ശ്രീറാം വെങ്കിട്ടരാമനും ബഷീറും
ജനാധിപത്യ സംവിധാനത്തിന്റെ ശരിയും തെറ്റും അളക്കാന്‍ കഴിയാത്തത്ര ദൂരങ്ങളിലാണ് നില്‍ക്കുന്നത്. ചിലരുടെ ശരി മറ്റു ചിലര്‍ക്ക് തെറ്റാകും. ഒരേ നിയമം തന്നെ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുകയും ചെയ്യും. 2002 ലാണ് മുംബയിലൂടെ അര്‍ദ്ധരാത്രിയില്‍ മദ്യപിച്ച്,അതിവേഗം കാറോടിച്ചുപോയ ബോളിവുഡിലെ സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ വഴിയില്‍ ഉറങ്ങിക്കിടന്നവരുടെ ദേഹത്തുകൂടി വണ്ടി ഓടിച്ചുപോയത്. ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 12 മണിക്കൂറിന് ശേഷം സല്‍മാനെ പരിശേധിക്കുമ്പോഴും അനുവദനീയ അളവില്‍ കൂടുതല്‍ മദ്യം അയാളുടെ ശരീരത്തിലുണ്ടായിരുന്നു. കേസ് അനേകകാലം നീണ്ടു. ഒടുവില്‍ സല്‍മാനെ കോടതി വെറുതെ വിട്ടു.
സൂപ്പര്‍ താരമായിരുന്നതിനാല്‍ ഈ കേസിന് വലിയ പബ്ലിസിറ്റി കിട്ടിയിരുന്നു. നിത്യേന നൂറുകണക്കിന് ഇത്തരം അപകടങ്ങള്‍ ഇന്ത്യയൊട്ടാകെ നടക്കുന്നു. ഇതെല്ലാം പത്രങ്ങളുടെ ലോക്കല്‍ പേജിലെ ഒരു മൂലയില്‍ അവസാനിക്കുന്നു. ഒന്നുകില്‍ മരണപ്പെടുന്നയാള്‍, അല്ലെങ്കില്‍ മരണത്തിന് കാരണമാകുന്നയാള്‍ പ്രശസ്തനാകണം, എങ്കിലെ ജനാധിപത്യത്തില്‍ കേസിനൊരു വിലയുണ്ടാകൂ. നാമെല്ലാം പരിപാവനമായി പൂജിപ്പിക്കുന്ന ഭരണഘടനയയില്‍ പറയുന്നതോ, എല്ലാ പൗരന്മാര്‍ക്കും തുല്യ പരിഗണനയും അവകാശവുമാണുളളതെന്നും.
കേരളത്തിലും ചിത്രം മുംബയില്‍ നിന്നും ഭിന്നമല്ല. ഇവിടെ ശ്രീറാം വെങ്കിട്ട രാമന്‍ അര്‍ദ്ധരാത്രിയില്‍ വേഗത്തിലോടിച്ചു വന്ന വാഹനം ഇടിച്ചു മരിച്ചത് പത്രപ്രവര്‍ത്തകനായ ബഷീറാണ്. രണ്ടുപേരും പ്രശസ്തര്‍. ശ്രീറാം പറയുന്നത് വാഹനമോടിച്ചത് അദ്ദേഹമല്ല എന്നും മദ്യപിച്ചിരുന്നില്ല എന്നുമാണ്. അത് തെളിയിക്കേണ്ടത് കോടതിയിലാണ്. ഇതിന് മുന്‍പും പിന്‍പുമായി ഇത്തരം അപകടങ്ങള്‍ നൂറുകണക്കിന് കേരളത്തില്‍ നടന്നു. അതെല്ലാം കേസ്സുകളായി അന്വേഷണം നടക്കുകയുമാണ്.
പലപ്പോഴും പോലീസ് മരണപ്പെട്ടവരുടെ ബന്ധുക്കളെ സഹായിക്കാനായി ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചത് എന്ന കാര്യം മറച്ചു വയ്ക്കാറുണ്ട്.കാരണം മദ്യപിച്ച് വാഹനം ഓടിച്ചാണ് അപകടമുണ്ടായത് എന്ന് തെളിഞ്ഞാല്‍ ഇന്‍ഷുറന്‍സല്‍ നിന്നും ലഭിക്കേണ്ട ഭീമമായ തുക നഷ്ടമാകും. ഒരു സാധാരണ ഡ്രൈവറാണ് വാഹനം ഓടിക്കുന്നതെന്നു കണ്ടാല്‍ പോലീസ് ,നിയമപരമായി തെറ്റാണെങ്കിലും , ഇങ്ങിനെ ഒരു വിട്ടുവീഴ്ച ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ 2017 വരെ മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാക്കിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തുലോം കുറവായിരുന്നു. 2017 ല്‍ 197 കേസുകളാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 2018 ല്‍ നിയമം കര്‍ക്കശമാക്കിയതോടെ മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടം റിപ്പോര്‍ട്ടു ചെയ്തത് 1251 ആയി മാറി.
