വികസന പ്രവര്‍ത്തനങ്ങളും വിവാദങ്ങളും
ജനാധിപത്യം എന്നാല്‍ ഭരണകക്ഷി പ്രവര്‍ത്തിക്കുകയും പ്രതിപക്ഷം എതിര്‍ക്കുകയും ചെയ്യുക എന്നതാണോ? പലപ്പോഴും കാര്യങ്ങള്‍ അത്തരത്തിലാണ്. അതുകൊണ്ടുതന്നെ എതിര്‍ക്കപ്പെടുന്നതില്‍ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനും കഴിയാതെ പോകുന്നു.
എക്‌സ്പ്രസ് ഹൈവേ പദ്ധതിയുമായി യുഡിഎഫ് വന്നപ്പോള്‍ കേരളത്തെ രണ്ടായി പകുത്ത് രണ്ട് സംസ്ഥാനങ്ങളാക്കി മാറ്റും എന്നു പറഞ്ഞ് ഇടതുപക്ഷം പ്രക്ഷോഭം നടത്തി, പദ്ധതി ഉപേക്ഷിച്ചു. ഇപ്പോള്‍ എല്‍ഡിഎഫ് കെ-റയില്‍ പദ്ധതി കൊണ്ടുവരുമ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ് യുഡിഎഫ്. പിണറായി, ഉമ്മന്‍ചാണ്ടിയെ പോലെ വിട്ടുവീഴ്ചകള്‍ക്ക് വിധേയനാകാത്തതിനാല്‍ പദ്ധതി നടപ്പാകാനാണ് സാധ്യത. ഗെയില്‍ പൈപ്പ് ലൈനിനെ എതിര്‍ത്തവരില്‍ പ്രാദേശിക സിപിഎം മുന്നിലായിരുന്നു. എന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നതോടെ പദ്ധതി നടപ്പിലായി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനെ ഇടതുപക്ഷ സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ത്തപ്പോള്‍ ഉമ്മന്‍ ചാണ്ടി പിന്മാറി, എന്നാല്‍ പ്രതിപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ മറികടന്ന് പിണറായി നടപ്പിലാക്കി.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പദ്ധതിക്കെതിരെ ഇടതുപക്ഷം വലിയ എതിര്‍പ്പുമായി വന്നു. കെ.കരുണാകരന്റെ മക്കളും സില്‍ബന്ധികളും കൂടി ആ പ്രദേശം മുഴുവന്‍ വാങ്ങി ഇട്ടിരിക്കയാണ്, റിയല്‍ എസ്‌റ്റേറ്റ് ് ലോബിയാണ് പിന്നില്‍ എന്നായിരുന്നു പ്രചരണം. തന്റെ ശവത്തിനു മേലെ വിമാനത്താവളം ഉയരൂ എന്നു പറഞ്ഞ സിപിഎം നേതാവ് പിന്നീടതിന്റെ അധികാര സ്ഥാനത്ത് ഇരിക്കുകയും ചെയ്തു. കോഴിക്കോടും കൊച്ചിയും മംഗലാപുരത്തും വിമാനത്താവളമുള്ളപ്പോള്‍ കണ്ണൂരെന്തിന് വിമാനത്താവളം എന്നതായിരുന്നു മറ്റൊരു ആശങ്ക. അവിടെയും മാറിമാറി പ്രതിപക്ഷങ്ങള്‍ എതിര്‍ത്തെങ്കിലും പദ്ധതി നടപ്പിലായി. കൊച്ചി മെട്രോ സംബ്ബന്ധിച്ചും ആശങ്കയ്ക്ക് പഞ്ഞമുണ്ടായില്ല. എങ്കിലും നടന്നു. സ്മാര്‍ട്ട് സിറ്റി രണ്ടു കൂട്ടര്‍ക്കും താത്പ്പര്യമുണ്ടായിരുന്നെങ്കിലും പൊളിഞ്ഞുപോയി. വിഴിഞ്ഞം പദ്ധതിക്കെതിരെ ഇടതുപക്ഷം വലിയ പ്രക്ഷോഭം നടത്തി. മെല്ലെ ആണെങ്കിലും പദ്ധതി മുന്നോട്ടു പോകുന്നു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുന്നത് സംബ്ബന്ധിച്ച് ഇടതുപക്ഷം എതിര്‍ത്തെങ്കിലും അത് യാഥാര്‍ത്ഥ്യമായി.
കെ-റയില്‍ തുടങ്ങിവച്ചാല്‍ സര്‍ക്കാര്‍ മാറിയാലും അത് നടപ്പിലാക്കേണ്ടിവരും. അതുകൊണ്ട് എതിര്‍പ്പുകള്‍ നിലനില്‍ക്കെത്തന്നെ പദ്ധതി തുടങ്ങുകയാണ് നല്ലത്. പാര്‍ട്ടിക്കാര്‍ക്കോ പണം നല്‍കുന്നവര്‍ക്കോ ഒക്കെയായി കുറേപേര്‍ക്ക് പണി കിട്ടും. സാധാരണക്കാര്‍ക്കും കുറേ തൊഴില്‍ കിട്ടും. ഇതിനൊപ്പം പലവിധ വ്യവസായങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കും അവസരമൊരുങ്ങും. പദ്ധതി നല്ലതാണോ കെട്ടതാണോ എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ നടക്കട്ടെ. പരിസ്ഥിതി നാശവും കടക്കെണിയുമൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കും. അതിനെ ആര്‍ക്കും തടയാന്‍ കഴിയില്ല😈
No comments:
Post a Comment