Wednesday, 29 December 2021

Edge of tomorrow - 2014 hollywood movie on time loop & fight against alien race

 



 എഡ്ജ് ഓഫ് ടുമോറോ

 Edge of tomorrow 2014 ല്‍ ഹോളിവുഡില്‍ ഇറങ്ങിയ ചിത്രമാണ്. 2004 ല്‍ പ്രസിദ്ധീകരിച്ച Hiroshi Sakurazaka യുടെ All you need is to kill എന്ന ജാപ്പനീസ് നോവലിനെ ആസ്പ്പദമാക്കിയാണ് സിനിമ നിര്‍മ്മിച്ചത്. യൂറോപ്പില്‍ Mimics എന്ന alien race ആക്രമണം നടത്തുന്നു. അവരെ എതിര്‍ക്കാനായി തയ്യാറാക്കിയ സംയുക്ത സേനയില്‍ അംഗമാകേണ്ടിവരുന്ന പബഌക് റിലേഷന്‍സ് ഓഫീസറാണ് മേജര്‍ വില്യം കേജ്. അയാള്‍ ഒരു ടൈം ലൂപ്പില്‍ പെടുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് നടക്കാനിരിക്കുന്ന സംഭവങ്ങളില്‍ അയാള്‍ പുനര്‍ജീവിക്കുകയാണ്. കേജും സാര്‍ജന്റ് Rita Vrataski യും ചേര്‍ന്ന്  ഏലിയന്‍സിനെതിരെ നടത്തുന്ന ആക്രമണത്തിന്റെ ആവര്‍ത്തനങ്ങളാണ് ചിത്രം നല്‍കുന്നത്.

 എക്‌സ്ട്രാ ടെറസ്ട്രിയല്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്കേ ഇത്തരം ചിത്രങ്ങള്‍ ആസ്വാദ്യകരമാകൂ. ഭൂമിയിലെ ജീവജാലങ്ങളുടെ കഥ ആസ്വദിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടുതന്നെ ചിത്രം മതിപ്പുളവാക്കിയില്ല. വാര്‍നര്‍ ബ്രദേഴ്‌സ് 100 ദശലക്ഷം ഡോളര്‍ പരസ്യത്തിനായി ചിലവാക്കിയ ചിത്രം 370 ദശലക്ഷം ഡോളറാണ് നേടിയത്. നിക് ഡേവിസിന്റെ മേല്‍നോട്ടത്തില്‍ 9 കമ്പനികളാണ് വിഷ്വല്‍ ഇഫക്ട്‌സ് ചെയ്തത്. Dion Beebe സിനിമറ്റോഗ്രഫിയും ജയിംസ് ഹെര്‍ബര്‍ട്ട് എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തത് Doug Liman ആണ്. ടോം ക്രൂയിസ്, എമിലി ബ്ലണ്ട്, ബില്‍ പാക്സ്റ്റണ്‍,ബ്രന്‍ഡന്‍ ഗ്ലീസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ആമസോണ്‍ പ്രൈമിലാണ് ചിത്രം ലഭ്യമാകുന്നത്.

Tuesday, 28 December 2021

Maanad - an interesting movie on time loop, beautifully made


 

