Saturday, 25 December 2021

Minnal Murali-Malayalam film - good movie

 


 മിന്നല്‍ മുരളി

 നെറ്റ്ഫ്‌ലിക്‌സില്‍ മിന്നല്‍ മുരളി കണ്ടു. സംവിധായകന്‍ ബേസില്‍ ജോസഫും കൂട്ടരും അഭിനന്ദനം അര്‍ഹിക്കുന്നു. ഒരു കൊമേഴ്‌സ്യല്‍ സിനിമയില്‍ കാണുന്ന എല്ലാ മസാലകളും ചേര്‍ത്ത ചിത്രത്തില്‍ സൂപ്പര്‍ ഹീറോയേയും സൂപ്പര്‍ വില്ലനേയും മനോഹരമായി വിളക്കി ചേര്‍ത്തിരിക്കുന്നു. ഹോളിവുഡ് ചിത്രങ്ങള്‍ നല്‍കാത്ത ഒന്നാണിത്. തികച്ചും സാധാരണമായ ഒരു ഗ്രാമാന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. സാധാരണ മനുഷ്യരാണ് കഥാപാത്രങ്ങള്‍. ഒരു മിന്നല്‍ ദിനത്തിലാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. അതോടെ കളിതമാശകള്‍ മാറി കഥ ചൂട് പിടിക്കുന്നു. കാഴ്ചക്കാരും അതിനൊപ്പം നീങ്ങുന്നു. നല്ല സാങ്കേതിക തികവും മികച്ച ഛായാഗ്രഹണവും ചിത്രസംയോജനവും ഇഫക്ടും അഭിനയവും ചിത്രത്തിന്റെ മാറ്റു കൂട്ടുന്നു. ഒതുക്കമുള്ള തിരക്കഥയാണ് സിനിമയുടെ മറ്റൊരു ശക്തി.

 ഗുരു സോമസുന്ദരവും ടൊവിനോയും മികച്ച അഭിനയ നിലവാരം പുലര്‍ത്തി. അരുണ്‍ അനിരുദ്ധനും ജസ്റ്റിന്‍ മാത്യുവും ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സമിര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചു. എഡിറ്റിംഗ് നടത്തിയത് ലിവിംഗസ്റ്റനാണ്.

Friday, 24 December 2021

Developmental programmes and controversies - latest is K-Rail

 


 വികസന പ്രവര്‍ത്തനങ്ങളും വിവാദങ്ങളും

 ജനാധിപത്യം എന്നാല്‍ ഭരണകക്ഷി പ്രവര്‍ത്തിക്കുകയും പ്രതിപക്ഷം എതിര്‍ക്കുകയും ചെയ്യുക എന്നതാണോ? പലപ്പോഴും കാര്യങ്ങള്‍ അത്തരത്തിലാണ്. അതുകൊണ്ടുതന്നെ എതിര്‍ക്കപ്പെടുന്നതില്‍ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനും കഴിയാതെ പോകുന്നു.

 എക്‌സ്പ്രസ് ഹൈവേ പദ്ധതിയുമായി യുഡിഎഫ് വന്നപ്പോള്‍ കേരളത്തെ രണ്ടായി പകുത്ത് രണ്ട് സംസ്ഥാനങ്ങളാക്കി മാറ്റും എന്നു പറഞ്ഞ് ഇടതുപക്ഷം പ്രക്ഷോഭം നടത്തി, പദ്ധതി ഉപേക്ഷിച്ചു. ഇപ്പോള്‍ എല്‍ഡിഎഫ് കെ-റയില്‍ പദ്ധതി കൊണ്ടുവരുമ്പോള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുകയാണ് യുഡിഎഫ്. പിണറായി, ഉമ്മന്‍ചാണ്ടിയെ പോലെ വിട്ടുവീഴ്ചകള്‍ക്ക് വിധേയനാകാത്തതിനാല്‍ പദ്ധതി നടപ്പാകാനാണ് സാധ്യത. ഗെയില്‍ പൈപ്പ് ലൈനിനെ എതിര്‍ത്തവരില്‍ പ്രാദേശിക സിപിഎം മുന്നിലായിരുന്നു. എന്നാല്‍ ഇടതുപക്ഷം അധികാരത്തില്‍  വന്നതോടെ പദ്ധതി നടപ്പിലായി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിനെ ഇടതുപക്ഷ സംഘടനകള്‍ ഉള്‍പ്പെടെ എതിര്‍ത്തപ്പോള്‍ ഉമ്മന്‍ ചാണ്ടി പിന്മാറി, എന്നാല്‍ പ്രതിപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ മറികടന്ന് പിണറായി നടപ്പിലാക്കി.

  കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പദ്ധതിക്കെതിരെ ഇടതുപക്ഷം വലിയ എതിര്‍പ്പുമായി വന്നു. കെ.കരുണാകരന്റെ മക്കളും സില്‍ബന്ധികളും കൂടി ആ പ്രദേശം മുഴുവന്‍ വാങ്ങി ഇട്ടിരിക്കയാണ്, റിയല്‍ എസ്‌റ്റേറ്റ് ് ലോബിയാണ് പിന്നില്‍ എന്നായിരുന്നു പ്രചരണം. തന്റെ ശവത്തിനു മേലെ വിമാനത്താവളം ഉയരൂ എന്നു പറഞ്ഞ സിപിഎം നേതാവ് പിന്നീടതിന്റെ അധികാര സ്ഥാനത്ത് ഇരിക്കുകയും ചെയ്തു. കോഴിക്കോടും കൊച്ചിയും മംഗലാപുരത്തും വിമാനത്താവളമുള്ളപ്പോള്‍ കണ്ണൂരെന്തിന് വിമാനത്താവളം എന്നതായിരുന്നു മറ്റൊരു ആശങ്ക. അവിടെയും മാറിമാറി പ്രതിപക്ഷങ്ങള്‍ എതിര്‍ത്തെങ്കിലും പദ്ധതി നടപ്പിലായി. കൊച്ചി മെട്രോ സംബ്ബന്ധിച്ചും ആശങ്കയ്ക്ക് പഞ്ഞമുണ്ടായില്ല. എങ്കിലും നടന്നു. സ്മാര്‍ട്ട് സിറ്റി രണ്ടു കൂട്ടര്‍ക്കും താത്പ്പര്യമുണ്ടായിരുന്നെങ്കിലും പൊളിഞ്ഞുപോയി. വിഴിഞ്ഞം പദ്ധതിക്കെതിരെ ഇടതുപക്ഷം വലിയ പ്രക്ഷോഭം നടത്തി. മെല്ലെ ആണെങ്കിലും പദ്ധതി മുന്നോട്ടു പോകുന്നു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് നല്‍കുന്നത് സംബ്ബന്ധിച്ച് ഇടതുപക്ഷം എതിര്‍ത്തെങ്കിലും അത് യാഥാര്‍ത്ഥ്യമായി.

