Saturday, 9 April 2022
Proposal submitted to PM to increase number of MBBS seats
Thursday, 7 April 2022
Kerala needs people who are independent from religion and politics
മതവും രാഷ്ട്രീയവും മനസിനെ ഭരിക്കാത്ത കുറച്ചുപേരെങ്കിലും കേരളത്തിനും വേണ്ടേ !!
2022 ജനുവരി 23 ന് പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ചപതിപ്പിന്റെ പ്രത്യേകപതിപ്പ് ഈയിടെയാണ് കണ്ടതും വായിച്ചതും. അതില്‍ കേളപ്പനെ കുറിച്ച് ടി.പത്മനാഭന്‍ എഴുതിയ ലേഖനമുണ്ട്. അത് വായിച്ചപ്പോഴാണ് മതവും രാഷ്ട്രീയവും അന്ധവിശ്വാസം പോലെ കൊണ്ടുനടക്കുന്നവര്‍ സ്വതന്ത്ര നിലപാടുകളുള്ളവരെ എത്രമാത്രം തള്ളിപ്പറഞ്ഞിരുന്നു, അപമാനിച്ചിരുന്നു എന്നു മനസിലാകുന്നത്. സാമൂഹിക മാധ്യമങ്ങളൊക്കെ വരുന്നതിന് മുന്നെ തന്നെ നട്ടെല്ലും സ്വതന്ത്രവ്യക്തിത്വവുമുള്ളവരെ സംഘടിത രാഷ്ട്രീയ-മത ശക്തികള് എതിര്‍ക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു എന്നത് സ്വതന്ത്ര നിലപാടുകള്‍ എടുക്കുന്ന എന്നെപോലെയുള്ള സാധാരണ മനുഷ്യര്‍ക്കും ആശ്വാസം നല്‍കുന്ന ഒന്നായി. പത്മനാഭന്‍ എഴുതുന്നു, ' അങ്ങാടിപ്പുറത്തെ തളിക്ഷേത്രം ഒരുകാലത്ത് ധാരാളം സ്വത്തുക്കളുള്ള ഒരു വലിയ ആരാധനാലയമായിരുന്നു.കാലാന്തരത്തില്‍ സ്വത്തുക്കളെല്ലാം കൈയേറ്റങ്ങളാല്‍ അന്യാധീനപ്പെട്ടു.ക്ഷേത്രവും പതുക്കെ പതുക്കെ പൊളിഞ്ഞ് നാമാവശേഷമായി.ഒടുവില്‍ പാതവക്കില്‍ നിരാംലംബമായി ഒരു ബിംബം മാത്രം അവശേഷിച്ചു. ഈ ഘട്ടത്തിലാണ് പ്രാദേശികരായ ഏതാനും ക്ഷേത്രവിശ്വാസികള്‍ തളിയുടെ പുനരുദ്ധാരണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. തങ്ങളുടെ പരിശ്രമത്തിന് സഹായമഭ്യര്‍ത്ഥിച്ചുവന്ന വിശ്വാസികളെ കേളപ്പന്‍ നിരാശനാക്കിയില്ല. തളിക്ഷേത്രത്തിന്റെ പുനരുദ്ധാരണ ശ്രമങ്ങളുടെ നേതൃസ്ഥാനം സ്വാഭാവികമായും അദ്ദേഹം ഏറ്റെടുത്തു. പിന്നീടെന്തുണ്ടായി എന്നു ഞാന്‍ വിസ്തരിച്ചു പറയുന്നില്ല. അന്നത്തെ ഭരണകൂടത്തിന്റെ മര്‍ദ്ദനമുറകള്‍ ഒരു വശത്ത്; ഒരു പ്രത്യേക മതവിഭാഗത്തില്‍പെടുന്ന പ്രാദേശികവാസികളുടെ എതിര്‍പ്പ് മറുവശത്ത്. ' നായ പാത്തിയ കല്ലിന്മേല്‍ ചന്ദനം പൂശിയ കേളപ്പാ' എന്ന ആക്രോശങ്ങള്‍ എമ്പാടും. ബ്രിട്ടീഷ് ഭരണകാലത്ത് അറസ്റ്റും ജയില്‍വാസവും മര്‍ദ്ദനങ്ങളുമൊക്കെ കേളപ്പന്‍ എത്രയോ തവണ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍, സ്വതന്ത്ര ഇന്ത്യയില്‍ കേളപ്പന് നേരിടേണ്ടിവന്ന ആദ്യത്തെ അറസ്റ്റ് തളി സമരത്തോടനുബന്ധിച്ചായിരുന്നു. അറസ്റ്റ് ചെയ്തത് മന്ത്രി ഇമ്പിച്ചിബാവയുടെ പോലീസ്. അറസ്റ്റിന് കാരണം സമാധാന ഭഞ്ജനം.
കേളപ്പനെതിരെ അന്ന് ഒട്ടേറെ അപവാദങ്ങള്‍ ഉയരുകയുണ്ടായി. കേളപ്പന്‍ മുസ്ലിം വിരോധിയാണ്, കേളപ്പന്‍ സംഘിയാണ് എന്നൊക്കെ.മലപ്പുറം ജില്ല രൂപവത്ക്കരണത്തെ ന്യായമെന്ന് തനിക്കുതോന്നിയ കാരണങ്ങളാല്‍ പരസ്യമായി എതിര്‍ത്ത കേളപ്പനെതിരെ ഈ അപവാദശരങ്ങള്‍ ഏറക്കുറെ പര്യാപ്തമായിരുന്നുതാനും. എന്നാല്‍, ഈ അപവാദ കര്‍ത്താക്കള്‍ സൗകര്യപൂര്‍വ്വം മറന്ന ചില കാര്യങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ട രണ്ടെണ്ണം:
1.മലബാര്‍ കലാപകാലത്ത് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പൊന്നാനിയെ രക്ഷിക്കാന്‍ ജീവന്‍ പണയം വച്ച് കേളപ്പന്‍ നടത്തിയ വീരോചിത പ്രയത്‌നങ്ങള്‍.
2. വാടാനപ്പള്ളിയിലെ മുസ്ലിം പള്ളിക്ക് മുന്നിലൂടെ ചന്ദനക്കുടമെഴുന്നള്ളിച്ച് അവിടെ കലാപമുണ്ടാക്കാന്‍ ശ്രമിച്ച ഹിന്ദുമതഭ്രാന്തരെ തടഞ്ഞുനിര്‍ത്തുന്നതില്‍ കേളപ്പന്‍ വഹിച്ച പങ്ക്്.ഈ കാലത്ത് കേളപ്പന് കിട്ടിയ പുതിയ ബിരുദം ' കേളപ്പന്‍ ഹാജി' എന്നായിരുന്നു.
ജനമധ്യത്തില്‍ തന്റെ പ്രതിച്ഛായ പൊലിപ്പിച്ചുകാട്ടാന്‍ കേളപ്പന്‍ ഒരിക്കലും ശ്രമിച്ചിരുന്നില്ല. നാമിന്ന് ജീവിക്കുന്നത് ഉദ്ഘാടനങ്ങളുടെയും അനാച്ഛാദനങ്ങളുടെയും സമര്‍പ്പണങ്ങളുടെയുമൊക്കെ നടുവിലാണ്. ബസ് ഷെല്‍ട്ടര്‍ മുതല്‍ പൊതുശുചിമുറിവരെ ജനപ്രതിനിധികളാല്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു. പലപ്പോഴും അതൊക്കെ എംഎല്‍എ ഫണ്ടില്‍ നിന്നോ എംപി ഫണ്ടില്‍ നിന്നോ കാശെടുത്ത് നിര്‍മ്മിച്ചതായിരിക്കും. എന്നിട്ട് ഈ കാര്യം ഏതോ ഒരു വലിയ പരിത്യാഗകര്‍മ്മം ചെയ്തതുപോലെ ബസ് ഷെല്‍ട്ടറിന്റെയും പൊതുശുചിമുറിയുടെയും മുകളില്‍ മുട്ടന്‍ അക്ഷരത്തില്‍ എഴുതി വയ്ക്കുകയും ചെയ്യും!
തീര്‍ന്നിട്ടില്ല. പൊതഖജനാവില്‍ നിന്ന് പണമെടുത്ത് നിര്‍മ്മിച്ച പാലങ്ങള്‍,സ്‌കൂളുകള്‍, ആശുപത്രികെട്ടിടങ്ങല്‍ തുടങ്ങിയവ ഉദ്ഘാടനത്തിനായി വരേണ്ടുന്ന മന്ത്രിയുടെ സൗകര്യക്കുറവ് മൂലം പൊതുജനത്തിന് തുറന്നുകൊടുക്കാതെ വെറുതെയിട്ട അവസ്ഥ ഇവിടെ ഉണ്ടായിട്ടില്ലേ? ഒടുവില്‍ എന്നെങ്കിലും മന്ത്രി എത്തുമ്പോള്‍ കെട്ടിടം ഉപയോഗപ്രദമല്ലാതായ അനുഭവവും ഇവിടെയില്ലേ? മന്ത്രി യഥാസമയം തന്നെ തുറന്നുകൊടുത്ത പാലം മൂന്നുമാസത്തിനുള്ളില്‍ പൊളിഞ്ഞു നദിയില്‍ വീണതും ഈ കേരളത്തില്‍തന്നെയല്ലേ?
