Friday, 24 May 2019

India Gate


              ഇന്ത്യാ ഗേറ്റ്

1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റി ട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 7
   ശ്രീക്കുട്ടന്‍ ഇന്ത്യാ ഗേറ്റ് പലവട്ടം കണ്ടിട്ടുണ്ട്. അതിനടുത്തുള്ള കുട്ടികളുടെ പാര്‍ക്കില്‍ അനേകം തവണ കളിക്കാനും പോയിട്ടുണ്ട്. എന്നാല്‍ ഇന്ത്യാ ഗേറ്റ് എന്തിനു വേണ്ടി നിര്‍മ്മിച്ചു, എപ്പോള്‍ നിര്‍മ്മിച്ചു എന്നൊന്നും അവനറിയില്ലായിരുന്നു. ശ്രീക്കുട്ടിയും അതിനെകുറിച്ച് ചിന്തിച്ചിരുന്നില്ല. അച്ഛന്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് അവരില്‍ അതറിയാനുള്ള താത്പര്യം ജനിച്ചത്. പിന്നെ അമാന്തിച്ചില്ല. അച്ഛനോടൊപ്പം നേരെ ഇന്ത്യാ ഗേറ്റിലേക്ക് യാത്രയായി. ഡല്‍ഹിയില്‍ വരുംമുന്‍പ് ശ്രീക്കുട്ടി കരുതിയിരുന്നത് ഇന്ത്യയിലേക്ക് കടക്കുന്ന അതിര്‍ത്തി ഗേറ്റാണ് ഇന്ത്യാ ഗേറ്റ് എന്നായിരുന്നു. ഡല്‍ഹിയില്‍ എത്തിയതോടെ ആ സംശയം മാറി.

  അനേകം ഏക്കറിലായി പരന്നുകിടക്കുന്ന പ്രിന്‍സസ് പാര്‍ക്കിന്റെ ദക്ഷിണ കോണിലാണ് ഇന്ത്യാ ഗേറ്റ് നില്‍ക്കുന്നത്. അതിനടുത്തെത്തി നിന്നിട്ട് അച്ഛന്‍ വിവരിക്കാന്‍ തുടങ്ങി. ' ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച എഴുപതിനായിരം ഇന്ത്യന്‍ പട്ടാളക്കാരുടെ സ്മരണയ്ക്കാണ് ഇന്ത്യാ ഗേറ്റ് നിര്‍മ്മിച്ചത്. വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിക്കപ്പുറത്ത് മരണമടഞ്ഞ പതിമൂവായിരത്തി അഞ്ഞൂറ്റി പതിനാറ് പട്ടാളക്കാരുടെ പേരുകള്‍ ഇതില്‍ കൊത്തിയിട്ടുണ്ട്. വലത് തൂണില്‍ ബ്രിട്ടീഷുകാരുടെയും ഇടതു തൂണില്‍ ഇന്ത്യക്കാരുടെയും പേരുകളാണുള്ളത് '

   ശ്രീക്കുട്ടി അടുത്തേക്ക് നീങ്ങി നിന്ന് പേരുകള്‍ വായിക്കാന്‍ തുടങ്ങി. അച്ഛന്‍ തുടര്‍ന്നു, ' ഇന്ത്യാ ഗേറ്റ്, ആള്‍ ഇന്ത്യ വാര്‍ മെമ്മോറിയല്‍ എന്നാണ് നേരത്തെ അറിയപ്പെട്ടിരുന്നത്. 1921 ഫെബ്രുവരി 10 ന് കൊണാട്ട് പ്രഭുവാണ് ഇതിന്റെ തറക്കല്ലിട്ടത്. സര്‍ എഡ്വിന്‍ ലൂട്ടന്‍ രാജ്പഥില്‍ ഒരു വിജയകമാനം എന്ന നിലയിലാണ് ആദ്യ മാതൃകയുണ്ടാക്കിയത്. എന്നാല്‍ മാറ്റങ്ങളോടെ 1920 മാര്‍ച്ചില്‍ മാതൃക അംഗീകരിച്ചു. 1931 ല്‍ പണി പൂര്‍ത്തിയാക്കി. 48.7 മീറ്റര്‍ ഉയരമുള്ള ഇന്ത്യാ ഗേറ്റിന്റെ വീതി 21.3 മീറ്ററാണ്. മുകളില്‍ ചിത്രവേലകള്‍ക്കു പുറമെ ചെറുതായി ചെറുതായി കേന്ദ്രഭാഗത്തെത്തുന്ന അനേകം പടികളും കാണാം. '

   ശ്രീക്കുട്ടന്‍ ബൈനോക്കുലറിലൂടെ മുകള്‍വശം അടുത്തുകാണാന്‍ ശ്രമിച്ചു. ' ഏറ്റവും മുകളില്‍ കാണുന്നത് എന്താണച്ഛാ?', അവന്‍ ചോദിച്ചു.

  ' 3.5 മീറ്റര്‍ വ്യാസമുള്ള വൃത്താകാരമായ കല്‍ക്കുടമാണ് അത്. വിശേഷ ദിവസങ്ങളില്‍ ഇതില്‍ എണ്ണ നിറച്ച് കത്തിക്കുമായിരുന്നു. രാത്രിയില്‍ അത് കാണാന്‍ ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്. ഇപ്പോള്‍ ഒരു മീറ്ററിലേറെ ഉയരമുള്ള ദീപനാളം നിത്യവും വൈകിട്ട് ഏഴു മുതല്‍ പതിനൊന്നു വരെ കത്തിക്കാറുണ്ട്. അത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും. കുറച്ചു ദൂരെമാറിനിന്ന് നോക്കണമെന്നു മാത്രം.', അച്ഛന്‍ പറഞ്ഞു നിര്‍ത്തി.

 ' കമാനത്തിന്റെ താഴെ കാണുന്നത് എന്താണച്ഛാ ?', ശ്രീക്കുട്ടന്‍ അടുത്ത സംശയം എറിഞ്ഞു.

' അതാണ് മോളെ അമര്‍ ജവാന്‍ ജ്യോതി. 1971 ഡിസംബറില്‍ നടന്ന ഇന്ത്യാ- പാക് യുദ്ധത്തില്‍ മരണമടഞ്ഞ വീരജവാന്മാരുടെ സ്മരണാര്‍ത്ഥം 1972 ജനുവരി 26നാണ് ഇതുണ്ടാക്കിയത്. 4.5 മീറ്റര്‍ സമചതുരത്തിലുള്ള ഇതിന്റെ ഉയരം 1.29 മീറ്ററാണ്. മുകളിലെ കൈവരിയില്‍ തിരിച്ചുവച്ച ഒരു റൈഫിളും അതിന്റെ പാത്തിയില്‍ പട്ടാളഹെല്‍മറ്റും കണ്ടൊ. നാലുവശത്തും ഹിന്ദിയില്‍ ' അമര്‍ ജവാന്‍' എന്നെഴുതിയിട്ടുണ്ട്. ഇവിടെ കെടാത്ത നാളവും കാണാം', അച്ഛന്‍ പറഞ്ഞു.

ശ്രീക്കുട്ടനും ശ്രീക്കുട്ടിയും അത് ശ്രദ്ധിച്ചു കേള്‍ക്കുകയും ചുറ്റാകെ നടന്നു കാണുകയും ചെയ്തു.