 മാനാട്

 തമിഴില്‍ മാനാട് എന്നാല്‍ കോണ്‍ഫറന്‍സ് എന്നാണര്‍ത്ഥം. കോയമ്പത്തൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയെ വധിക്കാനുള്ള പദ്ധതിയാണ് ഡിസിപി ധനുഷ്‌ക്കോടിയുടെ സഹായത്തോടെ മുഖ്യന്റെ അടുത്ത അനുയായി ആസൂത്രണം ചെയ്യുന്നത്. ഊട്ടിയില്‍ തനിക്കിഷ്ടമില്ലാത്ത വിവാഹം ഒരുക്കിയിരിക്കുന്ന ഇടത്തുനിന്നും സറീന ബീഗത്തെ തട്ടികൊണ്ടുവന്ന് സുഹൃത്ത് ഈശ്വരമൂര്‍ത്തിയെകൊണ്ട് വിവാഹം കഴിപ്പിക്കുകയാണ് ഗള്‍ഫില്‍ നിന്നും വരുന്ന അബ്ദുല്‍ ഖാലിക്കിന്റെ ലക്ഷ്യം. രണ്ടും ഒരു ദിവസമാണ് നടക്കുന്നത്. വിമാനത്തില്‍ ഇരിക്കുന്ന ഖാലിക്ക് ടൈംലൂപ്പില്‍ പെടുന്നതാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. ഇതേ അവസ്ഥ ഡിസിപി ധനുഷ്‌ക്കോടിക്കുകൂടി വരുന്നതോടെ ചിത്രം കാണികളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തും. ആവര്‍ത്തിക്കപ്പെടുന്ന സീനുകളും സംഭവിക്കാവുന്ന സാഹചര്യങ്ങളെ 'എറര്‍ ഫ്രീ' ആക്കി എടുക്കാനുള്ള രണ്ടുപേരുടെയും ശ്രമങ്ങളും സംവിധായകന്റെ വലിയ ശ്രദ്ധയില്ലെങ്കില്‍ പാളിപ്പോകാവുന്നവയാണ്. എന്നാല്‍ സംവിധായകനും ക്യാമറാമാനും അതിലെല്ലാം ഉപരിയായി എഡിറ്ററും ഇതിനായി അര്‍പ്പിച്ച ധ്യാനം നമിക്കപ്പെടേണ്ടതാണ്.

 കണ്ടുപഴകിയ ഒരു പ്ലോട്ടിനെയാണ് ടൈം ലൂപ്പിന്റെ മാസ്മരികതയിലൂടെ മികച്ചതാക്കി മാറ്റിയിരിക്കുന്നത്. സിലംബരശനും എസ്.ജെ.സൂര്യയും പ്രധാന കഥാപാത്രങ്ങളായ ഖാലിക്കും ധനുഷ്‌ക്കോടിയുമായി തകര്‍ത്തഭിനയിച്ചിരിക്കയാണ്. കല്യാണി പ്രിയദര്‍ശനും എസ്.എ.ചന്ദ്രശേഖറും വൈ.ജി.മഹേന്ദ്രനും കരുണാകരനും പ്രേജി അമരനും അരവിന്ദ് ആകാശും അന്‍ജന കീര്‍ത്തിയും സപ്പോര്‍ട്ടിംഗ് കാരക്ടറുകളായി തിളങ്ങി. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തില്‍ കാമറ റിച്ചാര്‍ഡ്.എം.നാഥനും എഡിറ്റിംഗ് പ്രവീണ്‍.കെ.എല്ലും സംഗീതം യുവന്‍ ശങ്കര്‍ രാജയും നിര്‍വ്വഹിച്ചിരിക്കുന്നു.

 SonyLiv ലെ OTT റിലീസായാണ് ചിത്രം കണ്ടത്.

Monday, 27 December 2021

Atrangi Re - an interesting love story starring Sara Ali Khan,Dhanush & Akshay kumar

 


 അത്രംഗീ രേ (Atrangi Re )

Disney Hotstar-ല്‍ അത്രംഗീ രേ കണ്ടു. സാറാ അലിഖാനും ധനുഷും അക്ഷയ് കുമാറും ചേരുന്ന ഒരു പ്രണയ കഥയാണ് അത്രംഗീ രേ. റിങ്കു സൂര്യവന്‍ഷി എന്ന പെണ്‍കുട്ടി ചെറുപ്പത്തിലേ ഉണ്ടായ ഒരു മാനസിക പിരിമുറക്കത്തില്‍ നിന്നും രക്ഷപെടാന്‍ സ്വയം വികസിപ്പിച്ച സാങ്കല്‍പ്പിക കഥാപാത്രമാണ് സജ്ജാദ് അലി എന്ന മജീഷ്യന്‍. അവള്‍ അയാളെ പ്രണയിക്കുകയും പലവട്ടം ഒളിച്ചോടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിവാഹം കഴിപ്പിക്കുന്നതോടെ പ്രശ്‌നങ്ങള്‍ തീരും എന്നു ചിന്തിക്കുന്ന മുത്തശ്ശി ഏതെങ്കിലും നാട്ടിലെ ഒരുത്തനെ പിടിച്ചുകെട്ടി കൊണ്ടുവരാന്‍ ആളിനെ വിടുന്നു. അങ്ങിനെയാണ് തമിഴ്‌നാടുകാരനായ, മെഡിസിന് പഠിക്കുന്ന വിശു ഇതിന് ഇരയായി തീരുന്നത്. വിവാഹം കഴിഞ്ഞ് ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയില്‍ അവര്‍ പരസ്പ്പരം ഇഷ്ടപ്പെടാതെ നടത്തിയ വിവാഹം വേര്‍പെടുത്താന്‍ തീരുമാനിക്കുന്നു. വിശു നാട്ടില്‍ പ്രണയിനിയെ വിവാഹം കഴിക്കാനായി പോകുന്നു, എന്നാല്‍ റിങ്കുവിനെ നേരത്തെ വിവാഹം കഴിച്ചതായി വെളിപ്പെടുന്നതോടെ അത് മുടങ്ങുന്നു.