ഇത്തരത്തിലുള്ള അപകടങ്ങളില്‍ ഈയിടെ ഷോക്കിംഗായത് 2020 മാര്‍ച്ച് 10 ന് പരീക്ഷ കഴിഞ്ഞുപോയ സ്‌കൂള്‍കുട്ടികളെ ഇടിച്ചിട്ട വാഹനാപകടമാണ്. 2019 ഒക്ടോബര്‍ 26ന് ഒരു സ്വകാര്യബസ് 30 വയസുളള ശ്യാംകുമാറിനെയും ഭാര്യ 27 വയസുള്ള ശില്‍പ്പയെയും ഇടിച്ചുകൊന്നതും വേദനകരമായ വാര്‍ത്തയായിരുന്നു. മദ്യം മാത്രമല്ല മയക്കു മരുന്നും അഹങ്കാരവുമൊക്കെ മദ്യത്തിന് തുല്യമാണ്. 2016 ആഗസ്റ്റ് 20 ന് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന വിദ്യാര്‍ത്ഥിനിയുടെ മരണം, വര്‍ക്കല സിഎച്ചഎംഎം കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ മരണം എന്നിങ്ങനെ അത്തരം ഉദാഹരണങ്ങളും ഏറെ.
ശ്രീറാം-ബഷീര്‍ വിഷയത്തില്‍ ഇന്‍ഷുറന്‍സിന്റെ പ്രശ്‌നം വരുന്നില്ല. വിധി എതിരായാല്‍ ശ്രീറാം കോടതി വിധിക്കുന്ന തുക നല്‍കാന്‍ കഴിയുന്ന ആളാകാം. എന്നാല്‍ സ്വകാര്യ ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചോടിച്ചതിനാലാണ് അപകടം എന്നു വന്നാല്‍ മരണപ്പെട്ട ദമ്പതികളുടെ വീട്ടുകര്‍ക്ക് എന്ത് ലഭിക്കും എന്ന് കണ്ടറിയേണ്ടതാണ്. മാനുഷിക പരിഗണനയാണ് മുന്‍തൂക്കമുള്ള വിഷയമെങ്കില്‍ വാഹനാപകടത്തില്‍ മരണമടയുന്ന ഓരോ വ്യക്തിയുടെയും വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നല്‍കേണ്ടതാണ്. മാധ്യമപ്രവര്‍ത്തകനായതിനാല്‍ ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലിയും മക്കള്‍ക്കും ഉമ്മായ്ക്കും 2 ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നല്‍കി. ഇത്തരത്തില്‍ ഹതാശരായ നൂറുകണക്കിനാളുകള്‍ കേരളത്തില്‍ ആരും ശ്രദ്ധിക്കാതെ നീതിക്കായി അലയുന്നുണ്ട്. മാധ്യമങ്ങളും പൊതുസമൂഹവും ഇതും കൂടി കാണേണ്ടതുണ്ട്. അതിനു പകരം മനുഷ്യര്‍ക്ക് സ്വബോധമുള്ളപ്പോഴോ അല്ലാത്തപ്പോഴോ വരാവുന്ന ഒരബദ്ധത്തിന്റെ പേരില്‍ ഒരാളെ ജീവിത കാലം മുഴുവന്‍ സര്‍വ്വീസില്‍ നിന്നും മാറ്റിനിര്‍ത്തുകയാണ് വേണ്ടതെന്ന് ആവശ്യപ്പെടുന്നത് നീതിബോധമോ മനുഷ്യത്തമോ ആണെന്നുതോന്നുന്നില്ല. ഒരാളിനെ തകര്‍ക്കുക എന്ന നിലയിലുള്ള നീക്കം മാത്രമാണത്. ഇത് ഇവിടെ ആദ്യം സൂചിപ്പിച്ച കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. ' ജനാധിപത്യ സംവിധാനത്തിന്റെ ശരിയും തെറ്റും അളക്കാന്‍ കഴിയാത്ത ദൂരത്തിലാണ്, ഓരേ നിയമം തന്നെ വ്യക്തികള്‍ക്കനുസരിച്ച് വ്യത്യാസപ്പെടുന്നു.
No comments:
Post a Comment