Monday, 27 April 2020

mini story -- Survival


 മിനിക്കഥ
                                       അതിജീവനം

                                                         -വി.ആര്‍.അജിത് കുമാര്‍

                    ചെറിയാച്ചന് അതിജീവനത്തിനുള്ള കഴിവ് വളരെ കൂടുതലാണ്. ജോലിയിലായാലും ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലായാലും അതിജീവനം കൃത്യമയി നടന്നിരുന്നു. അസുഖങ്ങളില്‍ നിന്നും പരീക്ഷകളുടെ കാഠിന്യങ്ങളില്‍ നിന്നും പ്രണയത്തിന്റെ കുരുക്കുകളില്‍ നിന്നുമെല്ലാം അതിജീവിച്ചയാളാണ് ചെറിയാച്ചന്‍. ഭാര്യയുടെ വലക്കണ്ണികളില്‍ കുരുങ്ങാതെയാണ് ഈ അറുപതിലും ജീവിതം മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഭാവിയില്‍ വരാന്‍പോകുന്ന കുഴപ്പങ്ങളൊക്കെ ചെറിയാച്ചന്‍ മനസിലാക്കും. വുഹാനില്‍ കൊറോണ പിച്ചവച്ചപ്പൊഴെ സുഹൃത്തക്കളോടൊക്കെ ചെറിയാന്‍ പറഞ്ഞു, ഈ വരുന്നവന്‍ വെറു കുഞ്ഞനല്ല, ഇവന്‍ പലരേയും കൊണ്ടേ പോകൂ, പൊതുജീവിതം ഇവന്‍ കോഞ്ഞാട്ടയാക്കും.ചെറിയാന്റെ വാക്കുകള്‍ ആരും അത്ര കാര്യമായെടുത്തില്ല.

  വൈകിട്ട് മ്യൂസിയം ഗ്രൗണ്ടിലെ നടത്ത കഴിഞ്ഞുള്ള ചായകുടിക്കിടെ ചെറിയാന്‍ ഇതാവര്‍ത്തിച്ചു പറഞ്ഞു. ഒടുവില്‍ തമ്പി പറഞ്ഞു, ചെറിയാച്ചാ, ഒന്നു വെറുതെ ഇരുന്നേ, മനുഷ്യനെ പേടിപ്പിക്കാതെ. ചെറിയാന്‍ ഒന്നു പറഞ്ഞില്ല. നടത്തക്കിടയില്‍ ചെറിയാന്‍ സംസാരിക്കില്ല. ശ്രദ്ധ മുഴുവന്‍ മുന്നിലും എതിരെയും വരുന്ന സുന്ദരികളിലാണ്. ആര്‍ക്കും ഒരുപദ്രവവുമുണ്ടാക്കാത്ത വെറും നോട്ടം. അത് യൗവ്വനം നിലനിര്‍ത്താനുളള മരുന്നാണെന്നാണ് ചെറിയാന്റെ അഭിപ്രായം. കേരളത്തിലുള്‍പ്പെടെ കോറോണക്കാറ്റടിച്ചതോടെ തമ്പിക്കുപോലും ചെറിയാനോട് ബഹുമാനം തോന്നി. അപ്പോഴാണ് ചെറിയാന്റെ മറ്റൊരു പ്രവചനം വന്നത്. എടാ, തമ്പി, ഇത് കടുക്കും. എല്ലാം സ്തംഭിക്കും, ബാറും ബെവറേജസും അടയ്ക്കും.

  ത്തവണ എതിര്‍ത്തു പറഞ്ഞത് ഗോപനാണ്. ബെവറേജസും ലോട്ടറിയും എന്തായാലും നിര്‍ത്തിവയ്ക്കില്ല. പിന്നെ സര്‍ക്കാരെങ്ങിനെ മുന്നോട്ടുപോകും, നിങ്ങളോരോ പ്രാന്ത് വിളിച്ചു പറയല്ലെ ചെറിയാച്ചാ. ചെറിയാച്ചന്‍ തന്റെ താടി ഉഴിഞ്ഞതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. ഒടുവില്‍ കാര്യങ്ങളൊക്കെ കൈവിട്ടുപോയി. ചെറിയാന്‍ പറഞ്ഞപോലെയായി കാര്യങ്ങള്‍. വൈകിട്ട് മ്യൂസിയം ഗ്രൗണ്ടില്‍ പോയിട്ട് മര്യാദയ്ക്ക് കുഞ്ഞോനാച്ചന്റെ ചായപ്പീടിക വരെപോലും പോകാന്‍ കഴിയാതായി. ചെറിയാച്ചന്‍ മദ്യപന്മാരായ സുഹൃത്തുക്കളുടെ വിളികള്‍ എടുക്കാതായി.വിളിക്കുന്നവന്റെ ഉദ്ദേശം ചെറിയാന് നന്നായറിയാം. മറ്റുള്ളവരുമായി  അല്‍പ്പം സ്വറ പറയും , അത്രതന്നെ
 
 അതിജീവനത്തിന്റെ ഉസ്താദായ ചെറിയാന്‍ കാര്യങ്ങളൊക്കെ ഒന്നു ചിട്ടപ്പെടുത്തി. രാവിലെ എഴുന്നേറ്റ്  പ്രാഥമിക ജോലികള്‍ കഴിഞ്ഞാല്‍ ഒന്നര മണിക്കൂര്‍ യോഗ. പിന്നെ പത്രം വായന. അത് കഴിയുന്നതോടെ ആമസോണിലോ നെറ്റ്ഫ്‌ളിക്‌സിലോ ഒരു സിനിമ.ഇത് ഇടയ്ക്കിടെ കണ്ടും സോഷ്യല്‍ മീഡിയയില്‍ കണ്ണോടിച്ചും രണ്ടു മണിയാക്കും. പിന്നെ ഭക്ഷണം, ചെറിയൊരു മയക്കം. അത് കഴിയുമ്പോഴേക്കും മുഖ്യമന്ത്രിയുടെ പത്രസമ്മേളനമായി. തുടര്‍ന്ന് അല്‍പ്പസമയം വാര്‍ത്ത കേള്‍ക്കും. പിന്നീട് ഇറങ്ങി പോലീസിനെ വെട്ടിച്ച് ഇടറോഡുകളിലൂടെ ഒരു മണിക്കൂര്‍ നടത്തം. മ്യൂസിയത്തില്‍ കിട്ടുന്ന മാനസികസുഖമില്ലെങ്കിലും ആരോഗ്യത്തിന് ഇതാവശ്യമാണ് എന്നുതന്നെയാണ് ചെറിയാച്ചന്റെ പക്ഷം. തിരികെ വന്ന് കുളി കഴിഞ്ഞാല്‍ ടിവിക്ക് മുന്നിലിരിക്കും. രണ്ടര പെഗ്ഗാണ് പതിവ്. അത് കൂടുകയുമില്ല കുറയുകയുമില്ല. ഭേദപ്പെട്ട ഒരത്താഴവും കഴിച്ച് സുഖമായുറങ്ങും.