പഴയ കാലത്ത് ഏതോ ഒരു പുണ്യാത്മാവ് ജനോപകാരാര്‍ത്ഥം കുഴിച്ച ഒരു കുളത്തിന്റെ കരയില്‍ ഒരു ഹാഫ് മാസ്റ്റ്(ഫുള്ളല്ല!) വിളക്ക് എംപി ഫണ്ടില്‍ നിന്നെടുത്ത് നിര്‍മ്മിച്ചതിന്റെയും ഉദ്ഘാടനം ചെയ്തതിന്റെയും വീരസ്യം കൃഷ്ണശിലാഫലകത്തിലൂടെ പ്രദര്‍ശിപ്പിക്കുന്ന ജനപ്രതിനിധികളും നമ്മുടെ നാട്ടിലുണ്ടല്ലോ! എന്തിനാണ് ഇപ്പോള്‍ ഇതൊക്കെ പറയുന്നത് എന്നു ചോദിച്ചാല്‍ ,ഒരു കാരണമുണ്ട്. 1940 ല്‍ കേളപ്പന്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന കാലത്താണ് കോരപ്പുഴ പാലം നിര്‍മ്മിച്ചത്. കേളപ്പനാണ് നാട്ടുകാരുടെ ചിരകാലാഭിലാഷം സാധിച്ചുകൊടുത്തത്. എന്നും വൈകുന്നേരങ്ങളില്‍ നിര്‍മ്മാണ പുരോഗതി കാണാന്‍ കേളപ്പന്‍ പോകുമായിരുന്നു. പാലവും അപ്രോച്ചുറോഡും പൂര്‍ത്തിയാപ്പോള്‍ ആ വഴി ഭാരം കയറ്റിവന്ന വയസനായ ഒരു കാളവണ്ടിക്കാരനെ കേളപ്പന്‍ പാലത്തിലൂടെ കടത്തിവിട്ടു.അതായിരുന്നു ഉദ്ഘാടനം. ഒരുതരത്തിലുളള ഉദ്ഘാടന മഹാമഹവും അവിടെനടന്നില്ല. ഫലകങ്ങളൊന്നുമില്ലാതെ അനേകകാലം പാലം അവിടെ നിലനിന്നു.
തികഞ്ഞ വിപ്ലവകാരിയായിരുന്നതിനാലാകാം കേളപ്പന് ഉചിതമായ ഒരു സ്മാരകവും ഉയര്‍ന്നുവരാതിരുന്നതും. ഗുവായൂരില്‍ ക്ഷേത്രപ്രവേശനത്തിന് മുന്നില്‍ നിന്ന അദ്ദേഹത്തിന് അവിടെയാണ് ഒരു സ്മാരകം ഉണ്ടാകേണ്ടത്. പക്ഷെ കിഴക്കേനടയില്‍ ഈയിടെ കേളപ്പന്റെ ശിഷ്യനായിരുന്ന എകെജിയുടെ പേരിലാണ് സ്മാരകം ഉയര്‍ന്നത്. ഇത് ചരിത്രത്തെ തമസ്‌ക്കരിക്കലാണ്, ചരിത്രത്തെ വളച്ചൊടിക്കലാണ്, ചരിത്രത്തെ മാനഭംഗപ്പെടുത്തലാണ്. ഇത് ചെയ്തവര്‍ക്ക് കാലം മാപ്പുകൊടുക്കില്ല. ' , പത്മനാഭന്‍ ഇങ്ങിനെ അവസാനിപ്പിക്കുന്നു.
കേളപ്പനെപോലെയുള്ളവര്‍ ഇന്ന് അപൂര്‍വ്വ ജനുസാണ്. എപ്പോഴും എന്തിനെയോ ഭയന്നു ജീവിക്കുന്ന മനുഷ്യരാണ് കൂടുതലും. മികച്ച കഥാകൃത്തും ആര്‍ജ്ജവമുള്ള ശബ്ദത്തിനുടമയുമാണ് ടി.പത്മനാഭന്‍. പൊതുവെ എഴുത്തുകാര്‍ പഞ്ചപുച്ഛമടക്കി ജീവിക്കുന്ന ഈ കാലത്ത് പത്മനാഭന്റെ എഴുത്ത് വിലയൊരാശ്വാസമാണ്. മതവും രാഷ്ട്രീയവും മനസിനെ ഭരിക്കാത്ത കുറച്ചുപേരെങ്കിലും കേരളത്തിനും വേണ്ടേ!!👃👃👌👌
Wednesday, 6 April 2022
4 cinemas , 4 feelings -Pada,83,lalitham sundaram,RRR
നാല് സിനിമകള്‍ , നാല് അനുഭവങ്ങള്‍
പട,83,ലളിതം സുന്ദരം, RRR എന്നവയാണ് ഞാന്‍ ഈയിടെ കണ്ട സിനിമകള്‍. പടയും 83 ഉം നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കുമ്പോള്‍ ലളിതം സുന്ദരം ഒരു കുടുംബത്തില്‍ നടക്കാവുന്ന സാധാരണമായ കാര്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. RRR തികഞ്ഞ ഫിക്ഷനാണ്. ലോജിക്കിനെ കുറിച്ചൊന്നും ചിന്തിക്കാതെ, ഓരോ ഫ്രെയിമിലും എത്ര നന്നായി ഫിലിം ക്രാഫ്റ്റ് ഉപയോഗിച്ചിരിക്കുന്നു എന്നു മാത്രമെ ചിന്തിക്കേണ്ടതുള്ളൂ. എന്നാലും സാങ്കേതികത നമ്മുടെ യുക്തിയെ മൂടുമ്പോള്‍ ഒരു വല്ലായ്ക ഇല്ലാതെ ഇല്ല. RRR തീയറ്ററിലല്ല കാണുന്നതെങ്കില്‍ ആ ചിത്രം കാണാതിരിക്കുകയാണ് ഉചിതം. സിനിമ ജീവിതത്തോടടുത്തു നില്‍ക്കണം എന്നാഗ്രഹിക്കുന്നവര്‍ ആ ചിത്രം കണ്ടാല്‍ നിരാശപ്പെടും.
ഈ സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായത് പട തന്നെയാണ്. ആദിവാസി ഭൂമി തട്ടിയെടുത്ത അനാദിവാസികള്‍ക്ക് ആ ഭൂമി സ്വന്തമാക്കാന്‍ സഹായിക്കുന്ന നിയമം 1996 ലാണ് പാസാക്കിയത്. 1986 ജാനുവരി 24 വരെ ആദിവാസിയില്‍ നിന്നും ചതിച്ചോ വഞ്ചിച്ചോ വാങ്ങിയ ഭൂമിയില്‍ അനാദിവാസികള്‍ക്ക് അവകാശം നല്‍കാന്‍ തീരുമാനിച്ചത് നായനാര്‍ സര്‍ക്കാരാണ്. ഇതിനായി 1975 ലെ ആദിവാസി ഭൂസംരക്ഷണ നിയമം ഭേദഗതി ചെയ്തപ്പോള്‍ സഭയിലുണ്ടായിരുന്ന 140 എംഎല്‍എമാരും അതിനെ അനുകൂലിക്കയായിരുന്നു. നക്‌സല്‍ പ്രസ്ഥാനങ്ങള്‍ സജീവമായിരുന്ന കാലമാണ്. മുണ്ടൂര്‍ രാവുണ്ണിയുടെ സംഘത്തില്‍പെട്ട രമേശ് കാഞ്ഞങ്ങാടും അജയന്‍ മണ്ണൂരും ബാബു കല്ലറയും വിളയോടി ശിവന്‍കുട്ടിയും ചേര്‍ന്ന് ആദിവാസി അവകാശം ലോക ശ്രദ്ധയില്‍ കൊണ്ടുവരാനായി 1996 ഒക്ടോബര്‍ നാലിന് അന്നത്തെ പാലക്കാട് കളക്ടര്‍ ഡബ്യു.ആര്‍.റെഡ്ഡിയെ തടവിലാക്കി. 9 മണിക്കൂര്‍ നീണ്ട ഈ സംഭവം ഒടുവില്‍ ആദിവാസി പ്രശ്‌നങ്ങളോട് അനുകൂലനിലപാടുള്ള ഒരു വക്കീലിന്റെ മധ്യസ്ഥതയില്‍ ഒത്തുതീരുകയായിരുന്നു. കേസെടുക്കില്ല എന്നു പറഞ്ഞെങ്കിലും ഇവരെയും സഹായിച്ചവരെയും പോലീസ് പിന്നീട് വേട്ടയാടി. പക്ഷെ ആദിവാസി സമരത്തിന് വലിയ ശക്തിയായത് ഈ അയ്യന്‍കാളി പടയുടെ സമരമായിരുന്നു. പലപ്പോഴും വിപ്ലവങ്ങള്‍ ചെറുസംഘങ്ങളുടെ പോരാട്ടങ്ങളാണല്ലോ. അത്തരത്തില്‍ ഒന്നായിരുന്നു ഇതും. ഈ സംഭവത്തിന്റെ മനോഹരമായ ദൃശ്യവിഷ്‌ക്കാരമാണ് പട. 2012 ല്‍ ഇത്തരം ഒരു സാമൂഹിക പ്രശ്‌നം ചര്‍ച്ച ചെയ്ത ഐഡി എന്ന ഹിന്ദി സിനിമയുടെ സംവിധായകന്‍ കെ.എം.കമലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമിര്‍ താഹിറിന്റെ കാമറയും ഷാന്‍ മുഹമ്മദിന്റെ എഡിറ്റിംഗും വിഷ്ണു വിജയയുടെ സംഗീതവും. കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജ്ജും വിനായകനും ദിലീഷ് പോത്തനും പ്രകാശ് രാജുമാണ് പ്രധാന റോളുകളില്‍.
