മിനിക്കഥ
മേജര്‍ കോവിഡ്
-വി.ആര്‍.അജിത് കുമാര്‍
മേജര്‍ രവീന്ദ്രന്‍ പട്ടാളത്തില്‍ പുലിയായിരുന്നു,വെറും പുലിയല്ല പുപ്പുലി. പക്ഷെ വീട്ടില്‍ അങ്ങിനെയായിരുന്നില്ല. അനുസരണയുള്ളൊരു പൂച്ച മാത്രം. രാജേശ്വരിയെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. മിലട്ടറി ആശുപത്രിയിലെ നഴ്‌സായിരുന്നു സുന്ദരിയായ രാജേശ്വരി. വിവാഹം കഴിഞ്ഞതോടെ മേജര്‍ ജോലിയില്‍ കഠിന ഹൃദയനും വീട്ടില്‍ ഉരുകുന്ന മഞ്ഞുമായി മാറി. രണ്ട് പെണ്‍മക്കളായിരുന്നു അവര്‍ക്ക്. അമ്മയുടെ ശക്തമായ നിയന്ത്രണത്തില്‍ വളര്‍ന്ന കുട്ടികള്‍ വിവാഹം കഴിഞ്ഞതോടെ ഉയിരുംകൊണ്ട് രക്ഷപെട്ടു. പിന്നീടവരുടെ വരവ് വര്‍ഷത്തിലൊരിക്കല്‍ മാത്രമായി.വന്നാലും വീട്ടില്‍ തങ്ങില്ല.ഹോട്ടലില്‍ താമസിച്ച് അമ്മയെയും അച്ഛനെയും വന്നു കണ്ടുപോകും. മക്കളും കൊച്ചുമക്കളും വീട് വൃത്തികേടാക്കും എന്നായിരുന്നു രാജേശ്വരി പറയുക.
മേജര്‍ക്ക് പക്ഷെ പോകാന്‍ മറ്റൊരിടമില്ലാത്തതിനാല്‍ പല്ലുപോയൊരു സിംഹത്തെപോലെ അവിടെ കഴിഞ്ഞുകൂടുകയായിരുന്നു. പഴയ കാല റൊമാന്‍സുമായൊക്കെ ചെന്നാല്‍ രാജേശ്വരി കണ്ണുരുട്ടും. അതുകൊണ്ടുതന്നെ ജീവിതക്രമം താഴെ പറയും പ്രകാരമായിരുന്നു. രാവിലെ ഉണര്‍ന്നാല്‍ ഒരു മണിക്കൂര്‍ നടത്തം. തിരികെ വന്ന് കുളി കഴിഞ്ഞ് പ്രഭാതഭക്ഷണം കഴിച്ചാലുടന്‍ ഇറങ്ങും. ലൈബ്രറിയിലേക്കാണ് യാത്ര.ഉച്ചഭക്ഷണം അവിടത്തെ കാന്റീനില്‍ തന്നെ. വൈകിട്ട് എട്ടുമണിയ്ക്ക് ലൈബ്രറി അടയ്ക്കുമ്പോള്‍ ഇറങ്ങും. വീട്ടിലെത്തുമ്പോള്‍ ആവശ്യമുള്ളതും ഇല്ലാത്തതുമായ ചില കുറ്റങ്ങളും കുറവുകളുമൊക്കെ രാജേശ്വരി പറയും. ഒന്നിനും മറുപടി പറയാതെ കുളി കഴിഞ്ഞുവന്ന് രണ്ട് പെഗ്ഗ് സേവിക്കും. ഭക്ഷണം കഴിക്കും. തന്റെ മുറിയില്‍ തനിക്കു മാത്രമായി സെറ്റു ചെയ്തിട്ടുളള ടിവിയില്‍ ബിബിസി വാര്‍ത്ത കേള്‍ക്കും. പത്തു മണിയോടെ ഉറക്കം പിടിക്കും.
വളരെ മനോഹരമായി ജീവിതം ഇത്തരത്തില്‍ നീങ്ങവെയാണ് ഇത്തിരി കുഞ്ഞന്‍ ചൈനീസ് കൊറോണ ആടിത്തുള്ളാന്‍ തുടങ്ങിയത്. അതൊരു പ്രചണ്ഡതാളമായി കേരളത്തിലെത്തിയപ്പോഴും മേജര്‍ പതിവ് നടത്തം മുടക്കിയില്ല. പക്ഷെ ലൈബ്രറി അടഞ്ഞുകിടന്നത് വലിയ ക്ഷീണമായി. നടത്ത കഴിഞ്ഞുവന്ന് വീട്ടിലെ സ്വന്തം മുറിയില്‍ ഒതുങ്ങിക്കൂടും. എങ്കിലും ഇടയ്‌ക്കൊക്കെ രാജേശ്വരിയെ കാണേണ്ടി വരുന്നതും ഉച്ചഭക്ഷണവുമൊക്കെ രണ്ടു കൂട്ടര്‍ക്കും ബുദ്ധിമുട്ടായിരുന്നു. സഹിച്ചല്ലെ പറ്റൂ. വൈകിട്ടുള്ള സേവയായിരുന്നു ഏക ആശ്വാസം. എന്നാല്‍ ക്വാട്ട തീര്‍ന്നതോടെ ജീവിതം താളം തെറ്റാന്‍ തുടങ്ങി. രാവിലെയുളള നടത്തം കഴിയുന്നതോടെ ജീവിതം കോവിഡ് ബാധിച്ചപോലെയായി. രാവിലത്തെ നടത്തം ഡ്രോണ്‍ കണ്ടെത്തിയതോടെ അതും നിലച്ചു. ഇപ്പോള്‍ മേജര്‍ ഭക്ഷണത്തിനായി മാത്രമെ കട്ടിലില്‍ നിന്നിറങ്ങാറുള്ളു. ആരുമായും മിണ്ടാട്ടവുമില്ല, ഉരിയാടലുമില്ല. ചുരുണ്ടുകൂടി ഒരു കിടപ്പാണ്. രാജേശ്വരിക്ക് ഇതൊക്കെ ഒരു തമാശപോലെയായിരുന്നു. അവരുടെ പതിവ് ജീവിതത്തിന് കോവിഡ് ഒരു പ്രശ്‌നമെ ആയിരുന്നില്ല. അവര്‍ക്ക് സാധാരണ തോന്നാത്തൊരു വികൃതിയാണ് അപ്പോള്‍ തോന്നിയത്. വീടിന് മുന്നിലെ മേജര്‍ രവീന്ദ്രന്‍ എന്ന ബോര്‍ഡില്‍ രവീന്ദ്രന്‍ എന്നതിന് മുകളിലായി അവര്‍ ഇങ്ങിനെ എഴുതി ഒട്ടിച്ചു. കോവിഡ്. എന്നിട്ടവര്‍ വായിച്ചു. മേജര്‍ കോവിഡ്. ദൂരെ മാറി നിന്ന് അതിന്റെ ചന്തം നോക്കിയ ശേഷം അവര്‍ സ്വയം പറഞ്ഞു, എന്താ -ല്ലെ ?
No comments:
Post a Comment