  ചെറിയാച്ചന്റെ കണക്കുപ്രകാരം കൊറോണകാര്യങ്ങള്‍ അവസാനിക്കാന്‍ സമയമായി. വാങ്ങിക്കൂട്ടിയ മദ്യമൊക്കെ തീരാറായി. രണ്ടാഴ്ച കൂടി ഓടുമായിരിക്കും. അതു കഴിഞ്ഞാല്‍?  ചെറിയാച്ചന് ഇപ്പോള്‍ ഇടയ്‌ക്കൊക്കെ ഉറക്കം ഞെട്ടും. ട്രമ്പിനെപോലെ പിച്ചുപേയും പറയും. മുപ്പത് വര്‍ഷം വരെ പ്രായമുള്ള പെഗ്ഗ് ബോട്ടിലുകള്‍ അലമാരയില്‍ ഇരുപ്പുണ്ട്. ഏകദേശം ഇരുനൂറോളം വരുന്ന കുപ്പികള്‍.ചിലര്‍ പേനകള്‍,വാച്ചുകള്‍,പെയിന്റിംഗുകള്‍ ഒക്കെ സൂക്ഷിക്കുംപോലെയാണ് ചെറിയാച്ചന്‍ ഈ കുപ്പികള്‍ സൂക്ഷിക്കുന്നത്. ഓരോ കുപ്പിയും ഓരോ ഓര്‍മ്മകളാണ്. വിവിധ രാജ്യങ്ങള്‍,വിവിധ പ്രണയങ്ങള്‍ അങ്ങിനെ അങ്ങിനെ. ഒഴിയുന്ന കുപ്പികളിലേക്കും ഷോകേസിലെ കുഞ്ഞന്‍ ബോട്ടിലുകളിലേക്കും നോക്കിയിരിക്കെ ചെറിയാന്‍ ആത്മഗതം ചെയ്യും, കര്‍ത്താവ് ഒരു വഴി കാണിക്കാതിരിക്കില്ല. ബിവറേജ് തുറക്കുമായിരിക്കും, ഇല്ലെങ്കില്‍ തനിക്ക് പ്രിയപ്പെട്ട ഈ കുപ്പികള്‍ തുറക്കേണ്ടി വന്നേക്കാം.അതിജീവനത്തിന്റെ കണക്കുകള്‍ ജീവിതത്തിലാദ്യമായി തെറ്റും, അതുണ്ടാവുമോ? ചെറിയാന്‍ ആകാംഷയിലാണ്. 

Wednesday, 22 April 2020

mini story - major covid


 
മിനിക്കഥ


                                                            മേജര്‍ കോവിഡ്

                                                                                         -വി.ആര്‍.അജിത് കുമാര്‍

 മേജര്‍ രവീന്ദ്രന്‍ പട്ടാളത്തില്‍ പുലിയായിരുന്നു,വെറും പുലിയല്ല പുപ്പുലി. പക്ഷെ വീട്ടില്‍ അങ്ങിനെയായിരുന്നില്ല. അനുസരണയുള്ളൊരു പൂച്ച മാത്രം. രാജേശ്വരിയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മിലട്ടറി ആശുപത്രിയിലെ നഴ്‌സായിരുന്നു സുന്ദരിയായ രാജേശ്വരി. വിവാഹം കഴിഞ്ഞതോടെ മേജര്‍ ജോലിയില്‍ കഠിന ഹൃദയനും വീട്ടില്‍ ഉരുകുന്ന മഞ്ഞുമായി മാറി. രണ്ട് പെണ്‍മക്കളായിരുന്നു അവര്‍ക്ക്. അമ്മയുടെ ശക്തമായ നിയന്ത്രണത്തില്‍ വളര്‍ന്ന കുട്ടികള്‍ വിവാഹം കഴിഞ്ഞതോടെ ഉയിരുംകൊണ്ട് രക്ഷപെട്ടു. പിന്നീടവരുടെ വരവ് വര്‍ഷത്തിലൊരിക്കല്‍ മാത്രമായി.വന്നാലും വീട്ടില്‍ തങ്ങില്ല.ഹോട്ടലില്‍ താമസിച്ച് അമ്മയെയും അച്ഛനെയും വന്നു കണ്ടുപോകും. മക്കളും കൊച്ചുമക്കളും വീട് വൃത്തികേടാക്കും എന്നായിരുന്നു രാജേശ്വരി പറയുക.

   മേജര്‍ക്ക് പക്ഷെ പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ പല്ലുപോയൊരു സിംഹത്തെപോലെ അവിടെ കഴിഞ്ഞുകൂടുകയായിരുന്നു. പഴയ കാല റൊമാന്‍സുമായൊക്കെ ചെന്നാല്‍ രാജേശ്വരി കണ്ണുരുട്ടും. അതുകൊണ്ടുതന്നെ ജീവിതക്രമം താഴെ പറയും പ്രകാരമായിരുന്നു. രാവിലെ ഉണര്‍ന്നാല്‍ ഒരു മണിക്കൂര്‍ നടത്തം. തിരികെ വന്ന് കുളി കഴിഞ്ഞ് പ്രഭാതഭക്ഷണം കഴിച്ചാലുടന്‍ ഇറങ്ങും. ലൈബ്രറിയിലേക്കാണ് യാത്ര.ഉച്ചഭക്ഷണം അവിടത്തെ കാന്റീനില്‍ തന്നെ. വൈകിട്ട് എട്ടുമണിയ്ക്ക് ലൈബ്രറി അടയ്ക്കുമ്പോള്‍ ഇറങ്ങും. വീട്ടിലെത്തുമ്പോള്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ ചില കുറ്റങ്ങളും കുറവുകളുമൊക്കെ രാജേശ്വരി പറയും. ഒന്നിനും മറുപടി പറയാതെ കുളി കഴിഞ്ഞുവന്ന് രണ്ട് പെഗ്ഗ് സേവിക്കും. ഭക്ഷണം കഴിക്കും. തന്റെ മുറിയില്‍ തനിക്കു മാത്രമായി സെറ്റു ചെയ്തിട്ടുളള ടിവിയില്‍ ബിബിസി വാര്‍ത്ത കേള്‍ക്കും. പത്തു മണിയോടെ ഉറക്കം പിടിക്കും.