 വളരെ നാളുകള്‍ക്ക് ശേഷമാണ് വിശുവിന്റെ സുഹൃത്ത് മനസിലാക്കുന്നത് സജ്ജാദ് അലി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെന്ന്. പിന്നെ ആ കഥാപാത്രത്തെ മെല്ലെ ഇല്ലാതാക്കി റിങ്കുവിനെ യഥാര്‍ത്ഥ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരുന്നതാണ് കഥ. നല്ല നര്‍മ്മവും സെന്റിമെന്റ്‌സും ഇടകലര്‍ത്തി തയ്യാറാക്കിയ സ്‌ക്രിപ്റ്റാണ് ഹിമാന്‍ഷു ശര്‍മ്മയുടേത്. ഏത് നിമിഷവും കാണികളുടെ രസം കെട്ടുപോകാവുന്ന വിഷയത്തെ പിടിച്ചുനിര്‍ത്താന്‍ തിരക്കഥയ്ക്ക് കഴിഞ്ഞു. സംവിധായകന്‍ ആനന്ദ്.എല്‍ റായ് സാറാ,ധനുഷ്, അക്ഷയ് കുമാര്‍, സീമ ബശ്വാസ്, അഷിഷ് വര്‍മ്മ തുടങ്ങിയ അഭിനേതാക്കളില്‍ നിന്നും സനിമയ്ക്ക് ആവശ്യമായത്ര മാത്രം സ്വീകരിച്ച് അഭിനയം കൈവിടാതെ ശ്രദ്ധിച്ചു.

 എ.ആര്‍.റഹ്മാന്റെ സംഗീതവും പങ്കജ് കുമാറിന്റെ കാമറയും ഹേമല്‍ കോത്താരിയുടെ എഡിറ്റിംഗും സിനിമയ്ക്ക് ഗുണകരമായി. വിമര്‍ശനാത്മകമായി ചിന്തിക്കാതെ കാണാവുന്ന ഒരു എന്റര്‍ടെയ്‌നറാണ് അത്രംഗീ രേ😍

Sunday, 26 December 2021

Madhuram - A feel good movie of sweet moments during painful time

 


 മധുരം

 Sony Liv ല്‍ മലയാള സിനിമ മധുരം കണ്ടു. ആശുപത്രിയിലെ കൂട്ടിരുപ്പുകാരാണ് പ്രധാന കഥാപാത്രങ്ങളെങ്കിലും അവരുടെ ജീവിതത്തിനും സ്‌നേഹബന്ധത്തിനും ഒരു മധുരമുണ്ട്. അതാണ് ചിത്രം തരുന്ന സന്ദേശം. ദു:ഖമാണ് മുന്തി നില്‍ക്കുന്നതെങ്കിലും അതിലെല്ലാം ഒരു മധുരത്തിന്റെ അംശം കലരുന്നു.

 അഹമ്മദ് കബീര്‍ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ആഷിക്് ഐമറും ഫാഹിം സഫറും ചേര്‍ന്നാണ് നിര്‍വ്വഹിച്ചത് . കാമറ ജിതിനും എഡിറ്റിംഗ് മഹോഷ് ഭുവാനന്ദും ചെയ്തിരിക്കുന്നു. ജോജുവും ഇന്ദ്രന്‍സും ഫാഹിമും അര്‍ജുന്‍ അശോകനും ശ്രുതി രാമചന്ദ്രനും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചിത്രം ഒരു ടെലിഫിലിമിനുള്ള സന്ദര്‍ഭങ്ങളെ ഉള്‍ക്കൊള്ളുന്നുള്ളു. അത് നീട്ടിക്കൊണ്ടു പോയതില്‍ കുറച്ച് മുഷിവ് അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ തീരെ മോലോഡ്രാമ ആകാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.