 കെ-റയില്‍ തുടങ്ങിവച്ചാല്‍ സര്‍ക്കാര്‍ മാറിയാലും അത് നടപ്പിലാക്കേണ്ടിവരും. അതുകൊണ്ട് എതിര്‍പ്പുകള്‍ നിലനില്‍ക്കെത്തന്നെ പദ്ധതി തുടങ്ങുകയാണ് നല്ലത്. പാര്‍ട്ടിക്കാര്‍ക്കോ പണം നല്‍കുന്നവര്‍ക്കോ ഒക്കെയായി കുറേപേര്‍ക്ക് പണി കിട്ടും. സാധാരണക്കാര്‍ക്കും കുറേ തൊഴില്‍ കിട്ടും. ഇതിനൊപ്പം പലവിധ വ്യവസായങ്ങള്‍ക്കും വ്യാപാരങ്ങള്‍ക്കും അവസരമൊരുങ്ങും. പദ്ധതി നല്ലതാണോ കെട്ടതാണോ എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും എന്തെങ്കിലുമൊക്കെ നടക്കട്ടെ. പരിസ്ഥിതി നാശവും കടക്കെണിയുമൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംഭവിച്ചുകൊണ്ടിരിക്കും. അതിനെ ആര്‍ക്കും തടയാന്‍ കഴിയില്ല😈

Thursday, 23 December 2021

Comments on the bill to raise marriage age of girls in India

 


 വിവാഹ പ്രായവും വിവാദവും

 പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ മുസ്ലിംലീഗ് എതിര്‍ത്തപ്പോള്‍ അത് സ്വാഭാവികം എന്നു തോന്നി. കാരണം വളരെ യാഥാസ്ഥിതികരായ ഒരു കൂട്ടര്‍ സാഹചര്യം കിട്ടിയാല്‍ കുട്ടികളെപോലും വിവാഹം കഴിച്ചയയ്ക്കും എന്നത് ഉറപ്പ്.ബാലവിവാഹം നിയമം മൂലം തടഞ്ഞിട്ടും തുടരുന്ന കുടുംബങ്ങള്‍ മലബാറിലുണ്ട് എന്നത് പരമമായ സത്യം. എന്നാല്‍ കോണ്‍ഗ്രസ് എതിര്‍ത്തപ്പോള്‍ അത് തികഞ്ഞ വോട്ടുബാങ്ക് രാഷ്ട്രീയമാണ് എന്നു മനസിലായി. ന്യൂനപക്ഷ പ്രീണനം എന്ന മതേതരത്വത്തിലാണല്ലൊ ആ പ്രസ്ഥാനത്തിന്റെ എന്നത്തേയും നിലനില്‍പ്പ്.

 എന്നാല്‍ പുരോഗമനാശയങ്ങളെ മുറുകെ പിടിച്ചു വന്നിരുന്ന, ശരീയത്ത് വിവാദമൊക്കെ ഉണ്ടാക്കി, ഭരണം കിട്ടാനുള്ള സാധ്യത പോലും വേണ്ടെന്നു വച്ച ഈഎംഎസുമൊക്കെ നേതൃത്വം നല്‍കിയ, നെഹ്‌റു പോലും ആരാധിച്ചിരുന്ന പാര്‍ലമെന്റേറിയന്‍ ഏകെജിയൊക്കെ ശരികള്‍ക്കായി വാദിച്ച സിപിഎമ്മും അതിലെ കടുത്ത സ്ത്രീപക്ഷവാദി എന്നു വിളിക്കപ്പെടുന്ന വൃന്ദാ കാരാട്ട്, ഷൈലജ ടീച്ചര്‍ ,സിപിഐയിലെ ആനി രാജ ഒക്കെ ഇതിനെ എതിര്‍ക്കുന്നത് കണ്ടപ്പോള്‍ അതിശയം തോന്നി. ഇപ്പോള്‍ സംഭവിക്കുന്നത് ചുരുക്കത്തില്‍ ഇങ്ങിനെയാണ്. എന്‍ഡിഎ എന്ത് നിയമം കൊണ്ടുവന്നാലും എതിര്‍ക്കുക, മുസ്ലിം വോട്ടിനു വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുക.

 ദ ഹിന്ദു തുടങ്ങിയ പത്രങ്ങളും ഇതേ പാതയിലാണല്ലൊ സഞ്ചരിക്കുന്നത്. നടപ്പാക്കുന്ന കാര്യം ചെറിയ തോതിലെങ്കിലും സമൂഹത്തില്‍ പോസിറ്റീവായ ചലനം ഉണ്ടാക്കും എന്ന് ബോധ്യമുണ്ടെങ്കിലും സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇത് ഉപകരിക്കുമോ, പോഷകാഹാരം കിട്ടുമോ, തൊഴില്‍ കിട്ടുമോ, പീഢനം വര്‍ദ്ധിക്കുകയില്ലെ തുടങ്ങിയ ആശങ്കകളുടെ പ്രയാണമാണ്. യുപിഎ സര്‍ക്കാര്‍ യുണീക് ഐഡി കൊണ്ടുവന്നപ്പോള്‍ ഇത്തരത്തിലുള്ള കടുത്ത ആശങ്കകളായിരുന്നു ഹിന്ദു പത്രത്തിന്. കൈകൊണ്ടധ്വാനിക്കുന്നവന്റെ ബയോമെട്രിക് തെളിയില്ല, സാക്ഷരര്‍ അല്ലാത്തവരുടെ ബയോമെട്രിക് എടുക്കാന്‍ കഴിയില്ല എന്നൊക്കെ. ഇങ്ങിനെ ഏത് പുതിയ പദ്ധതിക്കും എതിരെ ശബ്ദിക്കുന്നവരെ കണ്‍സര്‍വേറ്റീവ് എന്നേ വിളിക്കാന്‍ കഴിയൂ.