83 മറ്റൊരു റിയല്‍ സ്റ്റോറിയുടെ ദൃശ്യവിഷ്‌ക്കാരമാണ്. 1983 ലെ ക്രിക്കറ്റ് ലോകക്കപ്പ് ടിവിയില്‍ കണ്ടവരും റേഡിയോയില്‍ കേട്ടവരും പത്രത്തില്‍ വായിച്ചവരും ആവേശത്തോടെ മാത്രമെ ആ കാലം ഓര്‍ക്കുകയുള്ളു. ഇന്ത്യന്‍ ക്രക്കറ്റിനെ ലോകം മാത്രമല്ല,നമ്മുടെ ക്രിക്കറ്റ് അസോസിയേഷനുകളും സര്‍ക്കാരും എല്ലാം എഴുതിത്തള്ളിയിരുന്ന കാലത്താണ് കപിലും സംഘവും അപ്രതീക്ഷിതമായ പ്രകടനത്തിലൂടെ ഒരു സ്വപ്‌ന സാക്ഷാത്ക്കാരത്തിലെത്തിച്ചേര്‍
ലളിതം സുന്ദരം മധു വാരിയര്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ്. നല്ലൊരു സംവിധായകനാണ് മധു എന്ന് ചിത്രം ബോധ്യമാക്കിത്തരുന്നു. അമ്മ മരണപ്പെട്ട രണ്ട് സഹോദരന്മാരും ഒരു സഹോദരിയും അവരുടെ അച്ഛനും ഉള്‍പ്പെടുന്ന കുടുംബത്തിലെ സ്‌നേഹവും സങ്കടങ്ങളും അബദ്ധങ്ങളും തെറ്റിദ്ധാരണകളും മനോഹരമായി കോര്‍ത്തിണക്കിയ ചിത്രമാണ് ലളിതം സുന്ദരം. രഘുനാഥ് പലേരിയംു ബിജു മോനോനും മഞ്ജു വാരിയരും ഷൈജു കുറുപ്പും ദീപ്തി സതിയും അനു മോഹനും രമ്യ നമ്പീശനും സുധീഷുമൊക്കെ നല്ല അഭിനയം കാഴ്ചവച്ച ചിത്രം. സിനിമറ്റോഗ്രഫി പി.സുകുമാരനും ഗൗതം ശങ്കറും,എഡിറ്റിംഗ് ലിജോ പോളും സംഗീതം ബിജിബാലും നിര്‍വ്വഹിച്ചിരിക്കുന്നു.
ബാഹുബലി തയ്യാറാക്കിയ എസ്.എസ്.രാജമൗലിയുടെ മറ്റൊരു ദൃശ്യവിരുന്നാണ് RRR.അച്ഛന്‍ കെ.വി.വിജയേന്ദ്ര പ്രസാദുമായി ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയ ചിത്രത്തില്‍ പ്രധാന അഭിനേതാക്കള്‍ ജൂനിയര്‍ എന്‍.ടി.രാമറാവു,രാം ചരണ്‍, റേ സ്റ്റീവന്‍സണ്‍,അലിസണ്‍ ഡൂഡി,ഒളിവിയ മോറിസ്, അജയ് ദേവഗണ്‍,അലിയ ഭട്ട്,ശ്രേയ ശരണ്‍,സമുദ്രക്കനി തുടങ്ങിയവരാണ്. ഓരോ ഫ്രയിമും മനോഹരമായി തയ്യാറാക്കിയ ചിത്രത്തിന് പറയാനുള്ളത് 1920-30 കാലഘട്ടത്തിലെ കഥയാണ്. അതിനായി അക്കാലത്ത് ജീവിച്ചിരുന്ന രണ്ട് സ്വാതന്ത്യസമര പോരാളികളുടെ പേര് ഉപയോഗിച്ചിരിക്കുന്നു. അത് അല്ലൂരി സീതാരാമരാജുവും കോമരം ഭീമുമാണ്. ആദിവാസികളെ ഉപദ്രവിക്കുകയും അവര്‍ക്ക് ഭൂമിയും നീതിയും നിഷേധിക്കുകയും ചെയ്ത ബ്രിട്ടീഷുകാരെ രണ്ടു വര്‍ഷത്തിലേറെ വിറപ്പിച്ച ആളാണ് അല്ലൂരി. അദ്ദേഹം പോലീസ് സ്‌റ്റേഷനുകള്‍ കൊള്ളയടിക്കുകയും ആയുധങ്ങള്‍ നാട്ടുകാര്‍ക്ക് വിതരണം ചെയ്യുകയും ബ്രിട്ടീഷ് പോലീസിനെ കൊല ചെയ്യുകയും ചെയ്തിരുന്നു. ഗോണ്ട് ട്രൈബിന്റെ നേതാവായിരുന്നു കോമരം ഭീം. ജല്‍,ജംഗള്‍, സമീന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പോരാട്ടം നടത്തിയ വ്യക്തിത്വമാണ് അദ്ദേഹം. ഇവരുടെ പേര് മാത്രമെ ചിത്രത്തിനായി ഉപയോഗിച്ചിട്ടുള്ളു. കഥ തികഞ്ഞ ഫിക്ഷനാണ്. അതിലേക്ക് ത്രേതായുഗത്തിലെ രാമനെയും ദ്വാപരയുഗത്തിലെ ഭീമനെയുമൊക്കെ കൊണ്ടുവന്ന്, സിനിമയ്ക്കാവശ്യമായ മസാലകളും വലിയ ആള്‍ക്കൂട്ടങ്ങളും ത്രിഡി ചിത്രത്തിനാവശ്യമായ ദൃശ്യസാധ്യതകളുമൊക്കെ ഉപയോഗിച്ചാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അതിശയോക്തിയും അമാനുഷികതയുമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. മിക്ക ഫ്രെയിമിലും നമ്മള്‍ ചിന്തിക്കുക ഇതായിരിക്കും, ഒരു മനുഷ്യന് ഇതെങ്ങിനെ സാധിക്കും?? ജീവിത കഥകള്‍ ഇഷ്ടപ്പെടുന്ന ഒരാള്‍ക്കായി തയ്യാറാക്കിയിട്ടുള്ളതല്ല ഈ ചിത്രം. അതുകൊണ്ടുതന്നെ ഓരോ ഫ്രയിമും ഉണര്‍ത്തുന്ന അത്ഭുതങ്ങള്‍ക്കപ്പുറത്തേക്ക് എനിക്ക് ചിന്തിക്കേണ്ടി വന്നില്ല. ചിത്രം പകുതി ആയപ്പോള്‍ തന്നെ സിനിമ തീര്‍ന്നു എന്നാണ് ഞാന്‍ ആദ്യം കരുതിയത്. ഹോളിവുഡ് ചിത്രങ്ങള്‍ ഇഷ്ടമല്ലാത്ത എനിക്ക് ബാഹുബലി പോലെ ആസ്വാദ്യകരമായില്ല RRR. കെ.കെ.സെന്തില്‍ കുമാറിന്റെ സിനിമറ്റോഗ്രഫിയും ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗും എം.എം.കീരവാണിയുടെ സംഗീതവും സാബു സിറിളിന്റെ കലാസംവിധാനവുമൊക്കെ മികച്ചു നില്‍ക്കുന്നു.
Friday, 1 April 2022
How do America dictate India on Russia relation?
അമേരിക്ക ഇന്ത്യയോട് വിവരം അറിയും എന്നു പറയുക , എന്താ -ല്ലേ -
അമേരിക്കക്ക് ഒരു ധാരണയുണ്ട്, തങ്ങളാണ് ലോകം ഭരിക്കുന്നത് എന്ന്. മുതലാളിത്ത സ്വഭാവമുള്ള മനുഷ്യര്‍ക്കുപോലും അത്തരമൊരു ഹുങ്കുണ്ട് എന്നത് ശരിയാണെങ്കിലും ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തന്റെ തീരുമാനങ്ങളെ തിരുത്താനോ ആ രാജ്യത്തെ ഭീഷണിപ്പെടുത്താനോ അവകാശമില്ല. പ്രത്യേകിച്ചും ജനാധിപത്യ രാജ്യത്ത്. അമേരിക്കയുടെ തലപ്പത്തൊക്കെ ഇന്ത്യന്‍ ജീനുള്ള നേതാക്കള്‍ വരുന്നതൊക്കെ സന്തോഷമുള്ള കാര്യമാണ്. പക്ഷെ, അങ്ങിനെ എത്തുന്നവര്‍ യജമാനനോട് തീവ്രഭക്തി കാണിക്കുന്നതിനായി അന്യന്റെ മേക്കിട്ടു കേറുന്നത് നന്നല്ല. അമേരിക്കയുടെ ഡപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ ദലീപ് സിംഗിന്റെ അപ്പനോ അമ്മയോ അല്ലെങ്കില്‍ പഴയ തലമുറയില്‍പെട്ട ആരെങ്കിലും ഇന്ത്യയില്‍ നിന്നും മൈഗ്രേറ്റ് ചെയ്തവരാകാം. മിടുക്കനായതുകൊണ്ട് നല്ല പൊസിഷനില്‍ എത്തുകയും ചെയ്തു. അതില്‍ നമുക്കെല്ലാം അഭിമാനവുമുണ്ട്. പക്ഷെ ന്യൂഡല്‍ഹിയില്‍ ഇന്ത്യ സര്‍ക്കാരിന്റെ അതിഥിയായി എത്തിയിട്ട്, റഷ്യയുടെ സെന്‍ട്രല്‍ ബാങ്കുമായി ഇന്ത്യ രൂപയില്‍ വിനിമയം നടത്തുകയോ അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക് അവഗണിച്ച് പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ വിവരമറിയും എന്നു പറയാനുള്ള ധാര്‍ഷ്ട്യം അതിരുകടന്നതാണ്. എന്നുമത്രമല്ല, ചൈന അതിര്‍ത്തിയില്‍ അലോസരമുണ്ടാക്കിയാല്‍ ചൈനയുടെ അനിയനായ റഷ്യ നിങ്ങളെ രക്ഷിക്കും എന്നും കരുതേണ്ടെന്ന് മറ്റൊരു താക്കീതും.'അതായത് അമേരിക്ക യുക്രയിനെ രക്ഷിച്ചപോലെ ഇന്ത്യയെ രക്ഷിക്കാന്‍ ആളുണ്ടാവില്ലെന്ന്'. എവിടെ യുദ്ധമുണ്ടാക്കാനും കമ്പമരുന്ന് വിറ്റ് കാശുണ്ടാക്കാനും മടിക്കാത്തവരാണ് ഈ ഭയപ്പെടുത്തല്‍ നടത്തുന്നത്.
