Thursday, 13 September 2018

Trip to Gujarat -- 8

ശ്രീനഗേശ്വര്‍ ക്ഷേത്രമുറ്റത്തെ ശിവപ്രതിമ

പോര്‍ബന്ദറിലെ തെരുവ്

ഗാന്ധിജിയുടെ വീട്

ഗുജറാത്ത് യാത്ര - ഭാഗം -8

മഹാത്മാവിന്റെ വീട്ടില്‍

ജ്യോതിര്‍ ലിംഗങ്ങളില്‍ ഒന്ന് എന്ന് ക്ഷേത്ര ഭാരവാഹികള്‍ സ്വയം അവകാശപ്പെടുന്ന ശ്രീ നാഗേശ്വര്‍ ക്ഷേത്രത്തിലാണ് പിന്നീട് പോയത്. അത്തരമൊരു പാരമ്പര്യത്തിന്റെ ലാഞ്ചന പോലും അവിടെയുണ്ടായിരുന്നില്ല. എങ്കിലും ഭക്തിയുടെ തട്ടിപ്പുകളില്‍ ഒന്നായി നമുക്കിതിനെ കാണാം. കച്ചവടക്കണ്ണോടെ ഭക്തി വില്‍പ്പനച്ചരക്കാക്കിയവരാണ് അതിന് നേതൃത്വം കൊടുക്കുന്നത്. 2013ല്‍ നരേന്ദ്ര മോഡി ക്ഷേത്രം സന്ദര്‍ശി‍ച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗുല്‍ഷന്‍ കുമാറാണ് ക്ഷേത്രം പുതുക്കിപ്പണിയാന്‍ സഹായിച്ചത്. അയാളുടെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്. ഗുല്‍ഷന്‍ കുമാറിന്റെ രീതിക്കനുസരിച്ചുള്ള ഒരു കൂറ്റന്‍ ശിവപ്രതിമയും ക്ഷേത്രത്തിനു മുന്നില്‍ കാണാം. ദര്‍ശനം നടത്തി ഇറങ്ങി. ദ്വാരകയിലെ കൃഷ്ണ ഡൈനിംഗ് ഹാളില്‍ ഉച്ചഭക്ഷണം കഴിച്ചു. രുചിയുള്ള ഭക്ഷണമായിരുന്നു.
ഇനി യാത്ര പോര്‍ബന്ദറിലേക്ക്. ഇതാണ് പുണ്യഭൂമിയിലേക്കുള്ള യാത്ര എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. മഹാത്മാവിന്റെ വീട് ഒരു ട്രസ്റ്റിന്റെ കൈവശമാണുള്ളത്. മൂന്നു നിലയുള്ള ഒരു പഴയ വീട്. ഇരുപത്തിരണ്ട് ചെറിയ മുറികള്‍. അതിനോട് ചേര്‍ന്ന് കീര്‍ത്തി മന്ദിരവും. ഇടുങ്ങിയ സ്റ്റെപ്പുകളും പച്ച നിറമുള്ള കതകുകളും. മഹാത്മാവ് പിറന്നുവീണ ഇടം, പഠിക്കാന്‍ ഉപയോഗിച്ച മുറി ഒക്കെ നിലനില്ക്കുന്നുണ്ട്. മൂന്ന് ജീവനക്കാരാണുള്ളത്. ഒരാള്‍ സ്ഥിരവും മറ്റ് രണ്ടുപേര്‍ കരാറിലും. കരാറുകാരന്‍ ജയ്ദീപിന് 6500 രൂപ മാസശമ്പളം .പുണ്യമഹാത്മാ ഗാന്ധി കീര്‍ത്തി മന്ദിര്‍ എന്ന് പുറത്ത് എഴുതിയിട്ടുണ്ട്.
റോഡിന് എതിര്‍വശം ഒരു വിവാഹചടങ്ങിന് വരന്‍ വന്നതിന്റെ തിരക്കുകളാണ് ഞങ്ങളെ എതിരേറ്റത്. ഇടുങ്ങിയ റോഡിനിരുവശവും സ്വര്‍ണ്ണക്കടകളാണ്. ഇതിനേക്കാള്‍ വില പിടിപ്പുള്ള ഒരാത്മാവ് ഉള്ളിലുണ്ട് എന്ന സൂചനയാവാം ഇത് നല്കുന്നത്. മഹാത്മാവിന്‍റെ ഊര്‍ജ്ജം ആവാഹിച്ച് അവിടെനിന്നിറങ്ങി.

മത്തുവില്‍ നിന്നും ചായ കുടിച്ചു. ദ റോയല്‍ ഓണേഴ്സ് ഫാമിലി ഗാര്‍ഡന്‍ റസ്റ്റാറന്റ് വിശ്രമത്തിന് പറ്റിയ ഇടം തന്നെ. പോകും വഴി ചോര്‍വാളില്‍ ധിരുഭായ് അംബാനിയുടെ വീട് കണ്ടു. അതിപ്പോള്‍ ഒരു മ്യൂസിയമാണ്. എങ്കിലും കയറിയില്ല. ഊന റോഡില്‍ കേസരിയ തിരിഞ്ഞ് സോമനാഥ ക്ഷേത്രത്തിലെത്തിയപ്പോള്‍ സന്ധ്യയായി.തിരക്ക് കുറവായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞിറങ്ങിയപ്പോള്‍ അതിസമ്പന്നവും അഴകാര്‍ന്നതുമായ ക്ഷേത്രം. എത്രയോ തവണ നശിച്ചിട്ടും വര്‍ദ്ധിതവീര്യത്തോടെ തിരികെയെത്തിയ ക്ഷേത്രം. സര്‍ദാര്‍ പട്ടേലാണ് ഇന്നു കാണുന്ന ക്ഷേത്രത്തിന്‍റെ നിര്‍മ്മിതിക്ക് മുന്‍കൈ എടുത്തത്. ഇനി യാത്ര ദ്വീപിലേക്ക്. ഇത് ദിയു. സിറ്റി സര്‍ക്യൂട്ട് ഹൌസിലായിരുന്നു താമസം. മാഹി പോലെ അത്രയ്ക്കില്ലെങ്കിലും ബാറുകള്‍ ഏറെയുള്ള ഇടം. മദ്യത്തിന് വിലക്കുറവുമാണ്.

രാവിലെ നഗോവ ബീച്ചില്‍ പോയി. ബീച്ചിന് സൌന്ദര്യം കുറവാണ്. കറുത്ത മണ്ണാണ്. പാറയിടുക്കിലെ ഗംഗ്വേശ്വര്‍ ക്ഷേത്രം നല്ല കാഴ്ചയാണ്. അവിടെ അഞ്ച് ശിവലിംഗങ്ങളുണ്ട്. പാണ്ഡവര്‍ സ്ഥാപിച്ചത് എന്നു വിശ്വാസം. തിരകള്‍ വന്ന് തഴുകിപോകുന്ന ശിവലിംഗങ്ങളില്‍ പൂജ നടത്താന്‍ ഒരു പൂജാരിയുമുണ്ട്. സന്ദര്‍ശകര്‍ക്ക് അവിടെ ഇറങ്ങി തൊഴുകയും ചെയ്യാം. ക്ഷേത്രത്തിനുമുന്നില്‍ ഭിക്ഷയാചിക്കുന്ന ഭവാനെ ആരും ശ്രദ്ധിക്കും. കുളിയും തേവാരവുമില്ലാതായിട്ട് കാലമേറെയായിട്ടുണ്ടാവും. കറുത്ത ശരീരം,കട്ടിയുള്ള ചുളിവുകളുള്ള മുഖം, അഴുക്ക് നിറഞ്ഞ താടി ,മുഷിഞ്ഞ വേഷം എന്നിവയാണ് ഭവാന്റെ പ്രത്യേകതകള്‍‍. ഇങ്ങനൊക്കെയാണെങ്കിലും അയാള്‍ സംതൃപ്തനാണ്.

ക്ഷേത്രത്തിലെ പൂജാസാമഗ്രികള്‍ വില്ക്കുന്ന ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വഴക്ക് നടക്കുന്നുണ്ടായിരുന്നു. ദ്വീപില്‍ എവിടെയും മദ്യക്കുപ്പികളുടെ കൂമ്പാരവും കാണാം. ബീച്ചില്‍ നിന്നും യാത്ര നെയ്ദ ഗുഹകളിലേക്കായിരുന്നു. പ്രകൃതി വരച്ച മനോഹര ചിത്രമാണ് നെയ്ദ. സൌന്ദര്യമുള്ള മണ്‍പാറകള്‍ പലവിധത്തില്‍ ചേര്‍ന്നിരിക്കുന്ന ഒരു കൂറ്റന്‍ ശില്‍പ്പമാണ് നെയ്ദ. അവിടവിടെ പൊട്ടിവീഴുന്നുണ്ട്. ചിലയിടങ്ങളില്‍ ബലം കൊടുത്ത് നിര്‍ത്തിയിരിക്കുന്നു. ക്യാമറക്കണ്ണുകള്‍ക്ക് വിരുന്നാകുന്ന ലൈറ്റ് ആന്റ് ഷേയ്ഡുകള്‍.
അവിടെ നിന്നും സെന്റ് പോള്‍സ് പള്ളിയിലേക്കായിരുന്നു യാത്ര. 1600ല്‍ ജസ്യൂട്ട് സെമിനാരിയായിട്ടാണ് പള്ളി തുടങ്ങിയത്. 1807ലാണ് ഇത് പുതുക്കി സെന്റ് പോള്‍സ് പള്ളിയാക്കി മാറ്റിയത്. ഗോത്തിക് രീതിയിലാണ് നിര്‍മ്മാണം. പള്ളിയ്ക്കടുത്തായാണ് ദിയു കോട്ട. 56736 ചതുരശ്രമീറ്ററുള്ള കോട്ട ഏഷ്യയിലെ ഏറ്റവും വലിയ പോര്‍ച്ചുഗീസ്സ് കോട്ടയാണ്. 1535ല്‍ നുനോ-ദെ-കുനോയാണ് നിര്‍മ്മാണം തുടങ്ങി വച്ചത്. 1546ല്‍ ഡി ജോവ –ദെ-കാസ്ട്രോ പുതുക്കിപ്പണിതു. സൌരാഷ്ട്രയുടെ തെക്കേയറ്റമാണ് ഈ മുനമ്പ്. പീരങ്കികളും കോട്ടമുഖവും പ്രതാപം വിളിച്ചറിയിക്കുന്ന കോട്ട വിശദമായി കാണാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരും. മടക്കയാത്രയില്‍ റാഡ്ലിയിലെ ഹോട്ടലില്‍ കയറി ഉച്ചഭക്ഷണം കഴിച്ചു. ഗുജറാത്തി താലി.റോഡ് നീളുന്നത് സസന്‍ ഗീര്‍ ദേശീയ പാര്‍ക്കിലേക്ക്.