 ഇന്ത്യന്‍ സമൂഹത്തില്‍ ഏറ്റവും പാവപ്പെട്ടവരൊഴികെ ഭൂരിപക്ഷവും പെണ്‍മക്കള്‍ പരമാവധി പഠിച്ച്, ജോലിയും കണ്ടെത്തിയ ശേഷമാണ് ഇപ്പോള്‍ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്. പെണ്‍കുട്ടികള്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന സാഹചര്യം നിലവില്‍ വന്നുകൊണ്ടിരിക്കുന്നു. ആണ്‍കുട്ടികള്‍ സന്തോഷത്തോടെ വീട്ടുജോലികളും കുട്ടികളുടെ കാര്യവും ഏറ്റെടുക്കുന്നു. ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നത് വിഡ്ഢിത്തമാണ്. ആ നിലയിലേക്ക് പാവപ്പെട്ട കുട്ടികളും എത്തണമെങ്കില്‍ മതാപിതാക്കളുടേയും ബന്ധുക്കളുടെയും വിവാഹം സംബ്ബന്ധിച്ച സമ്മര്‍ദ്ദത്തില്‍ നിന്നും പുറത്തുവരണം. അതിന് നിയമവ്യവസ്ഥ  അവരെ തുണയ്ക്കണം. വിവഹം ജീവതത്തിലെ അവസാന പിടിവള്ളിയാണ് എന്ന ചിന്ത പെണ്‍കുട്ടികള്‍ക്കുണ്ടാവരുത്. വിവാഹം തുല്യതയുടെ അളവുകോലാകണം. അതിന് പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തരാകണം. അതിന് ആവശ്യം തൊഴിലാണ്. പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് പഠനം പൂര്‍ണ്ണമായും സൗജന്യമാക്കുകയും ഒപ്പം സ്‌കോളര്‍ഷിപ്പുകള്‍ അനുവദിക്കുകയും തൊഴില്‍പരമായി ശാക്തീകരിക്കുകയുമൊക്കെയാണ് ഇനി സര്‍ക്കര്‍ ചെയ്യേണ്ടത്, അതൊക്കെ ഉണ്ടാകും എന്നു പ്രതീക്ഷിക്കാം.

 നിലവില്‍ ചൈനയില്‍ വിവാഹ പ്രായം ആണ്‍കുട്ടിക്ക് 22-പെണ്‍കുട്ടിക്ക് 20 എന്നതാണ്. ഇന്തോനേഷ്യയിലും മലേഷ്യയിലും ഫിലിപ്പൈന്‍സിലും സിംഗപ്പൂരിലും ആണിനും പെണ്ണിനും 21 വയസാണ് നിശ്ചയിച്ചിരിക്കുന്നത്.ജപ്പാനിലും നേപ്പാളിലും തായ്‌ലന്റിലും ഇത് 20 വയസാണ്. എന്നാല്‍ പാകിസ്ഥാനില്‍ ആണ്‍കുട്ടിക്ക് 18 വയസും  പെണ്‍കുട്ടിക്ക് 16 വയസുമാണ്. മുസ്ലിം രാഷ്ട്രങ്ങളില്‍ പൊതുവെ വിവാഹപ്രായം കുറവാണ്. അത് മതവിശ്വാസം, ആചാരം ,തുടര്‍ന്നുവരുന്ന പാരമ്പര്യം, ലൈംഗികപരമായ തെറ്റിദ്ധാരണകള്‍ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകാം. ക്രിസ്ത്യന്‍ സമൂഹത്തില്‍ പൊതുവെ പെണ്‍കുട്ടികള്‍ 21 കഴിഞ്ഞാണ് വിവാഹിതരാകാറുള്ളത്. സ്വന്തമായി ഒരു തൊഴില്‍ എന്നതാണ് അവരുടെ മുന്‍ഗണന. എന്നാല്‍ ഈ നിയമത്തെ ശക്തമായി എതിര്‍ക്കേണ്ടത് ഹിന്ദു ഫണ്ടമെന്റലിസ്റ്റുകളാണ്. കാരണം ധര്‍മ്മശ്‌സ്ത്രം പറയുന്നത് പെണ്‍കുട്ടികളുടെ വിവാഹപ്രായം അവള്‍ ഋതുമതി ആകുന്ന ദിനമാണ് എന്നാണ്. അതായത് എട്ടു മുതല്‍ പതിനാല് വരെയുള്ള പ്രായം. എന്നാല്‍ ഹിന്ദു ഫണ്ടമെന്റലിസ്റ്റുകള്‍ ഈ നിയമത്തെ എതിര്‍ക്കുന്നതുമില്ല. അതിലുമുണ്ടാകും ഒരു രാഷ്ട്രീയം-ഇല്ലെ  😋

 

 

Tuesday, 21 December 2021

Review on Aana Doctor- a book written by Jayamohan on Dr.V.Krishnamoorthy

 

ആനഡോക്ടര്‍

 മലയാളത്തിലെയും തമിഴിലേയും പ്രശസ്ത എഴുത്തുകാരനായ ജയമോഹന്‍ എഴുതിയ ആനഡോക്ടര്‍ എന്ന പുസ്തകം ഈയിടെയാണ് വായിച്ചത്. നോവല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെങ്കിലും ഒരനുഭവ പാഠം എന്നിതിനെ വിളിക്കാം. ആന ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോക്ടര്‍ വി.കൃഷ്ണമൂര്‍ത്തിയുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് ഇതില്‍ പറയുന്നത്. ഗവിയിലെ മുന്‍ വന ഉദ്യോഗസ്ഥനായ ബഷീറാണ് ജയമോഹന് ഡോക്ടറെകുറിച്ച് അറിവ് നല്‍കുന്നത്. തമിഴകത്തിലെ പ്രധാന മൃഗഡോക്ടറും വനസംരക്ഷകനുമായിരുന്നു ഡോക്ടര്‍ കെ. 2002 ഡിസംബര്‍ 9 ന് എഴുപത്തിമൂന്നാം വയസില്‍  മരിക്കുമ്പോഴും ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കപ്പുറം കെ അറിയപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ജയമോഹന്‍ കോപ്പിറൈറ്റ് ഇല്ലാതെ ഈ പുസ്തകം പ്രസിദ്ധീകരിച്ചതും. തമിഴ്‌നാട്ടില്‍ മുപ്പതോളം പ്രസിദ്ധീകരണങ്ങളും വ്യക്തികളും ഈ ഓര്‍മ്മപുസ്തകം അച്ചടിച്ചു പ്രചരിപ്പിച്ചു. സ്‌കൂളുകളില്‍ പഠനത്തിന്‍റെ   ഭാഗമായി . ഇപ്പോള്‍ കൊല്ലം തോറും അദ്ദേഹത്തെ ആളുകള്‍ ചടങ്ങു നടത്തി സ്മരിക്കുന്നു.