ഇന്ത്യ-പാക് യുദ്ധം നടന്നപ്പോള്‍ അമേരിക്ക എന്ന രാജ്യം എവിടെയാണ് നിന്നതെന്നും അന്നത്തെ സോവിയറ്റ് യൂണിയന്‍ ഇന്ത്യയെ എത്രമാത്രം സഹായിച്ചുവെന്നും ചരിത്രം വായിച്ചാല്‍ ദലീപ് സിംഗിന് മനസിലാകും. ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക പുരോഗതിക്ക് സാമ്പത്തിക ലക്ഷ്യം മാത്രം മനസില്‍ വയ്ക്കാതെ സഹായിച്ചവരും സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് യൂണിയന്‍ ഇല്ലാതായിട്ടും പുട്ടിന്‍ സ്വേച്ഛാധിപതിയായി വന്നെങ്കിലും അമേരിക്കയെക്കാള്‍ ആത്മാര്‍ത്ഥത ഇന്ത്യയോട് പുലര്‍ത്തുന്നത് റഷ്യയാണ്.
ശരിയാണ്, നേരത്തെ കൂട്ടുകുടുംബം ഭാഗം വച്ചു പിരിഞ്ഞ സഹോദരനാണ് റഷ്യക്ക് യുക്രയിന്‍. അവര്‍ താരതമ്യേന ദുര്‍ബ്ബലരുമാണ്. അവര്‍ പരസ്പ്പരം കലഹിക്കുന്നതും ജനങ്ങളെയും നാടിനെയും നശിപ്പിക്കുന്നതും നല്ലതല്ല. യുദ്ധം എത്രയും വേഗം അവസാനിക്കേണ്ടതുണ്ട്. അതിന് ലോകം ഉറ്റുനോക്കുകയാണ്. അമേരിക്കയ്ക്ക് അത്ര ആത്മാര്‍ത്ഥമായി അങ്ങിനെ ഒരാഗ്രഹം ഉണ്ടാകാനിടയില്ലെങ്കിലും ഇന്ത്യ അതാഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് യുദ്ധകാര്യത്തില്‍ ഒരു ചേരിചേരാ നയം സ്വീകരിച്ചിരിക്കുന്നത്. രാജ്യതാത്പ്പര്യമാണ് ഒന്നാമത്.അതുകഴിഞ്ഞേ, ലോക സമസ്ത സുഖിനോ ഭവന്തു വരുകയുള്ളൂ. രാജ്യത്തിന് വൈദ്യുതി ഉത്പ്പാദിപ്പിച്ചു നല്‍കുന്ന ആണവനിലയങ്ങള്‍ മുതല്‍ പ്രതിരോധത്തിനുള്ള ആയുധങ്ങള്‍, ഇന്ധനം തുടങ്ങി പലതിനും ഇന്ത്യ ആശ്രയിക്കുന്നതും പരസ്പ്പര ബന്ധത്തില്‍ ഏര്‍പ്പെട്ടുനില്‍ക്കുന്നതുമായ ഒട്ടേറെ കാര്യങ്ങളുണ്ട് റഷ്യയുമായി. ഇന്ത്യ ഒരിക്കലും അമേരിക്കയുടെ പാവ ആയിരുന്നിട്ടില്ല. ഇന്ത്യയിലെ ബിസിനസ് പൊട്ടന്‍ഷ്യല്‍ കാണും വരെയും ചൈനയോട് കൊമ്പുകോര്‍ക്കുമ്പോള്‍ ഏഷ്യയില്‍ ബദലായി കാണാവുന്ന ഒരു രാജ്യം എന്ന നിലയിലും മാത്രമാണ് അമേരിക്ക ഇന്ത്യയെ കാണുന്നത്. ആത്മാര്‍ത്ഥ സ്‌നേഹം നമ്മളോട് ഉണ്ടാവാനുള്ള സാധ്യതയും ഇല്ല. വിദൂരമായ ഒരു ദേശത്തിന്റെ മിത്രതയേക്കാള്‍ എപ്പോഴും നല്ലത് ഏഷ്യയുടെ ഭാഗവും പരമ്പരാഗത സൗഹൃദമുള്ളതുമായ റഷ്യതന്നെയാണ്. അത് നിലനിര്‍ത്താന്‍ മുന്‍ഗണന നല്‍കും എന്ന സൂചന തന്നെയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായി ഇന്നു നടത്തിയ യോഗവും. ഡോളറിനുണ്ടാകുന്ന തിരിച്ചടിയില്‍ അങ്കലാപ്പുള്ള അമേരിക്ക തങ്ങള്‍ ഇന്ത്യയെപോലെയും റഷ്യയെപ്പോലെയും മറ്റൊരു രാജ്യം മാത്രമാണെന്ന് സ്വയം തിരിച്ചറിയാന്‍ ഈ യുദ്ധം സഹായിക്കട്ടെ.
അമേരിക്ക നേതൃത്വം നല്‍കിയില്ലെങ്കിലും ലോകം മുന്നോട്ടുതന്നെ പോകും എന്നവര്‍ അറിയേണ്ടതുണ്ട്.
Thursday, 31 March 2022
Kerala's new liquor policy
സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ മദ്യനയം സ്വഗതാര്‍ഹം
പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി 15.05.2018 ല്‍ മുന്നോട്ടുവച്ച പല നിര്‍ദ്ദേശങ്ങളും ഇതിലൂടെ നടപ്പിലായിരിക്കുന്നു. ഇതില്‍ സംഘടനയ്ക്ക് അതിയായ സന്തോഷമുണ്ട്. സംഘടന നല്‍കിയ പ്രൊപ്പോസല്‍ ചുവടെ ചേര്‍ക്കുന്നു.
ബഹുമാനപ്പെട്ട എക്സൈസ് വകുപ്പ് മന്ത്രി സമക്ഷം പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി (PEBS) സമര്‍പ്പിക്കുന്ന പ്രൊപ്പോസല്‍
സര്‍,
കേരള സംസ്ഥാനത്തിന്‍റെ
മദ്യനയത്തെകുറിച്ച് പലവിധ ചര്‍ച്ചകള്‍
നടക്കുന്ന കാലമാണല്ലൊ ഇത്. മദ്യം ക്ഷേത്രാചാരങ്ങളുടെ ഭാഗമായിപോലും വര്‍ഷങ്ങള്‍ക്ക്
മുന്‍പെ അംഗീകരിച്ചിട്ടുള്ള ഒരു സമൂഹമാണ് കേരളത്തിലുള്ളത്.നൂറ്റാണ്ടുകള്‍
ഇതിനായി ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
1. സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള കള്ളുഷാപ്പുകളുടെ ശോച്യാവസ്ഥ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണ്.ഗ്രാമത്തിലെ വയോലോരങ്ങളുടെ അരികില്‍ താത്ക്കാലിക ഷെഡുകളിലാണ് മിക്കവാറും ഷാപ്പുകളും പ്രവര്‍ത്തിക്കുന്നത്. ഇവിടെ കള്ള് സൂക്ഷിക്കുന്നതും ഭക്ഷണമുണ്ടാക്കുന്നതും തീരെ ശുചിത്വമില്ലാതെയാണ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിക്കുകയാണെങ്കില്‍ ഏതാണ്ടെല്ലാ ഷാപ്പുകളും അടച്ചുപൂട്ടേണ്ടി വരും എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് മാറണം. കള്ള് നമ്മുടെ പരമ്പരാഗത മദ്യവും ഗുണമേന്മയുള്ള മദ്യവുമാണ്. ഗോവന്‍ ഫെനി, ബീഹാറിലെ ഹാന്‍ഡിയ, നാഗാലാന്‍റിലെ സൂതോ, അരുണാചലിലെ അപോ, സിക്കിമിലെ സോംഗ് ബാ എന്നിങ്ങനെ വിശേഷപ്പെട്ട പരമ്പരാഗത മദ്യം പോലെ നമുക്ക് ഉയര്‍ത്തിക്കാട്ടാവുന്ന മദ്യമാണ് കള്ള്.അതുകൊണ്ടുതന്നെ കള്ള് മികച്ച സൌകര്യങ്ങളുള്ള ഷാപ്പുകളില്‍ ഷാപ്പുകറികളും ചേര്‍ത്ത് വില്‍ക്കാനുള്ള സംവിധാനമുണ്ടാക്കണം. കള്ളിന്‍റെയും ഭക്ഷണത്തിന്‍റെയും ഗുണമേന്മ സ്ഥിരമായി പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തണം. അതുവഴി വിദേശികളും സ്വദേശികളുമായ ടൂറിസ്റ്റുകളെ ഉള്‍പ്പെടെ കള്ളുഷാപ്പുകളിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. സര്‍ക്കാരിന് കൂടുതല്‍ വരുമാനമുണ്ടാകുന്നതിന് പുറമെ ചെത്ത്തെഴിലാളികള്‍ക്കും ഷാപ്പ് ജീവനക്കാര്‍ക്കും തെങ്ങ് കൃഷിക്കാര്‍ക്കും മികച്ച ജീവിതവും ഇതിലൂടെ ലഭിക്കും.
