Saturday, 29 July 2023

parayi petta panthirukulam -- rereading - Part -6 - Pakkanar

 

പറയിപെറ്റ പന്തിരുകുലം – ഒരു പുനര്‍വായന

 

വി.ആര്‍.അജിത് കുമാര്‍

 

ഭാഗം ആറ് – പാക്കനാര്‍



 
മറ്റൊരു പ്രസിദ്ധനായ സഹോദരന്‍ പാക്കനാരാണ്. പാക്കനാരെ എടുത്തു വളര്‍ത്തിയത് ഒരു പറയനായിരുന്നു. വലിയ കഴിവുകള്‍ ഉള്ള ആളായിരുന്നെങ്കിലും മുറം വിറ്റായിരുന്നു ഉപജീവനം എന്ന് കഥാകാരന്‍ പറയുന്നു. എത്ര മിടുക്കനായാലും പിറന്ന അഥവാ വളര്‍ന്ന ജാതിയില്‍ എന്താണോ കുലത്തൊഴിലായി പറഞ്ഞിട്ടുള്ളത്,അത് ചെയ്താല്‍ മതി എന്ന ധ്വനി അതിലുണ്ട്. എങ്കിലും നമ്പൂതിരിമാരും അദ്ദേഹത്തെ ബഹുമാനിച്ചിരുന്നു എന്നും വഴിയേ പറയുന്നു. ഇത് ബ്രാഹ്‌മണമതം കാടത്തമായി മാറിയതിനും മുന്നെയുള്ള കാലമാകണം. ശ്രാദ്ധമൂട്ടാനായി സഹോദരങ്ങള്‍ ഒത്തുകൂടുമ്പോള്‍ പാക്കനാര്‍ കൊണ്ടുവരുക മാംസമായിരിക്കും. ചത്ത ജീവികളുടെ അവകാശികളാണ് പറയര്‍ എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. അന്തര്‍ജ്ജനത്തിനും ശ്രാദ്ധത്തില്‍ പങ്കെടുക്കുന്ന ബ്രാഹ്‌മണനും ഇത് കറിവെക്കുന്നതും കഴിക്കുന്നതും സങ്കടകരമാണെങ്കിലും നിവര്‍ത്തിയില്ലാത്തതിനാല്‍ അനുസരിച്ചു പോരുന്നു. എന്നാല്‍ ഒരു തവണ പാക്കനാര്‍ കൊണ്ടുവന്നത് ഒരു പശുവിന്റെ അകിടായിരുന്നു. ബലിക്കായി സഹോദരന്മാര്‍ കൊണ്ടുവന്ന സാധനങ്ങള്‍ പൊതിയഴിച്ച് കണ്ട അന്തര്‍ജ്ജനത്തിന് ഇത് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. അവര്‍ അത് കറിവയ്ക്കാതെ പൊതിയോടുകൂടി നടുമുറ്റത്ത് കുഴിച്ചിട്ടു. ബലി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ചാത്തക്കാരന് ഓരോ സാധനങ്ങളായി വിളമ്പിത്തുടങ്ങിയപ്പോള്‍ പാക്കനാര്‍ ചോദിച്ചു, ഞാന്‍ കൊണ്ടുവന്നതെവിടെ? അന്തര്‍ജ്ജനം ഒന്നും പറഞ്ഞില്ല. ഒടുവില്‍ അഗ്നിഹോത്രിയുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി അവര്‍ സത്യം പറഞ്ഞു. അപ്പോള്‍ പാക്കനാര്‍ പറഞ്ഞു, എന്നാല്‍ അത് കിളിര്‍ത്തോ എന്നു നോക്കൂ. തന്നെ കളിയാക്കുകയാകും എന്നു കരുതി അവിടെനിന്ന അന്തര്‍ജ്ജനത്തെ അവര്‍ നിര്‍ബ്ബന്ധിച്ച് നടുമുറ്റത്തേക്ക് അയച്ചു. അവിടത്തെ കാഴ്ച അവരെ അത്ഭുതപ്പെടുത്തി. അവിടെ പശുവിന്റെ മുലഞെട്ടുകള്‍ പോലെയുള്ള കായകളുമായി ഒരു ചെടി പടര്‍ന്നു നില്‍ക്കുന്നതാണ് കണ്ടത്. അവര്‍ ആ വിവരം വന്ന് സഹോദരന്മാരോട് പറഞ്ഞപ്പോള്‍ കായകള്‍ പറിച്ച് ഒരുപ്പേരിയെങ്കിലും ഉണ്ടാക്കൂ എന്നായി പാക്കനാര്‍. അവര്‍ ചാത്തക്കാരന്റെ ഊണ് കഴിയുംമുന്നെ ഉപ്പേരിയുണ്ടാക്കി കൊണ്ടുവന്നു. സ്വാദോടെ അതെല്ലാവരും കഴിച്ചു. കോവലിനെകുറിച്ചുളള ഐതീഹ്യവും ഇപ്പോള്‍ ഇതാണ്. ഈ കഥയുടെ തുടര്‍ച്ചയായിട്ടാകാം ബലിക്ക് കോവല്‍ നിര്‍ബ്ബന്ധമായത്. കോവലുള്ള ദിക്കില്‍ ബലിയിട്ടില്ലെങ്കിലും പിതൃക്കള്‍ പ്രസാദിച്ചുകൊള്ളും എന്നാണ് പറയപ്പെടുന്നത്. ഇവിടെ പറയനായ പാക്കനാരുടെ ശക്തി വെളിവാക്കപ്പെടുന്നു. എന്നുമാത്രമല്ല , മാംസമായാലും സസ്യമായാലും എല്ലാ ഭക്ഷണവും ഒരുപോലെയാണ് എന്നൊരു സന്ദേശവുമുണ്ട്. പ്രത്യേകിച്ചും പശുവിനെ മാതാവായി കാണുന്ന ഒരു സമൂഹത്തിലാണ് പശുവിന്റെ അകിട് പാചകം ചെയ്യാനായി പാക്കനാര്‍ ഒരു ബ്രഹ്‌മണസ്ത്രീയുടെ കൈയ്യില്‍ കൊടുക്കുന്നത്.  ബ്രാഹ്‌മണ വിശ്വാസങ്ങള്‍ക്കെതിരായ ഒരു വെല്ലുവിളി പറയിപെറ്റ മക്കളുടെ ഓരോ കഥയിലും നമുക്ക് കാണാന്‍ കഴിയും. കോവലിന്റെ ആകൃതി കണ്ട എഴുത്തുകാരന്റെ ഉജ്ജ്വല ഭാവനയായും ഇതിനെ കാണാവുന്നതാണ്.

 
ഒരു ദിവസം പാക്കനാരും ഭാര്യ ലക്ഷ്മിയും  കാട്ടില്‍ വിറകൊടിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ അടുത്തുള്ള വഴിയിലൂടെ ഒരു നമ്പൂതിരി വന്നു. അയാള്‍ അവരോട് വഴി മാറാന്‍ പറഞ്ഞു. അപ്പോള്‍ ലക്ഷ്മി അടക്കത്തില്‍ പറഞ്ഞു, മകളെ ഭാര്യയാക്കി വച്ചുകൊണ്ടിരിക്കുന്ന ഇയാള്‍ക്കെന്തിനാണ് വഴിമാറിക്കൊടുക്കുന്നത്. അപ്പോള്‍ പാക്കനാര്‍ വഴിമാറിക്കൊണ്ടു പറഞ്ഞു, ശേഷിച്ചൊരട്ടയെ നിനക്കും കിട്ടി. നമ്പൂതിരി കടന്നുപോയി കഴിഞ്ഞപ്പോള്‍ ലക്ഷ്മി ചോദിച്ചു, എന്താ നിങ്ങളങ്ങിനെ പറഞ്ഞത് . അപ്പോള്‍ ദിവ്യജ്ഞാനിയായ പാക്കനാര്‍ കഥ പറയാന്‍ തുടങ്ങി. ഈ നമ്പൂതിരിയുടെ അന്തര്‍ജ്ജനം ഒരുദിവസം അത്താഴത്തിന് അരിവെച്ചതില്‍ ഒരട്ട വീണു. അവര്‍ ആ വിവരം പറഞ്ഞപ്പോള്‍ ചോറ് ഭൃത്യന്മാര്‍ക്ക് കൊടുത്തേക്കൂ എന്നായിരുന്നു നമ്പൂതിരിയുടെ മറുപടി. അവര്‍ അപ്രകാരം ചെയ്തു. ഈ ദുഷ്ടകര്‍മ്മത്തിന് പകരമായി ഇയാളെ തീറ്റിക്കാനായി പരലോകത്ത് ഒരു കുന്ന് അട്ടയെ യമധര്‍മ്മന്‍ സജ്ജമാക്കിയിരുന്നു. ചിത്രഗുപ്തന് ഈ വിവരം അറിയാമായിരുന്നു. നമ്പൂതിരി ചിത്രഗുപ്തനെ ധ്യാനിക്കുന്ന ആളായിരുന്നു. നിത്യവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചിത്രഗുപ്തായ നമ: എന്നു പറഞ്ഞാണ് കിടക്കുക. നമ്പൂതിരിയെ സഹായിക്കണം എന്ന അതിയായ ആശ ചിത്രഗുപ്തനുണ്ടായി. അങ്ങിനെ ഈ വിവരം ധരിപ്പിക്കാനായി ചിത്രഗുപ്തന്‍ നമ്പൂതിരിയുടെ അടുക്കല്‍ വന്നു. ഒരു സാധാരണ മനുഷ്യനല്ല തന്നെ കാണാന്‍ വന്നതെന്നു മനസിലാക്കിയ നമ്പൂതിരി അദ്ദേഹത്തെ ആദരപൂര്‍വ്വം സ്വീകരിച്ചു. ചിത്രഗുപ്തന്‍ കാര്യങ്ങളെല്ലാം വിശദീകരിച്ചു. അറിവില്ലായ്മകൊണ്ട് സംഭവിച്ചതാണ്, എന്താണ് പ്രതിവിധി എന്ന് നമ്പൂതിരി ചോദിച്ചു. അതിന് ചിത്രഗുപ്തന്‍ ഇങ്ങിനെ മറുപടി കൊടുത്തു. അങ്ങയുടെ മകളുടെ വിവാഹം കുറച്ചു വൈകിപ്പിക്കുക. നാളെമുതല്‍ അങ്ങയുടെ ശുശ്രൂഷകളെല്ലാം അവളെ ഏല്‍പ്പിക്കുക. എന്നാല്‍ ഞാന്‍ വന്നു പറഞ്ഞ കാര്യങ്ങള്‍ ആരോടും പറയുകയുമരുത്. നമ്പൂതിരി അതനുസരിച്ച് ജീവിതരീതികള്‍ മാറ്റി. അടുത്ത ദിവസം മുതല്‍ അയാള്‍ക്ക് പല്ലു തേക്കാനുള്ള വിഭവം, മുറുക്കാന്‍, ഭക്ഷണം, കിടക്ക എല്ലാം ഒരുക്കിക്കൊടുക്കുന്ന ഉത്തരവാദിത്തം മകള്‍ക്കായി. ഇതൊന്നും മറ്റാരും ചെയ്യാന്‍ പാടില്ലെന്നു നിര്‍ദ്ദേശിച്ചു. പുത്രിയോട് പതിവില്‍ കവിഞ്ഞ സ്‌നേഹവും ഭാവിച്ചു. ഇങ്ങനെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്ക് കുറേശ്ശെ ദു:ശങ്ക തുടങ്ങി. ആളുകള്‍ അങ്ങുമിങ്ങും ഇരുന്നു കുശുകശുത്തു തുടങ്ങി. നമ്പൂതിരിയെകുറിച്ചുള്ള അപവാദപ്രചരണം ശക്തമായി. അപവാദം പറയുന്നവര്‍ക്കായി പരലോകത്ത് കൂട്ടിയിട്ടിരുന്ന അട്ടകളെ വീതിച്ചു നല്‍കി. ഒരെണ്ണം ബാക്കിയുണ്ടായിരുന്നത് നിനക്കും കിട്ടി എന്നു പറഞ്ഞു. ഇവിടെ അനേകം കാര്യങ്ങള്‍ കഥയില്‍  വരുന്നുണ്ട്. നമുക്ക് കഴിക്കാന്‍ കൊള്ളില്ല എന്നു തോന്നുന്ന ഭക്ഷണം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത് പാപമാണെന്നും പരലോകത്ത് ശിക്ഷ ഉറപ്പാണ് എന്നുമുള്ള ചിന്ത പോസിറ്റീവായ സന്ദേശം നല്‍കുന്നു. ചിത്രഗുപ്തനെ ധ്യാനിക്കുക വഴി ഭക്തന് ചിത്രഗുപ്തന്‍ സഹായം നല്‍കി എന്ന ആശ്രിതവാത്സല്യം വെളിവാക്കുന്നുണ്ട് ഈ കഥ. അന്യരെക്കുറിച്ച് അപവാദം പറഞ്ഞാല്‍ ആരെക്കുറിച്ചാണോ പറയുന്നത് അയാളുടെ പാപം കുറയും എന്നും അപവാദം പറയുന്നവര്‍ക്ക്  അത് ലഭിക്കുമെന്നും സൂചന നല്‍കുന്നു. നമ്പൂതിരിമാര്‍ സ്ത്രീലമ്പടന്മാരാണെങ്കിലും മകളോട് മര്യാദ കാണിക്കും എന്നതും കഥയിലൂടെ വ്യക്തമാക്കുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ എല്ലാ മഹാന്മാരെയുംപോലെ പാക്കനാരും ദിവ്യശക്തിയുളള ആളാണ് എന്ന് ഒരിക്കല്‍ കൂടി കഥയിലൂടെ പ്രസ്താവിക്കുകയാണ് എഴുത്തുകാരന്‍.

 
പാക്കനാരും ബ്രാഹ്‌മണരുമായി ബന്ധപ്പെട്ട മറ്റൊരു കഥ ഇങ്ങിനെ. ഒരു ദിവസം പാക്കനാര്‍ തന്റെ മാടത്തിലിരിക്കുമ്പോള്‍ അതിനടുത്തുള്ള വഴിയിലൂടെ ചില ബ്രാഹ്‌മണര്‍ പോകുന്നത് കണ്ടു. പാക്കനാര്‍ അങ്ങോട്ടുചെന്ന് അവരെ വന്ദിച്ചു. എങ്ങോട്ടാണ് യാത്രയെന്നു ചോദിച്ചു. കാശിയില്‍ ഗംഗാസ്‌നാനത്തിന് പോവുകയാണെന്ന് അവര്‍ മറുപടി പറഞ്ഞു. എന്നാല്‍ അടിയന്‍ ഒരു വടികൂടി തന്നയയ്ക്കാം. അതുകൂടി നദിയില്‍ മുക്കിക്കൊണ്ടുവന്നാല്‍ ഉപകാരമായി എന്നു പാക്കനാര്‍ പറഞ്ഞു. ഓഹോ, അതിനെന്തു വിരോധം? എന്നാലും ഇതെന്തിനാണ് എന്നുകൂടി അറിഞ്ഞെങ്കില്‍ നന്നായിരുന്നു എന്ന് ബ്രാഹ്‌മണര്‍ പറഞ്ഞു. അതൊക്കെ മടങ്ങി വരുമ്പോള്‍ പറയാം എന്ന് പാക്കനാരും സമ്മതിച്ചു. അവര്‍ തലകുലുക്കി സമ്മതിച്ച് വടിയും വാങ്ങിപോയി. കാശിയിലെത്തി ഗംഗയില്‍ സ്‌നാനം ചെയ്തപ്പോള്‍ അവര്‍ വടിയും ഗംഗയില്‍ മുക്കി. അപ്പോള്‍ വെള്ളത്തിനടിയില്‍ നിന്നും ആരോ പിടിച്ചുവലിച്ചപോലെ വടി താണുപോയി. അപ്പോള്‍ അവര്‍ക്ക് വലിയ വിഷമം തോന്നി. കഷ്ടം, പാക്കനാരുടെ വടി പോയല്ലോ, തിരികെ ചെല്ലുമ്പോള്‍ അവനോടെന്തു പറയും എന്നവര്‍ വിഷാദിച്ചു. ഉണ്ടായ സംഗതി പറയുകയല്ലാതെ നിവര്‍ത്തിയില്ലല്ലോ എന്നു സമാധാനിക്കുകയും ചെയ്തു. അവര്‍ വിവിധ ദേശങ്ങളിലെ പുണ്യക്ഷേത്രങ്ങളൊക്കെ സന്ദര്‍ശിച്ച് മടങ്ങി നാട്ടിലെത്തി പാക്കനാരുടെ മാളത്തിന് മുന്നിലെത്തി. പാക്കനാര്‍ എണീറ്റു വണങ്ങി അടിയന്റെ വടിയെവിടെ എന്നു ചോദിച്ചു. അവര്‍ വിഷമത്തോടെ ഉണ്ടായ സംഗതിയൊക്കെ വിവരിച്ചു. ഉടനെ പാക്കനാര്‍ അവരെ സമാധാനിപ്പിച്ചു. ഗംഗയിലാണ് പോയതെങ്കില്‍ നിവൃത്തിയുണ്ട് എന്നു പറഞ്ഞ് പാക്കനാര്‍ വീട്ടുപടിക്കലുള്ള കുളത്തിന്റെ വക്കത്തുപോയി നിന്ന് എന്റെ വടിയിങ്ങു തരൂ എന്നു പറഞ്ഞു. ഉടന്‍ കുളത്തിലെ വെള്ളത്തില്‍ നിന്നും വടി പൊങ്ങിവന്നു. പാക്കനാര്‍ അതെടുത്ത് സന്തോഷത്തോടെ അവരെ യാത്രയാക്കി. ഇവിടെയും വലിയ സന്ദേശമാണ് കഥയിലൂടെ നല്‍കുന്നത്. പാക്കനാര്‍ സിദ്ധിയുള്ള ആളായതിനാലും തൊട്ടുകൂടായ്മ വഷളാകാത്ത കാലമായതിനാലും ആകാം പാക്കനാര്‍ക്ക് ബ്രാഹ്‌മണരുടെ അടുക്കല്‍ ചെല്ലാനും വടി നല്‍കാനും കഴിഞ്ഞത്. ഗംഗയില്‍ വടി നഷ്ടമായതും അത് പാക്കനാരുടെ കുളത്തില്‍ നിന്നും കിട്ടിയതും ഫിക്ഷനാകാം അല്ലെങ്കില്‍ പാക്കനാരുടെ കൈയ്യടക്കമാകാം. എന്നാലും അതിലൂടെ പറഞ്ഞുവയ്ക്കുന്നത് ഇതാണ്. എല്ലാ ജലവും ഗംഗപോലെ പരിശുദ്ധമാണ്. ഗംഗയില്‍ മുങ്ങിയാല്‍ പാപങ്ങള്‍ തീരില്ല, പാപങ്ങള്‍ ചെയ്യാതെ പരിശുദ്ധരായി ജീവിക്കുകയാണ് വേണ്ടത്.

