എന്‍.പ്രഭാകരന്റെ നോവെല്ലകള്‍
എന്റെ സുഹൃത്ത് സതീഷ് തോപ്രത്തിന്റെ സംഭാഷണത്തില്‍ എപ്പോഴും വരാറുള്ള പേരാണ് എന്‍.പ്രഭാകരനും അദ്ദേഹത്തിന്റെ രചനകളും. ഞാന്‍ അവ വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. എനിക്ക് ലഭിച്ചിട്ടുള്ള ഓര്‍മ്മ അത്തരത്തിലുള്ളതാണ്. വായിച്ച കാര്യങ്ങളും കണ്ട കാര്യങ്ങളും ഒരു നല്ല പങ്കും അധികം വൈകാതെ മറന്നു പോകും. ചിലപ്പോള്‍ അതൊരനുഗ്രഹമാണ്. എന്നാല്‍ ചിലപ്പോള്‍ അങ്ങിനെ അല്ല താനും. ഏതായാലും ഇത്തവണ തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ കയറിയപ്പോള്‍ എന്‍.പ്രഭാകരന്റെ നോവെല്ലകള്‍ കൈയ്യില്‍ തടഞ്ഞു. വായനയ്ക്കായി തെരഞ്ഞെടുക്കുകയും ചെയ്തു. ഏതായാലും ആ തീരുമാനം നന്നായി.
നോവല്ലകളില്‍ ഏറ്റവും ശ്രദ്ധേയം 'ഏഴിനും മീതെ' ആണ്. നോവലിസ്റ്റ് പറയുന്നുണ്ട് ,വളരെ വികസിപ്പിക്കേണ്ട ഒരു പ്രമേയമാണ്, അതെന്നെങ്കിലും നടക്കും എന്ന മോഹമാണ് മനസിലെന്ന്. മന്ദപ്പന്‍ എന്ന തടിമിടുക്കുള്ള ചെറുപ്പക്കാരന്‍ കുടകറ് മല കയറി അവിടെ മിടുക്കനായ കര്‍ഷകനാകുന്നതും അസൂയാലുക്കളുമായി പോരാടുന്നതും ചതിയില്‍ പെടുന്നതും ഒടുവില്‍ കതിവനൂര്‍ വീരനെന്ന് പുകള്‍പെടുന്നതുമാണ് കഥ. കണ്ണൂരിന്റെ ഭാഷയും സംസ്‌കൃതിയും കുടകറ് മലയുടെ ഭൂപ്രകൃതിയും മനുഷ്യനും സത്യവും മിഥ്യയും ഫാന്റസിയും ഇടകലരുന്ന രചനയാണിത്. ചെറുപ്പകാലത്ത് ഞാനേറെ ഇഷ്ടപ്പെട്ടിരുന്ന യു.എ.ഖാദറിന്റെ നോവലുകളിലൂടെയാണ് വടക്കേ മലബാറിനെ അടുത്തറിഞ്ഞിരുന്നത്. ആ ഓര്‍മ്മ മടങ്ങി വന്നു ഈ കഥ വായിച്ചപ്പോള്‍
കണ്ണൂര്‍ പൊളിറ്റിക്‌സ് എന്നും എന്റെ പഠനത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അദൃശ്യവനങ്ങളും ആസ്വദിക്കാന്‍ കഴിഞ്ഞു. അതിലെ ശക്തമായ കഥാപാത്രം തന്നെയാണ് കൃഷ്ണ. കഥാകൃത്തിന്റെ രാഷ്ട്രീയമാണ് കൃഷ്ണ പറയുന്നത്. കേരളത്തെ ഭരിക്കുന്ന പുത്തന്‍ കൂറ്റുകാരായ വസ്തു ഇടനിലക്കാരെ കുറിച്ച് ഏറ്റവും മനോഹരമായ രചനയാണ് ഭൂതഭൂമി. തുടക്കം മുതല്‍ ഒടുക്കം വരെ കറുത്ത ഫലിതങ്ങള്‍ നിറഞ്ഞ കഥ. കാട്ടാടിലെ ജോര്‍ജ്ജൂട്ടിയും പാപ്പച്ചനുമൊക്കെ കുടിയേറ്റക്കാരുടെ മനോഹര ചിത്രമാണ് നല്‍കുന്നത്. ജന്തുജനവും കുടിയേറ്റ കഥയാണ് പറയുന്നതെങ്കിലും അതില്‍ ജന്തുക്കളാണ് പ്രധാന കഥാപാത്രങ്ങള്‍. എനിക്കത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും തീര്‍ച്ചയായും അതിലെ ഫിലോസഫി മനോഹരമാണ്.
2011 ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം നല്‍കുന്നത് നല്ല വായനാനുഭവമാണ്. വില 110 രൂപ
No comments:
Post a Comment