 വളരെ മനോഹരമായി ജീവിതം ഇത്തരത്തില്‍ നീങ്ങവെയാണ് ഇത്തിരി കുഞ്ഞന്‍ ചൈനീസ് കൊറോണ ആടിത്തുള്ളാന്‍ തുടങ്ങിയത്. അതൊരു പ്രചണ്ഡതാളമായി കേരളത്തിലെത്തിയപ്പോഴും മേജര്‍ പതിവ് നടത്തം മുടക്കിയില്ല. പക്ഷെ ലൈബ്രറി അടഞ്ഞുകിടന്നത് വലിയ ക്ഷീണമായി. നടത്ത കഴിഞ്ഞുവന്ന് വീട്ടിലെ സ്വന്തം മുറിയില്‍ ഒതുങ്ങിക്കൂടും. എങ്കിലും ഇടയ്‌ക്കൊക്കെ രാജേശ്വരിയെ കാണേണ്ടി വരുന്നതും ഉച്ചഭക്ഷണവുമൊക്കെ രണ്ടു കൂട്ടര്‍ക്കും ബുദ്ധിമുട്ടായിരുന്നു. സഹിച്ചല്ലെ പറ്റൂ. വൈകിട്ടുള്ള സേവയായിരുന്നു ഏക ആശ്വാസം. എന്നാല്‍ ക്വാട്ട തീര്‍ന്നതോടെ ജീവിതം താളം തെറ്റാന്‍ തുടങ്ങി. രാവിലെയുളള നടത്തം കഴിയുന്നതോടെ ജീവിതം കോവിഡ് ബാധിച്ചപോലെയായി. രാവിലത്തെ നടത്തം ഡ്രോണ്‍ കണ്ടെത്തിയതോടെ അതും നിലച്ചു. ഇപ്പോള്‍ മേജര്‍ ഭക്ഷണത്തിനായി മാത്രമെ കട്ടിലില്‍ നിന്നിറങ്ങാറുള്ളു. ആരുമായും മിണ്ടാട്ടവുമില്ല, ഉരിയാടലുമില്ല. ചുരുണ്ടുകൂടി ഒരു കിടപ്പാണ്. രാജേശ്വരിക്ക് ഇതൊക്കെ ഒരു തമാശപോലെയായിരുന്നു. അവരുടെ പതിവ് ജീവിതത്തിന് കോവിഡ് ഒരു പ്രശ്‌നമെ ആയിരുന്നില്ല. അവര്‍ക്ക് സാധാരണ തോന്നാത്തൊരു വികൃതിയാണ് അപ്പോള്‍ തോന്നിയത്. വീടിന് മുന്നിലെ മേജര്‍  രവീന്ദ്രന്‍ എന്ന ബോര്‍ഡില്‍ രവീന്ദ്രന്‍ എന്നതിന് മുകളിലായി അവര്‍ ഇങ്ങിനെ എഴുതി ഒട്ടിച്ചു. കോവിഡ്. എന്നിട്ടവര്‍ വായിച്ചു. മേജര്‍ കോവിഡ്. ദൂരെ മാറി നിന്ന് അതിന്റെ ചന്തം നോക്കിയ ശേഷം അവര്‍ സ്വയം പറഞ്ഞു,  എന്താ -ല്ലെ ?

Monday, 13 April 2020

Mini story- Panikkarettantae Aswasthathakal

മിനിക്കഥ
 പണിക്കരേട്ടന്റെ അസ്വസ്ഥതകള്‍

 സര്‍വ്വീസിലായിരുന്ന കാലത്ത് ഓഫീസില്‍ ആദ്യം എത്തുന്നതും ഒടുവില്‍ പോകുന്നതും പണിക്കരേട്ടനായിരുന്നു. പണിക്കരേട്ടനെപ്പോലെ വര്‍ക്കഹോളിക്കായവരെ കാണാന്‍ പ്രയാസമാ എന്ന് ജൂനിയേഴ്‌സ് പറയുമായിരുന്നു. അപ്പോള്‍ പണിക്കരേട്ടന്‍ ചുമ്മാ ചിരിക്കും.മറുപടിയുണ്ടാവില്ല. വല്ലപ്പോഴുമുള്ള സായാഹ്ന സേവയിലാണ് അദ്ദേഹം മനസുതുറക്കുക. വീട്ടിലെത്തിയാല്‍ അവള്‍ പാഴാങ്കം തുടങ്ങും. 25- 30 വര്‍ഷമായി കേള്‍ക്കുന്ന ഒരേ പല്ലവി. വാങ്ങിയ സ്ത്രീധനത്തിന്റെ കണക്കുമുതല്‍ ഇന്നലെ നടന്നുതുവരെയുള്ള വിവിധ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള അസ്വസ്ഥമായ ആഭ്യന്തര കലാപം. ഇതില്‍ നിന്നും പരമാവധി സമയം മാറിനില്‍ക്കുന്നതിനാണ് വര്‍ക്കഹോളിക് എന്നു പറയുന്നത്. മൂന്നാം പെഗ്ഗില്‍ കയ്‌പേറിയ ദാമ്പത്യ കഥകള്‍ പറയാന്‍ തുടങ്ങും പണിക്കര്‍.

 പെന്‍ഷനായതോടെ സംഭവം കുറേക്കൂടി വഷളായി. എവിടെപോകും. അരമണിക്കൂര്‍ കൂടുമ്പോള്‍ പുക വലിക്കാനോ ചായ കുടിക്കാനോ വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനോ ഒക്കെയായി ഇറങ്ങും. വൈകിട്ട് സമാന ഹൃദയരുമായി ഒത്തുകൂടി സൊറ പറയും. സീരിയലുകളും മറ്റ് തരികിടകളും തുടങ്ങുന്നതോടെ വൈകുന്നേരം ഉപദ്രവമില്ലാതെ കഴിഞ്ഞുപോകും. ഇങ്ങിനെ പോകുമ്പോഴാണ് ഇടിത്തീപോലെ ലോകത്തെ പിടിച്ചു കുലുക്കി കൊറോണ എന്ന കുഞ്ഞുവില്ലന്‍ വന്നത്. കേരളം ലോക്ഡൗണിലായതോടെ പണിക്കരുചേട്ടനും ജയിലിലടച്ച മാതിരിയായി. ജയിലാണെങ്കില്‍ വേണ്ടില്ലായിരുന്നു, തൊട്ടതിനെല്ലാം കുറ്റം പറയുന്ന ഭാര്യക്കൊപ്പം പീഢിതജീവിതമായതോടെ പണിക്കര്‍ എന്തും വരട്ടെ എന്നു കരുതി ഇറങ്ങി നടക്കാന്‍ തുടങ്ങി.