വീടിനുള്‍വശം

ഗാന്ധിജി ജനിച്ച ഇടം

പുണ്യമഹാത്മാ ഗാന്ധി കീര്‍ത്തി മന്ദിര്‍

സോമനാഥക്ഷേത്രം

സോമനാഥക്ഷേത്രം സന്ധ്യക്കാഴ്ച

ദിയുവിലെ നഗോവ ബീച്ച്

ദിയുവിലെ ഗംഗ്വേശ്വര്‍ ക്ഷേത്രം

ക്ഷേത്രത്തിന് മുന്നില്‍ ഭവാന്‍

നെയ്ദ ഗുഹ

നെയ്ദ ഗുഹയിലെ പ്രകൃതി നല്‍കുന്ന അത്ഭുതം

സെന്‍റ് പോള്‍സ് പള്ളി

പോര്‍ച്ചുഗീസ് കോട്ടയുടെ കടല്‍തുറപ്പ്

കോട്ടയിലെ പീരങ്കി

കോട്ടയുടെ ഒരു ദൃശ്യം

Wednesday, 12 September 2018

Trip to Gujarat -- 7

നൂറുകണക്കിന് ആടുകളെ തെളിച്ചു പോകുന്ന ആട്ടിടയര്‍

ദ്വാരകയിലേക്കുള്ള പ്രധാന പാത

നോക്കെത്താ ദൂരം പരുത്തിപ്പാടം 
ഗുജറാത്ത് യാത്ര - ഭാഗം -7 
ദ്വാരകാദീഷ്

ദ്വാരക

ഭാദ്ര പാട്യയില്‍ വണ്ടി ഒതുക്കി ഒരു ചായ കുടിച്ചു. ചെവിയുടെ ഉള്ളകം തുളച്ച് കമ്മലിട്ട പാഞ്ചാഭായ് ആണ് ചായക്കട നടത്തുന്നത്. നല്ല കൊഴുപ്പുള്ള എരുമപ്പാലിലേക്ക് തേയില ചേര്‍ത്ത് ഇഞ്ചിയും ചതച്ചിട്ട ചായ. നല്ല മധുരവും. പോകും വഴി നൂറുകണക്കിന് ആടുകളെ തെളിച്ചുപോകുന്ന ആട്ടിടയന്മാരെ കാണുകയുണ്ടായി. ശ്രീകൃഷ്ണന്‍റെ കുടുംബക്കാര്‍. നോക്കെത്താ ദൂരത്തിലാണ് പരുത്തികൃഷി.തൂവെള്ള പരുത്തിയുമായി പൊട്ടിവിടര്‍ന്നു നില്‍ക്കുന്ന പരുത്തിക്കായകള്‍ മലയാളിക്ക് അപൂര്‍വ്വക്കാഴ്ചയാണ്.

രാത്രിയില്‍ ദ്വാരകാദീഷ് ക്ഷേത്രത്തിലെത്തി. മുറിയെടുത്ത് ലഗ്ഗേജ് വച്ചശേഷം നേരെ ക്ഷേത്രത്തിലേക്ക്. 9.30ന് ദര്‍ശനം കഴിയും. അതിന് മുന്‍പെത്തി.കറുത്ത മുഖവും അലങ്കാരവുമുള്ള കൃഷ്ണനെ ദര്‍ശിച്ചു. ഭക്തിയുടെ പാരവശ്യമൊന്നുമുണ്ടാകാത്ത ക്ഷേത്രപരിസരം. അഴുക്കും കടകളുടെ ആധിക്യവും മീന്‍ ഗന്ധവും ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം. ഭഗവാനുപോലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടാവും.

ദ്വാരക കടലില്‍ നിന്നും ജന്മമെടുക്കുകയും കടല്‍ പിന്നീട് നശിപ്പിക്കുകയും ചെയ്ത ഒരു തുറമുഖ പട്ടണമാണ്. ആദിക്ഷേത്രത്തിന് 2000 വര്‍ഷം പഴക്കം അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ന് കാണുന്ന ക്ഷേത്രമുണ്ടായത് 15-16 നൂറ്റാണ്ടുകളിലാണ്.കൃഷ്ണന്‍ താമസിച്ചിരുന്ന വീടിനെ ചെറുമകന്‍ വജ്രനാഭന്‍ ക്ഷേത്രമാക്കി മാറ്റി എന്ന് വിശ്വസിക്കപ്പെടുന്നു. പ്രധാന ക്ഷേത്രത്തിന് അഞ്ച് നിലകളും 72 തൂണുകളുമുണ്ട്. ഗോമതി നദിയുടെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 51.8 മീറ്റര്‍ ഉയരമുണ്ട് പ്രധാന ക്ഷേത്രത്തിന്. ചുണ്ണാമ്പ്കല്ലില്‍ തീര്‍ത്ത ക്ഷേത്രത്തിന് കടല്‍കാറ്റിന്‍റെ ഉപ്പ് ഒരു ഭീഷണിയാണ്.ക്ഷേത്രക്കൊടിമരം 78.3 മീറ്റര്‍ ഉയരത്തിലാണുള്ളത്. ശങ്കരാചാര്യര്‍ ദര്‍ശനം നടത്തിയിട്ടുള്ള ക്ഷേത്രത്തില്‍ ആ ഓര്‍മ്മയില്‍ തൊഴുതിറങ്ങി.

അടുത്ത പ്രഭാതത്തില്‍ വീണ്ടും ക്ഷേത്രപരിസരത്തെത്തി ചിത്രമെടുത്തു. ക്ഷേത്രത്തിന് പിറകിലാണ് സുധാമ സേതു. അതുവഴി കനാലിനപ്പുറമിറങ്ങി. കടലിന്‍റെ തീരത്തോടടുത്തും ക്ഷേത്രങ്ങള്‍ വേറെയുണ്ട് എന്നു മനസ്സിലാക്കി. തുടര്‍ന്ന് രുഗ്മിണി ക്ഷേത്രത്തില്‍ പോയി. മീന്‍വണ്ടികള്‍ തേരാപാര ഓടുന്ന ദ്വാരകയിലെത്തുമ്പോള്‍ ഓര്‍മ്മവരുക നീണ്ടകരയെയാണ്. അവിടെ എത്തുമ്പോള്‍ കണ്ണടിച്ചിരിക്കുന്ന ഏതൊരാള്‍ക്കും പറയാന്‍ കഴിയും നീണ്ടകര എത്തിയെന്ന്.

ദുര്‍വ്വാസാവിന്‍റെ ശാപം മൂലം വേറിട്ട് കഴിയേണ്ടി വന്ന രുഗ്മിണി ദേവിയാണ് പ്രതിഷ്ഠ.കഥയിങ്ങനെ. ക്ഷിപ്രകോപിയായ ദുര്‍വ്വാസാവിനെ വീട്ടില്‍ ഭക്ഷണത്തിനായി കൃഷ്ണന്‍ ക്ഷണിച്ചു. കൃഷ്ണനും രുഗ്മിണിയും കൂടി മഹര്‍ഷിയെ വീട്ടിലേക്ക് ആനയിക്കുന്നതിനിടെ രുഗ്മിണിക്ക് ദാഹമുണ്ടായി. കൃഷ്ണന്‍ മണ്ണില്‍ തള്ള വിരലമര്‍ത്തി ജലപ്രവാഹമുണ്ടാക്കി. രുഗ്മിണി ആവോളം വെള്ളം കുടിച്ചു. ദുര്‍വ്വാസാവിന് ജലം വേണമൊ എന്ന് ചോദിച്ചുമില്ല. കോപിഷ്ടനായ ദുര്‍വ്വാസാവ് രുഗ്മിണിയെ ശപിച്ച് അവിടെ നിര്‍ത്തിയ ശേഷം യാത്ര തുടര്‍ന്നു .ആ ഇടത്ത് രുഗ്മിണി ദേവിയെ കുടിയിരുത്തി എന്നാണ് വിശ്വാസം.അങ്ങിനെ കൃഷ്ണനെ വേര്‍പെട്ട് പ്രത്യേകം ക്ഷേത്രത്തിലായി വാസം. അനേകം സ്ത്രീ രൂപങ്ങളും ആനകളും കൊത്തിവച്ചിട്ടുള്ള ക്ഷേത്രത്തില്‍ തൊഴുതിറങ്ങിയപ്പോള്‍ ഉച്ചയായി.

അനേകം സന്ന്യാസി വേഷധാരികള്‍ അവിടെ ഭക്ഷണത്തിനായി കാത്തിരിക്കുന്നു.
ഇനി ബെയ്ത് ദ്വാരകയിലേക്ക്. മീത്താപൂര്‍ വഴിയാണ് യാത്ര. ടാറ്റായുടെ സാമ്രാജ്യം. ടാറ്റാ കെമിക്കല്‍സ്, ടാറ്റാ സാള്‍ട്ട് അങ്ങിനെ പലതും ഉള്‍പ്പെട്ട ടാറ്റാ ടൌണ്‍ഷിപ്പ്. ഗുജറാത്തിന്‍റെ കീഴ്ത്താടിയുടെ അഗ്രമാണ് ഈ പ്രദേശം. 1939ല്‍ ബറോഡ രാജാവില്‍ നിന്നും ടാറ്റയ്ക്ക് ഉപ്പുണ്ടാക്കാനായി ലഭിച്ച ഇടം. ഇപ്പോഴും ആ പ്രദേശത്തിന്‍റെ ഭരണവും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ നിയന്ത്രണവും ടാറ്റാ കെമിക്കല്‍സിനാണ്.

