ഗുജറാത്ത് യാത്ര - ഭാഗം -8
ജ്യോതിര്‍ ലിംഗങ്ങളില്‍ ഒന്ന് എന്ന് ക്ഷേത്ര ഭാരവാഹികള്‍ സ്വയം അവകാശപ്പെടുന്ന ശ്രീ നാഗേശ്വര്‍ ക്ഷേത്രത്തിലാണ് പിന്നീട് പോയത്. അത്തരമൊരു പാരമ്പര്യത്തിന്റെ ലാഞ്ചന പോലും അവിടെയുണ്ടായിരുന്നില്ല. എങ്കിലും ഭക്തിയുടെ തട്ടിപ്പുകളില്‍ ഒന്നായി നമുക്കിതിനെ കാണാം. കച്ചവടക്കണ്ണോടെ ഭക്തി വില്‍പ്പനച്ചരക്കാക്കിയവരാണ് അതിന് നേതൃത്വം കൊടുക്കുന്നത്. 2013ല്‍ നരേന്ദ്ര മോഡി ക്ഷേത്രം സന്ദര്‍ശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ ചിത്രവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗുല്‍ഷന്‍ കുമാറാണ് ക്ഷേത്രം പുതുക്കിപ്പണിയാന്‍ സഹായിച്ചത്. അയാളുടെ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്. ഗുല്‍ഷന്‍ കുമാറിന്റെ രീതിക്കനുസരിച്ചുള്ള ഒരു കൂറ്റന്‍ ശിവപ്രതിമയും ക്ഷേത്രത്തിനു മുന്നില്‍ കാണാം. ദര്‍ശനം നടത്തി ഇറങ്ങി. ദ്വാരകയിലെ കൃഷ്ണ ഡൈനിംഗ് ഹാളില്‍ ഉച്ചഭക്ഷണം കഴിച്ചു. രുചിയുള്ള ഭക്ഷണമായിരുന്നു.
ഇനി യാത്ര പോര്‍ബന്ദറിലേക്ക്. ഇതാണ് പുണ്യഭൂമിയിലേക്കുള്ള യാത്ര എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. മഹാത്മാവിന്റെ വീട് ഒരു ട്രസ്റ്റിന്റെ കൈവശമാണുള്ളത്. മൂന്നു നിലയുള്ള ഒരു പഴയ വീട്. ഇരുപത്തിരണ്ട് ചെറിയ മുറികള്‍. അതിനോട് ചേര്‍ന്ന് കീര്‍ത്തി മന്ദിരവും. ഇടുങ്ങിയ സ്റ്റെപ്പുകളും പച്ച നിറമുള്ള കതകുകളും. മഹാത്മാവ് പിറന്നുവീണ ഇടം, പഠിക്കാന്‍ ഉപയോഗിച്ച മുറി ഒക്കെ നിലനില്ക്കുന്നുണ്ട്. മൂന്ന് ജീവനക്കാരാണുള്ളത്. ഒരാള്‍ സ്ഥിരവും മറ്റ് രണ്ടുപേര്‍ കരാറിലും. കരാറുകാരന്‍ ജയ്ദീപിന് 6500 രൂപ മാസശമ്പളം .പുണ്യമഹാത്മാ ഗാന്ധി കീര്‍ത്തി മന്ദിര്‍ എന്ന് പുറത്ത് എഴുതിയിട്ടുണ്ട്.
റോഡിന് എതിര്‍വശം ഒരു വിവാഹചടങ്ങിന് വരന്‍ വന്നതിന്റെ തിരക്കുകളാണ് ഞങ്ങളെ എതിരേറ്റത്. ഇടുങ്ങിയ റോഡിനിരുവശവും സ്വര്‍ണ്ണക്കടകളാണ്. ഇതിനേക്കാള്‍ വില പിടിപ്പുള്ള ഒരാത്മാവ് ഉള്ളിലുണ്ട് എന്ന സൂചനയാവാം ഇത് നല്കുന്നത്. മഹാത്മാവിന്‍റെ ഊര്‍ജ്ജം ആവാഹിച്ച് അവിടെനിന്നിറങ്ങി.
മത്തുവില്‍ നിന്നും ചായ കുടിച്ചു. ദ റോയല്‍ ഓണേഴ്സ് ഫാമിലി ഗാര്‍ഡന്‍ റസ്റ്റാറന്റ് വിശ്രമത്തിന് പറ്റിയ ഇടം തന്നെ. പോകും വഴി ചോര്‍വാളില്‍ ധിരുഭായ് അംബാനിയുടെ വീട് കണ്ടു. അതിപ്പോള്‍ ഒരു മ്യൂസിയമാണ്. എങ്കിലും കയറിയില്ല. ഊന റോഡില്‍ കേസരിയ തിരിഞ്ഞ് സോമനാഥ ക്ഷേത്രത്തിലെത്തിയപ്പോള്‍ സന്ധ്യയായി.തിരക്ക് കുറവായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞിറങ്ങിയപ്പോള്‍ അതിസമ്പന്നവും അഴകാര്‍ന്നതുമായ ക്ഷേത്രം. എത്രയോ തവണ നശിച്ചിട്ടും വര്‍ദ്ധിതവീര്യത്തോടെ തിരികെയെത്തിയ ക്ഷേത്രം. സര്‍ദാര്‍ പട്ടേലാണ് ഇന്നു കാണുന്ന ക്ഷേത്രത്തിന്‍റെ നിര്‍മ്മിതിക്ക് മുന്‍കൈ എടുത്തത്. ഇനി യാത്ര ദ്വീപിലേക്ക്. ഇത് ദിയു. സിറ്റി സര്‍ക്യൂട്ട് ഹൌസിലായിരുന്നു താമസം. മാഹി പോലെ അത്രയ്ക്കില്ലെങ്കിലും ബാറുകള്‍ ഏറെയുള്ള ഇടം. മദ്യത്തിന് വിലക്കുറവുമാണ്.