  ഭാര്യയുടെ തെറിവാക്കുകള്‍ക്ക് മൂര്‍ച്ച കൂടി. നിങ്ങള്‍ക്ക് മാത്രം വരുന്ന രോഗമാണെങ്കില്‍ വേണ്ടില്ലായിരുന്നു. ഇതിപ്പൊ വീട്ടിലെല്ലാവര്‍ക്കും പകരുകയുമില്ലെ. അതല്ലെ കഷ്ടം. പോരാത്തിന് 60 കഴിഞ്ഞവരാണ് സൂക്ഷിക്കേണ്ടതെന്ന് സര്‍ക്കാര്‍ പ്രത്യേകം പറയുന്നുമുണ്ട്. ദൈവമെ, ഈ മനുഷ്യനെ പോലീസുകാര്‍ക്കും വേണ്ടാതായോ എന്നൊക്കെ പരിതപിച്ചു. എന്നിട്ടും പണിക്കര്‍ക്കൊരു കൂസലുമില്ല. അയാള്‍ ഒരു മണിക്കൂര്‍ കൂടുമ്പോഴെങ്കിലും പുറത്തുപോവുക പതിവാക്കി. ചായയും സിഗററ്റുമൊന്നും കിട്ടില്ലെങ്കിലും സ്വസ്ഥത കിട്ടുമല്ലൊ എന്നാണ് അദ്ദേഹം സുഹൃത്തുക്കളോട് ഫോണില്‍ പറയുക.

 ഒരു ദിവസം പണിക്കര്‍ തിരികെ വന്നപ്പോള്‍ ഭാര്യ പഴയൊരു ഫയലെടുത്ത് പരിശോധിക്കുകയായിരുന്നു. ' നീ എന്തിനാ ഈ ഫയലെടുത്തെ? ' , പണിക്കര്‍ ചോദിച്ചു.

 'പെന്‍ഷന്‍ അനുവദിച്ച പേപ്പര്‍ നോക്കുകയായിരുന്നു', അവര്‍ പറഞ്ഞു.

' അതെന്തിനാ?' ,പണിക്കര്‍ ചോദിച്ചു.

' ഫാമിലി പെന്‍ഷന്‍ എത്ര കിട്ടുമെന്നു നോക്കിയതാ. ഏതായാലും നിങ്ങടെ കാര്യം ലോക്ക്ഡൗണില്‍ തീരുമാനമാകുമല്ലൊ ' , അവര്‍ പറഞ്ഞു

പണിക്കര്‍ മറുപടി ഒന്നും പറയാതെ മുറിയില്‍ കയറി കതകടച്ചു.

Sunday, 12 April 2020

Mini story- Ettavum marakamaya aayudham



മിനിക്കഥ

ഏറ്റവും മാരകമായ ആയുധം
ഗുരുവും ശിഷ്യന്മാരും സംവാദത്തില്‍ ഏര്‍പ്പെടുക പതിവായിരുന്നു. അന്നത്തെ വിഷയം ആയുധമായിരുന്നു. ഗുരു ശിഷ്യന്മാരോട് ചോദിച്ചു. ഭൂമിയില്‍ ഇന്നുവരെ ഉണ്ടായിട്ടുള്ള ആയുധങ്ങളില്‍ ഏറ്റവും ശക്തവും മാരകവുമായ ആയുധം ഏതാണ്?

 ഭൂരിപക്ഷംപേരും പറഞ്ഞത് ന്യൂക്ലിയര്‍ ബോംബ് എന്നായിരുന്നു. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളും ഉയര്‍ന്നു വന്നിരുന്നു. ഏറ്റവും പ്രകൃതമായ ഇരുമ്പായുധങ്ങള്‍ മുതല്‍ രാസായുധങ്ങളും ജൈവായുധങ്ങളും വരെ.

  എല്ലാം കേട്ടശേഷം ഗുരു ഒന്നു മന്ദഹസിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു. നിങ്ങളുടെ സാമര്‍ത്ഥ്യത്തെ ഞാന്‍ അംഗീകരിക്കുന്നു, നിരീക്ഷണത്തെയും. ഒരു സമൂഹം ഒറ്റയടിക്കില്ലാതാകുന്ന, വരും തലമുറകളിലേക്കുപോലും വ്യാപിക്കുന്ന ഭീകരായുധം ന്യക്ലിയര്‍ ബോംബും ഹൈഡ്രജന്‍ ബോംബുമൊക്കെത്തന്നെയാവാം. എന്നാല്‍ ഒരു വ്യക്തിയെ സംബ്ബന്ധിച്ചിടത്തോളം ഏറ്റവും ഭീകരമായ ആയുധം നാവ് തന്നെയാണ്.

  ശിഷ്യന്മാര്‍ ഗുരുവിനെ അത്ഭുതത്തോടെ നോക്കി. അദ്ദേഹം തുടര്‍ന്നു, നാവില്‍ നിന്നും വീഴുന്ന മോശമായ വാക്കുകള്‍ പലപ്പോഴും അതേല്‍ക്കുന്ന വ്യക്തിയുടെ ജീവിതാവസാനം വരെ അയാളെ അസ്വസ്ഥനാക്കി പിന്‍തുടരും. അതൊരു നീണ്ടവേട്ടയാടലാണ്. അവനെ സാവധാനം മരണത്തിലേക്ക് നടത്തുന്ന ഒന്ന്. രണ്ടാമത്തെ ആയുധം അക്ഷരമാണ്. ഒരാളിനെ മോശക്കാരനാക്കിയും ആക്ഷേപിച്ചും എഴുതപ്പെടുന്ന വാക്കുകള്‍ അയാളെ നിരന്തരം വേദനിപ്പിക്കും. നാവില്‍ നിന്നുതിരുന്ന വാക്കിന്റ അത്ര വേദന അതിനുണ്ടാവില്ല. മനുഷ്യനെ ഒറ്റയടിക്ക് മരണത്തിലേക്ക് തള്ളിവിടുന്ന ഏതായുധവും ഭീകരമല്ല. അത്തരത്തില്‍ നോക്കുമ്പോള്‍ ആണവായുധമാണ് തമ്മില്‍ ഭേദം. ഒന്നും അറിയാതെ ഒറ്റ നിമിഷം കൊണ്ട് ജീവിതം ഇല്ലാതെയാകും. മറ്റുള്ള എല്ലാ ആയുധങ്ങളേയും  നാവിനും അണുവിനും ഇടയിലായി യുക്തിപൂര്‍വ്വം നിങ്ങള്‍ക്കുറപ്പിക്കാം.

  ശിഷ്യന്മാര്‍ക്ക് അന്നത്തേക്കുള്ള അത്താഴ വിഭവം നല്‍കിയ സംതൃപ്തിയോടെ ഗുരു തന്റെ മുറിയിലേക്ക് മടങ്ങി.

