Thursday, 23 December 2021

Comments on the bill to raise marriage age of girls in India

 


 വിവാഹ പ്രായവും വിവാദവും

 പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ മുസ്ലിംലീഗ് എതിര്‍ത്തപ്പോള്‍ അത് സ്വാഭാവികം എന്നു തോന്നി. കാരണം വളരെ യാഥാസ്ഥിതികരായ ഒരു കൂട്ടര്‍ സാഹചര്യം കിട്ടിയാല്‍ കുട്ടികളെപോലും വിവാഹം കഴിച്ചയയ്ക്കും എന്നത് ഉറപ്പ്.ബാലവിവാഹം നിയമം മൂലം തടഞ്ഞിട്ടും തുടരുന്ന കുടുംബങ്ങള്‍ മലബാറിലുണ്ട് എന്നത് പരമമായ സത്യം. എന്നാല്‍ കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ അത് തികഞ്ഞ വോട്ടുബാങ്ക് രാഷ്ട്രീയമാണ് എന്നു മനസിലായി. ന്യൂനപക്ഷ പ്രീണനം എന്ന മതേതരത്വത്തിലാണല്ലൊ ആ പ്രസ്ഥാനത്തിന്റെ എന്നത്തേയും നിലനില്‍പ്പ്.

 എന്നാല്‍ പുരോഗമനാശയങ്ങളെ മുറുകെ പിടിച്ചു വന്നിരുന്ന, ശരീയത്ത് വിവാദമൊക്കെ ഉണ്ടാക്കി, ഭരണം കിട്ടാനുള്ള സാധ്യത പോലും വേണ്ടെന്നു വച്ച ഈഎംഎസുമൊക്കെ നേതൃത്വം നല്‍കിയ, നെഹ്‌റു പോലും ആരാധിച്ചിരുന്ന പാര്‍ലമെന്റേറിയന്‍ ഏകെജിയൊക്കെ ശരികള്‍ക്കായി വാദിച്ച സിപിഎമ്മും അതിലെ കടുത്ത സ്ത്രീപക്ഷവാദി എന്നു വിളിക്കപ്പെടുന്ന വൃന്ദാ കാരാട്ട്, ഷൈലജ ടീച്ചര്‍ ,സിപിഐയിലെ ആനി രാജ ഒക്കെ ഇതിനെ എതിര്‍ക്കുന്നത് കണ്ടപ്പോള്‍ അതിശയം തോന്നി. ഇപ്പോള്‍ സംഭവിക്കുന്നത് ചുരുക്കത്തില്‍ ഇങ്ങിനെയാണ്. എന്‍ഡിഎ എന്ത് നിയമം കൊണ്ടുവന്നാലും എതിര്‍ക്കുക, മുസ്ലിം വോട്ടിനു വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുക.

 ദ ഹിന്ദു തുടങ്ങിയ പത്രങ്ങളും ഇതേ പാതയിലാണല്ലൊ സഞ്ചരിക്കുന്നത്. നടപ്പാക്കുന്ന കാര്യം ചെറിയ തോതിലെങ്കിലും സമൂഹത്തില്‍ പോസിറ്റീവായ ചലനം ഉണ്ടാക്കും എന്ന് ബോധ്യമുണ്ടെങ്കിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇത് ഉപകരിക്കുമോ, പോഷകാഹാരം കിട്ടുമോ, തൊഴില്‍ കിട്ടുമോ, പീഢനം വര്‍ദ്ധിക്കുകയില്ലെ തുടങ്ങിയ ആശങ്കകളുടെ പ്രയാണമാണ്. യുപിഎ സര്‍ക്കാര്‍ യുണീക് ഐഡി കൊണ്ടുവന്നപ്പോള്‍ ഇത്തരത്തിലുള്ള കടുത്ത ആശങ്കകളായിരുന്നു ഹിന്ദു പത്രത്തിന്. കൈകൊണ്ടധ്വാനിക്കുന്നവന്റെ ബയോമെട്രിക് തെളിയില്ല, സാക്ഷരര്‍ അല്ലാത്തവരുടെ ബയോമെട്രിക് എടുക്കാന്‍ കഴിയില്ല എന്നൊക്കെ. ഇങ്ങിനെ ഏത് പുതിയ പദ്ധതിക്കും എതിരെ ശബ്ദിക്കുന്നവരെ കണ്‍സര്‍വേറ്റീവ് എന്നേ വിളിക്കാന്‍ കഴിയൂ.

 ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും പാവപ്പെട്ടവരൊഴികെ ഭൂരിപക്ഷവും പെണ്‍മക്കള്‍ പരമാവധി പഠിച്ച്, ജോലിയും കണ്ടെത്തിയ ശേഷമാണ് ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്. പെണ്‍കുട്ടികള്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന സാഹചര്യം നിലവില്‍ വന്നുകൊണ്ടിരിക്കുന്നു. ആണ്‍കുട്ടികള്‍ സന്തോഷത്തോടെ വീട്ടുജോലികളും കുട്ടികളുടെ കാര്യവും ഏറ്റെടുക്കുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നത് വിഡ്ഢിത്തമാണ്. ആ നിലയിലേക്ക് പാവപ്പെട്ട കുട്ടികളും എത്തണമെങ്കില്‍ മതാപിതാക്കളുടേയും ബന്ധുക്കളുടെയും വിവാഹം സംബ്ബന്ധിച്ച സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്തുവരണം. അതിന് നിയമവ്യവസ്ഥ  അവരെ തുണയ്ക്കണം. വിവഹം ജീവതത്തിലെ അവസാന പിടിവള്ളിയാണ് എന്ന ചിന്ത പെണ്‍കുട്ടികള്‍ക്കുണ്ടാവരുത്. വിവാഹം തുല്യതയുടെ അളവുകോലാകണം. അതിന് പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തരാകണം. അതിന് ആവശ്യം തൊഴിലാണ്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പഠനം പൂര്‍ണ്ണമായും സൗജന്യമാക്കുകയും ഒപ്പം സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുകയും തൊഴില്‍പരമായി ശാക്തീകരിക്കുകയുമൊക്കെയാണ് ഇനി സര്‍ക്കര്‍ ചെയ്യേണ്ടത്, അതൊക്കെ ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.

 നിലവില്‍ ചൈനയില്‍ വിവാഹ പ്രായം ആണ്‍കുട്ടിക്ക് 22-പെണ്‍കുട്ടിക്ക് 20 എന്നതാണ്. ഇന്തോനേഷ്യയിലും മലേഷ്യയിലും ഫിലിപ്പൈന്‍സിലും സിംഗപ്പൂരിലും ആണിനും പെണ്ണിനും 21 വയസാണ് നിശ്ചയിച്ചിരിക്കുന്നത്.ജപ്പാനിലും നേപ്പാളിലും തായ്‌ലന്റിലും ഇത് 20 വയസാണ്. എന്നാല്‍ പാകിസ്ഥാനില്‍ ആണ്‍കുട്ടിക്ക് 18 വയസും  പെണ്‍കുട്ടിക്ക് 16 വയസുമാണ്. മുസ്ലിം രാഷ്ട്രങ്ങളില്‍ പൊതുവെ വിവാഹപ്രായം കുറവാണ്. അത് മതവിശ്വാസം, ആചാരം ,തുടര്‍ന്നുവരുന്ന പാരമ്പര്യം, ലൈംഗികപരമായ തെറ്റിദ്ധാരണകള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകാം. ക്രിസ്ത്യന്‍ സമൂഹത്തില്‍ പൊതുവെ പെണ്‍കുട്ടികള്‍ 21 കഴിഞ്ഞാണ് വിവാഹിതരാകാറുള്ളത്. സ്വന്തമായി ഒരു തൊഴില്‍ എന്നതാണ് അവരുടെ മുന്‍ഗണന. എന്നാല്‍ ഈ നിയമത്തെ ശക്തമായി എതിര്‍ക്കേണ്ടത് ഹിന്ദു ഫണ്ടമെന്റലിസ്റ്റുകളാണ്. കാരണം ധര്‍മ്മശ്‌സ്ത്രം പറയുന്നത് പെണ്‍കുട്ടികളുടെ വിവാഹപ്രായം അവള്‍ ഋതുമതി ആകുന്ന ദിനമാണ് എന്നാണ്. അതായത് എട്ടു മുതല്‍ പതിനാല് വരെയുള്ള പ്രായം. എന്നാല്‍ ഹിന്ദു ഫണ്ടമെന്റലിസ്റ്റുകള്‍ ഈ നിയമത്തെ എതിര്‍ക്കുന്നതുമില്ല. അതിലുമുണ്ടാകും ഒരു രാഷ്ട്രീയം-ഇല്ലെ  😋

 

 

No comments:

Post a Comment