 
പ്രസിദ്ധരായ അഗ്നിഹോത്രി, നാരായണന്‍,അകവൂര്‍ ചാത്തന്‍,പെരുന്തച്ചന്‍,പാക്കനാര്‍ എന്നിവരെപോലെ പ്രസിദ്ധരല്ല വടുതല നായരും കാരയ്ക്കലമ്മയും ഉപ്പുകൂറ്റനും തിരുവരങ്കയത്തു പാണനാരും വള്ളോന്‍ രജകനും. അവരെകുറിച്ചും ഇത്തരത്തിലുള്ള കഥകളുണ്ടാകാം, അതല്ലെങ്കില്‍ ഈ കഥകള്‍ രചിച്ച മഹാന് അതുകൂടി എഴുതാന്‍ സമയം കിട്ടിയിട്ടുണ്ടാവില്ല. ഏതായാലും ഒരു കാലഘട്ടത്തിന്റെ കഥയായും ചരിത്രമായും വായിച്ചെടുക്കാവുന്നതാണ് പറയിപെറ്റ പന്തിരുകുലം എന്നതില്‍ സംശയമില്ല.(അവസാനിച്ചു)


 
   

 

Friday, 28 July 2023

Parayi petta panthirukulam -rereading -part -5-Uliyannur thachan

 പറയിപെറ്റ പന്തിരുകുലം – ഒരു പുനര്‍വായന


വി.ആര്‍.അജിത് കുമാര്‍

ഭാഗം അഞ്ച് – ഉളിയന്നൂര്‍ പെരുന്തച്ചന്‍

ഉളിയന്നൂര്‍ പെരുന്തച്ചനാണ് പന്തിരുകുലത്തിലെ മറ്റൊരു പ്രതിഭാശാലി.അനേകം അത്ഭുതകര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ള ഇദ്ദേഹത്തെ നമുക്ക് ഗോവിന്ദന്‍ എന്നു വിളിക്കാം. ഗോവിന്ദന്‍ സ്വദേശത്തുള്ള നമ്പൂതിരിമാരുടെ ആവശ്യപ്രകാരം അവിടെ ഒരമ്പലം പണിതു. അവിടെ സോപാനത്തിങ്കല്‍ നിന്നു ശ്രീകോവിലിനകത്തേക്ക് കേറുമ്പോള്‍ തച്ച് മുട്ടുമെന്നു തോന്നും. സാധാരണയായി കേറുകയും ഇറങ്ങുകയും ചെയ്താല്‍ തല മുട്ടില്ല. തല മുട്ടിയേക്കും എന്നു സംശയിച്ചു നില്‍ക്കുകയോ കുനിയുകയോ ചെയ്താല്‍ തല മുട്ടുകയും ചെയ്യും. ഇതൊക്കെ ഗോവിന്ദന്റെ ചില മായക്കാഴ്ചകളാണ്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹവും അദ്ദേഹം നിര്‍മ്മിച്ചതാണ്. നമ്പൂതിരിമാര്‍ ഒരു ബിംബം ഉണ്ടാക്കികൊടുക്കണമെന്നാവശ്യപ്പെട്ടു. ഗോവിന്ദന്‍ സമ്മതിക്കുകയും ചെയ്തു. ഏത് മൂര്‍ത്തിവേണം എന്നവര്‍ പറഞ്ഞതുമില്ല, ഗോവിന്ദന്‍ ചോദിച്ചതുമില്ല. തമ്മില്‍ പിരിഞ്ഞുകഴിഞ്ഞപ്പോള്‍ തച്ചന് ആശങ്കയായി. എല്ലാവരും അത്താഴം കഴിച്ച് കിടക്കുമ്പോള്‍ അവരുടെ ഇഷ്ടദേവതമാരുടെ പേരുപറഞ്ഞ് പ്രാര്‍ത്ഥിക്കുമല്ലോ അപ്പോള്‍ അത് മനസ്സിലാക്കി വിഗ്രഹമുണ്ടാക്കാം എന്നു നിശ്ചയിച്ചു. അങ്ങിനെ വിചാരിച്ച് ഗോവിന്ദന്‍ പല ദിവസങ്ങളായി നമ്പൂതിരിമാര്‍ കിടക്കുന്ന സമയത്ത് അവിടെപോയി ഒളിഞ്ഞുനിന്ന് അവര്‍ ഇഷ്ടദേവതയുടെ പേര് പറയും എന്ന പ്രതീക്ഷയോടെ ചെവിവട്ടം പിടിച്ചു. എന്നാല്‍ എല്ലാവരും ഒരേ കാര്യം തന്നെയാണ് പറഞ്ഞത്. അവിടെക്കിട എന്നായിരുന്നു അത്. നമ്പൂതിരിമാര്‍ പൊതുവെ സ്ത്രീതത്പ്പരരാണ് എന്നാണല്ലൊ കേട്ടിട്ടുള്ളത്. മനസിന്റെ പ്രേരണയനുസരിച്ച് എഴുന്നേറ്റുപോകാനുളള സാധ്യത വളരെയാണ്. അഥവാ പോയാലും വല്ല യക്ഷികളുടെയും കൈയ്യില്‍ കിട്ടിയാല്‍ ഒന്നും ബാക്കിയുണ്ടാവുകയില്ല എന്ന ഭയവുമുണ്ട്. അതുകൊണ്ടാവാം ശരീരത്തോട് അവിടെക്കിട എന്നു പറയുന്നത്. നമ്പൂതിരിമാര്‍ പൊതുവെ സ്വസമുദായത്തെ കളിയാക്കുന്നതില്‍ വിരുതരാണ് എന്നു കേട്ടിട്ടുണ്ട്. ഇത്തരം കഥകള്‍ അത്തരമൊരു നമ്പൂതിരി എഴുതിയതാകാം അല്ലെങ്കില്‍ നമ്പൂതിരിമാരുടെ സ്വഭാവം വെളിപ്പെടുത്തുക എന്ന ഉദ്ദേശവും എഴുത്തുകാരന് കാണും. ഏതായാലും പെരുന്തച്ചന്‍ എന്നാലവിടെക്കിട എന്നും പറഞ്ഞുകൊണ്ട് മൂര്‍ത്തിയെന്താണ് എന്നു വ്യക്തതയില്ലാത്ത ഒരു ബിംബം നിര്‍മ്മിച്ചുവെന്നും അതവിടെ കിടപ്പുണ്ടെന്നും പറയപ്പെടുന്നു.


പെരുന്തച്ചന്‍ ഒരു ദിവസം രാവിലെ അഗ്നിഹോത്രിയെ കാണാനായി ഇല്ലത്തുചെന്നു. ശ്രാദ്ധമൂട്ടുന്ന ദിവസം മാത്രമെ ഇല്ലത്തു പ്രവേശനമുള്ളു എന്നതിനാല്‍ പുറത്തുതന്നെ നിന്നു. ഭൃത്യന്മാരോട് അദ്ദേഹത്തെ കാണണം എന്നുണര്‍ത്തിച്ചു. അദ്ദേഹം സഹസ്രാവൃത്തി കഴിക്കയാണെന്ന് ഭൃത്യന്‍ പറഞ്ഞു. ഉടന്‍ പെരുന്തച്ചന്‍ അവിടിരുന്ന് ഒരു ചെറിയ കുഴി കുഴിച്ചു. കുറേകഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ ആദിത്യനമസ്‌ക്കാരത്തിലാണ് എന്നറിഞ്ഞു. അപ്പോഴും ഒരു കുഴി കുഴിച്ചു. കുറേ കഴിഞ്ഞപ്പോള്‍ ഗണപതി ഹോമം തുടങ്ങി എന്നറിഞ്ഞു. പെരുന്തച്ചന്‍ വീണ്ടും ഒരു കുഴി കുത്തി. പെരുന്തച്ചന്‍ ഓരോ തവണ ചോദിക്കുമ്പോഴും അഗ്നിഹോത്രി വിഷ്ണുപൂജ,ശിവപൂജ,സാളഗ്രാമ പുഷ്പാഞ്ജലി,വൈശ്യം മുതലായി ഓരോ പൂജകളിലായിരുന്നു. അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ കുഴിയും കുഴിച്ചു. ഉച്ചയായപ്പോള്‍ അഗ്നിഹോത്രി പുറത്തുവന്നു. അപ്പോള്‍ ഗോവിന്ദന്‍ ചോദിച്ചു,തേവാരമെല്ലാം കഴിഞ്ഞോ? ഓ, ഏകദേശം എല്ലാം കഴിഞ്ഞു,ഇരുന്നു മുഷിഞ്ഞു, ല്ലെ എന്നു അഗ്നിഹോത്രി ചോദിക്കുകയും ചെയ്തു. ഒട്ടും മുഷിഞ്ഞില്ല, ഞാനിവിടെ കുഴികള്‍ കുഴിച്ചു നേരം കളഞ്ഞു, പക്ഷെ ഒന്നിലും വെള്ളം കണ്ടില്ല, അനേകം കുഴികള്‍ക്കു പകരം ഒരെണ്ണമായിരുന്നെങ്കില്‍ ഇപ്പോള്‍ വെള്ളം കണ്ടേനെ എന്നു പറഞ്ഞു. അനേകം ഈശ്വരന്മാരെ കുറേശ്ശെ സേവിക്കുന്നതിന് പകരം ഒരീശ്വരനെ സേവിച്ചാല്‍ മതിയെന്നും അത് നല്ലപോലെയായാല്‍ ഫലസിദ്ധിയുണ്ടാകും എന്നുമാണ് ഗോവിന്ദന്‍ പറഞ്ഞതിന്റെ സാരം എന്നും അഗ്നിഹോത്രിക്ക് മനസിലായി. അദ്ദേഹം മറുപടി പറഞ്ഞു, പല കുഴികളയാലും അവ പതിവായി കുറേശ്ശെ കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ എല്ലാറ്റിലും വെള്ളം കാണുമെന്നാണ് തോന്നിയത്. എന്നാല്‍ അവയുടെ അടിയിലുള്ള ഉറവകള്‍ക്കു പരസ്പര ബന്ധമുണ്ടായിരിക്കുന്നതുകൊണ്ട് എല്ലാത്തിന്റെയും ചുവട് ഒന്നുതന്നെയാണെന്നു വിചാരിക്കാവുന്നതാണ് എന്നും പറഞ്ഞു. ചുവടെല്ലാത്തിനും ഒന്നാണെന്നുള്ള ഓര്‍മ്മ വിട്ടുപോകാതെയിരുന്നാല്‍ മതി, പിന്നെ എത്ര വേണമെങ്കിലും കുഴിക്കാം, എല്ലാറ്റിലും വെള്ളവും കാണും എന്നു പെരുന്തച്ചന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.


നമ്പൂതിരിമാരുടെ സ്വസ്ഥവും സുഖകരവുമായ ജീവിതത്തിന് ഉദാഹരണമാണ് അഗ്നിഹോത്രി. മറ്റുള്ളവര്‍ രാപകല്‍ കഷ്ടപ്പെടുമ്പോള്‍ അതിന്റെ വലിയ ഓഹരി കൈപ്പറ്റി ,സ്വര്‍ഗ്ഗം പൂകാനായുളള ദൈവപ്രീതിക്കായി പൂജാകര്‍മ്മങ്ങള്‍ നടത്തുകയാണല്ലൊ അവര്‍ ചെയ്തു വന്നത്. ഇതുകൊണ്ട് വലിയ ഗുണമൊന്നുമുണ്ടാകില്ല എന്ന സൂചന ഗോവിന്ദന്‍ കൊടുക്കുന്നു. തന്നെ ഇത്രയും സമയം പുറത്തുനിര്‍ത്തിയ സഹോദരനോട് എല്ലാറ്റിന്റേയും ചുവട് ഒന്നുതന്നെയാണ് എന്ന് ഓര്‍മ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല. എടുത്തുവളര്‍ത്തിയത് പലരായാലും ജന്മം നല്‍കിയത് ഒരാളാണ് എന്ന സൂചന അതിലുണ്ട്.