Sunday, 29 March 2020

Remembering my father

അച്ഛന്‍ -മധുരിക്കുന്നൊരോര്‍മ്മ
    അച്ഛന്‍ ഓര്‍മ്മയായിട്ട് ഇന്ന് 30 വര്‍ഷമായി. 1991 മാര്‍ച്ച് 30 നായിരുന്നു അത്. ഞാന്‍ അന്ന് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയാണ്. അച്ഛന് നെഞ്ചുവേദന വന്നു, പട്ടം എസ് യു ടിയിലാണ് എന്ന് ഓഫീസില്‍ അറിയിപ്പു കിട്ടി ഞാനെത്തിയപ്പോഴും ആ ശ്വാസം നിലച്ചിരുന്നു. സ്‌നേഹം മാത്രം പകര്‍ന്നുതന്ന, വലിയ പ്രതീക്ഷകള്‍ എന്നു നിലനിര്‍ത്തിയ, ഉറക്കെ ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആ മുഖം ശാന്തമായി . നല്ല ഉറക്കത്തിലാണ്,വിളിക്കണ്ട എന്നു പറയുന്നപോലെ തോന്നി.
 
   മൈനാഗപ്പള്ളിയിലെ വലിയവിളയില്‍ രാഘവന്‍ പിള്ള ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു. ഓര്‍മ്മ വച്ച നാള്‍ മുതല്‍ ചുവന്ന കൊടിയും പാര്‍ട്ടി യോഗങ്ങളും യോഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കട്ടന്‍ കാപ്പിയും കപ്പയും ഒക്കെ നല്‍കുന്ന ബഹളവുമൊക്കെയുള്ള ഒരുത്സവാന്തരീക്ഷം മനസ്സില്‍ എപ്പോഴും വന്നു നിറയാറുണ്ട്. അവിടെ ഉയര്‍ന്നു കേള്‍ക്കുന്ന ശബ്ദം എപ്പോഴും അച്ഛന്റേതാകും. ഉച്ചത്തിലുള്ള ചിരി അടുത്ത വീടുകളില്‍ വരെ കേള്‍ക്കാം. അതുകൊണ്ടുതന്നെ അച്ഛന് രഹസ്യങ്ങള്‍ ഉണ്ടായിരുന്നില്ല എന്നു തോന്നുന്നു. തമാശയും ചിരിയും പോലെ തന്നെയാണ് ദേഷ്യവും. തെറ്റു കണ്ടാല്‍ പെട്ടെന്ന് കോപിഷ്ടനാകും, അതുപോലെ തണുക്കുകയും ചെയ്യും. പ്രത്യേകിച്ചും സഖാക്കള്‍ക്ക്  തെറ്റ് സംഭവിക്കാന്‍ പാടില്ല എന്നാതായിരുന്നു അച്ഛന്റെ നയം.

  കരനാഗപ്പള്ളിയില്‍ കല്ലേലിഭാഗത്ത് കൊച്ചുകളീക്കല്‍ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്. അത് അമ്മയുടെ തറവാടായിരുന്നു. അമ്മയുടെ ബന്ധുക്കളില്‍ ഭൂരിഭാഗവും മാര്‍ക്‌സിസ്റ്റുകാരും കുറേപേര്‍ കോണ്‍ഗ്രസുകാരുമാണ്. അച്ഛന്‍ സിപിഐയും. മാര്‍ക്‌സിസ്റ്റുകാരുടെ ഏറ്റവും പ്രധാന ശത്രു അച്ഛനായിരുന്നു.സിപിഐയുടെ പ്രദേശത്തെ നേതൃത്വം അച്ഛനാണ് എന്നത് തന്നെ കാരണം.പ്രൈമറി സ്‌കൂള്‍ അധ്യാപകനായ അച്ഛന് അധ്യാപക സംഘടനാ രംഗത്തും വലിയ പ്രതിസന്ധികല്‍ നേരിടേണ്ടി വന്നിരുന്നു. കേരള ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനിലെ സിപിഎമ്മിന്റെ പിടിമുറുക്കലിനെ തടയാനുളള സംഘടനയുടെ കേന്ദ്രകമ്മറ്റി അംഗം എന്ന നിലയിലുളള അച്ഛന്റെയും ഏതാനും സുഹൃത്തുക്കളുടെയും നീക്കം സംഘടനയ്ക്ക് വലിയ തലവേദനയായപ്പോള്‍ അവര്‍ അച്ഛനെയും സുഹൃത്തുക്കളെയും സംഘടനയില്‍ നിന്നും പുറത്താക്കി. അച്ഛനും കൂട്ടരും  കേരള ഗവണ്‍മെന്റ് പ്രൈമറി ടീച്ചേഴ്‌സ് യൂണിയന്‍ എന്നൊരു സംഘടനയുണ്ടാക്കി. അച്ഛന്‍ അതിന്റെ നേതൃത്വത്തിലേക്ക് വന്നു. പിന്നെ സംസ്ഥാനമൊട്ടാകെ സംഘടന വളര്‍ത്താനുളള ഓട്ടമായിരുന്നു. ഇതിനിടെ അന്ന് വലിയ വിലയൊന്നുമില്ലാത്ത ഭൂമികളൊക്കെ വിറ്റുകൊണ്ടുമിരുന്നു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഒരാവേശമായി കൊണ്ടുനടക്കുന്ന വികാരപരമായ സമീപനം അച്ഛന് വളരെ കൂടുതലായിരുന്നു. സമാധാനപരമായി സംഘടനാ പ്രവര്‍ത്തനം നടത്തിയത് ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തായിരുന്നു എന്നോര്‍ക്കുന്നു.

   ഓരോ യാത്രയും എന്നെയും സഹോദരന്‍ അജയ കുമാറിനെയും ( കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിന്നും വിരമിച്ച് കടവന്ത്രയില്‍ താമസം ) സഹോദരി വിനീതയെയും (ചടയമംഗലം ഹൈസ്‌കൂള്‍ അധ്യാപിക,നിലമേല്‍ താമസം ) സന്തോഷിപ്പിച്ചത് വരുമ്പോള്‍ വായിക്കാന്‍ കൊണ്ടുവരുന്ന പുസ്തകങ്ങളായിരുന്നു. പൈകോയുടെ സമ്മാനപ്പെട്ടികള്‍ ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍. സോവിയറ്റ് നാട് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി പലതും. അച്ഛന്റെ സുഹൃത്തുക്കള്‍ കൊണ്ടുവരുന്ന ചോക്ലേറ്റ് മിഠായികള്‍. അന്ന് നാട്ടില്‍ നാരങ്ങാ മിഠായിയും ഗ്യാസ് മിഠായിയും പ്യാരീസും മാത്രമെ ലഭിച്ചിരുന്നുള്ളു. ഇത് മനോഹര ചിത്രങ്ങളുള്ള ബോക്‌സുകളിലാണ് കൊണ്ടുവരിക. വായനയ്ക്കുളള എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയിരുന്നു. ജനയുഗം,ബാലയുഗം,പൂമ്പാറ്റ,സിനിരമ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങള്‍. സര്‍ഗ്ഗ വാസനകള്‍ പുഷ്ടിപ്പെടുത്താന്‍ ഹോചിമിന്‍ മൊമ്മോറിയല്‍ ബാലവേദി. അങ്ങിനെ ഓര്‍ക്കാന്‍ നിരവധി കാര്യങ്ങള്‍. വേലിക്കെട്ടില്ലാത്ത വീടായിരുന്നു. വൈകിട്ട് അയല്‍വീട്ടുകാരുടെ ഒരു സഭ തന്നെ വീട്ടുവരാന്തയിലുണ്ടാവും. പലരുടെയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്നതും അവിടെയാണ്.

