പറയിപെറ്റ പന്തിരുകുലം – ഒരു പുനര്‍വായന
വി.ആര്‍.അജിത് കുമാര്‍
ഭാഗം അഞ്ച് – ഉളിയന്നൂര്‍ പെരുന്തച്ചന്‍
ഉളിയന്നൂര്‍ പെരുന്തച്ചനാണ് പന്തിരുകുലത്തിലെ മറ്റൊരു പ്രതിഭാശാലി.അനേകം അത്ഭുതകര്‍മ്മങ്ങള്‍ നടത്തിയിട്ടുള്ള ഇദ്ദേഹത്തെ നമുക്ക് ഗോവിന്ദന്‍ എന്നു വിളിക്കാം. ഗോവിന്ദന്‍ സ്വദേശത്തുള്ള നമ്പൂതിരിമാരുടെ ആവശ്യപ്രകാരം അവിടെ ഒരമ്പലം പണിതു. അവിടെ സോപാനത്തിങ്കല്‍ നിന്നു ശ്രീകോവിലിനകത്തേക്ക് കേറുമ്പോള്‍ തച്ച് മുട്ടുമെന്നു തോന്നും. സാധാരണയായി കേറുകയും ഇറങ്ങുകയും ചെയ്താല്‍ തല മുട്ടില്ല. തല മുട്ടിയേക്കും എന്നു സംശയിച്ചു നില്‍ക്കുകയോ കുനിയുകയോ ചെയ്താല്‍ തല മുട്ടുകയും ചെയ്യും. ഇതൊക്കെ ഗോവിന്ദന്റെ ചില മായക്കാഴ്ചകളാണ്. അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹവും അദ്ദേഹം നിര്‍മ്മിച്ചതാണ്. നമ്പൂതിരിമാര്‍ ഒരു ബിംബം ഉണ്ടാക്കികൊടുക്കണമെന്നാവശ്യപ്പെട്ടു. ഗോവിന്ദന്‍ സമ്മതിക്കുകയും ചെയ്തു. ഏത് മൂര്‍ത്തിവേണം എന്നവര്‍ പറഞ്ഞതുമില്ല, ഗോവിന്ദന്‍ ചോദിച്ചതുമില്ല. തമ്മില്‍ പിരിഞ്ഞുകഴിഞ്ഞപ്പോള്‍ തച്ചന് ആശങ്കയായി. എല്ലാവരും അത്താഴം കഴിച്ച് കിടക്കുമ്പോള്‍ അവരുടെ ഇഷ്ടദേവതമാരുടെ പേരുപറഞ്ഞ് പ്രാര്‍ത്ഥിക്കുമല്ലോ അപ്പോള്‍ അത് മനസ്സിലാക്കി വിഗ്രഹമുണ്ടാക്കാം എന്നു നിശ്ചയിച്ചു. അങ്ങിനെ വിചാരിച്ച് ഗോവിന്ദന്‍ പല ദിവസങ്ങളായി നമ്പൂതിരിമാര്‍ കിടക്കുന്ന സമയത്ത് അവിടെപോയി ഒളിഞ്ഞുനിന്ന് അവര്‍ ഇഷ്ടദേവതയുടെ പേര് പറയും എന്ന പ്രതീക്ഷയോടെ ചെവിവട്ടം പിടിച്ചു. എന്നാല്‍ എല്ലാവരും ഒരേ കാര്യം തന്നെയാണ് പറഞ്ഞത്. അവിടെക്കിട എന്നായിരുന്നു അത്. നമ്പൂതിരിമാര്‍ പൊതുവെ സ്ത്രീതത്പ്പരരാണ് എന്നാണല്ലൊ കേട്ടിട്ടുള്ളത്. മനസിന്റെ പ്രേരണയനുസരിച്ച് എഴുന്നേറ്റുപോകാനുളള സാധ്യത വളരെയാണ്. അഥവാ പോയാലും വല്ല യക്ഷികളുടെയും കൈയ്യില്‍ കിട്ടിയാല്‍ ഒന്നും ബാക്കിയുണ്ടാവുകയില്ല എന്ന ഭയവുമുണ്ട്. അതുകൊണ്ടാവാം ശരീരത്തോട് അവിടെക്കിട എന്നു പറയുന്നത്. നമ്പൂതിരിമാര്‍ പൊതുവെ സ്വസമുദായത്തെ കളിയാക്കുന്നതില്‍ വിരുതരാണ് എന്നു കേട്ടിട്ടുണ്ട്. ഇത്തരം കഥകള്‍ അത്തരമൊരു നമ്പൂതിരി എഴുതിയതാകാം അല്ലെങ്കില്‍ നമ്പൂതിരിമാരുടെ സ്വഭാവം വെളിപ്പെടുത്തുക എന്ന ഉദ്ദേശവും എഴുത്തുകാരന് കാണും. ഏതായാലും പെരുന്തച്ചന്‍ എന്നാലവിടെക്കിട എന്നും പറഞ്ഞുകൊണ്ട് മൂര്‍ത്തിയെന്താണ് എന്നു വ്യക്തതയില്ലാത്ത ഒരു ബിംബം നിര്‍മ്മിച്ചുവെന്നും അതവിടെ കിടപ്പുണ്ടെന്നും പറയപ്പെടുന്നു.