  ' ഇവിടെ ഇരുപത്തിനാല് മണിക്കൂറും സേനയുടെ നിതാന്ത ജാഗ്രതയുണ്ട്. പ്രധാന ചടങ്ങുകള്‍ക്കെല്ലാം മൂന്നു സേനകളുടെയും പ്രതിനിധികള്‍ ഇവിടെ പുഷ്പാര്‍ച്ചന നടത്തും. സ്മാരകത്തിനു പിന്നില്‍ കാണുന്ന ഈ പതാകകള്‍ കര-നാവിക-വ്യോമ സേനകളുടേതാണ്. റിപ്പബ്ലിക് ദിന പരേഡിനു മുന്‍പായി പ്രധാനമന്ത്രി അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നത് നിങ്ങള്‍ ടീവിയില്‍ കണ്ടിട്ടുള്ളത് ഓര്‍ക്കുന്നുണ്ടോ?', അവര്‍ തലയാട്ടി. ഒരു നിമിഷം മൗനമായി നിന്ന് ജവാന്മാരുടെ സ്മരമ പുതുക്കി അവര്‍ വലതുവശത്തേക്ക് നടന്നു.

  വേനല്‍കാലം തുടങ്ങിയതിന്റെ തിരക്ക് ഇന്ത്യഗേറ്റിനു ചുറ്റാകെ അവര്‍ക്ക് കാണാന്‍ കഴിഞ്ഞു. വശങ്ങളിലെ ചെറുകുളങ്ങളില്‍ കൊത്തിവച്ച വലിയ താമരകളില്‍ നിന്നും ജലധാരകള്‍ പ്രവഹിക്കാന്‍ തുടങ്ങി. അടുത്തുള്ള ബോട്ട്ക്ലബ്ബില്‍ ആളുകള്‍ ചെറുബോട്ടുകള്‍ തുഴയുകയും അസ്തമയ സൂര്യനിലൂടെ രാഷ്ട്രപതി ഭവനും നോര്‍ത്ത് ബ്ലോക്കും സൗത്ത് ബ്ലോക്കും കണ്ടിരിക്കുകയും ചെയ്യുന്നതും അവര്‍ കണ്ടു. ബലൂണ്‍, പന്ത് തുടങ്ങി പല കളിപ്പാട്ടങ്ങളും വില്‍ക്കുന്നവരും കളിച്ചു രസിക്കുന്ന കുട്ടികളും എല്ലാം ചേര്‍ന്ന ആ ഉത്സവപ്പറമ്പില്‍ അവരും ലയിച്ചു ചേര്‍ന്നു.






Wednesday, 22 May 2019

Election 2019 - Final episode

കലാശക്കൊട്ട്

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി നടന്നു വരുന്ന ജനാധിപത്യത്തിന്റെ വലിയ ഉത്സവത്തിന് ഈ ആഴ്ച കൊടിയിറങ്ങും. ചെറു പൂരങ്ങളൊക്കെ കഴിഞ്ഞ് മഹാപൂരം നാളെയാണല്ലൊ. പിന്നെ ദൈവങ്ങളുടെ പ്രതിഷ്ഠയും ചില പൂജകളുമൊക്കെയുണ്ടാകും.

ഏഷ്യാനെറ്റ് രാവിലെ 5 മണിക്ക് ലൈവ് തുടങ്ങുമെന്നു പറയുന്നത് കേട്ടു. ഇന്നു രാത്രി 12 മണിക്ക് തുടങ്ങുന്ന ലൈവ് ഏതെങ്കിലും ചാനലിലുണ്ടോ എന്നറിയില്ല.ഒരു വിരുതന്‍ ഇന്ന് വാട്‌സ്ആപ്പില്‍ എഴുതിയിരിക്കുന്നതുകണ്ടു, നമ്മള്‍ സഖാക്കള്‍ എല്ലാവരും കൈരളി കണ്ട് മറ്റു ചാനലുകളുടെ പ്രൈംറേറ്റ് കുറപ്പിക്കണമെന്ന്.ഒരു തലച്ചോറില്‍ ന്തൈാക്കെയാ കിടന്നോടുന്നതെന്നു നോക്കണെ ?

  ഏതായാലും പ്രീപോള്‍ സര്‍വ്വെ, ഇലക്ഷന്‍ റിപ്പോര്‍ട്ടിംഗ്, വ്യക്തിഹത്യ, തല്ല്, കൊലപാതകം, വിവാദങ്ങള്‍, മരിച്ചവരെ പോലും വെറുതെ വിടാത്ത അഴിമതി ആരോപണ -പ്രത്യാരോപണങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷനെ എതിര്‍ക്കുന്നവര്‍, ഇഷ്ടപ്പെടുന്നവര്‍, ഉദ്യോഗസ്ഥരെ സംശയിക്കുന്നവര്‍, സ്‌നേഹിക്കുന്നവര്‍, ഒടുവില്‍ എക്‌സിറ്റ് പോള്‍ എന്ന പോസ്റ്റ് പോള്‍ സര്‍വ്വെ വരെ എത്തി നില്‍ക്കുന്നു കാര്യങ്ങള്‍.

സര്‍വ്വെ തട്ടിപ്പാണെന്നും നൂറു ശതമാനം ശരിയാണെന്നും ശരിയാകാമെന്നും ആകാതിരിക്കാമെന്നും വ്യത്യസ്തമായ അഭിപ്രായങ്ങള്‍. ഇവിഎം മെഷീനും വിവിപാറ്റും ഒക്കെ വലിയ താരങ്ങളായി മാറിയ ഇലക്ഷനാണ് കഴിഞ്ഞത്.

പേരില്‍ ഹിന്ദുവും ഇടതുപക്ഷ ചായ്വുമുള്ള ഹിന്ദു പത്രത്തിന്റെ അഭിപ്രായ സര്‍വ്വെയും വിലയിരുത്തലുകളും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഇതിലും ജനം മാറ്റം വരുത്തിയിട്ടുണ്ടാകാം. ജനാധിപത്യം പല അത്ഭുതങ്ങളും പ്രവര്‍ത്തിച്ചിട്ടുളള രാജ്യമാണ് ഇന്ത്യ, ഇനിയും അങ്ങിനെ തന്നെയാകട്ടെ എന്നാണ് ആഗ്രഹിക്കുന്നതും.

ഹിന്ദു-സിഎസ്ഡിഎസ്-ലോക്‌നീതി സര്‍വ്വെ പറയുന്നത്  പ്രാദേശിക പാര്‍ട്ടികള്‍ക്കും യുപിയെയ്ക്കും തടഞ്ഞു നിര്‍ത്താന്‍ കഴിയാത്തവിധം മോദി നേട്ടം കൈവരിച്ച തെരഞ്ഞെടുപ്പാണ് നടന്നത് എന്നാണ്. മോശം പ്രകടനം കാഴ്ചവച്ച എംപിമാര്‍ക്കുപോലും അവസരം നല്‍കിയ ബിജെപിയും മോദിയും നരേന്ദ്ര മോഡിക്കൊരവസരം കൂടി എന്ന നിലയില്‍ ഉയര്‍ത്തിവിട്ട ഇലക്ഷന്‍ പ്രചരണം ഫലം കണ്ടു എന്നതാണ് വിശേഷം. ഭരണത്തിലെ കുഴപ്പങ്ങളും തൊഴിലില്ലായ്മയും റഫേല്‍ അഴിമതിയുമൊന്നും വേണ്ടത്ര ഏശിയില്ല, എന്നാല്‍ രാജ്യരക്ഷയ്ക്ക് ഉറച്ചഭരണം എന്ന കാര്‍ഡും ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ ഏകീകരണവും വിജയിച്ചു.