   വലിയ സാമ്പത്തിക ബാധ്യതയുള്ളപ്പോഴും എന്നെ പ്രീഡിഗ്രിക്ക് മാര്‍ ഇവാനിയോസില്‍ കൊണ്ടുവന്ന് ചേര്‍ത്തതും പിന്നീട് എംഎസ്സിക്ക് പഠിക്കാന്‍ വിദീഷയില്‍ അയച്ചതുമൊക്കെ പലപ്പോഴും അത്ഭുതത്തോടെയാണ് ഞാന്‍ കാണാറുള്ളത്. ഞാന്‍ ഇത്തരം റിസ്‌ക്കുകള്‍ എടുക്കുമായിരുന്നോ എന്നു ചോദിച്ചാല്‍ ഇല്ല എന്നെ ഞാന്‍ പറയൂ. കാരണം എനിക്ക് അതിനുളള ശക്തിയില്ല, അല്ലെങ്കില്‍ അനുഭവജ്ഞാനമില്ല എന്നേ പറയാന്‍ കഴിയൂ.

    ഓര്‍മ്മയുടെ ക്യാന്‍വാസ് വളരെ വലുതാകുന്നു. ഞാന്‍ ചുരുക്കുകയാണ്. അച്ഛന്‍ പൊതുപ്രവര്‍ത്തകനായതിന്റെ ബുദ്ധിമുട്ടുകള്‍ നിശബ്ദം അംഗീകരിച്ച് മുന്നോട്ടുപോയ ഒരാളുണ്ട്. ഞങ്ങളുടെ അമ്മ. പലപ്പോഴും വീട്ടുചിലവിനായി മുട്ടയും പാലും വിറ്റ പണം ഉപയോഗിക്കേണ്ടി വന്നിട്ടും നാടിന്റെ നല്ലതിനുവേണ്ടിയാണല്ലൊ സാമൂഹ്യ പ്രവര്‍ത്തനം എന്ന് കണ്ടൊരാള്‍. അമ്മ ശാന്തമ്മ ഇപ്പോള്‍ സഹോദരിക്കൊപ്പം നിലമേലാണ് താമസം. അച്ഛന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ശിരസു നമിക്കുന്നു. ഒത്തിരി സ്്‌നേഹത്തോടെ

  (ഇത്തരത്തിലുള്ള ഒരുപാടനുഭവങ്ങള്‍ എന്റെ പല സുഹൃത്തുക്കള്‍ക്കും ( ശ്രീപ്രകാശ് ,ആന്‍ഡമാന്‍), രഞ്ജിത്(കരനാഗപ്പള്ളി) പറയാനുണ്ടാവും)  

 

Wednesday, 25 March 2020

Post corona,kerala has to think of food security

കേരളം ഭക്ഷണ കാര്യത്തില്‍ സ്വയം പര്യാപ്തമാകണം
  ലോകമാകെ ഭീതിയിലാണ്. ചൈനയിലെ വുഹാനില്‍ ആരംഭിക്കുകയും ലോകമാകെ പടര്‍ന്നു വ്യാപിക്കുകയും ചെയ്ത കോവിഡ്-19 ഇരുപത്തി ഒന്നാം നൂറ്റാണ്ട് കണ്ട മഹാവിപത്തായി മാറുകയാണ്. സാധാരണ ജലദോഷം മുതല്‍ സാര്‍സ് വരെ പരത്തുന്ന കൊറോണ വൈറസിന്റെ പുതിയ രൂപമാണ് കോവിഡ്-19. മരുന്ന് കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ രോഗപ്രതിരോധ ശേഷിയുള്ളവരാണ് ഇതിനെ അതിജീവിക്കുന്നത്. രോഗികളുടെ ശരീരത്തില്‍ നിന്നും മറ്റൊരാളുടെ ശരീരത്തില്‍ പറ്റിപ്പിടിച്ച് മൂക്കിലൂടെയും വായിലൂടെയും കണ്ണിലൂടെയും ശരീരത്തില്‍ കടന്ന് രോഗമുണ്ടാക്കുന്നതിനാല്‍ വേഗത്തില്‍ വ്യാപിക്കുന്ന രോഗമായി ഇതിനെ കണക്കാക്കിയിരിക്കയാണ്. ഒരാള്‍ മറ്റൊരാളിനെ സംശയത്തോടെ നോക്കേണ്ടിവരുന്ന, അപരിചിതരോടും അടുത്തവരോടുപോലും അകലം പാലിക്കുകയും പരസ്പ്പരം സ്‌നേഹപ്രകടനങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കുകയുമൊക്കെ ചെയ്യേണ്ടുന്ന അവസ്ഥ. സമൂഹം കുടുംബത്തിലേക്കും അവിടെനിന്നും വ്യക്തിയിലേക്കും ഒതുങ്ങാന്‍ പ്രേരിപ്പിക്കുന്ന രോഗാതുരമായ സമൂഹം പോകപ്പോകെ എങ്ങിനെ പ്രതികരിക്കും എന്നുപോലും പറയാന്‍ കഴിയില്ല.

  ലോകത്തിലെ മികച്ച ഇടങ്ങള്‍ എന്ന് നമ്മള്‍ മുദ്ര ചാര്‍ത്തിയ അമേരിക്കയും യൂറോപ്പും ഇംഗ്ലണ്ടുമൊന്നും രോഗാവസ്ഥയില്‍ സുരക്ഷിതമായ ഇടങ്ങളല്ല എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ആഗോളമനുഷ്യന്‍ സ്വന്തം നാടിന്റെയും വീടിന്റെയും അതിരുകളിലേക്ക് മടങ്ങി വരുകയാണ്. തിരക്കുകളുടെ വലിയ ലോകത്തുനിന്നും അവനവന്റെ ചെറിയ ലോകത്തിലേക്ക് താത്ക്കാലികമായെങ്കിലും അവന്‍ മടങ്ങുകയാണ്. ഇത്തരം യുദ്ധസമാനമായ അന്തരീക്ഷത്തില്‍ പലപ്പോഴും സംഭവിക്കുക ഭക്ഷ്യധാന്യങ്ങളുടെ ദൗര്‍ലഭ്യമാണ്. ലോകകമ്പോളത്തില്‍ നിന്നും പണം നല്‍കിയാല്‍ സുഭിക്ഷമായി എന്തും എത്തും എന്ന ധാരണയ്ക്കുള്ള   തിരിച്ചടികൂടിയാണ് ഈ കൊറോണക്കാലം.