 നാട്ടിലായാലും കാട്ടിലായാലും ആനകള്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും കെ അവിടെ എത്തുമായിരുന്നു. പുറമെ കാട്ടിലെ എല്ലാ ജീവികളുടെയും ചികിത്സയും ഏറ്റെടുത്തിരുന്നു. പഴുത്തളിഞ്ഞ ശരീരഭാഗങ്ങള്‍ നീക്കി സര്‍ജറി ചെയ്യാനും ചീഞ്ഞഴുകിയ ജീവികളെ പോസ്റ്റുമോര്‍ട്ടം ചെയ്യാനും കെ മുന്‍കൈ എടുത്തു.കാടറിവുകളും കാടിന്‍റെ നന്മയുമാണ് പുസ്തകം നമുക്ക് പറഞ്ഞുതരുന്നത്. ഒപ്പം വലിയ വായനയും തത്വചിന്തയും ഉള്ള കര്‍മ്മനിരതനായ ഒരു മഹാന്‍റെ സാന്നിധ്യവും. ഡോക്ടര്‍ കെ ആയിരത്തിലേറെ ആനകളെ സര്‍ജറി ചെയ്ത ആളാണ്. മുന്നൂറോളം പ്രസവവും അത്രയും തന്നെ പോസ്റ്റുമോര്‍ട്ടവും നടത്തിയിട്ടുണ്ട്. കാട്ടുമൃഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം നിര്‍ബ്ബന്ധമാക്കിയതും കെയുടെ പരിശ്രമം കൊണ്ടുതന്നെ. കാട്ടില്‍ ആളുകള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിലെ ഭക്ഷണാവശിഷ്ടങ്ങളിലെ ഉപ്പ് കഴിക്കാനായി ആന പ്ലാസ്റ്റിക് തിന്ന് മരിക്കുന്നതൊക്കെ അദ്ദേഹമാണ് കണ്ടെത്തിയത്.

 വേദനയെ കുറിച്ച് ഡോക്ടര്‍ ഇങ്ങിനെ പറയുന്നു,' വേദനകളെ ശ്രദ്ധിക്കുന്നതുപോലെ ധ്യാനം മറ്റൊന്നില്ല. നമ്മളാരാണ്,നമ്മുടെ ബുദ്ധി,മനസ് എന്നൊക്കെ പറയുന്നത് സത്യത്തില്‍ എന്താണ്, എല്ലാം നാം അറിയും. വേദന എന്നാല്‍ എന്ത്?  പതിവുള്ള രീതിയില്‍ നിന്നും ദേഹം തെല്ല് മാറുന്നു. അത്ര തന്നെ. വീണ്ടും പതിവിലേക്ക് മടങ്ങണം എന്ന് നമ്മുടെ മനസ് കിടന്നു പിടയുന്നു. അതാണ് ശരിക്കുള്ള വേദന.വേദനയെ ശ്രദ്ധിച്ചു തുടങ്ങിയാല്‍ തന്നെ പകുതി യാതന ഇല്ലാതാകും. എന്നാല്‍ മരണത്തേക്കാള്‍ ക്രൂരമായ വേദനകള്‍ ഉണ്ട്, മനുഷ്യന്‍ വെറും കീടമാണ് എന്നു കാട്ടിത്തരുന്നവ.


മനുഷ്യന്‍റെ അല്‍പ്പത്വം കാണണമെങ്കില്‍ കാട്ടില്‍ കഴിയണം. കാട്ടില്‍ വിനോദയാത്രയായി വരുന്നവര്‍ മിക്കവാറും വിദ്യാഭ്യാസമുള്ളവര്‍. വലിയ പദവിയിലുള്ളവര്‍.നാട്ടില്‍ നിന്നുതന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവുമായിട്ടാണ് എത്താറ്. വരുന്ന വഴി മുഴുവന്‍ തീറ്റയും കുടിയുമാണ്. നിര്‍ത്തി നിര്‍ത്തി ഛര്‍ദ്ദിച്ചുകൊണ്ട് കുഴഞ്ഞാടി, തെറി പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വരവ്. നിശബ്ദത നിറഞ്ഞ കാടിന്‍റെ  മടക്കുകളില്‍ മുഴുവന്‍ ഹോണടിച്ച് മാറ്റൊലി നിറയ്ക്കും. അത്യുച്ചത്തില്‍ കാറിന്‍റെ  സ്ററ്റീരിയോ ശബ്ദിക്കാന്‍ വിട്ട് ചാടിച്ചാടി നൃത്തം കളിക്കും. തലക്കു മുകളില്‍ അനുഗ്രഹിക്കാന്‍ പൊന്തി നില്‍ക്കുന്ന മലമുടികളെ നോക്കി പുലഭ്യം വിളിച്ചുപറയും. ഓരോ കാട്ടുമൃഗത്തെയും അപമാനിക്കും. പാതയോരത്ത് കുത്തിയിരിക്കുന്ന കുരങ്ങുകള്‍ക്ക് പഴങ്ങള്‍ക്കുള്ളില്‍ ഉപ്പോ മുളക്‌പൊടിയോ വച്ചുകൊടുക്കും. ദാഹിച്ച് അടുക്കുന്നവയ്ക്ക് മദ്യം ഒഴിച്ചുകൊടുക്കും. മാനുകളെ കല്ലെടുത്തെറിയും.ആനയെകണ്ടാല്‍ ഹോണടിച്ച് നിലവിളിച്ച് ഓടിക്കും.

എനിക്ക് ഒട്ടും മനസിലാവാത്തത് മലയാളികളുടെ പ്രവര്‍ത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവും ഉള്ളവര്‍. പക്ഷെ, കാട്ടിലെത്തിയാല്‍ തനി ചെറ്റകളാണ്. കേരള സംസ്‌ക്കാരത്തിനുതന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധമുണ്ട് എന്നു തോന്നും. കാട് എന്ന വാക്കുതന്നെ മലയാളത്തില്‍ നന്മയ്ക്ക് എതിരായ പൊരുളിലാണ്  പ്രയോഗിക്കാറ്. കാടുപിടിച്ചു കിടക്കുക,കാടുകയറുക,കാടന്‍,കാടത്തം എന്നൊക്കെ മലയാളികള്‍ പറയുമ്പോഴാണ് അവരുടെ പ്രവൃത്തിയെ ഞാന്‍ മനസിലാക്കി തുടങ്ങിയത്.