 വടക്കും പടിഞ്ഞാറും ശക്തമായി ബിജെപിക്കൊപ്പം നില്‍ക്കുകയും കിഴക്കും വടക്കു കിഴക്കും 2014 നേക്കാള്‍ മേല്‍ക്കൈ നേടുകയും ചെയ്ത ബിജെപിക്ക് വേണ്ടത്ര വിജയിക്കാന്‍ കഴിയാതെപോയ ഇടം തെക്കേ ഇന്ത്യയാണ്. അവിടെയും കര്‍ണ്ണാടകയില്‍ ഭരണപക്ഷത്തിന്റെ തമ്മിലടി ഗുണം ചെയ്തതായി സര്‍വ്വെ പറയുന്നു. ആന്ധ്രയിലും തെലങ്കാനയിലും ചെറുതായെങ്കിലും നേട്ടമുണ്ടാകാമെങ്കിലും കേരളവും തമിഴ് നാടും ബിജെപിക്ക് മുഖം തരിഞ്ഞു നില്‍ക്കുകയാണ്.

കോണ്‍ഗ്രസും ബിജെപിയും നേരിട്ടു മത്സരിക്കുന്ന ഇടങ്ങളിലെല്ലാം മോദിക്കാണ് മേല്‍ക്കൈ. എന്നാല്‍ പ്രാദേശിക പാര്‍ട്ടികള്‍ക്ക് മേല്‍ക്കൈ ഉള്ള ഇടങ്ങളില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല ബിജെപിക്ക്.

ഏറ്റവും പ്രധാനമായ കണ്ടെത്തല്‍ 2014 ലെ വോട്ടു ശതമാനം തന്നെ ബിജെപിയും കോണ്‍ഗ്രസും നിലനിര്‍ത്തുന്നു എന്നതാണ്. അത് തീര്‍ച്ചയായും ഗുണം ചെയ്യുന്നത് ബിജെപിയ്ക്കായിരിക്കും. കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ക്കും വോട്ടുചോര്‍ച്ചയുണ്ടാകില്ല. എന്നാല്‍ ബിജെപിയുടെ ചില സഖ്യകക്ഷികള്‍ക്ക് വോട്ടു കുറയാനും സാധ്യത കാണുന്നു.

എന്നാല്‍ ഏറ്റവും വലിയ ചോര്‍ച്ചയുണ്ടാകുന്നത് ഇടതുപക്ഷത്തിനാണ്. 2014 ല്‍ ഇടതുപക്ഷത്തിന് വോട്ടു നല്‍കിയിരുന്നവരില്‍ പകുതിയും ബിജെപിയിലേക്ക് മാറിയിരിക്കയാണ്. ഇത് തെക്കേ ഇന്ത്യയില്‍ ശരിയല്ല എങ്കിലും ബംഗാളിലും ത്രിപുരയിലും ഒറീസയിലും മറ്റും തികഞ്ഞ യാഥാര്‍ത്ഥ്യമാണ് എന്നു കാണാന്‍ കഴിയും. ബംഗാളും ഒറീസയും അത്ഭുതകരമായ ചില ഫലങ്ങളാകും നാളെ ഇന്ത്യയ്ക്ക് നല്‍കാന്‍ പോകുന്നത്.

ഇതെല്ലാം കഴിയുമ്പോള്‍ ഇവിഎം മെഷീനും വിവിപാറ്റും ഇലക്ഷന്‍ കമ്മീഷനുമെല്ലാം കുറ്റക്കാരാണ് എന്നു പറയാതെ , ആര് ജിയച്ചാലും തോറ്റാലും രാജ്യത്ത് ശാന്തിയും സമാധാനവും പുരോഗതിയും നല്‍കി  ലോക രാഷ്ട്രങ്ങള്‍ക്ക ് മാതൃകയായ ഒരു ഭരണം കാഴ്ചവയ്ക്കാന്‍ ഭരണ പക്ഷത്തിനും ക്രിയാത്മക പതിപക്ഷമാകാന്‍ മറ്റു പാര്‍ട്ടികള്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Qutab Minar


 കുത്തബ് മിനാര്‍
 
1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 6

 ' ശ്രീക്കുട്ടാ, ഇന്നു നമ്മള്‍ പോകുന്നത് ലോകത്തെ ഏറ്റവും ഉയരമുള്ള ഗോപുരം കാണാനാണ്', അച്ഛന്‍ പറഞ്ഞു.

ഏതാണാ ഗോപുരം എന്നു ചോദിക്കും മുന്‍പെ ശ്രീക്കുട്ടന്‍ മറുപടി പറഞ്ഞു, ' കുത്തബ് മിനാറാണോ അച്ഛാ '.

' അതേല്ലൊ ', അച്ഛന്‍ പറഞ്ഞു.

' അപ്പൊ ഇറ്റലിയിലെ പിസയിലുള്ള ചരിഞ്ഞ ഗോപുരമൊ ?', അവന്‍ ചോദിച്ചു.

' പിസ ഗോപുരവും ചൈനയിലെ പെക്കിനിലുള്ള ഗ്രേയ്റ്റ് പഗോഡയും കുത്തബ് മിനാറിനേക്കാള്‍ ഉയരം കുറഞ്ഞവയാണ്. ഇരുനൂറ്റി മുപ്പത്തിനാലടി പൊക്കമുള്ള ഒറ്റ ഗോപുരമാണ് എന്നതാണ് കുത്തബ് മിനാറിന്റെ മാറ്റ് കൂട്ടുന്നത്. കുത്തബ് എന്നാല്‍ അച്ചുതണ്ടെന്നും മിനാര്‍ എന്നാല്‍ ഗോപുരമെന്നുമാണ് അര്‍ത്ഥം. അപ്പോള്‍ ഒരു അച്ചുതണ്ടില്‍ നില്‍ക്കുന്ന ഗോപുരം എന്ന അര്‍ത്ഥം ഇതിന് വരുന്നു. ഗോപുരം നിര്‍മ്മിച്ചത് എന്തിനാണ് എന്നതിനെകുറിച്ച് പല അഭിപ്രായങ്ങളുണ്ട്. എങ്കിലും യുദ്ധ വിജയത്തിന്റെ പ്രതീകമാണ് എന്ന് പൊതുവെ കരുതപ്പെടുന്നു', അച്ഛന്‍ പറഞ്ഞു.

' അച്ഛാ, കുത്തബുദ്ദീന്‍ ഐബക്ക് പണി കഴിപ്പിച്ചതുകൊണ്ടാകില്ലെ കുത്തബ്മിനാര്‍ എന്നു പേരു വന്നത് ', ശ്രീക്കുട്ടന്‍ ചോദിച്ചു.

' ചിന്തിച്ചു നോക്കിയാല്‍ അതിനാണ് ഏറെ സാധ്യത. ആട്ടെ, കുത്തബുദ്ദീന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ശ്രീക്കുട്ടനറിയാമൊ ?', അച്ഛന്‍ ചോദിച്ചു.

' അറിയില്ല', അവന്‍ പറഞ്ഞു.

