Tuesday, 21 December 2021

Review on Aana Doctor- a book written by Jayamohan on Dr.V.Krishnamoorthy

 

ആനഡോക്ടര്‍

 മലയാളത്തിലെയും തമിഴിലേയും പ്രശസ്ത എഴുത്തുകാരനായ ജയമോഹന്‍ എഴുതിയ ആനഡോക്ടര്‍ എന്ന പുസ്തകം ഈയിടെയാണ് വായിച്ചത്. നോവല്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെങ്കിലും ഒരനുഭവ പാഠം എന്നിതിനെ വിളിക്കാം. ആന ഡോക്ടര്‍ എന്നറിയപ്പെടുന്ന ഡോക്ടര്‍ വി.കൃഷ്ണമൂര്‍ത്തിയുമായി ബന്ധപ്പെട്ട അനുഭവങ്ങളാണ് ഇതില്‍ പറയുന്നത്. ഗവിയിലെ മുന്‍ വന ഉദ്യോഗസ്ഥനായ ബഷീറാണ് ജയമോഹന് ഡോക്ടറെകുറിച്ച് അറിവ് നല്‍കുന്നത്. തമിഴകത്തിലെ പ്രധാന മൃഗഡോക്ടറും വനസംരക്ഷകനുമായിരുന്നു ഡോക്ടര്‍ കെ. 2002 ഡിസംബര്‍ 9 ന് എഴുപത്തിമൂന്നാം വയസില്‍  മരിക്കുമ്പോഴും ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കപ്പുറം കെ അറിയപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ജയമോഹന്‍ കോപ്പിറൈറ്റ് ഇല്ലാതെ ഈ പുസ്തകം പ്രസിദ്ധീകരിച്ചതും. തമിഴ്‌നാട്ടില്‍ മുപ്പതോളം പ്രസിദ്ധീകരണങ്ങളും വ്യക്തികളും ഈ ഓര്‍മ്മപുസ്തകം അച്ചടിച്ചു പ്രചരിപ്പിച്ചു. സ്‌കൂളുകളില്‍ പഠനത്തിന്‍റെ   ഭാഗമായി . ഇപ്പോള്‍ കൊല്ലം തോറും അദ്ദേഹത്തെ ആളുകള്‍ ചടങ്ങു നടത്തി സ്മരിക്കുന്നു.

 നാട്ടിലായാലും കാട്ടിലായാലും ആനകള്‍ക്ക് എന്ത് പ്രശ്‌നമുണ്ടായാലും കെ അവിടെ എത്തുമായിരുന്നു. പുറമെ കാട്ടിലെ എല്ലാ ജീവികളുടെയും ചികിത്സയും ഏറ്റെടുത്തിരുന്നു. പഴുത്തളിഞ്ഞ ശരീരഭാഗങ്ങള്‍ നീക്കി സര്‍ജറി ചെയ്യാനും ചീഞ്ഞഴുകിയ ജീവികളെ പോസ്റ്റുമോര്‍ട്ടം ചെയ്യാനും കെ മുന്‍കൈ എടുത്തു.കാടറിവുകളും കാടിന്‍റെ നന്മയുമാണ് പുസ്തകം നമുക്ക് പറഞ്ഞുതരുന്നത്. ഒപ്പം വലിയ വായനയും തത്വചിന്തയും ഉള്ള കര്‍മ്മനിരതനായ ഒരു മഹാന്‍റെ സാന്നിധ്യവും. ഡോക്ടര്‍ കെ ആയിരത്തിലേറെ ആനകളെ സര്‍ജറി ചെയ്ത ആളാണ്. മുന്നൂറോളം പ്രസവവും അത്രയും തന്നെ പോസ്റ്റുമോര്‍ട്ടവും നടത്തിയിട്ടുണ്ട്. കാട്ടുമൃഗങ്ങളുടെ പോസ്റ്റുമോര്‍ട്ടം നിര്‍ബ്ബന്ധമാക്കിയതും കെയുടെ പരിശ്രമം കൊണ്ടുതന്നെ. കാട്ടില്‍ ആളുകള്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കിലെ ഭക്ഷണാവശിഷ്ടങ്ങളിലെ ഉപ്പ് കഴിക്കാനായി ആന പ്ലാസ്റ്റിക് തിന്ന് മരിക്കുന്നതൊക്കെ അദ്ദേഹമാണ് കണ്ടെത്തിയത്.

