സമാനതയുടെ വേരുകള്‍ തേടി
(1997 ആഗസ്റ്റ് 10 വാരാദ്യ കൗമുദിയില്‍ പ്രസിദ്ധീകരിച്ചത്)
തകഴിയുടെ രണ്ടിടങ്ങഴി ഹിന്ദിയില്‍ നിന്നും റഷ്യനിലേക്ക് പരിഭാഷപ്പെടുത്തിയ സ്റ്റെഫാന്‍ നല്ലിവായ്‌ക്കോ ഡല്‍ഹിയിലുണ്ടെന്നറിഞ്ഞപ്പോള്‍ കാണാന്‍ താത്പ്പര്യം തോന്നി. ഉക്രെയിന്‍കാരനാണ് നല്ലിവായ്‌ക്കോ. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയിന്‍, യൂണിയന്‍ രാഷ്ട്രങ്ങളുടെ നെല്ലറയായിരുന്നു. സമ്പല്‍ സമൃദ്ധമായ ഉക്രയിന് ഉയര്‍ന്നൊരു സാംസ്‌ക്കാരിക പാരമ്പര്യവുമുണ്ട്. ഇന്ത്യയുടെ പൗരാണിക സംസ്‌ക്കാരവും ഭാഷയുമായി ഇത് ബന്ധപ്പെട്ടു കിടക്കുന്നു എന്ന് തെളിയിക്കുന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കയാണ് ഉക്രയിനിലെ പ്രശസ്ത ഭാഷ ശാസ്ത്രജ്ഞനായ നല്ലിവായ്‌ക്കോ. ഇദ്ദേഹത്തിന്റെ സുഹൃത്തും ആര്‍ക്കയോളജിസ്റ്റുമായ യൂറി ഷിലോവും ഇതേ വിഷയത്തിലാണ് ഗവേഷണം നടത്തുന്നത്. ഇവര്‍ സമാന്തരമായി നടത്തിവന്ന ഗവേഷണം ഒരേ രേഖയില്‍ എത്തിയത് തികച്ചും യാദൃശ്ചികം.
നല്ലിവായ്‌ക്കോ 'യൂണിവേഴ്‌സ് ' എന്ന മാസികയുടെ പത്രാധിപരായിരിക്കെ ഒരു ലേഖനം നല്‍കാനായാണ് യൂറി ഷിലോവ് , നല്ലിവായ്‌ക്കോയെ കണ്ടത്. വ്യത്യസ്ത മണ്ഡലങ്ങളില്‍ ഒരേ രീതിയില്‍ ഗവേഷണം നടത്തുന്നവരാണ് രണ്ടുപേരുമെന്ന് സംഭാഷണത്തിലൂടെ മനസിലാക്കിയ അവര്‍ ഗവേഷണം ഒന്നിച്ചാക്കി. അത് രണ്ടു കൂട്ടര്‍ക്കും പ്രയോജനം ചെയ്തു. അഞ്ചുവര്‍ഷമായി ഒത്ത് ഗവേഷണം ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു.
ഷിലോവിന് റഷ്യന്‍ മാത്രമെ അറിയൂ. എന്നാല്‍ നല്ലിവായ്‌ക്കോ ഇംഗ്ലീഷും ഹിന്ദിയും നന്നായി കൈകാര്യം ചെയ്യും. ഡല്‍ഹി ഏഷ്യാഡ് വില്ലേജിലെ എന്‍ടിപിസി ഗസ്റ്റ്ഹൗസില്‍ രണ്ടുപേരുടെയും ഭാര്യമാരും മറ്റൊരു അധ്യാപക സുഹൃത്തും ഉണ്ടായിരുന്നു. ഇവരുടെ ഗവേഷണവിഷയത്തില്‍ ഏറെ താത്പ്പര്യമുള്ളവരാണ് ഭാര്യമാരും എന്ന് സംഭാഷണത്തില്‍ വ്യക്തമായി.
ഷിലോവ് എന്ന പേരിനുപോലും ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ആര്‍ക്കയോളജിസ്റ്റായ സുഹൃത്തിനെ ചൂണ്ടി നല്ലിവായ്‌ക്കോ പറഞ്ഞു. റഷ്യനില്‍ ' ഷുല' എന്നാല്‍ തൃശൂലം എന്നാണര്‍ത്ഥം. ഷുലയില്‍ നിന്നാണ് ഷിലോവ് ഉത്ഭവിക്കുന്നത്. മോസ്‌കോ സര്‍വ്വകലാശാലയില്‍ നിന്നും ചരിത്രത്തിലും ആര്‍ക്കയോളജിയിലും ബിരുദമെടുത്ത ശേഷമാണ് ഷിലോവ്, ഉക്രെയിനിലെ ആര്യ സംസ്‌ക്കാരം പ്രത്യേക വിഷയമായെടുത്തത്. ഋഗ്വേദവും ഉക്രയിന്‍ നാടന്‍ കഥകളും തമ്മിലുള്ള ബന്ധം താരതമ്യ പഠനത്തിലേക്ക് നയിക്കയായിരുന്നു, ഷിലോവ് പറഞ്ഞു.