രാവിലെ നഗോവ ബീച്ചില്‍ പോയി. ബീച്ചിന് സൌന്ദര്യം കുറവാണ്. കറുത്ത മണ്ണാണ്. പാറയിടുക്കിലെ ഗംഗ്വേശ്വര്‍ ക്ഷേത്രം നല്ല കാഴ്ചയാണ്. അവിടെ അഞ്ച് ശിവലിംഗങ്ങളുണ്ട്. പാണ്ഡവര്‍ സ്ഥാപിച്ചത് എന്നു വിശ്വാസം. തിരകള്‍ വന്ന് തഴുകിപോകുന്ന ശിവലിംഗങ്ങളില്‍ പൂജ നടത്താന്‍ ഒരു പൂജാരിയുമുണ്ട്. സന്ദര്‍ശകര്‍ക്ക് അവിടെ ഇറങ്ങി തൊഴുകയും ചെയ്യാം. ക്ഷേത്രത്തിനുമുന്നില്‍ ഭിക്ഷയാചിക്കുന്ന ഭവാനെ ആരും ശ്രദ്ധിക്കും. കുളിയും തേവാരവുമില്ലാതായിട്ട് കാലമേറെയായിട്ടുണ്ടാവും. കറുത്ത ശരീരം,കട്ടിയുള്ള ചുളിവുകളുള്ള മുഖം, അഴുക്ക് നിറഞ്ഞ താടി ,മുഷിഞ്ഞ വേഷം എന്നിവയാണ് ഭവാന്റെ പ്രത്യേകതകള്‍. ഇങ്ങനൊക്കെയാണെങ്കിലും അയാള്‍ സംതൃപ്തനാണ്.
ക്ഷേത്രത്തിലെ പൂജാസാമഗ്രികള്‍ വില്ക്കുന്ന ഒരു സ്ത്രീയും പുരുഷനും തമ്മില്‍ വഴക്ക് നടക്കുന്നുണ്ടായിരുന്നു. ദ്വീപില്‍ എവിടെയും മദ്യക്കുപ്പികളുടെ കൂമ്പാരവും കാണാം. ബീച്ചില്‍ നിന്നും യാത്ര നെയ്ദ ഗുഹകളിലേക്കായിരുന്നു. പ്രകൃതി വരച്ച മനോഹര ചിത്രമാണ് നെയ്ദ. സൌന്ദര്യമുള്ള മണ്‍പാറകള്‍ പലവിധത്തില്‍ ചേര്‍ന്നിരിക്കുന്ന ഒരു കൂറ്റന്‍ ശില്‍പ്പമാണ് നെയ്ദ. അവിടവിടെ പൊട്ടിവീഴുന്നുണ്ട്. ചിലയിടങ്ങളില്‍ ബലം കൊടുത്ത് നിര്‍ത്തിയിരിക്കുന്നു. ക്യാമറക്കണ്ണുകള്‍ക്ക് വിരുന്നാകുന്ന ലൈറ്റ് ആന്റ് ഷേയ്ഡുകള്‍.
അവിടെ നിന്നും സെന്റ് പോള്‍സ് പള്ളിയിലേക്കായിരുന്നു യാത്ര. 1600ല്‍ ജസ്യൂട്ട് സെമിനാരിയായിട്ടാണ് പള്ളി തുടങ്ങിയത്. 1807ലാണ് ഇത് പുതുക്കി സെന്റ് പോള്‍സ് പള്ളിയാക്കി മാറ്റിയത്. ഗോത്തിക് രീതിയിലാണ് നിര്‍മ്മാണം. പള്ളിയ്ക്കടുത്തായാണ് ദിയു കോട്ട. 56736 ചതുരശ്രമീറ്ററുള്ള കോട്ട ഏഷ്യയിലെ ഏറ്റവും വലിയ പോര്‍ച്ചുഗീസ്സ് കോട്ടയാണ്. 1535ല്‍ നുനോ-ദെ-കുനോയാണ് നിര്‍മ്മാണം തുടങ്ങി വച്ചത്. 1546ല്‍ ഡി ജോവ –ദെ-കാസ്ട്രോ പുതുക്കിപ്പണിതു. സൌരാഷ്ട്രയുടെ തെക്കേയറ്റമാണ് ഈ മുനമ്പ്. പീരങ്കികളും കോട്ടമുഖവും പ്രതാപം വിളിച്ചറിയിക്കുന്ന കോട്ട വിശദമായി കാണാന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരും. മടക്കയാത്രയില്‍ റാഡ്ലിയിലെ ഹോട്ടലില്‍ കയറി ഉച്ചഭക്ഷണം കഴിച്ചു. ഗുജറാത്തി താലി.റോഡ് നീളുന്നത് സസന്‍ ഗീര്‍ ദേശീയ പാര്‍ക്കിലേക്ക്.
No comments:
Post a Comment