' ദൈവത്തിന്റെ ജോലിക്കാരന്‍ എന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. ശ്രീക്കുട്ടാ, ദേ നോക്ക്, ദൂരെ ഉയര്‍ന്നു കാണുന്ന ആ ഗോപുരമാണ് കുത്തബ് മിനാര്‍. ഇത്ര ദൂരെനിന്ന് കാണുമ്പോള്‍ തന്നെ അതിന്റെ ഗാംഭീര്യം നമുക്കറിയാന്‍ കഴിയും ', കാറിലിരുന്നുകൊണ്ട് അച്ഛന്‍ അവനോട് പറഞ്ഞു.

ആ കാഴ്ച കണ്ട് ശ്രീക്കുട്ടന്റെ കണ്ണുകള്‍ വികസിച്ചു.

' തോമര്‍ രാജ്പുത്തുകളില്‍ നിന്നും ഡല്‍ഹി പിടിച്ചടക്കിയ ഓര്‍മ്മ നിലനിര്‍ത്താന്‍ പൃത്ഥ്വിരാജിന്റെ അമ്മാവന്‍ വിഗ്രഹരാജയാണ് മിനാറിന്റെ പണിക്ക് തുടക്കമിട്ടതെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു. ഏതായാലും പണി തീര്‍ത്തത് കുത്തബുദ്ദീനും ഇല്‍ത്തുമിഷുമാണ്. യുദ്ധസജ്ജരായി വരുന്ന ശത്രുക്കളെ ദൂരെനിന്നുതന്നെ വീക്ഷിക്കാന്‍ കുത്തബ് മിനാറിനെ ചക്രവര്‍ത്തിമാര്‍ ഉപയോഗിച്ചിരുന്നു', അച്ഛന്‍ ചരിത്രം പറഞ്ഞിരിക്കെ ശ്രീക്കുട്ടന്‍ കുത്തബ് മിനാറിന്റെ മുകളില്‍ കയറുന്നതായി സങ്കല്‍പ്പിച്ചുകൊണ്ട് ഗോപുരം നോക്കി കണ്ണിമ ചിമ്മാതെ ഇരുന്നു.

 അധികം കഴിയും മുന്നെ അവര്‍ കുത്തബ് മിനാറിലെത്തി. അതിന്റെ താഴത്തെ കല്ലുകളില്‍ തൊട്ട് അവന്‍ കൈകള്‍ കണ്ണുകളില്‍ വച്ചു. തുടര്‍ന്ന് മിനാറിന്റെ ഫോട്ടോകള്‍ എടുത്തു. ചുറ്റാകെ സൂക്ഷ്മവീക്ഷണം നടത്തി.

' എന്തിനാണച്ഛാ മിനാറിന്റെ  താഴ്ത്തട്ടില്‍ ചെറിയ ഗ്ലാസ് പ്ലേറ്റുകള്‍ വച്ചിരിക്കുന്നത് ', ശ്രീക്കുട്ടന്‍ ചോദിച്ചു.

' മിനാറിന് ചെറിയ അനക്കമൊ കല്ലില്‍ പൊട്ടലൊ വന്നാല്‍ ഗ്ലാസ് പൊട്ടും. അപ്പോള്‍ തന്നെ ദ്രവസിമന്റ് ഉപയോഗിച്ച് കേടുപാട് തീര്‍ക്കും . 1934 ല്‍ ബീഹാറിലുണ്ടായ ഭൂമികുലുക്കത്തിന്റെ ഭാഗമായി പല ഗ്ലാസുകളും പൊട്ടിയിരുന്നു', അച്ഛന്‍ വിശദീകരിച്ചു.

' എഡി 1200 ലാണ് കുത്തബ് മിനാറിന്റെ പണി തീര്‍ന്നത്. അന്നു മുതല്‍ ഡല്‍ഹിയുടെ കാവല്‍ക്കാരനായി ഗോപുരം ഉയര്‍ന്നു നില്‍ക്കയാണ് ', അച്ഛന്‍ പറഞ്ഞു.

' അച്ഛാ താഴത്തെ മൂന്നു നിലകള്‍ ചെങ്കല്ലിലും മുകളിലത്തെ രണ്ടു നിലകള്‍ വെള്ള മാര്‍ബിളിലുമായതെങ്ങനെ ? ', ശ്രീക്കുട്ടന്‍ സംശയം ചോദിച്ചു.

' ആദ്യം എല്ലാം ചെങ്കല്ലായിരുന്നു. ഫിറോസ് ഷായുടെ കാലത്ത് ഭൂമികുലുക്കത്തില്‍ മുകള്‍ നിലകള്‍ കേടായി. അവ പുതുക്കി പണിതപ്പോള്‍ മാര്‍ബിള്‍ ഉപയോഗിച്ചതാണ്. 1505 ല്‍ സിക്കന്ദര്‍ ലോധി വീണ്ടും ഇത് പുതുക്കുകയുണ്ടായി. 1794 ലെ ഭൂമികുലുക്കത്തില്‍ ഗോപുരത്തിന് പിന്നെയും കേട് സംഭവിച്ചു. അന്ന് മേജര്‍ സ്മിത്ത് എന്ന എന്‍ജിനീയര്‍ മുകളിലത്തെ പവിലിയന്‍ പുതുക്കി പണിതു. 1848 ല്‍ ഹാര്‍ഡിംഗ് പ്രഭു അത് നീക്കുകയും ഇവിടെ പൂന്തോട്ടത്തില്‍ സ്ഥാപിക്കുകയും ചെയ്തു', അച്ഛന്‍ പറഞ്ഞു നിര്‍ത്തിയിട്ട് ശ്രീക്കുട്ടന് അത് കാണിച്ചു കൊടുത്തു.

 അവിടെ നിന്നും മുന്നോട്ടു പോയപ്പോഴാണ് കുത്തബ് മിനാറിനടുത്ത് പൊളിഞ്ഞുകിടക്കുന്ന വേറെ ചില ഗോപുരഭാഗങ്ങള്‍ അവന്‍ കണ്ടത്.അത് ചൂണ്ടി അവന്‍ ചോദിച്ചു, ' ഇതെന്താണച്ഛാ ? '

' ഡക്കാണ്‍ യുദ്ധം ജയിച്ച അലാവുദ്ദീന്‍ യുദ്ധസ്മാരകമായി കുത്തബ് മിനാറിന്റെ ഇരട്ടി വലുപ്പമുള്ള ഒരു ഗോപുരമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ തന്നെ അലാവുദ്ദീന്‍ മരിച്ചു. മറ്റാര്‍ക്കും അത് പൂര്‍ത്തിയാക്കാനും കഴിഞ്ഞില്ല. ആ അവശിഷ്ടങ്ങളാണ് ഇവിടെ കിടക്കുന്നത്. '

' കുത്തബ് മിനാറിന്റെ മുകളില്‍ കയറാന്‍ കഴിയുമൊ അച്ഛാ', ശ്രീക്കുട്ടന്‍ ചോദിച്ചു.

' മുന്‍കാലത്ത് ഇതിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നു. പണ്ട് അച്ഛന്‍ കയറിയിട്ടുമുണ്ട്. 378 പടികളുണ്ടിതിന്. ജുമാ മസ്ജിദില്‍ നമ്മള്‍ കയറിയതുപോലെയുളള പിരിയന്‍ കോണികളാണ് ഇവിടെയുമുള്ളത്. മുകളില്‍ നിന്നുള്ള കാഴ്ച മനോഹരവും.1981 ല്‍ സന്ദര്‍ശകര്‍ തിരക്കില്‍പെട്ട് വീഴുകയും കുറേപേര്‍ മരിക്കുകയും ചെയ്തു. അതോടെ പ്രവേശനം നിര്‍ത്തലാക്കുകയായിരുന്നു. ', അച്ഛന്‍ പറഞ്ഞു.