  തമിഴ്‌നാട് അതിര്‍ത്തികള്‍ അടയ്ക്കുന്നു,കേരളത്തിലേക്കുള്ള ഭക്ഷണസാധനങ്ങളുടെ വരവ് കുറയുന്നു എന്നു കേള്‍ക്കുമ്പോള്‍ കൃഷി ഉപേക്ഷിച്ച മലയാളി ഭയക്കുകയാണ്. ഇനിയെന്താകും എന്ന ഉത്കണ്ഠ നമുക്കുണ്ടാകുന്നു. ഭരണാധികാരികള്‍ തമ്മില്‍ സംസാരിക്കുമ്പോള്‍ ആ പ്രശ്‌നം പരിഹരിക്കപ്പെടും എന്നത് സത്യം. പക്ഷെ ഇത് നല്‍കുന്നൊരുള്‍ക്കാഴ്ചയുണ്ട്. നമ്മള്‍ ഉപേക്ഷിച്ചു തള്ളുന്ന കൃഷിയെ തിരിച്ചുപിടിക്കേണ്ടതുണ്ട് എന്നാതാണ് ആ തിരിച്ചറിവ്. സംസ്ഥാനം സ്വയം പര്യാപ്തമാവുക എന്നതല്ല, ഓരോ പഞ്ചായത്തും സ്വയം പര്യാപ്തമാവേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തലാണിത്.

  വിദേശങ്ങളില്‍ നിന്നും വരുന്ന പണം ഉപയോഗിച്ച്  വലിയ സൗധങ്ങളുണ്ടാക്കുകയും മാളുകള്‍ കെട്ടുകയും കേരളത്തെ വലിയൊരു കോണ്‍ക്രീറ്റ് കാടാക്കി മാറ്റുകയും ചെയ്യുന്ന മലയാളിയും നമ്മെ ഭരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവേചനബുദ്ധിയോടെ പിറകോട്ട് പോവേണ്ട കാലം സമാഗതമായിരിക്കുന്നു. ഇനി ഒരിഞ്ച് ഭൂമിയും അനാവശ്യമായ നിര്‍മ്മാണങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്നും കൃഷിക്കുപയുക്തമായ ഒരിഞ്ചു ഭൂമിയും പാഴാക്കില്ലെന്നും പ്രതിഞ്ജയെടുക്കേണ്ട സമയം ആഗതമായിരിക്കുന്നു. ജനസാന്ദ്രത കൂടിയ സംസ്ഥാനമെന്ന നിലയില്‍ ഗ്രാമങ്ങളില്‍ പോലും സ്വതന്ത്രമായ വലിയ വീടുകള്‍ക്കുപകരം ആവശ്യമായത്ര ഫ്‌ളാറ്റുകള്‍ മാത്രം നിര്‍മ്മിക്കുക, ഒന്നിലേറെ വീടുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കനത്ത നികുതി ചുമത്തുക, കൃഷി ഒരുപജീവനം എന്നതിലുപരി അതിജീവനത്തിനുള്ള ഉപാധിയായി പ്രഖ്യാപിക്കുക,സംയോജിത കൃഷി പരമാവധി പ്രോത്സാഹിപ്പിക്കുക, നഷ്ടമായ തണ്ണീര്‍ത്തടങ്ങളും തോടുകളും ജലസ്രോതസുകളും പുനരുജ്ജീവിപ്പിക്കുക, എല്ലാ വീടുകളിലും കൃഷി എന്ന നിലയിലേക്ക് സംസ്ഥാനത്തെ തിരിച്ചു കൊണ്ടുവരുക എന്നിവയാണ് ഈ കൊറോണ കാലത്ത് നമ്മളെടുക്കേണ്ട ഉറച്ച തീരുമാനങ്ങളും നടപ്പാക്കേണ്ട പദ്ധതികളും.ഭക്ഷണത്തിന് അന്യരെ ആശ്രയിക്കേണ്ട കാലം കഴിയുകയാണ്. അതല്ലെങ്കില്‍ പണവും അറിവുമുണ്ടാകും,പക്ഷെ പട്ടിണി മാറ്റാന്‍ കഴിയാതെ വരും. വെളളക്കോളര്‍ ജോലിയും  നീലക്കോളര്‍ ജോലിയും സ്വപ്‌നം കാണുന്ന മലയാളി നിത്യവും കുറച്ചു സമയമെങ്കിലും പച്ചകോളര്‍ ജോലിക്കായി മാറ്റിവയ്ക്കുന്നതാകട്ടെ പോസ്റ്റ് കൊറോണ നാളുകള്‍ .

Monday, 23 March 2020

Accident case of Sreeram Venkatesh and Basheer


ശ്രീറാം വെങ്കിട്ടരാമനും ബഷീറും
ജനാധിപത്യ സംവിധാനത്തിന്റെ ശരിയും തെറ്റും അളക്കാന്‍ കഴിയാത്തത്ര ദൂരങ്ങളിലാണ് നില്‍ക്കുന്നത്. ചിലരുടെ ശരി മറ്റു ചിലര്‍ക്ക് തെറ്റാകും. ഒരേ നിയമം തന്നെ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യും. 2002 ലാണ് മുംബയിലൂടെ അര്‍ദ്ധരാത്രിയില്‍ മദ്യപിച്ച്,അതിവേഗം കാറോടിച്ചുപോയ ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ വഴിയില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി വണ്ടി ഓടിച്ചുപോയത്. ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 12 മണിക്കൂറിന് ശേഷം സല്‍മാനെ പരിശേധിക്കുമ്പോഴും അനുവദനീയ അളവില്‍ കൂടുതല്‍ മദ്യം അയാളുടെ ശരീരത്തിലുണ്ടായിരുന്നു. കേസ് അനേകകാലം നീണ്ടു. ഒടുവില്‍ സല്‍മാനെ കോടതി വെറുതെ വിട്ടു.