പെരുന്തച്ചന്‍ ഒരു ദിവസം രാവിലെ അഗ്നിഹോത്രിയെ കാണാനായി ഇല്ലത്തുചെന്നു. ശ്രാദ്ധമൂട്ടുന്ന ദിവസം മാത്രമെ ഇല്ലത്തു പ്രവേശനമുള്ളു എന്നതിനാല്‍ പുറത്തുതന്നെ നിന്നു. ഭൃത്യന്മാരോട് അദ്ദേഹത്തെ കാണണം എന്നുണര്‍ത്തിച്ചു. അദ്ദേഹം സഹസ്രാവൃത്തി കഴിക്കയാണെന്ന് ഭൃത്യന്‍ പറഞ്ഞു. ഉടന്‍ പെരുന്തച്ചന്‍ അവിടിരുന്ന് ഒരു ചെറിയ കുഴി കുഴിച്ചു. കുറേകഴിഞ്ഞ് അന്വേഷിച്ചപ്പോള്‍ ആദിത്യനമസ്‌ക്കാരത്തിലാണ് എന്നറിഞ്ഞു. അപ്പോഴും ഒരു കുഴി കുഴിച്ചു. കുറേ കഴിഞ്ഞപ്പോള്‍ ഗണപതി ഹോമം തുടങ്ങി എന്നറിഞ്ഞു. പെരുന്തച്ചന്‍ വീണ്ടും ഒരു കുഴി കുത്തി. പെരുന്തച്ചന്‍ ഓരോ തവണ ചോദിക്കുമ്പോഴും അഗ്നിഹോത്രി വിഷ്ണുപൂജ,ശിവപൂജ,സാളഗ്രാമ പുഷ്പാഞ്ജലി,വൈശ്യം മുതലായി ഓരോ പൂജകളിലായിരുന്നു. അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ കുഴിയും കുഴിച്ചു. ഉച്ചയായപ്പോള്‍ അഗ്നിഹോത്രി പുറത്തുവന്നു. അപ്പോള്‍ ഗോവിന്ദന്‍ ചോദിച്ചു,തേവാരമെല്ലാം കഴിഞ്ഞോ? ഓ, ഏകദേശം എല്ലാം കഴിഞ്ഞു,ഇരുന്നു മുഷിഞ്ഞു, ല്ലെ എന്നു അഗ്നിഹോത്രി ചോദിക്കുകയും ചെയ്തു. ഒട്ടും മുഷിഞ്ഞില്ല, ഞാനിവിടെ കുഴികള്‍ കുഴിച്ചു നേരം കളഞ്ഞു, പക്ഷെ ഒന്നിലും വെള്ളം കണ്ടില്ല, അനേകം കുഴികള്‍ക്കു പകരം ഒരെണ്ണമായിരുന്നെങ്കില്‍ ഇപ്പോള്‍ വെള്ളം കണ്ടേനെ എന്നു പറഞ്ഞു. അനേകം ഈശ്വരന്മാരെ കുറേശ്ശെ സേവിക്കുന്നതിന് പകരം ഒരീശ്വരനെ സേവിച്ചാല്‍ മതിയെന്നും അത് നല്ലപോലെയായാല്‍ ഫലസിദ്ധിയുണ്ടാകും എന്നുമാണ് ഗോവിന്ദന്‍ പറഞ്ഞതിന്റെ സാരം എന്നും അഗ്നിഹോത്രിക്ക് മനസിലായി. അദ്ദേഹം മറുപടി പറഞ്ഞു, പല കുഴികളയാലും അവ പതിവായി കുറേശ്ശെ കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ എല്ലാറ്റിലും വെള്ളം കാണുമെന്നാണ് തോന്നിയത്. എന്നാല്‍ അവയുടെ അടിയിലുള്ള ഉറവകള്‍ക്കു പരസ്പര ബന്ധമുണ്ടായിരിക്കുന്നതുകൊണ്ട് എല്ലാത്തിന്റെയും ചുവട് ഒന്നുതന്നെയാണെന്നു വിചാരിക്കാവുന്നതാണ് എന്നും പറഞ്ഞു. ചുവടെല്ലാത്തിനും ഒന്നാണെന്നുള്ള ഓര്‍മ്മ വിട്ടുപോകാതെയിരുന്നാല്‍ മതി, പിന്നെ എത്ര വേണമെങ്കിലും കുഴിക്കാം, എല്ലാറ്റിലും വെള്ളവും കാണും എന്നു പെരുന്തച്ചന്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
നമ്പൂതിരിമാരുടെ സ്വസ്ഥവും സുഖകരവുമായ ജീവിതത്തിന് ഉദാഹരണമാണ് അഗ്നിഹോത്രി. മറ്റുള്ളവര്‍ രാപകല്‍ കഷ്ടപ്പെടുമ്പോള്‍ അതിന്റെ വലിയ ഓഹരി കൈപ്പറ്റി ,സ്വര്‍ഗ്ഗം പൂകാനായുളള ദൈവപ്രീതിക്കായി പൂജാകര്‍മ്മങ്ങള്‍ നടത്തുകയാണല്ലൊ അവര്‍ ചെയ്തു വന്നത്. ഇതുകൊണ്ട് വലിയ ഗുണമൊന്നുമുണ്ടാകില്ല എന്ന സൂചന ഗോവിന്ദന്‍ കൊടുക്കുന്നു. തന്നെ ഇത്രയും സമയം പുറത്തുനിര്‍ത്തിയ സഹോദരനോട് എല്ലാറ്റിന്റേയും ചുവട് ഒന്നുതന്നെയാണ് എന്ന് ഓര്‍മ്മിപ്പിക്കാനും അദ്ദേഹം മറന്നില്ല. എടുത്തുവളര്‍ത്തിയത് പലരായാലും ജന്മം നല്‍കിയത് ഒരാളാണ് എന്ന സൂചന അതിലുണ്ട്.
ഉളിയന്നൂരിലെ ക്ഷേത്രത്തിലേക്ക് ഒരു കുളം നിര്‍മ്മിക്കാന്‍ ഊരാണ്‍മക്കാര്‍ തീരുമാനിച്ചു. കുളനിര്‍മ്മാണം ഗോവിന്ദനെ ഏല്‍പ്പിച്ചു. ഏത് വിഷയത്തിലും ഇന്നത്തെപോലെ അന്നും പ്രമാണിമാര്‍ക്ക് നൂറഭിപ്രായമായിരുന്നു. ചിലര്‍ക്ക് കുളം നീളത്തിലാകണം, മറ്റുചിലര്‍ക്ക് ചതുരത്തിലാകണം. വട്ടത്തിലുള്ള കുളമാകും അമ്പലത്തിന് യോജിക്കുക എന്ന അഭിപ്രായവുമായി വേറെ ചിലരും വന്നു. ഒടുവില്‍ ഗോവിന്ദന്‍ ഇടപെട്ടു. നിങ്ങള്‍ വഴക്കടിക്കണ്ട, കുളം വട്ടത്തില്‍,നീളത്തില്‍,സമചതുരമായി,ത്രികോണ രൂപത്തില്‍ ,അണ്ഡാകൃതിയില്‍ തീര്‍ത്തുതരാം എന്നു പറഞ്ഞു. അതോടെ വഴക്കുതീര്‍ന്നു, കുളവും കെട്ടി തീര്‍ത്തു. ഗോവിന്ദന്‍ പറഞ്ഞപോലെയായി കാര്യങ്ങള്‍. കുളത്തിന്റെ ഓരോ ഭാഗത്തുനിന്നു നോക്കുമ്പോഴും അതിന്റെ ആകൃതി മാറിമാറി വരുന്നതായി ഓരോരുത്തര്‍ക്കും