 ഒരു ഫീല്‍ ഗുഡ് മൂവിയാണ് മധുരം  

Saturday, 25 December 2021

Minnal Murali-Malayalam film - good movie

 


 മിന്നല്‍ മുരളി

 നെറ്റ്ഫ്‌ലിക്‌സില്‍ മിന്നല്‍ മുരളി കണ്ടു. സംവിധായകന്‍ ബേസില്‍ ജോസഫും കൂട്ടരും അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ കാണുന്ന എല്ലാ മസാലകളും ചേര്‍ത്ത ചിത്രത്തില്‍ സൂപ്പര്‍ ഹീറോയേയും സൂപ്പര്‍ വില്ലനേയും മനോഹരമായി വിളക്കി ചേര്‍ത്തിരിക്കുന്നു. ഹോളിവുഡ് ചിത്രങ്ങള്‍ നല്‍കാത്ത ഒന്നാണിത്. തികച്ചും സാധാരണമായ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. സാധാരണ മനുഷ്യരാണ് കഥാപാത്രങ്ങള്‍. ഒരു മിന്നല്‍ ദിനത്തിലാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. അതോടെ കളിതമാശകള്‍ മാറി കഥ ചൂട് പിടിക്കുന്നു. കാഴ്ചക്കാരും അതിനൊപ്പം നീങ്ങുന്നു. നല്ല സാങ്കേതിക തികവും മികച്ച ഛായാഗ്രഹണവും ചിത്രസംയോജനവും ഇഫക്ടും അഭിനയവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. ഒതുക്കമുള്ള തിരക്കഥയാണ് സിനിമയുടെ മറ്റൊരു ശക്തി.

 ഗുരു സോമസുന്ദരവും ടൊവിനോയും മികച്ച അഭിനയ നിലവാരം പുലര്‍ത്തി. അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സമിര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. എഡിറ്റിംഗ് നടത്തിയത് ലിവിംഗസ്റ്റനാണ്.

Friday, 24 December 2021

Developmental programmes and controversies - latest is K-Rail

 


 വികസന പ്രവര്‍ത്തനങ്ങളും വിവാദങ്ങളും

 ജനാധിപത്യം എന്നാല്‍ ഭരണകക്ഷി പ്രവര്‍ത്തിക്കുകയും പ്രതിപക്ഷം എതിര്‍ക്കുകയും ചെയ്യുക എന്നതാണോ? പലപ്പോഴും കാര്യങ്ങള്‍ അത്തരത്തിലാണ്. അതുകൊണ്ടുതന്നെ എതിര്‍ക്കപ്പെടുന്നതില്‍ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനും കഴിയാതെ പോകുന്നു.

 എക്‌സ്പ്രസ് ഹൈവേ പദ്ധതിയുമായി യുഡിഎഫ് വന്നപ്പോള്‍ കേരളത്തെ രണ്ടായി പകുത്ത് രണ്ട് സംസ്ഥാനങ്ങളാക്കി മാറ്റും എന്നു പറഞ്ഞ് ഇടതുപക്ഷം പ്രക്ഷോഭം നടത്തി, പദ്ധതി ഉപേക്ഷിച്ചു. ഇപ്പോള്‍ എല്‍ഡിഎഫ് കെ-റയില്‍ പദ്ധതി കൊണ്ടുവരുമ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ് യുഡിഎഫ്. പിണറായി, ഉമ്മന്‍ചാണ്ടിയെ പോലെ വിട്ടുവീഴ്ചകള്‍ക്ക് വിധേയനാകാത്തതിനാല്‍ പദ്ധതി നടപ്പാകാനാണ് സാധ്യത. ഗെയില്‍ പൈപ്പ് ലൈനിനെ എതിര്‍ത്തവരില്‍ പ്രാദേശിക സിപിഎം മുന്നിലായിരുന്നു. എന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍  വന്നതോടെ പദ്ധതി നടപ്പിലായി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനെ ഇടതുപക്ഷ സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ത്തപ്പോള്‍ ഉമ്മന്‍ ചാണ്ടി പിന്മാറി, എന്നാല്‍ പ്രതിപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ മറികടന്ന് പിണറായി നടപ്പിലാക്കി.