ശ്രീക്കുട്ടന് വല്ലാത്ത ദുഃഖം തോന്നി. എങ്കിലും നിരാശ മറച്ചുപിടിച്ച് അവന്‍ അവിടൊക്കെ ചുറ്റി നടന്നു. ചിത്രപണികള്‍ ശ്രദ്ധിച്ചു. മന്ത്രശാലകളുടെ നടുക്ക് സ്ഥതിചെയ്യുന്ന പ്രശസ്തമായ അശോകസ്തംഭത്തില്‍ ശ്രീക്കുട്ടന്‍ തൊട്ടുനോക്കി. തുരുമ്പൊ കറയൊ പിടിക്കാത്തതും ഉരുക്കുകൊണ്ട് നിര്‍മ്മിച്ചിട്ടുള്ളതുമാണ് ഈ സ്തംഭം. രാത്രിയായി, ഇരുട്ടു പരക്കുംവരെ ഈ അത്ഭുതഗോപുരം നോക്കി അവര്‍ പൂന്തോട്ടത്തില്‍ ഇരുന്നു. ഇത്ര മനോഹരമായ ചരിത്ര സ്മാരകം മറ്റെവിടെയെങ്കിലും ഉണ്ടാകുമൊ എന്നവന്‍ ആലോചിച്ചിരിക്കെ അച്ഛന്‍ തിരികെ പോകാനായി അവനെ വന്നു വിളിച്ചു.






Water worries


 Letter published in The Hindu, May 22, 2019

Water Worries

When we have enough water, the thought of water conservation is distant.(Editorial," Eye on the monsoon", may 21) But now, when we are staring at a crisis, we think of solutions that should have been worked upon earlier. It is time to set up new recharging wells and improve existing ones. Rain harvesting fails mainly because the operating part fails. It is important to entrust the operation and maintenance of rain harvesting on a long term basis to the agency which constructs the same. Drip irrigation also met with the same fate after installation and obtaining a subsidy . Operation and maintenance should also be made a condition before awarding the work. Judicious use of water is another major concern. Field awareness is crucial. The support of non-government organisations should be thought of.
V.R.Ajith kumar
Thiruvananthapuram

Tuesday, 21 May 2019

Firoz sha kotla Delhi


 ഫിറോസ് ഷാ കോട്‌ല

1997 ല്‍ ബാലസാഹിത്യ ഇന്സ്റ്റിട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 5

  ' ശ്രീക്കുട്ടാ, ടിവിയില്‍ ക്രിക്കറ്റ് കളി കാണുമ്പോള്‍ ഫിറോസ് ഷാ കോട്‌ല മൈതാനത്തെ കുറിച്ച് പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലൊ. ഫിറോസ് ഷാ കോട്‌ലയോട് ചേര്‍ന്നു കാണുന്ന മൈതാനമാണത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഐടിഒ ജംഗ്ഷനില്‍ നിന്നും ചുവപ്പുകോട്ടയിലേക്ക് പോകുന്നിടത്ത് വലതുവശത്തായാണ് കോട്‌ല', അച്ഛന്‍ ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ ശ്രീക്കുട്ടന് ആ സ്ഥലത്തെകുറിച്ച് ഏകദേശ ധാരണ കിട്ടി.

     വൈകുന്നേരത്താണ് ഞങ്ങള്‍ കോട്‌ല കാണാന്‍ പുറപ്പെട്ടത്.

' അച്ഛന്‍ പറഞ്ഞത് ശരി തന്നെ, ഐടിഒയില്‍ നല്ല തിരക്കുതന്നെ', ശ്രീക്കുട്ടന്‍ പറഞ്ഞു.

' വളരെ കാലം മുന്‍പ് കാടുപിടിച്ചു കിടന്ന സ്ഥലമാണിത്. പിന്നീട് ആദ്യം വന്നത് ഇന്‍കംടാക്‌സ് ഓഫീസാണ്. അതുകൊണ്ടാണ് ഐടിഒ ജംഗ്ഷന്‍ എന്നു പേരുവന്നത്. തുടര്‍ന്ന് അനേകം ഓഫീസുകള്‍ സ്ഥാപിക്കുകയും തിരക്കേറുകയും ചെയ്തു', അച്ഛന്‍ പറഞ്ഞു.

     സംസാരിച്ചിരിക്കെ ട്രാഫിക് സിഗ്നല്‍ കിട്ടി. വേഗം തന്നെ ഞങ്ങള്‍ കോട്‌ലയിലെത്തി.

     1351 മുതല്‍ 1388 വരെ ഹിന്ദുസ്ഥാന്‍ ഭരിച്ച പ്രസിദ്ധ തുഗ്ലക്ക് രാജാവായ ഫിറോസ് ഷായാണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. ആദ്യത്തെ തുഗ്ലക്ക് രാജാവായ ഗിയാസുദീനാണ് തുഗ്ലക്കാബാദ് സ്ഥാപിച്ചത്. രണ്ടാമന്‍ മുഹമ്മദ് ഷാ ബിജയ് മണ്ഡല്‍ സ്ഥാപിച്ചു. മുഹമ്മദ് ഷാ ക്രൂരനും വട്ടനുമായിരുന്നു. അയാള്‍ ഡല്‍ഹിയിലുണ്ടായിരുന്ന ജനങ്ങളെ ഡക്കാണിലെ ദൗലത്താബാദിലേക്ക് കൊണ്ടുപോവുകയും കഷ്ടപ്പെടുത്തുകയും ചെയ്തു. മുഹമ്മദ് ഷായുടെ അളിയനാണ് ഫിറോസ് ഷാ. മുഹമ്മദ് ഷായ്ക്കുശേഷം ഭരണമേറ്റ ഫിറോസ് പട്ടാളത്തെ തിരികെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് സ്വന്തം രാജ്യം സ്ഥാപിച്ചു.

    ജനനന്മ ലക്ഷ്യമാക്കിയാണ് ഫിറോസ് ഷാ പ്രവര്‍ത്തിച്ചത്. അദ്ദേഹം നല്ല അറിവും വിനയവുമുള്ള ആളായിരുന്നു. യുദ്ധങ്ങള്‍ക്ക് പണം ചിലവിടാതെ നാടിന്റെ പുരോഗതിക്കാണ് അദ്ദേഹം പണം ചിലവിട്ടത്. യമുനയില്‍ നിന്നും ജലം കൊണ്ടുവന്ന് കൃഷി നടത്താന്‍ കനാലുകള്‍ സ്ഥാപിച്ചതാണ് അദ്ദേഹത്തിന്റെ കാലത്തെ ഏറ്റവും വലിയ വികസന പദ്ധതി.

     ഫിറോസ് ഷാ അധികാരമേല്‍ക്കുമ്പോള്‍ സിരി, വിജയ് മണ്ഡല്‍, കുത്തബിലെ കൊട്ടാരം എന്നിവയുണ്ടായിരുന്നെങ്കിലും യമുനയുടെ തീരത്ത് ഒരു കൊട്ടാരം പണിയാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങിനെയാണ് ഫിറോസ് ഷാ കോട്‌ലയുടെ നിര്‍മ്മാണം നടന്നത്. അതിന് ചുറ്റാകെ വളര്‍ന്ന പട്ടണത്തിന് ഫിറോസ്ഷാബാദെന്ന് പേരുമിട്ടു.