അനുഭവപ്പെട്ടു. കുളത്തിലിറങ്ങിയാല്‍ ദിക്കുകള്‍ മനസിലാകില്ല എന്നതിനാല്‍ ബ്രാഹ്‌മണര്‍ ആ കുളത്തിലിറങ്ങി നിത്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കാറില്ലായിരുന്നു. ഗോവിന്ദന്റെ മകന്‍ കൃഷ്ണനും അച്ഛനെപ്പോലെ ദിവ്യത്വമുള്ള ആളായിരുന്നു. കുളത്തിന്റെ പണി കഴിഞ്ഞപ്പോള്‍, പുഴ കടന്ന് ഈ കുളത്തിലേക്ക് വല്ലവരും വരുമോ എന്ന് അയാള്‍ ചോദിച്ചു. അപ്പോള്‍ കുളം ക്ഷേത്രത്തിനടുത്തും പുഴ വളരെ അകലെയുമായിരുന്നു. ഇതെന്താടാ ഭ്രാന്ത് പറയുന്നോ, പുഴ എത്ര ദൂരെയാ കിടക്കുന്നതെന്ന് ഗോവിന്ദന്‍ ചോദിച്ചു. അനുഭവത്തിലൂടെ പഠിക്കും എന്നു മാത്രം കൃഷ്ണന്‍ പറഞ്ഞു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ,ഒരു പെരുമഴക്കാലത്ത് നദി ഗതിമാറി കുത്തിപ്പാഞ്ഞുവന്ന് ക്ഷേത്രത്തിനും കുളത്തിനും ഇടയിലൂടെ ഒഴുകാന്‍ തുടങ്ങി. അതോടെ ആറ് കടന്ന് ആരും കുളത്തില്‍ പോകാതെയായി. അച്ഛനേക്കാള്‍ ദിവ്യദൃഷ്ടിയുള്ളവന്‍ മകന്‍ എന്ന കീര്‍ത്തിയും ഇതോടെ മകന് വന്നുചേര്‍ന്നു. അച്ഛനും മകനും തമ്മിലൊരു മത്സരം എന്നും നിലനിന്നിരുന്നു. ഒരിക്കല്‍ ഗോവിന്ദന്‍ ഒരു നദിക്കു കുറുകെ പാലം പണിതു. പാലത്തിന്റെ ഒരറ്റത്ത് ഒരു പാവയും സ്ഥാപിച്ചു. മറ്റേ അറ്റത്ത് ആള്‍ കേറുമ്പോള്‍ പാവ കീഴോട്ട് താണുതുടങ്ങും. ആള്‍ പാലത്തിന്റെ മധ്യത്തിലെത്തുമ്പോള്‍ പാവ വെള്ളത്തില്‍ മുങ്ങും. അങ്ങേ അറ്റത്ത് ചെല്ലുമ്പോഴേക്കും പാവ വായില്‍ വെള്ളം നിറച്ച് പൂര്‍വ്വസ്ഥിതിയിലാകും. നടന്നുവരുന്ന ആള്‍ അടുത്തെത്തുമ്പോള്‍ അയാളുടെ മുഖത്തേക്ക് ആ വെള്ളം തുപ്പും. ചിലര്‍ അത് ആസ്വദിച്ചു, മറ്റു ചിലര്‍ക്ക് അതിഷ്ടമായില്ല. ഇഷ്ടമാകാതിരുന്നവര്‍ കൃഷ്ണനോട് ഇതിനൊരു ബദലുണ്ടാക്കാന്‍ കഴിയുമോ എന്നു ചോദിച്ചു. അയാള്‍ മറ്റൊരു പാവയെ പാലത്തിന്റെ ഇങ്ങേ കരയില്‍ സ്ഥാപിച്ചു. ആ പാവ പാലത്തില്‍ ആളുകയറുമ്പോള്‍ അയാളുടെ മുന്നേ നടന്നുതുടങ്ങും. പാവയാകും ആദ്യം അങ്ങേയറ്റത്ത് എത്തുക. ഗോവിന്ദന്റെ പാവ മുഖത്ത് തുപ്പുന്നതിന് മുന്നേ കൃഷ്ണന്റെ പാവ അതിന്റെ ചെകിട്ടത്ത് ഒരടി വച്ചുകൊടുക്കും. അപ്പോള്‍ തുപ്പുന്ന പാവയുടെ മുഖം തിരിഞ്ഞു പോകുന്നതിനാല്‍ ആരുടെയും മുഖത്ത് തുപ്പാന്‍ കഴിയാതെയായി. ഇത് അച്ഛന് മകനോടുളള അസൂയ വര്‍ദ്ധിപ്പിച്ചു. ഇത് സ്വാഭാവികമാണ് എന്നു തോന്നുന്നു. ഒരേ മേഖലയില്‍ കേമന്മാരാകാന്‍ ശ്രമിക്കുന്ന അച്ഛനും മകനും തമ്മിലുള്ള ഒരു ആശയസംഘര്‍ഷം എന്നു പറയാം. സമൂഹത്തിന്റെ മുന്നില്‍ ചെറുതാകുന്നപോലെ തോന്നിപ്പിക്കുന്ന ഒന്നാണല്ലൊ തന്റെ കണക്കുകള്‍ തെറ്റിക്കുന്ന മകന്‍. ശരിക്കും പാവയ്ക്ക കിട്ടിയ അടി തനിക്കുതന്നെയാണ് കിട്ടിയതെന്നും പെരുന്തച്ചന്‍ കരുതിയിട്ടുണ്ടാകും.
ഗോവിന്ദന്‍ ഒരിക്കല്‍ വഴിയാത്ര പോകുമ്പോള്‍ ഒരു ദിക്കില്‍ ചില ആശാരിമാര്‍ കൂടി ഒരമ്പലം പണിയുന്നതു കണ്ട് അവിടെ ചെന്നു നോക്കിക്കൊണ്ടിരുന്നു. അവര്‍ ഗോവിന്ദനെ കണ്ടതായി നടിക്കുകയോ ബഹുമാനിക്കുകയോ ചെയ്തില്ല. ഊണിന് സമയമായപ്പോള്‍ അയാളെ വിളിക്കാതെ അവര്‍ ഊണിന് പോവുകയും ചെയ്തു. അവരോട് ഈര്‍ഷ്യ തോന്നിയ ഗോവിന്ദന്‍ ശ്രീകോവിലിനുള്ള കഴുക്കോലിന്റെ അറ്റത്തൊക്കെ ഓരോ വര വരച്ചിട്ട് അവിടെനിന്നും പോയി. ആശാരിമാര്‍ ഊണ് കഴിഞ്ഞുവന്ന് പണി തുടങ്ങി. പെരുന്തച്ചന്‍ വരച്ച വര അവിടത്തെ കണക്കാശാരി വരച്ചതാണെന്നു കരുതി കഴുക്കോലെല്ലാം ആ അളവില്‍ മുറിക്കുകയും ചെയ്തു. പണിതീര്‍ത്തു കൂട്ടു കേറ്റിയപ്പോഴാണ് കഴുക്കോലിന് നീളം പോരാത്തതിനാല്‍ കൂടം പിടിക്കുന്നില്ല എന്നു മനസിലായത്. എല്ലാവരും വല്ലാതെ വ്യസനിച്ചു. ഇത് ഗോവിന്ദന്‍ ചെയ്തതാണെന്നവര്‍ക്കു മനസിലായില്ല. കഴുക്കോലുകള്‍ മാറ്റണമെന്നു തീര്‍ച്ചപ്പെടുത്തി അവര്‍ മറ്റുപണികളില്‍ വ്യാപൃതരായി. ശ്രീകോവിലിന്റെ കൂട്ട് അതേപടി അവിടെ വച്ചു.