യാത്രയിലുടനീളം മീന്‍ഗന്ധമാണ്. ത്സഘ്ടയിലും മീന്‍ കൊണ്ടുപോകുന്നു. ചിലയിടത്ത് മീന്‍ ഉണക്കുന്നതും കാണാമായിരുന്നു. ഫെറിയില്‍ കയറി ബെയ്ത്തിലെത്തി. നല്ല ചൂടുള്ള മധ്യാഹ്നം. കച്ച് കടലിടുക്കിന്‍റെ വായ എന്ന് ബേത്തിനെ വിശേഷിപ്പിക്കാം. ദ്വാരകയില്‍ നിന്നും 30 കിലോമീറ്റര്‍ മാറി മണലും കല്ലും മാത്രമുള്ള ഏകദേശം 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശമാണ് ബേത്ത് ദ്വാരക. ഇവിടെയുള്ള ശ്രീകേശവ്റയ്ജി ക്ഷേത്രം,ഹനുമാന്‍ ക്ഷേത്രം എന്നിവ പുറത്ത് നിന്നു കണ്ടു.

പത്ത് മണിവരെ മാത്രമെ പ്രവേശനമുള്ളു. ഇവിടെയെല്ലാം പശുക്കള്‍ അലസമായി മേഞ്ഞുനടക്കുന്നുണ്ടായിരുന്നു. നല്ല ദാഹം. ദാഹമകറ്റാനായി കരിക്കിന്‍ വെള്ളം കുടിച്ചു. വെര്‍വാടയില്‍ നിന്നാണ് കരിക്ക് വരുന്നതെന്ന് കച്ചവടക്കാരന്‍ മുഹമ്മദ് പറഞ്ഞു. അവിടെയും കരിക്കിന് 30 രൂപതന്നെ.ഫോട്ടോ എടുക്കുന്നതിനുള്ള നിയന്ത്രണം ഇവിടെയുമുണ്ട്.പുറത്ത് നിന്നുപോലും ചിത്രമെടുക്കാന്‍ പാടില്ല എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അത്ര പുരാതനമോ പവിത്രമായതോ ആയ ഒന്നും ഇവിടെ അനുഭവപ്പെട്ടില്ല. ഇവിടെ വന്നില്ലെങ്കിലും ഒരു നഷ്ടമുണ്ടാവില്ലായിരുന്നു എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.
ദ്വാരകദീഷിലെ പ്രഭാതം 

ക്ഷേത്രത്തിന്‍റെ പിന്‍ഭാഗം 

സുധാമസേതു

ദ്വാരകയിലെ പ്രഭാതം

അനേകം ക്ഷേത്രങ്ങളുടെ ചങ്ങല

രുഗ്മിണി ക്ഷേത്രം 

ഭക്ഷണത്തിന് കാത്തിരിക്കുന്ന കാവിവേഷങ്ങള്‍

ബെയ്ത്തിലെ ജട്ടി 

പശുക്കളുടെ ലോകം 

കടല്‍ കടന്ന് ബെയ്ത്തില്‍

Tuesday, 11 September 2018

Trip to Gujarat -- 6

പ്രാഗ് മഹല്‍

നഗരക്കാഴ്ച

ഗുജറാത്ത് യാത്ര - ഭാഗം -6

ഭുജ്
 
ഹോഡ്കയില്‍ നിന്നും വീണ്ടും പരന്നൊഴുകുന്ന ഇടങ്ങളിലേക്ക്. ഈ യാത്ര ഭുജിലേക്കാണ്. ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ ഭുജില്‍ 2001ല്‍ വന്ന ഓര്‍മ്മകള്‍ക്ക് ഇപ്പോഴും ജീവനുണ്ട്. അന്ന് നാല് ട്രക്ക് നിറയെ സാധനങ്ങളുമായാണ് ഡല്‍ഹിയില്‍ നിന്നും വന്നത്. വിവിധ മലയാളി സംഘടനകള്‍ ശേഖരിച്ച മരുന്നുകള്‍,കമ്പിളി, ഭക്ഷണം എന്നിങ്ങനെ ദുരിതബാധിതര്‍ക്കാമവശ്യമായ സാധനങ്ങള്‍. എവിടെയും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളും നിസ്സഹായരായി നില്ക്കുന്ന മനുഷ്യരും . അതായിരുന്നു ഭൂകമ്പം വിതച്ച നാട്ടിലെ അവസ്ഥ. വന്‍ നിക്ഷേപങ്ങള്‍ സ്വന്തമായുള്ളവര്‍, വലിയ വാഹനങ്ങളും വീടുമുള്ളവര്‍, മികച്ച ജോലി ചെയ്യുന്നവര്‍, ഇവരെല്ലാം ബ്രഡിനുവേണ്ടിയും കുടിവെള്ളത്തിനു വേണ്ടിയും ക്യൂ നില്ക്കുന്ന കാഴ്ച. മനുഷ്യന് എല്ലാം മറക്കാന്‍ കഴിവുള്ളതിനാല്‍ അവര്‍ വീണ്ടും പഴയപോലെ ആയിട്ടുണ്ടാകും. ജാതിയും മതവും സ്റ്റാറ്റസുമൊക്കെ തിരികെ പിടിച്ചിട്ടുണ്ടാകും. ഞാന്‍ ഓര്‍ത്തു.

ഭുജിലെ പ്രാഗ് മഹല്‍ പാലസ്സായിരുന്നു ലക്ഷ്യം. ദര്‍ബര്‍ ഗഡിലാണത്. കച്ച് സ്റ്റഡി സെന്ററും അവിടെയാണ്. 450 വര്‍ഷം മുന്‍പ് നിര്‍മ്മിച്ചതാണ് റാന്‍ നിവാസ്. 2001ലെ ഭൂമി കുലുക്കത്തില്‍ പൊളിഞ്ഞു. റാണിവീട് മാത്രമാണ് ബാക്കിയായത്. മാര്‍ബിളിലെ കൊത്തുപണികളാണ് ഇതിന്റെ പ്രത്യേകത. 1510ലാണ് കൊട്ടാരം നിര്‍മ്മിച്ചത്. റാവു ശ്രീ ഖെന്‍ഗുര്‍ജിയാണ് 1548ല്‍ പണിപൂര്‍ത്തിയാക്കിയത്. പ്രാഗ് മഹല്‍ നിര്‍മ്മിച്ചത് 1865ല്‍ മഹാറാവ് ശ്രീ പ്രാഗാമാന്‍‌ജിയുടെ കാലത്താണ്. കേണല്‍ ഹെന്‍ട്രി സെയിന്റ് ക്ലെയര്‍ പില്ക്കിന്‍സിന്റേതായിരുന്നു ഡിസൈന്‍. നിയോ ഗോത്തിക് സ്റ്റൈലിലാണ് നിര്‍മ്മാണം. ഇറ്റാലിയന്‍ ഇന്റീരിയറും ദര്‍ബാര്‍ ഹാളും വലിയ മുറികളും വരാന്തകളും ആകര്‍ഷണീയ കാഴ്ചകളാണ്.

ചുവന്ന സാന്‍ഡ്സ്റ്റോണും വെള്ള മാര്‍ബിളുമാണ് ഉപയോഗിച്ചിരിക്കുന്നത്. കൊത്തുപണികള്‍ ഒറ്റക്കല്ലുകളിലാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. 150 അടിയുള്ള ക്ലോക്ക് ടവറും മണിയുമാണ് മറ്റൊരാകര്‍ഷണം. പത്തൊന്‍പ‍താം നൂറ്റാണ്ടിലെ കൊളോണിയല്‍ ആര്‍ക്കിടെക്ചറാണ്. അമീര്‍ഖാന്റെ പ്രസിദ്ധമായ സിനിമ ലഗാന്‍ ഷൂട്ട് ചെയ്തത് ഭുജിലായിരുന്നു. പാലസ്സിലും ഷൂട്ടിംഗ് നടന്നിരുന്നു.
ക്ലോക്ക് ടവറിലേക്ക് 56 പടികളാണുള്ളത്. ഒരാള്‍ക്ക് മാത്രം പോകാന്‍ കഴിയും വിധം ഇടുങ്ങിയതാണ് വഴി.

ഇത്തരം ടവര്‍ ഇന്ത്യയില്‍ രണ്ടെണ്ണമാണുള്ളത്. ഒന്ന് ഭുജിലും മറ്റൊന്ന് മുംബയിലും. ഭുജിലെ ടവര്‍ 1865ലാണ് സ്ഥാപിച്ചത്. 1877ല്‍ ക്ലോക്ക് പ്രവര്‍ത്തിച്ചു തുടങ്ങി. അഞ്ചാം നിലവരെയാണ് പടികളുള്ളത്. ആദ്യ നിലയില്‍ താക്കോല്‍ മുകളിലേക്കും താഴേക്കും നീക്കാനുള്ള ഭാരങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. രണ്ടാം നിലയില്‍ സ്ഥാപിച്ചിട്ടുള്ള പെന്‍ഡുലത്തിന് 100 കിലോ തൂക്കമുണ്ട്. മൂന്നാം നിലയിലാണ് ക്ലോക്ക് മഷീനറികള്‍ ഒരുക്കിയിരിക്കുന്നത്. നാലില്‍ മണികളാണുള്ളത്. അതിന്റെ തൂക്കം എഴുനൂറ് കിലോ വരും . അഞ്ചാം നില കാഴ്ച ഗാലറിയാണ്. പുറത്തേക്ക് നോക്കിയാല്‍ ഭുജിന്റെ നഗരക്കാഴ്ചകള്‍ കാണാം.ആദ്യ 15 മിനിട്ടിന് നാല് തവണ, 30 മിനിട്ടിന് എട്ട് തവണ, 45 മിനിട്ടിന് 12 തവണ, അറുപത് മിനിട്ടിന് 16 തവണ എന്ന രീതിയിലാണ് മണി മുഴങ്ങുക.മുഗള്‍ ഭരണകാലത്ത് വടക്കുനിന്നും പലായനം ചെയ്ത കാമാഗര്‍ വംശക്കാരുടെ ചിത്രപ്പണികള്‍ കൊട്ടാരത്തിലുണ്ട്.