  അച്ഛന്‍ ചരിത്രം തുടരവെ ഞങ്ങള്‍ കോട്‌ലയുടെ ഗേറ്റിലെത്തി. ടിക്കറ്റെടുത്ത് അകത്തു കടന്നു.

  'നോക്കൂ മോനെ, ഇടതുവശം കാണുന്ന ഈ പുല്‍മേടാണ് കൊട്ടാരത്തിലെ പൊതുസ്ഥലം. വലതുവശത്തെ ഹാളുകളില്‍ രാജാവ് ജനങ്ങളെ കാണാന്‍ വന്നിരിക്കുമായിരുന്നു. ചുവപ്പുകോട്ടപോലെ മനോഹരമല്ല കോട്‌ല എങ്കിലും ചരിത്രപരമായ പ്രാധാന്യം കുറച്ചു കാണാന്‍ കഴിയില്ല', അച്ഛന്‍ പറഞ്ഞു.

    ഞങ്ങള്‍ മുന്നോട്ടു നടന്ന് നടുക്കായി കാണുന്ന കെട്ടിടത്തിലേക്ക് കടന്നു. അവിടെയുണ്ടായിരുന്ന ആള്‍ ചെരുപ്പഴിച്ചു വയ്ക്കാന്‍ പറഞ്ഞപ്പോഴാണ് അതൊരു പുരാതന പള്ളിയാണ് എന്നു മനസിലായത്. ജുമാ മസ്ജിദിലെ പോലെ മകുടവും ആഢംബരവുമില്ലെങ്കിലും ധാരാളം പേര്‍ അവിടെ ചന്ദനത്തിരി കത്തിച്ച് പ്രര്‍ത്ഥന നടത്തുന്നത് കാണാന്‍ കഴിഞ്ഞു. ഫിറോസ് ഷായുടെ കാലത്ത് ജുമാമസ്ജിദ് എന്നാണ് ഇൗ പള്ളി അറിയപ്പെട്ടിരുന്നത്.

      പള്ളിയുടെ ഇടതുവശമാണ് ബവോലി. പിരമിഡാകൃതിയില്‍ തീര്‍ത്ത ഈ സ്വകാര്യ മന്ദിരം നിര്‍മ്മിച്ചതിനു പിന്നിലും ഒരു കഥയുണ്ട്. സ്ഥിരമായി വേട്ടയ്ക്കുപോകുമായിരുന്നു ഫിറോസ് ഷാ. ഒരിക്കല്‍ വേട്ടയ്ക്കു പോയപ്പോള്‍ അംബാലയിലെ മനോഹരമായ അശോകസ്തംഭം അദ്ദേഹം കണ്ടു. അതില്‍ മോഹിതനായ രാജാവ് ആ കൂറ്റന്‍ അശോകസ്തംഭം കേടുവരാതെ ഇളക്കി എടുപ്പിച്ച് നാല്‍പ്പത്തിരണ്ട് ചക്രങ്ങളുള്ള വണ്ടിയില്‍ ഇരുനൂറ് ആളുകളെക്കൊണ്ട് വലിപ്പിച്ച് വന്‍ ശ്രമം നടത്തി ഡല്‍ഹിയില്‍ കൊണ്ടുവന്നു. അശോകസ്തംഭം സ്ഥാപിക്കുവാനാണ് പിരമിഡാകൃതിയിലുള്ള കെട്ടിടം നിര്‍മ്മിച്ചത്. ഞങ്ങള്‍ മൂന്നു നിലയുള്ള ആ കെട്ടിടത്തില്‍ കയറി. ആധുനിക യന്ത്രോപകരണങ്ങളില്ലാത്ത ആ കാലത്ത് ഇത്തരമൊരു സാഹസം നടത്തിയത് അത്ഭുതകരമായി തോന്നി. മനുഷ്യര്‍ക്കുണ്ടായ കഷ്ടപ്പാട് ഓര്‍ത്തപ്പോള്‍ രാജാവിന് തോന്നിയ മതിപ്പ് കുറയുകയും ചെയ്തു

 'ഈ അശോക സ്തംഭത്തിനു മുകളില്‍ ഒരു ലോഹമുണ്ടായിരുന്നു. അത് മറാഠികളൊ ജാട്ടുകളൊ പടയോട്ടം നടത്തിയപ്പോള്‍ തട്ടിക്കൊണ്ടുപോയി. നോക്കൂ, ശ്രീക്കുട്ടാ, അശോകസ്തംഭത്തില്‍ കൊത്തിയിരിക്കുന്ന അക്ഷരങ്ങള്‍. അവ പാലി ഭാഷയിലുള്ളതാണ്', അച്ഛന്‍ പറഞ്ഞു.

    ഞാന്‍ തൂണിനടുത്തു ചെന്ന് അതൊക്കെ നോക്കിക്കണ്ടു. കൊട്ടാരത്തിനു പിന്നില്‍ നോക്കെത്താ ദൂരത്താണ് യമുന. അതുകൊണ്ട് സംശയം തീര്‍ക്കാനായി ഞാന്‍ ചോദിച്ചു,' അച്ഛാ, രാജാവ് യമുനയുടെ തീരത്താണ് കൊട്ടാരം നിര്‍മ്മിച്ചത് എന്നല്ലെ പറഞ്ഞത്. എന്നിട്ട് യമുന എത്രയോ ദൂരെയാണ് ? '

  'മോനെ , ഫിറോസ് ഷായുടെ കാലത്ത് യമുന ഇതിനടുത്തുകൂടിയാണ് ഒഴുകിയിരുന്നത്. കാലം കടന്നുപോയപ്പോള്‍ യമുന ചെറുതായി ചെറുതായി ഇന്നത്തെ നിലയിലായതാണ്. '

    വിശാലമായ പഴയ യമുനയെകുറിച്ച് ഓര്‍ത്തപ്പോള്‍ ഇന്നത്തെ അതിന്റെ സ്ഥിതി ശ്രീക്കുട്ടനില്‍ ദുഃഖമുളവാക്കി. യമുന ദൂരെയാണെങ്കിലും ഒരിളം കാറ്റ് മെല്ലെ വന്ന് അവനെ തഴുകി. ആ കാറ്റേറ്റ് കുറേനേരം കൂടി ബവോലിയില്‍ ഇരുന്നിട്ട് അവര്‍ പതുക്കെ പടവുകള്‍ ഇറങ്ങി.




Monday, 20 May 2019

Chennai news -1

Asha at Secretariat

 മദ്രാസ് വാര്‍ത്തകള്‍ -1

 2019 മെയ് 14 നാണ്  നാഗര്‍കോവിലില്‍ നിന്നും ചെന്നൈക്ക് പോരുന്നത്. ശ്രീക്കുട്ടി തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ പബ്‌ളിക് വകുപ്പില്‍ ( നാട്ടിലാണെങ്കില്‍ പൊതുഭരണം) നിയമ-നീതിനിര്‍വ്വഹണ-ബജറ്റ് വിഭാഗം ഡപ്യൂട്ടി സെക്രട്ടറിയായി 15 ന് ചാര്‍ജ്ജെടുത്തു.

