Saturday, 18 December 2021

About Indra Nyooi's autobiography " My life in full"

 


 ഇന്ദ്ര നൂയിയെ അറിയുക - ആത്മകഥയിലൂടെ

പെപ്‌സികോയുടെ ആദ്യ വനിത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന ഇന്ദ്ര നൂയിയുടെ ആത്മകഥ My Life in Full  ഈയിടെ ആണ് വായിച്ചത്. ചെന്നൈയിലെ പുരോഗമനാശയക്കാരായ ഒരു ബ്രാഹ്മണ്‍ കുടുംബത്തില്‍ ജനിച്ച് ,കല്‍ക്കട്ട ഐഐഎമ്മില്‍ പഠിച്ച് , ഇന്ത്യയിലെ പല കമ്പനികളിലും തൊഴിലെടുത്തശേഷം അമേരിക്കയിലേക്ക് മൈഗ്രേറ്റ് ചെയ്ത വ്യക്തിയാണ് ഇന്ദ്ര. എത്തിപ്പെട്ട തൊഴിലിടങ്ങളിലെല്ലാം കഴിവ് തെളിയിച്ച് മുന്നേറിയ അവര്‍ക്ക് അപകടങ്ങളെ പോലും അതിജീവിക്കേണ്ടി വന്നു. അപ്പുപ്പന്‍, അച്ഛന്‍ എന്നിവരുടെ മരണങ്ങള്‍ തുടങ്ങി വ്യക്തിപരമായ വിഷമങ്ങള്‍ വേറെയും. ഇതിലൊന്നും തളരാതെയുള്ള മുന്നേറ്റമായിരുന്നു. ഉയര്‍ന്ന ലക്ഷ്യബോധവും ആത്മാര്‍ത്ഥവും അര്‍പ്പണബോധമുള്ളതുമായ തൊഴില്‍ സംസ്‌ക്കാരവും, ബുദ്ധിപരമായ ഔന്നത്യവുമാണ് അവരെ പെപ്‌സികോയുടെ തലപ്പത്ത് എത്തിച്ചത്. ബഹുരാഷ്ട്ര കമ്പനികളില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന പ്രതിഭാസം.

 ഈ നേട്ടത്തിലേക്ക് അവരെ എത്തിക്കാനായി സ്വന്തം കരിയര്‍ കോംപ്രമൈസ് ചെയ്യുന്ന രാജ് എന്ന ഭര്‍ത്താവിനെ അവര്‍ പുസ്തകത്തില്‍ ഇടയ്ക്കിടയ്ക്ക് ആദരവോടെ ഓര്‍ക്കുന്നുണ്ട്. ഇന്ദ്രയുടെ അമ്മ, രാജിന്റെ മാതാപിതാക്കള്‍ എന്നിവരും വലിയ പിന്തുണ നല്‍കുന്നു. അമ്മയുടെ സ്‌നേഹം വേണ്ടത്ര ലഭിക്കാത്തതിലെ ദു:ഖം ഒതുക്കി ഒപ്പം നിന്ന രണ്ട് പെണ്‍മക്കളും ഇവിടെ ശ്രദ്ധേയരാണ്. തൊഴിലിടത്തില്‍ നല്ല മെന്റര്‍മാരെ ലഭിച്ചതാണ് മറ്റൊരു നേട്ടം.

ഈ പുസ്തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നുണ്ട്, ജീവിതത്തില്‍ വിജയം നേടുന്നവര്‍ അവരുടെ ലക്ഷ്യം മാത്രം മുന്നില്‍ കണ്ട് ,മറ്റെല്ലാ പ്രതിസന്ധികളേയും തരണം ചെയ്ത് , സെല്‍ഫ് സെന്റേര്‍ഡായി പോകുന്നവരാണ്. വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുന്നവര്‍ക്ക് ,കരിയറില്‍ നേട്ടം കൊയ്യാന്‍ വിഷമമാകും.

No comments:

Post a Comment