ഉളിയന്നൂരിലെ ക്ഷേത്രത്തിലേക്ക് ഒരു കുളം നിര്‍മ്മിക്കാന്‍ ഊരാണ്‍മക്കാര്‍ തീരുമാനിച്ചു. കുളനിര്‍മ്മാണം ഗോവിന്ദനെ ഏല്‍പ്പിച്ചു. ഏത് വിഷയത്തിലും ഇന്നത്തെപോലെ അന്നും പ്രമാണിമാര്‍ക്ക് നൂറഭിപ്രായമായിരുന്നു. ചിലര്‍ക്ക് കുളം നീളത്തിലാകണം, മറ്റുചിലര്‍ക്ക് ചതുരത്തിലാകണം. വട്ടത്തിലുള്ള കുളമാകും അമ്പലത്തിന് യോജിക്കുക എന്ന അഭിപ്രായവുമായി വേറെ ചിലരും വന്നു. ഒടുവില്‍ ഗോവിന്ദന്‍ ഇടപെട്ടു. നിങ്ങള്‍ വഴക്കടിക്കണ്ട, കുളം വട്ടത്തില്‍,നീളത്തില്‍,സമചതുരമായി,ത്രികോണ രൂപത്തില്‍ ,അണ്ഡാകൃതിയില്‍ തീര്‍ത്തുതരാം എന്നു പറഞ്ഞു. അതോടെ വഴക്കുതീര്‍ന്നു, കുളവും കെട്ടി തീര്‍ത്തു. ഗോവിന്ദന്‍ പറഞ്ഞപോലെയായി കാര്യങ്ങള്‍. കുളത്തിന്റെ ഓരോ ഭാഗത്തുനിന്നു നോക്കുമ്പോഴും അതിന്റെ ആകൃതി മാറിമാറി വരുന്നതായി ഓരോരുത്തര്‍ക്കും അനുഭവപ്പെട്ടു. കുളത്തിലിറങ്ങിയാല്‍ ദിക്കുകള്‍ മനസിലാകില്ല എന്നതിനാല്‍ ബ്രാഹ്‌മണര്‍ ആ കുളത്തിലിറങ്ങി നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാറില്ലായിരുന്നു. ഗോവിന്ദന്റെ മകന്‍ കൃഷ്ണനും അച്ഛനെപ്പോലെ ദിവ്യത്വമുള്ള ആളായിരുന്നു. കുളത്തിന്റെ പണി കഴിഞ്ഞപ്പോള്‍, പുഴ കടന്ന് ഈ കുളത്തിലേക്ക് വല്ലവരും വരുമോ എന്ന് അയാള്‍ ചോദിച്ചു. അപ്പോള്‍ കുളം ക്ഷേത്രത്തിനടുത്തും പുഴ വളരെ അകലെയുമായിരുന്നു. ഇതെന്താടാ ഭ്രാന്ത് പറയുന്നോ, പുഴ എത്ര ദൂരെയാ കിടക്കുന്നതെന്ന് ഗോവിന്ദന്‍ ചോദിച്ചു. അനുഭവത്തിലൂടെ പഠിക്കും എന്നു മാത്രം കൃഷ്ണന്‍ പറഞ്ഞു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ,ഒരു പെരുമഴക്കാലത്ത് നദി ഗതിമാറി കുത്തിപ്പാഞ്ഞുവന്ന് ക്ഷേത്രത്തിനും കുളത്തിനും ഇടയിലൂടെ ഒഴുകാന്‍ തുടങ്ങി. അതോടെ ആറ് കടന്ന് ആരും കുളത്തില്‍ പോകാതെയായി. അച്ഛനേക്കാള്‍ ദിവ്യദൃഷ്ടിയുള്ളവന്‍ മകന്‍ എന്ന കീര്‍ത്തിയും ഇതോടെ മകന് വന്നുചേര്‍ന്നു. അച്ഛനും മകനും തമ്മിലൊരു മത്സരം എന്നും നിലനിന്നിരുന്നു. ഒരിക്കല്‍ ഗോവിന്ദന്‍ ഒരു നദിക്കു കുറുകെ പാലം പണിതു. പാലത്തിന്റെ ഒരറ്റത്ത് ഒരു പാവയും സ്ഥാപിച്ചു. മറ്റേ അറ്റത്ത് ആള്‍ കേറുമ്പോള്‍ പാവ കീഴോട്ട് താണുതുടങ്ങും. ആള്‍ പാലത്തിന്റെ മധ്യത്തിലെത്തുമ്പോള്‍ പാവ വെള്ളത്തില്‍ മുങ്ങും. അങ്ങേ അറ്റത്ത് ചെല്ലുമ്പോഴേക്കും പാവ വായില്‍ വെള്ളം നിറച്ച് പൂര്‍വ്വസ്ഥിതിയിലാകും. നടന്നുവരുന്ന ആള്‍ അടുത്തെത്തുമ്പോള്‍ അയാളുടെ മുഖത്തേക്ക് ആ വെള്ളം തുപ്പും. ചിലര്‍ അത് ആസ്വദിച്ചു, മറ്റു ചിലര്‍ക്ക് അതിഷ്ടമായില്ല. ഇഷ്ടമാകാതിരുന്നവര്‍ കൃഷ്ണനോട് ഇതിനൊരു ബദലുണ്ടാക്കാന്‍ കഴിയുമോ എന്നു ചോദിച്ചു. അയാള്‍ മറ്റൊരു പാവയെ പാലത്തിന്റെ ഇങ്ങേ കരയില്‍ സ്ഥാപിച്ചു. ആ പാവ പാലത്തില്‍ ആളുകയറുമ്പോള്‍ അയാളുടെ മുന്നേ നടന്നുതുടങ്ങും. പാവയാകും ആദ്യം അങ്ങേയറ്റത്ത് എത്തുക. ഗോവിന്ദന്റെ പാവ മുഖത്ത് തുപ്പുന്നതിന് മുന്നേ കൃഷ്ണന്റെ പാവ അതിന്റെ ചെകിട്ടത്ത് ഒരടി വച്ചുകൊടുക്കും. അപ്പോള്‍ തുപ്പുന്ന പാവയുടെ മുഖം തിരിഞ്ഞു പോകുന്നതിനാല്‍ ആരുടെയും മുഖത്ത് തുപ്പാന്‍ കഴിയാതെയായി. ഇത് അച്ഛന് മകനോടുളള അസൂയ വര്‍ദ്ധിപ്പിച്ചു. ഇത് സ്വാഭാവികമാണ് എന്നു തോന്നുന്നു. ഒരേ മേഖലയില്‍ കേമന്മാരാകാന്‍ ശ്രമിക്കുന്ന അച്ഛനും മകനും തമ്മിലുള്ള ഒരു ആശയസംഘര്‍ഷം എന്നു പറയാം. സമൂഹത്തിന്റെ മുന്നില്‍ ചെറുതാകുന്നപോലെ തോന്നിപ്പിക്കുന്ന ഒന്നാണല്ലൊ തന്റെ കണക്കുകള്‍ തെറ്റിക്കുന്ന മകന്‍. ശരിക്കും പാവയ്ക്ക കിട്ടിയ അടി തനിക്കുതന്നെയാണ് കിട്ടിയതെന്നും പെരുന്തച്ചന്‍ കരുതിയിട്ടുണ്ടാകും.


ഗോവിന്ദന്‍ ഒരിക്കല്‍ വഴിയാത്ര പോകുമ്പോള്‍ ഒരു ദിക്കില്‍ ചില ആശാരിമാര്‍ കൂടി ഒരമ്പലം പണിയുന്നതു കണ്ട് അവിടെ ചെന്നു നോക്കിക്കൊണ്ടിരുന്നു. അവര്‍ ഗോവിന്ദനെ കണ്ടതായി നടിക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ല. ഊണിന് സമയമായപ്പോള്‍ അയാളെ വിളിക്കാതെ അവര്‍ ഊണിന് പോവുകയും ചെയ്തു. അവരോട് ഈര്‍ഷ്യ തോന്നിയ ഗോവിന്ദന്‍ ശ്രീകോവിലിനുള്ള കഴുക്കോലിന്റെ അറ്റത്തൊക്കെ ഓരോ വര വരച്ചിട്ട് അവിടെനിന്നും പോയി. ആശാരിമാര്‍ ഊണ് കഴിഞ്ഞുവന്ന് പണി തുടങ്ങി. പെരുന്തച്ചന്‍ വരച്ച വര അവിടത്തെ കണക്കാശാരി വരച്ചതാണെന്നു കരുതി കഴുക്കോലെല്ലാം ആ അളവില്‍ മുറിക്കുകയും ചെയ്തു. പണിതീര്‍ത്തു കൂട്ടു കേറ്റിയപ്പോഴാണ് കഴുക്കോലിന് നീളം പോരാത്തതിനാല്‍ കൂടം പിടിക്കുന്നില്ല എന്നു മനസിലായത്. എല്ലാവരും വല്ലാതെ വ്യസനിച്ചു. ഇത് ഗോവിന്ദന്‍ ചെയ്തതാണെന്നവര്‍ക്കു മനസിലായില്ല. കഴുക്കോലുകള്‍ മാറ്റണമെന്നു തീര്‍ച്ചപ്പെടുത്തി അവര്‍ മറ്റുപണികളില്‍ വ്യാപൃതരായി. ശ്രീകോവിലിന്റെ കൂട്ട് അതേപടി അവിടെ വച്ചു.


പെരുന്തച്ചന്‍ വീട്ടില്‍ തിരിച്ചെത്തി കുറെ കടുന്തുടികളുണ്ടാക്കി ഉടനെ പുറപ്പെട്ടു. മകന്‍ ചോദിച്ചു, എങ്ങോട്ടാ യാത്ര?. അയാള്‍ മറുപടി പറഞ്ഞില്ല. മകനും പിന്നാലെ പുറപ്പെട്ടു. അടുത്ത ദിവസം ഉച്ചയായപ്പോള്‍ അമ്പലം പണിയുന്നിടത്ത് എത്തി. ആശാരിമാര്‍ ഊണിനു പോയിരിക്കുന്ന ആ സമയത്ത് ഗോവിന്ദന്‍ ശ്രീകോവിലിന് മുകളില്‍ കയറി കടുന്തുടികള്‍ വച്ചിണക്കി ഒരടി കൊടുത്തു. പെട്ടെന്നു കൂടം പിടിക്കുകയും ചെയ്തു. മകന്‍ ഇതെല്ലാം കണ്ട് അവിടെ മറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഗോവിന്ദന്‍ അവനെ കണ്ടപ്പോള്‍ കണ്ടോടാ കൂടം പിടിച്ചത് എന്ന് ചോദിച്ചു. അപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു, കാണുകയും ചെയ്തു, പഠിക്കുകയും ചെയ്തു. കൂട് പിടിച്ച ശബ്ദം കേട്ട് ആശാരിമാരെല്ലാം ഓടിവന്നു. അവര്‍ നോക്കിയപ്പോള്‍ കൂടം പിടിച്ചിരിക്കുന്നതായി കണ്ടു. ഇതെല്ലാം പെരുന്തച്ചന്റെ കൗശലമാണ് എന്നവര്‍ മനസ്സിലാക്കി. അച്ഛനെയും മകനെയും തൊഴുത് ബഹുമാനിക്കുകയും ഒപ്പം ജോലിക്കു ചേര്‍ക്കുകയും ചെയ്തു. അക്കാലം മുതല്‍ ആശാരിമാര്‍ പണിയെടുക്കുന്നിടത്ത് ഊണ് സമയത്തെത്തുന്ന മറ്റൊരാശാരിയെ ഭക്ഷണത്തിന് ഒപ്പം കൂട്ടുന്ന ഒരു ശീലവും നിലവില്‍ വന്നു. ഈ സംഭവം പെരുന്തച്ചന്റെ ഈഗോയുടെ മറ്റൊരു തലമാണ് കാണിക്കുന്നത്. തന്നെ ബഹുമാനിക്കാത്തവരെ നന്നായി വിഷമിപ്പിക്കണം എന്നേ അയാള്‍ കരുതിയുള്ളു,ഒപ്പം തന്റെ കഴിവ് മനസ്സിലാക്കണമെന്നും. എന്നാല്‍ ഭഗവാന്റെ വാസസ്ഥലമായ ശ്രീകോവില്‍ ശരിയാക്കി വയ്ക്കുകയും ചെയ്തു. മകന്റെ സാന്നിധ്യമുണ്ടായതിനാല്‍ തങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണിത് ചെയ്തത് എന്നവര്‍ കരുതിയേക്കാം എന്നും തന്റെ കഴിവില്‍ നിന്നും ഒരു പങ്ക് അവന്‍ തട്ടിയെടുക്കയാണ് എന്ന അസൂയകലര്‍ന്ന തോന്നല്‍ വളരുകയും ചെയ്തു. നല്ല ഒരച്ഛന്റെ മനസ്സല്ല ഗോവിന്ദനുള്ളത് എന്ന് ആദ്യം മുതലേ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. മകന്റെ വളര്‍ച്ചയിലുളള അഭിമാനത്തിന് പകരം അവനോട് വലിയ അസൂയയാണ് ആ അച്ഛന്റെ മനസില്‍ വളരുന്നത്. വരരുചിയുടെ കുരുട്ടുചിന്തകള്‍ സന്നിവേശിച്ച ഒരച്ഛനായി ഗോവിന്ദനെ കാണുന്നതിലും തെറ്റില്ല.ആ ക്ഷേത്രത്തിലെ പണി നടന്നുകൊണ്ടിരിക്കെ മകനോടുണ്ടായ അസൂയ അതിന്റെ പാരമ്യത്തിലെത്തുകയും കൈയ്യബന്ധം പറ്റി എന്ന മട്ടില്‍ മുകളിലിരുന്ന് പണിയെടുക്കുകയായിരുന്ന പെരുന്തച്ചന്‍ താഴെയിരുന്നു പണിയുകയായിരുന്ന മകന്റെ കഴുത്തിലേക്ക് വലിയ ഉളി ഇട്ടുവെന്നും അവന്‍ തല വേര്‍പെട്ടു മരിച്ചുവെന്നും ഐതീഹ്യമുണ്ട് (തുടരും)🙏🏿


Thursday, 27 July 2023

Parayi petta panthirukulam -Rereading -part 4-Akavoor Chathan

 


പറയിപെറ്റ പന്തിരുകുലം – ഒരു പുനര്‍വായന

===വി.ആര്‍.അജിത് കുമാര്‍

ഭാഗം നാല് – അകവൂര്‍ ചാത്തന്‍

===≠=======================

അകവൂര്‍ ചാത്തനെ കുറിച്ചും മനോഹരമായ കഥകളുണ്ട്. അകവൂര്‍ നമ്പൂതിരിയുടെ ഭൃത്യനായിരുന്നു ചാത്തന്‍. മനയിലായിരുന്നു താമസവും. നമ്പൂതിരിക്ക് ഒരു സ്ത്രീയോട് അനുരാഗം തോന്നി. ഇത് പാപമായി കരുതി പാപപരിഹാരത്തിനായി നമ്പൂതിരി ഗംഗാസ്‌നാനത്തിന് പുറപ്പെട്ടു. ചാത്തനും ഒപ്പമുണ്ടായിരുന്നു.ചാത്തന്‍ ഒരു ചുരയ്ക്കയും കൂടെ കൊണ്ടുപോയി. നമ്പൂതിരി സ്‌നാനം കഴിച്ച പുണ്യതീര്‍ത്ഥങ്ങളിലെല്ലാം ചാത്തന്‍ ചുരയ്ക്കയും മുക്കിയെടുത്തു. അയാള്‍ കുളിച്ചില്ല. ഗംഗാസ്‌നാനം കഴിഞ്ഞ് തിരികെയെത്തിയ നമ്പൂതിരി കാലഭൈരവപ്രീതിയും മറ്റും നടത്തി പാപപരിഹാരം നേടി എന്നു കരുതി സന്തുഷ്ടനായി. അന്നുണ്ടാക്കിയ കറികളിലൊന്നിന് വലിയ കയ്പ്പ് തോന്നിയതിനാല്‍ നമ്പൂതിരി അന്തര്‍ജ്ജനത്തെ വഴക്കു പറഞ്ഞു. ചാത്തനാണ് കറിക്കു നുറുക്കിത്തന്നത് എന്ന് അന്തര്‍ജ്ജനം പറഞ്ഞു. അയാള്‍ ചാത്തനെ വിളിച്ചു ചോദിച്ചു. പുണ്യസ്‌നാനം കഴിഞ്ഞുവന്ന ചുരക്ക ചേര്‍ത്ത കറിയാണത്, അതിന്റെ കയ്പ് പോയിട്ടില്ലെങ്കില്‍ അങ്ങയുടെ പാപവും പോയിട്ടില്ല എന്നു ചാത്തന്‍ മറുപടി പറഞ്ഞു. നമ്പൂതിരിപ്പാടിനതൊരു തിരിച്ചറിവായിരുന്നു. പാപം തീരാന്‍ എന്തുപായം എന്നു ചോദിച്ചപ്പോള്‍ ചാത്തന്‍ പറഞ്ഞു, തിരുമേനി ആഗ്രഹിച്ചയാളുടെ പ്രതിമ ഇരുമ്പുകൊണ്ടുണ്ടാക്കിച്ച് അത് തീയിലിട്ട് നല്ലപോലെ പഴുപ്പിച്ചെടുത്തുനാട്ടണം.നാട്ടുകാരെ വിളിച്ചുകൂട്ടി അവരുടെ മുന്നില്‍വച്ച് പാപം തീരാനുള്ള കര്‍മ്മമാണെന്നു വിളിച്ചുപറഞ്ഞ ശേഷം പ്രതിമയെ ആലിംഗനം ചെയ്യണം എന്ന് നിര്‍ദ്ദേശിച്ചു. അതുപ്രകാരം പ്രതിമ തീര്‍ത്ത് തീയില്‍ നിന്നും കൊടിലുകൊണ്ട് കോരിയെടുത്ത് സഭയില്‍ നാട്ടിയശേഷം തീക്കട്ട പോലെ ജ്വലിക്കുന്ന പ്രതിമയെ കെട്ടിപ്പിടിക്കാനായി നമ്പൂതിരി അടുത്തു. തൊട്ടുതൊട്ടില്ല എന്നായപ്പോള്‍ ചാത്തന്‍ നമ്പൂതിരിയെ തടഞ്ഞുനിര്‍ത്തി. ഇത്രയും മതി, അവിടത്തെ പാപം തീര്‍ന്നിരിക്കുന്നു എന്നു പറഞ്ഞു. കൂടിനിന്ന ജനങ്ങളും അത് സമ്മതിച്ചു. നമ്പൂതിരിമാര്‍ തങ്ങള്‍ക്കിഷ്ടമുളള സ്ത്രീകളെ വേളി കഴിക്കുകയോ പ്രാപിക്കുകയോ ചെയ്യുക പതിവായിരുന്നു എന്ന കഥകള്‍ക്കിടയിലാണ് മനസുകൊണ്ട് ആഗ്രഹിച്ചു എന്നതിന്റെ പേരിലുള്ള ഈ പ്രായശ്ചിത്തം എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ആ സ്ത്രീയുടെ പ്രതിമയുണ്ടാക്കി നാട്ടുകാരെ വിളിച്ചുകൂട്ടി പറഞ്ഞ് പാപം തീര്‍ത്തത് ചാത്തന്റെ വിചിത്രമായ സമീപനമായിപ്പോയി. അതുവഴി ആ സ്ത്രീക്കും നാണക്കേടുണ്ടാക്കിയില്ലെ എന്ന ചോദ്യവും ഉദിക്കുന്നു. എന്നാലും പാപം ചെയ്തിട്ട്,പുണ്യസ്ഥങ്ങളില്‍ പോയി പൂജ ചെയ്യുന്നതോ ഗംഗയില്‍ മുങ്ങുന്നതോ പാപപരിഹാരമല്ല ,പശ്ഛാത്താപവും മന:ശുദ്ധിയുമാണ് വേണ്ടത് എന്ന സന്ദേശം നല്ലതാണ്. ബ്രാഹ്‌മണന് ബുദ്ധി ഉപദേശിച്ചിരുന്നത് ചാത്തനാണ് എന്ന സന്ദേശവും മികച്ചതുതന്നെ.