ചെപ്പോക്ക് സ്‌റ്റേഡിയത്തിന് പിറകുവശമുള്ള സ്‌റ്റേറ്റ് ഗസ്റ്റ് ഹൗസില്‍ താമസം. വലജ റോഡിലാണ് ഗസ്റ്റ്ഹൗസ് സ്ഥിതി ചെയ്യുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യകാലത്ത് ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും മദ്രാസില്‍ അധികാരം സ്ഥാപിക്കാന്‍ ശ്രമിക്കെ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്ന ആര്‍ക്കോട്ടിലെ നവാബ് മുഹമ്മദലി ഖാന് ബ്രിട്ടീഷ് സര്‍ക്കാര്‍ 'മാന്യനായ ഭരണധികാരി' എന്ന അര്‍ത്ഥം വരുന്ന വലജ( Wallajah) പട്ടം നല്‍കി ആദരിച്ചതാണ്.അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കാണ് ഈ റോഡിന് വലജാ റോഡ് എന്നപേര് നല്‍കിയിരിക്കുന്നത്. അദ്ദേഹം ഭരണാധികാരിയായിരുന്ന ആര്‍ക്കോട്ടിന്റെ കേന്ദ്ര പ്രദേശത്തിന് വലജാപേട്ട് എന്ന പേരും നല്‍കിയിരുന്നു.

ഗസ്റ്റ് ഹൗസില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറിയാണ് മറീന ബീച്ച്. സെക്രട്ടേറിയറ്റ് നില്‍ക്കുന്ന സെന്റ് ജോര്‍ജ്ജ് ഫോര്‍ട്ടും ചെന്നൈ പോര്‍ട്ടും മദ്രാസ് യൂണിവേഴ്‌സിറ്റി ആസ്ഥാനവുമെല്ലാം ഇതിനടുത്തുതന്നെയാണ്. നഗരത്തിലൂടെ നിരന്തരമോടുന്ന ഇലക്ട്രിക് ട്രെയിനിന്റെ ശബ്ദവും വാഹനങ്ങളുടെ നിരന്തര നിലവിളിയും നഗരത്തിന്റ തിരക്ക് ഓര്‍മ്മിപ്പിക്കും.

 ചൂടാണ് നഗരത്തിന്. അതുകൊണ്ടുതന്നെ പകല്‍ സമയം ഗസ്റ്റ്ഹൗസില്‍ നിന്നും ഇറങ്ങില്ല. പത്രവും ടെലിവിഷനും ഇന്റര്‍നെറ്റും പുസ്തകങ്ങളും ഒക്കെയായി കുശാല്‍.

 വൈകുന്നേരം നടക്കാനിറങ്ങുമ്പോള്‍ നഗരത്തിന്റ ദയനീയ മുഖം കാണേണ്ടി വരും. സിനിമ പോസ്റ്ററുകള്‍ വിരിച്ച് നടപ്പാതയില്‍ ഉറങ്ങാന്‍ ശ്രമിക്കുന്ന കുടുംബങ്ങള്‍, ദാരിദ്യവും മാനസിക രോഗവും കൊണ്ട് എല്ലുംതോലുമായ, അഴുക്കില്‍ അഭിരമിക്കുന്നവര്‍, വഴിയാകെ മൂത്രമൊഴിച്ചു നാറ്റുന്ന ആണുങ്ങള്‍ . ഇങ്ങിനെ നഗരത്തിന്റെ എല്ലാ മുഖങ്ങളും അധികം ദൂരത്തല്ലാതെ നമുക്ക് കാണാം.

ഇത് എല്ലാ നഗരങ്ങളുടെയും പൊതു സ്വഭാവമാണ്. അതിങ്ങിനെ തുടര്‍ന്നുകൊണ്ടിരിക്കും. ഭരണചക്രം മറ്റൊരു വഴിക്കും!!

In front of GH

Chepauk stadium North view

Guest House

Sunday, 19 May 2019

Safdarjung tomb





   സഫ്ദര്‍ജംഗ് ടോംബ് 

   1997 ല്‍ ബാലസാഹിത്യ ഇന്‍സ്ട്യൂട്ടിന്റെ തളിര് മാസികയില്‍ വന്ന ഡല്ഹി  വിശേഷം പരമ്പരയില്‍ നിന്നും --ഭാഗം - 4

 ശ്രീക്കുട്ടനും അച്ഛനും കൂടി സഫ്ദര്‍ജംഗ് ടോംബിലെത്തിയപ്പോള്‍ അവന്റെ മനസില്‍ ഒരു സംശയം ഉറവകൂടി. 

 ' അച്ഛാ, ഇതുകണ്ടിട്ട് ഹുമയൂണ്‍ ടോംബ് പോലെയുണ്ടല്ലൊ ', അവന്‍ പറഞ്ഞു.

'ഹുമയൂണ്‍ ടോംബിന്റെ വികലമായ ഒരനുകരണമാണ് ശ്രീക്കുട്ടാ സഫ്ദര്‍ജംഗ് ടോംബ്. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന മുഹമ്മദ് ഷായുടെയും അഹമ്മദ് ഷായുടെയും വസീറായിരുന്ന മിര്‍സാ മുഖിം അബ്ദുല്‍ മന്‍സൂര്‍ ഖാന്‍ എന്ന സഫ്ദര്‍ജംഗിന്റെ സമാധി മണ്ഡപമാണിത്. '

' എന്താണച്ഛാ വസീര്‍ എന്നാല്‍ ?', ശ്രീക്കുട്ടന്‍ ചോദിച്ചു. 

' വസീര്‍ എന്നാല്‍ പ്രധാനമന്ത്രി എന്നാണര്‍ത്ഥം.ഈ സമാധി മണ്ഡപത്തിന് ഹുമയൂണ്‍ ടോംബിനോളം വലുപ്പമുണ്ടെങ്കിലും ഇതിന്റെ തറയ്ക്ക് വിസ്തീര്‍ണ്ണം കുറവാണ്. ഹുമയൂണ്‍ ടോംബനിനോളം ഭംഗിയുമില്ല ', അച്ഛന്‍ പറഞ്ഞു.

' എനിക്ക് കണ്ടപ്പോള്‍ തന്നെ അച്ഛനോട് പറയണമെന്നുണ്ടായിരുന്നു, ഇതിന് ഭംഗി കുറവാണെന്ന്. ഇത്രയ്ക്ക് ഭംഗി കുറയാന്‍ കാരണമെന്താണച്ഛാ? ', അവന്‍ വീണ്ടും ചോദ്യമുന്നയിച്ചു. 

' പ്രധാന കാരണം ഇതിന്റെ നിര്‍മ്മാണത്തിനുപയോഗിച്ചിട്ടുള്ള വസ്തുക്കളുടെ ഗുണക്കുറവാണ്. ഹുമയൂണ്‍ ടോംബില്‍ ഉപയോഗിച്ച തരം ഭംഗിയുള്ളതും വിലപിടിച്ചതുമായ ചുവന്ന കല്ലുകള്‍ക്കു പകരം അടച്ച നിറമുള്ള ബ്രൗണ്‍ കല്ലുകളാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത് കാണുമ്പോള്‍ നിറം മങ്ങിയ ഒരു പൂവുപോലെ തോന്നുന്നില്ലെ, ശ്രീക്കുട്ടന് !', അവന്‍ തലകുലുക്കി സമ്മതിച്ചു. 