പെരുന്തച്ചന്‍ വീട്ടില്‍ തിരിച്ചെത്തി കുറെ കടുന്തുടികളുണ്ടാക്കി ഉടനെ പുറപ്പെട്ടു. മകന്‍ ചോദിച്ചു, എങ്ങോട്ടാ യാത്ര?. അയാള്‍ മറുപടി പറഞ്ഞില്ല. മകനും പിന്നാലെ പുറപ്പെട്ടു. അടുത്ത ദിവസം ഉച്ചയായപ്പോള്‍ അമ്പലം പണിയുന്നിടത്ത് എത്തി. ആശാരിമാര്‍ ഊണിനു പോയിരിക്കുന്ന ആ സമയത്ത് ഗോവിന്ദന്‍ ശ്രീകോവിലിന് മുകളില്‍ കയറി കടുന്തുടികള്‍ വച്ചിണക്കി ഒരടി കൊടുത്തു. പെട്ടെന്നു കൂടം പിടിക്കുകയും ചെയ്തു. മകന്‍ ഇതെല്ലാം കണ്ട് അവിടെ മറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഗോവിന്ദന്‍ അവനെ കണ്ടപ്പോള്‍ കണ്ടോടാ കൂടം പിടിച്ചത് എന്ന് ചോദിച്ചു. അപ്പോള്‍ കൃഷ്ണന്‍ പറഞ്ഞു, കാണുകയും ചെയ്തു, പഠിക്കുകയും ചെയ്തു. കൂട് പിടിച്ച ശബ്ദം കേട്ട് ആശാരിമാരെല്ലാം ഓടിവന്നു. അവര്‍ നോക്കിയപ്പോള്‍ കൂടം പിടിച്ചിരിക്കുന്നതായി കണ്ടു. ഇതെല്ലാം പെരുന്തച്ചന്റെ കൗശലമാണ് എന്നവര്‍ മനസ്സിലാക്കി. അച്ഛനെയും മകനെയും തൊഴുത് ബഹുമാനിക്കുകയും ഒപ്പം ജോലിക്കു ചേര്‍ക്കുകയും ചെയ്തു. അക്കാലം മുതല്‍ ആശാരിമാര്‍ പണിയെടുക്കുന്നിടത്ത് ഊണ് സമയത്തെത്തുന്ന മറ്റൊരാശാരിയെ ഭക്ഷണത്തിന് ഒപ്പം കൂട്ടുന്ന ഒരു ശീലവും നിലവില്‍ വന്നു. ഈ സംഭവം പെരുന്തച്ചന്റെ ഈഗോയുടെ മറ്റൊരു തലമാണ് കാണിക്കുന്നത്. തന്നെ ബഹുമാനിക്കാത്തവരെ നന്നായി വിഷമിപ്പിക്കണം എന്നേ അയാള്‍ കരുതിയുള്ളു,ഒപ്പം തന്റെ കഴിവ് മനസ്സിലാക്കണമെന്നും. എന്നാല്‍ ഭഗവാന്റെ വാസസ്ഥലമായ ശ്രീകോവില്‍ ശരിയാക്കി വയ്ക്കുകയും ചെയ്തു. മകന്റെ സാന്നിധ്യമുണ്ടായതിനാല്‍ തങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണിത് ചെയ്തത് എന്നവര്‍ കരുതിയേക്കാം എന്നും തന്റെ കഴിവില്‍ നിന്നും ഒരു പങ്ക് അവന്‍ തട്ടിയെടുക്കയാണ് എന്ന അസൂയകലര്‍ന്ന തോന്നല്‍ വളരുകയും ചെയ്തു. നല്ല ഒരച്ഛന്റെ മനസ്സല്ല ഗോവിന്ദനുള്ളത് എന്ന് ആദ്യം മുതലേ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. മകന്റെ വളര്‍ച്ചയിലുളള അഭിമാനത്തിന് പകരം അവനോട് വലിയ അസൂയയാണ് ആ അച്ഛന്റെ മനസില്‍ വളരുന്നത്. വരരുചിയുടെ കുരുട്ടുചിന്തകള്‍ സന്നിവേശിച്ച ഒരച്ഛനായി ഗോവിന്ദനെ കാണുന്നതിലും തെറ്റില്ല.ആ ക്ഷേത്രത്തിലെ പണി നടന്നുകൊണ്ടിരിക്കെ മകനോടുണ്ടായ അസൂയ അതിന്റെ പാരമ്യത്തിലെത്തുകയും കൈയ്യബന്ധം പറ്റി എന്ന മട്ടില്‍ മുകളിലിരുന്ന് പണിയെടുക്കുകയായിരുന്ന പെരുന്തച്ചന്‍ താഴെയിരുന്നു പണിയുകയായിരുന്ന മകന്റെ കഴുത്തിലേക്ക് വലിയ ഉളി ഇട്ടുവെന്നും അവന്‍ തല വേര്‍പെട്ടു മരിച്ചുവെന്നും ഐതീഹ്യമുണ്ട് (തുടരും)🙏🏿
No comments:
Post a Comment