അകവൂര്‍ നമ്പൂതിരി നിത്യവും ഏഴുനാഴിക വെളുക്കാനുള്ളപ്പോള്‍ എഴുന്നേറ്റ് കുളിക്കുകയും ഉച്ചയാകുംവരെ തേവാരം കഴിക്കുകയും പതിവായിരുന്നു. ദിവസവും ഇങ്ങിനെ ചെയ്യുന്നതെന്തിനാണെന്ന് ചാത്തന്‍ ചോദിച്ചു. ഞാന്‍ പരബ്രഹ്‌മത്തെ സേവിക്കുകയാണ് എന്ന് നമ്പൂതിരി പറഞ്ഞു. പരബ്രഹ്‌മം എങ്ങിനെയിരിക്കും എന്ന ചാത്തന്റെ ചോദ്യത്തിന് നമ്പൂതിരി പരിഹാസമായി ഇങ്ങിനെ പറഞ്ഞു, ചാത്താ, അത് മാടന്‍പോത്തിനെപോലിരിക്കും. അതോടെ നമ്പൂതിരി കുളിക്കുമ്പോള്‍ ചാത്തനും പതിവായി പരബ്രഹ്‌മസേവ തുടങ്ങി. നാല്‍പ്പത് ദിവസം കഴിഞ്ഞപ്പോള്‍ ചാത്തന്റെ ധ്യാനപ്രകാരം മാടന്‍പോത്തിന്റെ രൂപത്തില്‍ പരബ്രഹ്‌മം ചാത്തന് പ്രത്യക്ഷമായി. പിന്നെ സദാ പരബ്രഹ്‌മം ചാത്തന്റെ കൂടെ നടക്കുകയും അയാള്‍ പറയുന്ന വേലകള്‍ ചെയ്യുകയും ചെയ്തു. ചാത്തനൊഴികെ ബാക്കി എല്ലാവര്‍ക്കും പോത്ത് അപ്രത്യക്ഷനായിട്ടാണ് ഇരുന്നത്. അങ്ങിനെയിരിക്കെ നമ്പൂതിരി തെക്കേദിക്കിലേക്ക് ഒരു യാത്രപോയി. ഭാണ്ഡമെടുക്കാന്‍ ചാത്തനേയും കൂട്ടി. ചാത്തന്‍ ഭാണ്ഡം പോത്തിന്റെ പുറത്ത് കെട്ടിയിട്ടു ചുമപ്പിച്ചും കൊണ്ട് കൂടെ നടന്നു.ഓച്ചിറ പടനിലത്തെത്തിയപ്പോള്‍ അവിടെ വിസ്താരം കുറഞ്ഞ ഒരു വാതിലിലൂടെ കടന്നുപോകേണ്ടിവന്നു. നമ്പൂതിരിയും ചാത്തനും കടന്നുവെങ്കിലും പോത്തിന്റെ കൊമ്പുകള്‍ അവിടെ തടഞ്ഞതിനാല്‍ അതിന് കടക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ചാത്തന്‍ പോത്തിനോട് ചരിഞ്ഞു കടക്കൂ എന്നു പറഞ്ഞു. ഇതുകേട്ട് നീ ആരോടാണ് സംസാരിക്കുന്നത് എന്ന് തിരിഞ്ഞുനിന്ന നമ്പൂതിരി ചോദിച്ചു. നമ്മുടെ പോത്തിന്റെ കൊമ്പ് കുടുങ്ങിയത് തിരുമേനി കണ്ടില്ലെ എന്നു ചോദിച്ചു. പോത്തെവിടെ എന്നായി നമ്പൂതിരി. ഇതാനില്‍ക്കുന്നു ,തിരുമനസ്സ് പറഞ്ഞപ്രകാരം അടിയന്‍ പ്രാര്‍ത്ഥിച്ചു പ്രത്യക്ഷപ്പെടുത്തിയതാണ്, കുറേക്കാലമായി എനിക്കൊപ്പമുണ്ട് എന്നു പറഞ്ഞു. ഒന്നും കാണാതിരുന്ന നമ്പൂതിരിപ്പാട് ചാത്തന്റെ ദേഹത്തുതൊട്ടുകൊണ്ട് നോക്കിയപ്പോള്‍ പോത്തിന്റെ രൂപത്തില്‍ പരബ്രഹ്‌മത്തെ കണ്ടു. എന്നേക്കാള്‍ ഭക്തി നിനക്കാണ്, അതിനാല്‍ ഞാന്‍ നിന്നെയും വന്ദിക്കുന്നു എന്നു പറഞ്ഞ് ചാത്തനെയും നമസ്‌ക്കരിച്ചു. ഉടന്‍തന്നെ പോത്ത് ഭൂമിയിലേക്ക താണുപോയി. അടിയന്റെ പോത്തില്ലാതെ ഇനി യാത്രയില്ല എന്നു പറഞ്ഞ് ചാത്തന്‍ അവിടെ ഇരിപ്പായി. എനിക്കിനി എന്താണ് ഗതി എന്ന നമ്പൂതിരിയുടെ ചോദ്യത്തിന് മേല്‍പ്പോട്ടു കേറാന്‍ നൂലുണ്ടല്ലോ അതുപിടിച്ചു കേറിക്കൊള്ളൂ എന്നു ചാത്തന്‍ പറഞ്ഞു. വേദം കൊണ്ട് മോക്ഷത്തെ പ്രാപിച്ചുകൊള്ളൂ എന്നാണ് ചാത്തന്‍ പറഞ്ഞതിന്റെ പൊരുള്‍ എന്നു മനസിലാക്കി നമ്പൂതിരി ചാത്തനെ വിട്ട് വിഷാദവാനായി അവിടെനിന്നും പോയി. ചാത്തന്‍ കുറേക്കാലം പരബ്രഹ്‌മത്തെ ധ്യാനിച്ച് അവിടെ കഴിയുകയും ഒടുവില്‍ ആണ്ടുതോറും പതിവുള്ള പടയില്‍ ചേര്‍ന്ന് മരിക്കുകയും ചെയ്തു.   തൊട്ടുകൂടായ്മയ്ക്ക് മുന്നേയുളള കഥയാകണം ഇത്. അല്ലെങ്കില്‍ അതിനെതിരെ ഉള്ള സന്ദേശവും. ഇവിടെ നമ്പൂതിരിയുടെ എല്ലാ ബലവും ചാത്തനാണ്. ചാത്തന്‍ ഓച്ചിറയില്‍ ഇരുപ്പാകുന്നതോടെ തന്റെ ബലം നഷ്ടമായ നിലയിലാണ് നമ്പൂതിരിയുടെ മടക്കം. പിന്നീടെന്തായി എന്നു പറയുന്നില്ലെങ്കിലും അകവൂര്‍ നമ്പൂതിരിയുടെ ശിഷ്ടജീവിതം അത്ര സുഖകരമാകാന്‍ ഇടയില്ല. ദൈവപ്രസാദവും ബുദ്ധിയും കൂടിയ ആളാണ് ചാത്തനെങ്കിലും വായിച്ചറിവ് കുറവായതിനാലാകാം പരബ്രഹ്‌മം എന്ത് എന്നറിയാതിരുന്നത്. അതിന് നമ്പൂതിരി കളിയാക്കിയതും ആ കളിയാക്കല്‍ പോലും ഗൗരവത്തിലെടുക്കുന്ന ചാത്തന്‍റെ നിര്‍മ്മമതയും ശ്രദ്ധേയമാണ്. മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാതെ കൂടെ നടക്കുന്ന പോത്തും ശരീരത്തില്‍ തൊട്ടുകൊണ്ടു നോക്കുമ്പോഴുള്ള കാഴ്ചയുമൊക്കെ നല്ല ഭാവനകളാണ്.  ഒടുവില്‍ മരണം ആഗ്രഹിച്ചാകണം ചാത്തന്‍ പടയില്‍ ചേര്‍ന്നതും മരണം വരിച്ചതും.  ഏതായാലും വളരെ മനോഹരമായാണ് ചാത്തന്റെയും നമ്പൂതിരിയുടെയും കഥ അവതരിപ്പിക്കുന്നത്. പറയിപെറ്റ പന്തിരുകുലം എഴുതിയ മഹാന്‍ സാമൂഹിക പരിഷ്‌ക്കര്‍ത്താവും മന:ശാസ്ത്രജ്ഞനും ഭാവനാശാലിയുമാണ് എന്നുറപ്പ്. (തുടരും )🙏🏿😍


Wednesday, 26 July 2023

Parayi petta panthirukulam -a re-reading-Part-3-Naranath bhranthan

 

പറയിപെറ്റ പന്തിരുകുലം – ഒരു പുനര്‍വായന

 

വി.ആര്‍.അജിത് കുമാര്‍

 

ഭാഗം മൂന്ന്—നാറാണത്ത് ഭ്രാന്തന്‍



 
ഇനി നമുക്ക് നാറാണത്തു ഭ്രാന്തനെ കുറിച്ചറിയാം. ജീവിതത്തെ ഇത്രയും നിസ്സാരമായി കണ്ട ,ഭയരഹിതനായി ജീവിച്ച തത്വജ്ഞാനിയായാണ് നാറാണത്ത് ഭ്രാന്തനെ അവതരിപ്പിക്കുന്നത്. നാറാണത്ത് എന്നത് വീട്ടുപേരാണോ അതോ നാരായണന്‍ ലോപിച്ചതാണോ എന്നറിയില്ല. ഏതായാലും നാരായണന്‍ എന്ന പേര് ഉചിതമാകും എന്നു കരുതാം. പൊതുജനത്തിന് ഭ്രാന്തെന്നു തോന്നാവുന്ന പ്രവൃത്തികള്‍ ചെയ്ത് ജീവിച്ചതുകൊണ്ടാകാം അദ്ദേഹത്തിന് അത്തരമൊരു പേര് ലഭിച്ചത്. അദ്ദേഹത്തിന്റെ പതിവുള്ളൊരു പ്രവൃത്തി വലിയ കല്ലുരുട്ടി മലയുടെ മുകളില്‍ കൊണ്ടുചെല്ലുകയും മുകളിലാകുമ്പോള്‍ കൈവിടുകയും താഴോട്ട് ഉരുണ്ടുപോകുന്ന കല്ലിനെ നോക്കി കൈകൊട്ടി ചിരിക്കുകയുമായിരുന്നു. മനുഷ്യന്‍ കഠിനാധ്വാനം ചെയ്ത് ഉരുട്ടിക്കയറ്റുന്ന ജീവിതം അടുത്ത നിമിഷം വളരെ ലാഘവത്തോടെ ഉരുണ്ട് താഴേക്കു പതിക്കാം എന്ന സന്ദേശമാകാം ഇതിലൂടെ നാറാണത്തുഭ്രാന്തന്‍ നല്‍കുന്നത്. ഭിക്ഷയെടുത്തായിരുന്നു നാരായണന്റെ ഉപജീവനം. ഭിക്ഷയാചിച്ചു കിട്ടുന്ന അരി മുഴുവനും വൈകുന്നേരമാകുമ്പോള്‍ എവിടെ എത്തുന്നുവോ അവിടെവച്ചു പാചകം ചെയ്തു ഭക്ഷിക്കും. ഈ ഒരുനേര ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളു. ഊണ് കഴിഞ്ഞാല്‍ അവിടെത്തന്നെ കിടക്കും. നേരം വെളുത്താല്‍ പുറപ്പെടും. ഉച്ചവരെ കല്ലുകള്‍ മല കയറ്റി താഴേക്കുരുട്ടി ആസ്വദിക്കും. ഉച്ച കഴിഞ്ഞാല്‍ ഭിക്ഷതെണ്ടും. ഒരു ദിവസം വൈകുന്നേരമായപ്പോള്‍ ഇദ്ദേഹം ഒരു ശ്മശാനത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ അപ്പോള്‍ ഒരു ശവദാഹം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞുപോയിട്ടേ ഉണ്ടായിരുന്നുള്ളു. തീയും വിറകുമുണ്ടായിരുന്നു. ആ പട്ടടയുടെ അടുത്തുതന്നെ ഒരടുപ്പു കൂട്ടി. അടുക്കലുള്ള നദിയില്‍ നിന്നും വെള്ളം കൊണ്ടുവന്ന് അരിയും വെള്ളവും ചെമ്പുപാത്രത്തില്‍ അടുപ്പത്തുവച്ചു. ഇടതുകാലില്‍ മന്തുള്ള നാരായണന്‍ ആ കാല് അടുപ്പുകല്ലിന്മേല്‍ എടുത്തുവച്ച് തീയും കാഞ്ഞ് മൂളിപ്പാട്ടും പാടി അങ്ങിനെ ഇരുന്നു. മഞ്ഞുകാലമായതിനാല്‍ തീ കായാന്‍ ഒരു സുഖമുണ്ടായിരുന്നു. നേരം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടുണ്ടാകും. അപ്പോള്‍ ഭൂതപ്രേതപിശാചുക്കളുടെ അകമ്പടിയോടെ ആര്‍ത്തുതിമിര്‍ത്തുകൊണ്ട് ചുടലഭദ്രകാളി അവിടെയെത്തി. അവരുടെ അട്ടഹാസവും അലര്‍ച്ചയുമൊക്കെ കേട്ടിട്ടും നാരായണന്‍ അനങ്ങിയില്ല. ശ്മശാനത്തില്‍ തീരെ മനുഷ്യസാന്നിധ്യമുണ്ടാകാത്ത ആ സമയം അവിടെ ഒരാളിരുന്നത് ഭദ്രകാളിയെ അത്ഭുതപ്പെടുത്തി. ആരാണവിടെ വന്നിരിക്കുന്നത്, വേഗം എണീറ്റ് പോകണം എന്നു ഭദ്രകാളി പറഞ്ഞു. അപ്പോള്‍ നാരായണന്‍ ചോദിച്ചു, കണ്ണുകണ്ടുകൂടെ? ഞാനൊരു മനുഷ്യനാണ്, ഇപ്പോള്‍ പോകാന്‍ ഭാവവുമില്ല എന്നും  പറഞ്ഞു. അതുകേട്ട് ദേഷ്യം വന്ന ഭദ്രകാളിയും കൂട്ടരും തീക്കട്ടപോലെയിരിക്കുന്ന കണ്ണുകള്‍ തുറിച്ചുമിഴിച്ചും രക്തവര്‍ണ്ണങ്ങളായ നാവുകള്‍ പുറത്തിട്ട് അട്ടഹസിച്ചും ചന്ദ്രക്കലപോലെ വളഞ്ഞ ദംഷ്ട്രങ്ങളും പല്ലുകളും പുറത്തേക്ക് തള്ളിച്ചും നാരായണനെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. അദ്ദേഹം ഈ കോനാംപിച്ചിയൊക്കെ കണ്ട് ചിരിച്ചുകൊണ്ട് അവിടെയിരുന്നു. അതോടെ അവരെല്ലാം അടങ്ങി. ഇയാളെ ഭയപ്പെടുത്താന്‍ കഴിയില്ല എന്നു മനസിലായി.

 
ബഹളങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ നാരായണന്‍ ചോദിച്ചു, എന്താ ഭയപ്പെടുത്തി കഴിഞ്ഞുവോ? ഇതുകേട്ട് ഭദ്രകാളി പറഞ്ഞു, അവിടുന്ന് ഒരു സാമാന്യ മനുഷ്യനാണ് എന്നു കരുതിയായിരുന്നു ഞങ്ങളുടെ ഈ കളികള്‍. അസാമാന്യ ധൈര്യശാലിയായ അങ്ങയുടെ മുന്നില്‍ ഞങ്ങള്‍ തോല്‍വി സമ്മതിക്കുന്നു. അവിടുന്ന് കൃപയുണ്ടായി ഇവിടെനിന്നും മാറിത്തരണം. ഞങ്ങള്‍ക്ക് ഈ ചുടലയില്‍ നൃത്തം വയ്ക്കണം. നിങ്ങള്‍ നൃത്തം വച്ചോളൂ, അതിന് ഞാന്‍ പോകണം എന്നു നിര്‍ബ്ബന്ധിക്കുന്നതെന്തിന് എന്നായി നാരായണന്റെ ചോദ്യം. മനുഷ്യര്‍ കാണ്‍കെ ഞങ്ങള്‍ക്ക് നൃത്തം ചെയ്യാന്‍ കഴിയില്ല എന്ന് ഭദ്രകാളി പറഞ്ഞു. എന്നാല്‍ നൃത്തം നാളെ മതി, എത്ര അപേക്ഷിച്ചാലും ഈ തീയുടെ സുഖം വിട്ട് ഞാനെങ്ങും പോകില്ല എന്ന നാരായണന്‍ ഉറപ്പിച്ചു പറഞ്ഞു. നൃത്തം നാളേക്കു മാറ്റാന്‍ കഴിയില്ല എന്ന് കാളി പറഞ്ഞു. എന്നാല്‍ അങ്ങിനെതന്നെയാകട്ടെ. എനിക്കും ചില പതിവുകള്‍ മാറ്റാന്‍ കഴിയില്ല. തീയും വെള്ളവും കിട്ടുന്ന ദിക്കില്‍ അരിവയ്ക്കുക, അവിടെയിരുന്ന് ഉണ്ണുക, ഉണ്ണുന്ന ദിക്കില്‍ ഉറങ്ങുക എന്ന എന്റെ പതിവും വ്യത്യാസപ്പെടുത്താന്‍ കഴിയില്ല. നാരായണന്‍ ഒഴിയില്ല എന്നു ബോധ്യമായ ഭദ്രകാളി നിലപാട് മാറ്റി. അവിടുന്ന് ഒരുവിധത്തിലും സമ്മതിക്കില്ല എന്നു മനസിലായി. ഞങ്ങള്‍ ഇവിടം വിട്ടുപോവുകയാണ്. അതിനുമുന്നെ ഒരു കാര്യം ചെയ്യാതെ നിവര്‍ത്തിയില്ല. മനുഷ്യരെ നേരിട്ടുകണ്ടുമുട്ടിയാല്‍ അവരെ ശപിക്കുകയോ അനുഗ്രഹിക്കുകയോ ചെയ്യാതെ പോകാന്‍ പാടില്ല എന്നതാണ് രീതി. ദിവ്യനായ അങ്ങയെ ശപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, അതിനാല്‍ അങ്ങയുടെ ഏതെങ്കിലും ഒരാഗ്രഹം സാധിച്ചുനല്‍കാം എന്നു പറഞ്ഞു. നാരായണന്‍ പറഞ്ഞു, എനിക്ക് നിങ്ങളുടെ അനുഗ്രഹമൊന്നും വേണ്ട,എനിക്ക് പ്രത്യേകിച്ച് ആഗ്രഹങ്ങളുമില്ല. നിങ്ങള്‍ വേഗം പൊയ്‌ക്കോളൂ, എനിക്ക് ചോറുണ്ണാന്‍ നേരമായി. അപ്പോള്‍ ഭദ്രകാളി പറഞ്ഞു, അവിടുന്ന് അങ്ങിനെ പറയരുത്, ഒരു വരം വാങ്ങണം, അല്ലാതെ ഞങ്ങള്‍ക്കിവിടെനിന്നും പോകാന്‍ കഴിയില്ല. ഇത് വലിയ ഉപദ്രവമായല്ലോ എന്നു ചിന്തിച്ച ശേഷം നാരായണന്‍ ചോദിച്ചു, എന്റെ മരണം എന്ന് സംഭവിക്കും. അപ്പോള്‍ ഭദ്രകാളി കണക്കുകൂട്ടി പറഞ്ഞു, മുപ്പത്തിയാറ് വര്‍ഷവും ആറ് മാസവും പന്ത്രണ്ടു ദിവസവും അഞ്ചുനാഴികയും മൂന്ന് വിനാഴികയും കഴിയുമ്പോള്‍ മരിക്കും. എന്നാല്‍ എനിക്ക് ജീവിതം ഒരു ദിവസം കൂടി നീട്ടി നല്‍കണം. ഭദ്രകാളി വിഷമിച്ചു. അവര്‍ പറഞ്ഞു, ഒരു ദിവസമെന്നല്ല ഒരു മാത്രസമയം പോലും നീട്ടി നല്‍കാന്‍ എനിക്ക് അവകാശമില്ല. അപ്പോള്‍ നാരായണന്‍ പറഞ്ഞു, ശരി, എന്നാല്‍ ഒരു ദിവസം കുറച്ചു നല്‍കാമോ? ഭദ്രകാളിയെ വിഷമത്തിലാക്കിയത് ആസ്വദിക്കുകയായിരുന്നു നാരായണന്‍. അതും ഞങ്ങള്‍ക്ക് നിവര്‍ത്തിയില്ല എന്നായി കാളി. എന്നാല്‍ വേഗം സ്ഥലം വിട്ടോളൂ, ഇതുകൊണ്ടാണ് അനുഗ്രഹമൊന്നും വേണ്ട എന്നാദ്യമേ ഞാന്‍ പറഞ്ഞത് എന്ന നാരായണന്‍ നിലപാട് കടുപ്പിച്ചു. അവിടുന്ന് കൃപയുണ്ടായി ഞങ്ങള്‍ വിചാരിച്ചാല്‍ കഴിയുന്ന ഒരു വരം ചോദിക്കണം എന്നായി കാളി. അപ്പോള്‍ നാരായണന്‍ പറഞ്ഞു, ശരി, എങ്കില്‍ എന്റെ ഇടതുകാലിലെ മന്ത് വലതുകാലിലേക്ക മാറ്റിയിട്ട് പൊയ്‌ക്കോളിന്‍. കാളിയുടെ മുഖം പ്രസന്നമായി. അവര്‍ മന്തിന്റെ കാല്‍മാറ്റം നിര്‍വ്വഹിച്ച് സന്തോഷത്തോടെ മടങ്ങി.

 
ഇവിടെയും കാല്‍പ്പനികമായ ഒരുപാട് കാര്യങ്ങള്‍ എഴുത്തുകാരന്‍ പറയുന്നുണ്ട്. നാറാണത്തുഭ്രാന്തന്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനേക്കാള്‍ പ്രധാനം അതിലടങ്ങിയിരിക്കുന്ന ഫിലോസഫിയാണ് . നമ്മള്‍ നിത്യവും ആവര്‍ത്തിച്ചുചെയ്യുന്ന ഓരോ പ്രവര്‍ത്തിയും നാരായണന്‍ കല്ലുരുട്ടി കയറ്റി താഴേക്കിടുംപോലെയാണ് എന്നും എന്നാല്‍ അതിനെ ആസ്വദിക്കണമെന്നും ഈ കഥയിലൂടെ എഴുത്തുകാരന്‍ പറയുന്നു. പ്രപഞ്ചത്തില്‍ ആവര്‍ത്തിച്ച് രാവുംപകലും ഉണ്ടാകുന്നതും ജീവജാലങ്ങള്‍ ഒരോ കാര്യങ്ങള്‍ തന്നെ നിത്യവും ചെയ്യുന്നതുമൊക്കെ കല്ലുരുട്ടുംപോലെ അലസമായ ആവര്‍ത്തനങ്ങളാണ് എന്ന അര്‍ത്ഥവും നല്‍കാവുന്നതാണ്. എന്നാല്‍ കാളിയുടെ വരവ് നമ്മുടെ പതിവുസങ്കല്‍പ്പത്തിന്റെ പതിപ്പുതന്നെയാണ്. ചുടലയില്‍ നൃത്തം ചെയ്യാന്‍ ചുടലഭദ്രകാളിയും സംഘവും വരുമെന്നതൊക്കെ പനയില്‍ വസിക്കുന്ന യക്ഷി പോലെയും പ്രസവസമയം ചോരകുടിക്കാന്‍ പോകുന്ന ദേവതകള്‍ പോലെയുമൊക്കെയുള്ള സങ്കല്‍പ്പം മാത്രമാണ്. നാരായണന്‍ മരിക്കുന്ന സമയം കൃത്യമായി പറയാന്‍ കഴിയുന്ന കാളിക്ക് പക്ഷെ നാരായണനെ മനസിലാക്കാന്‍ കഴിയുന്നില്ല എന്നത് ന്യൂനതയാണ്. എന്നാല്‍ ആഗ്രഹങ്ങളില്ലാത്ത മനുഷ്യനെ എന്ത് വരം നല്‍കിയും  സ്വാധീനിക്കാന്‍ കഴിയില്ല എന്ന് നാരായണന്‍ എന്ന കഥാപാത്രം നമ്മോട് പറയുന്നു. രാഷ്ട്രീയം ഉള്‍പ്പെടെ എല്ലാ രംഗത്തും പണവും പദവിയും നല്‍കി ഒരാള്‍ മറ്റൊരാളിനെ സ്വാധീനിക്കുന്ന രീതി മനുഷ്യരില്‍ സ്വാഭാവികമാണല്ലൊ. നാരായണന്മാര്‍ അത്യപൂര്‍വ്വവും. ജീവിതം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നും മരണസമയം ഉള്‍പ്പെടെ എല്ലാം രേഖപ്പെടുത്തപ്പെട്ടതാണ് എന്നുമുള്ള സൂചനയും ഈ കഥ നല്‍കുന്നു( തുടരും)

Tuesday, 25 July 2023

Parayi petta panthirukulam -a re- reading -Part 2 -Agnihotri

 

പറയിപെറ്റ പന്തിരുകുലം – ഒരു പുനര്‍വായന

 

വി.ആര്‍.അജിത് കുമാര്‍

 

ഭാഗം രണ്ട് – മേളത്തോളഗ്നിഹോത്രി
 

 

മേളത്തോളഗ്നിഹോത്രിയുടെ വീട്ടിലായിരുന്നു ശ്രാദ്ധമൂട്ട് നടന്നിരുന്നത്. അയാള്‍ ബ്രാഹ്‌മണ ഭവനത്തിലായിരുന്നതിനാല്‍ ശ്രാദ്ധമൂട്ടിന് ബ്രാഹ്‌മണരെയായിരുന്നു ക്ഷണിച്ചിരുന്നത്. പറയന്‍ വരെയുള്ള നാനാജാതികളും കൂടി ശ്രാദ്ധമൂട്ടുന്നതിനാല്‍ ബ്രാഹ്‌മണര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ മടിയായിരുന്നു. അഗ്നിഹോത്രിയുടെ ഭാര്യക്കും ഈ സഹോദരന്മാരുടെ മേളനം അത്ര ഇഷ്ടമായിരുന്നില്ല. അവരെ നമുക്ക് ലീലാവതി എന്നു വിളിക്കാം.ലീലാവതി അത് അയാളോട് പറയുകയും ചെയ്തു. വരട്ടെ, സമാധാനമുണ്ടാക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അടുത്ത ശ്രാദ്ധത്തിന് സമയമായി. തലേദിവസം വൈകുന്നേരമായപ്പോള്‍ സഹോദരന്മാരും ചാത്തക്കാരനായ ബ്രാഹ്‌മണനും ഇല്ലത്തെത്തി. സഹോദരന്മാര്‍ക്ക് താമസിക്കാനായി താത്ക്കാലിക പുരമുറികള്‍ ഒരുക്കിയിരുന്നു അഗ്നിഹോത്രി. എല്ലാവരും അവരവരുടെ നിയമാനുഷ്ഠാനങ്ങളും മറ്റും കഴിച്ച് ശയനഗൃഹങ്ങളില്‍പോയി കിടക്കുകയും ചെയ്തു. എല്ലാവരും ഉറക്കമായപ്പോള്‍ ലീലാവതിയേയും ചാത്തത്തിന് വന്ന ബ്രാഹ്‌മണനേയും വിളിച്ച് ഒരു വിളക്കുമായി അഗ്നിഹോത്രി പത്തുപേരുടെ മുറികളിലും പോയി. എന്നെ തൊട്ടുകൊണ്ടു നോക്കുവിന്‍ എന്ന് അഗ്നിഹോത്രി പറഞ്ഞു. അവര്‍ അങ്ങിനെ ചെയ്തു. അപ്പോള്‍ പത്തുപേരും ശംഖചക്രഗദാപത്മാദികളായ ആയുധങ്ങളോട്കൂടി ചതുര്‍ബാഹുക്കളായി അനന്തന്റെ മേല്‍ കിടന്നുറങ്ങുന്നതായി കണ്ടു. രണ്ടുപേരും അത്ഭുതകരമായ ആ കാഴ്ചകണ്ട് ഭക്തിപുരസ്സരം അവരെ നമസ്‌ക്കരിച്ചു. അവരുടെ സംശയവും അതോടെ തീര്‍ന്നു. ഈ വിവരം ആ ബ്രാഹ്‌മണന്‍ മറ്റുള്ള ബ്രാഹ്‌മണരേയും അറിയിച്ചു. ഇവിടെ കഥാകാരന്‍ ചില സൂചനകള്‍ നല്‍കുന്നുണ്ട്. ഒന്ന് അഗ്നിഹോത്രി ഇന്ദ്രജാലം പഠിച്ചിട്ടുള്ള വ്യക്തിയാണ് എന്നതാണ്. അദ്ദേഹത്തെ തൊട്ടുകൊണ്ട് നോക്കുമ്പോള്‍ ഇത്തരമൊരു കാഴ്ച കാണണമെങ്കില്‍ അതാകണം കാരണം. അതല്ലെങ്കില്‍ കഥയിലൂടെ മികച്ചൊരു സന്ദേശമാണ് നല്‍കുന്നത്. ഭൂമിയിലെ എല്ലാ മനുഷ്യസൃഷ്ടികളും ജാതി മതങ്ങള്‍ക്കതീതമായി ആ സൃഷ്ടികര്‍ത്താവിന്റെ പ്രതിരൂപങ്ങളാണ് എന്നതാണ് ആ സന്ദേശം. ദൈവരൂപം സാങ്കല്‍പ്പികമാണെങ്കിലും എഴുത്തുകാരന്റെ കാല്‍പ്പനിക ചിന്ത അഭിനന്ദനാര്‍ഹമാണ്.