ആര്യ കാലഘട്ടത്തില്‍ പൂജാരിമാര്‍ക്ക് സമൂഹത്തിലുണ്ടായിരുന്ന പ്രാധാന്യവും രാജാക്കന്മാരില്‍ അവര്‍ ചെലുത്തിയിരുന്ന സ്വാധീനവും രണ്ട് രാജ്യങ്ങളിലും കാണാന്‍ കഴിയും. ദേവന്മാരായ ഇന്ദ്രനും വിഷ്ണുവുമെല്ലാം ഉക്രയിന്‍ ആര്യന്മാന്മാരുടെയും ദൈവങ്ങളായിരുന്നു. യൂറി ഷിലോവിന്റെ അഭിപ്രായത്തില്‍, മധ്യ ഏഷ്യയില്‍ നിന്നും ദേശാടനം നടത്തി ഉക്രയിനില്‍ സ്ഥിരതാമസമാക്കിയ ആര്യന്മാരുടെ ഒരു വിഭാഗമാണ് പിന്നീട് ഈജിപ്തിലേക്കും ഇന്ത്യയിലേക്കും കുടിയേറിയത്. ' ആര്യന്മാരുടെ ജന്മഗ്രൃഹം' എന്ന പുസ്തകത്തില്‍ അദ്ദേഹം ഇത് വിശദമായി പ്രതിപാദിക്കുന്നുണ്ട്. സിന്ധു നദീതട സംസ്‌ക്കാരവും നിപ്പര്‍ നദീതട സംസ്‌ക്കാരവും തമ്മിലുള്ള താരതമ്യ പഠനമാണ് 1982 ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ പ്രതിപാദ്യ വിഷയം. ആര്യസംസ്‌ക്കാരത്തിന്റെ പൂര്‍ണ്ണ ചിത്രം അദ്ദേഹത്തിന് കിട്ടിയത് ഖൊറാഗോണില്‍ നിന്നാണ്. ഖൊറാഗോണിലെ രഹസ്യങ്ങള്‍ എന്ന പുസ്തകത്തില്‍ ഇത് വിശദീകരിക്കുന്നു.
ഉക്രയിനിലെ ഫലഭൂയിഷ്ടമായ 'അറാത്ത' യിലാണ് ആര്യന്മാര്‍ കുടിപാര്‍ത്തതെന്ന് ഷിലോവ് പറയുന്നു. നല്ലിവായ്‌ക്കോയുടെ സൗഹൃദം ഗവേഷണത്തിന് പുതിയ മാനം നല്‍കിയതായി ഷിലോവ് അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ പഠനം കഴിഞ്ഞ് ഖസാക്കിസ്ഥാനിലും ഉസ്ബക്കിസ്താനിലും റയില്‍വേയില്‍ ജോലി ചെയ്തതിന് ശേഷമാണ് നല്ലിവായ്‌ക്കോ ,താഷ്‌ക്കന്റ് സര്‍വ്വകലാശാലയിലെ ഇന്ത്യന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഓറിയന്റല്‍ സ്റ്റഡീസില്‍ ചേര്‍ന്നത്. നാല് വര്‍ഷം ഹിന്ദിയും ഉറുദുവും പഠിച്ചു. ഇന്ത്യയില്‍ പലവട്ടം വന്നിട്ടുള്ള നല്ലിവായ്‌ക്കോയെ ഹിന്ദി പഠിക്കാന്‍ പ്രേരിപ്പിച്ചത് ഇന്ത്യന്‍ സനിമകളാണ്, പ്രത്യേകിച്ചും രാജ്കപൂര്‍ ചിത്രങ്ങള്‍. ' ആവാരാഹു--- ' ഗാനം മൂളി അദ്ദേഹം ചിരിക്കാന്‍ തുടങ്ങി.
1971 ലാണ് ആദ്യമായി ഒരു പുസ്തകം വിവര്‍ത്തനം ചെയ്തത്. കിഷന്‍ ചന്ദറിന്റെ ' തൂഫാന്‍ കീ കല്യാണ്‍'. പിന്നീട് പ്രേംചന്ദിന്റെ ഗോദാന്‍, പ്രേം കീ ഹോളി, കുട്ടികള്‍ക്കുള്ള രാമായണം എന്നിവ വിവര്‍ത്തനം ചെയ്തു.