 വേദനയെ കുറിച്ച് ഡോക്ടര്‍ ഇങ്ങിനെ പറയുന്നു,' വേദനകളെ ശ്രദ്ധിക്കുന്നതുപോലെ ധ്യാനം മറ്റൊന്നില്ല. നമ്മളാരാണ്,നമ്മുടെ ബുദ്ധി,മനസ് എന്നൊക്കെ പറയുന്നത് സത്യത്തില്‍ എന്താണ്, എല്ലാം നാം അറിയും. വേദന എന്നാല്‍ എന്ത്?  പതിവുള്ള രീതിയില്‍ നിന്നും ദേഹം തെല്ല് മാറുന്നു. അത്ര തന്നെ. വീണ്ടും പതിവിലേക്ക് മടങ്ങണം എന്ന് നമ്മുടെ മനസ് കിടന്നു പിടയുന്നു. അതാണ് ശരിക്കുള്ള വേദന.വേദനയെ ശ്രദ്ധിച്ചു തുടങ്ങിയാല്‍ തന്നെ പകുതി യാതന ഇല്ലാതാകും. എന്നാല്‍ മരണത്തേക്കാള്‍ ക്രൂരമായ വേദനകള്‍ ഉണ്ട്, മനുഷ്യന്‍ വെറും കീടമാണ് എന്നു കാട്ടിത്തരുന്നവ.


മനുഷ്യന്‍റെ അല്‍പ്പത്വം കാണണമെങ്കില്‍ കാട്ടില്‍ കഴിയണം. കാട്ടില്‍ വിനോദയാത്രയായി വരുന്നവര്‍ മിക്കവാറും വിദ്യാഭ്യാസമുള്ളവര്‍. വലിയ പദവിയിലുള്ളവര്‍.നാട്ടില്‍ നിന്നുതന്നെ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും മദ്യവുമായിട്ടാണ് എത്താറ്. വരുന്ന വഴി മുഴുവന്‍ തീറ്റയും കുടിയുമാണ്. നിര്‍ത്തി നിര്‍ത്തി ഛര്‍ദ്ദിച്ചുകൊണ്ട് കുഴഞ്ഞാടി, തെറി പറഞ്ഞ് ചിരിച്ചുകൊണ്ടാണ് വരവ്. നിശബ്ദത നിറഞ്ഞ കാടിന്‍റെ  മടക്കുകളില്‍ മുഴുവന്‍ ഹോണടിച്ച് മാറ്റൊലി നിറയ്ക്കും. അത്യുച്ചത്തില്‍ കാറിന്‍റെ  സ്ററ്റീരിയോ ശബ്ദിക്കാന്‍ വിട്ട് ചാടിച്ചാടി നൃത്തം കളിക്കും. തലക്കു മുകളില്‍ അനുഗ്രഹിക്കാന്‍ പൊന്തി നില്‍ക്കുന്ന മലമുടികളെ നോക്കി പുലഭ്യം വിളിച്ചുപറയും. ഓരോ കാട്ടുമൃഗത്തെയും അപമാനിക്കും. പാതയോരത്ത് കുത്തിയിരിക്കുന്ന കുരങ്ങുകള്‍ക്ക് പഴങ്ങള്‍ക്കുള്ളില്‍ ഉപ്പോ മുളക്‌പൊടിയോ വച്ചുകൊടുക്കും. ദാഹിച്ച് അടുക്കുന്നവയ്ക്ക് മദ്യം ഒഴിച്ചുകൊടുക്കും. മാനുകളെ കല്ലെടുത്തെറിയും.ആനയെകണ്ടാല്‍ ഹോണടിച്ച് നിലവിളിച്ച് ഓടിക്കും.

എനിക്ക് ഒട്ടും മനസിലാവാത്തത് മലയാളികളുടെ പ്രവര്‍ത്തിയാണ്. വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവും ഉള്ളവര്‍. പക്ഷെ, കാട്ടിലെത്തിയാല്‍ തനി ചെറ്റകളാണ്. കേരള സംസ്‌ക്കാരത്തിനുതന്നെ കാടിനോട് നിരന്തരമായ ഒരു യുദ്ധമുണ്ട് എന്നു തോന്നും. കാട് എന്ന വാക്കുതന്നെ മലയാളത്തില്‍ നന്മയ്ക്ക് എതിരായ പൊരുളിലാണ്  പ്രയോഗിക്കാറ്. കാടുപിടിച്ചു കിടക്കുക,കാടുകയറുക,കാടന്‍,കാടത്തം എന്നൊക്കെ മലയാളികള്‍ പറയുമ്പോഴാണ് അവരുടെ പ്രവൃത്തിയെ ഞാന്‍ മനസിലാക്കി തുടങ്ങിയത്.