 
ലീലാവതിയും ദിവ്യശക്തിയുള്ളവളായിരുന്നു എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. തൃത്താലപ്പന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ആ വിശ്വാസം . അവര്‍ പുഴയില്‍ കുളിക്കാന്‍ പോയപ്പോള്‍ ഒരു താലം കൂടി കൊണ്ടുപോയിരുന്നു. ആ താലം തേച്ചുമിനുക്കി വെള്ളത്തിലിട്ട് ഒഴുകിപോകാതിരിക്കാന്‍ അതില്‍ കുറേ മണലും വാരിയിട്ട് കുളിച്ചുകയറി. പോകാന്‍ നേരത്ത് താലമെടുത്തപ്പോള്‍ അതിളകിവരുന്നില്ല. മണല്‍കൂട്ടിയതുപോലെ ഇരിക്കുന്ന, ശിലപോലെ ഉറപ്പുള്ള തൃത്താലപ്പന്റെ വിഗ്രഹത്തേയും സൗകര്യപൂര്‍വ്വം ഈ കഥയിലേക്ക് ആനയിക്കുകയാണ് കഥാകാരന്‍ ഇവിടെ ചെയ്യുന്നത്.പൊതുവെ സ്ത്രീശക്തി അംഗീകരിക്കാത്ത ആ കാലത്ത് ഇത്രയും ദിവ്യത്വം ലീലാവതിക്ക് നല്‍കിയത് അഭിനന്ദനം അര്‍ഹിക്കുന്നു.(തുടരും)

Monday, 24 July 2023

Parayi Petta Panthirukulam - a re-reading

 

പറയിപെറ്റ പന്തിരുകുലം – ഒരു പുനര്‍വായന

 

വി.ആര്‍.അജിത് കുമാര്‍

 

ഭാഗം ഒന്ന് -വരരുചി

വിക്രമാദിത്യ രാജാവിന്റെ സദസിലുണ്ടായിരുന്ന ശാസ്ത്രപാരംഗതനായ വ്യക്തിത്വമായിരുന്നു വരരുചി. കാളിദാസനെപോലെ തന്നെ പില്‍ക്കാലത്ത് പലരും എഴുതിചേര്‍ത്ത കഥകള്‍ മാത്രമാണ് വരരുചിയെകുറിച്ചുമുള്ളത്. സത്യം എവിടെയോ ഉറങ്ങിക്കിടക്കുന്നു. രാജാക്കന്മാര്‍ പൊതുവെ നിസ്സാരകാരണങ്ങള്‍ക്ക് തന്നോടൊപ്പമുള്ള പ്രതിഭകളെയും ഉപദേശകരേയും  കൊട്ടാരത്തില്‍ നിന്നും പറഞ്ഞുവിടും, പിന്നീട് തിരികെ കൊണ്ടുവരും എന്ന നിലയില്‍ പ്രചരിക്കുന്ന കഥകള്‍ അനേകമാണ്. ഭോജരാജാവും കാളിദാസനും തമ്മിലുള്ള അത്തരം ഇണക്ക-പിണക്കങ്ങള്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. വിക്രമാദിത്യനും വരരുചിയുമായി ബന്ധപ്പെട്ട കഥ ഇങ്ങിനെ.

 
ഒരു ദിവസം വിക്രമാദിത്യന്‍ വരരുചിയോട് ചോദിച്ചു, രാമായണത്തിലെ പ്രധാന വാക്യമേതാണ് ?  വരരുചിക്ക് ഉടനൊരു ഉത്തരമുണ്ടായില്ല. എവിടെയെങ്കിലും ആരോടെങ്കിലും പോയി ചോദിച്ചു മനസിലാക്കിയിട്ടു വന്നാല്‍ മതി. നാല്‍പ്പത്തി ഒന്നു ദിവസം തരാം. അതിനുള്ളില്‍ ഉത്തരം ലഭിക്കുന്നില്ലെങ്കില്‍ പിന്നീടിങ്ങോട്ടു വരണ്ട എന്നും പറഞ്ഞു. ഇവിടെ നാല്‍പ്പത്തി ഒന്നു ദിവസം പ്രസക്തമാണ്. നാല് എന്നത് വിഷ്ണുവിന്റേയും ഒന്ന് ശിവന്റേയും അംശരൂപമായി കണക്കാക്കുന്നുണ്ട്. 365 ദിവസമുള്ള സൗരവര്‍ഷത്തില്‍ നിന്നും 27 ദിവസം കൂടുന്ന ചാന്ദ്ര വര്‍ഷം കുറച്ചാല്‍ ലഭിക്കുന്നതും 41 ആണ്. വരരുചിയുടെ കഥയുണ്ടാക്കിയവര്‍ മലയാളികളാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം അതില്‍ പറയുന്നതെല്ലാം കേരളത്തിലെ ജാതി സമ്പ്രദായവുമായി ബന്ധപ്പെട്ട കാര്യങ്ങളും ബ്രാഹ്‌മണനാണ് എല്ലാ പ്രഗത്ഭരുടെയുടെയും സൃഷ്ടിയുടെ പിറകില്‍ എന്നും സൂചന നല്‍കുന്നു. ഒപ്പം ഇവരെല്ലാം വലിയ ചിന്തകരും പ്രഗത്ഭരും ബ്രാഹ്‌മണരെപോലെതന്നെ ബുദ്ധിമാന്മാരുമാണ് എന്നും വ്യക്തമാക്കുന്നു .

 
ഏതായാലും ഖിന്നനായിതീര്‍ന്ന വരരുചി ഉടനെ അവിടെനിന്നും പുറപ്പെട്ടു. പല സ്ഥലങ്ങളും സന്ദര്‍ശിച്ച് പണ്ഡിതന്മാരുമായി ചര്‍ച്ച ചെയ്തു. പക്ഷെ യുക്തിഭദ്രമായ മറുപടി അദ്ദേഹത്തിന് ലഭിച്ചില്ല. അങ്ങിനെ നാല്‍പ്പത് ദിവസം കഴിഞ്ഞു. രാജാവിന്റെ അടുത്തുള്ള സേവ അവസാനിക്കുന്നു എന്നതും സര്‍വ്വജ്ഞനാണ് എന്നു ലോകര്‍ കരുതുന്ന താന്‍ അപമാനിക്കപ്പെടുന്നു എന്ന വിചാരവും വരരുചിയെ അസ്വസ്ഥനാക്കി. അപമാനം സഹിച്ചു ജീവിക്കുന്നതിലും ഭേദം മരണമെന്നും നിശ്ചയിച്ചു. വിശപ്പും ദാഹവുമുണ്ടായിട്ടും പകല്‍ മുഴുവന്‍ അലഞ്ഞു നടന്നു. രാത്രിയില്‍ ഒരു വനാന്തരത്തിലെ ആല്‍ത്തറയുടെ അടുക്കലെത്തി. വനദേവതമാര്‍ എന്നെ രക്ഷിക്കട്ടെ എന്നു പറഞ്ഞ് അവിടെ കിടന്നു. വിശപ്പും ദാഹവും ക്ഷീണവുമുള്ളതിനാല്‍ പെട്ടെന്ന് ഉറങ്ങി. പാതിര ആയപ്പോള്‍ ചില ആകാശസഞ്ചാരികളായ ദേവതമാര്‍ ആ ആലിന്മേല്‍ വന്നു കൂടി. ആലിന്മേല്‍ സ്ഥിരവാസിനികളായ ദേവതമാരോട് അവര്‍ ചോദിച്ചു, നിങ്ങള്‍ വരുന്നില്ലേ, ഇപ്പോള്‍ ഒരു സ്ഥലത്ത് ഒരു പ്രസവമുണ്ട്. ഞങ്ങള്‍ അവിടെ പോകുകയാണ്. ചോരയും നീരും കുടിക്കണമെങ്കില്‍ ഒപ്പം വന്നോളൂ. ഇതുകേട്ട് വനദേവതമാര്‍ പറഞ്ഞു, ഇവിടെ ഒരാള്‍ ഞങ്ങളെ പ്രാര്‍ത്ഥിച്ച ശേഷം കിടന്നുറങ്ങുകയാണ്. അതിനാല്‍ വരാന്‍ കഴിയുന്നില്ല. നിങ്ങള്‍ പോയിവരൂ എന്നു പറഞ്ഞു.

 
ഇത് സാങ്കല്‍പ്പികമാണെന്നും വരരുചിയുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ലെന്നും മനസിലാക്കാവുന്നതേയുള്ളു. ആകാശ സഞ്ചാരികളായ ദേവതമാരും വനദേവതമാരുമെല്ലാം മനുഷ്യഭാവനകളാണല്ലോ? മറ്റൊന്ന് ദേവതമാര്‍ പോകുന്നത് പ്രസവം നടക്കുന്നിടത്ത് ഉണ്ടാകുന്ന ചോരയും നീരും കുടിക്കാനാണ് എന്നതാണ്. അതും വിചിത്രമായൊരു സങ്കല്‍പ്പമാണ് എന്നോര്‍ക്കുക . ഏതായാലും കഥ തുടരാം.

 
രാത്രിയുടെ അന്ത്യയാമത്തില്‍ വരരുചി ഉണര്‍ന്നെങ്കിലും വ്യസനവും ക്ഷീണവും ഭാവിയെക്കുറിച്ചുള്ള ആശങ്കയും കാരണം അവിടത്തന്നെ കിടന്നു. ഈ സമയം പ്രസവസ്ഥലത്തുപോയ ദേവതമാര്‍ തിരികെ വന്നു. അപ്പോള്‍ ആലിന്മേലുണ്ടായിരുന്ന ദേവതമാര്‍ പ്രസവം എവിടെയായിരുന്നു എന്ന് ചോദിച്ചു. ഒരു പറയന്റെ വീട്ടിലായിരുന്നു, പെണ്‍കുട്ടിയാണ് എന്നു പറഞ്ഞു. അവളെ വിവാഹം ചെയ്യുന്നത് ആരാണ് എന്നായി അടുത്ത ചോദ്യം. മാം വിദ്ധി എന്നറിയാതെ താഴെകിടന്നുറങ്ങുന്ന വരരുചിയാണ് അവളെ വിവാഹം കഴിക്കുക . നേരം വെളുക്കാറായി,ഇനി ഞങ്ങള്‍ പോകട്ടെ എന്നു പറഞ്ഞ് ദേവതമാര്‍ പോയി. വരരുചിക്ക് സന്തോഷവും വിഷാദവും ഇഴചേര്‍ന്ന നിമിഷമായിരുന്നു അത്. രാജാവ് ആവശ്യപ്പെട്ട ഉത്തരം ലഭിച്ചിരിക്കുന്നു, എന്നാല്‍ താണജാതിയില്‍ പെട്ട ഒരുവളെ വിവാഹം ചെയ്യണമല്ലോ എന്ന സങ്കടവും ഉണ്ടായി.

 
ഇവിടെ ശ്രദ്ധേയമായ കാര്യം ദേവതമാര്‍ പരസ്പ്പരം സംസാരിക്കുന്ന ഭാഷ വരരുചികൂടി അറിയുന്ന ഭാഷയാണ് എന്നതാണ്. അതായത് സംസ്‌കൃതം. അതിനെ ദേവഭാഷ എന്നു പ്രത്യക്ഷത്തില്‍ പറയുന്നതിനെ പരോക്ഷമായി ഉറപ്പിക്കുകയാണ് കഥ മെനഞ്ഞവ്യക്തി. പ്രസവസമയത്തെ ചോരയും നീരും കുടിക്കുന്ന ദേവതമാര്‍ക്കാണെങ്കിലോ  അറിയാത്തതായി ഒന്നുമില്ല. അവിടെ കിടക്കുന്നത് വരരുചി ആണെന്നും രാമായണത്തിലെ പ്രധാന വാക്യം അറിയാതെ വന്നു കിടക്കുകയാണ് എന്നും ഇയാള്‍തന്നെ ഇപ്പോള്‍ ജനിച്ച കുട്ടിയെ വിവാഹം കഴിക്കുമെന്നും അവര്‍ പ്രഖ്യാപിക്കുകയാണ്. ജ്ഞാനദൃഷ്ടി, ജ്യോതിഷം തുടങ്ങിയ സംഗതികളെ ഉറപ്പിക്കല്‍ കൂടിയാണ് ഇതുവഴി ചെയ്യുന്നത്.

 
നാല്‍പ്പത്തിയൊന്നു ദിവസമായിട്ടും വരരുചിയെ കാണാതെ രാജാവ് ദു:ഖിതനായി. ഉത്തരം കിട്ടാത്തതിനാല്‍ അയാള്‍ ജീവനൊടുക്കുകയോ നാട് വിട്ടുപോവുകയോ ചെയ്‌തോ എന്നൊക്കെ രാജാവ് ചിന്തിച്ചു. സദസിലെ മറ്റുള്ളവര്‍ സന്തോഷത്തിലായിരുന്നു. വരരുചിയുടെ സാന്നിധ്യത്തില്‍ പ്രഭ മങ്ങിയവരായിരുന്നു അവരെല്ലാം. ഇതൊരു നല്ല അവസരമായി അവര്‍ കരുതി. അത് എല്ലാക്കാലത്തും പ്രസക്തമായ കാര്യമാണ്. അധികാരിയുടെ പ്രിയപ്പെട്ട ആളിനോട് അസൂയയും പകയും കൊണ്ടുനടക്കുക സ്വാഭാവികം. അയാള്‍ മരണപ്പെടാനോ അധികാരിയുടെ അനിഷ്ടത്തിന് പാത്രമാകാനോ വേണ്ടി മറ്റുള്ളവര്‍ പ്രാര്‍ത്ഥിക്കുകയും സാധിക്കാവുന്നതൊക്കെ ചെയ്യുകയും ചെയ്യും എന്നുറപ്പ്.

രാജാവിന് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല. വരരുചി എങ്ങിനെയും ഉത്തരവുമായി എത്തുമെന്നുതന്നെ അദ്ദേഹം കരുതി. അങ്ങിനെ സംഭവിക്കുകയും ചെയ്തു. സഭയിലേക്ക് ഒരു പുഞ്ചിരിയുമായി വരരുചി എത്തി. രാജാവ് വരരുചിയെ സ്വാഗതം ചെയ്ത് ഉത്തരം കിട്ടിയോ എന്നു ചോദിച്ചു. ദൈവകാരുണ്യവും ഗുരുകടാക്ഷവും നിങ്ങളുടെയെല്ലാം പ്രാര്‍ത്ഥനയും ഉള്ളതിനാല്‍ ഉത്തരം കിട്ടി എന്ന് വരരുചി മറുപടി പറഞ്ഞു. എന്നാല്‍ ശ്ലോകവും വാക്യവും കേള്‍ക്കട്ടെ എന്ന് രാജാവ് പറഞ്ഞു.

 
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
 
അയോദ്ധ്യാമടവിം വിദ്ധി ഗച്ഛ താത യഥാസുഖം എന്ന ശ്ലോകം വരരുചി ചൊല്ലി. ഇതില്‍ പ്രധാനം മാം വിദ്ധി ജനകാത്മജാം ആണെന്നും തുടര്‍ന്നു പറഞ്ഞു. എന്നിട്ട് ശ്ലോകാര്‍ത്ഥം വിശദീകരിച്ചു. ശ്രീരാമനും സീതയും ലക്ഷ്മണനും കൂടി വനവാസത്തിനായി പുറപ്പെട്ടപ്പോള്‍ മാതൃപാദങ്ങളെ വന്ദിച്ച് യാത്ര പറഞ്ഞ ലക്ഷ്മണനോട് സുമിത്ര പറയുന്നതാണ് ശ്ലോകഭാഗം. രാമനെ ദശരഥനെന്നും സീതയെ അമ്മയെന്നും വിചാരിച്ചുകൊള്ളണം. വനത്തെ അയോധ്യയായി ധരിച്ച് സുഖമാംവണ്ണം പോയ് വരുക. എല്ലാവരും അഭിനന്ദിച്ചു കഴിഞ്ഞപ്പോള്‍ വരരുചി മറ്റൊരര്‍ത്ഥം കൂടി പറഞ്ഞു. രാമന്‍ വിഷ്ണു എന്നും സീത ലക്ഷ്മി എന്നും അറിയുക. രാമനില്ലാത്ത അയോധ്യ കാടിന് തുല്യമാണെന്നും അറിയുക. അതിനാല്‍ നീ സുഖമാംവണ്ണം പോയി വന്നാലും. ഇത്തരത്തില്‍ പത്തുവിധം ശ്ലോകത്തെ വ്യാഖ്യാനിച്ചു എന്നാണ് പറയപ്പെടുന്നത്.  ഇതുകേട്ട് സഭ ഒന്നടങ്കം കൈയ്യടിച്ചു. രാജാവ് സന്തോഷത്തോടെ  വരരുചിയെ കൈക്കുപിടിച്ച് ആനയിച്ച് ഇരിപ്പിടത്തില്‍ ഇരുത്തി. പിന്നെ വിലതീരാതെ കണ്ടുളള ആഭരണങ്ങളും സുവര്‍ണ്ണ രത്‌നങ്ങളും സമ്മാനമായി നല്‍കുകയും തന്നോടൊപ്പം താമസിച്ചുകൊള്ളാന്‍ അനുവദിക്കുകയും ചെയ്തു.