ഭുജില്‍ ഇടയ്ക്കിടെയുണ്ടാകുന്ന ഭൂമികുലുക്കത്തെക്കുറിച്ച് അവിടെ ഒരൈതീഹ്യം നിലനില്ക്കുന്നുണ്ട്. അതിങ്ങനെയാണ്. ഭൂമി ഒരു പാമ്പിന്റെു മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ഭുജില്‍ കൊട്ടാരം നിര്‍മ്മിക്കാന്‍ തീരുമാനിച്ച രാജാവ് അത് നിര്‍മ്മിച്ചത് പാമ്പിന്റെ തലയ്ക്ക് ആണിയടിച്ചായിരുന്നു.അത് തലയില്‍ കൃത്യമായി പതിച്ചുവോ എന്ന് പലര്‍ക്കും സംശയമായി. സംശയം തീരാനായി ആണി ഊരി. അതില്‍ ചോരയുണ്ടായിരുന്നു. തുടര്‍ന്ന് വീണ്ടും അടിച്ചു കയറ്റുമ്പോഴേക്കും പാമ്പ് തല മാറ്റിയിരുന്നു. വാലിലാണ് ആണി കയറിയത്. വാലിലെ ആണി ഊരാനുള്ള ശ്രമത്തിന്റെു ഭാഗമായി പാമ്പ് ഇടയ്ക്കിടെ ഇഴയുമ്പോഴാണ് ഭൂമികുലുക്കമുണ്ടാകുന്നത് എന്നാണ് വിശ്വാസം.

പ്രാഗ് മഹലിനോട് ചേര്‍ന്നു തന്നെയാണ് ഐന മഹല്‍. അവിടത്തെ ഹാള്‍ ഓഫ് മിറര്‍ പഴക്കം ചെന്നെങ്കിലും ശ്രദ്ധേയം. മെയിന്റനന്‍സ് കുറവാണ്. സ്വകാര്യ മേല്‍നോട്ടത്തിലാണ് മഹലുള്ളത്. 1750ല്‍ ലാഖ് പത് ജി നിര്‍മ്മിച്ചതാണ് ഐന മഹല്‍. റാം സിംഗ് മുലമാണ് കലാകാരന്‍. 15 വര്‍ഷം യൂറോപ്പില്‍ കലാപഠനം നടത്തിയ ആളാണ് മുലം. മാണ്ട്വിയില്‍ ഗ്ലാസ്സ് ഫാക്ടറി തുടങ്ങിയാണ് ആവശ്യമായ ഗ്ലാസ്സുകള്‍ തയ്യാറാക്കിയത്. ചാള്‍സ് ഹാര്‍ഡിംഗിന്റെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.

രാജാവായിരുന്ന ശ്രീ മദന്‍സിംഗ്ജി ബ്രിട്ടീഷുകാരമായി നല്ല സൌഹൃദത്തിലായിരുന്നു. മുഗളരുടെ ഭരണകാലത്ത് അവരുടെ അധീശത്വം അംഗീകരിച്ച രാജാക്കന്മാര്‍ മുഗള്‍ ചക്രവര്‍ത്തിമാരുടെ ചിത്രമുള്ള നാണയങ്ങളാണ് വിനിമയത്തിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്വാതന്ത്യം പ്രഖ്യാപിച്ചതോടെ ജയ്ഹിന്ദ് കൊത്തിയ നാണയം നിര്‍മ്മിച്ചു. ഗ്ലാസ്സ് പെയിന്റിങ്ങുകളും ലിത്തോ പെയിന്റിങ്ങുകളും കൊട്ടാരത്തില്‍ സമൃദ്ധം. ഭുജിലെ സ്വാമി നാരായണ്‍ മന്ദിറും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നാണ്.

ഭുജില്‍ നിന്നും മടങ്ങവെ ബചാവോയിലെ ഹോട്ടല്‍ അഷീസില്‍ നിന്നും ഗുജറാത്തി താലി കഴിച്ചു. തക്കാളി കറി, കിഴങ്ങ് കറി,മട്ടര്‍,ദാല്‍,മോര് എന്നിവയും ചപ്പാത്തിയും ചോറും. പരുത്തിയും റാഗിയും സമൃദ്ധി പകരുന്ന ആയിരക്കണക്കിന് ഏക്കര്‍ പാടങ്ങളിലൂടെയുള്ള യാത്ര. ജാംനഗര്‍ റിലയന്‍സിന്റെ സാമ്രാജ്യമാണ്. അവിടെ നിന്നും ദ്വാരകയിലേക്കുള്ള യാത്ര നല്ല പച്ചപ്പിലൂടെയാണ്, കടുകും തുവരയും മല്ലിയുമൊക്കെ തളിര്‍ത്തും പൂത്തും നില്ക്കുന്ന പാടങ്ങള്‍ നല്കുന്ന ഉന്മേഷം, അത് നല്കുന്ന സുഖമുള്ള കാറ്റേറ്റായിരുന്നു യാത്ര.


ഐനമഹലില്‍ നിന്നുള്ള നഗരക്കാഴ്ച

രാധാസ്വാമി മന്ദിര്‍ 



Monday, 10 September 2018

Franco should be arrested

ഫ്രാങ്കോ മുളയ്ക്കല്‍

 ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റ് ചെയ്യപ്പെടണം

ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന ഭരണ സംവിധാനങ്ങളില്‍ ഏറ്റവും മികച്ചത്  ജനാധിപത്യം തന്നെയാണ്  എന്നതില്‍ സംശയമില്ല. ഇവിടത്തെ നിയമ സംവിധാനം ഒന്ന് ഉറപ്പാക്കുന്നുണ്ട് - All  are equal  before  the  law . പക്ഷെ നാം കണ്ടുവരുന്നത്  മറ്റൊന്നാണ് . ജോര്‍ജ്ജ്  ഓര്‍വെല്ലിന്‍റെ  ആനിമല്‍ ഫാമില്‍  പന്നി നടത്തുന്ന പ്രഖ്യാപനം ശ്രദ്ധേയമാണ്. All  are equal , but some are more equal than others .ഇത് എല്ലാ കാലത്തും തുടര്‍ന്നു വരുന്ന ഒരു നെറികേടാണ്. സമ്പന്നനും അധികാരസ്ഥാനത്തുള്ളവനും ഗുണ്ടകളുമൊക്കെ ഈ more equal ല്‍ വരുന്നവരാണ്. ദൈവവിളികേട്ട് , അല്ലെങ്കില്‍ വീട്ടുകാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി കര്‍ത്താവിന്‍റെ മണവാട്ടി എന്ന പരിവേഷത്തോടെ , പല ഭൌതികസുഖങ്ങളും ത്യജിച്ച്  കന്യാസ്ത്രീയുടെ കുപ്പായമണിയുന്ന ഒരു പെണ്‍കുട്ടി , അവരുടെ പരിശീലന കാലം കഴിയുന്നതോടെ കര്‍മ്മ മണ്ഡലത്തില്‍ പൂര്‍ണ്ണമായും ജീവിതം അര്‍പ്പിക്കുകയാണ്. ആതുര സേവനം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരാവുന്ന അവരെ വേട്ടയാടുന്ന സമീപനമാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഇത്തരം തോന്ന്യസത്തിന് വഴങ്ങുന്നവരാണ് ഏറെയും എന്നതുകൊണ്ട്  അഹങ്കാരികള്‍ വിഹരിക്കുന്ന ലോകമായി ഇവിടം മാറുന്നു.
നിര്‍മ്മലമായ ജീവിതം നയിക്കുന്ന അനേകം വൈദികന്മാര്‍ക്കും ഉയര്‍ന്ന അധികാരസ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്കും കളങ്കമാകുന്ന ഈ ന്യൂനപക്ഷത്തെ തള്ളിപ്പറയേണ്ട ആര്‍ജ്ജവം സഭ ഒരുകാലത്തും കാട്ടിയിട്ടില്ല എന്നത് സഭയുടെ ദൌര്‍ബ്ബല്യമായി മാറുകയാണ്. സിസ്റ്റര്‍ അഭയ കേസില്‍ കുറ്റക്കാരെ സംരക്ഷിക്കാനായി സഭയും ഉന്നത അധികാര സ്ഥാനങ്ങളില്‍ വന്നുപെട്ട വിശ്വാസികളും കാട്ടിക്കൂട്ടിയ വൃത്തികേടുകള്‍ ലോകമുള്ളിടത്തോളം നിലനില്‍ക്കുന്നതാണ്. ഇത്തരത്തില്‍ ലോകമൊട്ടാകെ ഒറ്റപ്പെട്ട അനീതികള്‍ നടക്കുന്നുണ്ടാകാം. സഹിക്കുന്നവര്‍ നല്ലവരും തുറന്നു പറയുന്നവര്‍ മോശക്കാരുമായി മാറുന്ന ജനാധിപത്യത്തിന്‍റെ ചീത്തവശം നമ്മള്‍ കാണേണ്ടതുണ്ട്.
ജലന്ധര്‍ ബിഷപ്പ് പ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ളത് സഭയിലല്ല, മറിച്ച് സര്‍ക്കാര്‍ സംവിധാനത്തിലാണ്. പരാതി നല്‍കി ഒരാഴ്ചയ്ക്കുള്ളില്‍  നടപടി സ്വീകരിക്കേണ്ട പോലീസ് ദുര്‍ബ്ബലയായ അവരെ നിരന്തരം ചോദ്യം ചെയ്യുകയും ജലന്ധറിലെത്തിയ പോലീസ്  ബിഷപ്പിനെ ഒന്നു കാണാന്‍ പോലും കഴിയാതെ കാത്തിരുന്ന് അപഹാസ്യരായതും മാധ്യമങ്ങളെ ഗുണ്ടകള്‍ ആക്രമിച്ചതുമൊക്കെ കാഴ്ചകളായിരുന്നല്ലൊ.
1800  കോടിയുടെ ആസ്തി ഉള്ള ഫ്രാങ്കോ എന്നാണ് ലൈജു വര്‍ഗ്ഗീസ് കഴിഞ്ഞ ദിവസം പറഞ്ഞത്, ഇത് ചെറിയ കാര്യമല്ല, പണത്തിന് മേലെ പരുന്തും പറക്കില്ല എന്നു പറയുന്നപോലെ , ഭരണ -പ്രതിപക്ഷവും ക്രിസ്തീയ സഭകളുമായി ബന്ധമുള്ള മാധ്യമങ്ങളും പോലീസും ഉള്‍പ്പെടെ നടത്തുന്ന നാടകങ്ങള്‍ തിരിച്ചറിയാന്‍ സാധാരണ ജനങ്ങള്‍ക്ക് കഴിയും എന്ന് ഇവരൊക്കെ മനസിലാക്കാന്‍ വൈകുന്നത്  കഷ്ടം എന്നേ പറയാന്‍ കഴിയൂ.
സിറോ മലബാര്‍ സഭയും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരിയും മുംബയ് ആര്‍ച്ച് ബിഷപ്പും മാര്‍പാപ്പയും കേരളത്തിലെ വിവിധ സഭകളുടെ നേതാക്കളും ഇവിടെ കാട്ടുന്ന അനീതി നിറഞ്ഞ സമീപനത്തെ യേശുക്രിസ്തുവും യഹോവയും അംഗീകരിക്കില്ല എന്ന് മനസിലാക്കാന്‍ പോലും ഇവര്‍ക്ക് കഴിയുന്നില്ല. കണക്ക് ബോധിപ്പിക്കേണ്ടാത്ത പണമുള്ള,  ദൈവസേവ ചെയ്യുന്നവരുടെ മുന്നില്‍ തറ്റഴിച്ചിട്ട് , കുനിഞ്ഞു നിന്ന്, ഓച്ഛാനിച്ചു നില്‍ക്കുന്ന അധികാരി വര്‍ഗ്ഗം  പൊതുസമൂഹത്തിന്‍റെ മുന്നില്‍ അപഹാസ്യരാകുന്നു എന്നതും ഇത് വോട്ടുബാങ്കിനെ ഭയന്നല്ല, ഇവര്‍ വച്ചുനീട്ടുന്ന പണത്തോട് ആര്‍ത്തിയോടെ നോക്കുന്നതുകൊണ്ടു മാത്രമാണ് എന്നും ജനം മനസിലാക്കുകയാണ്. ഉമ്മന്‍ ചാണ്ടി ഉല്‍പ്പെടെയുള്ള  നേതാക്കള്‍ പരസ്യമായി അപഹാസ്യരാവുമ്പോള്‍ , പി.ടി. തോമസ് എന്ന ശക്തമായ വ്യക്തിത്വമുള്ള  ഒരു നേതാവിനെ മാത്രമെ നമുക്ക്  ഈ സന്ദര്‍ഭത്തില്‍ അഭിമാനത്തോടെ ജനസമൂഹത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാന്‍ കഴിയൂ. പി.സി.ജോര്‍ജ്ജിനെപോലുള്ളവരെ ജയിപ്പിച്ചു വിടുന്ന ജനത്തെകുറിച്ച് നമുക്ക് ലജ്ജിക്കാം. ഫ്രങ്കോ അറസ്റ്റു ചെയ്യപ്പെടും വരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. അതിന് ജാതിയും മതവും രാഷ്ട്രീയവും തടസമാകാതിരിക്കട്ടെ. നീതിപീഠവും ശക്തമായ ഭാഷയില്‍ പ്രതികരിക്കും എന്നും പ്രതീക്ഷിക്കാം.
വാല്‍ക്കഷണം : ശുശ്രൂഷയ്ക്കായി  നിയമിക്കപ്പെടുന്ന വൈദികര്‍ക്ക്  പണവും അധികാരവും കണക്കും കഴിഞ്ഞ് ആത്മീയജീവിതത്തിന് സമയമില്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. അതുകൊണ്ട്  ദേവസ്വം ബോര്‍ഡ്  പൂജാരികളെ നിയമിക്കുന്ന പോലെ വൈദികരെ നിയമിക്കുന്ന വിധം ഒരു ചര്‍ച്ച് ബോര്‍ഡും അതുപോലെ അധികാരമുള്ള ഒരു വഖഫ് ബോര്‍ഡുമൊക്കെയായി ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടനിലക്കാരാവുന്നവരെ ശമ്പളത്തിന് നിയമിക്കുന്നതാവും ഉചിതം. ദേവാലയങ്ങളില്‍ നിന്നു കിട്ടുന്ന പണം ദൈവസാന്നിധ്യം നിറഞ്ഞു നില്‍ക്കുന്ന ആതുരാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വികസനത്തിന്  ഉപയോഗിക്കുകയും ചെയ്യാം.

Trip to Gujarat -- 5

വിസാമോയിലെ താത്ക്കാലിക ടെന്‍റ്

വിസാമോയിലെ പരമ്പരാഗത താമസസൌകര്യം

റസ്റ്റാറന്‍റ്

കുട്ടികള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പരമ്പരാഗത വസ്തുക്കള്‍

ഗുജറാത്ത് യാത്ര - ഭാഗം -5
റാന്‍ ഓഫ് കച്ച്
കാലോ ദുഗാറില്‍ നിന്നും യാത്ര തികച്ചും മരുഭൂമി പോലെയുള്ള വിജനമായ പാതയിലൂടെയായിരുന്നു. അവിടവിടെ ആട്ടിന്‍ കൂട്ടങ്ങളും ആട്ടിടയരും മാത്രം. ഭൂമിയുടെ അങ്ങേയറ്റത്തേക്കാണ് യാത്ര എന്നു തോന്നും. രാജസ്ഥാനിലെ താര്‍ മരുഭൂമിയിലൂടെയുള്ള യാത്രയും ഇതേ അനുഭവമാണ് നമുക്ക് സമ്മാനിക്കുക. ഉയരം കുറഞ്ഞ പുല്ലും നിശബ്ദതയും കാറ്റിന്റെ ഹുങ്കാരവും ഒക്കെ ഇടകലരും , അപ്പോള്‍ നമ്മളും അറിയാതെ നിശബ്ദരാകും. തണുപ്പുകാലമായതിനാല്‍ സുഖമുള്ള ചൂടാണ്. വേനല്ക്കാലത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ ഉള്ളകം പൊള്ളി. കച്ച് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. ഫെസ്റ്റിവല്‍ ഗ്രൌണ്ടില്‍ ഉദ്യോഗസ്ഥരും പോലീസ്സുമുണ്ട്. അവിടവിടെയായി താത്ക്കാലിക റിസോര്‍ട്ടുകളും. വഴിമാറി വന്നതിനാല്‍ റിസോര്‍ട്ട് കണ്ടെത്താന്‍ കുറേ പ്രയാസപ്പെട്ടു. ഉച്ചകഴിഞ്ഞ് രണ്ടരയായതിനാല്‍ എല്ലാവര്‍ക്കും നല്ല വിശപ്പുമുണ്ട്.
ഹോഡ്ക വില്ലേജിലെ റാന്‍ വിസാമോ വില്ലേജ് സ്റ്റേയിലായിരുന്നു താമസം. ഗഗനാണ് റിസോര്‍ട്ട് ഉടമ. പ്രധാന സഹായിയുടെ പേര് ഗുരു എന്നും. നാല് ജോലിക്കാരും ഗഗന്റെ ചിറ്റപ്പനും അവിടെയുണ്ടായിരുന്നു. ചിറ്റപ്പന്‍ കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഗോത്രവര്‍ഗ്ഗ ഫെസ്റ്റിവലിന് തിരുവനന്തപുരത്ത് വന്നിട്ടുള്ള കാര്യം ഓര്‍മ്മിപ്പിച്ചു. നവംബര്‍-ഫെബ്രുവരിയാണ് കച്ച് സീസണ്‍. പിന്നീട് ചൂടും മഴയുമാകും. ആ സമയം റിസോര്‍ട്ടുകള്‍ ഏതാണ്ട് നശിച്ച അവസ്ഥയിലാവും. വെളുത്ത ചെളിയും മണ്ണും ചേര്‍ത്തുണ്ടാക്കുന്ന റിസോര്‍ട്ടുകള്‍ ചാണകം മെഴുകിയതാണ്. സെപ്തംബറില്‍ ഇത് പുതുക്കാന്‍ ആരംഭിക്കും. സീസണ്‍ കഴിഞ്ഞാല്‍ മറ്റ് പണികളില്‍ ഏര്‍പ്പെടും.
ഉച്ചയൂണിന് ചപ്പാത്തിയും ചോറും പരിപ്പും പപ്പടവും കിഴങ്ങുകറിയും പയറും ശര്‍ക്കരയും നാരങ്ങാ അച്ചാറും സോസും സലാഡും മോരുമുണ്ടായിരുന്നു. റിസോര്‍ട്ടില്‍ ടെന്റുകളുമുണ്ട്. ഞങ്ങള്‍ പരമ്പരാഗത വീടുകളിലാണ് താമസിച്ചത്.
സന്തോഷ് മധുരമിടാത്ത ചായയാണ് കുടിക്കുക. അത് മോറി ചായ്. ഞങ്ങള്‍ക്കുള്ളത് മീഠി ചായ്. ചായയും രുചിച്ച് നാല് മണിക്ക് വൈറ്റ് ഡസര്‍ട്ടിലേക്ക് യാത്ര തിരിച്ചു. ഉപ്പ് കലര്‍ന്ന മണ്ണുള്ള മരുഭൂമിയില്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ തിളക്കം. ഇതാണ് ശുഭ്രമരുപ്രദേശം. അവിടവിടെ ജലാശയങ്ങള്‍ കാണാം. കടുത്ത ഉപ്പ്ജലം അടിഞ്ഞുകൂടിയ ഇടങ്ങള്‍. വൈറ്റ് റാന്‍ അവസാനിക്കുന്നത് ഒരു നിശ്ചല തടാകത്തിലാണ്. അതിന് ഒരു കടലിന്റെ സ്വഭാവമുണ്ട്. അവിടെ സൂര്യാസ്തമയം കാണാന്‍ ആയിരങ്ങള്‍ കൂടിയിട്ടുണ്ടായിരുന്നു. ഇതേ സമയം താര്‍ മരുഭൂമിയിലെ തിരക്കും ഞാന്‍ ഓര്‍ത്തുപോയി.
അവിടത്തെ വ്യൂപോയിന്റ് മനോഹരമായ ഒരാര്‍ക്കിടെക്ചറാണ്. ഇരുമ്പില്‍ തീര്‍ത്ത സ്ട്രക്ചര്‍. റാന്‍ ഗുജറാത്തിന്റെ അതിര്‍ത്തിയാണ്, ഇന്ത്യയുടെയും. നോക്കെത്താ ദൂരം തടാകമാണ്. അതിനപ്പുറം പാകിസ്ഥാനും. ഇവിടെ അതിര്‍ത്തി രക്ഷ ചുമതല ബിഎസ്എഫിനാണ്. എന്നാല്‍ റാനില്‍ ഗുജറാത്ത് പോലീസിന്റെ ഒരു ശാഖയുണ്ട്. ബോര്‍ഡര്‍ വിംഗ് ഓഫ് സ്റ്റേറ്റ് പോലീസ്. അസ്തമയ സൂര്യന്റെ കാഴ്ച മനോഹരം. അപ്പോള്‍ മറുവശം പൂര്‍ണ്ണചന്ദ്രനുദിച്ചു. അടുത്ത ദിവസം സൂപ്പര്‍ മൂണ്‍ ഡേ ആണ്. ഞാന്‍ കാഴ്ചകള്‍ കുഞ്ഞ് മൊബൈലില്‍ പകര്‍ത്തി ലയിച്ചു നില്ക്കെ പിറകിലെ ഒച്ചയും ബഹളവും കേള്‍ക്കുന്നുണ്ടായിരുന്നില്ല. രാധാകൃഷ്ണന്‍ പിടിച്ചുമാറ്റിയപ്പോഴാണ് ആ നിമിഷത്തിന്റെ ഭീകരത ബോധ്യപ്പെട്ടത്. ഒട്ടക വണ്ടിയിലാണ് പലരും വ്യൂപോയിന്റില്‍ എത്തുന്നത്. ഈ വണ്ടിക്ക് ബ്രേക്കോ ഒട്ടകത്തിന് കടിഞ്ഞാണോ ഇല്ല. പുറപ്പെട്ടാല്‍ ഡസ്റ്റിനേഷനിലെ അവന്‍ നില്ക്കൂ. ഇടയ്ക്കുള്ള പ്രതിബന്ധങ്ങള്‍ നോക്കാറില്ല. ഒരു ഒട്ടക വണ്ടിയില്‍ കുറഞ്ഞത് പതിനഞ്ച് ആളുകളെങ്കിലും കാണും. ഞാന്‍ റോഡിന്റെ നടുക്കായിരുന്നു. തൊട്ടുപിന്നില്‍ ഒട്ടക വണ്ടിയും. ഒന്നുകില്‍ വണ്ടിയുടെ ചക്രം അല്ലെങ്കില്‍ ഒട്ടകത്തിന്റെ ചവിട്ട്. രണ്ടിലൊന്ന് ഉറപ്പായിരുന്നു. പിന്നീടതോര്‍ക്കുമ്പോഴൊക്കെ ഭയം നിറയുമായിരുന്നു.
കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് ഡല്‍ഹി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജീവിച്ച അജിത് കുമാര്‍ രാജ്യത്തിന്റെ അതിര്‍ത്തിയായ വൈറ്റ് റാനില്‍ വച്ച് ഒട്ടകത്തിന്റെ ചവിട്ടേറ്റ് മരിച്ചു അഥവാ ഒട്ടകവണ്ടി തട്ടി തവിടുപൊടിയായി എന്ന വാര്‍ത്ത മനസ്സിന് മുന്നില്‍ എഴുതി വരും. ഒരു സാഹിത്യകാരന്‍ എന്നറിയപ്പെടാനും മേല്‍പ്പിടിയാന്‍ ആഗ്രഹിച്ചിരുന്നു എന്നു കൂടി ഞാനതിനൊപ്പം എഴുതിച്ചേര്‍ക്കുമായിരുന്നു. വിധിയെ തടുക്കാന്‍ ബ്രഹ്മനും കഴിയാ എന്നാരോ പറയുമ്പോഴാണ് ഞെട്ടിയുണരുക. ഇപ്പോഴും ആ ഞെട്ടല്‍ പൂര്‍ണ്ണുമായും വിട്ടുപോയിട്ടില്ലെങ്കിലും കുറഞ്ഞിട്ടുണ്ട്. മൌലാനയുടെ കുതിര ലാഖ വലിച്ച വണ്ടിയില്‍ റാനില്‍ നിന്നും മടങ്ങി. ഒട്ടക വണ്ടികളെ പിന്നിലാക്കിയായിരുന്നു ലാഖയുടെ ഓട്ടം. അവന് 250 രൂപ നല്കി. ലാഖയ്ക്ക് സ്പെഷ്യല്‍ തീറ്റ നല്കണം എന്നു പറഞ്ഞപ്പോള്‍ മൌലാന ചിരിച്ചു. കൊടുക്കാം എന്നാണോ ഇല്ല എന്നാണോ ആ ചിരിയുടെ അര്‍ത്ഥമെന്നറിയില്ല.
തിരികെ വിസാമോയിലെത്തി. അവിടെ രാത്രിയില്‍ സംഗീത പരിപാടിയുണ്ടായിരുന്നു. ദാന കാനയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രാജ കാന സന്തൂര്‍ വായിച്ചു. ഏക് താരയും ഖിര്‍ത്താറുമുണ്ടായിരുന്നു. അലൂമിനിയം കലത്തിന് മുകളില്‍ തോല്‍ ചുറ്റിയ നിലയിലാണ് ഖിര്‍താര്‍. കാന പഞ്ചയാണ് ഉപകരണം വായിച്ചത്. കബീര്‍ ദാസിന്റെയും മീരയുടെയും ഭജനുകള്‍ ഹര്‍ജി ഉദോസയും കേസ ദാനയും ആലപിച്ചു.
രാവിലെ റിസോര്‍ട്ടിനു മുന്നില്‍ പരമ്പരാഗത വസ്ത്രങ്ങളും ആഭരണങ്ങളും അലങ്കാര വസ്തുക്കളുമായി പെണ്‍കുട്ടികള്‍ എത്തി. നല്ല തിളക്കവും നിറവുമുള്ള വസ്ത്രങ്ങള്‍, മൂക്കില്‍ വലിയ അലങ്കാരച്ചന്തം,നിറഞ്ഞ ചിരി. മോനിഷ,കവിത,ശാന്ത,ഖോര എന്നിവരാണ് കുട്ടിത്താരങ്ങള്‍. മൂന്നും അഞ്ചും ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍. വീടുകളില്‍ നിര്‍മ്മിച്ച ബാഗ്,കമ്മല്‍,കീ ചെയിന്‍ തുടങ്ങി വിവിധ വസ്തുക്കള്‍ വില്‍പ്പനയ്ക്കായി നിരത്തി. ദീപാവലി അവധി കഴിഞ്ഞിട്ടില്ല, അതുകൊണ്ടാണ് സ്കൂളില്‍ പോകാത്തതെന്ന് അവര്‍ പറഞ്ഞു. എല്ലാവരും ഓര്‍മ്മയ്ക്കായി ചില സുവനീറുകള്‍ വാങ്ങി. ആവശ്യമുണ്ടായിട്ടല്ല, ആ കുട്ടികളുടെ സന്തോഷവും പുഞ്ചിരിയും കാണാനായി. ബിസ്സിനസ്സില്‍ അവര്‍ തികഞ്ഞ സ്മാര്‍ട്ട്നസ്സ് കാട്ടി.
കച്ചിലെ ക്ലേ റിലീഫുകളിലെ മിറര്‍ വര്‍ക്കുകള്‍ പ്രസിദ്ധമാണ്. അവരുടെ പരമ്പരാഗത കുടിലുകളില്‍ നമുക്കിത് കാണാം. അവരുടെ ഭിത്തികളും ഉപകരണങ്ങളും ചിത്രങ്ങളാലും കണ്ണാടിത്തുണ്ടുകളാലും തിളങ്ങുന്നവയാണ്. മുളയിലുള്ള ഫ്രെയിമില്‍ വൈറ്റ് ക്ലെ ഉപയോഗിച്ചാണ് വീട് നിര്‍മ്മിക്കുക. ധാന്യപ്പുര,വസ്ത്രങ്ങള്‍,വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെ സൂക്ഷിപ്പുപുര, ഇരിപ്പിടങ്ങള്‍,അലമാരകള്‍,ഭിത്തി തുടങ്ങി എല്ലാം ഇത്തരത്തില്‍ നിര്‍മ്മിക്കും. ജനാലകളും കതകുകളും അലങ്കരിക്കും. ഈ മേഖലയില്‍ ലോകപ്രശസ്തനാണ് ബാബര്‍ ഭുര. മേഘ്വാള്‍ സമുദായത്തിലുള്ള ഭുരയും സഹോദരങ്ങളും മക്കളും ചെറുമക്കളും ഈ മേഖലയില്‍ മിടുക്കര്‍. ബാസാര്‍ ഭുരയുടെ സഹോദരീ പുത്രനാണ് ഗഗന്‍. തുകലിലും തുണി എംബ്രോയിഡറിയിലും ക്ലേ വര്‍ക്കിലും മിറര്‍ വര്‍ക്കിലും മിടുക്കരായ ഇവരുടെ കൂട്ടുകുടുംബം ഹോഡ്കയിലെ ബാനി ഗ്രാമത്തിലാണ് താമസിക്കുന്നത്. എണ്‍പതംഗങ്ങള്‍ അടങ്ങുന്നതാണ് ഈ കുടുംബം. സ്ത്രീകളാണ് ജോലിയില്‍ മികവ് പുലര്‍ത്തുന്നവര്‍. 25 വര്‍ഷം മുന്‍പ് ഈ ജോലി വാണിജ്യവത്ക്കരിക്കപ്പെട്ടു. അതോടെയാണ് പുരുഷന്മാരും രംഗത്ത് വന്നത്. ഭുരയുടെ അഞ്ച് സഹോദരന്മാരും രണ്ട് സഹോദരിമാരും നാല് പെണ്മക്കളും രണ്ട് ആണ്മക്കളും ഇപ്പോള്‍ ഈ രംഗത്ത് സജീവമാണ്.
രണ്ടാം ക്ലാസ്സ് പഠനം മാത്രമുള്ള ഭുര ഇപ്പോള്‍ ലോകമറിയുന്ന കലാകാരനാണ്. പണ്ട് കൈയ്യും കണ്ണും മനസ്സും മാത്രമറിഞ്ഞ് ചെയ്തുവന്ന ജോലിക്ക് ഇപ്പോള്‍ അളവുകളുണ്ട്. കൂടുതല്‍ പ്രൊഫഷണലായി എന്നു പറയാം. കഴിവതും പാരമ്പര്യത്തിലൂന്നിയാണ് ജോലി ചെയ്യുക. ഇപ്പോള്‍ പ്ലൈ കൂടി ഉപയോഗിക്കുന്നുണ്ട് നിര്‍മ്മാണത്തിനായി. മെഷീന്‍ പ്രിന്റഡ് വര്‍ക്കുകളും വന്നുതുടങ്ങിയിട്ടുണ്ട്. ഇത് പരമ്പരാഗത രീതികളെ നശിപ്പിക്കുമെന്ന ആശങ്കയും കലാകാരന്മാര്‍ക്കുണ്ട്. ഭുരയുടെ വര്‍ക്കുകള്‍ അഹമ്മദാബാദ്,മുംബയ്,ഡല്‍ഹി,ജര്‍മ്മനിയിലെ ലീപ്സിംഗ് ഗ്രാനി മ്യൂസിയം എന്നിവിടങ്ങളിലുണ്ട് എന്നു പറയുമ്പോള്‍ ഗഗന്റെ മുഖത്ത് അഭിമാനം തിളങ്ങി.
വിസാമോയില്‍ പ്രാതലായി കിട്ടിയത് പൊഹയായിരുന്നു. പൊഹ എന്നാല്‍ അവില്‍ ഉപ്പുമാവ്. ബ്രഡ്,ബട്ടര്‍,ജാം എന്നിവയുമുണ്ടായിരുന്നു. അവിടെ നിന്നും ഗ്രാമവാസികള്‍ താമസിക്കുന്നിടത്ത് പോയി. പരമ്പരാഗത വീടുകളില്‍ എല്ലാവരും കൈത്തൊഴില്‍ ചെയ്യുന്നു. പരിസരം അത്ഭുതകരമാംവിധം വൃത്തിയുള്ളതായിരുന്നു. അഴുക്കും മോശമായ ഗന്ധവുമൊന്നുമില്ലാതെ ഒരു ഗ്രാമം കാണുക അപൂര്‍വ്വം. അവിടെ നിര്‍മ്മിക്കുന്ന മനോഹരമായ ചിത്രപ്പണികളുള്ള ബെഡ്ഷീറ്റുകളും രജായികളും അന്യദേശങ്ങളിലേക്ക് പോകുന്നുണ്ട്. പെണ്‍കുട്ടികളാണ് ആണ്‍കുട്ടികളേക്കാള്‍ മിടുക്കര്‍. പലവിധ അലങ്കാര വസ്തുക്കളും അവിടെ നിര്‍മ്മിക്കുന്നുണ്ട്. കുറേ കീചെയിനുകള്‍ അവിടെനിന്നു വാങ്ങി. ഗുജറാത്തില്‍ ഏറ്റവുമധികം കാണപ്പെടുന്ന മരം ദേശി ബാവ്ഡിയ എന്ന മുള്‍ച്ചെടിയാണ്. പുളിയുള്ള ഫലം നല്കുന്ന ഗുരാ സാംമ്ലിയും ഗ്രാമത്തില്‍ കാണാന്‍ കഴിഞ്ഞു. അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വളരെ അടുപ്പമുള്ള ചില സുഹൃത്തുക്കളെ വിട്ടുപോകുംപോലെ തോന്നി. എനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അതേ വികാരം തന്നെയായിരുന്നു. നിഷ്ക്കളങ്കരായ മനുഷ്യര്‍ സമ്മാനിക്കുന്ന ചില മധുരങ്ങള്‍.
റാന്‍ ഓഫ് കച്ചിലെ പ്രധാന വാഹനം

