതിന് പിന്നിലൊരു സ്‌കൂള്‍ ബാഗും കണ്ടു. ഉടമസ്ഥനെ തിരഞ്ഞപ്പോള്‍ എന്തോ ഗൗരവമാര്‍ന്ന ചിന്തയില്‍ കക്ഷി അവിടെ ഇരിപ്പുണ്ട്. അറിയാവുന്ന തമിഴില്‍ ചോദിച്ചു, ' ഇന്റു പള്ളിക്കൂടം ഇല്ലയാ? ' അവന്‍ മുഖം തിരിച്ചു. തന്നോട് സംസാരിക്കാന്‍ താത്പ്പര്യമില്ല എന്ന മട്ടില്‍. ഞാന്‍ വിടാന്‍ കൂട്ടാക്കിയില്ല 'എന്ന വിശയം മോനെ, ഉനക്കു പള്ളിക്കൂടം പിടിക്കവില്ലയാ? ' അവന്‍ അതില്‍ കയറി കൊത്തി.' എനക്ക് പള്ളി ,അസിറിയാര്‍കള്‍,പാഠങ്ങള്‍ ഒന്നുമേ പിടിക്കമാട്ടു' ഇങ്ങനെയൊക്കെ പറയാന്‍ തുടങ്ങി. അവന് സ്‌പോര്‍ട്ട്‌സ് ആണ് ഇഷ്ടം. പിന്നെ സാങ്കേതിക വിദ്യ അങ്ങിനെ. നാളെ മുതല്‍ സ്‌കൂളില്‍ പോകണം,പഠിച്ച് മിടുക്കനാവണം എന്നൊക്കെ ഉപദേശിച്ച് മടങ്ങി.
അപ്പോള്‍ മുതല്‍ തുടങ്ങിയ ചിന്തയാണ് വിദ്യാഭ്യാസത്തില്‍ എന്ത് മാറ്റമാണ് വന്നതെന്ന്? കാതലായ മാറ്റമൊന്നും വന്നിട്ടില്ല. ഒച്ചിഴയും പോലെ ചിലതൊക്കെ. 60-70 കളില്‍ സ്‌കൂളുകളില്‍ ചൂരലും നഖവും വിരലുകളും ചീത്തവാക്കുകളുമൊക്കെ കുട്ടികളെ മര്യാദ പഠിപ്പിക്കാനുള്ള ആയുധങ്ങളായിരുന്നു. അതിന് മാറ്റം വന്നു. പരമാവധി കുട്ടികളെ തോല്‍പ്പിക്കുക എന്നതായിരുന്നു നയം. അതിപ്പോള്‍ പരമാവധിപേരെ ജയിപ്പിക്കുക എന്നതായിട്ടുണ്ട്.
ഞാന്‍ 74-75 കാലത്താണ് കരുനാഗപ്പള്ളി ബോയ്‌സ് ഹൈസ്‌ക്കൂളില്‍ പഠിച്ചത്. അവിടെ മലയാളം പഠിപ്പിച്ചിരുന്നത് ഒരു രാമകൃഷ്ണപിള്ള സാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം ആളിന്റേത് പോലെ തീരെ ക്ഷീണിച്ചതായിരുന്നു. മുന്‍ ബഞ്ചിലിരുന്നാല്‍ മുഖത്ത് തുപ്പല്‍ തെറിക്കും.പിന്നിലിരുന്നാല്‍ ഒന്നും കേള്‍ക്കില്ല. ക്ലാസില്‍ വലിയ ബഹളമാകുമ്പോള്‍ അദ്ദേഹം തെറിവാക്കുകള്‍ വിളിക്കും.ചിലരെ ഒക്കെ തല്ലും. പിന്നെ കുറേ വൃത്തവും അലങ്കാരവും 'കുന്തവും കൊടചക്രവും' ഭാഷാപഠനം വെറുപ്പിക്കാനായി ഒപ്പം കൂടി. ഇത്രയുമായതോടെ മലയാള പഠനം എന്ന ചിന്ത വിട്ടു.വായനയും എഴുത്തുമൊക്കെ തുടര്‍ന്നുമുണ്ടായി. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന മേരി മാത്യു സാറിന് എന്നെ വലിയ ഇഷ്ടമായിരുന്നു. അവര്‍ സുവോളജി ബിരുദക്കാരിയാണ്. അന്ന് ഇന്നത്തെപോലെ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ സ്‌കൂളില്‍ ഇംഗ്ലീഷ് ബിരുദധാരി ഉണ്ടായിരുന്നില്ല.