 
എല്ലാം തനിക്കനുകൂലമായി വന്നെങ്കിലും പറയിയെ വിവാഹം കഴിക്കേണ്ടിവരും എന്ന ദേവതകളുടെ വര്‍ത്തമാനം വരരുചിയെ വല്ലാതെ അലട്ടി എന്നാണ് കഥ. അതിനാല്‍ ആ കുട്ടിയെ നശിപ്പിക്കാന്‍ അയാള്‍ തീരുമാനിച്ചു. ഇത് സത്യമാണെങ്കില്‍ പ്രഗത്ഭനും പ്രശസ്തനുമായ ഇയാളുടെ മനസ് എത്ര ഇടുങ്ങിയതാണ് എന്നു നമ്മള്‍ ഭയപ്പെടും. രാജാവിനോടും സഭാവാസികളോടും വരരുചി പറഞ്ഞുപോലും, നാട്ടില്‍ ഒരു പറയക്കുട്ടി ജനിച്ചിട്ടുണ്ട്, അതിന് മൂന്ന് വയസാകുമ്പോള്‍ ഈ രാജ്യം നശിക്കും, നാശകാരണങ്ങള്‍ ഇപ്പോള്‍ത്തന്നെ ആരംഭിക്കും,അതിനാല്‍ ആ കുട്ടിയെ നശിപ്പിച്ചു കളയണം. രാജാവിനും സഭാവാസികള്‍ക്കും ബാലനിഗ്രഹം,പ്രത്യേകിച്ചും പെണ്‍കുട്ടിയുടേത് ,വേണ്ടത്ര ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതിനാല്‍ അവര്‍ കൂടിയാലോചിച്ച് ഒരപാധി കണ്ടെത്തി. വാഴപ്പിണ്ടികൊണ്ട് ഒരു ചങ്ങാടമുണ്ടാക്കി കുട്ടിയുടെ തലയില്‍ ഒരു ചെറിയ പന്തവും കൊളുത്തിക്കുത്തി അതില്‍ കിടത്തി നദിയില്‍ ഒഴുക്കുക. രാജഭടന്മാര്‍ കുട്ടിയുടെ വീട്ടിലെത്തി ഇപ്രകാരം ചെയ്തുപോലും. ആ കുട്ടിയുടെ അച്ഛനമ്മമാരുടെ ദു:ഖത്തെക്കുറിച്ചൊന്നും കഥയില്‍ പറയുന്നില്ല. രാജഭരണകാലത്ത് അടിയാക്കള്‍ക്ക് നാവും ശബ്ദവും ഇല്ലല്ലോ. വരരുചിക്ക് ആശ്വാസമായി. കുട്ടി മരണപ്പെടും എന്നയാള്‍ ഉറപ്പാക്കി. അനേകവര്‍ഷം രാജാവിനൊപ്പം താമസിച്ചശേഷം വരരുചി സ്വഗൃഹത്തിലേക്ക് താമസം മാറ്റി.

 
ഒരു ദിവസം വഴിയാത്രക്കിടയില്‍ ഒരു ബ്രാഹ്‌മണന്റെ വീട്ടില്‍ വരരുചി ഭക്ഷണത്തിനായി കയറി എന്നേ കഥയില്‍ പറയുന്നുള്ളു. ഇയാള്‍ക്ക് വിഷ്ണുനാഥന്‍ എന്നൊരു പേര് നമുക്കു കൊടുക്കാം. കുളി കഴിഞ്ഞുവന്നോളൂ, ഭക്ഷണം എടുത്തു വയ്ക്കാം എന്ന് വിഷ്ണനാഥന്‍ പറഞ്ഞു. അപ്പോള്‍ അയാളുടെ ബുദ്ധിശക്തി പരീക്ഷിക്കാനായി വരരുചി പറഞ്ഞു, എനിക്കു ചില ചിട്ടകളൊക്കെയുണ്ട്, അതിവിടെ നടക്കുമോ എന്നറിഞ്ഞിട്ടുവേണം കുളിക്കാന്‍. ചിട്ടകള്‍ എന്തൊക്കെയാണാവോ, സാധിക്കുമെങ്കില്‍ ചെയ്യാം എന്നായി വീട്ടുടമ. മറ്റൊന്നുമില്ല,കുളികഴിഞ്ഞാല്‍ ഉടുക്കാന്‍  വീരവാളിപ്പട്ടു വേണം. നൂറുപേര്‍ക്കു ഭക്ഷണം കൊടുത്തിട്ടുവേണം എനിക്ക് ഊണ് കഴിക്കുവാന്‍. അതുമാത്രമല്ല നൂറ്റെട്ടുകൂട്ടം കൂട്ടാനും വേണം. ഊണ് കഴിഞ്ഞാല്‍ മൂന്നുപേരെ തിന്നണം, നാലുപേരെന്നെ ചുമക്കുകയും വേണം. ഇതുകേട്ട് ബ്രാഹ്‌മണന്‍ ആകെ പരിഭ്രമിച്ചു. അപ്പോള്‍ അകത്തുനിന്നും അയാളുടെ മകള്‍ പറഞ്ഞു, അച്ഛന്‍ പരിഭ്രമിക്കേണ്ട, എല്ലാം ഒരുക്കിയിട്ടുണ്ട് എന്നു പറഞ്ഞേക്കൂ. വിഷ്ണുനാഥന്‍ അപ്രകാരം പറയുകയും വരരുചി കുളിക്കാനായി പോവുകയും ചെയ്തു. ഇവിടെ മകള്‍ക്കും പേരില്ല. അവളെ നമുക്ക് സാവിത്രി എന്നു വിളിക്കാം. അയാള്‍ പോയതിന് പിറകെ വിഷ്ണനാഥന്‍ മകളെ വിളിച്ചു ചോദിച്ചു, ഇതൊക്കെ എങ്ങിനെ സാധിക്കും മകളെ. സാവിത്രി ചിരിച്ചുകൊണ്ടു പറഞ്ഞു, എല്ലാം സാധിക്കും അച്ഛാ. അദ്ദേഹം പറഞ്ഞതിന്റെ സാരം ഇത്രയേയുള്ളു, വീരവാളിപ്പട്ടെന്നാല്‍ ഒരു ചീന്തല്‍കോണകം എന്നേയുള്ളു. നൂറു പേര്‍ക്കു ഭക്ഷണം കൊടുക്കണം എന്നു പറഞ്ഞാല്‍ വൈശ്വദേവം കഴിക്കണമെന്നാണ്. അതുവഴി നൂറ് ദേവതമാരുടെ പ്രീതിയുണ്ടാകും. നൂറ്റെട്ടു കൂട്ടം കൂട്ടാന്റെ ഫലമുണ്ടാക്കുന്ന ഇഞ്ചിക്കറി ഊണിന് വേണം എന്നാണ് നൂറ്റെട്ടുകൂട്ടം കറികള്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കിയത്. മൂന്നുപേരെ തിന്നുക എന്നാല്‍ വെറ്റില,അടയ്ക്ക,ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത് താംബൂലം എന്നേ അര്‍ത്ഥമുള്ളു. നാലുപേര്‍ ചുമക്കുക എന്നാല്‍ കട്ടിലില്‍ കിടന്നു വിശ്രമിക്കണം എന്നു സാരം. ഇതിനിവിടെ എന്താ വിഷമം എന്നു ചോദിച്ചപ്പോള്‍ മകളുടെ ബുദ്ധിയില്‍ സന്തോഷം തോന്നിയ വിഷ്ണുനാഥന്‍ ആശ്വാസത്തോടെ അവളെ അഭിനന്ദിച്ചു.

 
വരരുചി തിരികെ വന്നപ്പോള്‍ ചീന്തല്‍കോണകവും വൈശ്യത്തിനുള്ള ചന്ദനവും പൂവും തയ്യാര്‍. വൈശ്യം കഴിഞ്ഞെത്തിയപ്പോള്‍ ഇഞ്ചിക്കറി കൂട്ടി ഊണായി. പുറത്ത് മുറുക്കാനും അകത്തെ മുറിയില്‍ മയങ്ങാനുള്ള കട്ടിലും തയ്യാറായിരുന്നു. ബ്രാഹ്‌മണന്റെ ബുദ്ധിമതിയായ  മകളാണ് ഇതിന് പിന്നിലെന്നറിഞ്ഞ വരരുചി അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും അടുത്ത സുമുഹൂര്‍ത്തത്തില്‍ വിവാഹം നടക്കുകയും ചെയ്തു. അവര്‍ വളരെ സന്തോഷത്തോടെ കുറേക്കാലം വരരുചിയുടെ വീട്ടില്‍ താമസിച്ചു. ഒരുനാള്‍ ഭക്ഷണമൊക്കെ കഴിഞ്ഞ് സ്വൈരസല്ലാപത്തിലിരിക്കെ വരരുചി സാവിത്രിയുടെ മുടി ചീകിക്കെട്ടുകയായിരുന്നു. അപ്പോള്‍ അവളുടെ ഉച്ചിയില്‍ ഒരു അടയാളം കാണുകയും അതെന്താണെന്ന് ചോദിക്കുകയും ചെയ്തു.അതൊരു പന്തം തറച്ച പാടാണെന്ന് അമ്മ പറഞ്ഞറിയാം എന്നവള്‍ പറഞ്ഞു. അമ്മ ആറ്റില്‍ കുളിച്ചുകൊണ്ടുനിന്നപ്പോള്‍ ഒരു പിണ്ടിച്ചങ്ങാടത്തില്‍ ഞാന്‍ ഒഴുകി വരുകയായിരുന്നു. അമ്മ എന്നെ എടുത്തുകയറ്റി വീട്ടില്‍ കൊണ്ടുവന്നു വളര്‍ത്തിയതാണ്. അന്ന് എന്റെ തലയില്‍ ഒരു പന്തവും തറച്ചിരുന്നു എന്നു പറഞ്ഞു. വരരുചിക്ക് അപ്പോഴാണ് വിധിയെ തടുക്കാന്‍ കഴിയില്ല എന്നു ബോധ്യമായത്. അയാള്‍ സംഭവിച്ച കാര്യങ്ങളെല്ലാം അവളെ ധരിപ്പിച്ചു.

 
ഇവിടെ ശ്രദ്ധേയമാകുന്ന ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം ബ്രാഹ്‌മണനായ വ്യക്തി എടുത്തുവളര്‍ത്തിയ മകളുടെ ജാതി അറിയാതിരുന്നതിനാലാകണം അയാളും ഭാര്യയും അവളെ എടുത്തുവളര്‍ത്തിയത്. മറ്റൊന്ന് അവള്‍ക്ക് ജന്മനാ ലഭിച്ച പ്രായോഗിക ബുദ്ധി എത്ര മികച്ചതാണ് എന്നതാണ്. അതോടൊപ്പം ബ്രാഹ്‌മണ കുടുംബത്തില്‍ എത്തിയതോടെ പൊതുവിദ്യാഭ്യാസവും ലഭിച്ചു. അക്കാലത്ത് പറയര്‍ ഉള്‍പ്പെടെയുള്ള താണജാതിക്കാര്‍ എന്ന് ബ്രാഹ്‌മണമതം പേരിട്ടുവിളിച്ചവര്‍ യഥാര്‍ത്ഥത്തില്‍ മികവുറ്റവരായിരുന്നു എന്നും പഠനം നല്‍കാതെ അവരെ മാറ്റിനിര്‍ത്തുകയായിരുന്നു എന്നും വ്യക്തമാകുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ നമ്മള്‍ അകറ്റിനിര്‍ത്തുകയോ വെറുക്കുകയോ ചെയ്യുന്നവര്‍ ഒരു കുഞ്ഞായിരിക്കുമ്പോള്‍ എവിടെ എത്തിപ്പെടുന്നുവോ ആ വീട്ടിലെ ജാതിയും മതവുമാകും അവന് സ്വന്തമാകുന്നത് എന്നും ഈ കഥ നമുക്കേകുന്ന വെളിച്ചമാണ്. പൊതുവായുള്ള ഒരു വിശ്വാസമുണ്ടല്ലോ ,വിധിയെ തടുക്കാന്‍ കഴിയില്ലെന്ന്. അതിനെ ഒരിക്കല്‍ കൂടി ഊട്ടിഉറപ്പിക്കുകയാണ് ഈ കഥയിലൂടെ. വരരുചിയുടെ യഥാര്‍ത്ഥജീവിതവുമായി ബന്ധമുള്ളതാണോ ഈ സംഭവങ്ങള്‍ എന്നതിന് നിശ്ചയമില്ല. തുടര്‍ന്നുള്ള ഭാഗത്ത് പരശുരാമന്‍ മഴുവെറിഞ്ഞ് നേടിയതാണ് കേരളം എന്നു പറയുംപോലെ വരരുചിയെ കേരളത്തിലേക്ക് എത്തിക്കുകയാണ് എഴുത്തുകാരന്‍.

 
വരരുചി ഭാര്യയെ ഉപേക്ഷിക്കുന്നില്ല,എന്നാല്‍ നാടിനെ ഉപേക്ഷിക്കുകയാണ്. അയാള്‍ സ്വയം സമൂഹത്തില്‍ നിന്നും ഭ്രഷ്ട് കല്‍പ്പിച്ച് ഇറങ്ങുകയാണോ എന്നറിയില്ല. ഏതായാലും ഇനി ഇവിടെ താമസിക്കണ്ട, നമുക്ക് ദേശാടനത്തിന് പോകാം എന്നു പറഞ്ഞ് ആവശ്യമുള്ള വസ്തുക്കളുമെടുത്ത് അവര്‍ നാട് വിടുന്നു. പലയിടത്തും അലഞ്ഞുതിരിഞ്ഞ് കേരളത്തിലെത്തുന്നു. അപ്പോഴേക്കും ഭാര്യ ആദ്യ ഗര്‍ഭം ധരിച്ചിരുന്നു. പ്രസവവേദന കലശലായപ്പോള്‍ കാട്ടിലേക്കു കയറി പ്രസവിച്ചുകൊള്ളൂ എന്നു പറഞ്ഞ് അയാള്‍ വഴിയില്‍ ഇരുന്നു. അവര്‍ കാട്ടില്‍ കയറി പ്രസവിച്ചു. പിള്ള വാങ്ങാനോ പൊക്കിള്‍ക്കൊടി മുറിക്കാനോ ആരുമില്ലാത്ത അവസ്ഥ. പ്രസവം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് വായുണ്ടോ എന്ന് വരരുചി ചോദിച്ചു. ഉണ്ട് എന്ന് സാവിത്രി മറുപടിയും പറഞ്ഞു. വായുള്ള പിള്ളയ്ക്ക് ദൈവം ഇരയും കല്‍പ്പിച്ചിട്ടുണ്ട്.അതിനാല്‍ കുട്ടിയെ എടുക്കണമെന്നില്ല എന്നു പറഞ്ഞു. മാതൃത്വം അവിടെ വിങ്ങിപ്പൊട്ടിയിട്ടുണ്ടാകും , എന്നാല്‍ കഠിനഹൃദയനായ ഭര്‍ത്താവിനൊപ്പം കുട്ടിയെ ഉപേക്ഷിച്ച് സാവിത്രി മുന്നോട്ടു നടന്നു. ഇത് വരരുചിയെ സംബ്ബന്ധിച്ച യഥാര്‍ത്ഥ കഥയാണെങ്കില്‍ അയാളോട് പരമപുഛം തോന്നുന്ന സംഭവമാണിത്. അവള്‍ ഗര്‍ഭിണിയായത് അയാളുമായുളള വേഴ്ചയില്‍ നിന്നാണ്. പ്രസവസംബ്ബന്ധിയായ ഒരു സഹായവും വരരുചി ചെയ്യുന്നില്ല. എന്നു മാത്രമല്ല ബ്രാഹ്‌മണനായ തനിക്ക് പറയസ്ത്രീയില്‍ ജനിച്ച കുട്ടി ജീവിക്കണം എന്നും അയാള്‍ ആഗ്രഹിക്കുന്നില്ല. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടി കരയുന്ന ശബ്ദം കേട്ടു വരുന്ന ജീവി ചിലപ്പോള്‍ അതിനെ സംരക്ഷിച്ചേക്കാം. കാരണം മൃഗത്തിന് മനുഷ്യനേക്കാള്‍ അനുകമ്പയും സ്‌നേഹവും ഉണ്ടല്ലോ. എന്നാല്‍ കാട്ടുനായ്ക്കളോ നരിയോ ചെന്നായോ ആകാശചാരിയായ കഴുകനോ ആണെങ്കില്‍ ആ ദയാവായ്പ് പ്രതീക്ഷിക്കുകയും വേണ്ട. തനിക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കുന്ന, തന്നെപ്പോലെ മികച്ച ബുദ്ധിയുടെയും അറിവിന്റെയും ഉടമയായ, തന്റെ കാമാസക്തി തീര്‍ത്തു നല്‍കുകയും കുഞ്ഞിനെ ഗര്‍ഭാശയത്തില്‍ പേറി നടന്ന് തനിയെ പ്രസവിക്കുകയും ചെയ്ത ആ സാധു സ്ത്രീയോട് അയാള്‍ യാതൊരു അനുകമ്പയും കാട്ടുന്നില്ല. പ്രസവ രക്ഷയ്ക്കായി കുറച്ചുനാള്‍ അവിടെ തങ്ങാമെന്നോ കാട്ടുമരുന്നുകളെങ്കിലും നല്‍കാമെന്നോ അയാള്‍ പറയുന്നില്ല. അപ്പോള്‍ത്തന്നെ യാത്ര പുറപ്പെടുകയാണ്. കാട്ടിലെ കായ്കനികളും കാട്ടാറിലെ വെള്ളവും കുടിച്ചാണ് യാത്ര. അവള്‍ മരിച്ചുപോയാലും തകരാറില്ല എന്നും അയാള്‍ കരുതിയിട്ടുണ്ടാകും.