  സൂപ്പര്‍ താരമായിരുന്നതിനാല്‍ ഈ കേസിന് വലിയ പബ്ലിസിറ്റി കിട്ടിയിരുന്നു. നിത്യേന നൂറുകണക്കിന് ഇത്തരം അപകടങ്ങള്‍ ഇന്ത്യയൊട്ടാകെ നടക്കുന്നു. ഇതെല്ലാം പത്രങ്ങളുടെ ലോക്കല്‍ പേജിലെ ഒരു മൂലയില്‍ അവസാനിക്കുന്നു. ഒന്നുകില്‍ മരണപ്പെടുന്നയാള്‍, അല്ലെങ്കില്‍ മരണത്തിന് കാരണമാകുന്നയാള്‍ പ്രശസ്തനാകണം, എങ്കിലെ ജനാധിപത്യത്തില്‍ കേസിനൊരു വിലയുണ്ടാകൂ. നാമെല്ലാം പരിപാവനമായി പൂജിപ്പിക്കുന്ന ഭരണഘടനയയില്‍ പറയുന്നതോ, എല്ലാ പൗരന്മാര്‍ക്കും തുല്യ പരിഗണനയും അവകാശവുമാണുളളതെന്നും.

  കേരളത്തിലും ചിത്രം മുംബയില്‍ നിന്നും ഭിന്നമല്ല. ഇവിടെ ശ്രീറാം വെങ്കിട്ട രാമന്‍ അര്‍ദ്ധരാത്രിയില്‍ വേഗത്തിലോടിച്ചു വന്ന വാഹനം ഇടിച്ചു മരിച്ചത് പത്രപ്രവര്‍ത്തകനായ ബഷീറാണ്. രണ്ടുപേരും പ്രശസ്തര്‍. ശ്രീറാം പറയുന്നത് വാഹനമോടിച്ചത് അദ്ദേഹമല്ല എന്നും മദ്യപിച്ചിരുന്നില്ല എന്നുമാണ്. അത് തെളിയിക്കേണ്ടത് കോടതിയിലാണ്. ഇതിന് മുന്‍പും പിന്‍പുമായി ഇത്തരം അപകടങ്ങള്‍ നൂറുകണക്കിന് കേരളത്തില്‍ നടന്നു. അതെല്ലാം കേസ്സുകളായി അന്വേഷണം നടക്കുകയുമാണ്.

  പലപ്പോഴും പോലീസ് മരണപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കാനായി ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന കാര്യം മറച്ചു വയ്ക്കാറുണ്ട്.കാരണം മദ്യപിച്ച് വാഹനം ഓടിച്ചാണ്  അപകടമുണ്ടായത് എന്ന് തെളിഞ്ഞാല്‍ ഇന്‍ഷുറന്‍സല്‍ നിന്നും ലഭിക്കേണ്ട ഭീമമായ തുക നഷ്ടമാകും. ഒരു സാധാരണ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതെന്നു കണ്ടാല്‍ പോലീസ് ,നിയമപരമായി തെറ്റാണെങ്കിലും , ഇങ്ങിനെ ഒരു വിട്ടുവീഴ്ച ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ 2017 വരെ മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാക്കിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുലോം കുറവായിരുന്നു. 2017 ല്‍ 197 കേസുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍  2018 ല്‍ നിയമം കര്‍ക്കശമാക്കിയതോടെ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം റിപ്പോര്‍ട്ടു ചെയ്തത്  1251 ആയി മാറി.

   ഇത്തരത്തിലുള്ള അപകടങ്ങളില്‍ ഈയിടെ ഷോക്കിംഗായത് 2020 മാര്‍ച്ച് 10 ന് പരീക്ഷ കഴിഞ്ഞുപോയ സ്‌കൂള്‍കുട്ടികളെ ഇടിച്ചിട്ട വാഹനാപകടമാണ്. 2019 ഒക്ടോബര്‍ 26ന് ഒരു സ്വകാര്യബസ് 30 വയസുളള ശ്യാംകുമാറിനെയും ഭാര്യ 27 വയസുള്ള ശില്‍പ്പയെയും ഇടിച്ചുകൊന്നതും വേദനകരമായ വാര്‍ത്തയായിരുന്നു. മദ്യം മാത്രമല്ല മയക്കു മരുന്നും അഹങ്കാരവുമൊക്കെ മദ്യത്തിന് തുല്യമാണ്. 2016 ആഗസ്റ്റ് 20 ന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന വിദ്യാര്‍ത്ഥിനിയുടെ മരണം, വര്‍ക്കല സിഎച്ചഎംഎം കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണം എന്നിങ്ങനെ അത്തരം ഉദാഹരണങ്ങളും ഏറെ.

   ശ്രീറാം-ബഷീര്‍ വിഷയത്തില്‍ ഇന്‍ഷുറന്‍സിന്റെ പ്രശ്‌നം വരുന്നില്ല. വിധി എതിരായാല്‍ ശ്രീറാം കോടതി വിധിക്കുന്ന തുക  നല്‍കാന്‍ കഴിയുന്ന ആളാകാം. എന്നാല്‍ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചോടിച്ചതിനാലാണ് അപകടം എന്നു വന്നാല്‍ മരണപ്പെട്ട ദമ്പതികളുടെ വീട്ടുകര്‍ക്ക് എന്ത് ലഭിക്കും എന്ന് കണ്ടറിയേണ്ടതാണ്. മാനുഷിക പരിഗണനയാണ് മുന്‍തൂക്കമുള്ള വിഷയമെങ്കില്‍ വാഹനാപകടത്തില്‍ മരണമടയുന്ന ഓരോ വ്യക്തിയുടെയും വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നല്‍കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകനായതിനാല്‍ ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും മക്കള്‍ക്കും ഉമ്മായ്ക്കും 2 ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നല്‍കി. ഇത്തരത്തില്‍ ഹതാശരായ നൂറുകണക്കിനാളുകള്‍ കേരളത്തില്‍ ആരും ശ്രദ്ധിക്കാതെ നീതിക്കായി അലയുന്നുണ്ട്. മാധ്യമങ്ങളും പൊതുസമൂഹവും ഇതും കൂടി കാണേണ്ടതുണ്ട്. അതിനു പകരം മനുഷ്യര്‍ക്ക് സ്വബോധമുള്ളപ്പോഴോ അല്ലാത്തപ്പോഴോ വരാവുന്ന ഒരബദ്ധത്തിന്റെ പേരില്‍ ഒരാളെ ജീവിത കാലം മുഴുവന്‍ സര്‍വ്വീസില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്നത് നീതിബോധമോ മനുഷ്യത്തമോ ആണെന്നുതോന്നുന്നില്ല. ഒരാളിനെ തകര്‍ക്കുക എന്ന നിലയിലുള്ള നീക്കം മാത്രമാണത്. ഇത് ഇവിടെ ആദ്യം സൂചിപ്പിച്ച കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.  ' ജനാധിപത്യ സംവിധാനത്തിന്റെ ശരിയും തെറ്റും അളക്കാന്‍ കഴിയാത്ത ദൂരത്തിലാണ്, ഓരേ നിയമം തന്നെ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു.