നൂറുകണക്കിന് ആടുകളെ തെളിച്ചു പോകുന്ന ആട്ടിടയര്‍ |
ദ്വാരകയിലേക്കുള്ള പ്രധാന പാത |
നോക്കെത്താ ദൂരം പരുത്തിപ്പാടം |
ദ്വാരകാദീഷ് |
ദ്വാരക
ഭാദ്ര പാട്യയില്‍ വണ്ടി ഒതുക്കി ഒരു ചായ കുടിച്ചു. ചെവിയുടെ ഉള്ളകം തുളച്ച് കമ്മലിട്ട പാഞ്ചാഭായ് ആണ് ചായക്കട നടത്തുന്നത്. നല്ല കൊഴുപ്പുള്ള എരുമപ്പാലിലേക്ക് തേയില ചേര്‍ത്ത് ഇഞ്ചിയും ചതച്ചിട്ട ചായ. നല്ല മധുരവും. പോകും വഴി നൂറുകണക്കിന് ആടുകളെ തെളിച്ചുപോകുന്ന ആട്ടിടയന്മാരെ കാണുകയുണ്ടായി. ശ്രീകൃഷ്ണന്‍റെ കുടുംബക്കാര്‍. നോക്കെത്താ ദൂരത്തിലാണ് പരുത്തികൃഷി.തൂവെള്ള പരുത്തിയുമായി പൊട്ടിവിടര്‍ന്നു നില്‍ക്കുന്ന പരുത്തിക്കായകള്‍ മലയാളിക്ക് അപൂര്‍വ്വക്കാഴ്ചയാണ്.
രാത്രിയില്‍ ദ്വാരകാദീഷ് ക്ഷേത്രത്തിലെത്തി. മുറിയെടുത്ത് ലഗ്ഗേജ് വച്ചശേഷം നേരെ ക്ഷേത്രത്തിലേക്ക്. 9.30ന് ദര്‍ശനം കഴിയും. അതിന് മുന്‍പെത്തി.കറുത്ത മുഖവും അലങ്കാരവുമുള്ള കൃഷ്ണനെ ദര്‍ശിച്ചു. ഭക്തിയുടെ പാരവശ്യമൊന്നുമുണ്ടാകാത്ത ക്ഷേത്രപരിസരം. അഴുക്കും കടകളുടെ ആധിക്യവും മീന്‍ ഗന്ധവും ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷം. ഭഗവാനുപോലും അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടാവും.
ദ്വാരക കടലില്‍ നിന്നും ജന്മമെടുക്കുകയും കടല്‍ പിന്നീട് നശിപ്പിക്കുകയും ചെയ്ത ഒരു തുറമുഖ പട്ടണമാണ്. ആദിക്ഷേത്രത്തിന് 2000 വര്‍ഷം പഴക്കം അവകാശപ്പെടുന്നുണ്ടെങ്കിലും ഇന്ന് കാണുന്ന ക്ഷേത്രമുണ്ടായത് 15-16 നൂറ്റാണ്ടുകളിലാണ്.കൃഷ്ണന്‍ താമസിച്ചിരുന്ന വീടിനെ ചെറുമകന്‍ വജ്രനാഭന്‍ ക്ഷേത്രമാക്കി മാറ്റി എന്ന് വിശ്വസിക്കപ്പെടുന്നു. പ്രധാന ക്ഷേത്രത്തിന് അഞ്ച് നിലകളും 72 തൂണുകളുമുണ്ട്. ഗോമതി നദിയുടെ തീരത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 51.8 മീറ്റര്‍ ഉയരമുണ്ട് പ്രധാന ക്ഷേത്രത്തിന്. ചുണ്ണാമ്പ്കല്ലില്‍ തീര്‍ത്ത ക്ഷേത്രത്തിന് കടല്‍കാറ്റിന്‍റെ ഉപ്പ് ഒരു ഭീഷണിയാണ്.ക്ഷേത്രക്കൊടിമരം 78.3 മീറ്റര്‍ ഉയരത്തിലാണുള്ളത്. ശങ്കരാചാര്യര്‍ ദര്‍ശനം നടത്തിയിട്ടുള്ള ക്ഷേത്രത്തില്‍ ആ ഓര്‍മ്മയില്‍ തൊഴുതിറങ്ങി.
അടുത്ത പ്രഭാതത്തില്‍ വീണ്ടും ക്ഷേത്രപരിസരത്തെത്തി ചിത്രമെടുത്തു. ക്ഷേത്രത്തിന് പിറകിലാണ് സുധാമ സേതു. അതുവഴി കനാലിനപ്പുറമിറങ്ങി. കടലിന്‍റെ തീരത്തോടടുത്തും ക്ഷേത്രങ്ങള്‍ വേറെയുണ്ട് എന്നു മനസ്സിലാക്കി. തുടര്‍ന്ന് രുഗ്മിണി ക്ഷേത്രത്തില്‍ പോയി. മീന്‍വണ്ടികള്‍ തേരാപാര ഓടുന്ന ദ്വാരകയിലെത്തുമ്പോള്‍ ഓര്‍മ്മവരുക നീണ്ടകരയെയാണ്. അവിടെ എത്തുമ്പോള്‍ കണ്ണടിച്ചിരിക്കുന്ന ഏതൊരാള്‍ക്കും പറയാന്‍ കഴിയും നീണ്ടകര എത്തിയെന്ന്.
ദുര്‍വ്വാസാവിന്‍റെ ശാപം മൂലം വേറിട്ട് കഴിയേണ്ടി വന്ന രുഗ്മിണി ദേവിയാണ് പ്രതിഷ്ഠ.കഥയിങ്ങനെ. ക്ഷിപ്രകോപിയായ ദുര്‍വ്വാസാവിനെ വീട്ടില്‍ ഭക്ഷണത്തിനായി കൃഷ്ണന്‍ ക്ഷണിച്ചു. കൃഷ്ണനും രുഗ്മിണിയും കൂടി മഹര്‍ഷിയെ വീട്ടിലേക്ക് ആനയിക്കുന്നതിനിടെ രുഗ്മിണിക്ക് ദാഹമുണ്ടായി. കൃഷ്ണന്‍ മണ്ണില്‍ തള്ള വിരലമര്‍ത്തി ജലപ്രവാഹമുണ്ടാക്കി. രുഗ്മിണി ആവോളം വെള്ളം കുടിച്ചു. ദുര്‍വ്വാസാവിന് ജലം വേണമൊ എന്ന് ചോദിച്ചുമില്ല. കോപിഷ്ടനായ ദുര്‍വ്വാസാവ് രുഗ്മിണിയെ ശപിച്ച് അവിടെ നിര്‍ത്തിയ ശേഷം യാത്ര തുടര്‍ന്നു .ആ ഇടത്ത് രുഗ്മിണി ദേവിയെ കുടിയിരുത്തി എന്നാണ് വിശ്വാസം.അങ്ങിനെ കൃഷ്ണനെ വേര്‍പെട്ട് പ്രത്യേകം ക്ഷേത്രത്തിലായി വാസം. അനേകം സ്ത്രീ രൂപങ്ങളും ആനകളും കൊത്തിവച്ചിട്ടുള്ള ക്ഷേത്രത്തില്‍ തൊഴുതിറങ്ങിയപ്പോള്‍ ഉച്ചയായി.
അനേകം സന്ന്യാസി വേഷധാരികള്‍ അവിടെ ഭക്ഷണത്തിനായി കാത്തിരിക്കുന്നു.
ഇനി ബെയ്ത് ദ്വാരകയിലേക്ക്. മീത്താപൂര്‍ വഴിയാണ് യാത്ര. ടാറ്റായുടെ സാമ്രാജ്യം. ടാറ്റാ കെമിക്കല്‍സ്, ടാറ്റാ സാള്‍ട്ട് അങ്ങിനെ പലതും ഉള്‍പ്പെട്ട ടാറ്റാ ടൌണ്‍ഷിപ്പ്. ഗുജറാത്തിന്‍റെ
കീഴ്ത്താടിയുടെ അഗ്രമാണ് ഈ പ്രദേശം. 1939ല്‍ ബറോഡ രാജാവില്‍ നിന്നും ടാറ്റയ്ക്ക് ഉപ്പുണ്ടാക്കാനായി ലഭിച്ച ഇടം. ഇപ്പോഴും ആ പ്രദേശത്തിന്‍റെ ഭരണവും സാമൂഹിക-സാമ്പത്തിക-വിദ്യാഭ്യാസ നിയന്ത്രണവും ടാറ്റാ കെമിക്കല്‍സിനാണ്.
യാത്രയിലുടനീളം മീന്‍ഗന്ധമാണ്. ത്സഘ്ടയിലും മീന്‍ കൊണ്ടുപോകുന്നു. ചിലയിടത്ത് മീന്‍ ഉണക്കുന്നതും കാണാമായിരുന്നു. ഫെറിയില്‍ കയറി ബെയ്ത്തിലെത്തി. നല്ല ചൂടുള്ള മധ്യാഹ്നം. കച്ച് കടലിടുക്കിന്‍റെ വായ എന്ന് ബേത്തിനെ വിശേഷിപ്പിക്കാം. ദ്വാരകയില്‍ നിന്നും 30 കിലോമീറ്റര്‍ മാറി മണലും കല്ലും മാത്രമുള്ള ഏകദേശം 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശമാണ് ബേത്ത് ദ്വാരക. ഇവിടെയുള്ള ശ്രീകേശവ്റയ്ജി ക്ഷേത്രം,ഹനുമാന്‍ ക്ഷേത്രം എന്നിവ പുറത്ത് നിന്നു കണ്ടു.
പത്ത് മണിവരെ മാത്രമെ പ്രവേശനമുള്ളു. ഇവിടെയെല്ലാം പശുക്കള്‍ അലസമായി മേഞ്ഞുനടക്കുന്നുണ്ടായിരുന്നു. നല്ല ദാഹം. ദാഹമകറ്റാനായി കരിക്കിന്‍ വെള്ളം കുടിച്ചു. വെര്‍വാടയില്‍ നിന്നാണ് കരിക്ക് വരുന്നതെന്ന് കച്ചവടക്കാരന്‍ മുഹമ്മദ് പറഞ്ഞു. അവിടെയും കരിക്കിന് 30 രൂപതന്നെ.ഫോട്ടോ എടുക്കുന്നതിനുള്ള നിയന്ത്രണം ഇവിടെയുമുണ്ട്.പുറത്ത് നിന്നുപോലും ചിത്രമെടുക്കാന്‍ പാടില്ല എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അത്ര പുരാതനമോ പവിത്രമായതോ ആയ ഒന്നും ഇവിടെ അനുഭവപ്പെട്ടില്ല. ഇവിടെ വന്നില്ലെങ്കിലും ഒരു നഷ്ടമുണ്ടാവില്ലായിരുന്നു എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു.
ദ്വാരകദീഷിലെ പ്രഭാതം |
ക്ഷേത്രത്തിന്‍റെ പിന്‍ഭാഗം |
സുധാമസേതു |
ദ്വാരകയിലെ പ്രഭാതം |
അനേകം ക്ഷേത്രങ്ങളുടെ ചങ്ങല |
രുഗ്മിണി ക്ഷേത്രം |
ഭക്ഷണത്തിന് കാത്തിരിക്കുന്ന കാവിവേഷങ്ങള്‍ |
ബെയ്ത്തിലെ ജട്ടി |
പശുക്കളുടെ ലോകം |
കടല്‍ കടന്ന് ബെയ്ത്തില്‍ |
No comments:
Post a Comment