പുരാനാ ഭാരത് ലോക് കഥായേം, ഭീഷ്മ സാഹ്നിയുടെ കഥകള്‍, ആര്‍.കെ.നാരായണിന്റെ കഥകള്‍, രമേശ് ഭണ്ഡാരി, അഖിലന്‍,തകഴി എന്നിവരുടെ കഥകളും വിവര്‍ത്തനം ചെയ്തു. മൊത്തം ഇരുപത് പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഉക്രയിനിലും പുസ്തകപ്രസാധനം പ്രതിസന്ധിയിലാണെന്ന് നല്ലിവായ്‌ക്കോ പറഞ്ഞു. വായനക്കാരുടെ എണ്ണം കുറയുന്നു, പുസ്തകങ്ങളുടെ വില കൂടുകയും ചെയ്യുന്നു.
ഭാഷകളുടെ താരതമ്യപഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നല്ലിവായ്‌ക്കോ ,ഉക്രയിന്‍ ഭാഷയും ഹിന്ദിയും തമ്മില്‍ ഒരുപാട് സാമ്യങ്ങള്‍ കാണുന്നു. ഇന്ത്യന്‍ ഭാഷയിലെ സുധീറും ഉക്രയിനിലെ സുജീറും, ചതുരും ചുതീറും കുലപതിയും ഹില്‍ബുജിയും കുലീനും കൊലീനോയുമൊക്കെ ഉദാഹരണങ്ങളാണെന്ന് നല്ലിവായ്‌ക്കോ പറഞ്ഞു.
ഉക്രയിനിന്റെ നീലയും മഞ്ഞയും നിറമുള്ള ഒരു ദേശീയ പതാക ഷിലോവിന്റെ ഭാര്യ എനിക്കുതന്നു. ജലത്തിന്റെ നീലയും അഗ്നിയുടെ മഞ്ഞയുമാണ് പതാകയിലുള്ളതെന്ന് അവര്‍ പറഞ്ഞു. നീലയും മഞ്ഞയും ചേര്‍ന്നാല്‍ പച്ചയാകും. പച്ച ജീവന്റെ നിറമാണല്ലൊ. സ്വന്തം നാടിന്റെ പതാകയില്‍ ഒളിഞ്ഞിരിക്കുന്ന അര്‍ത്ഥം വെളിവാക്കുമ്പോള്‍ ദേശസ്‌നാഹത്തിന്റെ വെളിപ്പെടുത്തല്‍ കൂടിയായി അത്.
ഋഗ്വേദത്തില്‍ പ്രതിപാദിക്കുന്ന ഇന്ദ്രന്‍ വജ്രായുധം കൊണ്ട് വരുണനെ വകവരുത്തുന്ന കഥ, ഉക്രയിനിലും നമുക്ക് കേള്‍ക്കാന്‍ കഴിയും. ഉക്രയിന്‍ വിവാഹച്ചടങ്ങിലെ മന്ത്രോച്ചാരണത്തിന് ഇന്ത്യന്‍ വിവാഹവേദിയിലെ വേദോച്ചാരണവുമായുള്ള ബന്ധം യാദൃശ്ചികമെന്ന് പറയാനാവില്ലെന്ന് നല്ലിവായ്‌ക്കോ പറഞ്ഞു. ഉക്രയിനിലെ കുടുംബപ്പേരായ ഭൂഷ്മയും ഇതിഹാസ പുരുഷനായ ഭീഷ്മരും തമ്മിലുള്ള സാമ്യം ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലും ഉക്രയിനിലും നടന്നുവന്ന സ്വയംവരവും സമൂഹത്തില്‍ സ്ത്രീക്കുണ്ടായിരുന്ന ഉന്നത സ്ഥാനവും ആര്യഗോത്രങ്ങളുടെ സമാനതകളിലേക്ക് വിരല്‍ചൂണ്ടുന്നു. ഇന്ത്യയിലെ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് ഗവേഷണം വിപുലപ്പെടുത്താനാണ് ഇവരുടെ ഉദ്ദേശ്യം. ഇതിനായി ലഖ്‌നോ യൂണിവേഴ്‌സിറ്റിയിലും അവര്‍ പോയി. അടുത്ത യാത്രയില്‍ കേരളം സന്ദര്‍ശിക്കാനുള്ള താത്പ്പര്യവും പ്രകടിപ്പിച്ചു.
No comments:
Post a Comment