ഏറ്റവും നീചമായ പ്രവൃത്തി ഒഴിഞ്ഞ ബീര്‍കുപ്പി കാടിനുള്ളിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിക്കലാണ്. ആനയ്ക്ക് ഏറ്റവും മാരകമാണ് മദ്യക്കുപ്പിയുടെ ചില്ല്.  ആനയുടെ കാലിന്‍റെ അടിവശം ഒരു മണല്‍ചാക്കുപോലെയാണ്. അതുകൊണ്ടാണ് ആന പാറയിലും മറ്റും പൊത്തിപ്പിടിച്ച് കയറുന്നത്. ബീര്‍കുപ്പികളുടെ അടിവശം ഭാരം കൂടിയതായതിനാല്‍ പൊട്ടിയഭാഗം മുകളിലേക്ക് നില്‍ക്കുന്ന വിധമാകും കാട്ടില്‍ കിടക്കുക. ആന തന്‍റെ വലിയ ഭാരത്തോടെ കാലെടുത്ത് അതിന്‍റെ മീതെ വച്ചാല്‍ ചില്ല് നേരെ ഉള്ളിലേക്ക് കയറും. ആനയ്ക്ക മൂന്നുകാലില്‍ നടക്കാന്‍ കഴിയില്ല. രണ്ടുമൂന്ന് തവണ ഞൊണ്ടിയിട്ട് അത് കാലൂന്നുമ്പോള്‍ ചില്ല് നന്നായി ഉള്ളിലേക്ക് കയറും. പിന്നെ അതിന് നടക്കാനാവില്ല. ഒരാഴ്ച കൊണ്ട് വ്രണം പഴുത്ത് അകത്തേക്ക് കയറും. ഒപ്പം പുഴുക്കളും.ചോരക്കുഴലുകളില്‍ പോലും പുഴുക്കള്‍ കയറിപറ്റും. പിന്നെ ജീവിക്കുക സാധ്യമല്ല. പഴുത്ത കാലുമായി കാട്ടില്‍ അലഞ്ഞുനടക്കും.ഭക്ഷണമില്ലാതെ മെലിഞ്ഞ് ഏതെങ്കിലും മരത്തില്‍ ചാരി നില്‍ക്കും. ഒരു ദിവസം ശരാശരി മുപ്പത് ലിറ്റര്‍ വെള്ളം കുടിച്ച്, ഇരുനൂറ് കിലോ ഭക്ഷണം കഴിച്ച്, അന്‍പത് കിലോമീറ്റര്‍ യാത്ര ചെയ്തിരുന്ന ആനയാണ് ക്രമേണ അസ്ഥികൂടമായി മാറുക. എല്ലുകള്‍ പൊന്തിയും കവിളുകള്‍ ഉന്തിയും കണ്ണുകളില്‍ അഴുക്ക് നിറഞ്ഞും ഉണങ്ങിയ തുമ്പിക്കൈ ചലനരഹിതമായും അത് താഴേക്ക് പതിക്കും. വായയും തുമ്പിക്കൈയും  മണ്ണില്‍ കിടന്നിഴയും. മറ്റ് ആനകള്‍ ചുറ്റും കൂടിനിന്ന് ചിന്നം വിളിക്കുമ്പോഴാണ് ഈ മരണം മറ്റുള്ളവര്‍ അറിയുക. തോലിന് നല്ല കട്ടിയുള്ളതിനാല്‍ ജഡം മെല്ലെ മാത്രമെ ചീയുകയുള്ളു. ആദ്യം ചെന്നായകള്‍ കടിച്ചു മുറിക്കും.മനുഷ്യനേക്കാള്‍ നൂറ്റി എഴുപതിരട്ടി ന്യൂറോണുകളുള്ള തലച്ചോറ് ചെന്നായ്ക്കള്‍ ഭക്ഷണമാക്കും. പിന്നീട് കഴുകന്മാര്‍ വരും,തുടര്‍ന്ന് പുഴുക്കളും. ഒടുവില്‍ കാടിന്റെ രാജാവ് വെറും എല്ലുകളായി അവശേഷിക്കും.

ഇത്തരത്തില്‍ അനേകം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ചെറുതും സവിശേഷവുമായ പുസ്തകമാണ് ആന ഡോക്ടര്‍

കണ്ണൂര്‍ കൈരളി ബുക്സ് 2017 ജൂലൈയില്‍ പ്രസിദ്ധീകരിച്ച ബുക്കിന് 80 രൂപയാണ് വില

Monday, 20 December 2021

Comments on N.Prabhakaran's Novellas

 


 എന്‍.പ്രഭാകരന്റെ നോവെല്ലകള്‍

 എന്റെ സുഹൃത്ത് സതീഷ് തോപ്രത്തിന്റെ സംഭാഷണത്തില്‍ എപ്പോഴും വരാറുള്ള പേരാണ് എന്‍.പ്രഭാകരനും അദ്ദേഹത്തിന്റെ രചനകളും. ഞാന്‍ അവ വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. എനിക്ക് ലഭിച്ചിട്ടുള്ള ഓര്‍മ്മ അത്തരത്തിലുള്ളതാണ്. വായിച്ച കാര്യങ്ങളും കണ്ട കാര്യങ്ങളും ഒരു നല്ല പങ്കും അധികം വൈകാതെ മറന്നു പോകും. ചിലപ്പോള്‍ അതൊരനുഗ്രഹമാണ്. എന്നാല്‍ ചിലപ്പോള്‍ അങ്ങിനെ അല്ല താനും. ഏതായാലും ഇത്തവണ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ കയറിയപ്പോള്‍ എന്‍.പ്രഭാകരന്റെ നോവെല്ലകള്‍ കൈയ്യില്‍ തടഞ്ഞു. വായനയ്ക്കായി തെരഞ്ഞെടുക്കുകയും ചെയ്തു. ഏതായാലും ആ തീരുമാനം നന്നായി.