2. വ്യാജക്കള്ള് പൂര്‍ണ്ണമായും ഒഴിവാകുന്നതോടെ കള്ളിന്‍റെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്യുക സ്വാഭാവികം. ഈ സാഹചര്യത്തില്‍ സാധാരണക്കാരായ ഗ്രാമീണന് മദ്യം ലഭ്യമാക്കേണ്ടതും അനിവാര്യമാണ്.അതിനായി ഒരു പഞ്ചായത്തിന് ഒന്ന് എന്ന നിലയില്‍ വിദേശമദ്യഷാപ്പ് അനുവദിക്കേണ്ടത് അനിവാര്യമാണ്. ബിവറേജസ് കോര്‍പ്പറേഷന് ഇതിനുള്ള അനുമതി നല്‍കാവുന്നതാണ്. ശ്രീ. ഏ.കെ.ആന്‍റണിയുടെ കാലത്ത് മദ്യത്തിന് ഏര്‍പ്പെടുത്തിയ അസാധരണമായ നികുതി കുറച്ച് മറ്റ് സംസ്ഥനങ്ങളിലേതിന് തുല്യമാക്കാനും നടപടി സ്വീകരിക്കേണ്ടതുണ്ട്.
3.കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ പ്രദേശങ്ങളിലെ ഡിസ്റ്റിലറികള്‍ക്ക് കോടികള്‍ നല്‍കി മദ്യം വാങ്ങുന്ന നിലവിലുള്ള സംവിധാനത്തിന് പകരം സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് പബ്ളിക് –പ്രൈവറ്റ് പങ്കാളിത്തത്തോടെ കേരളത്തില്‍ കൂടുതല്‍ ഡിസ്റ്റിലറികള്‍ ആരംഭിക്കണം. ഓരോ വര്‍ഷവും സീസണുകളില്‍ നമുക്ക് നഷ്ടമാകുന്ന കോടിക്കണക്കിന് രൂപയുടെ പഴങ്ങളും പച്ചക്കറികളും മറ്റ് ജൈവപദാര്‍ത്ഥങ്ങളും ആയുര്‍വ്വേദ മരുന്നുകളുടെ നിര്‍മ്മാണ അവശിഷ്ടങ്ങളും മരച്ചീനി ഉള്‍പ്പെടെയുള്ള കിഴങ്ങു വര്‍ഗ്ഗങ്ങളും ഉപയോഗിച്ച് ലോകനിലാവാരത്തിലുള്ള മദ്യങ്ങള്‍ നിര്‍മ്മിക്കാന്‍ കേരളത്തിന് കഴിയും. ഇതിനാവശ്യമായ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതും അനിവാര്യമാണ്
4.യഥാര്‍ത്ഥത്തില്‍ കേരളത്തിന് ആവശ്യം മദ്യവര്‍ജ്ജനമല്ല, മദ്യത്തിന്‍റെ അമിതോപഭോഗം കുറയ്ക്കുകാണ് വേണ്ടത്. മദ്യനിരോധനവും മദ്യവര്‍ജ്ജനവും മയക്കുമരുന്നിന്‍റെ വ്യാപകമായ ഉപയോഗം വര്‍ദ്ധിപ്പിക്കുകയേയുള്ളു. ഇപ്പോള്‍ തന്നെ കേരളത്തില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കയാണ്. ഇതിനുപിന്നില്‍ അതിശക്തമായ ആഗോളമാഫിയയാണുള്ളത്. മദ്യനിരോധനം ഈ ലോബിയെ സഹായിക്കുകയും യുവാക്കളെ ഒരിക്കലും തിരികെ വരാന്‍ കഴിയാത്തവിധം മയക്കുമരുന്നിന്‍റെ അടിമത്തത്തിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും. അവരെ മയക്കുമരുന്നുകാര്‍ക്ക് വിട്ടുകൊടുക്കാതെ സംരക്ഷിക്കുകയാണ് വേണ്ടത്. മദ്യ ഉപയോഗത്തെക്കുറിച്ചുള്ള ബോധവത്ക്കരണമാണ് നാടിന്‍റെ ആവശ്യം. മദ്യം എങ്ങിനെ, ഏതളവില്‍ എപ്പോഴൊക്കെ ഉപയോഗിക്കാം, അധികമായാല്‍ അതുളവാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാം എന്നതിന് ക്ലാസ്സ് നല്‍കി മദ്യപരെ ബോധവത്ക്കരിക്കേണ്ടതുണ്ട്. അമിതമദ്യപാനത്തിന്‍റെ ദോഷവശങ്ങള്‍ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്. ആരോഗ്യ- സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. വീടുകളിലും സമൂഹത്തിലും പ്രശ്നകാരികളായിമാറുന്ന മദ്യപാനികളെ ചികിത്സ ഉള്‍പ്പെടെയുള്ള കൌണ്‍സിലിംഗ് നല്‍കുന്നതിന് പ്രദേശത്തെ റസിഡന്‍സ് അസ്സോസിയേഷന്‍ പ്രതിനിധികള്‍,രാഷ്ട്രീയ- സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രാദേശിക സമിതികള്‍ ഉണ്ടാക്കണം.അവര്‍ക്ക് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സഹായവും ലഭ്യമാക്കണം.
ഇത്തരത്തില്‍ മാന്യമായ ഒരു മദ്യസംസ്ക്കാരവും മദ്യനയവും നടപ്പിലാക്കാന്‍ ബഹു. മന്ത്രി മുന്‍കൈ എടുക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
വിശ്വസ്തതയോടെ ,
വി.ആര്‍.അജിത് കുമാര്‍
പ്രസിഡന്‍റ്
--
Tuesday, 22 March 2022
Dubai trip - day 6
ദുബായ് യാത്ര - ആറാം ദിനം
മാര്‍ച്ച് 18 - ഇന്ന് ദുബായ് യാത്ര അവസാനിക്കുകയാണ്.രാവിലെ പതിവ്‌പോലെ Tely cafe-ല്‍ നിന്നും ചായയൊക്കെ കുടിച്ച് എറണാകുളംകാരന്‍ ഇര്‍ഫാനോട് യാത്രയൊക്കെ പറഞ്ഞു. ഇത്ര വേഗം പോവുകയാണോ എന്ന് ഇര്‍ഫാന്റെ പരിഭവം. യുറേക്ക ഹോട്ടലില്‍ നിന്നും ബാഗേജുമെടുത്ത് ഇറങ്ങി. സനീഷിന്റെ ഒപ്പമാണ് അവിടെ വന്നത്. സനീഷിനൊപ്പം തന്നെ ഇറങ്ങി. യുറേക്ക ഹോട്ടലിനടുത്താണ് ക്ലോക്ക് ടവര്‍ എങ്കിലും ഞങ്ങള്‍ ഇതുവരെയും അവിടെ പോയിരുന്നില്ല. നമ്മുടെ ക്ലോക്ക് ടവറുകള്‍ പൊതുവെ പാറയില്‍ നിര്‍മ്മിച്ച, 100 വര്‍ഷത്തിലേറെ പഴക്കമുള്ളവയാണ്. ഇവിടെ ആധുനികമായ ക്ലോക്ക് ടവറാണ്.ഒരു ഫൗണ്ടനുമുണ്ട്. വണ്ടിയില്‍ ഇരുന്നു തന്നെ ടവറിന്റെ ചിത്രമെടുത്തു. യാത്ര ഷാര്‍ജയിലേക്കാണ്. അവിടെയാണ് സനീഷ് താമസിക്കുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ 7 എമിറേറ്റുകളില്‍ ഒന്നാണ് ഷാര്‍ജ.അബു ദാബിയാണ് തലസ്ഥാനം.വ്യവസായ കേന്ദ്രം ദുബായിയും. അജ്മന്‍,ഫുജൈറ,റാസ് അല്‍ ഖൈമ,ഉം അല്‍ ക്യുവെയിന്‍ എന്നിവയാണ് മറ്റ് എമിറേറ്റുകള്‍. ദുബായിലേതിനേക്കാള്‍ വികസനവും ജീവിതച്ചിലവും കുറഞ്ഞ ഇടമാണ് ഷാര്‍ജ. അതുകൊണ്ടുതന്നെ ദുബായില്‍ പണിയെടുക്കുന്ന ധാരാളം ആളുകള്‍ താമസിക്കുന്നത് ഷാര്‍ജയിലാണ്. രാവിലെയും വൈകിട്ടും ദുബായില്‍ പണിയെടുക്കുന്നവരുടെ വാഹനങ്ങളുടെ നീണ്ട നിരയാകും ഷാര്‍ജയില്‍ എവിടെയും.
സനീഷ് നേരത്തെ ജോലി ചെയ്തിരുന്നത് ദുബായിലായിരുന്നു. ഇപ്പോള്‍ ഓഫീസ് ഷാര്‍ജയിലേക്ക് മാറി. ദുബായ് പോലെ അല്ലെങ്കിലും വികസിതമായ ഇടമാണ് ഷാര്‍ജ. വലിയ കെട്ടിടങ്ങളും മനോഹരമായ റോഡുകളും ജംഗ്ഷനുകളുമൊക്കെയുണ്ട്. സനീഷിന്റെ വീട്ടിലെത്തി, പുട്ടും പപ്പടവുമൊക്കെ കഴിച്ചിട്ടാണ് നഗരം ചുറ്റാനിറങ്ങിയത്. അങ്ങിനെ പോകവെ ഷാര്‍ജ ഫോര്‍ട്ട് എന്നു കണ്ട് അവിടെ കയറി. രണ്ട് നില കെട്ടിടമാണ്. പരമ്പരാഗത രീതിയില്‍ പാറയും കോറലും ചേര്‍ത്താണ് നിര്‍മ്മാണം. 1820 ല്‍ നിര്‍മ്മിച്ച കോട്ട ക്രമേണ നശിച്ചുപോയിരുന്നു. അതിനെ പുന:സൃഷ്ടിച്ചിരിക്കയാണ് ഇപ്പോള്‍.20 വര്‍ഷത്തെ ശ്രമമുണ്ട് അതിന് പിന്നില്‍. കോട്ടയ്ക്ക് മുന്നിലായി ഒരു തൂണുണ്ട്. കുറ്റവാളികളെ ഇവിടെ കെട്ടിയിട്ട് പരസ്യമായി ചാട്ടവാറടി നല്‍കിയിരുന്നു. രണ്ട് പീരങ്കികളും മുന്‍വശത്തായി വച്ചിട്ടുണ്ട്. കോട്ടയ്ക്കുള്ളില്‍ പഴയ കാല രാജാക്കന്മാര്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ അവരുടെ വസ്ത്രങ്ങളും ഉപയോഗിച്ചിരുന്ന ഉപകരമങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ജയിലില്‍ ഒരാള്‍ തടങ്കലില്‍ കഴിയുന്നതും ശില്‍പ്പമായി തയ്യാറാക്കിയിരിട്ടുണ്ട്. അക്കാലത്തെ ആയുധങ്ങള്‍, രാജാവിന്റെ പ്രതിമ എന്നിവയും കാണാം. പ്രതിമകള്‍ മെഴുകില്‍ തീര്‍ത്തതാണെന്നു തോന്നുന്നു. ജീവനുണ്ടെന്നേ തോന്നൂ. നല്ല വൃത്തിയും വെടിപ്പുമുള്ള മുറികള്‍.അകത്തളങ്ങളും ശ്രദ്ധേയം. നടുത്തളത്തില്‍ ഒരു വില്‍പ്പന കേന്ദ്രവും പരമ്പരാഗത ഭക്ഷണം വില്‍ക്കുന്ന ശാലയുമുണ്ട്.
ഇന്ത്യയില്‍ ആര്‍ക്കയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ നോക്കി നടത്തുന്ന സ്ഥാപനങ്ങളില്‍ പലപ്പോഴും ചരിത്രം രേഖപ്പെടുത്തുക പോലുമില്ല. ഷാര്‍ജ വളരെ ചെറിയൊരു കോട്ട ഏത് വിധത്തില്‍ ഉയര്‍ത്തിക്കാട്ടുന്നു എന്നത് കണ്ടുപഠിക്കേണ്ടതാണ്. അവിടെ നിന്നും ഇറങ്ങി ഞങ്ങള്‍ വെറുതെ നഗരം കണ്ടുകണ്ട് അജ്മാനില്‍ എത്തി. കുറേക്കൂടി ചെറിയ നഗരമാണ് അജ്മാന്‍. അവിടെയും ഒന്നു കറങ്ങി. ഷാര്‍ജയിലെ ലുലു മാളില്‍ നിന്നും കുറച്ചു പര്‍ച്ചേയ്‌സ് ഒക്കെ നടത്തി. സനീഷ്-ശാരിക ദമ്പതികളുടെ ഏക മകള്‍ ദേവ എന്ന കുഞ്ഞൂസിന്റെ ഒന്നാം പിറന്നാള്‍ കൂടിയാണ് ഇന്ന്. വീടാകെ ബലൂണുകളും ഒക്കെയായി അലങ്കരിച്ചിരിക്കയാണ്. വൈകിട്ട് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ എത്തി. അങ്ങിനെ കേക്ക് മുറിക്കലിലും ആഘോഷത്തിലും പങ്കാളികളാകാന്‍ കഴിഞ്ഞു. അതൊരു പ്രത്യേക അനുഭവമായി. തുടര്‍ന്ന് മെഗാമാളിന് സമീപമുളള കുര്‍കും റസ്റ്റാറന്റില്‍ ഭക്ഷണം. രുചികരവും കഴിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര ഭക്ഷണവും ബുഫേ ആയി ഒരുക്കിയിരുന്നു. സൂപ്പും ബീഫും ചിക്കനും പൊറോട്ടയും ചപ്പാത്തിയും ഫ്രൈഡ് റൈസും ഐസ്‌ക്രീമുമൊക്കെയാണ്. കുറേയൊക്കെ കഴിച്ചു. 19 ന് വെളുപ്പിന് 2.25 നാണ് ദുബായില്‍ നിന്നും ഫ്‌ളൈറ്റ്. പത്തുമണിക്ക് ഷാര്‍ജയില്‍ നിന്നും ഇറങ്ങി. അരമണിക്കൂര്‍ വേണ്ട എയര്‍പോര്‍ട്ടില്‍ എത്താന്‍. എങ്കിലും നേരത്തെ പുറപ്പെട്ടു. ഒരു പാകിസ്ഥാനി ആയിരുന്നു ഡ്രൈവര്‍. അയാള്‍ക്ക് വഴി അത്ര അറിയില്ല. ഗൂഗിളും വഴി തെറ്റിച്ചു. നേരത്തെ കുര്‍കുര്‍ റസ്റ്റാറന്റിലേക്ക് പോകുമ്പോള്‍ സനീഷിന്റെ ബന്ധു പറഞ്ഞത് അപ്പോള്‍ ഞാനോര്‍ത്തു, ഷാര്‍ജയില്‍ ഗൂഗിളിലെ വിശ്വസിച്ച് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന്. ഏതായാലും ഒരാളോട് ചോദിച്ച് വഴി മനസിലാക്കി എയര്‍പോര്‍ട്ടിലെത്തി. ചെക്കിന്‍ ചെയ്തു. ഡ്യൂട്ടി ഫ്രീ ഷോപ്പിലൊക്കെ കയറി കുറേ സമയം ചിലവഴിച്ചു. നാല് മണിക്കൂര്‍ യാത്ര. വിമാനത്തില്‍ ഏസി കുറവായിരുന്നത് പത്മയ്ക്ക് കുറച്ച് അസ്വസ്ഥതയുണ്ടാക്കി. ഇന്ത്യന്‍ സമയം രാവിലെ എട്ടുമണിക്ക് ഞങ്ങള്‍ മധുരയിലെത്തി. ടെമ്പിള്‍ സിറ്റി ഹോട്ടലില്‍ നിന്നും നല്ലൊരു ബ്രേക്ക് ഫാസ്റ്റും കഴിച്ച് പത്തരയോടെ തിരുനെല്‍വേലിയിലെത്തി. അങ്ങിനെ ശനിയാഴ്ച തുടങ്ങിയ യാത്ര മംഗളകരമായി അടുത്ത ശനിയാഴ്ചയില്‍ അവസാനിച്ചു.
Monday, 21 March 2022
Dubai trip - Day 5
ദുബായ് യാത്ര -അഞ്ചാം ദിവസം
മാര്‍ച്ച് 17. ഇന്നലെയും വളരെ താമസിച്ചാണ് ഉറങ്ങിയത്. ഉച്ച കഴിഞ്ഞ് മരുഭൂമിയിലേക്ക് യാത്ര ഉള്ളതാണ്. അതിനാല്‍ പത്മാവതിയെയും അമ്മയെയും ഹോട്ടലിലാക്കി ഞാനും വിഷ്ണുവും കൂടി എക്‌സ്‌പോ ഗ്രൗണ്ടിലേക്ക് ഒരിക്കല്‍ കൂടി പോയി. നേരത്തെ പറഞ്ഞപോലെ ഒരു മണിക്കൂര്‍ യാത്രയുണ്ട്. മെട്രോയില്‍ തിരക്ക് കുറവായിരുന്നു. അല്‍-റിഗ മുതലുള്ള സ്‌റ്റേഷനുകളൊക്കെ ഇപ്പോള്‍ കേട്ടു പഴക്കം വന്നവയായി. ജപ്പാന്‍ പവിലിയന്‍ കാണണം എന്നതായിരുന്നു വിഷ്ണുവിന്റെ പ്രധാന താത്പ്പര്യം. മറ്റൊന്ന് അവിടത്തെ പ്രധാന ആകര്‍ഷണമായി മാറിയ വെള്ളച്ചാട്ടവും. ഞങ്ങള്‍ ഒന്‍പതരയ്‌ക്കെത്തിയെങ്കിലും ജപ്പാന്‍ പവിലിയനില്‍ അന്നത്തേക്കുള്ള സന്ദര്‍ശകരുടെ ബുക്കിംഗ് കഴിഞ്ഞിരുന്നു. രാവിലെ ഒന്‍പത് മണിക്കാണ് ബുക്കിംഗ്.അത് കഴിഞ്ഞാല്‍ പിന്നെ ക്യൂ സിസ്റ്റമില്ല. 30 പേര്‍ വീതം വരുന്ന ടീമിനെ അനുവദിച്ച ഓരോ മണിക്കൂറിലും പവിലിയനില്‍ കയറ്റി ഗൈഡിന്റെ സഹായത്തോടെ ജപ്പാന്റെ പുരോഗതി മനസിലാക്കി കൊടുക്കുകയാണ്. ജപ്പാന്‍ കൈവിട്ടതോടെ ഞങ്ങള്‍ ഇറ്റലി പവിലിയനില്‍ എത്തി. അവിടെയും വലിയ ക്യൂ ആണ്. ഇറ്റലിക്കാരും അറബികളും കയറിയ ശേഷമെ പൊതുസമൂഹത്തിന് പ്രവേശനമുള്ളു. പവിലിയന്‍ പക്ഷെ നിരാശപ്പെടുത്തി. കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ വിഘടിപ്പിച്ച് ഓക്‌സിജന്‍ നല്‍കുന്ന ഒരു സൂക്ഷ്മജീവിയെ കണ്ടെത്തി എന്നതാണ് പ്രധാന ഹൈലൈറ്റ്. പിന്നെ ചില ചിത്രങ്ങളും ശില്‍പ്പങ്ങളും സാംസ്‌ക്കാരിക പൈതൃകവുമൊക്കെ കാട്ടുന്നുണ്ട്. അവിടെനിന്നും ഇറങ്ങി ഇനി പവിലിയന്‍ നോക്കണ്ട എന്നു തീരുമാനിച്ച് വെള്ളച്ചാട്ടമുള്ള ഇടത്തേക്ക് പോയി. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേരുടെ ആഹ്ലാദാരവം കേട്ടുകൊണ്ടാണ് ഞങ്ങള്‍ അവിടെ എത്തിയത്. ചൂടില്‍ നല്ല ആശ്വാസം പകരുന്ന ഇടം. വിശാലമായ ഒരു വൃത്തരൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. നടുക്കൊരു സ്തൂപവും ഉണ്ട്. മൂന്ന് കവാടങ്ങളിലൂടെ ആളുകള്‍ക്ക് പ്രവേശിക്കാം. ചെറിയ ഉരുളന്‍ കല്ലുകള്‍ക്ക് നിറമടിച്ചാണ് ചരിഞ്ഞ പ്രതലം ഉണ്ടാക്കിയിരിക്കുന്നത്. നല്ലൊരു വെള്ളച്ചാട്ടത്തിന്റെ ഫീല്‍ ലഭിക്കും. സംഗീതത്തിനൊപ്പം വെള്ളം മുകളില്‍ നിന്നും എടുത്തൊഴിക്കുംപോലെ വീഴുകയാണ്.അദ്യം മെല്ലെ, പിന്നെ വേഗത്തില്‍, പിന്നീട് അതിവേഗത്തില്‍. ഓരോ ഭിത്തിയിലും നാല് സോണുകളുണ്ട്. കമ്പ്യൂട്ടറൈസ്ഡ് സംവിധാനത്തിലൂടെയാണ് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നത്.ഈ വെള്ളം തിരികെ പോകുന്നതിനാല്‍ ആവിയാകുന്ന ജലം മാത്രമെ നഷ്ടപ്പെടുന്നുള്ളു.
ബുര്‍ജ് ഖലീഫയിലെ ജലധാരാ സംവിധാനം തയ്യാറാക്കിയ WET എന്ന കമ്പനിയാണ് ഇതും ചെയ്തിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ പരിശ്രമം ഇതിന് പിന്നിലുണ്ട്. ശരീരത്തിലോ തലയിലോ ജലം വീഴും എന്ന് പ്രതീക്ഷ നല്‍കുകയും എന്നാല്‍ അത് വീഴാതിരിക്കുകയും ചെയ്യുന്നിടത്താണ് ഇതിന്റെ മേന്മ. കാലില്‍ വന്നു തട്ടുന്ന ജലം മടങ്ങി പോകുന്നത് എങ്ങിനെ എന്നും മനസിലാവില്ല. സംഗീതത്തിനൊപ്പമാണ് ജലം താഴേക്ക് വരുക. രണ്ടു വട്ടം EMMY പുരസ്‌ക്കാരം നേടിയ Ramin Djawadi ആണ് സംഗീതം ചെയ്തിരിക്കുന്നത്.
പന്ത്രണ്ടര ആയി. രണ്ടേ മുക്കാലിനും മൂന്നരയ്ക്കുമിടയില്‍ മരുഭൂമി സവാരിക്ക് വണ്ടി വരും. അന്‍സാണ് ബുക്കു ചെയ്തിരിക്കുന്നത്. 40 ദിര്‍ഹം മുതല്‍ 150 ദിര്‍ഹം വരെ നിരക്കുണ്ട്. നൂറ് ദിര്‍ഹത്തിന്റെ പാക്കേജാണ് ഞങ്ങള്‍ക്കായി എടുത്തിട്ടുള്ളത്.അതിനാല്‍ എക്‌സ്‌പോ ഗ്രൗണ്ടില്‍ നിന്നും വേഗം മടങ്ങി.ഒരു സൈഡ് സീറ്റ് കിട്ടിയതിനാല്‍ നഗരം നന്നായി കണ്ടുള്ള യാത്രയായി അത്. ഹോട്ടലില്‍ എത്തിയപ്പോള്‍ പത്മയുടെ പരിഭവം ബോധ്യപ്പെട്ടു. അയാളെ കൊണ്ടുപോകാതിരുന്നതിലുള്ള പരിഭവം. തൊട്ടടുത്തുള്ള സാഫ്രണ്‍ റസ്റ്ററന്റില്‍ നിന്നും ഒരു താലി മീല്‍സും പനീര്‍ പൊറോട്ടയും ആലു പൊറോട്ടയും വാങ്ങി. കഴിച്ചപ്പോള്‍ കുറച്ചു ഹെവിയായി തോന്നി. നല്ല രുചിയുണ്ടായിരുന്നു. മൂന്ന് മണി കഴിഞ്ഞാണ് ബ്രൗണ്‍ കളര്‍ ഷെവര്‍ലെ വന്നത്. അതിന്റെ ഡ്രൈവര്‍ ഒരു ഇറാനിയായിരുന്നു. വണ്ടിയില്‍ മൂന്ന് നൈജീരിയന്‍ പെണ്‍കുട്ടികളുമുണ്ട്. ഞാനും വിഷ്ണുവും പിറകില്‍ കയറി. ശ്രീക്കുട്ടിയും പത്മയും മിഡില്‍ സീറ്റിലും. ഡ്രൈവര്‍ക്കൊപ്പം മുന്നിലും ശ്രീക്കുട്ടിക്കൊപ്പവും നൈജീരിയക്കാര്‍.ഡ്രൈവര്‍ സംസാരപ്രിയനാണ്. അയാള്‍ നൈജീരിയക്കാരെ ഇംപ്രസ് ചെയ്യിക്കാനായി പഴയ കഥകളും ചിത്രങ്ങളുമൊക്കെ കാണിക്കുകയാണ്. വണ്ടി ഓടിക്കുന്നതിനിടയിലാണ് ഈ സാഹസമൊക്കെ. മരുഭൂമിയില്‍ ഡ്യൂണ്‍ ബാഷ് ചെയ്ത കാലം വണ്ടി കുത്തനെ നിര്‍ത്തിയിട്ടുണ്ട് എന്നൊക്കെയാണ് പറയുന്നത്. ഇപ്പോള്‍ മടുത്തു.അതുകൊണ്ട് മരുഭൂമി വരെ എത്തിയശേഷം മറ്റൊരു വണ്ടിയില്‍ മറ്റൊരാളാകും മണല്‍ക്കൂമ്പാരങ്ങളിലൂടെ വാഹനം ഓടിക്കുക എന്നൊക്കെ അയാള്‍ പറഞ്ഞു. ഇതിനിടെ നിരന്തരം അറബി ഭാഷയിലുള്ള ശബ്ദസന്ദേശങ്ങള്‍ വാട്ട്‌സ്ആപ്പില്‍ അയയ്ക്കുകയും മറുപടി നോക്കുകയും വീണ്ടും സംസാരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. റോഡിലേക്ക് നോക്കുമ്പോള്‍ നമുക്കാണ് ഭയം. വാഹനങ്ങള്‍ നിരന്തരം പോവുകയല്ലെ. കുറേ ദൂരം പോയപ്പോള്‍ ഈന്തപ്പനകള്‍ മാത്രമുള്ള ഇടങ്ങള്‍ കണ്ടുതുടങ്ങി. ക്രമേണ അതും ഇല്ലാതായി. വണ്ടി ഒരു കടയുടെ മുന്നില്‍ നിര്‍ത്തി.
മരുഭൂമിയിലേക്കു കടക്കും മുന്നെ ചായ,കോഫി,വെളളം എന്നിവയൊക്കെ കുടിക്കാനും ടോയ്‌ലറ്റില്‍ പോകാനുമൊക്കെയുള്ള ഇടമാണ്. കൂളിംഗ് ഗ്ലാസ്, മുഖം മറയ്ക്കാനുളള ടവ്വല്‍, അറബി വേഷം തുടങ്ങി പലതും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. കച്ചവടം നിയന്ത്രിക്കുന്നതും ഒരു മലയാളി ആണ്. അവിടെ അര മണിക്കൂറോളം തങ്ങി. വീണ്ടും യാത്ര തുടര്‍ന്നു. മരുഭൂമിയുടെ കാഴ്ചകള്‍ കണ്ടു തുടങ്ങി. ഒട്ടകങ്ങളും ചെറു ചെടികളുമല്ലാതെ ഒന്നുമില്ലാത്ത , ഉയര്‍ന്നും താണും കിടക്കുന്ന മരുഭൂമി. വാഹനം ഒരു മരത്തണലില്‍ നിര്‍ത്തി. അവിടെ നിന്നും ലാന്‍ഡ് ക്രൂയിസറിലേക്ക് മാറി. എല്ലാവരും സീറ്റ് ബല്‍റ്റ് ധരിച്ചു. വണ്ടി നീങ്ങിത്തുടങ്ങി. മെല്ലെ തുടങ്ങി വേഗം കൂട്ടി കൂട്ടി വലിയ കുഴികളും കുന്നുകളും താണ്ടി ഉലഞ്ഞുലഞ്ഞുളള യാത്ര. പത്മ അധികം ഭയന്നില്ല. നൈജീരിയന്‍ പെണ്‍കുട്ടികള്‍ വലിയ ഒച്ചയുണ്ടാക്കുകയും ഭയം മൂലം അടുത്തിരിക്കുന്നവരെ ബലമായി പിടിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. ശ്രീക്കുട്ടിയുടെ കൈയ്യിലൊക്കെ കുറേസമയം അതിന്റെ പാട് കാണാനുണ്ടായിരുന്നു.