ആരെങ്കിലും വന്നു പഠിപ്പിക്കും. ഗൈഡ് ഒക്കെ വച്ച് ചോദ്യോത്തരങ്ങളൊക്കെ തന്ന് അവരങ്ങു പോകും. ടീച്ചറോടുള്ള സ്‌നേഹം ഭാഷയോടുണ്ടായി, പക്ഷെ ട്യൂട്ടോറിയലില്‍ ഒരു രാജന്‍ സാറാണ് പഠിപ്പിച്ചിരുന്നത്. നല്ല ക്ലാസാണ്. തൊണ്ടകീറി പഠിപ്പിക്കുന്ന മനുഷ്യന്‍. പക്ഷെ അവിടെയും വിനയായത് Parts of speech ആണ്. അവയുടെ Definition, പ്രയോഗം ഒക്കെ കൂടി വലിയ തലവേദനയായി. ഇപ്പോഴും ഒഴിയാത്ത ബാധ. Preposition എഴുതുമ്പോള്‍ ഈ വയസുകാലത്തും സംശയമാണ്. മലയാളം തെറ്റായി എഴുതിയാലും മലയാളി ക്ഷമിക്കും, പക്ഷെ ഇംഗ്ലീഷ് തെറ്റാന്‍ പാടില്ല. ഹിന്ദി പഠിപ്പിച്ചിരുന്ന ശിവശങ്കരപ്പിള്ള സാര്‍ നന്നായി കഥ പറയുകയും കവിത ചൊല്ലുകയും ചെയ്യുമായിരുന്നു. വലിയ പ്രശ്‌നമില്ലാതെ അതങ്ങിനെ പോയി .
കണക്ക് പഠിപ്പിച്ചിരുന്നത് ആറടി പൊക്കവും സ്‌പോര്‍ട്ട്‌സ്മാന്‍ ലുക്കുമുള്ള, എപ്പോഴും ചൂരലുമായി ഓടി നടക്കുന്ന ഉണ്ണിത്താന്‍ സാര്‍ ആയിരുന്നു. അങ്ങേരെ കാണുമ്പോഴേ ഉള്ള കണക്കുകൂടി മനസില്‍ നിന്നും ഓടിപ്പോകും. ജ്യോമട്രി, ആള്‍ജിബ്ര എന്നൊക്കെ കേള്‍ക്കുമ്പോഴെ വെറുപ്പായിരുന്നു. ഒരു കടയില്‍ പോയി സാധനം വാങ്ങിയാല്‍ എത്ര കൊടുക്കണം, ബാക്കി കൃത്യമാണോ എന്നൊക്കെ അറിഞ്ഞാല്‍ പോരെ എന്ന പഴയ സംശയം ഇപ്പോഴും മാറിയിട്ടില്ല. സയന്‍സ് പഠിപ്പിച്ചിരുന്നത് പൊക്കം കുറഞ്ഞ ബാലി എന്ന അപരനാമധേയമുള്ള ബാലകൃഷ്ണ പിള്ള സാറായിരുന്നു.നല്ല ക്ലാസ്സാണ് അദ്ദേഹത്തിന്റേത്. ജീവശാസ്ത്രവുമായി നന്നായി ഇണങ്ങിയെങ്കിലും ഫിസിക്‌സും കെമിസ്ട്രിയും ഇണങ്ങിയും പിണങ്ങിയും ഒപ്പം നിന്നു. സാമൂഹ്യ പാഠംങ്ങള്‍ പഠിപ്പിച്ചിരുന്നത് ദാസ്സാറായിരുന്നു. അതായിരുന്നു ഏക ആശ്വാസവും. ചരിത്രവും ഭൂമിശാസ്ത്രവുമൊക്കെ നന്നായി പറഞ്ഞുതരും. നമ്മളറിയാത്ത ഭൂഖണ്ഡങ്ങളിലൂടെ, വിവിധ ചരിത്ര കഥകളിലൂടെ ഒക്കെ യാത്ര ചെയ്ത ക്ലാസുകള്‍. അന്ന് ഓരോ സംഭവും നടന്ന വര്‍ഷങ്ങളൊക്കെ കൃത്യമായി ഓര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞിരുന്നു.എന്നും Atlas എന്ന മനോഹരമായ ബുക്കിലൂടെ യാത്ര ചെയ്തിരുന്നു. രാജ്യങ്ങളുടെ പേരുകള്‍, തലസ്ഥാനം ഒക്കെ വീട്ടില്‍ ക്വിസ് ആയി അവതരിപ്പിച്ചിരുന്നു. ഈ രാജ്യങ്ങളെല്ലാം കണ്ടു തീര്‍ക്കണം എന്നു കൊതിച്ചിരുന്നു.