 നോവല്ലകളില്‍ ഏറ്റവും ശ്രദ്ധേയം 'ഏഴിനും മീതെ' ആണ്. നോവലിസ്റ്റ് പറയുന്നുണ്ട് ,വളരെ വികസിപ്പിക്കേണ്ട ഒരു പ്രമേയമാണ്, അതെന്നെങ്കിലും നടക്കും എന്ന മോഹമാണ് മനസിലെന്ന്. മന്ദപ്പന്‍ എന്ന തടിമിടുക്കുള്ള ചെറുപ്പക്കാരന്‍ കുടകറ് മല കയറി അവിടെ മിടുക്കനായ കര്‍ഷകനാകുന്നതും അസൂയാലുക്കളുമായി പോരാടുന്നതും ചതിയില്‍ പെടുന്നതും ഒടുവില്‍ കതിവനൂര്‍ വീരനെന്ന് പുകള്‍പെടുന്നതുമാണ് കഥ. കണ്ണൂരിന്റെ ഭാഷയും സംസ്‌കൃതിയും കുടകറ് മലയുടെ ഭൂപ്രകൃതിയും മനുഷ്യനും സത്യവും മിഥ്യയും ഫാന്റസിയും ഇടകലരുന്ന രചനയാണിത്. ചെറുപ്പകാലത്ത് ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന യു.എ.ഖാദറിന്റെ നോവലുകളിലൂടെയാണ് വടക്കേ മലബാറിനെ അടുത്തറിഞ്ഞിരുന്നത്. ആ ഓര്‍മ്മ മടങ്ങി വന്നു ഈ കഥ വായിച്ചപ്പോള്‍

 കണ്ണൂര്‍ പൊളിറ്റിക്‌സ് എന്നും എന്റെ പഠനത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അദൃശ്യവനങ്ങളും ആസ്വദിക്കാന്‍ കഴിഞ്ഞു. അതിലെ ശക്തമായ കഥാപാത്രം തന്നെയാണ് കൃഷ്ണ. കഥാകൃത്തിന്റെ രാഷ്ട്രീയമാണ് കൃഷ്ണ പറയുന്നത്. കേരളത്തെ ഭരിക്കുന്ന പുത്തന്‍ കൂറ്റുകാരായ വസ്തു ഇടനിലക്കാരെ കുറിച്ച് ഏറ്റവും മനോഹരമായ രചനയാണ് ഭൂതഭൂമി. തുടക്കം മുതല്‍ ഒടുക്കം വരെ കറുത്ത ഫലിതങ്ങള്‍ നിറഞ്ഞ കഥ. കാട്ടാടിലെ ജോര്‍ജ്ജൂട്ടിയും പാപ്പച്ചനുമൊക്കെ കുടിയേറ്റക്കാരുടെ മനോഹര ചിത്രമാണ് നല്‍കുന്നത്. ജന്തുജനവും കുടിയേറ്റ കഥയാണ് പറയുന്നതെങ്കിലും അതില്‍ ജന്തുക്കളാണ് പ്രധാന കഥാപാത്രങ്ങള്‍. എനിക്കത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും തീര്‍ച്ചയായും അതിലെ ഫിലോസഫി മനോഹരമാണ്.

 2011 ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം നല്‍കുന്നത് നല്ല വായനാനുഭവമാണ്. വില 110 രൂപ

Sunday, 19 December 2021

Interview of Stephan Nallivaykkov, lingistic from Ukrain who translated Thakazhi's "Randidangazhi "

 


സമാനതയുടെ വേരുകള്‍ തേടി
(1997 ആഗസ്റ്റ് 10 വാരാദ്യ കൗമുദിയില്‍ പ്രസിദ്ധീകരിച്ചത്)

 തകഴിയുടെ രണ്ടിടങ്ങഴി ഹിന്ദിയില്‍ നിന്നും റഷ്യനിലേക്ക് പരിഭാഷപ്പെടുത്തിയ സ്റ്റെഫാന്‍ നല്ലിവായ്‌ക്കോ ഡല്‍ഹിയിലുണ്ടെന്നറിഞ്ഞപ്പോള്‍ കാണാന്‍ താത്പ്പര്യം തോന്നി. ഉക്രെയിന്‍കാരനാണ് നല്ലിവായ്‌ക്കോ. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍, യൂണിയന്‍ രാഷ്ട്രങ്ങളുടെ നെല്ലറയായിരുന്നു. സമ്പല്‍ സമൃദ്ധമായ ഉക്രയിന് ഉയര്‍ന്നൊരു സാംസ്‌ക്കാരിക പാരമ്പര്യവുമുണ്ട്. ഇന്ത്യയുടെ പൗരാണിക സംസ്‌ക്കാരവും ഭാഷയുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു എന്ന് തെളിയിക്കുന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ് ഉക്രയിനിലെ പ്രശസ്ത ഭാഷ ശാസ്ത്രജ്ഞനായ നല്ലിവായ്‌ക്കോ. ഇദ്ദേഹത്തിന്റെ സുഹൃത്തും ആര്‍ക്കയോളജിസ്റ്റുമായ യൂറി ഷിലോവും ഇതേ വിഷയത്തിലാണ് ഗവേഷണം നടത്തുന്നത്. ഇവര്‍ സമാന്തരമായി നടത്തിവന്ന ഗവേഷണം ഒരേ രേഖയില്‍ എത്തിയത് തികച്ചും യാദൃശ്ചികം.

 നല്ലിവായ്‌ക്കോ 'യൂണിവേഴ്‌സ് ' എന്ന മാസികയുടെ പത്രാധിപരായിരിക്കെ ഒരു ലേഖനം നല്‍കാനായാണ് യൂറി ഷിലോവ് , നല്ലിവായ്‌ക്കോയെ കണ്ടത്. വ്യത്യസ്ത മണ്ഡലങ്ങളില്‍ ഒരേ രീതിയില്‍ ഗവേഷണം നടത്തുന്നവരാണ് രണ്ടുപേരുമെന്ന് സംഭാഷണത്തിലൂടെ മനസിലാക്കിയ അവര്‍ ഗവേഷണം ഒന്നിച്ചാക്കി. അത് രണ്ടു കൂട്ടര്‍ക്കും പ്രയോജനം ചെയ്തു. അഞ്ചുവര്‍ഷമായി ഒത്ത് ഗവേഷണം ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു.

 ഷിലോവിന്  റഷ്യന്‍ മാത്രമെ അറിയൂ. എന്നാല്‍ നല്ലിവായ്‌ക്കോ ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യും. ഡല്‍ഹി ഏഷ്യാഡ് വില്ലേജിലെ എന്‍ടിപിസി ഗസ്റ്റ്ഹൗസില്‍ രണ്ടുപേരുടെയും ഭാര്യമാരും മറ്റൊരു അധ്യാപക സുഹൃത്തും ഉണ്ടായിരുന്നു. ഇവരുടെ ഗവേഷണവിഷയത്തില്‍ ഏറെ താത്പ്പര്യമുള്ളവരാണ് ഭാര്യമാരും എന്ന് സംഭാഷണത്തില്‍ വ്യക്തമായി.