ഒരു മണിക്കൂറോളം നീണ്ട ഡ്യൂണ്‍ ബാഷിംഗ് കഴിഞ്ഞ് വണ്ടി നിരപ്പായ ഒരിടത്തെത്തി . കുറച്ചു സമയം അവിടെ ചിലവഴിച്ചു,ചിത്രങ്ങളെടുത്തു. സൂര്യന്‍ അസ്തമിക്കാറായി. പൊതുവെ ചൂട് കുറവായിരുന്നു. ഇപ്പോള്‍ തണുത്ത കാറ്റടിക്കാന്‍ തുടങ്ങി. മണ്‍ധൂളികള്‍ ചിത്രം വരയ്ക്കുന്ന മണലില്‍ എത്രനേരം ഇരുന്നാലും മുഷിയില്ല. അവിടെ നില്‍ക്കുമ്പോള്‍ അനേകം വാഹനങ്ങള്‍ ഇറങ്ങിയും കയറിയും വരുന്നത് കാണാം. പലയിടങ്ങളിലായാണ് രാത്രി ക്യാമ്പുകള്‍ ഉള്ളത്. അവിടെയെല്ലാം വാഹനങ്ങളുടെ വലിയ നിരകളും ഉണ്ട്. ഞങ്ങളും തുടര്‍യാത്രയില്‍ അത്തരമൊരു കേന്ദ്രത്തിലെത്തി. ടെന്റാണ് അവിടെ ഒരുക്കിയിരിക്കുന്നത്. നടുത്തളത്തില്‍ പെര്‍ഫോമന്‍സ് വേദി. ചുറ്റിലും കസേരകള്‍ ഇട്ടിട്ടുണ്ട്. അതിന് പുറമെ വിഐപി മേഖലയുമുണ്ട്. അവിടെ ഭക്ഷണം സര്‍വ്വു ചെയ്യാന്‍ ആളുണ്ട്. മറ്റുള്ളവര്‍ ഭക്ഷണപ്പുരയില്‍ പോയി ബുഫെ എടുത്തു വരണം. ഒട്ടകസവാരിയും പാക്കേജിന്റെ ഭാഗമായിരുന്നെങ്കിലും അത് ചെയ്തില്ല. ബാറും സൗന്ദര്യ സംവര്‍ദ്ധക വസ്തുക്കളും ഉള്‍പ്പെടെ വില്‍പ്പന കേന്ദ്രങ്ങളുമുണ്ട് ഇവിടെ. മണല്‍ക്കൂനയില്‍ ഒരൂഞ്ഞാലും ഒരുക്കിയിരിക്കുന്നു. മരുഭൂമില്‍ ഇത്തരമൊരു സൗകര്യം ഒരു പ്രത്യകത തന്നെയാണ്. ജയ്‌സാല്‍മീറിലെ മരുഭൂമിയില്‍ ഒരു രാത്രി തങ്ങിയത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു.
സൂര്യാസ്തമനം നോക്കി കുറച്ചു സമയം മരുഭൂമിയില്‍ ഇരുന്നു. പത്മ മണ്ണ് വാരികളിച്ചു. മുഖമൊക്കെ മൂടി, കൂളിംഗ് ഗ്ലാസും വച്ചിരുന്നു. എങ്കിലും മൂക്കിലേക്ക് പൊടി കയറാം. തണുപ്പ് കൂടി വരുകയാണ്. മരുഭൂമി പകലില്‍ വെന്തുരുകും പോലെ രാത്രിയില്‍ നന്നായി തണുക്കുകയും ചെയ്യും. തണുത്ത കാറ്റില്‍ ചെറുതായി വിറയ്ക്കാന്‍ തുടങ്ങി. ഞങ്ങള്‍ ടെന്റിലേക്ക് മടങ്ങി. അവിടെനിന്നും ചായയും പക്കോടയും കഴിച്ചു. ചായ ഒഴിച്ചു തന്നതും ഒരു മലയാളി. ആദ്യം പാന്റ്‌സും ഷര്‍ട്ടും ധരിച്ചുനിന്ന അയാള്‍ പ്രോഗ്രാം തുടങ്ങാറായപ്പോള്‍ അറബിവേഷത്തിലാണ് എത്തിയത്. സംഗീതത്തിനൊപ്പം ഒരു കലാകാരന്‍ മനോഹരമായ നൃത്തം അവതരിപ്പിച്ചു. തുടര്‍ന്ന് ബല്ലി ഡാന്‍സുമായെത്തിയത് ഒരു ലബനന്‍ സ്ത്രീ ആണെന്നു തോന്നുന്നു. പതിനഞ്ചു മിനിട്ടോളം ഡാന്‍സ് നീണ്ടു. നിത്യവും ഏകദേശം ഒരേ രീതിയില്‍ അഭ്യാസങ്ങള്‍ നടത്തുന്ന സര്‍ക്കസ് കലാകാരന്മാരുടെ അവസ്ഥയാണ് ഇവിടെ ഉള്ളവര്‍ക്കെന്നു തോന്നി. ഭക്ഷണത്തിനുളള സമയമായി. എല്ലാവരും ബുഫേ എടുക്കാനായി ഒത്തുചേര്‍ന്നു. ഫ്രൈഡ് റൈസും കുബൂസും പനീര്‍ കറിയും തുടങ്ങി കുറേ വെജിറ്റേറിയന്‍ ഇനങ്ങളും ചിക്കനും ബീഫും ഭക്ഷണത്തിന്റെ ഭാഗമായിരുന്നു. കുറച്ചൊക്കെ കഴിച്ചു. രുചികരം തന്നെ. പ്രത്യേകിച്ചും കനലില്‍ ചുട്ട നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം. മെഹന്തി ഇടുന്നതും പാക്കേജിന്റെ ഭാഗമാണ്. ശ്രീക്കുട്ടിയും പത്മയും ഒരു കൈയ്യില്‍ കുറച്ചു മെഹന്തി ഇട്ടു.
ഇനിയും കലാപരിപാടികള്‍ ബാക്കി. തീപ്പന്തങ്ങള്‍ കൊണ്ടുള്ള കസര്‍ത്തുകളാണ് തുടര്‍ന്നു കണ്ടത്. നല്ല മെയ് വഴക്കവും ടൈം മാനേജ്‌മെന്റുമില്ലെങ്കില്‍ തീപ്പൊള്ളല്‍ ഉറപ്പാകുന്ന പരിപാടി. 2018 ലായിരുന്നു ഞാന്‍ ദുബായില്‍ ആദ്യമായി വന്നത്. അന്ന് കണ്ടതിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ഇന്നത്തെ പെര്‍ഫോമന്‍സും. ഒരു പക്ഷെ ആളുകള്‍ മാറിയിട്ടുണ്ടാകും എന്നു മാത്രം. പരിപാടി തീരും മുന്നെ ഇറങ്ങണേ എന്ന് ഡ്രൈവര്‍ അഭ്യര്‍ത്ഥിച്ചു. ഞങ്ങളെ വിട്ടശേഷം മറ്റൊരു ക്ലൈന്റിനെ കൂടി അയാള്‍ക്ക് തിരികെ കൊണ്ടു പോകാനുണ്ട്. ഞങ്ങളും പോകാന്‍ തയ്യാറായിരിക്കയായിരുന്നു. പൂര്‍ണ്ണ ചന്ദ്രന്‍ തെളിച്ചിട്ട പ്രകാശമാണ് മരുഭൂമിയില്‍ എവിടെയും. മണ്ണ് സ്വര്‍ണ്ണം പോലെ തിളങ്ങുന്നു. ഞങ്ങള്‍ അതിര്‍ത്തിയില്‍ എത്തിയപ്പോഴും ഞങ്ങളുടെ ഇറാനി ഡ്രൈവര്‍ എത്തിയിട്ടില്ല. അയാള്‍ വരാന്‍ 10 മിനിട്ടെടുത്തു. ഈ സമയം പത്മ നൈജീരിയക്കാരുമായി ചങ്ങാത്തം കൂടി. അവരുടെ പേരൊക്കെ ചോദിച്ചു. മാമ്മി, സൂസി, ജോയ്‌സ് ,അവര്‍ ദുബായ് കാണാന്‍ വന്നതാണ്. തിങ്കളാഴ്ച തിരികെ പോകും എന്നു പറഞ്ഞു. ഇറാനി പഴയ പടി ഫോണില്‍തന്നെയായിരുന്നു. ഞങ്ങള്‍ ഹോട്ടലില്‍ നേരത്തെ എത്തി. ഒന്‍പതര . യാത്രാക്ഷീണം കാരണം നേരത്തെ കിടന്നു. ഉറക്കത്തിലും മരുക്കാഴ്ചകള്‍ മനസില്‍ തെളിഞ്ഞുനിന്നു.