പത്തുവര്‍ഷത്തെ പഠനം കഴിഞ്ഞ് എന്തോ വലിയൊരു ലോകം കെട്ടിപ്പടുത്തപോലെയാണ് അന്നത്തെ പത്താംക്ലാസ് പടിയിറക്കം. ഇനി നീ ആരാകണം, ഡോക്ടര്‍, എന്‍ജീനീയര്‍ ,അതോ മറ്റെന്തെങ്കിലുമോ? ദാസ് സാര്‍ എന്നോട് പറഞ്ഞു, നീ തേര്‍ഡ് ഗ്രൂപ്പ് എടുക്കണം. ഞാന്‍ വിഷമത്തിലായി. അച്ഛന്‍ മകനെ ഡോക്ടറാക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. തേര്‍ഡ് ഗ്രൂപ്പ് എന്റെ ഈഗോയ്ക്കും പറ്റിയതല്ല. മിടുക്കന്മാര്‍ ഫസ്റ്റ്, സെക്കന്റ് ഗ്രൂപ്പെടുക്കും, ബാക്കിയുള്ളവര്‍ തേര്‍ഡ്, ഫോര്‍ത്ത് ഗ്രൂപ്പെടുക്കും എന്നതാണ് നാട്ടിലെ പരമ്പരാഗത നിയമം. ഞാനും പാരമ്പര്യം കാത്തു സൂക്ഷിക്കണമല്ലൊ. എന്നിട്ട് എന്തായി എന്നത് വേറെ വിഷയം.
എന്റെ ചോദ്യം ഇതാണ്. കുട്ടികള്‍ മലയാളം,ഇംഗ്ലീഷ് ,ഹിന്ദി, കണക്ക്, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ് എല്ലാം പഠിക്കട്ടെ. അവന്‍ ഭാഷയുടെ ഗ്രാമര്‍ പഠിക്കാന്‍ താത്പ്പര്യമുണ്ടെങ്കില്‍ അത് പഠിക്കട്ടെ. അല്ലെങ്കില്‍ നല്ല കഥകളും കവിതകളും ലേഖനങ്ങളും വായിക്കുകയും ആസ്വദിക്കുകയും എഴുതുന്നെങ്കില്‍ എഴുതുകയും ചെയ്യട്ടെ. അധ്യാപകന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ Poor in grammar, Excellent in reading, good in creative writing എന്നൊക്കെ രേഖപ്പെടുത്തിയാല്‍ പോരെ. അതുപോലെ bad in physics, good in chemistry, excellent in biology . ഇത്തരത്തില്‍ ഓരോ വിഷയത്തിലുമുള്ള അവന്റെ ഇഷ്ടം ,താത്പ്പര്യം ഒക്കെ രേഖപ്പെടുത്തുക. Extra curricular ഉള്‍പ്പെടെ. എന്തിനാണ് ഒരു പൊതു പരീക്ഷ. അധ്യാപകന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ മതിപ്പില്ലാത്ത കുട്ടിക്കായി ഒരു പരാതി പരിഹാര സംവിധാനവും വേണം. അധ്യാപകന്‍ മന:പൂര്‍വ്വമായി മോശം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടിയും സ്വീകരിക്കാം. പത്തുവരെയുള്ള കഥയാണ് പറഞ്ഞത്. അപക്വമായ നിഗമനമാണെങ്കില്‍ ക്ഷമിക്കുക
No comments:
Post a Comment