സന്ദര്‍ശകരെ കാത്ത്

ഉപ്പ് നിറഞ്ഞ തടാകം

റാനിലെ അസ്തമയം

റാനിലെ വ്യൂ പോയിന്‍റ്

വൃത്തിയും സൌന്ദര്യവുമുള്ള ഗ്രാമീണ വീട്

ഗ്രാമം 

Saturday, 8 September 2018

Trip to Gujarat --- 4

ബചാവു എക്സ്പ്രസ് ഹൈവെ 

ഒട്ടകങ്ങളുടെ കൂട്ടം

ഒട്ടക ഉടമ ഷെറീഫ്

കാലോ ദുഗര്‍

ഉപ്പുരസമുള്ള  മണ്ണ്
ഗുജറാത്ത് യാത്ര -- ഭാഗം -- 4
കാലോ ദുഗര്‍
രാവിലെ അഞ്ചുമണിക്ക് പാഠനില്‍ നിന്നും പുറപ്പെട്ടു. നോക്കെത്താ ദൂരം നീണ്ടുകിടക്കുന്ന പരന്ന റോഡിലൂടെ അതിവേഗം വണ്ടിയോടി. സംസ്ഥാന റോഡ് വികസന കോര്‍പ്പറേഷനാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. എങ്ങും ഒരു ഗട്ടറുമില്ലാത്ത റോഡ്. ശുക്ലി നദി കടന്നുള്ള യാത്ര. കണ്ണുകള്‍ എത്തുന്നതിനും അപ്പുറം പരന്നു കിടക്കുകയാണ് പാടങ്ങള്‍. രാധന്‍പൂര്‍ മുതല്‍ ബചാവു വരെ എക്സപ്രസ്സ് ഹൈവേയാണ്. രാധന്‍പൂരിലെ ജൈനക്ഷേത്രം മനോഹരവും ശ്രദ്ധേയവുമാണ്. എന്നാല്‍ ചരിത്രപരമായ പ്രാധാന്യം ഒട്ടില്ലതാനും. ഇത്തരത്തിലുള്ള ജൈനക്ഷേത്രങ്ങള്‍ ഗുജറാത്തില്‍ ധാരാളം കാണാന്‍ കഴിയും. എക്സ്പ്രസ്സ് ഹൈവേയില്‍ ഒരു ട്രക്ക് തലകീഴായി കിടക്കുന്നത് കണ്ടു. അടുത്തായി തകര്‍ന്നടിഞ്ഞ ഒരു കാറും. മെച്ചമായ റോഡും അതിവേഗവും വരുത്തുന്ന അപകടങ്ങളാണ് ഇപ്പോള്‍ റോഡിലെ പുതിയ വെല്ലുവിളി.
പാഠന്‍ ജില്ല അവസാനിക്കുന്നിടത്ത് ഒരു തടാകം കണ്ടു, ധാരാളം ദേശാടനപ്പക്ഷികളും. ഉപ്പുള്ള മണ്ണാണ് അവിടെയെല്ലാം. ഹോട്ടല്‍ സഹയോഗില്‍ പ്രഭാത ഭക്ഷണത്തിനിറങ്ങി. ടോയ്ലറ്റ് വളരെ മോശം നിലയിലായിരുന്നതിനാല്‍ ഭക്ഷണം കഴിക്കാന്‍ നില്ക്കാതെ അവിടെ നിന്നിറങ്ങി. പിന്നീട് ബചാവുവിലെ ഹോട്ടല്‍ ശിവ് ഇന്‍റര്‍നാഷണലില്‍ കയറി. നല്ല വൃത്തിയുള്ള ഇടം. പൂരിയും കറിയും വാങ്ങിക്കഴിച്ചു. വില കൂടുതലാണ്. അഞ്ചുപേര്‍ക്ക് ആയിരം രൂപയ്ക്ക് മുകളിലായി.
പാഠനില്‍ നിന്നും 360 കിലോമീറ്റര്‍ അകലെയാണ് ഭുജിലെ കച്ച്. യാത്രയില്‍ എവിടെയും എണ്ണയ്ക്കായി കൃഷി ചെയ്യുന്ന ആവണക്കിന്‍ പാടങ്ങള്‍ കാണാം. ഞങ്ങള്‍ എത്തിച്ചേര്‍ന്നത് കാലോദുഗ്ഗാറിലേക്കും റാന്‍ ഓഫ് കച്ചിലേക്കുമുള്ള യാത്രയുടെ പാസ്സ് നല്കുന്ന ബരിന്‍ഡിയ ചെക്ക്പോസ്റ്റിലാണ്. അവിടെ പേരയ്ക്ക വില്ക്കുന്ന മീനാക്ഷരിക്ക് എട്ടു വയസ്സുണ്ടാകും. നിര്‍മ്മലമായ ചിരിയും കച്ചവട തന്ത്രങ്ങളുമായി അവള്‍ അടുത്തുവന്നു. പേരയ്ക്കയ്ക്ക് ജാംഫല്‍ എന്നാണ് ഗുജറാത്തിയില്‍ പറയുക. മൂന്ന് പേരയ്ക്കയും അതിനുള്ള മസാലയും കൂടി പത്ത് രൂപയാണ്. “സര്‍, നല്ല മധുരമുള്ള പേരയ്ക്കയാണ്. ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ തോന്നും”, അവള്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസം സൌജന്യവും നിര്‍ബ്ബന്ധിതവുമാക്കിയിട്ടുള്ള ഇന്ത്യയുടെ ഭാഗമാണ് ഗുജറാത്ത്. പക്ഷെ മീനാക്ഷരി സ്കൂളില്‍ പോകുന്നില്ല. അവളുടെ ജ്യേഷ്ടന്‍ കിരണിന് പത്ത് വയസ്സുണ്ടാകും. അവനും പേരയ്ക്ക വില്ക്കുകയാണ്. അച്ഛനും അമ്മയുമില്ല എന്നാണ് അവര്‍ പറഞ്ഞത്. അത് കച്ചവടത്തിലെ സഹതാപ തന്ത്രമാണെന്ന് മുകേഷ് പറഞ്ഞു. അച്ഛനമ്മമാരും അവിടെ കച്ചവടം ചെയ്യുന്നുണ്ടാകുമെന്ന് അയാള്‍ പറഞ്ഞു. അഥവാ അത് കളവാണെങ്കിലും ആ കുട്ടികളുടെ നിഷ്ക്കളങ്കമായ കള്ളത്തരം നമ്മില്‍ ദേഷ്യം ഉണര്‍ത്തില്ല എന്നതാണ് സത്യം.
പാസ്സിന് 650 രൂപയാണ്. പേപ്പര്‍ വര്‍ക്കുകള്‍ തീര്‍ത്ത് വാഹനം മുന്നോട്ട് നീങ്ങി. മരുഭൂമി പോലെ വിജനമായ റോഡില്‍ പെട്ടെന്ന് മണികിലുക്കവുമായി ഒരൊട്ടകക്കൂട്ടം പ്രത്യക്ഷമായി. നൂറോളം ഒട്ടകങ്ങളുണ്ട്. തീറ്റ കഴിഞ്ഞ് ഗ്രാമത്തിലേക്ക് പോവുകയാണ് ഒട്ടകങ്ങള്‍. രാജസ്ഥാനില്‍ നിന്ന് ആളുകള്‍ വന്ന് ഒട്ടകങ്ങളെ വാങ്ങും. അതിനായി വളര്‍ത്തുകയാണ് ഇവരെ. കഴുത്തില്‍ കെട്ടിയ മണിയുടെ സംഗീതം ഇമ്പമുള്ളതാണ്. പച്ചിലകള്‍ അപൂര്‍വ്വമാണെങ്കിലും അതാണ് പ്രധാന തീറ്റ. വണ്ടി നിര്‍ത്തി എല്ലാവരും ഇറങ്ങി ഫോട്ടോ എടുത്തു. ഉടമ ഷറീഫുമായി സംസാരിച്ചു. അഴുക്കും പൊടിയും നിറഞ്ഞ വസ്ത്രങ്ങളും മുഖവും തവിട്ടുനിറമുള്ള പല്ലുകളുമായി ഷെറീഫ്. നിന്ന് സംസാരിക്കാന്‍ സമയമില്ല. മരുഭൂമിയിലെ കപ്പലുകള്‍ പലവഴിക്കായി പോകും. ഇത്രയും വലിയ ഒരു കൂട്ടം ജീവികളെ നിയന്ത്രിക്കുന്നത് ഈ ചെറിയ മനുഷ്യനും അയാളുടെ ഭാര്യയുമാണ്. മനുഷ്യന്‍റെ തലച്ചോറ്, അത് മാത്രമാണ് അവനുള്ള ശക്തി എന്നു തോന്നിപ്പോയി ഒരു നിമിഷം. അയാള്‍ ഒരു ചിത്രത്തിന് പോസ് ചെയ്തശേഷം ഒട്ടകങ്ങള്‍ക്ക് പിന്നാലെ ഓടി.