ഏറ്റവും നീചമായ പ്രവൃത്തി ഒഴിഞ്ഞ ബീര്‍കുപ്പി കാടിനുള്ളിലേക്ക് വലിച്ചെറിഞ്ഞ് പൊട്ടിക്കലാണ്. ആനയ്ക്ക് ഏറ്റവും മാരകമാണ് മദ്യക്കുപ്പിയുടെ ചില്ല്.  ആനയുടെ കാലിന്‍റെ അടിവശം ഒരു മണല്‍ചാക്കുപോലെയാണ്. അതുകൊണ്ടാണ് ആന പാറയിലും മറ്റും പൊത്തിപ്പിടിച്ച് കയറുന്നത്. ബീര്‍കുപ്പികളുടെ അടിവശം ഭാരം കൂടിയതായതിനാല്‍ പൊട്ടിയഭാഗം മുകളിലേക്ക് നില്‍ക്കുന്ന വിധമാകും കാട്ടില്‍ കിടക്കുക. ആന തന്‍റെ വലിയ ഭാരത്തോടെ കാലെടുത്ത് അതിന്‍റെ മീതെ വച്ചാല്‍ ചില്ല് നേരെ ഉള്ളിലേക്ക് കയറും. ആനയ്ക്ക മൂന്നുകാലില്‍ നടക്കാന്‍ കഴിയില്ല. രണ്ടുമൂന്ന് തവണ ഞൊണ്ടിയിട്ട് അത് കാലൂന്നുമ്പോള്‍ ചില്ല് നന്നായി ഉള്ളിലേക്ക് കയറും. പിന്നെ അതിന് നടക്കാനാവില്ല. ഒരാഴ്ച കൊണ്ട് വ്രണം പഴുത്ത് അകത്തേക്ക് കയറും. ഒപ്പം പുഴുക്കളും.ചോരക്കുഴലുകളില്‍ പോലും പുഴുക്കള്‍ കയറിപറ്റും. പിന്നെ ജീവിക്കുക സാധ്യമല്ല. പഴുത്ത കാലുമായി കാട്ടില്‍ അലഞ്ഞുനടക്കും.ഭക്ഷണമില്ലാതെ മെലിഞ്ഞ് ഏതെങ്കിലും മരത്തില്‍ ചാരി നില്‍ക്കും. ഒരു ദിവസം ശരാശരി മുപ്പത് ലിറ്റര്‍ വെള്ളം കുടിച്ച്, ഇരുനൂറ് കിലോ ഭക്ഷണം കഴിച്ച്, അന്‍പത് കിലോമീറ്റര്‍ യാത്ര ചെയ്തിരുന്ന ആനയാണ് ക്രമേണ അസ്ഥികൂടമായി മാറുക. എല്ലുകള്‍ പൊന്തിയും കവിളുകള്‍ ഉന്തിയും കണ്ണുകളില്‍ അഴുക്ക് നിറഞ്ഞും ഉണങ്ങിയ തുമ്പിക്കൈ ചലനരഹിതമായും അത് താഴേക്ക് പതിക്കും. വായയും തുമ്പിക്കൈയും  മണ്ണില്‍ കിടന്നിഴയും. മറ്റ് ആനകള്‍ ചുറ്റും കൂടിനിന്ന് ചിന്നം വിളിക്കുമ്പോഴാണ് ഈ മരണം മറ്റുള്ളവര്‍ അറിയുക. തോലിന് നല്ല കട്ടിയുള്ളതിനാല്‍ ജഡം മെല്ലെ മാത്രമെ ചീയുകയുള്ളു. ആദ്യം ചെന്നായകള്‍ കടിച്ചു മുറിക്കും.മനുഷ്യനേക്കാള്‍ നൂറ്റി എഴുപതിരട്ടി ന്യൂറോണുകളുള്ള തലച്ചോറ് ചെന്നായ്ക്കള്‍ ഭക്ഷണമാക്കും. പിന്നീട് കഴുകന്മാര്‍ വരും,തുടര്‍ന്ന് പുഴുക്കളും. ഒടുവില്‍ കാടിന്റെ രാജാവ് വെറും എല്ലുകളായി അവശേഷിക്കും.

ഇത്തരത്തില്‍ അനേകം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ചെറുതും സവിശേഷവുമായ പുസ്തകമാണ് ആന ഡോക്ടര്‍

കണ്ണൂര്‍ കൈരളി ബുക്സ് 2017 ജൂലൈയില്‍ പ്രസിദ്ധീകരിച്ച ബുക്കിന് 80 രൂപയാണ് വില

No comments:

Post a Comment