  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പദ്ധതിക്കെതിരെ ഇടതുപക്ഷം വലിയ എതിര്‍പ്പുമായി വന്നു. കെ.കരുണാകരന്റെ മക്കളും സില്‍ബന്ധികളും കൂടി ആ പ്രദേശം മുഴുവന്‍ വാങ്ങി ഇട്ടിരിക്കയാണ്, റിയല്‍ എസ്‌റ്റേറ്റ് ് ലോബിയാണ് പിന്നില്‍ എന്നായിരുന്നു പ്രചരണം. തന്റെ ശവത്തിനു മേലെ വിമാനത്താവളം ഉയരൂ എന്നു പറഞ്ഞ സിപിഎം നേതാവ് പിന്നീടതിന്റെ അധികാര സ്ഥാനത്ത് ഇരിക്കുകയും ചെയ്തു. കോഴിക്കോടും കൊച്ചിയും മംഗലാപുരത്തും വിമാനത്താവളമുള്ളപ്പോള്‍ കണ്ണൂരെന്തിന് വിമാനത്താവളം എന്നതായിരുന്നു മറ്റൊരു ആശങ്ക. അവിടെയും മാറിമാറി പ്രതിപക്ഷങ്ങള്‍ എതിര്‍ത്തെങ്കിലും പദ്ധതി നടപ്പിലായി. കൊച്ചി മെട്രോ സംബ്ബന്ധിച്ചും ആശങ്കയ്ക്ക് പഞ്ഞമുണ്ടായില്ല. എങ്കിലും നടന്നു. സ്മാര്‍ട്ട് സിറ്റി രണ്ടു കൂട്ടര്‍ക്കും താത്പ്പര്യമുണ്ടായിരുന്നെങ്കിലും പൊളിഞ്ഞുപോയി. വിഴിഞ്ഞം പദ്ധതിക്കെതിരെ ഇടതുപക്ഷം വലിയ പ്രക്ഷോഭം നടത്തി. മെല്ലെ ആണെങ്കിലും പദ്ധതി മുന്നോട്ടു പോകുന്നു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുന്നത് സംബ്ബന്ധിച്ച് ഇടതുപക്ഷം എതിര്‍ത്തെങ്കിലും അത് യാഥാര്‍ത്ഥ്യമായി.

 കെ-റയില്‍ തുടങ്ങിവച്ചാല്‍ സര്‍ക്കാര്‍ മാറിയാലും അത് നടപ്പിലാക്കേണ്ടിവരും. അതുകൊണ്ട് എതിര്‍പ്പുകള്‍ നിലനില്‍ക്കെത്തന്നെ പദ്ധതി തുടങ്ങുകയാണ് നല്ലത്. പാര്‍ട്ടിക്കാര്‍ക്കോ പണം നല്‍കുന്നവര്‍ക്കോ ഒക്കെയായി കുറേപേര്‍ക്ക് പണി കിട്ടും. സാധാരണക്കാര്‍ക്കും കുറേ തൊഴില്‍ കിട്ടും. ഇതിനൊപ്പം പലവിധ വ്യവസായങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കും അവസരമൊരുങ്ങും. പദ്ധതി നല്ലതാണോ കെട്ടതാണോ എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ നടക്കട്ടെ. പരിസ്ഥിതി നാശവും കടക്കെണിയുമൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കും. അതിനെ ആര്‍ക്കും തടയാന്‍ കഴിയില്ല😈

Thursday, 23 December 2021

Comments on the bill to raise marriage age of girls in India

 