 ഷിലോവ് എന്ന പേരിനുപോലും ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ആര്‍ക്കയോളജിസ്റ്റായ സുഹൃത്തിനെ ചൂണ്ടി നല്ലിവായ്‌ക്കോ പറഞ്ഞു. റഷ്യനില്‍ ' ഷുല' എന്നാല്‍ തൃശൂലം എന്നാണര്‍ത്ഥം. ഷുലയില്‍ നിന്നാണ് ഷിലോവ് ഉത്ഭവിക്കുന്നത്. മോസ്‌കോ സര്‍വ്വകലാശാലയില്‍ നിന്നും ചരിത്രത്തിലും ആര്‍ക്കയോളജിയിലും ബിരുദമെടുത്ത ശേഷമാണ് ഷിലോവ്, ഉക്രെയിനിലെ ആര്യ സംസ്‌ക്കാരം പ്രത്യേക വിഷയമായെടുത്തത്. ഋഗ്വേദവും ഉക്രയിന്‍ നാടന്‍ കഥകളും തമ്മിലുള്ള ബന്ധം താരതമ്യ പഠനത്തിലേക്ക് നയിക്കയായിരുന്നു, ഷിലോവ് പറഞ്ഞു.

 ആര്യ കാലഘട്ടത്തില്‍ പൂജാരിമാര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യവും രാജാക്കന്മാരില്‍ അവര്‍ ചെലുത്തിയിരുന്ന സ്വാധീനവും രണ്ട് രാജ്യങ്ങളിലും കാണാന്‍ കഴിയും. ദേവന്മാരായ ഇന്ദ്രനും വിഷ്ണുവുമെല്ലാം ഉക്രയിന്‍ ആര്യന്മാന്മാരുടെയും ദൈവങ്ങളായിരുന്നു. യൂറി ഷിലോവിന്റെ അഭിപ്രായത്തില്‍, മധ്യ ഏഷ്യയില്‍ നിന്നും ദേശാടനം നടത്തി ഉക്രയിനില്‍ സ്ഥിരതാമസമാക്കിയ ആര്യന്മാരുടെ ഒരു വിഭാഗമാണ് പിന്നീട് ഈജിപ്തിലേക്കും ഇന്ത്യയിലേക്കും കുടിയേറിയത്. ' ആര്യന്മാരുടെ ജന്മഗ്രൃഹം' എന്ന പുസ്തകത്തില്‍ അദ്ദേഹം ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സിന്ധു നദീതട സംസ്‌ക്കാരവും നിപ്പര്‍ നദീതട സംസ്‌ക്കാരവും തമ്മിലുള്ള താരതമ്യ പഠനമാണ് 1982 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ആര്യസംസ്‌ക്കാരത്തിന്റെ പൂര്‍ണ്ണ ചിത്രം അദ്ദേഹത്തിന് കിട്ടിയത് ഖൊറാഗോണില്‍ നിന്നാണ്. ഖൊറാഗോണിലെ രഹസ്യങ്ങള്‍ എന്ന പുസ്തകത്തില്‍ ഇത് വിശദീകരിക്കുന്നു.

ഉക്രയിനിലെ ഫലഭൂയിഷ്ടമായ 'അറാത്ത' യിലാണ് ആര്യന്മാര്‍ കുടിപാര്‍ത്തതെന്ന് ഷിലോവ് പറയുന്നു. നല്ലിവായ്‌ക്കോയുടെ സൗഹൃദം ഗവേഷണത്തിന് പുതിയ മാനം നല്‍കിയതായി ഷിലോവ് അഭിപ്രായപ്പെട്ടു.

 സ്‌കൂള്‍ പഠനം കഴിഞ്ഞ് ഖസാക്കിസ്ഥാനിലും ഉസ്ബക്കിസ്താനിലും റയില്‍വേയില്‍ ജോലി ചെയ്തതിന് ശേഷമാണ് നല്ലിവായ്‌ക്കോ ,താഷ്‌ക്കന്റ് സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഓറിയന്റല്‍ സ്റ്റഡീസില്‍ ചേര്‍ന്നത്. നാല് വര്‍ഷം ഹിന്ദിയും ഉറുദുവും പഠിച്ചു. ഇന്ത്യയില്‍ പലവട്ടം വന്നിട്ടുള്ള നല്ലിവായ്‌ക്കോയെ ഹിന്ദി പഠിക്കാന്‍ പ്രേരിപ്പിച്ചത് ഇന്ത്യന്‍ സനിമകളാണ്, പ്രത്യേകിച്ചും രാജ്കപൂര്‍ ചിത്രങ്ങള്‍. ' ആവാരാഹു--- ' ഗാനം മൂളി അദ്ദേഹം ചിരിക്കാന്‍ തുടങ്ങി.

1971 ലാണ് ആദ്യമായി ഒരു പുസ്തകം വിവര്‍ത്തനം ചെയ്തത്. കിഷന്‍ ചന്ദറിന്റെ ' തൂഫാന്‍ കീ കല്യാണ്‍'. പിന്നീട് പ്രേംചന്ദിന്റെ ഗോദാന്‍, പ്രേം കീ ഹോളി, കുട്ടികള്‍ക്കുള്ള രാമായണം എന്നിവ വിവര്‍ത്തനം ചെയ്തു.

 പുരാനാ ഭാരത് ലോക് കഥായേം, ഭീഷ്മ സാഹ്നിയുടെ കഥകള്‍, ആര്‍.കെ.നാരായണിന്റെ കഥകള്‍, രമേശ് ഭണ്ഡാരി, അഖിലന്‍,തകഴി എന്നിവരുടെ കഥകളും വിവര്‍ത്തനം ചെയ്തു. മൊത്തം ഇരുപത് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഉക്രയിനിലും പുസ്തകപ്രസാധനം പ്രതിസന്ധിയിലാണെന്ന് നല്ലിവായ്‌ക്കോ പറഞ്ഞു. വായനക്കാരുടെ എണ്ണം കുറയുന്നു, പുസ്തകങ്ങളുടെ വില കൂടുകയും ചെയ്യുന്നു.

 ഭാഷകളുടെ താരതമ്യപഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നല്ലിവായ്‌ക്കോ ,ഉക്രയിന്‍ ഭാഷയും ഹിന്ദിയും തമ്മില്‍ ഒരുപാട് സാമ്യങ്ങള്‍ കാണുന്നു. ഇന്ത്യന്‍ ഭാഷയിലെ സുധീറും ഉക്രയിനിലെ സുജീറും, ചതുരും ചുതീറും കുലപതിയും ഹില്‍ബുജിയും കുലീനും കൊലീനോയുമൊക്കെ ഉദാഹരണങ്ങളാണെന്ന് നല്ലിവായ്‌ക്കോ പറഞ്ഞു.