പടിഞ്ഞാറന്‍ ഗുജറാത്തിലെ അവസാന ഗ്രാമമാണ് ഖാവ്ട. കാലോ ദുഗറിലേക്കുള്ള യാത്രയിലാണിത്. കാലോ ദുഗര്‍ എന്നാല്‍ കറുത്ത കുന്ന്. ഇങ്ങനെ പേര് വരുവാനുള്ള കാരണം അറിയില്ല. എങ്കിലും അവിടെ നിന്നുള്ള കാഴ്ച അപാരമാണ്. റാന്‍ ഓഫ് കച്ചിന്‍റെ വിശാലമായ കാഴ്ചയിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്ന ഇടമാണ് കാലോ ദുഗര്‍. പ്രഭാതവും സായാഹ്നവുമാണ് കാഴ്ചയ്ക്ക് മനോഹരം. പക്ഷെ ഞങ്ങള്‍ എത്തിയത് നട്ടുച്ചയ്ക്കായിരുന്നു. കാലോ ദുഗറിനപ്പുറം പാകിസ്ഥാനാണ്. 462 മീറ്റര്‍ ഉയരമുള്ള കാലോ ദുഗറാണ് കച്ചിലെ ഏറ്റവും ഉയര്‍ന്ന സ്ഥലവും. ദൂജില്‍ നിന്നും 97 കിലോമീറ്ററും ഖാവ്ടയില്‍ നിന്നും 25 കിലോമീറ്ററും ദൂരമുണ്ട് ഇവിടേക്ക്.
പാകിസ്ഥാന്‍ അതിര്‍ത്തിയായ ഇവിടെ ശക്തമായ സൈനിക സാന്നിധ്യവുമുണ്ട്. 400 വര്‍ഷം പഴക്കമുള്ള ദത്താത്രേയ ക്ഷേത്രം അവിടത്തെ മറ്റൊരാകര്‍ഷണമാണ്. ബ്രഹ്മാവും വിഷ്ണുവും ശിവനും ഒന്നു ചേര്‍ന്ന രൂപമാണ് ദത്താത്രേയ. ദത്താത്രേയ ഒരിക്കല്‍ ഭൂമിയില്‍ ഇറങ്ങി നടക്കുമ്പോള്‍ ഇവിടെ പട്ടിണി കിടക്കുന്ന കുറുക്കന്മാരെ കണ്ടു എന്നും അവര്‍ക്ക് കഴിക്കാന്‍ സ്വന്തം ശരീരം ഭക്ഷണമായി നല്‍കി എന്നുമൊരു വിശ്വാസം ഇവിടെയുണ്ട്. അവര്‍ കഴിക്കുന്തോറും ശരീരം പുനസൃഷ്ടിക്കപ്പെട്ടു എന്നും വിശ്വാസികള്‍ പറയുന്നു. അതിന് ശേഷം ഈ ക്ഷേത്രമുണ്ടായെന്നും എല്ലാ ദിവസവും കുറുക്കന്മാര്‍ക്ക് പൂജ കഴിഞ്ഞ് പ്രസാദവും ചോറും നല്കി വരുന്നുണ്ടെന്നും ഇവിടത്തുകാര്‍ പറഞ്ഞു.ദത്താത്രേയയുടെ ഭക്തനായ ലാഖ്ഗുരു ഇവിടെ താമസിച്ചിരുന്നെന്നും അദ്ദേഹം കുറുക്കന്മാര്‍ക്ക് തീറ്റ നല്കി വന്നു എന്നുമാണ് മറ്റൊരു ഐതീഹ്യം. ഒരു ദിവസം ഭക്ഷണമില്ലാതിരുന്നപ്പോള്‍ അദ്ദേഹം സ്വശരീരം മുറിച്ച് നല്കി എന്നാണ് ആ ഐതീഹ്യത്തില്‍ പറയുന്നത്. കാലോ ദുഗാറിലെ രാജാവിനെ പരീക്ഷിക്കാന്‍ ദത്താത്രേയ കാട്ടുകുറുക്കനായി വന്ന് ഭക്ഷണം ചോദിച്ചുവെന്നും രാജാവ് ശരീരത്തിന്‍റെ ഒരു ഭാഗം മുറിച്ചു നല്കികയെന്നുമാണ് മറ്റൊരു കഥ.
കഥകള്‍ എന്തൊക്കെയായാലും കുറുക്കന്മാര്‍ വരുന്നതും ഭക്ഷണം കഴിക്കുന്നതും ഒരു സത്യമാണ്. മുന്‍പ് ഇരുപതിലേറെയുണ്ടായിരുന്ന കുറുക്കന്മാര്‍ ഇപ്പോള്‍ എട്ടായി കുറഞ്ഞിട്ടുണ്ടെന്നു മാത്രം. അവര്‍ കഴിക്കുന്നത് ക്ഷേത്രത്തിലെ പ്രസാദവും ചോറുമാണ്.
കാലോ ദുഗറിലെ ഭൂരിപക്ഷം ജനങ്ങളും മുസ്ലിം മത വിശ്വാസികളാണ്. അവിടെ മീഠോ മാവ് വില്ക്കു ന്ന ഹാറൂണിനെ പരിചയപ്പെട്ടു. പാലും പഞ്ചസാരയും കുറുക്കി ഏലയ്ക്ക ചേര്‍ത്താണ് മിഠോമാവ് തയ്യാറാക്കുന്നത്. നൂറുഗ്രാമിന് 30 രൂപ. ദിവസം 100-150 രൂപ കിട്ടുമെന്ന് ഹാറൂണ്‍ പറഞ്ഞു. ജലം തീരെ കുറവുള്ള പ്രദേശമായതിനാല്‍ എല്ലാവരും മുഷിഞ്ഞ നിലയിലാണ് കാണുന്നത്. പാനും ബീഡിയും പ്രധാനം. ഉയരങ്ങളില്‍ പറന്ന് അനങ്ങാതെ നില്ക്കുന്ന പരുന്തുകള്‍ ധാരാളം. ഇവയ്ക്ക് മൊണ്ടാഗൂസ് ഹാര്‍മനര്‍ എന്ന് വിളിപ്പേര്. കള്ളിമുള്ളുകളും ധാരാളമായുണ്ട്. ഇവിടം കടലായിരുന്നു എന്നും ചരിത്രം പറയുന്നു.
ഒട്ടകപ്പുറത്ത് വെറുതെ ഒന്നു യാത്ര ചെയ്തു. മുന്നില്‍ ഞാനും പിറകില്‍ രാധാകൃഷ്ണനുമായിരുന്നു. ഒട്ടകം എഴുന്നേല്ക്കുമ്പോഴും ഇറങ്ങാനായി ഇരിക്കുമ്പോഴും ഒരു പേടി തോന്നും. 50 രൂപ കൊടുത്തു. ഷരീഫും ഇബ്രാഹീമും മാത്രമല്ല ഏകദേശം 25 ആളുകള്‍ ഈ തൊഴിലിലുണ്ട്. നാലിലും ഏഴിലുമായി പഠിത്തം ഉപേക്ഷിച്ചവര്‍. പഠനം കൊണ്ട് വയറു നിറയുമോ ,കുടുംബം മുന്നോട്ട് പോകുമോ എന്നൊക്കെയുള്ള അവരുടെ ചോദ്യങ്ങള്‍ ശ്രദ്ധേയം. പഠിത്തം വളരെ മുഷിപ്പന്‍ പരിപാടിയാണ്, ഈ ജോലി രസമാണ് എന്ന് മഞ്ഞപ്പല്ലുകള്‍കാ‍ട്ടി നിഷ്ക്കളങ്കമായ ചിരിയോടെ ഷരീഫ് പറഞ്ഞപ്പോള്‍ അവനായിരിക്കാം ശരി എന്നു തോന്നി.