 വിവാഹ പ്രായവും വിവാദവും

 പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ മുസ്ലിംലീഗ് എതിര്‍ത്തപ്പോള്‍ അത് സ്വാഭാവികം എന്നു തോന്നി. കാരണം വളരെ യാഥാസ്ഥിതികരായ ഒരു കൂട്ടര്‍ സാഹചര്യം കിട്ടിയാല്‍ കുട്ടികളെപോലും വിവാഹം കഴിച്ചയയ്ക്കും എന്നത് ഉറപ്പ്.ബാലവിവാഹം നിയമം മൂലം തടഞ്ഞിട്ടും തുടരുന്ന കുടുംബങ്ങള്‍ മലബാറിലുണ്ട് എന്നത് പരമമായ സത്യം. എന്നാല്‍ കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ അത് തികഞ്ഞ വോട്ടുബാങ്ക് രാഷ്ട്രീയമാണ് എന്നു മനസിലായി. ന്യൂനപക്ഷ പ്രീണനം എന്ന മതേതരത്വത്തിലാണല്ലൊ ആ പ്രസ്ഥാനത്തിന്റെ എന്നത്തേയും നിലനില്‍പ്പ്.

 എന്നാല്‍ പുരോഗമനാശയങ്ങളെ മുറുകെ പിടിച്ചു വന്നിരുന്ന, ശരീയത്ത് വിവാദമൊക്കെ ഉണ്ടാക്കി, ഭരണം കിട്ടാനുള്ള സാധ്യത പോലും വേണ്ടെന്നു വച്ച ഈഎംഎസുമൊക്കെ നേതൃത്വം നല്‍കിയ, നെഹ്‌റു പോലും ആരാധിച്ചിരുന്ന പാര്‍ലമെന്റേറിയന്‍ ഏകെജിയൊക്കെ ശരികള്‍ക്കായി വാദിച്ച സിപിഎമ്മും അതിലെ കടുത്ത സ്ത്രീപക്ഷവാദി എന്നു വിളിക്കപ്പെടുന്ന വൃന്ദാ കാരാട്ട്, ഷൈലജ ടീച്ചര്‍ ,സിപിഐയിലെ ആനി രാജ ഒക്കെ ഇതിനെ എതിര്‍ക്കുന്നത് കണ്ടപ്പോള്‍ അതിശയം തോന്നി. ഇപ്പോള്‍ സംഭവിക്കുന്നത് ചുരുക്കത്തില്‍ ഇങ്ങിനെയാണ്. എന്‍ഡിഎ എന്ത് നിയമം കൊണ്ടുവന്നാലും എതിര്‍ക്കുക, മുസ്ലിം വോട്ടിനു വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുക.

 ദ ഹിന്ദു തുടങ്ങിയ പത്രങ്ങളും ഇതേ പാതയിലാണല്ലൊ സഞ്ചരിക്കുന്നത്. നടപ്പാക്കുന്ന കാര്യം ചെറിയ തോതിലെങ്കിലും സമൂഹത്തില്‍ പോസിറ്റീവായ ചലനം ഉണ്ടാക്കും എന്ന് ബോധ്യമുണ്ടെങ്കിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇത് ഉപകരിക്കുമോ, പോഷകാഹാരം കിട്ടുമോ, തൊഴില്‍ കിട്ടുമോ, പീഢനം വര്‍ദ്ധിക്കുകയില്ലെ തുടങ്ങിയ ആശങ്കകളുടെ പ്രയാണമാണ്. യുപിഎ സര്‍ക്കാര്‍ യുണീക് ഐഡി കൊണ്ടുവന്നപ്പോള്‍ ഇത്തരത്തിലുള്ള കടുത്ത ആശങ്കകളായിരുന്നു ഹിന്ദു പത്രത്തിന്. കൈകൊണ്ടധ്വാനിക്കുന്നവന്റെ ബയോമെട്രിക് തെളിയില്ല, സാക്ഷരര്‍ അല്ലാത്തവരുടെ ബയോമെട്രിക് എടുക്കാന്‍ കഴിയില്ല എന്നൊക്കെ. ഇങ്ങിനെ ഏത് പുതിയ പദ്ധതിക്കും എതിരെ ശബ്ദിക്കുന്നവരെ കണ്‍സര്‍വേറ്റീവ് എന്നേ വിളിക്കാന്‍ കഴിയൂ.

 ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും പാവപ്പെട്ടവരൊഴികെ ഭൂരിപക്ഷവും പെണ്‍മക്കള്‍ പരമാവധി പഠിച്ച്, ജോലിയും കണ്ടെത്തിയ ശേഷമാണ് ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്. പെണ്‍കുട്ടികള്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന സാഹചര്യം നിലവില്‍ വന്നുകൊണ്ടിരിക്കുന്നു. ആണ്‍കുട്ടികള്‍ സന്തോഷത്തോടെ വീട്ടുജോലികളും കുട്ടികളുടെ കാര്യവും ഏറ്റെടുക്കുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നത് വിഡ്ഢിത്തമാണ്. ആ നിലയിലേക്ക് പാവപ്പെട്ട കുട്ടികളും എത്തണമെങ്കില്‍ മതാപിതാക്കളുടേയും ബന്ധുക്കളുടെയും വിവാഹം സംബ്ബന്ധിച്ച സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്തുവരണം. അതിന് നിയമവ്യവസ്ഥ  അവരെ തുണയ്ക്കണം. വിവഹം ജീവതത്തിലെ അവസാന പിടിവള്ളിയാണ് എന്ന ചിന്ത പെണ്‍കുട്ടികള്‍ക്കുണ്ടാവരുത്. വിവാഹം തുല്യതയുടെ അളവുകോലാകണം. അതിന് പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തരാകണം. അതിന് ആവശ്യം തൊഴിലാണ്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പഠനം പൂര്‍ണ്ണമായും സൗജന്യമാക്കുകയും ഒപ്പം സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുകയും തൊഴില്‍പരമായി ശാക്തീകരിക്കുകയുമൊക്കെയാണ് ഇനി സര്‍ക്കര്‍ ചെയ്യേണ്ടത്, അതൊക്കെ ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.

 നിലവില്‍ ചൈനയില്‍ വിവാഹ പ്രായം ആണ്‍കുട്ടിക്ക് 22-പെണ്‍കുട്ടിക്ക് 20 എന്നതാണ്. ഇന്തോനേഷ്യയിലും മലേഷ്യയിലും ഫിലിപ്പൈന്‍സിലും സിംഗപ്പൂരിലും ആണിനും പെണ്ണിനും 21 വയസാണ് നിശ്ചയിച്ചിരിക്കുന്നത്.ജപ്പാനിലും നേപ്പാളിലും തായ്‌ലന്റിലും ഇത് 20 വയസാണ്. എന്നാല്‍ പാകിസ്ഥാനില്‍ ആണ്‍കുട്ടിക്ക് 18 വയസും  പെണ്‍കുട്ടിക്ക് 16 വയസുമാണ്. മുസ്ലിം രാഷ്ട്രങ്ങളില്‍ പൊതുവെ വിവാഹപ്രായം കുറവാണ്. അത് മതവിശ്വാസം, ആചാരം ,തുടര്‍ന്നുവരുന്ന പാരമ്പര്യം, ലൈംഗികപരമായ തെറ്റിദ്ധാരണകള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകാം. ക്രിസ്ത്യന്‍ സമൂഹത്തില്‍ പൊതുവെ പെണ്‍കുട്ടികള്‍ 21 കഴിഞ്ഞാണ് വിവാഹിതരാകാറുള്ളത്. സ്വന്തമായി ഒരു തൊഴില്‍ എന്നതാണ് അവരുടെ മുന്‍ഗണന. എന്നാല്‍ ഈ നിയമത്തെ ശക്തമായി എതിര്‍ക്കേണ്ടത് ഹിന്ദു ഫണ്ടമെന്റലിസ്റ്റുകളാണ്. കാരണം ധര്‍മ്മശ്‌സ്ത്രം പറയുന്നത് പെണ്‍കുട്ടികളുടെ വിവാഹപ്രായം അവള്‍ ഋതുമതി ആകുന്ന ദിനമാണ് എന്നാണ്. അതായത് എട്ടു മുതല്‍ പതിനാല് വരെയുള്ള പ്രായം. എന്നാല്‍ ഹിന്ദു ഫണ്ടമെന്റലിസ്റ്റുകള്‍ ഈ നിയമത്തെ എതിര്‍ക്കുന്നതുമില്ല. അതിലുമുണ്ടാകും ഒരു രാഷ്ട്രീയം-ഇല്ലെ  😋