പറയിപെറ്റ പന്തിരുകുലം – ഒരു പുനര്‍വായന
===വി.ആര്‍.അജിത് കുമാര്‍
ഭാഗം നാല് – അകവൂര്‍ ചാത്തന്‍
===≠=======================
അകവൂര്‍ ചാത്തനെ കുറിച്ചും മനോഹരമായ കഥകളുണ്ട്. അകവൂര്‍ നമ്പൂതിരിയുടെ ഭൃത്യനായിരുന്നു ചാത്തന്‍. മനയിലായിരുന്നു താമസവും. നമ്പൂതിരിക്ക് ഒരു സ്ത്രീയോട് അനുരാഗം തോന്നി. ഇത് പാപമായി കരുതി പാപപരിഹാരത്തിനായി നമ്പൂതിരി ഗംഗാസ്‌നാനത്തിന് പുറപ്പെട്ടു. ചാത്തനും ഒപ്പമുണ്ടായിരുന്നു.ചാത്തന്‍ ഒരു ചുരയ്ക്കയും കൂടെ കൊണ്ടുപോയി. നമ്പൂതിരി സ്‌നാനം കഴിച്ച പുണ്യതീര്‍ത്ഥങ്ങളിലെല്ലാം ചാത്തന്‍ ചുരയ്ക്കയും മുക്കിയെടുത്തു. അയാള്‍ കുളിച്ചില്ല. ഗംഗാസ്‌നാനം കഴിഞ്ഞ് തിരികെയെത്തിയ നമ്പൂതിരി കാലഭൈരവപ്രീതിയും മറ്റും നടത്തി പാപപരിഹാരം നേടി എന്നു കരുതി സന്തുഷ്ടനായി. അന്നുണ്ടാക്കിയ കറികളിലൊന്നിന് വലിയ കയ്പ്പ് തോന്നിയതിനാല്‍ നമ്പൂതിരി അന്തര്‍ജ്ജനത്തെ വഴക്കു പറഞ്ഞു. ചാത്തനാണ് കറിക്കു നുറുക്കിത്തന്നത് എന്ന് അന്തര്‍ജ്ജനം പറഞ്ഞു. അയാള്‍ ചാത്തനെ വിളിച്ചു ചോദിച്ചു. പുണ്യസ്‌നാനം കഴിഞ്ഞുവന്ന ചുരക്ക ചേര്‍ത്ത കറിയാണത്, അതിന്റെ കയ്പ് പോയിട്ടില്ലെങ്കില്‍ അങ്ങയുടെ പാപവും പോയിട്ടില്ല എന്നു ചാത്തന്‍ മറുപടി പറഞ്ഞു. നമ്പൂതിരിപ്പാടിനതൊരു തിരിച്ചറിവായിരുന്നു. പാപം തീരാന്‍ എന്തുപായം എന്നു ചോദിച്ചപ്പോള്‍ ചാത്തന്‍ പറഞ്ഞു, തിരുമേനി ആഗ്രഹിച്ചയാളുടെ പ്രതിമ ഇരുമ്പുകൊണ്ടുണ്ടാക്കിച്ച് അത് തീയിലിട്ട് നല്ലപോലെ പഴുപ്പിച്ചെടുത്തുനാട്ടണം.നാട്ടുകാരെ വിളിച്ചുകൂട്ടി അവരുടെ മുന്നില്‍വച്ച് പാപം തീരാനുള്ള കര്‍മ്മമാണെന്നു വിളിച്ചുപറഞ്ഞ ശേഷം പ്രതിമയെ ആലിംഗനം ചെയ്യണം എന്ന് നിര്‍ദ്ദേശിച്ചു. അതുപ്രകാരം പ്രതിമ തീര്‍ത്ത് തീയില്‍ നിന്നും കൊടിലുകൊണ്ട് കോരിയെടുത്ത് സഭയില്‍ നാട്ടിയശേഷം തീക്കട്ട പോലെ ജ്വലിക്കുന്ന പ്രതിമയെ കെട്ടിപ്പിടിക്കാനായി നമ്പൂതിരി അടുത്തു. തൊട്ടുതൊട്ടില്ല എന്നായപ്പോള്‍ ചാത്തന്‍ നമ്പൂതിരിയെ തടഞ്ഞുനിര്‍ത്തി. ഇത്രയും മതി, അവിടത്തെ പാപം തീര്‍ന്നിരിക്കുന്നു എന്നു പറഞ്ഞു. കൂടിനിന്ന ജനങ്ങളും അത് സമ്മതിച്ചു. നമ്പൂതിരിമാര്‍ തങ്ങള്‍ക്കിഷ്ടമുളള സ്ത്രീകളെ വേളി കഴിക്കുകയോ പ്രാപിക്കുകയോ ചെയ്യുക പതിവായിരുന്നു എന്ന കഥകള്‍ക്കിടയിലാണ് മനസുകൊണ്ട് ആഗ്രഹിച്ചു എന്നതിന്റെ പേരിലുള്ള ഈ പ്രായശ്ചിത്തം എന്നത് പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. ആ സ്ത്രീയുടെ പ്രതിമയുണ്ടാക്കി നാട്ടുകാരെ വിളിച്ചുകൂട്ടി പറഞ്ഞ് പാപം തീര്‍ത്തത് ചാത്തന്റെ വിചിത്രമായ സമീപനമായിപ്പോയി. അതുവഴി ആ സ്ത്രീക്കും നാണക്കേടുണ്ടാക്കിയില്ലെ എന്ന ചോദ്യവും ഉദിക്കുന്നു. എന്നാലും പാപം ചെയ്തിട്ട്,പുണ്യസ്ഥങ്ങളില്‍ പോയി പൂജ ചെയ്യുന്നതോ ഗംഗയില്‍ മുങ്ങുന്നതോ പാപപരിഹാരമല്ല ,പശ്ഛാത്താപവും മന:ശുദ്ധിയുമാണ് വേണ്ടത് എന്ന സന്ദേശം നല്ലതാണ്. ബ്രാഹ്‌മണന് ബുദ്ധി ഉപദേശിച്ചിരുന്നത് ചാത്തനാണ് എന്ന സന്ദേശവും മികച്ചതുതന്നെ.