' താഴികക്കുടത്തില്‍ ഉപയോഗിച്ചിരിക്കുന്ന മാര്‍ബിളും ഗുണം കുറഞ്ഞവയാണ്. അതില്‍ ഭംഗിയില്ലാത്ത മഞ്ഞവരകള്‍ കാണുന്നത് അതുകൊണ്ടാണ്.' 

അച്ഛന്‍ പറഞ്ഞപ്പോഴാണ് ശ്രീക്കുട്ടന്‍ അത് ശ്രദ്ധിച്ചത്. 

' ഹുമയൂണിന്റെ കാലത്തുണ്ടായിരുന്നത്ര പ്രഗത്ഭരായ വാസ്തുശില്‍പ്പികളും സഫ്ദര്‍ജംഗിന്റെ കാലത്തുണ്ടായിരുന്നില്ല എന്നതും വാസ്തവമാണ്. മാത്രമല്ല, സഫ്ദര്‍ജംഗിന്റെ കുടുംബക്കാര്‍ അത്ര സമ്പന്നരുമായിരുന്നില്ല', അച്ഛന്‍ തുടര്‍ന്നു.

വിശാലമായ പൂന്തോട്ടത്തിലൂടെ ചുറ്റി നടക്കവെ ശ്രീക്കുട്ടന്‍ അച്ഛനോട് ചോദിച്ചു, ' സഫ്ദര്‍ ജംഗിന്റെ ചരിത്രം ഒന്നു പറയാമോ അച്ഛാ '

' പിന്നെന്താ , കേട്ടോളൂ മോനെ. മുഗള്‍ ഭരണത്തിന്‍ കീഴില്‍ അവധിലെ ഗവര്‍ണ്ണറായിരുന്നു നവാബ് സാദത്ത് ഖാന്‍. പാനിപ്പട്ട് യുദ്ധത്തില്‍ പേര്‍ഷ്യന്‍ രാജാവ് നാദിര്‍ഷാ മുഗള്‍ പട്ടാളത്തെ തോല്‍പ്പിച്ചപ്പോള്‍ ,കൂട്ടത്തില്‍ ഒരു സൈന്യത്തലവനായിരുന്ന സാദത്ത് ഖാന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. തുടര്‍ന്ന് സാദത്ത് ഖാന്റെ അനന്തിരവന്‍ സഫ്ദര്‍ ജംഗ് 1739 ല്‍ അവധിലെ ഗവര്‍ണ്ണറും മുഗള്‍ ചക്രവര്‍ത്തിയുടെ പ്രധാനമന്ത്രിയുമായി. എന്നാല്‍ 1752 ല്‍ ഗാസിയുദീന്‍ ഇമാ ദുല്‍ മുല്‍ക്കിന്റെ പ്രേരണയാല്‍ മുഗള്‍ ചക്രവര്‍ത്തി സഫ്ദര്‍ജംഗിനെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും നീക്കി. തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധത്തില്‍ പുരാണക്വിലയും ഫിറോസാബാദും പരിസരവും ഉള്‍പ്പെടുന്ന അന്നത്തെ പഴയ ദല്‍ഹി സഫ്ദര്‍ജംഗിന്റെ അധീനതയിലും ഷാജഹാനബാദ് എന്ന പുതിയ ദല്‍ഹി ചക്രവര്‍ത്തിയുടെ അധീനതയിലുമായി. സഫ്ദര്‍ജംഗ് ഒരു നല്ല യോദ്ധാവിയിരുന്നില്ല. തുടര്‍ന്നുള്ള യുദ്ധത്തില്‍ അദ്ദേഹം പരാജയപ്പെടുകയും അവധിലേക്ക് പലായനം ചെയ്യുകയും ചെയ്തു. 1754 ല്‍ സഫ്ദര്‍ജംഗ് മരിച്ചു. അദ്ദേഹത്തിന്റെ ദേഹമടക്കിയ ഇടമാണ് നമ്മള്‍ ഇപ്പോള്‍ നില്‍ക്കുന്ന ഈ സഫ്ദര്‍ജംഗ് ടോംബ്.', അച്ഛന്‍ ഇത്രയും വിശദീകരിച്ചപ്പോള്‍ ശ്രീക്കുട്ടന് ചരിത്രം വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു.

' ഈ ടോംബ് പണി കഴിപ്പിച്ചത് ആരാണച്ഛാ ?', അവന്റെ സംശയം വീണ്ടും ഉണര്‍ന്നു. 

' സഫ്ദര്‍ ജംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ ഷൂജ-ഉദ്-ദൗള അധികാരമേറ്റു.അദ്ദേഹമാണ് ഈ ടോംബ് പണികഴിപ്പിച്ചത്. ഷൂജ ബ്രിട്ടീഷുകാരുമായി പോരാടുകയും തുടര്‍ന്ന് ക്ലൈവുമായി ഒരുടമ്പടിയുണ്ടാക്കി മുഗളന്മാരുടെ അധീനതയില്‍ നിന്നും പൂര്‍ണ്ണമായി മോചനം നേടുകയും ചെയ്തു. തുടര്‍ന്ന് സാഹിത്യം, സംഗീതം,ചിത്രരചന, വാസ്തുവിദ്യ എന്നീ മേഖലകളില്‍ അവധ് ഉയര്‍ന്ന പദവി നേടി. 1857 ലെ സ്വാതന്ത്യസമര കാലം വരെ അവധിലെ നവാബുമാര്‍ സഫ്ദര്‍ജംഗ് ടോംബ് കാര്യമായി സംരക്ഷിക്കുകയും ചെയ്തു', അച്ഛന്‍ പറഞ്ഞുനിര്‍ത്തി. 

' അച്ഛാ, ടോംബിലെ വശങ്ങളില്‍ കാണുന്ന കെട്ടിടങ്ങള്‍ എന്താണ് ? ', ശ്രീക്കുട്ടന്‍ ചോദിച്ചു

' അവ ഷൂജ-ഉദ്-ദൗളയും കുടുംബവും ദല്‍ഹിയില്‍ എത്തുമ്പോള്‍ താമസിച്ചിരുന്ന ചെറിയ കൊട്ടാരങ്ങളാണ് . പടിഞ്ഞാറുള്ളത് ജംഗ്‌ളി മഹല്‍, അതായത് വനത്തിലെ കൊട്ടാരം. വടക്കുള്ളത് മോത്തി മഹല്‍ അഥവാ പവിഴക്കൊട്ടാരം. തെക്കുള്ളത് ബാദ്ഷാ പസന്ത് അല്ലെങ്കില്‍ രാജാവിന്റെ പ്രിയപ്പെട്ട ഇടം. ഈ കെട്ടിടങ്ങളെല്ലാം ഇപ്പോള്‍ ആര്‍ക്കിയോളജി വകുപ്പിന്റെ കൈയ്യിലാണ്. അവരുടെ ഓഫീസുകള്‍ ഇപ്പോള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്', അച്ഛന്‍ പറഞ്ഞു. 

 ടോംബ് കണ്ട് പുറത്തിറങ്ങിയപ്പോള്‍ സൂര്യന്‍ അസ്തമിക്കുകയായിരുന്നു. നഷ്ടപ്രതാപത്തിന്റെ നിഴലില്‍ നിശ്ചലമായി നില്‍ക്കുന്ന ടോംബ് ഒരിക്കല്‍ കൂടി നോക്കി നിന്നശേഷം അവര്‍ കാറില്‍ കയറി.