 
എന്നാല്‍ തുടര്‍ന്നു പറയുന്നത് അയാളില്‍ നിന്നും ഗര്‍ഭം ധരിച്ച് സാവിത്രി പതിനൊന്നു വട്ടം പ്രസവിച്ചുവെന്നും ആ കുട്ടികളെയെല്ലാം കാട്ടില്‍ ഉപേക്ഷിച്ചുവെന്നുമാണ്. പന്ത്രണ്ടാമത്തെ പ്രസവത്തിന് സമയമായപ്പോള്‍ അവര്‍ക്ക് സങ്കടം സഹിക്കാന്‍ കഴിഞ്ഞില്ല. തല്‍ക്കാലത്തേക്ക് കള്ളം പറഞ്ഞാലും തരക്കേടില്ല, ഈ കുഞ്ഞിനെ തനിക്കുവേണം എന്നു നിശ്ചയിച്ചു. പിന്നീട് അദ്ദേഹത്തെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി കളളം പറഞ്ഞത് മാപ്പാക്കാന്‍ അപേക്ഷിക്കാം എന്നും കരുതി. പതിവുപോലെ പ്രസവം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് വായുണ്ടോ എന്ന ചോദ്യം ഉയര്‍ന്നു. ഇല്ല എന്ന് സാവിത്രി പറയുകയും ചെയ്തു. എങ്കില്‍ എടുത്തോളൂ എന്നായി വരരുചി. കുട്ടിയേയും എടുത്ത് രണ്ടുപേരും യാത്ര തുടര്‍ന്നു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് വാസ്തവമായും വായില്ലാതെയായി. ഇവിടെ ഫിക്ഷന്‍ അതിന്റെ പാരമ്യത്തിലെത്തുകയാണ്. വരരുചി അത്രമാത്രം ശക്തനാണ് എന്നോ ഭര്‍ത്താവിനോട് കള്ളം പറഞ്ഞാല്‍ തിക്താനുഭവം ഉണ്ടാകുമെന്നോ ഒക്കെ വ്യാഖ്യാനിക്കാവുന്ന അവസ്ഥ. ഏതായാലും ജന്മം കൊടുക്കുന്നതിനപ്പുറം യാതൊരു താത്പ്പര്യവും ആ കുട്ടിയില്‍ ഇല്ലാതിരുന്ന വരരുചി ഏറ്റവും ഇടുങ്ങിയ മനസിന്റെ ഉടമയായിരുന്നു എന്നത് വ്യക്തം. എത്ര മഹത്തായ അറിവും വായനയും സിദ്ധിയും ഉണ്ടെങ്കിലും സ്‌നേഹവും ആര്‍ദ്രതയുമില്ലാത്തവന്‍ മനുഷ്യനാണ് എന്നു പറയാന്‍ കഴിയില്ലല്ലോ. അയാള്‍ ആ കുട്ടിയെ ഒരു കുന്നിന്റെ മുകളില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. അതാണ് വായില്ലാകുന്നിലപ്പന്‍ എന്ന ദേവനെന്നും എഴുത്തുകാരന്‍ പറയുന്നു.

 
വായില്ലാകുന്നിലപ്പന്റെ ജ്യേഷ്ഠന്മാരെല്ലാം ഹിംസമൃഗങ്ങളുടെ ഇരകളാകാതെ പലരുടേയും കൈകളില്‍ എത്തിയെന്നും അത് മൂപ്പുമുറയ്ക്ക് ബ്രാഹ്‌മണന്‍ ഉള്‍പ്പെടെ പതിനൊന്നു ജാതിക്കരുടെ വീടുകളില്‍ വളര്‍ന്നുവെന്നും കഥയില്‍ തുടര്‍ന്നു പറയുന്നു. അതു സംബ്ബന്ധിച്ച ശ്ലോകം ഇങ്ങിനെ --

 
മേഷത്തോളഗ്നിഹോത്രി ,രജകനുളിയനൂര്‍ -
 
തച്ചനും, പിന്നെ വള്ളോന്‍,
വായില്ലാകുന്നിലപ്പന്‍ വടുതല മരുവും
നായര്‍ , കാരയ്ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ ,പെരിയ തിരുവര-
ങ്കത്തെഴും പാണനാരും
നേരേ നാരായണഭ്രാന്തനു,മുടനകവൂര്‍ -
ചാത്തനും പാക്കനാരും

 
ഇവര്‍ പലദിക്കുകളിലാണ് താമസിച്ചതെങ്കിലും ബാല്യം കഴിഞ്ഞതോടെ അവര്‍ സഹോദരങ്ങളാണ് എന്നു പരസ്പ്പരം ബോധ്യപ്പെടുകയും സ്‌നേഹത്തോടെ ജീവിച്ചുവരുകയും ചെയ്തു എന്ന് കഥയില്‍ പറയുന്നു. വരരുചിയും ഭാര്യയും അലഞ്ഞുതിരിഞ്ഞുതന്നെ ജീവിതം അവസാനിപ്പിച്ചു എന്നും പറയുന്നുണ്ട്. മാതാപിതാക്കന്മാരുടെ ശ്രാദ്ധത്തിന് ഈ പതിനൊന്നുപേരും ഒത്തുകൂടുകയും ഒരു പുല്ലിന് മുകളില്‍ത്തന്നെ ബലിയിടുകയും പതിവായിരുന്നു എന്നും പറയുന്നുണ്ട്. ഒരുനാളില്‍ത്തന്നെ ശ്രാദ്ധം എന്നു പറയുമ്പോള്‍ രണ്ടിലൊരാള്‍ മരണപ്പെട്ട ദിവസം മറ്റേയാള്‍ ജീവിതം അവസാനിപ്പിച്ചു എന്നു കരുതേണ്ടി വരും. പ്രാകൃത ഹിന്ദുരീതി അനുസരിച്ച് നോക്കിയാല്‍ വരരുചിയുടെ മരണമുണ്ടായപ്പോള്‍ അയാളെ ദഹിപ്പിക്കാന്‍ കൂട്ടിയ ചിതയില്‍ സാവിത്രിയും ജീവിതം അവസാനിപ്പിച്ചിട്ടുണ്ടാകും. ഇവിടെ മറ്റൊരു സന്ദേശം കൂടി നല്‍കുന്നുണ്ട്. കേരളത്തില്‍ നിലനിന്ന പതിനൊന്നു ജാതിക്കാരിലെയും പ്രമുഖരായ വ്യക്തിത്വങ്ങള്‍ ബാഹ്‌മണനായ വരരുചിക്കും പറയിയായ സാവിത്രിക്കും ഉണ്ടായതാണ് എന്നതാണ് അത്. ഇത് എഴുതുമ്പോള്‍ മൂത്തത് അഥവാ ഏറ്റവും ഉയര്‍ന്നത് ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച അഗ്നിഹോത്രി ആണെന്നും ബാക്കിയുള്ളവര്‍ അതിന് പിന്നാലെയാണ് എന്നും വ്യക്തമാക്കുന്നു. എങ്കിലും ആശ്വാസകരമാകുന്ന ഒരു സന്ദേശം ജാതിപരമായ വേര്‍തിരിവില്ലാതെ ഇവര്‍ സഹോദരന്മാരായി ജീവിച്ചു എന്നതാണ്. കേരളത്തില്‍ ബ്രാഹ്‌മണമതം അതിന്റെ നീചസ്വഭാവവും അയിത്തമെന്ന ക്രൂരതയും വെളിവാക്കും മുന്നേ ഉണ്ടായൊരു കഥയാകണം ഇത്. അതല്ലെങ്കില്‍ ആ നീചത്വം കണ്ട് മനംനൊന്ത ആരെങ്കിലും ഗുണകരമായൊരു  സന്ദേശം എന്ന നിലയില്‍ പറയിപെറ്റ പന്തിരുകുലം എന്ന കഥ ചമച്ചതുമാകാം. ഏതായാലും ഇതിന്റെ തുടര്‍ച്ചയും രസകരമായ അനുഭവം തന്നെയാണ്. (തുടരും)


Wednesday, 19 July 2023

Just take a trip

 


വെറുതെയും യാത്ര ചെയ്യാം

-വി.ആര്.അജിത് കുമാര്

മൊബൈലും ഇന്‍റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും വന്നതോടെ ആരും സമയം പോകുന്നില്ല, മുഷിയുന്നു, ബോറടിക്കുന്നു എന്നൊന്നും പറയുന്നുണ്ടാവില്ല. ചിലപ്പോള്‍ ഇതെല്ലാം ചേര്‍ന്ന് ഒറ്റപ്പെടുത്തുന്ന അവസ്ഥയും തലച്ചോറിനും കണ്ണിനും ഉള്‍ക്കൊള്ളാവുന്നതിലേറെ വാര്‍ത്തകളും അറിവും വിഷ്വലുകളും വരുന്നതുകൊണ്ടുള്ള ഡിപ്രഷനും വന്നേക്കാം. നമുക്കറിയാത്ത ഒരുപാട് ആളുകളെ അറിയുകയും അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുകയുമൊക്കെ ചെയ്യും, പക്ഷെ വീട്ടിലോ അയലത്തോ ഉള്ളവരോട് സംസാരിക്കാനോ സുഹൃത്തുക്കള്‍ക്കൊപ്പം ഒരു യാത്രപോകാനോ ഒന്നും സമയമോ താത്പ്പര്യമോ ഇല്ലാതാകുകയും ചെയ്യാം.

എന്നാല്‍ ഇതൊഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗമായി എന്‍റെ അനിയന്‍ സജീവ് ഒരിക്കല്‍ പറഞ്ഞ ഒരു കാര്യമുണ്ട്. പരവൂര്‍ വച്ചാണ് ഈ ആശയം പങ്കുവച്ചത്. കൊല്ലത്ത് കോളേജില്‍ ഒപ്പം പഠിച്ച ചില സുഹൃത്തുക്കളുണ്ട്. അവരെ സംഘടിപ്പിച്ച് കൊല്ലം –കന്യാകുമാരി മെമുവില്‍ ആഴ്ചയിലൊരിക്കല്‍ ഒരു യാത്ര പോവുക. യാത്രാ നിരക്ക് തുശ്ചം. കുറച്ച് കപ്പലണ്ടിയൊക്കെ വാങ്ങിക്കൊറിച്ച് തമാശയൊക്കെ പറഞ്ഞും അനുഭവങ്ങള്‍ പങ്കിട്ടും മൊബൈല്‍ എടുക്കാതെയുള്ള ഒരു യാത്ര. അവിടെ എത്തി അല്‍പ്പനേരം ചിലവഴിച്ച് അതേ മെമുവില്‍തന്നെ മടക്കയാത്ര. കേട്ടപ്പോള്‍ രസകരമായി തോന്നി. ആശയം മുന്നോട്ടുവച്ച ആളും അത് കേട്ടയാളും സംഗതി നടപ്പിലാക്കിയില്ല എന്നത് മറ്റൊരു കാര്യം.

എന്നാല്‍ ഞാന്‍ ചെന്നൈയിലായിരുന്നപ്പോള്‍ ഇത്തരമൊരു യാത്ര നടത്തി. ഇന്‍ഫര്‍മേഷന്‍ വകുപ്പില്‍ ചീഫ് ഫോട്ടോഗ്രാഫറായിരുന്ന ഹരി ചെന്നൈയിലുള്ള സമയം. ഹരിയുടെ മകള്‍ അണ്ണാ സെന്‍റിനറി ലൈബ്രറിയില്‍ ജോലി ചെയ്യുന്നതിനാല്‍ അദ്ദേഹം ഒരു കാല്‍ തിരുവനന്തപുരത്തും മറ്റേ കാല്‍ ചെന്നൈയിലും വച്ചു നടക്കുന്ന സമയമാണ്. ഞങ്ങള്‍ ഒരേ നഗരത്തിലായിട്ടും കണ്ടുമുട്ടിയിരുന്നത് അപൂര്‍വ്വം. അങ്ങിനെയാണ് സബ് അര്‍ബന്‍ ട്രെയിനില്‍ ഒരു ചെങ്കല്‍പേട്ട് യാത്ര നിശ്ചയിച്ചത്. സെന്‍ട്രല്‍ മെട്രോ പരിസരത്ത് കണ്ടുമുട്ടി, പാര്‍ക്ക് ടൌണില്‍ നിന്നും കയറി. ഞയറാഴ്ച ആയതിനാല്‍ ട്രെയിനില്‍ തീരെ തിരക്കുണ്ടായിരുന്നില്ല. കാഴ്ചകള്‍ കണ്ടും പിആര്‍ഡി കഥകള്‍ പറഞ്ഞും യാത്രാനുഭവങ്ങള്‍ അയവിറക്കിയും ഒപ്പം യാത്ര ചെയ്യുന്നവരെ കണ്ടും അറിഞ്ഞുമുള്ള യാത്ര. എഗ്മൂര്‍,ചെട്പെട്ട്,നുംഗംപാക്കം,കോടമ്പാക്കം,മാംപലം,സയ്ദാപെട്ട്,ഗിണ്ടി,സെന്‍റ് തോമസ് മൌണ്ട്, പല്ലവന്‍ തങ്ങള്‍,മീനമ്പാക്കം,ത്രിശൂലം,പല്ലാവരം,ക്രോംപെറ്റ്, താംബരം,പെരുംകുളത്തൂര്‍,വണ്ടല്ലൂര്‍, ഉറപ്പാക്കം,ഗുഡുവന്‍ചേരി, പോത്തേരി,കട്ടന്‍ഗുളത്തൂര്‍,മാരൈമലങ്കര്‍,കാമരാജാര്‍,സിംഗപ്പെരുംകോയില്‍,പറനൂര്‍,വഴി ചെങ്കല്‍പേട്ടിലെത്തി. രസകരമായിരുന്നു ഒന്നര മണിക്കൂര്‍ നീണ്ട ആ യാത്ര. മൊബൈല്‍ ഒരു തവണ പോലും എടുത്തില്ല എന്നതാണ് പ്രധാനം. അവിടെ എത്തിയപ്പോള്‍ സ്റ്റേഷനോട് ചേര്‍ന്ന് നല്ലൊരു തടാകം. അതിന്‍റെ ചിത്രമൊക്കെയെടുത്ത് പുറത്തിറങ്ങി,വെറുതെ നടന്നു. ഹോട്ടല്‍ രംഗ റസിഡല്‍സിയില്‍ കയറി ഏസി ബാറില്‍ കുറച്ചു സമയം ചിലവഴിച്ചു.

മടക്കയാത്ര തുടങ്ങി. അതും സബ്അര്‍ബനില്‍ തന്നെ. ആദ്യം താംബരത്തിറങ്ങി. ഉച്ചയൂണ് കഴിച്ചു. അവിടെ നല്ലൊരു പഴം പച്ചക്കറി ചന്തയുണ്ട്. അവിടെനിന്നും കുറച്ചു പഴവും പച്ചക്കറിയുമൊക്കെ വാങ്ങി, അടുത്ത ട്രെയിന്‍ പിടിച്ച് മടങ്ങി. ഒരു ചെറിയ യാത്ര, എന്നാല്‍ ഏറെ സന്തോഷവും. ഇത് വായിക്കുന്ന സുഹൃത്തുക്കള്‍ക്കും ഇത്തരമൊരു യാത്ര പോകണം എന്ന് തോന്നിയാല്‍ സന്തോഷം. യാത്ര പോയ ശേഷം അനുഭവം പങ്കുവയ്ക്കുക