അകവൂര്‍ നമ്പൂതിരി നിത്യവും ഏഴുനാഴിക വെളുക്കാനുള്ളപ്പോള്‍ എഴുന്നേറ്റ് കുളിക്കുകയും ഉച്ചയാകുംവരെ തേവാരം കഴിക്കുകയും പതിവായിരുന്നു. ദിവസവും ഇങ്ങിനെ ചെയ്യുന്നതെന്തിനാണെന്ന് ചാത്തന്‍ ചോദിച്ചു. ഞാന്‍ പരബ്രഹ്‌മത്തെ സേവിക്കുകയാണ് എന്ന് നമ്പൂതിരി പറഞ്ഞു. പരബ്രഹ്‌മം എങ്ങിനെയിരിക്കും എന്ന ചാത്തന്റെ ചോദ്യത്തിന് നമ്പൂതിരി പരിഹാസമായി ഇങ്ങിനെ പറഞ്ഞു, ചാത്താ, അത് മാടന്‍പോത്തിനെപോലിരിക്കും. അതോടെ നമ്പൂതിരി കുളിക്കുമ്പോള്‍ ചാത്തനും പതിവായി പരബ്രഹ്‌മസേവ തുടങ്ങി. നാല്‍പ്പത് ദിവസം കഴിഞ്ഞപ്പോള്‍ ചാത്തന്റെ ധ്യാനപ്രകാരം മാടന്‍പോത്തിന്റെ രൂപത്തില്‍ പരബ്രഹ്‌മം ചാത്തന് പ്രത്യക്ഷമായി. പിന്നെ സദാ പരബ്രഹ്‌മം ചാത്തന്റെ കൂടെ നടക്കുകയും അയാള്‍ പറയുന്ന വേലകള്‍ ചെയ്യുകയും ചെയ്തു. ചാത്തനൊഴികെ ബാക്കി എല്ലാവര്‍ക്കും പോത്ത് അപ്രത്യക്ഷനായിട്ടാണ് ഇരുന്നത്. അങ്ങിനെയിരിക്കെ നമ്പൂതിരി തെക്കേദിക്കിലേക്ക് ഒരു യാത്രപോയി. ഭാണ്ഡമെടുക്കാന്‍ ചാത്തനേയും കൂട്ടി. ചാത്തന്‍ ഭാണ്ഡം പോത്തിന്റെ പുറത്ത് കെട്ടിയിട്ടു ചുമപ്പിച്ചും കൊണ്ട് കൂടെ നടന്നു.ഓച്ചിറ പടനിലത്തെത്തിയപ്പോള്‍ അവിടെ വിസ്താരം കുറഞ്ഞ ഒരു വാതിലിലൂടെ കടന്നുപോകേണ്ടിവന്നു. നമ്പൂതിരിയും ചാത്തനും കടന്നുവെങ്കിലും പോത്തിന്റെ കൊമ്പുകള്‍ അവിടെ തടഞ്ഞതിനാല്‍ അതിന് കടക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ ചാത്തന്‍ പോത്തിനോട് ചരിഞ്ഞു കടക്കൂ എന്നു പറഞ്ഞു. ഇതുകേട്ട് നീ ആരോടാണ് സംസാരിക്കുന്നത് എന്ന് തിരിഞ്ഞുനിന്ന നമ്പൂതിരി ചോദിച്ചു. നമ്മുടെ പോത്തിന്റെ കൊമ്പ് കുടുങ്ങിയത് തിരുമേനി കണ്ടില്ലെ എന്നു ചോദിച്ചു. പോത്തെവിടെ എന്നായി നമ്പൂതിരി. ഇതാനില്‍ക്കുന്നു ,തിരുമനസ്സ് പറഞ്ഞപ്രകാരം അടിയന്‍ പ്രാര്‍ത്ഥിച്ചു പ്രത്യക്ഷപ്പെടുത്തിയതാണ്, കുറേക്കാലമായി എനിക്കൊപ്പമുണ്ട് എന്നു പറഞ്ഞു. ഒന്നും കാണാതിരുന്ന നമ്പൂതിരിപ്പാട് ചാത്തന്റെ ദേഹത്തുതൊട്ടുകൊണ്ട് നോക്കിയപ്പോള്‍ പോത്തിന്റെ രൂപത്തില്‍ പരബ്രഹ്‌മത്തെ കണ്ടു. എന്നേക്കാള്‍ ഭക്തി നിനക്കാണ്, അതിനാല്‍ ഞാന്‍ നിന്നെയും വന്ദിക്കുന്നു എന്നു പറഞ്ഞ് ചാത്തനെയും നമസ്‌ക്കരിച്ചു. ഉടന്‍തന്നെ പോത്ത് ഭൂമിയിലേക്ക താണുപോയി. അടിയന്റെ പോത്തില്ലാതെ ഇനി യാത്രയില്ല എന്നു പറഞ്ഞ് ചാത്തന്‍ അവിടെ ഇരിപ്പായി. എനിക്കിനി എന്താണ് ഗതി എന്ന നമ്പൂതിരിയുടെ ചോദ്യത്തിന് മേല്‍പ്പോട്ടു കേറാന്‍ നൂലുണ്ടല്ലോ അതുപിടിച്ചു കേറിക്കൊള്ളൂ എന്നു ചാത്തന്‍ പറഞ്ഞു. വേദം കൊണ്ട് മോക്ഷത്തെ പ്രാപിച്ചുകൊള്ളൂ എന്നാണ് ചാത്തന്‍ പറഞ്ഞതിന്റെ പൊരുള്‍ എന്നു മനസിലാക്കി നമ്പൂതിരി ചാത്തനെ വിട്ട് വിഷാദവാനായി അവിടെനിന്നും പോയി. ചാത്തന്‍ കുറേക്കാലം പരബ്രഹ്‌മത്തെ ധ്യാനിച്ച് അവിടെ കഴിയുകയും ഒടുവില്‍ ആണ്ടുതോറും പതിവുള്ള പടയില്‍ ചേര്‍ന്ന് മരിക്കുകയും ചെയ്തു. തൊട്ടുകൂടായ്മയ്ക്ക് മുന്നേയുളള കഥയാകണം ഇത്. അല്ലെങ്കില്‍ അതിനെതിരെ ഉള്ള സന്ദേശവും. ഇവിടെ നമ്പൂതിരിയുടെ എല്ലാ ബലവും ചാത്തനാണ്. ചാത്തന്‍ ഓച്ചിറയില്‍ ഇരുപ്പാകുന്നതോടെ തന്റെ ബലം നഷ്ടമായ നിലയിലാണ് നമ്പൂതിരിയുടെ മടക്കം. പിന്നീടെന്തായി എന്നു പറയുന്നില്ലെങ്കിലും അകവൂര്‍ നമ്പൂതിരിയുടെ ശിഷ്ടജീവിതം അത്ര സുഖകരമാകാന്‍ ഇടയില്ല. ദൈവപ്രസാദവും ബുദ്ധിയും കൂടിയ ആളാണ് ചാത്തനെങ്കിലും വായിച്ചറിവ് കുറവായതിനാലാകാം പരബ്രഹ്‌മം എന്ത് എന്നറിയാതിരുന്നത്. അതിന് നമ്പൂതിരി കളിയാക്കിയതും ആ കളിയാക്കല്‍ പോലും ഗൗരവത്തിലെടുക്കുന്ന ചാത്തന്‍റെ നിര്‍മ്മമതയും ശ്രദ്ധേയമാണ്. മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയാതെ കൂടെ നടക്കുന്ന പോത്തും ശരീരത്തില്‍ തൊട്ടുകൊണ്ടു നോക്കുമ്പോഴുള്ള കാഴ്ചയുമൊക്കെ നല്ല ഭാവനകളാണ്. ഒടുവില്‍ മരണം ആഗ്രഹിച്ചാകണം ചാത്തന്‍ പടയില്‍ ചേര്‍ന്നതും മരണം വരിച്ചതും. ഏതായാലും വളരെ മനോഹരമായാണ് ചാത്തന്റെയും നമ്പൂതിരിയുടെയും കഥ അവതരിപ്പിക്കുന്നത്. പറയിപെറ്റ പന്തിരുകുലം എഴുതിയ മഹാന്‍ സാമൂഹിക പരിഷ്‌ക്കര്‍ത്താവും മന:ശാസ്ത്രജ്ഞനും ഭാവനാശാലിയുമാണ് എന്നുറപ്പ്. (തുടരും )🙏🏿😍
No comments:
Post a Comment