 ഉക്രയിനിന്റെ നീലയും മഞ്ഞയും നിറമുള്ള ഒരു ദേശീയ പതാക ഷിലോവിന്റെ ഭാര്യ എനിക്കുതന്നു. ജലത്തിന്റെ നീലയും അഗ്നിയുടെ മഞ്ഞയുമാണ് പതാകയിലുള്ളതെന്ന് അവര്‍ പറഞ്ഞു. നീലയും മഞ്ഞയും ചേര്‍ന്നാല്‍ പച്ചയാകും. പച്ച ജീവന്റെ നിറമാണല്ലൊ. സ്വന്തം നാടിന്റെ പതാകയില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥം വെളിവാക്കുമ്പോള്‍ ദേശസ്‌നാഹത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയായി അത്.

 ഋഗ്വേദത്തില്‍ പ്രതിപാദിക്കുന്ന ഇന്ദ്രന്‍ വജ്രായുധം കൊണ്ട് വരുണനെ വകവരുത്തുന്ന കഥ, ഉക്രയിനിലും നമുക്ക് കേള്‍ക്കാന്‍ കഴിയും. ഉക്രയിന്‍ വിവാഹച്ചടങ്ങിലെ മന്ത്രോച്ചാരണത്തിന് ഇന്ത്യന്‍ വിവാഹവേദിയിലെ വേദോച്ചാരണവുമായുള്ള ബന്ധം യാദൃശ്ചികമെന്ന് പറയാനാവില്ലെന്ന് നല്ലിവായ്‌ക്കോ പറഞ്ഞു. ഉക്രയിനിലെ കുടുംബപ്പേരായ ഭൂഷ്മയും ഇതിഹാസ പുരുഷനായ ഭീഷ്മരും തമ്മിലുള്ള സാമ്യം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും ഉക്രയിനിലും നടന്നുവന്ന സ്വയംവരവും സമൂഹത്തില്‍ സ്ത്രീക്കുണ്ടായിരുന്ന ഉന്നത സ്ഥാനവും ആര്യഗോത്രങ്ങളുടെ സമാനതകളിലേക്ക് വിരല്‍ചൂണ്ടുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് ഗവേഷണം വിപുലപ്പെടുത്താനാണ് ഇവരുടെ ഉദ്ദേശ്യം. ഇതിനായി ലഖ്‌നോ യൂണിവേഴ്‌സിറ്റിയിലും അവര്‍ പോയി. അടുത്ത യാത്രയില്‍ കേരളം സന്ദര്‍ശിക്കാനുള്ള താത്പ്പര്യവും പ്രകടിപ്പിച്ചു.


Saturday, 18 December 2021

About Indra Nyooi's autobiography " My life in full"

 


 ഇന്ദ്ര നൂയിയെ അറിയുക - ആത്മകഥയിലൂടെ

പെപ്‌സികോയുടെ ആദ്യ വനിത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ഇന്ദ്ര നൂയിയുടെ ആത്മകഥ My Life in Full  ഈയിടെ ആണ് വായിച്ചത്. ചെന്നൈയിലെ പുരോഗമനാശയക്കാരായ ഒരു ബ്രാഹ്മണ്‍ കുടുംബത്തില്‍ ജനിച്ച് ,കല്‍ക്കട്ട ഐഐഎമ്മില്‍ പഠിച്ച് , ഇന്ത്യയിലെ പല കമ്പനികളിലും തൊഴിലെടുത്തശേഷം അമേരിക്കയിലേക്ക് മൈഗ്രേറ്റ് ചെയ്ത വ്യക്തിയാണ് ഇന്ദ്ര. എത്തിപ്പെട്ട തൊഴിലിടങ്ങളിലെല്ലാം കഴിവ് തെളിയിച്ച് മുന്നേറിയ അവര്‍ക്ക് അപകടങ്ങളെ പോലും അതിജീവിക്കേണ്ടി വന്നു. അപ്പുപ്പന്‍, അച്ഛന്‍ എന്നിവരുടെ മരണങ്ങള്‍ തുടങ്ങി വ്യക്തിപരമായ വിഷമങ്ങള്‍ വേറെയും. ഇതിലൊന്നും തളരാതെയുള്ള മുന്നേറ്റമായിരുന്നു. ഉയര്‍ന്ന ലക്ഷ്യബോധവും ആത്മാര്‍ത്ഥവും അര്‍പ്പണബോധമുള്ളതുമായ തൊഴില്‍ സംസ്‌ക്കാരവും, ബുദ്ധിപരമായ ഔന്നത്യവുമാണ് അവരെ പെപ്‌സികോയുടെ തലപ്പത്ത് എത്തിച്ചത്. ബഹുരാഷ്ട്ര കമ്പനികളില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന പ്രതിഭാസം.

 ഈ നേട്ടത്തിലേക്ക് അവരെ എത്തിക്കാനായി സ്വന്തം കരിയര്‍ കോംപ്രമൈസ് ചെയ്യുന്ന രാജ് എന്ന ഭര്‍ത്താവിനെ അവര്‍ പുസ്തകത്തില്‍ ഇടയ്ക്കിടയ്ക്ക് ആദരവോടെ ഓര്‍ക്കുന്നുണ്ട്. ഇന്ദ്രയുടെ അമ്മ, രാജിന്റെ മാതാപിതാക്കള്‍ എന്നിവരും വലിയ പിന്തുണ നല്‍കുന്നു. അമ്മയുടെ സ്‌നേഹം വേണ്ടത്ര ലഭിക്കാത്തതിലെ ദു:ഖം ഒതുക്കി ഒപ്പം നിന്ന രണ്ട് പെണ്‍മക്കളും ഇവിടെ ശ്രദ്ധേയരാണ്. തൊഴിലിടത്തില്‍ നല്ല മെന്റര്‍മാരെ ലഭിച്ചതാണ് മറ്റൊരു നേട്ടം.

ഈ പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നുണ്ട്, ജീവിതത്തില്‍ വിജയം നേടുന്നവര്‍ അവരുടെ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ,മറ്റെല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് , സെല്‍ഫ് സെന്റേര്‍ഡായി പോകുന്നവരാണ്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നവര്‍ക്ക് ,കരിയറില്‍ നേട്ടം കൊയ്യാന്‍ വിഷമമാകും.